കുതിരയുടെ വിരലുകൾ എണ്ണിയാൽ

ഷൂവുകൾ ധരിക്കുന്നവരിൽനിന്ന് കുതിരകളിലേക്ക് കടന്നാൽ തോന്നും, ഒരു ഫ്യൂച്ചറിസ്റ്റ് ഫാഷൻ ഡിസൈനറുടെ സൃഷ്ടിയല്ലേ കുതിരക്കുളമ്പ്? കുതിരകളിൽ നിന്ന് ഷൂവുകൾ ധരിക്കുന്നവരിലേക്ക് കടന്നാൽ തോന്നും, കുളമ്പുകളല്ലേ നമ്മുടെ പാദരക്ഷകളുടെ പ്രചോദനം? ആയിരിക്കാം, പക്ഷേ, നാമിന്നു കുളമ്പുകളിൽ പാദരക്ഷ അടിച്ചേൽപ്പിക്കുന്നു. ഈ പാദരക്ഷയുടെ പേരാണ് ലാടം. ആംഗലത്തിൽ ചിന്തിച്ചാൽ, സംഗതി കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാം. ആംഗലത്തിൽ ലാടം ‘ഹോർസ്ഷൂ’ എന്ന പേരിൽ അറിയപ്പെടുന്നു; ലാടം തറയ്ക്കൽ “ഷൂവിങ്” എന്ന പേരിലും. ജാത്യാ വളരെ ദൃഢമായ, പരിണാമദത്തമായ, പാദങ്ങൾക്ക് നാം നിർമ്മിക്കുന്ന ഷൂവുകൾ എന്തിന്? ഒടുവിൽ വരേണ്ട ചോദ്യമാണിത്. നമുക്ക് കുളമ്പുകളിൽ നിന്ന് തുടങ്ങാം.

എൻ്റെ മനസ്സിലെങ്കിലും, “കുതിര” എന്ന വാക്ക് ഏറ്റവും ആദ്യം ഉണർത്തുന്ന ഐന്ദ്രിയാവബോധം കുളമ്പടികളുടെ ധ്വനിയാണ്. മനുഷ്യരുടെ പ്രാവർത്തിക വലയത്തിൽപ്പെട്ട് മനുഷ്യരുടെ ചരിത്രവും അതിലൂടെ സ്വന്തം ചരിത്രവും മാറ്റിയെഴുതിയ കുതിര, ആധുനിക മനുഷ്യർക്ക് പരിചയമുള്ള കുതിര, കാലുകളിൽ ഒറ്റക്കുളമ്പുള്ളൊരു മൃഗമാണ്. കുതിരകളുടെ ചരിത്രപൂർവ പരിണാമം വായിച്ചറിയും മുൻപ്, ശാസ്ത്രത്തിലേക്കു തന്നെ കടക്കും മുൻപ്, വെറുമൊരു കവി മാത്രമായിരുന്നപ്പോൾ, ആ ഒറ്റക്കുളമ്പ് എൻ്റെ മനസ്സിലൊരു പ്രതീകാത്മക ഇതിവൃത്തമായിരുന്നു.

കുതിരകളും മനുഷ്യരും ഒരുമിച്ചു പ്രവർത്തിച്ച നൂറ്റാണ്ടുകളുടെ ഏകോപനത്തിൻ്റെ പ്രതീകമാണ് ആ ഒറ്റക്കുളമ്പ്. രണ്ടു ജന്തുവർഗ്ഗങ്ങളുടെ ചരിത്രങ്ങൾക്കിടയിലെ അതിര് ഒറ്റക്കുളമ്പിൽ ഇല്ലാതാകുന്നു. കുതിരകളെപ്പോലെത്തന്നെ നൂറ്റാണ്ടുകളോളം മനുഷ്യന്റെ അടിമകളായിരുന്ന കന്നുകാലികളുടെ ഇരട്ടക്കുളമ്പിനു പകരം കുതിരയുടെ ഒറ്റക്കുളമ്പ് എങ്ങനെ വന്നു? മനുഷ്യനെ മുൻകൂട്ടി കണ്ട് നടന്നൊരു പരിണാമത്തിൻ്റെ പ്രതീതിയാണ് അതുളവാകുന്നത്.  ഇങ്ങനെയൊക്കെയാണ് ഞാൻ ചിന്തിച്ചിരുന്നത്. പുതിയ കണ്ടെത്തലുകൾ ഒറ്റക്കുളമ്പിന് ഒരു വിശദീകരണം നൽകുന്നു, എൻ്റെ ചിന്തകളെ തീർത്തും പുറംതള്ളാതെ.

ദശലക്ഷങ്ങളോളം വർഷങ്ങളുടെ പരിണാമത്തിന്റെ സൃഷ്ടികളാണ് നാം ഇന്നറിയുന്ന കുതിരകൾ; പ്രത്യേകിച്ചും അവയുടെ കുളമ്പുകൾ. കുതിരകളുടെ കുലപൂർവികർക്ക് ഓരോ കാലിലും അഞ്ചു വിരലുകൾ (ഡിജിറ്റുകൾ) ഉണ്ടായിരുന്നു. പിന്നെയവ കാലാന്തരങ്ങളിൽ നാലായി ചുരുങ്ങി; പിന്നെ മൂന്നായി ചരുങ്ങി; ഒടുവിൽ ഇന്നത്തേതു പോലെ ഒന്നായി. ആധുനിക മിശ്രജങ്ങൾക്ക് പഴയ അഞ്ചു ഡിജിറ്റുകളിലേക്കുള്ള തിരിച്ചുപോക്ക് സാധ്യല്ല.

സത്യത്തിൽ, പ്രാക്തന രൂപങ്ങളിലെ അഞ്ചു വിരലുകൾക്കുമുള്ള ജീനുകൾ അശ്വ ശരീര വ്യവസ്ഥയിൽ ഇപ്പോളും നിലനിൽക്കുന്നുണ്ട്. പക്ഷേ, പിറക്കുമ്പോൾ കുഞ്ഞുങ്ങളിൽ അഞ്ചു വിരലുകൾക്ക് പകരം ഒറ്റ കുളമ്പ്. എവിടെപ്പോയി ആ പഴയ നാല് ഡിജിറ്റുകൾ! ഓരോ കാലിലും അഞ്ചു ഡിജിറ്റുകളോടെ പിറക്കാൻ ഭാഗികമായെങ്കിലും പ്രോഗ്രാം ചെയ്യപ്പെട്ടതാണ് അശ്വ ശരീരമെന്ന് പുതിയ ഗവേഷണം സ്ഥിരീകരിക്കുന്നു.

ഡിജിറ്റുകൾ ഒന്നുകിൽ വളർച്ച മുട്ടി നിൽക്കുന്നു; അല്ലെങ്കിൽ, ഭ്രൂണ വികാസത്തിൻ്റെ ഏതോ ദശയിൽ അക്ഷരാർത്ഥത്തിൽത്തന്നെ ഇത്തിരി വിരൽ നീട്ടി തിരോഭവിക്കുന്നു. ജീവികൾ പിന്നിട്ട ചില പരിണാമ ഘട്ടങ്ങളിലേക്കുള്ള സൂചനകൾ ഭ്രൂണ വികാസത്തിന്നിടയിൽ തെളിയുന്നു, മറയുന്നു.

ജീവിയിൽ പാരിണാമിക സ്മൃതികൾക്ക് മറവികളായി പിൻവാങ്ങാനും, പ്രോഗ്രാമിത (programmed) വികാസത്തിന് ഉദ്ദിഷ്ടതയിലേക്ക് തുടരാനുമുള്ള ദിശാനിർണ്ണയ കാലമാണ് ഭ്രൂണം. പക്ഷേ, ചില സ്മൃതികൾ തുടർച്ചയുടെ ഉദ്ദിഷ്ടതയിലേക്ക് രൂപാന്തരപ്പെടുന്നുമുണ്ട്. മനുഷ്യഭ്രൂണത്തിൽ, വളർച്ചയുടെ ഒരു പ്രത്യേക ദശയിൽ, മടക്കപ്പെട്ടൊരു കഴുത്തിൻ്റെ ഘടന തെളിയുന്നു — മൗലികമായി ഒരു മത്സ്യഘടന! മത്സ്യത്തിൽ ഇത്  ശ്വസനേന്ദ്രിയമായി രൂപപ്പെടുന്നു; മനുഷ്യരിൽ താടിയെല്ലുകളായും –. രൂപാന്തരത്തിലൂടെ തുടർച്ച!  കുതിരക്കുളമ്പിൻ്റെ  പരിണാമത്തിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ?

അഗ്രം ഏതാണ്ട് കമാനാകൃതിലുള്ള ഘടനകളെ (ഉദാഹരണത്തിന്, ഒരു പാദത്തെ) വെട്ടിച്ചുരുക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ അന്തര്‍ജ്ഞാനം പറയും: കമാനത്തിൻ്റെ  നടുവിലെ ബിന്ദു പിടിച്ചെടുക്കുക, പിന്നെ ഇരുവശത്തേക്കും തുല്യമായി ചാപ വടിവിൽ തുടരുക. വലിപ്പത്തിന്റെ കാര്യം മാറ്റിനിർത്തിയാൽ, കുതിരയുടെ പാദത്തിൻ്റെ പരിണാമം, അവയവ ധർമ്മമനുസരിച്ചെന്നോണം, സംഭവച്ചിത് ഏറെക്കുറെ ഈ കല്പനയനുസരിച്ചാണ്. വിരലുകളുടെ എണ്ണവും സ്ഥാനവും ഒരു വ്യവസ്ഥയിൽ കൃത്യമായി നിർണ്ണയിക്കപ്പെടുന്നത് എങ്ങനെയെന്ന വിഷയത്തിൽ വിദഗ്‌ദ്ധയായ  കിംബർലി കൂപ്പർ ഇവിടെ എന്നോടൊപ്പമുണ്ട്.

കിംബർലി നിരീക്ഷിച്ചു: വിരലുകളുടെ സ്ഥാനങ്ങൾ ഉചിതമാണ്. പരിണാമത്തിൻ്റെ ശാസന പോലെ പ്രവർത്തിക്കുന്നൊരു പ്രതിഭാസം സൂചിപ്പിക്കുവെന്നു തോന്നിക്കുന്ന വാക്കുകളിൽ കിംബർലി പറഞ്ഞു: “മൂന്നാം ഡിജിറ്റിന്  (നടുവിരലിന്) അറിയാം അതെവിടെയാണെന്നും, എവിടെയായിരിക്കണമെന്നും”. രണ്ടാമത്തെയും നാലാമ ത്തെയും വിരലുകൾ ഗർഭപാത്രത്തിൽ വളരാൻ തുടങ്ങുന്നു, പക്ഷേ, ക്രമീകൃത കോശ മൃത്യു എന്ന പ്രക്രിയയിലൂടെ പിരിച്ചുവിടപ്പെടുന്നു. ഒന്നാമത്തെയും അഞ്ചാമത്തെയും വിരലുകളാകട്ടെ തീർത്തും അനസ്തിത്വത്തിലായി. അവ ഉപസംഹാരത്തിൽ എത്തുകയും ഒരു വേദിയിൽ നിന്നെന്നതു പോലെ പുറത്താക്കപ്പെടുകയും ചെയ്തു.

അറുപത് ദശലക്ഷം വർഷങ്ങളുടെ പരിണാമത്തിലൂടെ, പൂർവ്വികരുടെ മൂന്നാം വിരലാണ് ഇന്നത്തെ കുതിരകളുടെ കുളമ്പായതെന്ന് കിംബർലിയുടെ വിവരണത്തിൽ നിന്ന് സിദ്ധം. ബാഹ്യമായി രൂപത്തിലും, ആന്തരികമായി ധർമ്മത്തിലും സംഭവിച്ച പരിണാമത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. നഷ്ടപ്പെട്ട വിരലുകളുടെ പാരിണാമിക അവശിഷ്ടങ്ങൾ ഇന്നും തുണ്ടെല്ലുകളായി (splint bones) അനാറ്റമിസ്റ്റുകൾക്ക് കുതിരയുടെ ശരീരത്തിനുള്ളിൽ തിരിച്ചറിയാം.

എന്തുകൊണ്ട്  ഇതെല്ലാം? ചീറ്റപ്പുലികൾ കുതിരയേക്കാൾ വേഗം ഓടുന്നു; കരയിലെ ഏതു മൃഗത്തേക്കാളും വേഗത്തിൽ പായുന്നു. അവയുടെ പാദങ്ങളിൽ അഞ്ചു വിരലുകളുണ്ട്. എന്നിരിക്കേ, കുതിരകളിൽ ഒരു മാറ്റത്തിൻ്റെ ആവശ്യമെന്ത്?

വേഗവും പാദങ്ങളുടെ ധർമ്മവും പരിഗണിച്ചാൽ, പ്രകൃതിയുടെ ഒരു ‘ഓപ്റ്റിമൽ’ തിരഞ്ഞെടുപ്പാണ്‌ കുതിരയുടെ പാദങ്ങളിൽ സംഭവിച്ചത്. ഈ പറഞ്ഞ രണ്ടു ഘടകങ്ങൾ, പ്രാചലങ്ങൾ (parameters) ഇരയും ഇരപിടിയനും തമ്മിലുള്ള വ്യത്യാസവുമായി ബന്ധപ്പെടുന്നു.

കുതിര (ഒരു സസ്യഭുക്ക്) ഇരയാണ്; ചീറ്റപ്പുലി (ഒരു മാംസഭുക്ക്) ഇരപിടിയനാണ്. ഇരപിടിയന്മാർക്ക് വേഗം നിർണായകം. ചീറ്റപ്പുലിക്ക് 70 എംപിഎച്ചോളം വേഗത്തിൽ (തർക്കവിഷയം) ഓടാൻ കഴിയും, പക്ഷേ, മരണപ്പാച്ചിലിൽ, ഹ്രസ്വദൂരത്തിൽ — 0.3 നാഴികയെക്കാൾ അല്പം കൂടുതൽ; അതിനിടയിൽ ഇരയെ പിടികൂടിയിരിക്കണം. അതിൻ്റെ ശരാശരി വേഗം ഏകദേശം 40 എംപിഎച്ചാണ്. ചീറ്റപ്പുലിയിൽ, അഞ്ചു വിരലുകൾ എന്നതിനർത്ഥം അഞ്ചു കൂർത്ത നഖങ്ങൾ എന്നു കൂടിയാണ്. ഇരയെ കോർത്തു പിടിക്കാനും, മാന്തിക്കീറാനും മാത്രമല്ല ഈ നഖങ്ങൾ ഉതകുന്നത്‌. ഓരോ കുതിയിലും നിലത്ത് നല്ല പിടുത്തം കിട്ടാനും ചീറ്റപ്പുലി നഖങ്ങൾ ഉപയോഗിക്കുന്നു. മാർജ്ജാര വർഗ്ഗത്തിലെ മറ്റുള്ള അംഗങ്ങളെപ്പോലെ, ഓടുമ്പോൾ നഖങ്ങൾ പാദത്തിലേക്ക് പിൻവലിക്കാനുള്ള കഴിവ് ചീറ്റപ്പുലിക്കില്ല. വേട്ടയിൽ ഇതൊരു  അനുഗ്രഹമാകുന്നു.

കുതിരയുടെ വേഗവും നിസ്സാരമല്ലെന്ന് നമുക്കറിയാം. മനുഷ്യർ നൽകുന്ന പരിശീലനം, പ്രത്യേക ആഹാരങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയുടെ നേട്ടത്തിൽ കുതിരകൾ തകർക്കുന്ന ലോക റിക്കോഡുകൾ നമുക്ക് മാറ്റി വെക്കാം. വന്യ സ്വാഭാവികതയിൽ, ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാൻ ‘ഗാലപ്പ്’ ചെയ്യുമ്പോൾ  കുതിരയുടെ വേഗം 25-30 എംപിഎച്ചാണ്. പക്ഷേ, വേഗങ്ങളുടെ താരതമ്യം ഇവിടെ പ്രസക്തമല്ല. പ്രസക്തം മറ്റൊന്നാണ്. എന്തെങ്കിലും എടുത്തു പെരുമാറുകയോ ചേർത്തു പിടിക്കുകയോ ചെയ്യുന്ന ജീവികൾക്കേ വിരലുകൾ ആവശ്യമുള്ളൂ. കുതിരകൾക്ക് ഒന്നിനെയും പിടികൂടേണ്ടതില്ല.

കുതിരകളെ മെരുക്കാൻ ആദ്യം പ്രലോഭനമുണ്ടായ മനസ്സുകളിൽ “എത്ര വേഗം” എന്ന വിചാരത്തോടൊപ്പം “എത്ര ദൂരം” എന്ന വിചാരവും ഉണ്ടായിരുന്നിരിക്കണം. കുതിരയുടെ നാലു ചലനരീതികൾ (walk, trot, canter, gallop), വേഗത്തിലും ചുവടുവെപ്പിലും വ്യത്യസ്തമായ രീതികൾ, അവർ ഒരു പക്ഷേ ശ്രദ്ധിച്ചിരിക്കണം; മാനുഷിക പ്രയോഗങ്ങളിൽ അവയുടെ മുഴുവൻ സാധ്യതകളും വിഭാവനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും.

ദീർഘദൂരങ്ങൾ പിന്നിടേണ്ട യാത്രകളിൽ അഞ്ചു വിരലുകളേക്കാൾ എത്രയോ ഉചിതം കുളമ്പാണെന്ന് കിംബർലി അറിയിച്ചത് നൂറ്റാണ്ടുകൾക്കു ശേഷം. എങ്കിലും, കുളമ്പുകളില്ലാത്ത കുതിരകൾ മനുഷ്യസംസ്‌കൃതിയിൽ എത്തുമായിരുന്നില്ല. പഴയ ഗുഹാചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കുതിരകളെപ്പോലെ അവ അത്താഴങ്ങളിലും അനുഷ്ഠാനങ്ങളിലും ഒതുങ്ങുമായിരുന്നു. (അവക്കരികിൽ നിന്ന് മാറ്റൊലികളിൽ നാം കുതിരകളുടെ കുളമ്പടി പിടിച്ചെടുത്തത് ഓർമ്മയുണ്ടോ?)

സവാരി ചെയ്യുന്നവർക്ക് പാദങ്ങൾ തിരുകാനായി ജീനിയുടെ ഇരുവശത്തും തൂങ്ങിക്കിടക്കുന്ന ഘടനകളാണ് സ്റ്റിറപ്പുകൾ (stirrups — ഷൂവുകളുടെ തുറപ്പ് മാത്രം മനസ്സിൽ കാണുക; അല്ലെങ്കിൽ കൈവിലങ്ങിൻ്റെ അറ്റങ്ങൾ പോലെ).  അവിശ്വനീയമെന്നു പറയട്ടെ, ആവിർഭവിക്കാൻ എട്ടാം നൂറ്റാണ്ടോളം സമയമെടുത്തു സ്റ്റിറപ്പുകൾ. പക്ഷേ, ഒരു നഷ്‌ടപരിഹാരമെന്നതു പോലെ, വിളംബിത കാലത്തിൻ്റെ മുഴുവൻ ഊക്കോടെയാണ് അവ യൂറോപ്പിനെ സ്വാധീനിച്ചത്. സായുധപ്പോരാട്ടങ്ങളിൽ കുതിരക്ക് പെട്ടെന്ന് ലഭിച്ച പ്രാമുഖ്യത്തിൽ അശ്വാരൂഢ യോദ്ധാക്കൾ (knights) പ്രതാപികളായി.

സാങ്കേതിക-സാമൂഹിക ചരിത്രകാരനായ ലിൻ വൈറ്റ് എഴുതി: “സ്റ്റിറപ്പുകളാണ് ആത്യന്തികമായി യൂറോപ്പിലെ മധ്യയുഗ ഫ്യൂഡൽ വർഗ്ഗത്തെ സൃഷ്ടിച്ചത്”. കുതിരകൾ അർഹിക്കുന്ന ആദരവിന്റെ ചെറിയൊരു വിഹിതം മാത്രമാണ് വൈറ്റ് പരോക്ഷമായി സൂചിപ്പിച്ചത്. സത്യത്തിൽ, കുതിരകളെ മാറ്റി നിർത്തിയാൽ (ആ അഭാവത്തിലും അതിൻ്റെ ഭവിഷ്യത്തുകളിലും) മനുഷ്യരുടെ സാംസ്കാരിക ചരിത്രത്തിൽ ഏറെയൊന്നും ബാക്കിയുണ്ടാവില്ല.

കുതിര ഇല്ലായിരുന്നെങ്കിൽ മനുഷ്യർ ഇന്ന് നാമറിയുന്നു മനുഷ്യരാവില്ലായിരുന്നു. ഇത്രയും സാർവത്രിക പ്രതിനിധാനമുള്ള മറ്റൊരു ‘പാർട്നർ’ ജന്തുക്കൾക്കിടയിൽ നമുക്ക് ഉണ്ടാവില്ലായിരുന്നു. മനുഷ്യ ഭാഗധേയങ്ങൾ മാറ്റിമറിച്ച  യുദ്ധങ്ങളിൽ കുതിരകൾ നമ്മോടോപ്പം പൊരുതി. പണിയിടങ്ങളിൽ അവ ഭാരം ചുമക്കുന്ന അടിമകളായിരുന്നു. തീവണ്ടികളുടെ വരവിനു മുൻപ് അവ നമ്മെ ചുമന്നു, നമ്മുടെ സാധനങ്ങൾ ചുമന്നു, തപാൽ  ചുമന്നു, ഇപ്പോളും ഒളിമ്പിക്സിലും റേസ് കോഴ്സിലും അവ നമുക്ക് വേണ്ടി ഓടുന്നു; സർക്കസിലും, ആഘോഷങ്ങളിലും അവ നമ്മെ വിനോദിപ്പിക്കുന്നു. സൂസൻ  എന്ന കുതിരവളർത്തുകാരി പറഞ്ഞു: “നായ ആയിരിക്കാം മനുഷ്യൻ്റെ  ഉറ്റ സുഹൃത്ത്, പക്ഷേ ചരിത്രമുണ്ടാക്കിയത് കുതിരയാണ്.”

മോസ്കോയിലെ തെരുവുകളിൽ അലഞ്ഞു നടന്നൊരു പെൺനായ മനുഷ്യരുടെ ബഹിരാകാശ കയ്യേറ്റ മത്സരങ്ങളിൽ കുരുതിയായത് ഞാൻ മറക്കുന്നില്ല. ലെയ്ക്കയുടെ അന്ത്യനിമിഷങ്ങളേക്കാൾ എൻ്റെ മനസ്സിനെ ഗ്രസിച്ചൊരു സംഭവം ഇന്നേ വരെ ബാഹ്യലോകത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും ഞാൻ സൂസൻ്റെ പ്രസ്താവനക്കു താഴെ കയ്യൊപ്പിടുന്നു. ഇതിന്നിടയിൽ, ആണികളിൽ ഒരു ചുറ്റിക വീഴുന്ന ശബ്ദം എനിക്ക് കേൾക്കാം. ചരിത്രത്തിൻ്റെ ലാടം എന്നെന്നേക്കുമായി കുളമ്പിൽ തറക്കപ്പെടുന്നു. എൻ്റെ മനസ്സിൽ ഇതിന് ഗൊൽഗോഥായിലെ ക്രൂശീകരണത്തിൻ്റെ പ്രാധാന്യമുണ്ട്.

സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍