
സ്വയം മുറിവേൽപ്പിക്കുന്നവരോ നമ്മൾ?
രണ്ടാമത്തെ അമ്പ്
ഒരു ദിവസം ഒരു ശിഷ്യൻ തൻ്റെ ഗുരുവിന്റെ അടുത്തെത്തി. അവൻ വളരെ വിഷമത്തിലായിരുന്നു. അവൻ പറഞ്ഞു,
“ഗുരോ… എനിക്ക് ചെറിയ പരാജയങ്ങൾ പോലും സഹിക്കാൻ കഴിയുന്നില്ല. ആരെങ്കിലും ഒരു വാക്ക് പറഞ്ഞാൽ അന്നേ ദിവസം മുഴുവൻ ഞാൻ അതുതന്നെ ചിന്തിക്കും. ഒരു പ്രശ്നം വന്നാൽ മനസ്സിൽ നൂറ് പ്രാവശ്യം അതു തെളിഞ്ഞുവരുന്നു.”
അവൻ പറഞ്ഞത് ഗുരു ശ്രദ്ധിച്ചു കേട്ടു. എന്നിട്ട് ഗുരു ഒരു അമ്പ് കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു,
“നോക്ക്, ഒരു വേട്ടക്കാരൻ നിൻ്റെ നെഞ്ചിലേക്ക് ഒരു അമ്പ് എയ്തു എന്ന് കരുതുക. നിനക്കു വേദനിക്കുമോ?”
“ഉറപ്പായും വേദനിക്കും.”
“ശരി, അതിന് ശേഷം നീ തന്നെ മറ്റൊരു അമ്പ് എടുത്ത് നിന്റെ മുറിവേറ്റ നെഞ്ചിലേക്ക് തറച്ചാലോ?”
ശിഷ്യൻ അമ്പരന്നു. അവൻ ചോദിച്ചു,
“ആരെങ്കിലും അങ്ങനെ ചെയ്യുമോ?”
ഗുരു പുഞ്ചിരിച്ചു.
“നമ്മൾ എല്ലാവരും അങ്ങനെ ചെയ്യാറുണ്ട്.”
“ആദ്യത്തെ അമ്പ് ജീവിതം എയ്യുന്നതാണ്. എന്നാൽ രണ്ടാമത്തെ അമ്പ് നമ്മൾ സ്വയം എയ്യുന്നതാണ്. ആദ്യത്തേത് വേദനയാണ്. രണ്ടാമത്തേത് അതേ വേദനയെക്കുറിച്ചോർത്ത് കൂടുതൽ സങ്കടത്തിൽ ജീവിക്കുന്നതാണ്.”
ശിഷ്യനു കാര്യം മനസ്സിലായി. തന്റെ ഏറ്റവും വലിയ ശത്രു പലപ്പോഴും സാഹചര്യങ്ങൾ അല്ലായിരുന്നു. തന്റെ സ്വന്തം ചിന്തകൾ തന്നെ ആയിരുന്നു. അവൻ തലകുനിച്ചു.
ശരി, ശിഷ്യനു കാര്യം പിടികിട്ടി. അപ്പോൾ ശാസ്ത്രം ഇതേക്കുറിച്ച് എന്ത് പറയുന്നു എന്നറിയണ്ടേ?
മനഃശാസ്ത്രത്തിൽ Rumination എന്നൊരു പദമുണ്ട്. ഒരു സംഭവത്തെക്കുറിച്ച് മനസ്സിൽ നിരന്തരം ചിന്തിക്കുന്ന ശീലമാണത്. ഒരു പ്രശ്നം പരിഹരിക്കാൻ അതിൻ്റെ പരിഹാരത്തെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാണ്. എന്നാൽ അതേ സംഭവം വീണ്ടും വീണ്ടും അനുഭവിക്കുന്നതുപോലെ മനസ്സിൽ ഓർത്തെടുക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും. ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ കാഴ്ചപ്പാടിൽ, ഒരേ നെഗറ്റീവ് ചിന്താപാത ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ അത് കൂടുതൽ എളുപ്പത്തിൽ സജീവമാകുന്ന ഒരു ശീലമായി മാറാം. ശ്രദ്ധയെ ക്രമേണ മറ്റൊരു ക്രിയാത്മകമായ ദിശയിലേക്ക് മാറ്റുന്നതു പരിശീലിപ്പിക്കുകയല്ലാതെ ഇതു മാറാൻ മറ്റു വഴികൾ ഇല്ല.
ഇതിൻ്റെ ആത്മീയ വശം കൂടി പങ്കുവയ്ക്കാം.
ജീവിതത്തിൽ ചില വേദനകൾ ഒഴിവാക്കാൻ കഴിയില്ല. എന്നാൽ, ആ വേദനയെ വർഷങ്ങളോളം മനസ്സിൽ ചുമന്നുനടക്കണമോ എന്നത് പലപ്പോഴും നമ്മുടെ തിരഞ്ഞെടുപ്പാണ്. വേദനയുടെ ഓർമകളിൽ നിന്നും വിട്ടുനിൽക്കുക എന്നാൽ എല്ലാം മറക്കുക എന്നല്ല മറിച്ച്,മുന്നോട്ട് നടക്കാൻ സ്വയം അനുവദിക്കലാണ്.
ഇന്നു മുതൽ ഇങ്ങനെ ചെയ്തു തുടങ്ങിയാലോ?
ഇന്ന് നമ്മളെ അലട്ടുന്ന ഒരു ചിന്ത വരുമ്പോൾ ഉടൻ അത് പിന്തുടരേണ്ട. പകരം സ്വയം ചോദിക്കുക:
“ഇത് ആദ്യ അമ്പാണോ… അതോ ഞാൻ സ്വയം എയ്യുന്ന രണ്ടാമത്തെ അമ്പാണോ?” ആ ചോദ്യം മാത്രം മതി. മനസ്സ് ഒരു നിമിഷമെങ്കിലും നിൽക്കും.
തുടർന്നും ചിന്തിക്കാൻ വേണ്ടതും പറയട്ടെ, എന്റെ ജീവിതത്തിൽ ഏത് വേദനയാണ് ഞാൻ അനാവശ്യമായി വീണ്ടും വീണ്ടും ഓർത്തെടുക്കുന്നത്? അതൊന്നു കുറിച്ചുവെച്ചോളൂ. നമ്മളെ മാറ്റാനുള്ള യാത്രയിലെ പ്രധാന ഉപകരണം നമ്മൾ കുറിച്ചു വെക്കുന്ന ഇത്തരം ചെറു കുറിപ്പുകൾ ആണ്.
ഇനി ഇന്നത്തെ വാക്യം,
“ജീവിതം എയ്യുന്ന ആദ്യ അമ്പ് തടയാൻ എപ്പോഴും നമുക്കു കഴിയില്ല. എന്നാൽ അതേ മുറിവിലേക്ക് രണ്ടാമത്തെ അമ്പ് സ്വയം എയ്യാതിരിക്കാൻ നമുക്കു പഠിക്കാം.”









