
വീടുകൾ
സ്വയം കുന്നുകളാകുന്ന കാല-
മായിരിക്കുമത്.
അപ്രത്യക്ഷരായവരുടെ
വീടുകൾക്ക്
ജീവിച്ചിരിക്കുന്നവർ
കാത്തിരിപ്പിൻ്റെ വാടക നൽകുന്ന കാലം.
പലതരം ഓർമ്മകളാൽ
വീടിങ്ങനെ ചിതലരിക്കും.
അവിടെ,
മറവികളുടെ
കാട് പൂക്കും.
ഇറങ്ങിപ്പോയവർ
വരാനുണ്ടന്ന പേരിൽ
മുറ്റത്തെ കിണറിൽ
വാത്സല്ല്യത്തിൻ ഉറവ നനയും.
ഓടുമേഞ്ഞ
വീടാണെങ്കിൽ,
പുറംവഴികൾ നോക്കി നോക്കി
ഓട്ടകൾ
തനിയെ കണ്ണുകളാകും.
പുല്ലുമേഞ്ഞതാണെങ്കിൽ
വെയിൽ കാത്തുനിൽപ്പിൻ്റെ
അകച്ചൂടിൽ
സ്വയം തീ ക്കൊളുത്തും.
വരാനുണ്ടൊരാളെന്ന
ആശയിൽ
കളം നിറഞ്ഞ പൂക്കളിലൊന്ന്
വഴിനിറഞ്ഞ് പൂത്ത് നിൽക്കും.
കരുതി വെച്ച
ചോറ്റുപാത്രത്തി-
നരികി,ലമ്മയെന്ന പോൽ,
ഒരു പൂച്ച പതുങ്ങി നിൽക്കും.
ഊരിവെച്ച
ചെരിപ്പുകൾക്ക്
മോഹാത്സ്യങ്ങളുടെ
കുന്നുകയറാൻ മോഹമുദിക്കും.
പോയവരൊക്കയും
തിരികെയില്ലന്ന
ചിന്തയിൽ
വീട് മുക്കാലും കാടെടുക്കും.
അപ്രത്യക്ഷമായവരുടെ
വീടിൻ മുറ്റത്തിരുന്ന്
പോയവരെ,
കാക്കകൾ ജീവിതത്തിലേക്ക്
വിരുന്നിന് ക്ഷണിക്കും.
പോയവർ വരുന്നെന്ന
പ്രതീതിയുണ്ടാക്കി-
കാറ്റ് പുറത്ത് കാലൊച്ചയുണ്ടാക്കും.
കാത്തിരുന്നവർ,
പോയവർക്ക് പുതിയ
മേൽവിലാസം എഴുതും.
‘കാത്തിരിപ്പിൻ്റെ ചോര കുടിച്ചവർ ‘…..









