മൗനത്തിന്റെ തടവറ

ചില മൗനങ്ങൾക്ക് ശബ്ദത്തേക്കാളേറെ നെഞ്ചിടിപ്പിന്റെ താളമാണ്..

എവിടെയോ സ്വയം നഷ്ടപ്പെട്ടെന്ന് തോന്നിയ മഴ പെയ്തുതോർന്ന ഒരു രാത്രിയിലാണ്  ആ പഴയ ഡയറി വീണ്ടും തുറന്നത്. ജനാലയ്ക്കപ്പുറം പെയ്തിറങ്ങുന്ന മഴയോടൊപ്പമുള്ള മഞ്ഞവെളിച്ചത്തിൽ മുറിക്കുള്ളിലെ നിശ്ശബ്ദതയ്ക്ക് പോലും ഒരു  ഏകാന്തതയുടെ നരച്ച നിറമുണ്ടായിരുന്നു.

ഡയറിയിലെ ആദ്യത്തെ പേജിൽ പണ്ടെന്നോ എഴുതിവെച്ച ഒരു വാചകമുണ്ടായിരുന്നു.

“ചില വേദനകൾ കരഞ്ഞുതീർക്കാൻ കഴിയില്ല. കാരണം, അവയ്ക്ക് കണ്ണീരിനേക്കാൾ പ്രിയം മൗനത്തോടാണ്. മൗനം വിങ്ങുന്ന മനസിന്റെ നിലവിളികളോടാണ്.. ”

ആ വരികളിലൂടെ വിരലോടിക്കുമ്പോൾ അറിയാതെ  കണ്ണുകൾ നിറഞ്ഞു.

ഒരിക്കൽ എനിക്കും  ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു. ഇഷ്ടങ്ങളെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്, ആരും കാണാത്ത തന്റെ കുഞ്ഞുകുഞ്ഞു സങ്കടങ്ങളെക്കുറിച്ച്… പക്ഷേ, അത് സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ  ചുറ്റുമുള്ള ലോകം പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു.

“നീ മിണ്ടാതിരിക്കൂ… നിനക്കൊന്നും അറിയില്ല.. വെറുതെ അലോസരപെടുത്തുന്ന സംസാരം ഒഴിവാക്കു”

ആദ്യമൊക്കെ  എതിർത്തു നോക്കി. തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. കരഞ്ഞു. വഴക്കിട്ടു. ഒടുവിൽ, ഒരിക്കൽപോലും ആരും തന്റെ വാക്കുകൾക്ക് വില നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പതിയെ മൗനത്തിലേക്ക് പിൻവാങ്ങി. അപ്പോളും വിവാഹശേഷം എന്നെ കേൾക്കാനൊരാളുണ്ടാവുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു.. പക്ഷേ വിവാഹശേഷം ആജ്ഞകളും അനുസരിപ്പിക്കലും അരുതായ്മകളും മാത്രമായപ്പോൾ വീണ്ടും മൗനത്തിലേക്കൊതുങ്ങി… എന്ത് പറഞ്ഞാലും അനുസരിക്കാനും മറുത്തൊന്നും പറയാതിരിക്കുകയും ചെയ്തപ്പോൾ അമൽ ചോദിച്ചു

“ഇപ്പോൾ നീ പഴയതുപോലെ വഴക്കുണ്ടാക്കാറില്ലല്ലോ.. എന്ത് പറ്റി.. !”

അതുകേട്ട് വെറുതെ ചിരിച്ചു കൊണ്ട് പറഞ്ഞു

“എന്ത് പറയാനാണ്.. എന്റെ വാക്കുകൾക്ക് ചെവിയോർക്കാനാർക്കും നേരമില്ലെന്ന് മനസിലായപ്പോൾ ഒന്നും മിണ്ടാതിരിക്കണതാണ് ഉചിതമെന്ന് തോന്നി അത്രേയുള്ളു”

“ചിലർ നമ്മുടെ മൗനത്തെ സമാധാനമായി തെറ്റിദ്ധരിക്കുന്നു. എന്നാൽ, അതൊരു പരാജയപ്പെട്ട ഹൃദയത്തിന്റെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് അറിയാതെ പോകുന്നു പലപ്പോഴും .”

വർഷങ്ങൾ കടന്നുപോയി.

അടുക്കളയിലെ പാത്രങ്ങൾക്കും മുറ്റത്തെ ചെടികൾക്കും വീടിന്റെ ചുവരുകൾക്കുമിടയിൽ  ജീവിതം തുന്നിച്ചേർത്തു. എല്ലാവരുടെയും ആവശ്യങ്ങൾ അറിഞ്ഞു. ആരുടെയും മുഖം വാടാതിരിക്കാൻ  ശ്രദ്ധിച്ചു…
പക്ഷേ, സ്വന്തം  മുഖത്തെ വിഷാദം ആരും വായിച്ചില്ല. അറിഞ്ഞില്ല.

അമലിന്  ഇഷ്ടമുള്ള ഭക്ഷണം, മകന് ഇഷ്ടമുള്ള വസ്ത്രം, വീട്ടുകാർക്ക് ഇഷ്ടമുള്ള പെരുമാറ്റം… അതാണ് അതു മാത്രമാണ് ഒരു ഭാര്യയുടെ അമ്മയുടെ ധർമ്മമെന്ന് മനസിനെ ബോധ്യപ്പെടുത്തി. ന്നാൽ, നിനക്ക്  എന്താണ് ഇഷ്ടമെന്ന് ആരെങ്കിലും ഒരിക്കൽ പോലും ചോദിച്ചില്ലല്ലോ എന്ന വിഷമം മനസിനെ കീറീമുറിച്ചു കൊണ്ടിരുന്നു.. സ്വയം ഒരു അടിമയായത് പോലെ തോന്നി തുടങ്ങി..

ഒരിക്കൽ മകൻ ചോദിച്ചു.

“അമ്മയ്ക്ക് എന്താണ് ഏറ്റവും ഇഷ്ടം?”

അതുകേട്ട്  ഒരു നിമിഷം അവനെ നോക്കി.
മനസിൽ  ഒരു പഴയ പെൺകുട്ടി ഉണർന്നു. കടൽ കാണാൻ കൊതിച്ച, പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ട, കഥകളെഴുതി ലോകത്തെ അത്ഭുതപ്പെടുത്തണമെന്ന് സ്വപ്നം കണ്ട ഒരു പെൺകുട്ടി. പക്ഷേ, തെല്ല് നേരത്തേക്ക് ചിന്തയൊന്ന് മാറിയെങ്കിലും അവനോട് ഒന്നും പറഞ്ഞില്ല. അവന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു

“എനിക്കോ… ഒന്നും പ്രത്യേകിച്ച് ഇഷ്ടമില്ല മോനേ.”

മകൻ അത് കേട്ട് ചിരിച്ചുകൊണ്ട് ഇങ്ങനെയൊരമ്മ ഒന്നുമറിയാത്ത അമ്മ എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.
അവൻ പോകുന്നത് നോക്കി അവിടെ കുറച്ചുനേരം നിന്നു കൊണ്ട് ആലോചിച്ചു

“തന്റെ ഇഷ്ടങ്ങൾ പോലും ഓർത്തെടുക്കാൻ കഴിയാത്തവിധം ഞാൻ മാറിപ്പോയിട്ടുണ്ടെങ്കിൽ , അതിന് കാരണം സ്വന്തം ജീവിതത്തിൽ മറ്റാരൊക്കെയോ അധികാരമുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ്.. എനിക്കിപ്പോൾ സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നുമില്ല.. എന്നെ ഞാനെവിടെയോ ഉപേക്ഷിച്ചിരിക്കുന്നു.. “

അമൽ ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് പതിവ് കലാപരിപാടി കഴിഞ്ഞ് ചുമരിനോട് ചേർന്ന് കിടന്നുറങ്ങിയപ്പോൾ ഡ്രസ് അണിഞ്ഞ് മെല്ലെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്നെണീറ്റ് മേശ തുറന്ന് ആ പഴയ ഡയറി വീണ്ടും തുറന്ന് നോക്കി. ഓരോ പേജിലും പണ്ട് നഷ്ടപ്പെട്ട സ്വപ്നങ്ങൾ ഉറങ്ങിക്കിടന്നിരുന്നു.

ഒരിടത്ത് കടൽ കാണാനുള്ള ആഗ്രഹം…., മറ്റൊരിടത്ത് എഴുതിത്തുടങ്ങിയ ഒരു കഥ. വേറൊരിടത്ത്, ആരോ ഒരാൾക്കായി എഴുതിയെങ്കിലും ഒരിക്കലും അയച്ചുകൊടുക്കാത്ത ഒരു കത്ത്. ആ കത്തിലെ അവസാന വരികൾ വായിച്ചപ്പോൾ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.. .

“എന്നെങ്കിലും ഒരിക്കൽ നീ എന്നെ കേൾക്കുകയാണെങ്കിൽ, അതിൽ നിന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ എന്നോടുതന്നെയുള്ള പരാതികൾ കേൾക്കാൻ കഴിയും. കാരണം, നിന്നെ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ എന്നെത്തന്നെ എവിടെയോ ഉപേക്ഷിച്ചുപോയി.”

അതു വായിച്ച്  ഡയറി മെല്ലെ  അടച്ചുവച്ചു.
ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മഴ വീണ്ടും തുടങ്ങിയിരുന്നു ആ മഴയ്ക്ക് അപ്പുറം, എവിടെയോ ഒരു കടൽ എന്നെ കാത്തിരിക്കുന്നതായി  തോന്നി.

പിറ്റേന്ന് രാവിലെ അമലിന്  പതിവുപോലെ ചായ കിട്ടിയില്ല. അടുക്കളയിൽ നീനയുണ്ടായിരുന്നില്ല.
കിടപ്പുമുറിയിൽ അവളെ കാണാഞ്ഞ് അമൽ  പരിഭ്രമത്തോടെ തിരഞ്ഞു. ഒടുവിൽ മേശപ്പുറത്ത് ഒരു ചെറിയ കുറിപ്പ് കണ്ടു അതിൽ എഴുതിയിരുന്നു

“ഞാൻ പോകുന്നു. ആരോടും പിണങ്ങിപ്പിരിയുന്നതല്ല. കുറച്ചുകാലമായി എന്നോടുതന്നെ പിണങ്ങിയാണ് ഞാൻ ജീവിക്കുന്നത്. ആ പിണക്കം അവസാനിപ്പിക്കാനാണ് ഈ യാത്ര. ഈ തടവറയിൽ നിന്ന് എനിക്ക് പുറത്ത് പോയേ മതിയാവൂ. എനിക്കും ഇഷ്ടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. എന്റേതായ ഒരു ലോകമുണ്ട്. അമൽ.. ചിലരെ ഉപേക്ഷിച്ചുപോകുന്നതല്ല ഏറ്റവും വലിയ നഷ്ടം  അവരെ കൂടെനിർത്താൻ ശ്രമിക്കുന്നതിനിടയിൽ നമ്മൾ നമ്മെത്തന്നെ ഉപേക്ഷിക്കുന്നതാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണ് നമ്മൾ വെറുതെ ആർക്കോ വേണ്ടി നഷ്ടപ്പെടുത്തിയ കാലത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്നത്..

അമൽ കത്തിലേക്ക് ഒന്നുകൂടി നോക്കി കൊണ്ട് തുറന്ന് കിടന്ന മേശയുടെ ഡ്രോയിൽ നിന്ന്  നീനയുടെ  ഡയറി എടുത്ത് തുറന്നു നോക്കി. ഇത്രകാലം എന്തേ അതെന്റെ കണ്ണിൽ പെടാഞ്ഞതെന്ന് ഓർത്ത്
ഓരോ പേജും വായിക്കുമ്പോൾ, വർഷങ്ങളായി ഒരേ വീട്ടിൽ ജീവിച്ചിട്ടും താൻ അറിയാതെപോയ ഒരു മനുഷ്യജീവിതം മുന്നിൽ തുറക്കുന്നതായി തോന്നി..

അവൾ കരഞ്ഞ രാത്രികൾ.
പറയാനാവാതെ വിഴുങ്ങിയ വാക്കുകൾ.
മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി മാറ്റിവച്ച സ്വന്തം ആഗ്രഹങ്ങൾ.
ഒടുവിലെ പേജിൽ തലേദിവസത്തെ ഡേറ്റിൽ ഒരു വരി കൂടി അവൾ എഴുതിയത്  കണ്ടു.. .

“എന്നെ ആരും മനസ്സിലാക്കിയില്ലെന്ന് ഞാൻ പരാതിപ്പെടുന്നില്ല. ഒരിക്കൽപോലും എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തവരുടെ ഇടയിൽ, എന്നെത്തന്നെ മറന്നുപോയതാണ് എന്റെ ഏറ്റവും വലിയ സങ്കടം. എനിക്കും ജീവിക്കണം ഞാനായി തന്നെ ജീവിക്കണം. ഞാനെന്റെ സ്വപ്നങ്ങളുടെ ആഗ്രഹങ്ങളുടെ ചിന്തകളുടെ വേലിയേറ്റം തിരഞ്ഞ് ഇറങ്ങുന്നു. ആരോടും യാത്ര പറയുന്നില്ല. അല്ലെങ്കിൽ തന്നെ എന്റെ യാത്രാമൊഴിക്ക് എന്ത് വിലയാണുള്ളത്. ആരാണത് കേൾക്കാൻ താല്പര്യപെടുന്നത്.. ”

അത് വായിച്ച് കഴിഞ്ഞ് അമൽ കസേരയിലേക്കിരുന്നു. അവളൊന്നും പറയാതിരുന്നപ്പോൾ
താൻ ഇത്രയും കാലം സമാധാനമെന്ന് കരുതിയത് ഒരു പെണ്ണിന്റെ നെഞ്ചിലെ അറിയാതെ പോയ വിങ്ങലായിരുന്നു സന്തോഷമെന്ന് കരുതിയത് അവളുടെ സ്വപ്നങ്ങളുടെ ശവക്കുഴിയായിരുന്നു.
അവൾ മിണ്ടാതിരുന്നതുകൊണ്ട് അവൾക്ക് വേദനയില്ലെന്നല്ല. അവൾ കരയാതിരുന്നതുകൊണ്ട് അവൾ സന്തോഷവതിയെന്നുമല്ല അവൾ അവളോട് തന്നെ ഉള്ള ഒരു സമരത്തിലായിരുന്നു എന്ന് അറിഞ്ഞില്ലല്ലോ എന്നോർത്ത് അമൽ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു. ഫോൺ ബെല്ലടിച്ചുകൊണ്ടിരുന്നു.

കുറേ റിംഗിന് ശേഷം ഒടുവിൽ മറുതലയ്ക്കൽ അവളുടെ ശബ്ദം കേട്ടു പരിഭ്രമത്തോടെ ചോദിച്ചു

“നീനാ… നീ എവിടെയാണ്?”

അൽപ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവൾ മറുപടി പറഞ്ഞു.

“ഞാൻ കടൽത്തീരത്താണ്. ഞാനെന്റെ മനസ് തുറന്ന് കടൽക്കാറ്റിനോടും തിരകളോടും ആഴപരപ്പിൽ നിന്ന്  ഇടക്ക് തലനീട്ടി കരയിലേക്കെത്തുന്ന ചെറുമീനുകളോടും സംസാരിക്കുന്നു. ഇത്രകാലം പറയാൻ ബാക്കി വെച്ചതൊക്കെ അവരോട് പറയുന്നു..”

അമൽ പറഞ്ഞു

“എന്നോട് ക്ഷമിക്കണം. നീ തിരിച്ചുവരൂ. നമുക്ക് എല്ലാം സംസാരിച്ച് പരിഹരിക്കാം. എനിക്ക് ഇപ്പോൾ നിന്നെ മനസിലാവുന്നുണ്ട്..
“
അതുകേട്ട് നീന പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു

“അമൽ.. ഞാൻ ഇത്രയും കാലം സംസാരിക്കാൻ ശ്രമിച്ചപ്പോൾ നീ കേട്ടില്ല. ഇപ്പോൾ ഞാൻ എന്നെത്തന്നെ കേൾക്കാൻ തുടങ്ങിയിട്ടേയുള്ളൂ. നിനക്ക് ഒരിക്കലും എന്നെ മനസിലാക്കാനാവില്ല. നീ ചെവിയോർക്കുന്നത് എപ്പോളും നിന്റെ ആവശ്യങ്ങളിലേക്കും നിന്റെ ഇഷ്ടങ്ങളിലേക്കും മാത്രമായിരുന്നു. മൗനം ചിലപ്പോൾ ബന്ധങ്ങളെ നിലനിർത്തും. പക്ഷേ, ആ മൗനത്തിനുള്ളിൽ ഒരാൾ മരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ആ ബന്ധം കൊണ്ട് എന്താണ് പ്രയോജനം അമൽ “

അതിന് എന്ത് മറുപടി പറയണമെന്നോർത്ത് അമൽ കസേരയിൽ നിന്നെണീറ്റ് മോനുറങ്ങുന്ന മുറിയിലേക്കൊന്ന് നോക്കിയപ്പോൾ നീന പറഞ്ഞു

“ഞാൻ തിരിച്ചുവരില്ലെന്നല്ല. അഥവാ, ഇനി തിരിച്ചുവരുന്നത് പഴയ നീനയായിട്ടായിരിക്കില്ല. എനിക്ക് എന്നെത്തന്നെ തിരിച്ചുകിട്ടണം. ഞാനെന്നോ കുഴിച്ചുമൂടിയ എന്റെ ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും ഫോസിൽ എനിക്ക് ചുറ്റുമുണ്ട്. എനിക്കിപ്പോൾ ശവഗന്ധമാണ് മനസ് മരിച്ച പെണ്ണിന്റെ വാക്കുകൾ മറന്ന പെണ്ണിന്റെ  നിശബ്ദതയാണ് നീ ആഘോഷമാക്കിയത്. അതുകൊണ്ട് തന്നെ ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ല. ഞാൻ ഞാനായി ജീവിക്കാൻ തീരുമാനിച്ചു.. “

അത് പറഞ്ഞ് ഫോൺ കട്ടായി.

കടൽത്തീരത്തെ മണലിലൂടെ നീന പതിയെ നടന്നു. തിരമാലകൾ  കാലുകളെ തൊട്ടുതിരിച്ചുപോയി. വർഷങ്ങൾക്കുശേഷം അവൾ ആദ്യമായി ആകാശത്തേക്ക് കൈകളുയർത്തി ഉദയസൂര്യനെ നോക്കി
ഉറക്കെ ചിരിച്ചു. ആ ചിരിയിൽ നഷ്ടപ്പെട്ടുപോയ ഒരു പെൺകുട്ടി തിരികെ വരികയായിരുന്നു. ഉള്ളിലെ തടവറയുടെ വാതിൽ തുറക്കുകയായിരുന്നു. മനസിന്റെ ചില മോചനങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് കടൽകാറ്റ് വന്ന് ദേഹത്ത് തഴുകി ചെവിയിൽ പതുക്കെ പറഞ്ഞു

“സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുനടക്കാനുള്ള സമയമായി നീനാ”

നീന  കടലിലേക്ക് നോക്കി. തിരമാലകൾ വീണ്ടും വീണ്ടും കരയിലേക്ക് വന്നുകൊണ്ടിരുന്നു. തിരിച്ചുപോകാനല്ല… ഓരോ തവണയും പുതുതായി തുടങ്ങാനാണെന്ന് തോന്നിപ്പിക്കുന്നതുപോലെ.
അത് കണ്ടപ്പോൾ  ആഴത്തിൽ ഒന്ന് ശ്വാസമെടുത്തു.

ഇനിയും ഒരുപാട് സംസാരിക്കാനുണ്ടെന്ന് മനസ് പറഞ്ഞു പക്ഷേ ആദ്യം സംസാരിക്കേണ്ട ത്. ആദ്യം, തന്നോടുതന്നെ ആണെന്ന് തോന്നി

മൗനത്തിന്റെ തടവറയിൽനിന്ന് പുറത്തുകടക്കുമ്പോൾ നീന ആരെയും തോൽപ്പിച്ചിരുന്നില്ല. വർഷങ്ങളായി തന്നിൽത്തന്നെ തോറ്റുകൊണ്ടിരുന്ന നീന  ഒടുവിൽ സ്വയം ജയിക്കുകയായിരുന്നു…

കാലിൽ പറ്റിയ മണൽതരികൾ കഴുകി കളഞ്ഞ് നനഞ്ഞ സാരി തലപ്പ് കാലിൽ ഒട്ടിയത് മാറ്റി തിരിഞ്ഞു നടക്കുമ്പോൾ അവളെ കാത്ത് അമലും മോനും ദൂരെ അവളെ തന്നെ നോക്കി നിന്നിരുന്നു. 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് താമസം. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. നോവലുകളും ചെറുകഥകളുമുൾപെടെ ഇരുനൂറോളം കൃതികൾ എഴുതിയിട്ടുണ്ട്. ആത്മബലി എന്നൊരു നോവൽ പുസ്തകരൂപത്തിൽ വിപണിയിലുണ്ട്.