സ്നേഹം മാത്രം കൊണ്ടു നടക്കുന്നവൾ

സ്നേഹം മാത്രം കൊണ്ടുനടന്നൊരു
പെൺകുട്ടിയുണ്ടായിരുന്നു!
വാക്കുകൊണ്ടോ, നോക്കുകൊണ്ടോ,-
ഒരു സ്പർശത്താൽ പോലുമിന്നുവരെ
ആരെയും വേദനിപ്പിക്കാത്തവൾ.
ദുഃഖത്താലുള്ളം വിങ്ങുമ്പോഴും
പുഞ്ചിരി മാത്രം വിടർത്തുന്നവൾ,
വാക്കേറുകളാൽ പരിക്കേറ്റവൾ,
സ്വന്തമായി നാടും വീടുമില്ലാത്തവൾ.
ബന്ധങ്ങളെന്നു പറയുവാൻ
ആരുമില്ലാത്തവൾ,
ലോകം മുഴുവൻ ബന്ധുവെന്നു കരുതി
എല്ലാവരെയും സ്നേഹിക്കുന്നവൾ,
സ്വാതന്ത്ര്യമെന്ന ബന്ധനത്തിൽ
മരണത്തെ നോക്കി ചിരിക്കുന്നവൾ!

മരിച്ചവരോളം സ്നേഹിക്കുന്നവരും
ആശ്വസിപ്പിക്കുന്നവരും
ഈ ലോകത്ത് മറ്റാരുമില്ലെന്ന്
ഇന്നെനിക്കറിയാം…
സ്നേഹം മാത്രം നെഞ്ചിലേറ്റിയ
ഒരു പെൺകുട്ടിയുണ്ടായിരുന്നു;
അവളിപ്പോഴും ആ തട്ടത്തിൻ മറയത്ത്
പുഞ്ചിരിയോടെ…
അങ്ങ്, ആ രണഭൂമിയിലെ
മൺകൂനയ്ക്കടിയിലിരുന്ന്
സ്നേഹം വിതയ്ക്കുന്നുണ്ടാകാം,
സമാധാനത്തിനായി നാളെ
കിളിർത്തു വരുവാൻ!

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു