
‘മാറ്റിനി’ യുടെനിറത്തിൽ
നീളൻപുക വന്ന്
സ്ക്രീനിൽ
മങ്ങലോടെ
പരന്ന് നിറയുമ്പോൾ
ബ്ലാക്കാൻവൈറ്റ്
പല്ലിളക്കി
ശ്രീധരൻനായർ മാഷ്
നീലക്കുയിലിലെ
നീലിപ്പെണ്ണിനെ
ഉമ്മ വെച്ചു !
പെട്ടെന്ന്
നീളൻപുകയൊടിഞ്ഞ്
വീണു!
കറണ്ട്
പോയി!
നീലിപ്പെണ്ണിന്
വയറ്റിലായി.
ചന്ദ്രതാരാ പ്രൊഡക്ഷൻസ്
എന്ന് കൂട്ടിവായിക്കാൻ
പഠിക്കുംകാലം.
ചേർത്തെഴുതി
ശീലമുക്തനായപ്പോൾ
ഭാർഗ്ഗവീനിലയത്തിലെ
കോളാമ്പിപ്പാട്ടിൽ ആകൃഷ്ടനായി
സതീർത്ഥ്യനൊപ്പം
പിന്നെയുംകണ്ടു;
ചന്ദ്രതാരാപ്രൊഡക്ഷൻസ്
കറണ്ട്
വീണ്ടുംപോയി
ബീഡിമണമുള്ള
വായകൾ
അലറിക്കുറി!
കാണാനും
കേൾക്കാനും പാടില്ലാത്തവ
തെങ്ങോലത്തുളയിലൂടെ
പുറത്ത്ചാടിമായും.
കറണ്ട്പിന്നെയും
വരുമ്പോഴതാ
നസീറണ്ണനും
ഷീലാക്കയും
പാട്ടുംപാടി
വെയിലത്തിരിക്കുന്നു!.
മാറ്റിനികളുടെകാലത്ത്
നല്ലരസമായിരുന്നു ജീവിതം.
അല്ലലുണ്ടാക്കുന്നവ
ഒന്നും
കാണണ്ടായിരുന്നു.
രാരിച്ചെനെന്നപൗരനും
മൂടുപടവും
മുടിയനായപുത്രനും
കളർചിത്രങ്ങളുടെ കാലത്ത്
അത്ഭുതപ്പൂമ്പാറ്റകളെ
പറത്തിവിട്ടു.
സിനിമാകണ്ട്
വീട്ടിലെമയക്കത്തിനൊപ്പം
തലച്ചോറിൽ
വെളുത്തതുണിവിരിച്ചതാ
എഴുതിയിരിക്കുന്നു;
ചന്ദ്രതാരാ പ്രൊഡക്ഷൻസ്.








