യാത്ര

കയറിവരുന്ന വേദനകളോട്
ഇരിക്കാൻ പറയും.

പിന്നാലെ വരുന്ന സന്തോഷങ്ങൾ
അപ്പോഴേക്കും പിന്നാമ്പുറത്തേക്ക് പോയിക്കാണും.

വേദനകളോട് സംസാരിച്ച് സംസാരിച്ച്
അവർ
ഞാനായിരിക്കും;
ഞാൻ
അവരായിരിക്കും.

അപ്പുറത്ത്,
തിരക്കുപിടിച്ചെത്തിയ
സന്തോഷം,
യാത്ര പറയാനുള്ള വെപ്രാളത്തിലാകും.

തിരക്കും വെപ്രാളവും ഇല്ലാത്ത വേദനകൾ
യാത്ര ചോദിക്കാൻ കഴിയാതെ
എന്റെ മൗനത്തിലേക്ക് ചേർന്നിരുന്നു.

അതെ,
ഞാൻ ആരോടാണ്
യാത്ര ചോദിക്കേണ്ടത്?

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം. കണ്ണൂർ ആകാശവാണിയിൽ ഡോക്കുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു. ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരം പ്രസാധനത്തിന് ഒരുങ്ങുന്നു