
ജോക്കർ
ജോക്കറില്ലെങ്കിൽ
കളിയിൽ നിന്നു പുറത്താകും.
ജോക്കറായാൽ പിടിച്ചു നില്ക്കാം.
കൈ ചേർത്തുപിടിച്ച്
അവൾ പറഞ്ഞു മസില് പിടിക്കാതെ
ചിരി വറ്റിയ മുഖത്ത്
ജോക്കർ ചിരി വരുത്താം.
ഞാൻ നിനക്ക് തണൽ
തീ വെള്ളം ചോപ്പിച്ച കണ്ണുമായി
ഞാനവളിൽ
കൈകാലിട്ടടിച്ചു.
വരുമോ !
നിന്ന നില്പിൽ
ഇണയുടെ സാമീപ്യമറിയുന്ന വൃക്ഷമായി
വയൽക്കണ്ണി വെള്ളമെത്തിക്കുന്ന കിണറായി
നിന്നെയെനിക്കു വേണം
നിറനിലാവിലും കാറ്റിലും നീ വരുമോ?
ലോഹ്യം
പുഷ്പിണിയായ ഭൂമിക്ക്
പ്രണയം നല്കി സൂര്യൻ
പാറപ്പുറത്ത് തബലത്താളമിട്ട് മഴ
കാറ്റിന് നല്കാനായി
വാസനയുമായി പൂവ്
അടുക്കള പറഞ്ഞത്
പുറത്ത് അറിയരുതെന്ന് അടുപ്പ്
ഉപ്പിലും മുളകിലും പുരണ്ട്
ആത്മകഥയെഴുതി വരാൽ മത്സ്യം.







