
പൊട്ടിക്കേണ്ടത് ബലഹീനരാണെന്ന വിശ്വാസമാണ്
ആനക്കുട്ടിയുടെ കഥ
ഇത് ഏറെ പറഞ്ഞുകേട്ട കഥയാണ്. എന്നാൽ ഇവിടെ ഈ കഥയുടെ പ്രാധാന്യം മറ്റൊന്നാണ്. ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന വലിയ വാക്കുമായി ഈ കൊച്ചു കഥക്ക് വളരെ അടുപ്പമുണ്ട്. എങ്ങനെയെന്നല്ലേ? പറയാം.
ഒരിക്കൽ ഗ്രാമത്തിലെ ഉത്സവപ്പറമ്പിൽ ഒരു കൊമ്പനാനയെ തെങ്ങിൻ്റെ ചുവട്ടിൽ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത് ഒരു കുട്ടി കണ്ടു. കുറേ നേരം ആനയെ കണ്ടുനിന്ന ശേഷം കുട്ടി പാപ്പാനോടു ചോദിച്ചു, മാമാ, ഈ ആന എന്തു വലുതാണ്! ഇതിന് ഈ ചങ്ങലെ പൊട്ടിച്ചോടാൻ പറ്റില്ലേ?
“പറ്റും.” പാപ്പാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
“എന്നിട്ടെന്താ അത് പൊട്ടിക്കാത്തത്?”
“ഇത് കുഞ്ഞായിരുന്നപ്പോൾ ഒരു കുഞ്ഞുചങ്ങലയിൽ ആണ് ഇവനെ ഞാൻ കെട്ടിയിട്ടിരുന്നത്. അന്ന് കുഞ്ഞല്ലേ, അവന് എത്ര ശ്രമിച്ചിട്ടും ആ ചങ്ങല പൊട്ടിക്കാൻ കഴിഞ്ഞില്ല. കുറേ ദിവസങ്ങൾക്കുശേഷം അതു ചങ്ങല പൊട്ടിക്കാനുള്ള ശ്രമം നിർത്തി. ഇന്ന് ഇതിന് നല്ല ശക്തിയുണ്ട്. പക്ഷേ മനസ്സ് ഇപ്പോഴും കുഞ്ഞാനയുടേതാണ്. ഇവൻ കരുതുന്നത് ഇവനൊരിക്കലും ഈ ചങ്ങല പൊട്ടിക്കാൻ കഴിയില്ല എന്നാണ്.”
കഥ അവിടെ നിൽക്കട്ടെ, ഇനി ശാസ്ത്രം എങ്ങനെ ഇതു വിശദീകരിക്കുന്നു എന്നു നോക്കാം?
മനഃശാസ്ത്രത്തിൽ Learned Helplessness എന്ന ആശയമുണ്ട്. തുടർച്ചയായി പരാജയങ്ങൾ അനുഭവിച്ചാൽ, പിന്നീട് വിജയിക്കാനുള്ള സാധ്യത ഉണ്ടായാലും ചിലർ ശ്രമിക്കാൻ മടിച്ചേക്കാം. ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ ഒരു സാധ്യത ഇവിടെ ആരംഭിക്കുന്നു. ഭയന്നു നിൽക്കുന്ന പഴയ അനുഭവത്തെ, പുതിയ അനുഭവങ്ങൾ, ചെറിയ വിജയങ്ങൾ, സ്ഥിരമായ പരിശീലനം എന്നിവയിലൂടെ ക്രമേണ മാറ്റിയെടുക്കാനാകും എന്നു പഠനങ്ങൾ കാണിച്ചുതരുന്നു.
ഇതിനൊരു ആത്മീയ വശമുണ്ടോ?
ഇന്നലെ വരെ നമുക്ക് കഴിയാതിരുന്നത്, ഇനി ഒരിക്കലും കഴിയില്ല എന്ന് നിശ്ചയിക്കരുത്. എല്ലാം സാധിക്കും ചിട്ടയായ പരിശ്രമത്തിലൂടെ. ഭയം വരുമ്പോൾ അഭയമുണ്ട് എന്ന ചിന്തയിലൂടെ…ഓരോ പ്രഭാതവും ഒരു പുതിയ അവസരമാണ് എന്നോർക്കുക.
ഇന്നത്തെ പരിശീലനം
ഇന്ന് നമുക്ക് “എനിക്ക് ഇത് കഴിയില്ല” എന്ന് കരുതുന്ന ഒരു ചെറിയ കാര്യം എഴുതാം. ശേഷം അതിലേക്ക് ഒരു ചെറിയ ചുവട് വയ്ക്കാം.
ഇന്നത്തെ വാക്യം
“പലപ്പോഴും നമ്മെ ബന്ധിക്കുന്നത് ചങ്ങലകളല്ല, മറിച്ച് ഇന്നലെയിൽ ഉറച്ചു പോയ വിശ്വാസമാണ്.”









