
അഴികളുടെ ആകൃതിയിലാണാകാശം
മേഘങ്ങൾ പതിയെ വേർപെട്ടവിടെയൊരു വിള്ളൽ
പടിഞ്ഞാറൻ മാനത്ത്
അതിലേക്കു ആയത്തിൽ കുതിക്കാൻ
ഉടൽ കൊതിക്കുന്നു
നിശ്ചയമായും ഒരു തടാകമുണ്ടവിടെ
അതിലാരോ നീന്തി തുടിക്കുന്നുമുണ്ട്
അവർ തട്ടിത്തെറിപ്പിക്കുന്ന തുള്ളികൾ
വീണെന്റെ ആനന്ദവും അലോസരവും ഉണരുന്നുണ്ട്
നനഞ്ഞ വസ്ത്രങ്ങളോടെ
മലർന്നു കിടന്നവർ അടക്കം പറഞ്ഞു ചിരിച്ചതെല്ലാം
എന്റെ സ്വപ്നത്തിന്റെ ഭാഷയിലായിരുന്നു .
അവരെറിഞ്ഞു തന്ന തുണ്ടുകളേ കവിതയായുള്ളൂ
അവർ പിഴുതെറിഞ്ഞ പൂക്കളിലേ
പ്രണയം നുകരാൻ പാകത്തിന് മധുരിച്ചുള്ളൂ
അവരെ കണ്ടിരിക്കാനിടയുള്ള കിളികളോട്
ചോദിച്ചറിയാനുണ്ട് പലതും
ആ വിള്ളലിന്റെ അതിരു കാക്കുന്ന
നക്ഷത്രങ്ങളിലേക്കു ഞാൻ വിരൽ ചൂണ്ടി
നീയതിൽ ചുംബിച്ചപ്പോൾ ഞാനുണർന്നു പോയി
എനിക്ക് നിന്നോട് ചോദിക്കാതിരിക്കാനാവുന്നില്ല
ജിന്നുകളോ മാലാഖകളോ
മരിച്ചവരോ ജനിക്കാനിരിക്കുന്നവരോ അതിനുള്ളിൽ ?







