കാട് കാതിൽ പറഞ്ഞത് – 19

അതിജീവന മന്ത്രങ്ങൾ

പതിവിലും നേരത്തെ ഉണരേണ്ടിവന്നത് ആ കുരുത്തംകെട്ട ചൂളക്കാക്കയുടെ നീണ്ടു നീണ്ടുപോകുന്ന ചൂളംവിളി കൊണ്ട് മാത്രമല്ല. നാലുമണിക്ക് മുമ്പേ എൻ്റെ ആഴത്തിലുള്ള ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഇന്നത്തെ തിരക്ക് ഉറങ്ങാൻ കിടന്നപ്പഴേ കൂടെ ഉണ്ടായിരുന്നു. നേരേ കുളിക്കടവിലേക്ക് നടന്നു. ജലാശയം മഞ്ഞിൻ്റെ പഞ്ഞിപ്പുതപ്പിൽ പതിഞ്ഞുറക്കമാണ്. കിഴക്ക് വെള്ളകീറിയാൽ ജലാശയത്തെ പൊതിയുന്ന ഈ വെൺധൂപരൂപികൾ സഹശയനം മതിയാക്കിയ ഗന്ധർവ്വന്മാരെപ്പോലെ തടാകത്തിൻ്റെ നെറ്റിയിൽ ഒരിക്കൽക്കൂടി ചുംബിച്ച് ഓരോരോ രൂപമെടുത്ത് ആകാശത്തേക്ക് ഉയർന്നുപാറി മറയും. അപ്പോൾ കിഴക്കൻ ചക്രവാളത്തിൽ സീമന്തസിന്ദൂരം പടരുന്നത് കാണാം! നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കിൽ ശംഖുപുഷ്പ ചായയിൽ നിന്നും ആവി പൊങ്ങുന്നതായേ അതുകണ്ടാൽ തോന്നുകയുള്ളു. കാടിൻ്റെ കാവ്യഭംഗി കാഴ്ചക്കാരൻ്റെ ഭാവനക്കനുസരിച്ച് നൃത്തം ചെയ്തുകൊണ്ടിരിക്കും.

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിന് സമീപത്തുള്ള നെയ്യാർ ഡാമിൻ്റെ ജലാശയമാണിത്. നീർക്കാക്കകളും ചേരക്കോഴികളുമൊക്കെ വെള്ളത്തിലേക്ക് നോക്കി ഇരുപ്പാണ്. ഓളങ്ങളില്ലാത്ത കാടിൻ്റെ വാൽക്കണ്ണാടിയുടെ ചില്ലു പൊട്ടിക്കാൻ അവക്ക് മടിയുണ്ട് എന്നുതോന്നുന്നു. അത്തരം ചപല വിചാരങ്ങളൊന്നുമില്ലാത്ത പൊന്മാനായിരിക്കും പലപ്പോഴും ആദ്യം തടാകത്തെ കുത്തിയുണർത്തുക.

പക്ഷേ ഇന്ന് അതൊന്നും കണ്ടുനിൽക്കാൻ സമയമില്ല. ശ്രീക്കുട്ടിയുടെ പിറന്നാളാണ് ! അവളെങ്ങാനും കുളിക്കടവിലെത്തിയോ എന്നറിയാനാണ് ഇവിടെവരെ വന്നത്. വന്നിട്ടില്ല. നീരാട്ടിനുള്ള ഒരുക്കം എപ്പഴേ അവൾ തുടങ്ങിക്കാണും എന്നുറപ്പാണ്.

കോവിഡിൻ്റെ ഒന്നാം വരവിൽ മരവിച്ചു നിൽക്കുകയായിരുന്നു ഇതുവരെ നാടാകെ. റോഡിൽ അംബുലൻസുകളും മനുഷ്യ മുഖങ്ങളിൽ മരണഭയവും മാത്രം മിന്നിപ്പാഞ്ഞ് മറഞ്ഞിരുന്ന കാലം. അന്ന് കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രവും മറ്റ് ടൂറിസം സെൻ്ററുകൾക്കൊപ്പം അടച്ചു. അപ്പോൾ പ്രാദേശിക വാസികളായ EDC അംഗങ്ങൾക്ക് മാസം 5 ദിവസം മാത്രമായിരുന്നു വേതനം. ഒന്നാം തരംഗം അവസാനിച്ച് നിയന്ത്രങ്ങളിൽ അയവു വരുത്തി ടൂറിസം സെൻ്ററുകൾ തുറന്നെങ്കിലും ജനങ്ങൾ ഭയത്തോടെ വീടുകളിൽ തന്നെ കഴിച്ചുകൂട്ടി. അതുകൊണ്ടുതന്നെ ടൂറിസം EDC ക്കാരുടെ ജോലിദിവസവും വേതനവും വർദ്ധിപ്പിക്കാനായില്ല. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അന്തിമോപചാരം പോലും കിട്ടാതെ മരിച്ചു മടങ്ങുന്നത് കണ്ടവരാണിവർ. എന്നിട്ടും വ്യാധിയെക്കുറിച്ചുള്ള ആശങ്ക സാവധാനം അവരുടെ മുഖത്തുനിന്നും മാഞ്ഞുപോകുന്നതും ദാരിദ്രത്തിൻ്റെ ഇരുളിമ അവടെ പടരുന്നതും വ്യക്തമായി ഞാൻ കാണുന്നുണ്ടായിരുന്നു. മരണമല്ല, അതിജീവനമായിരുന്നു അവരുടെ മുന്നിലെ യഥാർത്ഥ വെല്ലുവിളി. മരണത്തേക്കാൾ മാരകമാണ് വിശപ്പെന്ന വ്യാധി എന്ന് കഥകളിലും ചരിത്രത്തിലും വായിച്ചറിഞ്ഞത് നേരിൽ കാണുകയായിരുന്നു !

EDC അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ എന്തെങ്കിലും ചെയ്തേ മതിയാകൂ. കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വാർത്തകളിൽ നിറയണം. മരണഭയത്തോടെ ദീർഘകാലം വീട്ടിലടച്ചിരുന്ന മനുഷ്യർക്ക് സമാശ്വാസത്തിൻ്റെ ഒരു തണലിടമായി കോട്ടൂരിനെ പ്രൊജക്ട് ചെയ്യാനാകണം. എങ്കിൽ മാത്രമേ ആളും വരുമാനവും വർദ്ധിക്കൂ. അങ്ങനെയാണ് EDC സെക്രട്ടറി ലൈജുവിനോട് ഒരാശയം പറഞ്ഞത്. ഊർജസ്വലനായ ആ ചെറുപ്പക്കാരൻ അതിനെ സ്വാഗതം ചെയ്തു. നമുക്ക് ഉടൻ ഒരു ആഘോഷം സംഘടിപ്പിക്കണം – ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷം ! EDC അംഗങ്ങളായ അയ്യപ്പനും ഷാനിതയുമൊക്കെ അതുകേട്ട് സന്തോഷം കൊണ്ട് ഇമോഷനലായി. ഒരു മണിക്കൂർ കൊണ്ടുതന്നെ കോട്ടൂരിലെ മുഴുവൻ ജീവനക്കാരിലും ആ അതിജീവന പ്രതീക്ഷ എത്തി. ശ്രീക്കുട്ടിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ പോകുന്നു ! 5 ദിവസത്തെ വേതനംകൊണ്ട് അവർ ഈ ദുരിതകാലത്ത് പിടിച്ചുനിന്നതിൻ്റെ തീവ്രത മുഴുവൻ അതുകേട്ടപ്പോഴുള്ള അനുകൂല പ്രതികരണങ്ങളിൽ ഉണ്ടായിരുന്നു !

ശ്രീക്കുട്ടി ഇവിടെ എത്തിയിട്ട് ഒരു വർഷം തികയുന്നു. തെന്മല അമ്പനാട് എസ്റ്റേറ്റിനു സമീപം കാട്ടിൽ പരിക്കുകളോടെ കുഴിയിൽനിന്ന് കിട്ടിയ ആനക്കുട്ടിയാണവൾ. ഏതാനും മാസം മാത്രമേ അപ്പോൾ പ്രായം ഉണ്ടായിരുന്നുള്ളൂ. അന്നത്തെ തെന്മല DFO സുനിൽ ബാബു സാർ അവൾക്ക് ശ്രീ എന്ന് പേരിട്ടു. ഏതാനും ദിവസം, അമ്മ ഉൾപ്പെടുന്ന ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിയെ അവക്കൊപ്പം വിടാൻ അവർ ശ്രമിച്ചു. പക്ഷേ ആ ശ്രമം പരാജയപ്പെട്ടു.

ശ്രീക്കുട്ടി

മാതൃസ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഒക്കെ മഹാബിംബങ്ങളാണ് ആനകൾ. കിണറ്റിലോ കുഴിയിലോ കുഞ്ഞുങ്ങൾ അകപ്പെട്ടുപോയാൽ അവ ദിവസങ്ങളോളം അവിടെ കാത്തുനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കും. മനുഷ്യർ മക്കളെ വീണ്ടെടുത്ത് കൊടുത്താൽ മിക്കപ്പോഴും തുമ്പിക്കൈ പൊക്കി ഉറക്കെ ചിന്നംവിളിച്ച് നന്ദി പറഞ്ഞേ അവ മടങ്ങാറുള്ളൂ ! കൂട്ടത്തിലൊരാൾ മരണപ്പെട്ടാൽ മൃതദേഹത്തിന് അവർ കാവൽ നിൽക്കും. അത് കുഞ്ഞുങ്ങളാണെങ്കിൽ, സാധ്യമെങ്കിൽ, മൃതശരീരം തുമ്പികൈയിൽ ശ്രദ്ധയോടെ വാരിയെടുത്ത് സംസ്കരിക്കാൻ കൊണ്ടുപോകുന്നതും അടുത്തകാലത്ത് വനജീവി ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായിട്ടുണ്ട് !

ഇതൊക്കെ ആണെങ്കിലും കുട്ടികൾക്ക് കാഴ്ച്ചക്കുറവോ നടക്കുന്നതിനുള്ള വൈകല്യമോ ഉണ്ടെങ്കിൽ ആനക്കൂട്ടം അതിനെ നിർദ്ദാക്ഷണ്യം ഉപേക്ഷിക്കുകയാണ് പതിവ്. ഒരു സാമൂഹ്യജീവി എന്നനിലയിൽ അവക്ക് മക്കളോടുള്ള അടങ്ങാത്ത സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും അപ്പുറമാണ് സ്വന്തം കൂട്ടത്തിൻ്റെ അതിജീവനത്തോടുള്ള കൂറ്. വികാരപ്രകടനങ്ങൾ ഏറെയുള്ള ആനയെപ്പോലൊരു മൃഗം, അതിൻ്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകുമ്പോഴുള്ള തീവ്രവിരഹം നമ്മുടെ ആലോചനക്കും അപ്പുറമാണ്. എന്നിട്ടും കൂട്ടത്തിൻ്റെ പൊതുനന്മക്കായി അവർക്കത് ചെയ്യേണ്ടിവരുന്നു. സ്വാർത്ഥതയിൽ നിന്നും പൊതുനന്മയിലേക്കുള്ള മൃഗങ്ങളുടെ ആ നോട്ടം പോലും കാട് കൈയ്യേറുവാനും അതിന് തീയിടാനും ശ്രമിക്കുന്ന മനുഷ്യർക്ക് ഇല്ലല്ലോ എന്ന് തോന്നാറുണ്ട് !

കാട്ടിൽ ഒറ്റപ്പെട്ടുകണ്ട് രക്ഷിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച പല കുട്ടിയാനകൾക്കും ഇത്തരം വൈകല്യങ്ങൾ ഉണ്ടെന്നത് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയിട്ടുണ്ട് ! ശ്രീക്കുട്ടിയും അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവളുടെ അമ്മക്കൂട്ടം അത്രവേഗം സ്ഥലം വിട്ടുപോകുമായിരുന്നില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. DFO ശ്രീ എന്ന് പേരിട്ട ആനക്കുട്ടിയെ റെയ്ഞ്ചോഫീസർ അജീഷ് സാർ ശ്രീക്കുട്ടി എന്നുവിളിച്ചു. ഏതാനും ദിവസം കൊണ്ടുതന്നെ ആ പേര് നാടാകെ ഏറ്റെടുത്തു – ശ്രീക്കുട്ടി !

പരിക്കും പട്ടിണിയും മൂലം അവശയായിട്ടാണ് അവളെ കിട്ടിയത്. മനുഷ്യർ അവളെ വാരിയെടുത്ത് പാറക്കുഴിയിൽ നിന്നും കരക്കുകയറ്റുമ്പോൾ കണ്ണുകൾ ഉരുട്ടി, കുഞ്ഞു തുമ്പിക്കൈ ഉയർത്തി അവൾ ഭയന്ന് നിലവിളിച്ചു. എന്നാൽ ഏതാനും ദിവസത്തെ സ്നേഹപൂർവ്വമായ പരിചരണത്തിൽ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ, അവളുടെ കണ്ണുകൾ മനുഷ്യരെ തിരയുന്ന പമ്പരങ്ങളായി വേഗംതന്നെ മാറി. പിന്നീട് മനുഷ്യരുടെ കൂട്ടില്ലാതെ വയ്യ എന്ന സാഹചര്യമാണ് എപ്പോഴും ഉണ്ടാവുക. വലിയ നാട്ടാനകളുടെ കാര്യത്തിൽ പോലും പാപ്പാൻ്റെ അസാന്നിധ്യം അവയിൽ വലിയ അസ്വസ്ഥതയും അക്രമവാസനയും സൃഷ്ടിക്കാറുണ്ട്.

ശ്രീക്കുട്ടിയെ അമ്മക്കൂട്ടത്തിനൊപ്പം വിടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ ഉടൻ കോട്ടൂരിലേക്ക് കൊണ്ടുവരും എന്ന അറിയിപ്പുകിട്ടി. പുതിയ അതിഥിയെ സ്വീകരിക്കാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുമ്പോൾ അവളെ പിരിയേണ്ടി വരുന്ന നൊമ്പരമാണ് അജീഷ് സാറും സഹപ്രവർത്തകരും അനുഭവിച്ചത്.

പ്രകൃതിയിലെ ജൈവ പിരമിഡിനെയും ഊർജ പിരമിഡിനെയുമൊക്കെ നാം പഠന സൗകര്യത്തിനായി രൂപകല്പന ചെയ്തിട്ടുണ്ട്. എന്നാൽ അതിജീവന ബന്ധങ്ങളെ ആസ്പദമാക്കി ഒരു സ്തൂപിക സൃഷ്ടിക്കാനായാൽ അതിൻ്റെ അഗ്രത്തിൽ മനുഷ്യരാവും ഉണ്ടാവുക എന്നുറപ്പാണ്. അനാദികാലം മുതൽ മനുഷ്യർ ജന്തുക്കൾക്ക് നേരേ തുടരുന്ന അമിത ചൂഷണവും വേട്ടയും ഹിംസയുമൊക്കെ കണ്ടിട്ടും ഇങ്ങനെ പറയാനാണ് ഈയുള്ളവന് തോന്നുന്നത്. എൻ്റെ വനാനുഭവങ്ങളുടെ ഉല്പന്നമാണത്. പരിക്കേറ്റ വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലയുടെ സമീപത്തേക്ക് വരുന്നത് കാട്ടിൽ എത്രതവണ കണ്ടിരിക്കുന്നു ! അടുത്തു കണ്ടപ്പോഴൊക്കെ മനുഷ്യരെ ആക്രമിച്ചിരുന്ന ആനകളും ഏതെങ്കിലും തരത്തിൽ പരിക്കുപറ്റുമ്പോൾ അതേ മനുഷ്യരുടെ പരിസരത്തേക്ക് എത്താറുണ്ട് ! വയനാടൻ വന്യജീവി സങ്കേതങ്ങളിൽ മാനുകളും മറ്റും സന്ധ്യയായാൽ വനം ഉദ്യോഗസ്ഥരുടെ താമസ ഇടങ്ങൾക്ക് ചുറ്റും വന്ന് തമ്പടിക്കുന്നുണ്ട്- കടുവയുടെയും പുലിയുടെയും പിടിയിൽ നിന്ന് രക്ഷപെടാൻ !
സ്വന്തം കൂട്ടർ അപകടത്തിൽ പെടുമ്പോൾ ആ മിണ്ടാപ്രാണികൾ ചിലപ്പോഴെങ്കിലും മനുഷ്യരുടെ സഹായംതേടുന്നതിൻ്റെ കഥകൾ നമുക്കുമുന്നിലുണ്ട്.

അതായിത് , തങ്ങളുടെ രക്ഷകനാകാൻ മനുഷ്യർക്കേ കഴിയൂ എന്ന ഒരറിവ് പ്രകൃതി ആ ജീവികൾക്ക് നൽകിയിട്ടുണ്ടാകണം ! ഒരു മനുഷ്യൻ്റെ അത്തരം ഒരു വെളിപാടിൽ നിന്നാവില്ലേ മാനിഷാദ എന്ന രോദനം പിറന്നത് ? കാലിഫോർണിയയിലെ നഗര ജീവിതത്തിൽ നിന്നും ആഫ്രിക്കൻ വനാന്തരങ്ങളിൽ പോയി ഗൊറില്ലകൾക്കൊപ്പം പതിറ്റാണ്ടുകൾ ജീവിക്കാൻ, ഒടുവിൽ അവയെക്കൊന്ന് കള്ളക്കടത്ത് നടത്തുന്ന അക്രമികളുടെ തോക്കിനിരയാകാൻ ഡയാൻ ഫൗസിയെ പ്രേരിപ്പിച്ചത് അതേ ഉള്ളറിവാവില്ലേ ? ജയിൻ ഗുഡാളിനെ ലോകത്തിന് സമ്മാനിച്ചത്, തെക്കനേഷ്യൻ കാടുകളിലാകെ വനാവധൂതനായി അലയാൻ ഡോ. സാലിം അലിയെ പ്രേരിപ്പിച്ചത്, 98-ാം വയസ്സിലും പ്രകൃതിയുടെ മന്ത്രണങ്ങൾക്ക് കാതോർത്ത് അത് ഹൃദയത്തിൽ തൊടുന്ന ആഴമുള്ള വിറക്കുന്ന ശബ്ദമാധുരിയിൽ ലോകത്തോട് പറയാൻ ഡേവിഡ് ആറ്റിൻബറോയെ പ്രേരിപ്പിക്കുന്നത് ഒക്കെ ഒക്കെ പ്രകൃതി മനുഷ്യനു നൽകിയ ഈ രക്ഷാപുരുഷ സ്ഥാനത്തിൻ്റെ വേഷപ്പകർച്ചകളല്ലേ ? വളരെ അപ്രതീക്ഷിതമായി വനം വകുപ്പിൽ എത്തിച്ചേർന്ന എത്രയോ ഓഫീസർമാരും ജീവനക്കാരും വന്യജീവി സംരക്ഷണത്തെ ഡ്യൂട്ടി എന്നതിൽ നിന്നും നിയോഗം എന്നതിലേക്ക് വളർത്തി സ്വയം സ്വീകരിച്ചതും അടുത്തുൺപറ്റി വീട്ടിലിരിക്കുമ്പോഴും ആ നിയോഗത്തിൻ്റെ വിളികേട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ഉറപ്പിക്കുന്നുണ്ട് – അതിജീവന മന്ത്രങ്ങളിലെ മൂലമന്ത്രo മനുഷ്യനാണ് എന്ന് !

ഡയാൻ ഫോസി ഗൊറില്ലകൾക്കൊപ്പം

അത്തരം ഒരു രക്ഷകസ്ഥാനം നമുക്കുണ്ട് എന്ന് സാധാരണ മനുഷ്യരും വിദ്യാഭ്യാസത്തിലൂടെ തിരിച്ചറിഞ്ഞാൽ ജൈവവൈവിധ്യ നാശത്തിൻ്റെ ഇക്കാലത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകും. മനുഷ്യർ ഉച്ചിയിൽ സ്ഥാപിക്കപ്പെടുന്ന കരുതലിൻ്റെയും പാരസ്പര്യത്തിൻ്റെയും ആ പിരമിഡ് വിദ്യാർത്ഥികൾക്കായെങ്കിലും രൂപകല്പന ചെയ്യാൻ ഇനിയും വൈകരുത്.

ആഘോഷപൂർവമാണ് ശ്രീക്കുട്ടിയെ കോട്ടൂരിൽ സ്വീകരിച്ചത് എങ്കിലും ആശങ്കകളുടെ കാർമേഘം ഞങ്ങൾക്ക് ചുറ്റും ഉണ്ടായിരുന്നു. ഇത്രക്ക് ചെറിയ കുട്ടികളെ അപൂർവമായേ കിട്ടാറുള്ളൂ. ഇവിടുത്തെ പാപ്പാന്മാർക്ക് ചെറിയ ആനക്കുട്ടികളെ പരിപാലിക്കുന്നതിൽ പ്രത്യേക മിടുക്കുണ്ട് എങ്കിലും അവയുടെ അതിജീവന നിരക്ക് പകുതിക്കും താഴെയാണ്. അതിന് പ്രധാന കാരണം വളരുന്ന കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാൽ ലഭിക്കുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിലും രോഗപ്രതിരോധത്തിലും ആ കുട്ടികൾ വളരെ പിന്നിലായിരിക്കും.

ശരീരവലിപ്പം, കായികക്ഷമത, ബുദ്ധിശക്തി എന്നിവയിലൊന്നും മറ്റൊരു മൃഗത്തിനും ആനയുടെ അടുത്തെത്താനാകില്ലല്ലോ. അതുകൊണ്ടുതന്നെ മറ്റ് മൃഗങ്ങളുടെ മുലപ്പാലോ മനുഷ്യക്കുട്ടികൾക്കായി നാം നിർമ്മിച്ചെടുക്കുന്ന പാൽപ്പൊടികളോ ആനക്കുട്ടികൾക്ക് യോജിച്ച ശിശുഭക്ഷണമല്ല. ചെറിയ ആനക്കുട്ടികൾക്ക് മുഖ്യമായും ലാക്ടോജൻ രണ്ടും മറ്റ് സപ്ലിമെൻ്റുകളുമാണ് നൽകി വരുന്നത്. ഭാഗ്യമുണ്ടെങ്കിൽ മാത്രം ചെറിയകുട്ടികൾ രക്ഷപെടും എന്നേ കരുതേണ്ടതുള്ളൂ. പ്രസവത്തിനു ശേഷം കുട്ടിയുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അമ്മ ആനയുടെ മുലപ്പാലിലെ പോഷകങ്ങൾക്ക് വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നത് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആനപ്പാലിലെ ഇത്തരം പോഷകാംശങ്ങളും വ്യതിയനങ്ങളും കണ്ടെത്തി അനാഥരായ ആനക്കുട്ടികൾക്ക് അനുയോജ്യമായ പാൽപ്പൊടി വികസിപ്പിക്കാനായാൽ അവയുടെ അതിജീവനം എളുപ്പമാക്കാൻ നമുക്കാകും. യഥാർത്ഥത്തിൽ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം അത്തരം പരീക്ഷണങ്ങളുടെ കേന്ദ്രമായി മാറേണ്ടതാണ്.

സാൻ ഡിയാഗോ മൃഗശാലയിൽ ആനയെ കറക്കുന്നു

ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്. കാലിഫോർണിയയിലെ സാൻ ഡിയാഗോ മൃഗശാല സഫാരി പാർക്കിൽ ഗംഭീരമായ പഠനങ്ങൾ നടന്നിട്ടുണ്ട്. അവിടെത്തന്നെ ആനകൾ ഇണചേർന്ന് പ്രസവിക്കുന്നതിനും അവയെ കറന്ന് വിവിധ കാലഘട്ടങ്ങളിലെ പാലെടുത്ത് പഠന വിധേയമാക്കുന്നതിനുമാണ് അവർ ശ്രമിച്ചത്. ആഫ്രിക്കൻ പെണ്ണാനകൾക്കും നീളൻ കൊമ്പുണ്ട് എന്നതിനാൽ പൊടിമക്കളുള്ള അമ്മയാനകൾ വൻതോതിൽ അവിടെ വേട്ടയാടപ്പെടുന്നുണ്ട്. അങ്ങനെ അനാഥമാകുന്ന ആനക്കുട്ടികളുടെ അതിജീവനം ലക്ഷ്യമിട്ടാണ് ഈ പഠനങ്ങൾ അവിടെ നടക്കുന്നത്. ഇന്ത്യൻ ആനകളുടെ പഠനവും അവിടെ നടത്തുന്നുണ്ട് എങ്കിലും അത്തരം ഒരു ശിശുഭക്ഷണം അവർ വികസിപ്പിച്ചാലും നമുക്കത് സാമ്പത്തീകമായി താങ്ങാവുന്നതിനും അപ്പുറമായിരിക്കും. നാം തന്നെ നമ്മുടെ ആനക്കുട്ടികളുടെ രക്ഷക്കായി രംഗത്തിറങ്ങേണ്ടതുണ്ട്. കൊറോണാ വാക്സിനിൽ എന്നപോലെ, ഏഷ്യൻ ആനകളുള്ള മുഴുവൻ രാജ്യങ്ങളെയും ഈ ശിശു ഭക്ഷണത്തിൻ്റെ കണ്ടെത്തലിലൂടെ സഹായിക്കാൻ നമുക്കാകും.

കോട്ടൂരിൽ ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങളുമായാണ് ശ്രീക്കുട്ടി ആറുമാസത്തോളം കഴിഞ്ഞത്. പിന്നീട് അവൾ ചുണക്കുട്ടിയായി. അവസരം കിട്ടുമ്പോഴൊക്കെ അവളെ കാണാനും ഓമനിക്കാനും ഞാൻ സമയം കണ്ടെത്തി. വിളിക്കുമ്പോൾ അവൾ കുണുങ്ങി ഓടി എൻ്റെ അടുത്തുവന്നു. പലപ്പോഴും പാൽക്കുപ്പി ഞാനവൾക്കുനേർക്ക് നീട്ടുമ്പോൾ അവൾ കുറുകി. പാൽ കുടിക്കുന്നതിനിടയിൽ ഒളികണ്ണിട്ട് നോക്കി. ഇടക്കൊക്കെ വാശിക്കാരായ കുട്ടികളെപ്പോലെ മടിയിൽ കയറാൻ ശ്രമിച്ചു. എൻ്റെ വനജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങൾ അവൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അവൾ കോട്ടൂരിൽ എത്തിയതിൻ്റെ ഒന്നാം വാർഷികമാണ് ഞങ്ങൾ അതിജീവനത്തിൻ്റെ പിറന്നാൾ ദിനമാക്കുന്നത്.

ഞാൻ അവളുടെ കൂടിന് സമീപം എത്തുമ്പോൾ പാപ്പാന്മാരായ ബിജുവും ശ്രീജിത്തും അവർക്ക് പാൽപ്പൊടി കാച്ചിക്കൊടുത്തു കഴിഞ്ഞിരുന്നു. വല്ലാത്തൊരു തിരക്കോടെ അവൾ ഓടിവന്നു. അതിജീവനത്തിൻ്റെ ഒരു വർഷം ! ആ കുഞ്ഞു തുമ്പിയിൽ തൊടുമ്പോൾ നനഞ്ഞത് എൻ്റെ ഉള്ളായിരുന്നു.

ഏഴുമണിക്കുതന്നെ കുളിച്ച് സുന്ദരിക്കുട്ടിയായി അവൾ ഒരുങ്ങി. നെറ്റിയിൽ ചന്ദനവും ഭസ്മവും തൊട്ടു. പാപ്പാന്മാരായ ബിജുവും ശ്രീജിത്തും ഉത്സാഹത്തോടെ അവളുടെ നനുത്തുനീണ്ട ഉടൽരോമങ്ങൾ തൂത്തും തുടച്ചും കൊണ്ടിരുന്നു.

8 മണിക്കേ വാഹനങ്ങൾ വന്നുതുടങ്ങി. പ്രാദേശിക വാസികളും മാധ്യമക്കാരുമായിരുന്നു കൂടുതൽ. വാർഡൻ J R അനിസാറിൻ്റെ അനുമതിയോടെ പരമാവധി മാധ്യമങ്ങളെയും സോഷ്യൽ മീഡിയ വ്ലോഗർമാരെയും പിറന്നാൾ അറിയിച്ചിരുന്നു. സങ്കേതത്തിലെ മുഖ്യ പാപ്പാൻ ബാബുരാജിൻ്റെ മേൽനോട്ടത്തിൽ അവൾക്ക് നൽകാറുള്ള പ്രത്യേക ചേരുവയിലുള്ള ചോറ് ഒരു കേക്കിൻ്റെ മാതൃകയിൽ തയ്യാറാക്കി. 9 മണിയോടെ മറ്റാനകളെല്ലാം ചുറ്റും നിരന്നിപ്പോൾ പിറന്നാൾകേക്ക് വെച്ച മേശക്കരികിലേക്ക് അവൾ കുണുങ്ങിയെത്തി !

ചുറ്റും നൂറുകണക്കിന് ആളുകൾ കയ്യടിച്ച് അവളെ സ്വാഗതം ചെയ്തു. കഴുത്തിൽ മണികെട്ടി, ഒരു പൊന്നാട ചുററി, തലയിൽ ഒരു ജമന്തിപ്പൂവും ചൂടിയാണ് അവൾ വന്നത്. ചുറ്റുമുള്ളവരുടെ കൈയടികേട്ട് അവൾ ഒന്ന് അമ്പരന്നെങ്കിലും പാപ്പാന്മാർ ഇരുപുറവും നിന്ന് അവളെ മേശക്കരികിൽ എത്തിച്ചു. മനുഷ്യരെയാണ് ഞാൻ ശ്രദ്ധിച്ചത്. ആ മുഹൂർത്തം അല്പം ദൂരെ നിന്നേ എനിക്ക് കാണേണ്ടതുള്ളൂ. മഹാദുരന്തം നേരിട്ടവരുടെ മുഖത്ത് മടങ്ങിയെത്തിയ സന്തോഷത്തിൻ്റെ തിളക്കം അവിശ്വസനീയതയോടെ ഞാൻ കണ്ടുനിന്നു ! ശ്രീക്കുട്ടിക്ക് നേർക്ക് നീളുന്ന ഓരോ കണ്ണിലും മാനവീയത എന്ന മഹത്തായ വികാരം വായിച്ചെടുക്കാൻ കഴിയുമായിരുന്നു !!

ശ്രീക്കുട്ടിയുടെ പിറന്നാൾ

അവൾ തുമ്പിക്കൈ കൊണ്ട് പിറന്നാൾ കേക്ക് പൊട്ടിച്ചു. പാപ്പാന്മാർ അത് അവളുടെ വായിൽ വച്ചുകൊടുത്തു. ക്യാമറകൾ അത് പകർത്തിയെടുത്തു. വന്നുകൂടിയവർക്കെല്ലാം മധുരം നൽകിയാണ് പിറന്നാൾ ആഘേഷം അവസാനിച്ചത്.

ഉച്ച കഴിഞ്ഞപ്പഴേ TV ചാനലുകൾ ശ്രീക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചു തുടങ്ങി. പിറ്റേന്ന് പത്രങ്ങളിലാകെ കളർ ചിത്രവും വാർത്തയും ! ഇത്ര വാർത്താപ്രാധാന്യമുള്ള പരിപാടി മന്ത്രിയെ അറിയിക്കാത്തതിൽ ചിലരുടെ വിമർശനമുണ്ടായി. രണ്ടു ദിവസത്തിനു ശേഷം മന്ത്രി ആനസങ്കേതത്തിലെത്തി പിറന്നാൾകാരിക്ക് മധുരം നൽകയതോടെ പരിഭവം സന്തോഷമായി മാറി.

ശ്രീക്കുട്ടി വാർത്തകളിൽ നിറഞ്ഞതോടെ അവളെ കാണാൻ ആളുകളുടെ ഒഴുക്ക് ആരംഭിച്ചു. EDC ഗൈഡുകളുടെ വേതനം അഞ്ചു ദിവസത്തിൽ നിന്നും പത്തിലേക്കും പതിനഞ്ചിലേക്കും വർദ്ധിപ്പിക്കാൻ ശ്രീക്കുട്ടിക്കായി. എങ്കിലും കോവിഡിൻ്റെ രണ്ടാം തരംഗം വൻമരം പോലെ ആ അതിജീവന ശ്രമങ്ങൾക്കു മേൽ കടപുഴകിവീണു !

2021 മാർച്ചുമാസത്തോടെ രണ്ടാം മരണ തരംഗം ഇരച്ചെത്തുമ്പോൾ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ആദിവാസി ഊരുകളിലേക്ക് രോഗം എത്തരുതേ എന്ന്. പുതിയ രോഗങ്ങളെ അതിജീവിക്കാനുള്ള ജനിതക തയ്യാറെടുപ്പുകൾ പലപ്പോഴും ഗോത്രസമൂഹത്തിന് ഉണ്ടാകാറില്ല. യൂറോപ്യൻ കുടിയേറ്റക്കാർ കൊണ്ടുചെന്ന പുതിയ രോഗങ്ങൾ കോടിക്കണക്കായ അമേരിക്കൻ ഗോത്രവംശജരെ കൊന്നൊടുക്കിയ ചരിത്രം നമുക്കുമുന്നിലുണ്ട്. ഊരുകളിലേക്കുള്ള റോഡുകൾ ആദ്യംതന്നെ അടച്ചു. കർശന പരിശോധനക്ക് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. ഏതാനും ദിവസം കഴിഞ്ഞ് പുറത്ത് കവലകളിലെ കടകൾക്കും താഴുവിണു.വൈകാതെ ആ യാഥാർത്ഥ്യം ഞങ്ങളെത്തേടി വന്നു – ഊരുകൾ വറുതിയിലേക്ക് നീങ്ങുകയാണ് ! എന്തെങ്കിലും ചെയ്തേ മതിയാകൂ.

അങ്ങനെയാണ് ‘വനിക’ എന്ന ആശയവുമായി വൈൽഡ് ലൈഫ് വാർഡനെ സമീപിച്ചത്. കോട്ടൂർ സെക്ഷനിൽ ഒരു ഓൺലൈൻ വിപണനകേന്ദ്രം തുടങ്ങുക. ഊരുകളിൽ നിന്നും കാർഷിക വിഭവങ്ങൾ ശേഖരിക്കുക. അതിനു പകരമായി അതത് കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കൾ വാങ്ങി വീട്ടിലെത്തിക്കുക.

വാർഡൻ അനുവദിച്ച ഒരു ലക്ഷം രൂപയുമായി വനിക ആരംഭിച്ചു. കോട്ടൂർ സെക്ഷനിലെ SFO സിനുകുമാറും BF0 ഗോപികയും അക്ഷീണമയ മേൽനോട്ടം വഹിച്ചു. വനികയുടെ വാട്ട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉല്പന്ന വിവരങ്ങൾ ജനങ്ങളിലെത്തി. ഊരുകളിലെ തേനും കപ്പയും ചക്കയും മുതൽ വാഴക്കൂമ്പും ചേമ്പിൻതാളും വരെ തലസ്ഥാന നഗരത്തിലെ മന്ത്രി മന്ദിരങ്ങളിലേക്കും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും വണ്ടി കയറി. പകരം മരുന്നുകളും നിത്യോപയോഗ സാധനങ്ങളും കൃത്യമായി ഊരുകളിലെത്തി.

വനികയുടെ ഉല്പന്ന വിപണനം

വനികയെ സഹായിക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും തയ്യാറായി. TV ഇല്ലാത്ത 10-ാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും TV നൽകി ഓൺലൈൻ പഠനം സാധ്യമാക്കി. വനിക തന്നെ നേരിൽ സമാന്തര പഠനകേന്ദ്രം തുറന്ന് ഊരിലെ ഹൈസ്ക്കൂൾ കുട്ടികൾക്ക് ക്ലാസുകൾ നൽകി.

അതിജീവന സമരത്തിൽ ഞങ്ങൾ ഇടപെട്ട് സ്വന്തമായി നിർമ്മിച്ച മാസ്ക്കും അച്ചാറും മറ്റും ഊരുകളിൽ വിതരണം ചെയ്തു കൊണ്ടിരുന്നു. സന്നദ്ധ പ്രസ്ഥാനങ്ങൾ എത്തിച്ചുനൽകിയ സാനിറ്ററി നാപ്കിനുകളുടെ വിതരണം ഒരു മഹാദുരന്ത ഭൂമിയിലെ സുഷമമായ ക്ഷേമനിരീക്ഷണത്തിൻ്റെ അടയാളമായിരുന്നു. വനികയുടെ പച്ചക്കറികൾക്ക് വൻ ഡിമാൻ്റ് വന്നതോടെ വനം മന്ത്രി ശ്രീ. കെ. രാജു നേരിട്ടെത്തി വിപുലമായ ജൈവകൃഷിക്ക് വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു. മരണവാർത്തകൾ നാടിനെ കീഴടക്കുമ്പോൾ ചെറുത്തുനില്പുകളുടെ വാർത്തകളുമായി അഗസ്ത്യവനം റെയ്ഞ്ച് തിളങ്ങിനിന്നതിൻ്റെ അടയാളമായിരുന്നു ജീവനക്കാർക്ക് ലഭിച്ച ഗുഡ് സർവ്വീസ് എൻട്രി.

മന്ത്രി കെ. രാജു ജൈവ കൃഷി ഉദ്ഘാടനം ചെയ്യുന്നു.

അതിജീവനത്തിൻ്റെ ആ കഥ മാധ്യമങ്ങൾ മുതൽ മുഖ്യമന്ത്രി വരെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴും എനിക്ക് നന്ദി പറയാനുണ്ടായിരുന്നത് കാടിനോട് മാത്രമായിരുന്നു. കാട് പറഞ്ഞുതരാത്ത ഒരതിജീവന മന്ത്രവും എനിക്കറിയില്ലല്ലോ!

വനം അതിജീവിച്ചാൽ മനുഷ്യനും അതിജീവിക്കും എന്നു പഠിപ്പിച്ച മഹത്തുക്കൾക്ക് പ്രണാമം !

വനരക്ഷ, മാനവരക്ഷ !!

( എൻ്റെ സേവനകാലം അവസാനിച്ച് ഒരു മാസം തികയുംമുമ്പേ ശ്രീക്കുട്ടി രോഗത്തിനും മരണത്തിനും കീഴടങ്ങി )

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.