പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 7

ചെറിയ വിളക്കിൻ്റെ കഥ

ഒരു ഗ്രാമം. അവിടെ എവിടെയും വൈദ്യുതി കടന്നുവന്നിരുന്നില്ല. അതുകൊണ്ടുതന്നെ മണ്ണെണ്ണ വിളക്കായിരുന്നു അന്നാട്ടുകാർക്ക് രാത്രിയിൽ വെളിച്ചം പകർന്നിരുന്നത്. അതുകൊണ്ടെന്താ കുട്ടികൾ സന്ധ്യ കഴിഞ്ഞാൽ പിന്നെ പഠിക്കുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. അന്തിമയങ്ങിയാൽ എല്ലാവരും വേഗം ഭക്ഷണം കഴിച്ച് ഉറങ്ങും. എന്നാൽ ഒരു കൊച്ചു പെൺകുട്ടി മാത്രം അതിന് അപവാദമായിരുന്നു. അവൾ ഗ്രാമത്തിലെ സ്കൂളിലെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു. അവൾ ഒരു ചെറിയ എണ്ണവിളക്ക് കത്തിച്ച് അതിനു മുന്നിലിരുന്ന് അന്നന്നു പഠിപ്പിച്ച പാഠങ്ങൾ നിത്യവും പഠിക്കുമായിരുന്നു. ഇതറിഞ്ഞ അവളുടെ കൂട്ടുകാർ അവളെ വല്ലാതെ പരിഹസിച്ചു.

“ഈ ചെറിയ വിളക്കിലെ വെളിച്ചം കൊണ്ട് എന്ത് ചെയ്യാനാണ്? പഠിച്ചിട്ട് എന്തു കിട്ടാനാണ്?” അവളത് കേട്ടമട്ട് വെച്ചില്ല. പിൽക്കാലത്ത് അവൾ ആ ഗ്രാമത്തിൽ നിന്നും പഠിച്ചു ജയിച്ച ആദ്യത്തെ ഡോക്ടറായി.

കുറേക്കാലത്തിനു ശേഷം ആദ്യം പഠിച്ച വിദ്യാലയത്തിൽ അതിഥിയായി അവളെത്തി. പതിവുപോലെ ആ ചോദ്യം ഉയർന്നു.

“നിങ്ങളുടെ വിജയത്തിന്റെ രഹസ്യം?” അവൾ ചിരിച്ചു.

“ഇരുട്ടിനെക്കുറിച്ച് പരാതിപ്പെടാതെ, ഉണ്ടായിരുന്ന വെളിച്ചം ഉപയോഗിക്കാൻ ഞാൻ നിശ്ചയിച്ചു. അതുതന്നെ.”

ശാസ്ത്രം എന്ത് പറയുന്നു?

നമ്മുടെ തലച്ചോർ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് പഠിക്കാനും മുന്നേറാനും തക്കവിധത്തിലെ ചിന്തകൾ രൂപപ്പെടുത്താൻ കഴിവുള്ളതാണ്. പൂർണ്ണമായ സാഹചര്യം കിട്ടിയാലേ തുടങ്ങൂ എന്ന ചിന്തയൊന്നും അവിടെയില്ല. അങ്ങനെ എല്ലാം ഒത്തുവരാൻ കാത്തിരിക്കുന്നത് പലപ്പോഴും നമ്മുടെ വളർച്ച വൈകിപ്പിക്കും.

ആത്മീയ ചിന്ത

ദൈവം എപ്പോഴും മുഴുവൻ വഴിയും കാണിക്കില്ല. അത് തൊട്ടടുത്ത ചുവട് മാത്രം കാണിച്ചുതരും. മുന്നേറേണ്ടത് നമ്മളാണ്.

ഇന്നത്തെ പരിശീലനം

“സമയം ഇല്ല”, “സൗകര്യം ഇല്ല” എന്ന് പറഞ്ഞ് മാറ്റിവെച്ച ഒരു കാര്യം കണ്ടെത്താമോ? അതിന്ന് 10 മിനിറ്റ് മാത്രം ചെയ്താലോ?

ഇന്നത്തെ വാക്യം

” എല്ലാം നൂറു ശതമാനം ഒത്തുവരാൻ കാത്തിരുന്നാൽ ചിലപ്പോൾ ജീവിതം മുഴുവൻ കാത്തിരിക്കേണ്ടിവരും.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.