
കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ എക്കാലവും അമരത്വം നേടിയ ചില കോമിക് കഥാപാത്രങ്ങളുണ്ട്. മാജിക് മാലുവും അത്ഭുത വാലുള്ള കപീഷും കയ്യിൽ മന്ത്രവടിയേന്തിയ മായാവിയും ശൂലത്തിൽ കുതിക്കുന്ന ലുട്ടാപ്പിയും വക്രബുദ്ധികളായ ഡാകിനിയും കുട്ടൂസനും അലസനും ഭീരുവുമായ ശിക്കാരി ശംഭുവും കുട്ടിത്തമുള്ള മനസ്സുകളിൽ ഇന്നും പറന്നു കളിക്കുന്നു. ഈ അനശ്വര കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ മോഹൻദാസ് വ്യതിരിക്തമായ തന്റെ ശൈലിയിലൂടെ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളെയും സ്വന്തം കലാ ജീവിതത്തെയുംകുറിച്ച് സംസാരിക്കുകയാണ് ഇവിടെ.
എന്നാണ് കോമിക്സ് സിൻഡിക്കേറ്റിൽ എത്തിപ്പെട്ടത്?
1972 ലാണ് അനന്ത് പൈയുടെ കാർട്ടൂൺ സിൻഡിക്കേറ്റ് കമ്പനിയായ രംഗരേഖ ഫീച്ചേഴ്സിൽ ആർട്ടിസ്റ്റായി ചേർന്നത്. ഇന്ത്യൻ കോമിക്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു അനന്ത് പൈ . അന്നവിടെ രാംവീർക്കർ (Ram waeerkar) പ്രതാപ് മല്ലിക്ക് എന്നിവരുടെ ചിത്രങ്ങൾ എനിക്ക് വളരെയധികം പ്രചോദനമായി. രംഗരേഖയിലെ സീനിയർ ആർട്ടിസ്റ്റ് ആയിരുന്നു രാം വീർക്കർ. അദ്ദേഹമാണ് എന്റെ ഗുരു. അതുല്യനായ കോമിക്സ് പ്രതിഭയായിരുന്നു അദ്ദേഹം. അക്കാലം പ്രസിഡണ്ടായിരുന്ന ശ്രീ വി.വി ഗിരിയിൽനിന്നും നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. അതേപോലെ പ്രഗൽഭനായിരുന്നു ശ്രീ.പ്രതാപ് മല്ലിക്കും. അദ്ദേഹവും എനിക്ക് ഗുരുതുല്യൻ തന്നെ. ഞാനായിരുന്നു അവിടെയുള്ള ആർട്ടിസ്റ്റുകളിൽ ഏറ്റവും ജൂനിയർ.

രംഗരേഖ ഫീച്ചേഴ്സ് അന്നുണ്ടായിരുന്ന മറ്റു പ്രതിഭകൾ ആരൊക്കെയായിരുന്നു?
ശ്രീ അനന്ത് പൈ മാനേജിംഗ് ഡയറക്ടറായി മൂന്നുനാല് ആർട്ടിസ്റ്റുകളും ഒരു ചെറിയ ഓഫീസും അടങ്ങുന്നതായിരുന്നു മുംബൈയിലെ രംഗരേഖ ഫീച്ചേഴ്സ് എന്ന കാർട്ടൂൺ സിൻഡിക്കേറ്റ് കമ്പനി. രാം വീർക്കർ, പ്രതാപ് മല്ലിക്ക് എന്നിവരെ കൂടാതെ പ്രദീപ് സാഥെ, വസന്ത ഹാൽബേ തുടങ്ങിയ പ്രമുഖ ആർട്ടിറ്റുകളും കൂടി ഉണ്ടായിരുന്നു.
വരയിൽ പരിശീലനം കിട്ടിയിട്ടുണ്ടോ?
തൃശ്ശൂർ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ആർട്ട് എഡ്യൂക്കേഷൻ കഴിഞ്ഞതിനുശേഷം മുംബൈയിലേക്ക് വണ്ടി കയറി. അന്നവിടെ അച്ഛന്റെ അനിയന്മാരുടെ കൂടെയാണ് താമസം. 18 വയസ്സു കഴിഞ്ഞിട്ടേയുള്ളൂ.1972 ലാണ് രംഗരേഖ ഫീച്ചേഴ്സിലെ സ്റ്റാഫ് ആയത്.അവിടുത്തെ സീനിയർ ആർട്ടിസ്റ്റുകളുടെ വർക്കുകൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിനോടൊപ്പം കാർട്ടൂൺ കോമിക്സ് എന്നിവ വരയ്ക്കാനുള്ള പരിശീലനവും നേടിക്കൊണ്ടിരുന്നു.

അമർചിത്രകഥകൾ വരയ്ക്കാൻ തുടങ്ങിയത് എന്നുമുതൽക്കാണ്?
ഇന്ത്യൻ ചരിത്രം,പുരാണം, നാടോടി കഥകൾ, സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കഥകളുടെ പരമ്പരയാണ് അമർ ചിത്രകഥ. അമർചിത്രകഥകളുടെ പര്യായമായിരുന്ന “അങ്കിൾ പൈ”എന്നറിയപ്പെടുന്ന അനന്തപൈ ആണ് ആദ്യമായി വരയ്ക്കാൻ അവസരം തന്നത്. ആദ്യത്തെ കഥ – സ്വാമി അയ്യപ്പൻ. പിന്നീട് തച്ചോളി ഒതേനൻ, മാർത്താണ്ഡവർമ്മ വേലുത്തമ്പി ദളവ,കായംകുളം കൊച്ചുണ്ണി അങ്ങനെ ഒരുപാട് കേരള സ്റ്റോറീസ്. പിന്നെ പഞ്ചതന്ത്രം കഥകളും അമർചിത്രകഥയ്ക്ക് വേണ്ടി ചെയ്തു. ഗുരുക്കന്മാരായ പ്രതാപ് മല്ലിക്കും രാംവൈക്കറും വരയ്ക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ചതാണ് സ്വാമി അയ്യപ്പൻ.
കപീഷ്, മായാവി, ലുട്ടാപ്പി എന്നിവരെ കൂടാതെ കുട്ടൂസൻ, വിക്രമൻ, ഡാകിനി തുടങ്ങി അനേകം ജനപ്രിയ കഥാപാത്രങ്ങൾക്ക് രൂപം കൊടുത്തിട്ടുണ്ടല്ലോ. ഇതിലെ മനുഷ്യകഥാപാത്രങ്ങൾ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ കണ്ടുമുട്ടിയിട്ടുള്ളവരാണോ ?
മായാവിയിലെ ഡാകിനി അമ്മൂമ്മയെപ്പോലെ ഒരാളെ അറിയാമായിരുന്നു. അതേ ഹെയർ സ്റ്റൈൽ, വായ, താടി, മൂക്ക്. പക്ഷേ കൂനില്ല. കുട്ടൂസന്റെ രൂപസാദൃശ്യമുള്ള അനേകം ആൾക്കാരെ കണ്ടിട്ടുണ്ട്.

മായാവിയെയും ലുട്ടാപ്പിയെയും ഒക്കെ ഇപ്പോഴും വരയ്ക്കാറുണ്ടോ?
ഉണ്ട് . പ്രധാന വർക്കുകളിൽ ചിലതാണത്. കപീഷ് ഈയിടെ എറണാകുളം പൈക്കോ ബുക്കായി ഇറക്കിയപ്പോൾ അതിൽ കപീഷിന്റെ പുതിയ ഒരു കഥ വരച്ചു. മായാവിയാണ് റെഗുലർ കോമിക്. മൂന്നാമതിറക്കുന്ന ബുക്കിലും കപീഷിന്റെ കഥ വരയ്ക്കാൻ തന്നിട്ടുണ്ട്.
മറ്റുള്ള വർക്കുകൾ ഏതൊക്കെയാണ്?
ചിത്രകഥകൾ വരയ്ക്കുന്നുണ്ട്. വരുൺ കോമിക്സ് എന്ന ഇരിങ്ങാലക്കുടയിൽ നിന്നിറക്കുന്ന ബുക്കിനു വേണ്ടി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയായിരുന്ന കവളപ്പാറ ആനയെ വരച്ചിട്ടുണ്ട്. മഹാഭാരതം കഥകളും വരച്ചു. ഒരു റഷ്യൻ സ്റ്റോറി തീരാറായി. മലൈ ഫീച്ചേഴ്സിന് വേണ്ടി വടക്കൻ പാട്ടിലെ വീര വനിതയായ കുമ്പയെക്കുറിചുള്ള കഥ വരച്ചു. വേറെയും ചില വർക്കുകൾ വന്നിട്ടുണ്ട് തുടങ്ങിയില്ല.
അമർ ചിത്രകഥകൾക്ക് പണ്ടുണ്ടായിരുന്നത് പോലെയുള്ള പോപ്പുലാരിറ്റി ഇപ്പോഴുമുണ്ടോ?
പണ്ടുണ്ടായിരുന്ന തരത്തിലുള്ള ഒരു പോപ്പുലാരിറ്റി അമർചിത്രകഥകൾക്ക് മാത്രമല്ല, ഇപ്പോ ഒന്നിനും ഇല്ല. പണ്ട് കുട്ടികൾക്ക് ഇവയിൽ ഒക്കെ വലിയ താല്പര്യം ഉണ്ടായിരുന്നു. പൂമ്പാറ്റ ട്വിൻഗിൾ, ബാലരമ,ബാലഭൂമി, ബാലമംഗളം ഇവയൊക്കെ നന്നായി വായിക്കപ്പെട്ടു. ശ്രീ തോമസ് മാത്യു കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മലേ ഫീച്ചേഴ്സ് ന് വേണ്ടി ഇപ്പോ ഒന്ന് രണ്ട് കഥകൾ വരച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ ഏകദേശം രൂപം പ്രസിദ്ധീകരണങ്ങൾ തരുന്നതാണോ? അതോ സ്വതന്ത്ര ഭാവനയിൽ വിരിയുന്നതാണോ?
അതേ. പ്രസിദ്ധീകരണങ്ങൾ തരും.നമ്മൾ അതനുസരിച്ച് വരച്ചാൽ മതി.

കോമിക് സിൻഡിക്കേറ്റിൽ നിന്നും കോമിക്സ് വാങ്ങിയിരുന്ന പ്രമുഖർ?
ടൈംസ് ഓഫ് ഇന്ത്യ, ഡെക്കറാൾഡ്, ഉദയവാണി കന്നട, മാതൃഭൂമി, മലയാളം, അമൃതവേണി ചിൽഡ്രൻസ് വേൾഡ് ഇവരാണ് കോമിക്സ് സിൻഡിക്കേറ്റിൽ നിന്ന് കോമിക്സ് വാങ്ങിയവർ. രംഗരേഖയാണ് ഇതൊക്കെ വരപ്പിച്ച് അന്യഭാഷ പത്രങ്ങൾക്ക് കൊടുത്തത്. അങ്ങനെയാണ് കപീഷിന്റെ മലയാളം തർജ്ജമ പൂമ്പാറ്റയിൽ വന്നത്.
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വർക്കുകൾ ഏതൊക്കെയാണ്?
ശൃംഗേരി മഠത്തിനു വേണ്ടി ശ്രീ ശങ്കരാചാര്യരുടെ ശിഷ്യനായ അഭിനവശങ്കരയുടെ ചരിത്രമാണ് ഇപ്പോൾ വരയ്ക്കുന്നത്. ബാംഗ്ലൂർ പ്രിസം ബുക്സ് ആണ് ഇതിറക്കുന്നത്. 115 ചിത്രങ്ങൾ ഉണ്ട് ഇതിൽ. അതിന്റെ അവസാന മിനുക്ക് പണികൾ നടക്കുന്നു. ഇരിങ്ങാലക്കുടയിൽ ശ്രീകണ്ഠേശ്വരം ആർട്സ് സ്കൂൾ നടത്തുന്നുണ്ട്. അവിടെ ചിത്രരചനയും പഠിപ്പിക്കുന്നുണ്ട്.
കുട്ടൂസനും മായാവിയും ലുട്ടാപ്പിയുമൊക്കെ വായനയുള്ള കൊച്ചു കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ മനസ്സിലും എന്നും നിറഞ്ഞു നിൽക്കും . ടിവിയും മൊബൈൽ ഫോണും കമ്പ്യൂട്ടറും റീൽസും ഗെയിമുകളും വെർച്ചൽ റിയാലിറ്റിയുമൊക്കെ അടങ്ങുന്ന വലിയൊരു ലോകമാണ് പുതുതലമുറ കൗതുകത്തോടെ നോക്കിക്കാണുന്നത്. പൂമ്പാറ്റയും ബാലരമയും ബാലമംഗളവുമൊക്കെ കാത്തിരുന്ന കുട്ടിക്കാല ഓർമ്മകൾ ഇന്ന് ചിലരുടെയെങ്കിലും ഗാഢ മൗനത്തിൽ ഒതുങ്ങുന്നു.
