വീടെത്തുമ്പോൾ…

വിയർത്തും കിതച്ചും വീടെത്തുമ്പോൾ
രണ്ടുമക്കളും ഒരുപൂച്ചയും കണ്ണും നട്ട്
സഞ്ചിയുംനോക്കിയിരിക്കുന്നുണ്ടാവും.

അലക്കാനിട്ട തുണികളും പുകയടുപ്പും
കഴുകാനുള്ള പാത്രങ്ങളും ഒപ്പമിരിക്കും.

കടമകളുടെ കടലിൽ മുങ്ങിത്താണ്
കരക്കടിയുമ്പോഴേക്കും മക്കൾ രണ്ടും
ചെവികൊടുക്കാത്ത പരാതികൾക്കും
കണ്ടിട്ടില്ലാത്ത വികൃതികൾക്കും ശേഷം
ഉറക്കത്തിൽ സ്വപ്നംകാണുകയാവും..

എലിയനക്കംകാത്ത്  പുറത്ത് ഒരുപൂച്ച –
ഉറക്കംനടിച്ചു കിടക്കുന്നുണ്ടാകും.

പിരിമുറുക്കങ്ങളും അമർഷങ്ങളും
പുകയടുപ്പിൽ വേവിച്ച് രാത്രി വൈകി
പായവിരിച്ചു കിടക്കുമ്പോൾ പതിയെ
പ്രണയവും കാമനകളും കരിച്ചുകളഞ്ഞ
വെണ്ണീർകിടക്കയിൽ വിയർപ്പുചേർക്കാൻ
കെട്ടുവിടാത്തതരിപ്പിലും അയാളെത്തും,
പിന്നെരാവിലെതീർക്കേണ്ട
പണികളോർത്തു ക്ഷീണിച്ചു ഉറങ്ങിപ്പോകും

അടുത്തദിവസവും പതിവ് പോലെ
ഒട്ടിയ  പാത്രങ്ങളുംതേഞ്ഞു തീരാറായ
ഈർക്കിൽചൂലും അലക്കുകല്ലും
ഒപ്പം മത്സരിച്ച് വീടൊരുക്കാൻ തുടങ്ങും.
അലക്കിത്തേച്ച സ്കൂൾയൂണിഫോമിനും  
വരയിട്ട മുണ്ടുംഷർട്ടിനും ശേഷം
ധൃതിയിൽ ഒരുചുളിഞ്ഞ ചുരീദാർകൂടി
ഇറങ്ങുമ്പോൾ സാക്ഷിയായഒരുപൂച്ച
പുറത്ത് കാവലിരിക്കും.

വീട്  തനിയെഓർമകളിലേക്ക് പോകും
ബലൂണുകളും തോരണങ്ങളും മധുരവും
പിന്നെവഴക്കും നിലവിളിശബ്ദങ്ങളുമായി
വാതിൽ തുറക്കും വരെ തനിച്ച് നിൽക്കും.

തനിയാവർത്തനങ്ങളുടെ ഒരുദിവസം കൂടി
കണ്ടു മടുത്ത പൂച്ച ഒന്ന് നടുനിവർക്കും.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.