സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 1

സാർത്തോവിൻ്റെ കുത്സിതചിന്തകൾ. ഈ ടാഗ് ലൈനിൽ തുടർകുറിപ്പുകൾ എന്നൊരു ആശയം കുറച്ചു നാളുകളായി എന്നെ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയിട്ട്.

വ്യക്തികളിൽ, നമ്മുടെ സമൂഹത്തിൽ, നമ്മുടെ ചിന്തകളിൽ, നമ്മുടെ നിരത്തുകളിൽ, നമ്മുടെ ശീലങ്ങളിൽ ഒക്കെയും കണ്ടുവരുന്ന പലതും എന്നെ പലതരത്തിലും സ്വാധീനിക്കാറുണ്ട്. കാര്യമായ ഫലമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരളവ് വരെ ഞാനതിലൊക്കെ എൻ്റേതായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ, എടുത്തുചാടിയുളള എൻ്റെ പല മുൻവിധികളും തെറ്റായിരുന്നെന്ന് പിന്നീടെനിക്ക് ബോധ്യമായിട്ടുണ്ട്. ഞാനതിൽ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാക്കൾ വിചാരിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ ഞാൻ വിചാരിച്ചാൽ നടക്കുകയില്ല എന്നെനിക്ക് ഉത്തമ ബോദ്ധ്യമുണ്ട്. ഞാൻ മറ്റൊരാളായി മാറി നിന്ന് എൻ്റെ ചെയ്തികളെത്തന്നെ വീക്ഷിക്കുമ്പോൾ പോലും ആ ചിന്തകളിലും പ്രവൃത്തികളിലും എനിക്ക് തന്നെ ദഹിക്കാത്ത ഘടകങ്ങളാണ് കൂടുതലായും കാണാൻ കഴിയുന്നത്. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരിയെന്ന ചിന്തകൾ ഓരോ വ്യക്തിയിലും രൂഢമൂലമാണ്.

താൻ ഔദ്യോഗികമായി വഹിക്കുന്ന പദവി, പ്രതിനിധാനം ചെയ്യുന്ന പാർട്ടി, മതം ഇവയിലൊക്കെ മാത്രം മേന്മ കാണുകയും മറ്റുള്ളവയേയൊക്കെ വിലകുറച്ചു കാണുകയും ചെയ്യുന്ന ഒരു പൊതുശീലം മനുഷ്യനില്ലേ? എത്രയൊക്കെ മതേതരത്വം വിളമ്പിയാലും എല്ലാ മതങ്ങളേയും ആളുകളേയും സമഭാവനയോടെ കാണാൻ നമുക്ക് കഴിയുന്നുണ്ടോ? താൻ നില്ക്കുന്ന ബസ് സ്റ്റോപ്പിൽ ബസ് നിറുത്തുന്നില്ല എന്ന് കലഹിക്കുന്ന ഒരാൾ ബസ് കയറിക്കഴിഞ്ഞാൽ പിന്നെ ഒരു സ്റ്റോപ്പിലും ആ ബസ് നിറുത്താൻ പാടില്ല എന്നല്ലേ ചിന്തിക്കുക? ക്യൂ തെറ്റിച്ച് മുമ്പേ കയറുന്ന ഒരാൾക്കെതിരെ ആക്രോശിക്കുന്ന ഒരാൾക്ക് താനൊരിടത്തും ക്യൂ തെറ്റിച്ചിട്ടില്ല എന്ന് നിസ്സംശയം അവകാശപ്പെടാൻ കഴിയുമോ? ഞാൻ ചെയ്യുമ്പോൾ ശരി, അപരൻ ചെയ്യുമ്പോൾ തെറ്റ്. അതല്ലേ നമ്മുടെ ചിന്താഗതി?

എനിക്ക് തന്നെ മറുപടിയില്ലാതെ ഇങ്ങനെ കുറേ ചോദ്യങ്ങൾ എനിക്ക് ചുറ്റും എന്നും കറങ്ങുന്നുണ്ട്. ഈ ചോദ്യങ്ങളിൽ പലതിനും പലപ്പോഴായി എനിക്ക് കിട്ടിയ ഉത്തരങ്ങളാണ് “സാർത്തോവിൻ്റെ കുത്സിത ചിന്തകൾ!”

അതിൻ്റെ ആദ്യ കുറിപ്പ് ഇത്തിരി എരിവും പുളിയുമായിത്തന്നെ ഞാനെൻ്റെ പ്രിയ സുഹൃത്തുക്കൾക്കായി പങ്കുവയ്ക്കട്ടെ! നിങ്ങൾക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടില്ലേ? മുൻവിധി നിങ്ങളേയും കുഴപ്പിച്ചിട്ടില്ലേ?

നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഞാനിത് തുടങ്ങി വയ്ക്കട്ടെ!


കഥാപരിസരം : 2011-16 ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസ്, തിരുവനന്തപുരം പ്രശസ്‌തനായ ഒരു സന്യാസിവര്യൻ ഗവ. സെക്രട്ടേറിയറ്റിലെ കൻ്റോൺമെൻ്റ് ഗേറ്റിലെത്തുന്നു. എത്തുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്നെ അറിയിച്ചിരുന്നുവെങ്കിലും അന്ന് സെക്രട്ടറിയേറ്റിൻ്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഈയുള്ളവൻ ജോലിത്തിരക്കുമൂലം അത് ഗേറ്റിൽ യഥാസമയം അറിയിക്കാൻ വിട്ടുപോയി. ഒരിക്കലും ആ മറവി മന:പൂർവ്വമായിരുന്നില്ല എങ്കിലും അങ്ങനെയൊരു മറവി എനിക്ക് സംഭവിക്കാൻ പാടില്ലായിരുന്നു.

മുൻകൂട്ടി അറിയിച്ചിട്ടുണ്ടല്ലോ എന്ന ധൈര്യത്തിൽ ഗേറ്റിലെത്തിയ ഗുരുവിനെ, വിവരം അറിയാത്ത സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. താൻ വരുന്ന വിവരം ഉയർന്ന ഓഫീസിൽ അറിയിച്ചിട്ടുണ്ട് എന്നൊക്കെ സ്വാമി കാറിലിരുന്ന് സൗമ്യമായി കുറേനേരം പറഞ്ഞു നോക്കിയെങ്കിലും സുരക്ഷാ ജീവനക്കാർ ഒട്ടും അയഞ്ഞില്ല. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട സ്വാമി നിയന്ത്രണം വിട്ട് കാറിന് പുറത്തേക്ക് ചാടിയിറങ്ങി. തൻ്റെ കാവി മുണ്ട് മടങ്ങിയങ്ങ് കുത്തി. ജഗതിയുടെ പടയപ്പയായി മാറിയ സ്വാമി തൻ്റെ വിശ്വരൂപമങ്ങ് കാട്ടി.

“പെരുന്നയിലെ നായകൻ വന്നാൽ നിങ്ങൾ തടയുമോടാ?, കണിച്ചുകുളങ്ങരയിലെ തമ്പുരാൻ വന്നാൽ തടയാനുള്ള ധൈര്യമുണ്ടോടാ നിനക്കൊക്കെ?” എന്നൊക്കെ പറഞ്ഞ് അലറി സ്വാമി, കൻ്റോൺമെൻ്റ് ഗേറ്റിനെ അനുഗ്രഹിച്ച് അവിടമാകെ കളർഫുള്ളാക്കി, ഒപ്പം ട്രാഫിക്ക് ബ്ലോക്കും! സുരക്ഷാ ജീവനക്കാർ എന്ത് ചെയ്യണമെന്നറിയാതെ ആകെ വെപ്രാളത്തിലായി. പ്രശ്‌നം നടക്കുന്ന വിവരം ഉടൻ തന്നെ എൻ്റെ ശ്രദ്ധയിലെത്തുകയും സ്വാമിയുടെ വാഹനം ഉള്ളിൽ പ്രവേശിപ്പിക്കാനുള്ള നിർദ്ദേശം ജീവനക്കാർക്ക് നൽകുകയും ചെയ്തു.

ക്ഷുഭിതനായി നോർത്ത് ബ്ലോക്കിലെത്തിയ സ്വാമിയെ, ഞാൻ തന്നെ നേരിട്ട് സ്വീകരിക്കുകയും എൻ്റെ മറവികൊണ്ടുണ്ടായ വീഴ്ചയാണെന്ന് ഏറ്റുപറയുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച് തത്ക്കാലം ആ പ്രശ്‌നം പരിഹരിക്കുകയും ചെയ്തുവെങ്കിലും ഇന്നും ആ രംഗം ഒരു കല്ലുകടിയായി എൻ്റെ മനസിൽ അവശേഷിക്കുന്നു.

സ്വന്തം വികാരങ്ങളിൽ നിയന്ത്രണമുണ്ടാകേണ്ട ഒരു സന്യാസി എന്തിനാണ് മറ്റ് സാമുദായിക നേതാക്കളെ ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചത്? വന്ദനീയനായ ആ സ്വാമിക്ക് കുറച്ചുകൂടി നന്നായി, ക്ഷമയോടും സഹിഷ്ണതയോടും കൂടി ആ സിറ്റുവേഷൻ കൈകാര്യം ചെയ്യാൻ പാടില്ലായിരുന്നോ? അങ്ങനെയായിരുന്നില്ലേ വേണ്ടത്?

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.