കാട് കാതിൽ പറഞ്ഞത് – 20

ആരോമലേ കഥാശേഷവും ചൊല്ലു നീ…

ശാരിക പൈങ്കിളിയോട് തുഞ്ചത്ത് ആചാര്യർ പറഞ്ഞ ഈ തലവാചകം വിനയപൂർവ്വം ഞാൻ കാടിനോട് പറയാനായി കടംകൊള്ളുന്നു – ഓമനേ, ബാക്കി കഥകൂടി ഒന്ന് പറഞ്ഞുതരൂ – എന്ന് !

എന്നേ വായിച്ചവർക്ക് പ്രണാമം. കാട് എന്നോടു പറഞ്ഞതിൽ ചിലതൊക്കെ കുറിച്ച്, ഇവിടെ അർദ്ധവിരാമമിടുമ്പോൾ പലരും ചോദിക്കുന്നുണ്ട്. ‘കാടിൻ്റെ ഈ അടക്കംപറച്ചിലിൻ്റെ പൊരുൾ എന്താണ് ?’ എന്നത് ചുരുക്കിപ്പറയാമോ എന്ന്.

അതേ; കാൽനൂറ്റാണ്ട് കാടിനോടുചേർന്ന്, ആ തെളിമയിൽ പുഞ്ചിരിച്ച്, അവളുടെ കലമ്പലിൽ കാലിടറി, ആ പച്ചിലക്കൂടുകളിൽ വീണുമയങ്ങി, അവളുടെ നിഗൂഢതകളിൽ സ്വയമലിഞ്ഞ്, അത് ചുരന്ന കാട്ടാറിൻ്റെ ആഴങ്ങളിൽ ആത്മസ്നാനം നടത്തി അലയുമ്പോൾ അന്വേഷിക്കാതിരുന്നതാണത് – കാടെന്താണ് ഇത്രകാലവും എന്നോട് അഥവാ നമ്മോട് കുശുകുശുത്തത് ?

ഇലക്കിളിയെപ്പോലെ ഇന്നാ ലിഖിതപത്രങ്ങൾ തുന്നിക്കൂട്ടി വായിച്ചെടുക്കുമ്പോൾ അത്ഭുതം തോന്നുന്നു – വ്യാസമുനി പറഞ്ഞതുപോലെ കാട് പറഞ്ഞതിൽ എല്ലാമുണ്ട് (ഇതി ഹാസ്തി തദന്യത്ര ! ). അവളുടെ ആത്മസത്തയിൽ നിന്നും ദൈവങ്ങൾമുതൽ അലോസരങ്ങളിൽ നിന്നും ദൈന്യതവരെ ഉയിർക്കൊണ്ടതും പിറന്നതും ആലോചനയിൽ വന്നുനിറയുന്നു. നിറകാടിൻ്റെ നടുവിലെ പുൽക്കുന്നുകളിലേക്ക് അന്തിമയങ്ങുമ്പോൾ മാനും മ്ലാവും മറ്റ് സസ്യഭുക്കുകളും വന്ന് നിരക്കുന്നതുപോലെ !

ലോകത്തിൻ്റെ പൊതു മനോഭാവങ്ങളിലൊന്ന് ദൈവ വിശ്വാസമാണ്. പ്രവാചകരും വിശുദ്ധന്മാരുമാണ് മനുഷ്യർക്ക് ദൈവങ്ങളെ പരിചയപ്പെടുത്തിയതും നൽകിപ്പോയതും – ഭാരതത്തിലൊഴികെ !

ഇവിടെമാത്രം ആ ജോലി വനപർണ്ണശാലകളിൽ ജീവിച്ച കവികളും ദാർശനികരും ഏറ്റെടുത്തു. ഈശ്വരന്മാരെ കാട്ടിൽനിന്നും അവർ കണ്ടെടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി. അതുകൊണ്ടുതന്നെ കാടുപോലെ പരോപകാരത്തിനായി ജീവിച്ച് സഫലവും എന്നാൽ തീ വീണ കാടുപോലെ ദുരിതപൂർണ്ണവുമായ ജീവിതാന്ത്യത്തെ പ്രാപിച്ചവരാണ് ഭാരതത്തിൻ്റെ ദൈവീക പുരുഷന്മാരെല്ലാം !

കാടുതന്ന ആ ജീവിത പാഠത്തിൻ്റെ തണലുള്ളതിനാലാണ് വേദങ്ങളുടെ നാല് ഭാഗങ്ങളിൽ (സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്) മൂന്നാം ഭാഗം ആരണ്യകങ്ങളാകുന്നതും നാലാം ഭാഗം ഗുപ്തജ്ഞാനത്തിൻ്റെ പരംപൊരുൾ പറയുന്ന ഉപനിഷത്തുകളാകുന്നതും എന്ന് കാടെനിക്ക് പറഞ്ഞുതരുന്നുണ്ട് !

പറമ്പിക്കുളത്ത് ഒരുകൊമ്പനിലെ പഴയ ട്രാംവേയിലൂടെ നടക്കുമ്പോൾ ഇടതു ചേർന്നൊഴുകുന്ന കുര്യാർകുറ്റിപ്പുഴയുടെ കലപിലയേയും കടന്ന് കാട്, ഇളംകാറ്റിലൂടെ ചരിത്രങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. രണ്ടു ലോകയുദ്ധങ്ങൾക്കുള്ള കപ്പലും തോക്കുമായി മാറാൻ ഈ കാട്ടിലെ വൻമരങ്ങൾ ചാലക്കുടി വഴി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിപ്പോയ കഥ. കൊച്ചി എന്ന മലഞ്ചരക്ക് കച്ചവട ഗ്രാമത്തെ അറബിക്കടലിൻ്റെ റാണി എന്ന പുകഴ്പെറ്റ തുറമുഖമാക്കി വികസിപ്പിച്ചത് കാട്ടുമരങ്ങൾ വിറ്റുകിട്ടിയ കാശുകൊണ്ടാണെന്ന് കാടാണ് എനിക്ക് പറഞ്ഞുതന്നത് – കാടിൻ്റെ ഒസ്യത്താണ് കേരളത്തിൻ്റെ വ്യാവസായിക നഗരം പോലും !

കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ – ഒരു ദൃശ്യം

കാടൊരുക്കിയ സുഗന്ധ വ്യഞ്ജനങ്ങൾ മുതൽ തേക്കും കരിമരുതും വരെയുള്ള വനവഭവങ്ങൾ നേടാൻ എത്ര വിദേശികൾ ഇവിടെവന്ന് പരസ്പരം പോരടിക്കുകയും മരിക്കുകയും ചെയ്തു. അതോർത്തുകൊണ്ട് ഇവിടെ, പുഴമധ്യത്തിലെ ചെറുദ്വീപിൽ നിൽക്കുന്ന തളിരിട്ട പൂവണമരം ശ്രദ്ധിച്ചാൽ, പണ്ട് ട്രാംവേ നിർമ്മിക്കാൻ വന്ന ഏതോ സായിപ്പിൻ്റെ സ്വർണ്ണച്ചുരുളൻ തലമുടിയുള്ള കൂട്ടുകാരി സൂര്യസ്നാനം നടത്തുകയാണ് എന്നേ നമുക്ക് തോന്നുകയുള്ളൂ ! Dr.സാലിം അലി നൂറോളം പക്ഷി ജാതികളെ കണ്ടെത്തിയ വഴിയാണിത് എന്നറിയുമ്പോൾ, കാട് ദൈവപ്രഘോഷണവും ചരിത്രവും പറഞ്ഞ് സാവധാനം ജീവശാസ്ത്രത്തിലേക്ക് കടന്നുഎന്ന് നാമുക്ക് മനസ്സിലാകും. അല്ലെങ്കിൽത്തന്നെ ഏത് വിഷയമാണ് കാടിന് അന്യമായിട്ടുള്ളത് !

കരിന്തലപ്പാറയിൽ കുര്യാർകുറ്റിപ്പുഴക്ക്, കാടിന് പറയാനുള്ള കഥകളോളംതന്നെ ആഴമുണ്ട്. അവിടെ പുഴമധ്യത്തിലെ പാറകളിൽ മിക്കവാറും പടുകൂറ്റൻ മുതലകൾ, നമ്മുടെ കാടുകൊണ്ട് ഒരിക്കൽ തടിച്ചുകൊഴുത്ത യൂറോപ്യൻ നാടുകളെപ്പോലെ ഇന്ന് പരമസൗമ്യരായി വിശ്രമിക്കുന്നുണ്ടാകും !

അവിടെവച്ചാണ്, പണ്ട് കങ്കാണിമാർ വെട്ടിയിറക്കാൻ ഉത്തരവിട്ട തേക്കുമരങ്ങളിലൊന്നിനെ, വിശ്വാസത്തിൻ്റെ പരിവേഷമണിയിച്ച് വെട്ടാതിരുന്ന നാട്ടുകാരുടെ കഥ കാട് പറഞ്ഞുതന്നത്. എന്നിട്ട് ആ കഥയുടെ പൊരുളും കാട് രഹസ്യം പോലെ പറഞ്ഞുതന്നു. “നല്ല വിത്ത് കിട്ടാൻ നല്ലമരം ഒന്നെങ്കിലും വെട്ടാതെ നിർത്തണ്ടേ , അതിനാണവർ കന്നിമരമെന്ന് ആ കൂറ്റൻ തേക്കിന് പേരിട്ടതും മഴുവെച്ചപ്പോൾ ചോരവന്നു എന്ന കഥയുണ്ടാക്കിയതും ” കാടത് പറയുമ്പോൾ അവിശ്വസനീയമായ ഒരു മുത്തച്ഛിക്കഥയുടെ സ്ഥായിയും സ്വരലയവുമാണ് അതിനുണ്ടായിരുന്നത്.

കരിന്തലപാറ, ഒരുകൊമ്പൻ യാത്രയിൽ ലേഖകൻ

മനുഷ്യർ ( അങ്ങനെ വിളിക്കാമോ ? ) മത്സരിച്ച് കാടുകത്തിക്കുന്ന ആര്യങ്കാവിലെ മലകളിൽ നിന്ന് മലകളിലേക്ക് തീകെടുത്താൻ പാഞ്ഞ് തളർന്നിരിക്കുമ്പോഴും, മലയാറ്റൂർ മലകളിൽ നിരക്കെ, രാത്രിയിൽ കാട്ടുതീയുടെ നീണ്ടു നീണ്ടുപോകുന്ന ജ്വലിക്കുന്ന സ്വർണ്ണസർപ്പങ്ങൾ ഇഴഞ്ഞുകയറുന്നതുകാണുമ്പോഴും, ജഢ ആകാശത്തേക്ക് ചിതറിച്ച് സംഹാരതാണ്ഡവമാടുന്ന രുദ്രനെപ്പോലെ മല്ലീശ്വരൻമുടിക്കുമുകളിൽ കാട്ടുതീ തുപ്പിയ കറുത്തപുക ആകാശം തൊടുമാറ് ചാഞ്ചാടുന്നത് നിസ്സഹായനായി കണ്ടു നിൽക്കുമ്പോഴുമൊക്കെ വെന്തകാടിൻ്റെ ചാരംമണക്കുന്ന ചുടുനിശ്വാസത്തിലെ ശാപവാക്കുകൾ ഞാൻ കേട്ടിട്ടുണ്ട് – ‘അനുഭവിക്കാതെ എവിടെ പോകാൻ !’ എന്ന് !!

വിയർപ്പും ബുദ്ധി വൈഭവവുമാണ് വിജയമന്ത്രമാകേണ്ടത് എന്ന വിശ്വാസത്തെ കുഴികുത്തിമൂടിയ ഭാഗ്യാന്വേഷികളുടെ ലോട്ടറിച്ചന്തയാണ് ഇന്നു കേരളം. അവരും ഭിക്ഷാടകരും ഇന്നാടിൻ്റെ തെരുവുകളിൽ നിരക്കുമ്പോൾ, മാറിലെ മലകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു അഹങ്കാരിയെപ്പോലെ കാട് എന്നോടു കയർത്തിട്ടുണ്ട് – ‘ ലോട്ടറിടിക്കറ്റ് വിൽക്കുകയും പിച്ചതെണ്ടുകയും ചെയ്യുന്ന ഒരു ഗോത്രപുത്രനെ എവിടെങ്കിലും കാട്ടിത്തരാമോ ? ‘ എന്ന് ! കാണില്ലായിരിക്കും; അല്ലെങ്കിൽ കാടങ്ങനെ വെല്ലുവിളിക്കില്ലല്ലോ !

മനുഷ്യ- വന്യജിവി സംഘർഷത്തിൻ്റെ പരിഹാരം തോക്കിൻകുഴലിലൂടെയാണ് എന്നും, ഞങ്ങളുടെ കൈയിൽ തോക്കുണ്ട്, കേസ് എടുക്കാതിരുന്നാൽ മാത്രം മതിയെന്നും താമരശേരിയിലെ ളോഹയിട്ട വേട്ടക്കാരൻ പറഞ്ഞതുകേട്ട്, കാട് ക്രിസ്തുവിനെപ്പോലെ ശോകാർദ്രമായി ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ! ആ ചിരിയിൽ ഇടത്തേ കരണത്തടിച്ചാൽ വലത്തേ കരണം കാട്ടാനുള്ള ഉപദേശമല്ല, ഉന്നതദേവാല സമാനമായ വൃക്ഷങ്ങൾക്കിടയിൽ ( Cathedral trees) മുഴങ്ങുന്ന ചാട്ടവാറിൻ്റെ ചുഴറ്റു മുഴക്കമാണ് കാതുള്ളവർക്ക് കേൾക്കാനാകുന്നത് !
ആ തോൽവാർ, ആഞ്ഞു പതിക്കേണ്ടത് അമ്പൂരിയിലാണോ കവളപ്പാറയിലാണോ മുണ്ടക്കൈയിലാണോ അതോ നാളെ താമരശ്ശേരിയിൽ തന്നെയാണോ എന്നത് പ്രകൃതിയുടെ നീതി തീരുമാനിക്കുമെന്നും വേട്ടക്കാരന് കുഴിമാടത്തിൻ്റെ ഇടവകപ്പണം എത്രയെന്ന് തീരുമാനിക്കാമെന്നും കാട് പറഞ്ഞുതരുന്നതുകൂടി ഞാൻ കേട്ടിട്ടുണ്ട് !

വേട്ട എന്ന പ്രാകൃത ഗോത്ര മോഹത്തെ ഇന്നും ജനിതകത്തിൽ സൂക്ഷിക്കുന്നവരോട് കാട് പറഞ്ഞ താക്കീതിൻ്റെ കഥകൾകൂടിയാണ് നമ്മുടെ ഇതിഹാസങ്ങൾ. മൃഗവേട്ടക്കായുള്ള ദശരഥൻ്റെ ആസക്തിയാണ് ആനയെന്നു കരുതി മുനികുമാരനെ അമ്പെയ്തു കൊല്ലാനും രാമൻ്റെ വനയാത്രക്കും കാരണമായതെന്ന് വാത്മീകി കുറിച്ചുവയ്ക്കുന്നു. ഇണ ചേർന്നുകൊണ്ടിരുന്ന രണ്ട് മാനുകളെ ഒറ്റ അമ്പെയ്ത് കൊന്നുവീഴ്ത്തിയ പാണ്ഡുവിൻ്റെ ‘മിടുക്കിൽ’ വ്യാസൻ, കുരുവംശത്തിൻ്റെ കുലംമുടിയലിൻ്റെ കഥ കൊരുത്തുവയ്ക്കുന്നു ! പക്ഷേ സന്തതികളെ ഓർത്ത് വിലപിക്കേണ്ടാത്തവനെ നേരെയാക്കാൻ കാടിനോ കർത്താവിനോ കഴിയില്ലല്ലോ എന്ന എൻ്റെ തടസവാദം കേട്ട് ബുദ്ധനെപ്പോലെ കാട് മന്ദഹസിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇടയൻ്റെ ഇറച്ചിക്കൊതി, കുഞ്ഞാടുകളുടെ കുരുതിയിലേ അവസാനിക്കൂ എന്ന ജാതകകഥ ആ സ്മിതമന്ത്രത്തിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.

നമ്മുടെ ഗോത്രമക്കൾ ഇന്ന് പങ്കാളിത്ത വനപരിപാലനം എന്നപേരിൽ കാടിൻ്റെ കൈപിടിച്ച് അക്ഷര – സാമ്പത്തീക – പാരിസ്ഥിതിക സാക്ഷരതയിലേക്ക് മുന്നേറുന്നത് കാണുമ്പോൾ, കട് നിറഞ്ഞു ചിരിക്കുന്നതും സ്വന്തം മക്കളുടെ അതിജീവനത്തിൻ്റെ കഥ അഭിമാനത്തോടെ പറയുന്നതും ഈ വനയാത്രാകാലം എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.

ചിന്നാർ തായന്നംകുടിയിലെ ആദിവാസികൾ ചെറുധാന്യ കൃഷിക്ക് പുനർജീവനം നൽകുമ്പോൾ, അട്ടത്തോട്ടിലെ ആദിവാസികൾ പൂങ്കാവനത്തിലെ തേൻ ശേഖരിച്ച് വിപണനം നടത്തുമ്പോൾ, മറയൂരിലെ കമ്മാളർകുടിയിൽ അന്യം നിൽക്കാറായ കാട്ടുകാച്ചിലുകൾ ഒത്തുകൂടി പുനർജനിക്കുമ്പോൾ, അന്യ സംസ്ഥാനങ്ങൾക്കുമുമ്പിൽ ഭക്ഷണത്തിനിരക്കുന്ന കേരളത്തെ പുതിയ കാലത്തെ കാട് ഉപദേശിക്കുകയാണ് എന്ന് തോന്നിയിട്ടുണ്ട്.

നാഴിക വിനാഴിക എന്ന കൃത്യതയിൽ ഇന്നാട്ടിൽ മഴ പെയ്തിരുന്നു എന്ന് സാഷ്യപ്പെടുത്തിയത് ഇവിടെ ആദ്യമെത്തിയ വിദേശസഞ്ചാരികളാണ്.
ഞാറ്റുവേലകളുടെ കൃത്യത, അപ്രതീക്ഷിത പേമാരിക്കും ഉരുൾപൊട്ടലിനും വഴിമാറിയ നാടാണിന്ന് കേരളം. നമ്മുടെ തെളിനീർ പുഴകൾ ഇന്ന് പലപ്പോഴും ശവഘോഷയാത്രയുടെ രക്തപ്രവാഹിനികളായി മാറിപ്പോകുന്നുണ്ട്. അവശേഷിക്കുന്ന കാടുകളെയും വിഷലിപ്തമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി, കുടിയേറ്റക്കാരുടെ കയ്യേറ്റത്തിനും പാട്ടക്കരാറുകാരൻ്റെ ജന്മാവകാശത്തിനും വിട്ടുകൊടുക്കുകയാണിന്ന് സർക്കാരുകൾ. ചെങ്കുത്തായ മലയോരങ്ങളെ പൊതിഞ്ഞു പിടിക്കേണ്ട കാടിൻ്റെ ശോഷണം, ഇന്നാടിൻ്റെ ദുരന്തവിലാപങ്ങൾക്ക് ശ്രുതിയിടുന്നത് കാട്, കരുണയുള്ളവരോട് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

മലയാളത്തെ കാവ്യഭാഷ അണിയിക്കുന്നതിൽ കാടുവഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. മണിപ്രവാള സന്ദേശകാവ്യങ്ങളിൽ നിന്നും ഒരു കുഞ്ഞരുവിയായി ഒഴുകിത്തുടങ്ങുന്നുണ്ടത്. തുഞ്ചൻ്റെയും കുഞ്ചൻ്റെയും കൃതികളിലൂടെ ആശാനിലേക്കൊത്തുമ്പോൾ കഥ നടക്കുന്നത് ഉജ്ജയനിയിലാണെങ്കിലും ഉത്തരമധുരയിലാണെങ്കിലും പ്രകൃതി കേരളത്തിലെ വനവും വൃക്ഷലതാദികളുമായി മാറുന്നു ! പിന്നെയങ്ങോട്ട് ഓരോ മലയാളിയിലും ഒരു മലരണിക്കാട് തിങ്ങിവിങ്ങി നിറയുകയായിരുന്നു. ഓരോ വനനദിയും ഓരോ കാട്ടുപൂവും ഓരോ വന ബിംബങ്ങളും നമ്മുടെ ചലച്ചിത്ര ഗാനശാഖയിലൂടെ നിത്യഹരിതമായ കാമുക ഹൃദയങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു.

പാരിജാതം തിരുമിഴി തുറന്നു … വനഭാവനകളുടെ കൂട്ടുകളിലൊന്ന് . ( വയലാർ , ദേവരാജൻ , യേശുദാസ് )

കാടുകത്തുമ്പോഴും കാട് കയ്യേറുമ്പോഴും മലയാളിക്ക് പൊള്ളുന്നത് ആ ഗാനങ്ങൾ ഉള്ളിലിപ്പോഴും പൂത്തു നിൽക്കുന്നതിനാലാണ്. അതിൻ്റെ തുടർച്ചതന്നെയാണ് വനപരിസരങ്ങളെ കഥയിലാവാഹിച്ച എത്രയോ സിനിമകൾ സൂപ്പർ ഹിറ്റുകളായി മാറുന്നത്. സ്വന്തം കലാ-സാഹിത്യ ആസ്വാദനപരതയുടെ അളവുകോലിലൊന്നായി ഇന്നാടിൻ്റെ വനജൈവപ്രകൃതിയെ ചേർത്തുവെച്ച നമ്മൾ മലയാളികൾ തന്നെയാണ് യഥാർത്ഥത്തിൽ നിത്യഹരിത നായകന്മാർ എന്ന് കാട് പ്രഖ്യാപിക്കുന്നുണ്ട് !

അതേ, മലയാളിയെ ഒരു ജൈവ അസ്ഥിത്വമായി പരുവപ്പെടുത്തിയതടക്കം എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും കാടെൻ്റെ കണ്ണിൽ പെടുന്നുണ്ട്. നമ്മുടെ വനങ്ങളെപ്പോലെ അതും വളരെവേഗം മാഞ്ഞുപോവുകയാണ് എന്നറിയാം. അപ്പോഴും ഭൂമിക്ക് ഈ കുഞ്ഞുനാടിൻ്റെ വനങ്ങളെ ആവശ്യമുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊണ്ട്, തിരകയറിയ മണൽശില്പം പോലെ അടർന്നുവീണു തുടങ്ങിയ ലോകത്തിന്, ഒരുകുഞ്ഞു ചെറുത്തുനില്പാകാനെങ്കിലും നമ്മുടെ കാടുകളുടെ നിലനില്പ് അനിവാര്യമാണ് എന്നത് കാടല്ല, ശാസ്ത്ര ലോകമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വരുംതലമുറക്ക് പിറക്കാനും പിച്ചവെക്കാനും പച്ചപ്പിൻ്റെ വിശാല വിരിപ്പുകൾ നിവർത്തിയിടാനായി, ചമതപ്പൂവിൻ്റെ ചുണ്ടുകളാൽ ഇന്നാടിൻ്റെ മാംസളമായ കാതിൻതുമ്പിൽ തൊട്ടുതൊട്ട് താരാട്ട് മൂളാനും, ഉരുൾപൊട്ടി മലകളും മനുഷ്യരും വാർന്ന് കണ്ണീർച്ചാലുകൾ വീണ മലനാടിൻ്റെ കരുവാളിച്ച കവിളിലേക്ക് കാട്ടുചെമ്പകപ്പൂമൊട്ടിലെ ഗ്രീഷ്മ നിശ്വാസങ്ങളുതിർത്ത് സമാശ്വാസമേകി ചേർത്തുപിടിക്കാനും, ജീവിതത്തിരക്കിൻ്റെ സമ്മർദങ്ങളിൽ വെന്തുകലങ്ങി ഒരുനാളേക്ക് വിശ്രാന്തിതേടി കാട്ടിലേക്ക് വന്നവരെ പുഴയുടെ നീലക്കണ്ണുകൾ വിടർത്തി കണ്ണിമചിമ്മാതെ നോക്കി പ്രണയാർദ്രരാക്കാനും, ദലമർമ്മരങ്ങളിലൂടെ, കിളിമൊഴികളിലൂടെ, മറ്റ് തിര്യക്കുകളുടെ സംവേദന സ്വരങ്ങളിലൂടെ എൻ്റെ കാതിൽ പറഞ്ഞതുപോലെ, ഒത്തിരി മനുഷ്യരോട് ഒരുപാട് ഒരുപാട് കഥകൾ പറയാൻ കാടിനോട് ഞാൻ യാചിക്കുന്നു; നീ അവരെയും ചേർത്തുപിടിക്കേണ്ടവളാണല്ലോ – ആരോമലേ, കഥാശേഷവും ചൊല്ലുനീ.

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.