
നിലാവിന്റെ
നിമിഷ വിരിപ്പിനറ്റത്ത്
ഇരുജഡം തൂങ്ങിയാടി..
ഒന്നു മരണപ്പെട്ടത്,
ഒന്ന്.. മരിക്കാതെ മരിച്ചത്!
ചോറുണ്ണുമ്പോൾ
വാനമാകെ പ്രസന്നമായിരുന്നു.
കിളികൾ ചിലയ്ക്കുന്നുണ്ടായിരുന്നു.
തിത്തിരിക്കുരുവികൾ
വെടിച്ചില്ലുപോലെ
നേർവരയും ത്രികോണവും,
നീണ്ടുവീർത്ത ജ്യാമിതീയരൂപങ്ങളും
വരച്ചുകൊണ്ടിരുന്നു.
അടുക്കളപ്പുറത്തെ കുറിഞ്ഞിപ്പൂച്ച
ചാഞ്ഞൊഴിയുന്ന
കുഞ്ഞൻ തുമ്പിയുടെ പിന്നാലെ
മേലുകീഴു നോക്കാതെ പായുന്നതുകണ്ട്
തൊടിയിലെ മാവും പുളിയും
കുലുങ്ങിച്ചിരിച്ചു.
ഉച്ചവറ്റിനായി ഒരു കാക്ക
പരിയംപുറത്ത്
ചിലയ്ക്കുന്നതുകേൾക്കാം.
മുറ്റത്തെ ചുവന്ന റോസ
ചില്ലയിളക്കിയും പൂമണം പകർന്നും
കാറ്റിനെ മുഗ്ദ്ധം പുണരുന്നുമുണ്ട്.
അങ്ങേവീട്ടിലെ അൽസേഷ്യൻ മാത്രം
കൂമൻ കൂവും പോലെ
പതിവില്ലാതെ കൂവി!
ആകാശക്കോണിലെവിടെയോ
തെളിഞ്ഞ കമ്പളത്തെ കീറിമുറിച്ച്
ഒരു ഇടിവാൾ മിന്നി..
അപ്പോഴും
പ്രകൃതി ചിരിക്കുകയായിരുന്നു…
വശ്യതയാർന്ന ചിരി, അല്ല
വശീകരിക്കുന്ന ചിരി!
ഒന്നുമറിയാതെ
അവനുമവളും
സ്ഫടികപ്പാത്രത്തിൽ നിന്ന്
തുമ്പച്ചോറ് വാരിയുണ്ടു ;
സ്നേഹസമൃദ്ധമായും
പ്രണയസുരഭിലമായും
ഉണ്ടും ഊട്ടിയും
വയറും മനസ്സും നിറച്ചു .
ഉണ്ടെഴുന്നേറ്റപ്പോഴുണ്ട്,
തുമ്പിക്കൈ വണ്ണത്തിൽ
ആകാശം പെയ്യുന്നു!
പെരുമ്പറ കൊട്ടി,
പ്രകാശ വിസ്മയം തീർത്ത്
പ്രചണ്ഡമഴ!
ഒരു നിമിഷാർദ്ധം കൊണ്ട് ഭാവം പകർന്ന്
പ്രകൃതി എന്തേ രുദ്രയായി?
നിനച്ചിരിക്കാതെ അടുത്തയിടിമുഴങ്ങിയത്
അയാളുടെ നെഞ്ചിലാണ്!
മഴപ്പെരുക്കത്തിന്റെ താളത്തെ തോൽപ്പിച്ച്
ഞൊടിവേഗത്തിൽ
ആ ഹൃദയം
താളം തെറ്റി കൊട്ടിക്കയറി.
കണ്ണിലെ വെട്ടം മിന്നലിനു കൊടുത്ത്
ഇമചിമ്മി, ചങ്കുപൊട്ടി
അയാൾ
അവളുടെ മാറിലേക്കാഞ്ഞു…
പിന്നെ
നിശ്ചലനായി..
നിലാവിന്റെ നിമിഷവിരി
നടുങ്ങിത്തെറിച്ച്
പാതാളത്തിന്റെ ഇരുട്ടിലേക്കൂർന്നു.
ജീവൽച്ഛവമായി അവളും
മരണച്ഛവമായി അവനും
അതിനറ്റത്ത് തൂങ്ങിയാടി.









