പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 1

എഴുത്തുകാരിയുടെ ആമുഖക്കുറിപ്പ്

ജീവിതത്തെ സമുദ്രയാത്രയോട് ഉപമിക്കാം. കൊടുങ്കാറ്റും വലിയ തിരമാലകളും ഒപ്പം പ്രശാന്തമായ സമുദ്രവും, മനോഹരമായ ഉദയാസ്തമയങ്ങളും ഇതേ യാത്രയിൽ നമുക്കു കാണാനാകും. പ്രതിസന്ധികൾ മാത്രം ചുറ്റിലുമുയരുമ്പോൾ പ്രതീക്ഷയെന്നത് ചിന്തകൾക്കപ്പുറമാകുമ്പോൾ മനുഷ്യൻ തളരും, തകരും.

അവിടെ നിന്നും ഉയർന്നു പറക്കേണ്ടത് അവനവൻ്റെ മാത്രം ആവശ്യമാണ്.

അങ്ങനെയൊരു ഘട്ടത്തിൽ ഞാൻ ഉണരാൻ നിശ്ചയിച്ചു. കുറ്റാക്കുറ്റിരുട്ടിൽ ഞാൻ വെളിച്ചത്തിൻ്റെ ഇത്തിരിത്തെളിച്ചം തേടി, ഒടുവിൽ കണ്ടെത്തി. ആ കണ്ടെത്തിയത് പകർത്തുകയാണ്. കൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒപ്പം കൂടാം. എൻ്റെ യാത്ര തുടരുകയാണ്. മനസ്സിൻ്റെ ഉള്ളറകൾ തേടി, കാരണങ്ങളും കാര്യങ്ങളും തേടി…. പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്….

വായിക്കാൻ 5 മിനിറ്റ്. ചിന്തിക്കാൻ ഒരു ദിവസം. മാറാൻ ഒരു ജീവിതം.

ചിന്തകളുടെ പാറ്റേൺ മാറ്റുമ്പോൾ ജീവിതവും മാറും !

ഒരു ദിവസം ഒരു കർഷകൻ തൻ്റെ കൊച്ചുമകനൊപ്പം കൃഷിയിടത്തിലേക്കു പോകുകയായിരുന്നു. അപ്പൂപ്പൻ്റെ വിരലിൽ ഞാന്നു നടക്കും വഴി കൊച്ചുമകൻ ചോദിച്ചു,
“അപ്പൂപ്പാ, ഈ വഴി ആരാണ് അപ്പൂപ്പന് കാണിച്ചു തന്നത്?”
അപ്പൂപ്പൻ പുഞ്ചിരിച്ചു.
“ഇല്ല മോനേ.. ആരും കാണിച്ചു തന്നതല്ല. അപ്പൂപ്പൻ ഇവിടെ വന്ന കാലത്ത് ഇവിടം വലിയ കാടായിരുന്നു. ഇവിടെ ഇങ്ങനെയൊരു വഴിയേ ഉണ്ടായിരുന്നില്ല.”
“പിന്നെ?” കുട്ടി അത്ഭുതപ്പെട്ടു.”
“ആദ്യ ദിവസം ഞാൻ നടന്നത് കാടും പടർപ്പും കയറിയ വെറും പുല്ലിലൂടെയായിരുന്നു. അന്ന് ആ കാട് വെട്ടിത്തെളിച്ചാണ് ഞാൻ കൃഷിക്കു പറ്റിയ സ്ഥലം കണ്ടെത്തിയത്. രണ്ടാം ദിവസം വീണ്ടും അതേ വഴിയിലൂടെ നടന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതൊരു ചെറിയ പാതയായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അന്നു ഞാൻ തെളിച്ചെടുത്ത കാട്ടുവഴി ഒരു വഴിത്താരയായി മാറി. എല്ലാവരും അത് ഉപയോഗിക്കാനും തുടങ്ങി.”
അപ്പൂപ്പൻ കുറച്ച് നേരം നിശ്ശബ്ദനായി. ശേഷം പറഞ്ഞു.
“മനസ്സും ഇതുപോലെയാണ് മോനേ, ആദ്യം നമ്മൾ വഴികൾ ഉണ്ടാക്കുന്നു. പിന്നീട് ആ വഴികളാണ് നമ്മെ നടത്തുന്നത്.”

ഇതൊരു വെറും കഥയായി വായിച്ചു കളയണ്ട. ഇതേക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്നു നോക്കിയാലോ?

ന്യൂറോപ്ലാസ്റ്റിസിറ്റി എന്നത് നമ്മുടെ തലച്ചോറിന് പുതിയ നാഡീബന്ധങ്ങൾ സൃഷ്ടിക്കാനും പഴയവ ശക്തിപ്പെടുത്താനോ ദുർബലമാക്കാനോ ഉള്ള കഴിവാണ്. നമ്മൾ ഒരു ചിന്തയോ ശീലമോ ആവർത്തിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട നാഡീപാത കൂടുതൽ കാര്യക്ഷമമാകുന്നു. അതുകൊണ്ടാണ് ശീലങ്ങൾ ആദ്യം ബുദ്ധിമുട്ടായും പിന്നീട് സ്വാഭാവികമായും തോന്നുന്നത്. ഇത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല എന്നതാണ് പ്രധാനം. ആവർത്തനത്തിലൂടെയാണ് ഈ മാറ്റങ്ങൾ രൂപപ്പെടുന്നത്.

ശാസ്ത്രം പറഞ്ഞതു കേട്ടു. ഇതിൻ്റെ ഒരു ആത്മീയ വശം കൂടി പരിശോധിച്ചാലോ?
മിക്ക ആത്മീയ പാരമ്പര്യങ്ങളും ഒരു കാര്യം ആവർത്തിച്ച് പറയുന്നു. മനസ്സ് എവിടെ നിൽക്കുന്നു, ജീവിതം അവിടേക്കാണ് നീങ്ങുന്നത്.
പ്രാർത്ഥനയോ ധ്യാനമോ ജപമോ വെറും ആചാരങ്ങൾ മാത്രമല്ല. മനസ്സിനെ വീണ്ടും വീണ്ടും ഒരേ ദിശയിലേക്ക് സാവധാനം തിരികെ കൊണ്ടുവരാനുള്ള പരിശീലനങ്ങളുമാണ്. ശ്രദ്ധ എന്നതിനാണ് പ്രാധാന്യം. നമ്മൾ ഒരു കാര്യം എത്രമാത്രം ശ്രദ്ധയോടെ ചെയ്യുന്നു എന്നതാണ് പ്രധാനം.

ഇന്നത്തെ പരിശീലനം എനിക്കും, എനിക്കൊപ്പം കൂടുന്ന നമുക്കെല്ലാവർക്കും ചെയ്യാവുന്നത് പറയട്ടെ?

ഒരു പേപ്പർ എടുക്കുക. അതിൽ ഒരു ചോദ്യം എഴുതാം.
“ഞാൻ മാറ്റാൻ ആഗ്രഹിക്കുന്ന എന്റെ ഒരു ശീലം ഏതാണ്?”
ആദ്യം അതിനെ വ്യക്തമായി കാണുക. കാരണം, കാണാത്തതിനെ മാറ്റാൻ കഴിയില്ല. എഴുതിയ ഉടനേ അതങ്ങു മാഞ്ഞു പോകാൻ ഇത് ഓം ഹ്രീം കുട്ടിച്ചാത്ത മന്ത്രമൊന്നുമല്ല. നമ്മൾ ഒരു പരീക്ഷണത്തിലാണ്. ക്ഷമയുള്ളവർക്കു നിൽക്കാം. അല്ലാത്തവർക്ക് ഓടിമാറാം.

ഇനി ഇന്നത്തെ ചിന്ത
ഇപ്പോൾ എന്റെ ജീവിതത്തെ നയിക്കുന്നത് ഞാൻ തിരഞ്ഞെടുത്ത വഴികളാണോ, അതോ സ്വയമറിയാതെ ഞാൻ സൃഷ്ടിച്ച എൻ്റെ തന്നെ ശീലങ്ങളോ?

ഇന്നത്തെ വാക്യം ഇതാണ്
“ഓരോ വലിയ മാറ്റവും ഒരു ചെറിയ ചുവടിൽ നിന്നാണു തുടങ്ങുന്നത്. ഇന്ന് ആ ചുവട് വയ്ക്കാം.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.