കാട് കാതിൽ പറഞ്ഞത് – 12

അമ്മിഞ്ഞ

ഞങ്ങളെത്തുമ്പോൾ അവൾ അമ്മിഞ്ഞ കുടിക്കുകയായിരുന്നു.

കാടിനു പുറത്ത് ഒരു പുരയിടത്തിലാണ് നിൽക്കുന്നത് എന്നത് അവൾ കാര്യമായി പരിഗണിച്ചില്ല. എങ്കിലും ഇന്നത്തെ ചില പ്രത്യേകതകളുടെ അമ്പരപ്പ് അവളുടെ നീർനിറഞ്ഞ കണ്ണുകളിൽ ഉണ്ടായിരുന്നു. അമ്മ ചുരത്തുന്ന ചൂടുപാൽ കവിൾനിറഞ്ഞ് വടവായിലൂടെ ഒലിച്ചൊഴുകുന്ന പതിവ് തെറ്റിയിപ്പോയിരിക്കുന്നു. തുമ്പിക്കൈകൊണ്ട് തന്നെ ചേർത്തു നിർത്തി തടവുകയും ഉഴിയുകയുമൊക്കെ ചെയ്യുമ്പോഴേ വാവക്ക് വിശന്നു തുടങ്ങിയെന്ന് അമ്മക്ക് മനസ്സിലാകും. അപ്പോൾ അമ്മ തന്നെയാണ് മുൻകാലുകൾ അല്പം അകത്തിവെച്ച് അമ്മിഞ്ഞയുടെ അടുത്തേക്ക് തന്നെ ചേർത്തുനിർത്തുക. എന്നിട്ട്, അമ്മ അനങ്ങാതെ നിന്നുതരുകയാണ് പതിവ് .

ഇന്നു പക്ഷേ അമ്മ ചരിഞ്ഞ് കിടന്നു തന്നു.

ആ കിടപ്പിലും കുഞ്ഞിന് പാലു കുടിക്കാൻ പാകത്തിൽ മുകളിലുള്ള ഇടതു കൈ അല്പം മുന്നോട്ടു മാറ്റിവെച്ച് അമ്മിഞ്ഞ മറഞ്ഞു പോകാതിരിക്കാൻ അമ്മ ശ്രദ്ധിച്ചിരുന്നു !

എന്നിട്ടുമെന്താണ് കുഞ്ഞ് നെറ്റികൊണ്ട് എത്ര തട്ടിയിട്ടും ആഞ്ഞുവലിച്ചിട്ടും അകിട് ചുരത്താത്തതും പാൽ കിനിയാത്തതും ? എന്തൊരുറക്കമാണ് ഈ അമ്മ ! കുഞ്ഞിന് വിശുന്നു തുടങ്ങിയിട്ട് നേരമെത്രയായി ?

ഒരു വയസ്സിൽ താഴെമാത്രം പ്രായമുള്ള ആ പിടിയാനക്കുട്ടി അങ്ങനെയൊക്കെ വിചാരിച്ചിട്ടുണ്ടാകാം. തൻ്റെ അമ്മ മനുഷ്യർ വന്യമൃഗങ്ങളെ വേട്ടയാടാൻ വലിച്ചിട്ട വൈദ്യുതക്കമ്പിയിൽ തട്ടി മരിച്ചു കിടക്കുകയാണെന്ന് അവൾക്കറിയില്ലല്ലോ !!

വീണടിഞ്ഞു കിടക്കുന്ന അമ്മയുടെയും ചുറ്റും പാഞ്ഞു നടക്കുന്ന കുഞ്ഞിൻ്റെയും അടുത്തേക്ക് ചെല്ലാനുള്ള വനപാലകരുടെ ശ്രമത്തെ അവൾ ഓടിവന്ന് തടഞ്ഞു കൊണ്ടിരുന്നു. അപ്പോൾ അവളുടെ നെറ്റിയിലേക്ക് തൂകിവീണ തലരോമങ്ങൾ എഴുന്നുനിൽക്കുകയും കണ്ണ് തുറിച്ച് കൃഷ്ണമണിക്കുചുറ്റുമുള്ള വെളുത്ത ഭാഗം വെട്ടിത്തിളങ്ങുകയും ചെയ്തു. വാവയ്ക്ക് എത്ര വിശന്നാലും സാരമില്ല, ആരും എൻ്റെ അമ്മയുടെ ഉറക്കം തടസ്സപ്പെടുത്തരുത് എന്നൊരു വാശി, അവളുടെ ചീറ്റിക്കൊണ്ടുള്ള ആ കുതിച്ചു വരവിൽ ഉണ്ടായിരുന്നു !!

അമ്മയുടെ മൃതദേഹത്തിൽ മുലകുടിക്കുന്ന ആനക്കുട്ടി.

2021 ജനുവരി 20 നാണ് തിരുവനന്തപുരം വനം ഡിവിഷനിലെ പാലോട് റെയ്ഞ്ചിലെ കല്ലാർ ഭാഗത്ത് റബ്ബർ തോട്ടത്തിലിറങ്ങിയ അമ്മയാന വൈദ്യുതി വയറിൽ നിന്നുള്ള കരണ്ട് ഏറ്റ് ചരിഞ്ഞത്. ആ കമ്പി വലിച്ചിട്ട ആളിൻ്റെ വീട്ടിലെ ഫ്യൂസ് പോയതുകൊണ്ടു മാത്രം കുട്ടിയാന രക്ഷപെട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് വെറ്റിനറി ഡോക്ടറും പരിശീലനം സിദ്ധിച്ച ആനപ്പാപ്പാൻമാരും അടങ്ങിയ ഞങ്ങളുടെ സംഘം കുട്ടിയെ വീണ്ടെടുക്കാൻ കല്ലാറിലേക്ക് പോയത്. അന്നു ഞാൻ അഗസ്ത്യവനം ബയോളജിക്കൽ പാർക്കിൽ ( ആന പുനരധിവാസ കേന്ദ്രത്തിലെ ) ഡെപ്യൂട്ടി വാർഡനായിരുന്നു.

മാതൃസ്നേഹത്തിൻ്റെ ഉയിരും ഉടൽ രൂപങ്ങളുമാണ് ആനകൾ. അമ്മയുടെ വാത്സല്യത്തെക്കുറിച്ചുള്ള പൊതുബോധത്തിൽ നിന്നും ആനകളെ കുറച്ച് ഉയരത്തിൽ നിർത്തിയേ മതിയാകൂ എന്നാണ് എൻ്റെ അഭിപ്രായം. അമ്മക്കൂട്ടം എന്ന നിലയിൽ പ്രകൃതി ആനകളുടെ സാമൂഹ്യ ജീവിതത്തെ പരുവപ്പെടുത്തിയതുതന്നെ കുഞ്ഞുങ്ങളുടെ അതിജീവനത്തിനായിട്ടാണ് എന്നു തോന്നുന്നു. അങ്ങനെ ഓരോ അമ്മയാനയും മാത്രമല്ല, ഓരോ ആനക്കൂട്ടവും മാതൃസ്നേഹത്തിൻ്റെ ഒരു സംയോജിത വിപുലശരീരവും മന:സ്സുമായി പ്രവർത്തിക്കുന്നു.

കുടുംബത്തിനുള്ളിലെ ഇണ ചേരൽ (Internal breeding) ഒഴിവായാലേ അതിജീവന ശേഷിയുള്ള കുഞ്ഞുങ്ങൾ ഉണ്ടാകൂ. അതിനാണ് മുതിർന്ന ആണുങ്ങളെ ആനക്കൂട്ടങ്ങൾ ഗ്രൂപ്പിന് പുറത്താക്കുന്നത്. അവർ നൽകാവുന്ന കരുത്തും പ്രതിരോധവും ആത്മവിശ്വാസവും പോലും കൂട്ടത്തിന് വേണ്ടെന്ന് പ്രകൃതി തീരുമാനിച്ചത്, നല്ല മക്കളെ സൃഷ്ടിച്ചെടുക്കാനാണ് !

ആനക്കൂട്ടങ്ങളുടെ കുരുന്നുകളോടുള്ള വാത്സല്യം കല്ലിൽ പോലും കന്മദം ചുരത്താൻ പോന്നതാണ് ! അതുകണ്ടിട്ട് ഒരാളുടെ കണ്ണിലോ തൊണ്ടക്കുഴിയിലോ ഒരു നീരനക്കം, അബോധത്തിൽ നിന്നും ചിരിയുടെ മുഖപേശികളിലേക്കോ ഉടലിൻ്റെ ഉള്ളിൽ എവിടെയെങ്കിലുമോ ഒരു വലിവ്, കാലിൻ്റെയോ കൈയുടെയോ വിരൽത്തുമ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നില്ലെങ്കിൽ, വികാരശൂന്യത എന്ന മനുഷ്യവിരുദ്ധ മഹാരോഗം അയാളെ ബാധിച്ചുതുടങ്ങി എന്നാണ് അതിനർത്ഥം !!

മാതൃസ്നേഹത്തിൻ്റെ ആ മഹാമേരുക്കളെ കണ്ടുനിന്ന്, കാലം എനിക്കുമുന്നിൽ അപ്രതീക്ഷിതമായി വച്ചുനീട്ടിയ വനപാലനം എന്ന തൊഴിലിനെ ആയിരംതവണ ആത്മഹർഷത്തോടെ പ്രണമിച്ചുപോയിട്ടുണ്ട്. ആനക്കൂട്ടത്തിലെ കുഞ്ഞ് അവർക്ക് ഒരു പൊതുസ്വത്താണ്. അതിനെ മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കാനും ഉടൽ കൊണ്ട് ജൈവമതിൽ പണിത് സംരക്ഷിക്കാനും അവർ കാട്ടുന്ന ഒരുമ കൗതുകകരമാണ്. പെറ്റമ്മയുടെ അമ്മിഞ്ഞ മാത്രമല്ല, പോറ്റമ്മമാരുടേതും കുസൃതിക്കുരുന്നുകൾ ചപ്പി നടക്കും! കഥകളിൽ വായിച്ച, അമ്പാടിയിലെ ഉണ്ണിക്കണ്ണൻ്റെ മാതൃസമൃദ്ധിയുടെ ധന്യത അപ്പോൾ കാടിന്റെയും കൂടിയായിത്തീരും !!

ആനകൾക്ക് പല കാര്യങ്ങളിലും മനുഷ്യരുമായി താരതമ്യമുണ്ടത്രേ. സാമൂഹ്യജീവി എന്നതാണ് അതിലൊന്ന്. മുപ്പതോളം തരത്തിലുള്ള ശബ്ദ സന്ദേശങ്ങളിലൂടെ സ്വകീയമായ ഒരു ആശയവിനിമയ ഭാഷ അവർക്കുണ്ട് എന്ന് ഡോ: ജോയിസ് പോളിനെപ്പോലെ ( Dr.Joyce Poole) അരനൂറ്റാണ്ടായി ഈ രംഗത്ത് ശാസ്ത്രിയ പഠനം നടത്തുന്നവർ സാഷ്യപ്പെടുത്തുന്നു. അവ മരണത്തിൽ അനുശോചിക്കുകയും കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ വിലാപയാത്രയായി കൊണ്ടുപോയി ഒരു പൊതുശ്മശാനത്തിൽ സംസ്ക്കരിക്കുകയും ഒക്കെ ചെയ്യുന്നത് ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണിന്ന് . പക്ഷേ, പ്രത്യക്ഷത്തിൽ ആനകൾക്ക് മനുഷ്യനുമായുള്ള സാമ്യം അതിൻ്റെ സ്തനങ്ങൾ നെഞ്ചിലാണ് എന്നതാണ് !

എന്തിനാവും പ്രകൃതി മനുഷ്യനും കുരങ്ങുകൾക്കും മറ്റും പാൽഗ്രന്ഥികൾ നെഞ്ചിൽത്തന്നെ സ്ഥാപിച്ചു കൊടുത്തത് ? അതിന് പല ന്യായങ്ങളും ജന്തുജാതികളെക്കുറിച്ച് പഠിക്കുന്നവർ മുന്നോട്ടു വെക്കുന്നുണ്ട്. കുഞ്ഞ് ഒന്നേ ഉണ്ടാകാറുള്ളു എന്നതിനാൽ കൂടുതൽ സുരക്ഷിതമായി അവരെ പരിപാലിക്കാൻ ആണത്രേ കൈകൾക്ക് കൂടുതൽ സ്വാതന്ത്ര്യമുള്ള മനുഷ്യർക്കും കുരങ്ങുകൾക്കും അത്തരം ഒരാനുകൂല്യം പ്രകൃതി നൽകിയത്. അതുകൊണ്ട് സഞ്ചരിക്കുമ്പോഴും മുലയൂട്ടാൻ മനുഷ്യർക്കും കുരങ്ങുകൾക്കും സാധിക്കും. ഹൃദയ ധമനികളിൽ നിന്ന് പാൽ ഞരമ്പുകളിലേക്കുള്ള അകലം കുറച്ചതുവഴി സാധ്യമാക്കിയ, കൂടുതൽ കാര്യക്ഷമമായ പാലൂട്ടലാണ് മറ്റൊരു ലക്ഷ്യമത്രേ. അങ്ങനെയാണ് ഈ ശിശുക്കൾക്ക് അമ്മയുടെ കണ്ണിനും കാതിനും ചുണ്ടിനുമൊക്കെ തൊട്ടടുത്ത്, അവരുടെ കൺവെട്ടത്തിൽ, നിശ്വാസമേറ്റ്, ഉമ്മകൾ സ്വീകരിച്ച്, ഹൃദയതാളം കേട്ട്, നെഞ്ചിലെ ചൂടിൽ ചുരത്തുന്ന മുലപ്പാൽ കുടിക്കാൻ അവസരം ലഭിക്കുന്നത്. ആനകളുടെ കാര്യത്തിൽ പ്രകൃതി അതേ കാരുണ്യമായിരിക്കും പുറത്തെടുന്നത് !

ആ കാരുണ്യത്തിൻ്റെ അവസാന അമൃത ബിന്ദുക്കൾ സ്വീകരിക്കാൻ ആ കുഞ്ഞ് അമ്മയുടെ മുൻകാലുകൾക്കിടയിൽ മുഖം പൂഴ്ത്തിയ സമയത്താണ് കുറഞ്ഞ ഡോസിലുള്ള മയക്കുമരുന്ന് അവൾക്ക് നൽകിയത്. അങ്ങനെയേ അവളെ പിടിക്കാൻ കഴിയുമായിരുന്നുള്ളൂ. മയക്കത്തിൽ ആലസ്യത്തിൽ അവൾ അവസാനമായി അമ്മിഞ്ഞയിൽ നിന്നും ചുണ്ടുവിടർത്തുമ്പോൾ ആ മുലക്കണ്ണ്, ഒരു പാൽത്തുള്ളിയുടെ അംശം വിടപറയുന്ന തൻ്റെ പൊന്നോമന കുഞ്ഞിനായി പുറത്തേക്ക് വച്ചുനീട്ടി സാവധാനം പിൻവലിഞ്ഞ് ആ മൃതദേഹത്തിലേക്ക് പറ്റിച്ചേർന്നു!! തൻ്റെ കുഞ്ഞ് സുരക്ഷിതമായ കൈകളിലാണ് എത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെടുംവരെ ആ മുലക്കണ്ണകൾ മാതൃത്വത്തിൻ്റെ ആറാം ഇന്ദ്രിയമായി ഉണർന്ന് കാത്തിരുന്നതുപോലെ ആ മടക്കം തോന്നിപ്പിച്ചു !!

കേരളത്തിലെ ഒരേയൊരു ആന പുനരധിവാസ കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിലുള്ളത്. ഒരേ സമയം 20 ആനകൾ വരെയുള്ള അവസ്ഥ അവിടെ ഉണ്ടായിരുന്നു. ഒറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന ആനക്കുട്ടികൾ, പരിക്കേറ്റതോ മയക്കുവെടിവെച്ച് പിടിച്ചതോ ആയ കാട്ടാനകൾ, അനധികൃതമായി നാട്ടിലെത്തിച്ചതോ പീഢനത്തിന് ഇരയായതോ ആയ നാട്ടാനകൾ, 65 വയസ്സു കഴിഞ്ഞ പെൻഷൻകാർ എന്നിങ്ങനെ നാലുതരം ആനകളെയാണ് ഇവിടെ പരിപാലിക്കുന്നത്. ഇതിൽ ആദ്യ വിഭാഗക്കാരുടെ കൂട്ടത്തിലേക്കാണ് ഈ ആനക്കുട്ടിയെ ഉൾപ്പെടുത്തേണ്ടത്.

ഉത്സാഹത്തോടുകൂടിയണ് കോട്ടൂരിലെ വനപാലകരും പാപ്പാന്മാരും ഇക്കോ ഡെവലപ്മെൻ്റ് കമ്മറ്റി അംഗങ്ങളും പുതിയ കുടുംബാംഗത്തെ
സ്വീകരിച്ചത്. മയക്കം മാറാനുള്ള ആൻ്റിഡോസ് കൊടുത്തത്തോടെ അന്തംവിട്ട പരാക്രമവും പരിഭ്രമവുമാണ് അവൾ ആദ്യ ദിവസം പുറത്തെടുത്തത്. ആനകളുടെ രജിസ്റ്ററിലും ചികിത്സാരേഖയിലുമെല്ലാം പുതിയ അംഗത്തിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിൽ ഒന്ന് അവൾക്ക് ഒരു പേരിടുക എന്നതാണ്. കല്ലാറിൽ നിന്ന് ലഭിച്ചതിനാൽ കല്യാണി എന്നുവിളിക്കാം എന്ന അഭിപ്രായം ചിലരിൽ നിന്നുണ്ടായി. അത് എനിക്ക് സ്വീകാര്യമായി തോന്നിയില്ല. ഇതിന് തൊട്ടുമുമ്പ് തെന്മല അമ്പനാട് എസ്റ്റേറ്റിൽ നിന്നും കുഴിയിൽവീണ് ലഭിച്ച ഒരാനക്കുട്ടി ഇവിടെ വന്നിരുന്നു. അവളെ കിട്ടിയപ്പോഴേ റെയ്ഞ്ച് ഓഫീസർ എം. അജീഷ് സാർ (ഇപ്പോൾ അദ്ദേഹം അസി. കൺസർവേറ്റർ ആണ്) ‘ശ്രീക്കുട്ടി’ എന്ന് അവൾക്ക് പേരിട്ടിരുന്നു. കോട്ടൂരിൽ എത്തിക്കുമ്പോൾ ബഹുമാന്യ സുഹൃത്തായ അദ്ദേഹം ഒരുകാര്യം മാത്രമാണ് എന്നോട് ആവശ്യപ്പെട്ടത്. ആ പേര് മാറ്റരുത് ! അത് കൃത്യമായി ഞാൻ പാലിച്ചു. (ശ്രീക്കുട്ടിയുടെ കഥ മറ്റൊരവസരത്തിൽ പറയാം.)

ഈ ആനക്കുട്ടിക്ക് ഞാനിടുന്ന പേര് വിവാദമാകാം എന്നതിനാൽ, അവളെ കാണാനെത്തിയ വൈൽഡ് ലൈഫ് വാർഡൻ ജെ. ആർ. അനിസാറിനോട് ഞാൻ പിൻതുണ അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹം സന്തോഷപൂർവ്വം ആ പേരിടീലിന് എന്നേ ചുമതലപ്പെടുത്തി. എന്നാൽ, ആ ആനക്കുട്ടിക്ക് പേരുതേടുമ്പോൾ, അവസാനത്തെ ഇത്തിരി പാൽത്തുള്ളി മകൾക്കായി വച്ചുനീട്ടി സാവധാനം അമ്മയുടെ നെഞ്ചിലേക്ക് പിൻവലിഞ്ഞുപോകുന്ന ആ അമ്മിഞ്ഞക്കണ്ണ് മാത്രമേ എൻ്റെ ചിന്തയിലും കൺമുന്നിലും ഉണ്ടായിരുന്നുള്ളൂ ! ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എത്ര മക്കൾക്ക്, എത്ര വീടുകൾക്ക്, എത്ര ലേഖനങ്ങൾക്ക് പേരുകുറിച്ചതാണ് ഞാൻ ! വൃശ്ചികത്തിലെ ഏഴിലംപാല പോലെ നിറയെപൂത്ത് നറുമണമുള്ള പേരുകൾ കൊഴിക്കാറുള്ള എൻ്റെ ഭാവനയ്ക്ക് ഇന്നിവിടെ മൂകവിഷാദത്തിൻ്റെ ഒരു മൂന്നക്ഷരപേരേ വച്ചുനീട്ടാനുള്ളായിരുന്നു – അമ്മിഞ്ഞ !!

ആ മൂന്നക്ഷരങ്ങളുടെ ഭാരം എൻ്റെ നെഞ്ചിൽ ഇരുപ്പുറപ്പിച്ചു. ഞാനിത് മുമ്പ് അനുഭവിച്ചിരുന്നത് സൗപർണ്ണികയുടെ തീരത്തുവെച്ച് മാത്രമായിരുന്നു. മൂകാംബികാ ദർശനത്തിനുള്ള ഓരോ യാത്രയും, സൗപർണ്ണികയുടെ തീരത്ത് ഗുരുപാദരെ ഓർത്തിരിക്കാൻകൂടി ഉള്ളതാണ്. മുതലപ്പിടിയിൽ നിന്നുപോലും മക്കളെ മോചിപ്പിക്കുന്ന അമ്മയുടെ സ്നേഹവിളിയെ അവഗണിക്കാൻ ആ പരിത്യാഗിക്കടക്കം ആർക്കാണാവുക ?

ലേഖകൻ കുടജാദ്രിയിലെ സര്‍വജ്ഞ പീഠത്തിനരികെ

ആ മാതൃസ്നേഹത്തിൻ്റെ മഹാപ്രവാഹത്തിനു മുന്നിൽ പെരിയാറും സൗപർണ്ണികയുമൊക്കെ വെൺശംഖിലെ തീർത്ഥംപോലെ നേർത്തു പോകുന്നതും, ഗുരു താണ്ടിയ മഹാശൃംഗങ്ങൾ ബലിക്കല്ലുകൾ പോലെ ചെറുതായി പോകുന്നുതും അവിടെയിരുന്ന് കണ്ടിട്ടുണ്ട്. ആ വിഭ്രമ ദർശനത്തിൻ്റെ ഊർജ്ജത്തിൽ കുടജാദ്രിയുടെ നെറുകയിലേക്ക് ജീപ്പിലും നടന്നുമായി കയറിപ്പോകുമ്പോൾ, മൂകാംബികാ വന്യജീവി സങ്കേതത്തിലെ കാട്ടുവഴികളും വനവൃക്ഷ തണലുകളും അമ്മ, കുഞ്ഞിനെ എന്നപോലെ ഗാഢമായി ചേർത്തുപിടിച്ചിട്ടുണ്ട്. കിളികൾ താരാട്ടുപാടുന്നത്, വനവള്ളികൾ തൊട്ടിലാട്ടുന്നത്, മരംപെയ്യുന്ന നീർത്തുള്ളികൾ നെറുകയിൽ വിരലോടിക്കുന്നത്, കരിമ്പാറകൾ മുലചുരത്തുന്നത് കണ്ടിട്ടുണ്ട്. ഒടുവിൽ അമ്മിഞ്ഞപ്പാലു പോലെ മഞ്ഞോ മഴയോ പരന്നൊഴുകുന്ന പുൽമേടുകളിലൂടെ നടന്ന്, സർവ്വജ്ഞപീഠത്തിലെത്തി കൃഷ്ണശിലാ മണ്ഡപത്തിൽ അമർന്നിരിക്കുമ്പോൾ, കാറ്റ് കാതിൽ നിർത്താതെ മാതൃപഞ്ചകം ചൊല്ലിത്തന്നുകൊണ്ടിരിക്കും.

‘ആസ്താം താവദീയം
പ്രസൂതിസമയെ
ദുർവ്വാര ശുലവ്യഥാ
നൈരുച്യം തനുശോഷണം
മലമായീ ശയ്യാച സാംവത്സരീ…’

(പശ്ചാത്തലം: ബാല്യത്തിൽ ശങ്കരനെ അമ്മ ആര്യാംബ പെരിയാറിൽ കുളിപ്പിക്കുമ്പോൾ കുഞ്ഞിൻ്റെ കാലിൽ മുതല പിടികൂടി. മകനെ സന്യസിക്കാൻ വിടാം എന്ന് പ്രാർത്ഥിച്ചാൽ മുതല പിടിവിടും എന്ന് ശങ്കരൻ പറഞ്ഞപ്പോൾ അമ്മ അത് സമ്മതിക്കുകയും മുതല പിൻവാങ്ങുകയും ചെയ്തത്രേ. 8-ാം വയസ്സിൽ സന്യസിക്കാൻ പുറപ്പെടുമ്പോൾ ശങ്കരൻ അമ്മയോട് വാഗ്ദാനം ചെയ്തു – അമ്മ കാണണം എന്ന് ആഗ്രഹിക്കുമ്പോൾ എത്തിക്കൊള്ളാം എന്ന്. മരണശയ്യയിൽ അമ്മ മകനെ ഓർക്കുകയും ശ്രീ ശങ്കരൻ അമ്മക്ക് സമീപം എത്തുകയും ചെയ്തു. അമ്മയുടെ മരണാനന്തര കർമ്മങ്ങൾക്കു ശേഷം മാതൃത്വത്തെക്കുറിച്ച് ശങ്കരാചാര്യർ എഴുതിയ 5 ശ്ലോകങ്ങളാണ് മാതൃപഞ്ചകം.

‘പ്രസവ സമയത്ത്, നിഷ്ഠൂരമായ ശൂലം തറച്ചതുപോലുള്ള വേദന മാത്രമല്ലല്ലോ അമ്മ അനുഭവിച്ചത്. കുഞ്ഞ് ഉദരത്തിലായിരിക്കുമ്പോഴുള്ള രുചിയില്ലാഴിക, ശരീരം മെലിഞ്ഞുപോയത്, ഒരു വർഷത്തോളം കുഞ്ഞിൻ്റെ മലമൂത്രങ്ങളിൽ കിടക്കേണ്ടി വന്നത് അങ്ങനെ അങ്ങനെ. അതൊക്കെ പോയിട്ട്, 10 മാസം തന്നെ ചുമന്നതിൻ്റെ കൂലിപോലും ഏത് പ്രഗത്ഭനായ മകനും അമ്മക്ക് കൊടുത്തു തീർക്കാനാകുമോ ?’

മഹാപരിത്യാഗിയായ ശങ്കരാചാര്യർക്കുപോലും മാതൃത്വത്തിൻ്റെ മഹത്വത്തിനു മുന്നിൽ നമസ്ക്കരിച്ച് മതിവരുന്നില്ല !!) ‎

ഗർഭകാലത്ത് കുഞ്ഞിനു വേണ്ടി അമ്മ അനുഭവിച്ച ദുരിതങ്ങളുടെ കെട്ടഴിക്കുകയാണ് കുടജാദ്രി ! നീയെൻ്റെ കണ്ണുകൾക്ക് മുത്തുമണിയല്ലേ (മുക്താമണി ത്വം നനയനം മമേതി !) എന്നു ചോദിക്കുന്ന അമ്മമാരുടെ വലിയ നിര അപ്പോൾ കുടജാദ്രീ മുടികൾ കീഴടക്കുന്നതും സർവ്വജ്ഞപീഠം കയറുന്നതും കാണാനാകും !!

മാതൃത്വം എന്നത് ആണുങ്ങൾക്കുകൂടി അർഹതയുള്ള ഒരു പദവിയാണ്. നീരാളികളിലും കണവകളിലും അത് പ്രകടമാണ്. സന്താന സൃഷ്ടിക്കായി തൻ്റെ ജീവോർജ്ജം മുഴുവൻ ബീജമായി പെണ്ണിലേക്ക് കൈമാറുന്ന ഇക്കൂട്ടത്തിലെ ആണുങ്ങൾ ഇണചേരലിനുശേഷം മരിച്ചുവീഴും. അമ്മമാരുടെ ആയുസ്സ്, മക്കൾ മുട്ടവിരിഞ്ഞ് പുറത്തുവരുന്നത് വരെ മാത്രമാണ്. പസഫിക്ക് സാൽമനുകളും അമേരിക്കൻ വലഞ്ഞിലുകളും മറ്റും ഇതേപോലെ പ്രജനനത്തിനു ശേഷം അച്ഛനും അമ്മയും ആയുസ്സ് അറുതിയാകുന്ന ജീവിവർഗ്ഗങ്ങളാണത്രേ. ഏതോ പുരാണ കഥാപാത്രത്തെപ്പോലെ മക്കളിലേക്ക് ഉടലും ഉയിരുമായി പരകായപ്രവേശം ചെയ്ത് അവർ ജന്മലക്ഷ്യം സാധൂകരിക്കും !!

മക്കൾക്കായുള്ള പ്രകൃതിയിലെ അമ്മമാരുടെ അത്യാചാരമാണ് sexual cannibalism. ഇവിടെ, ഇണചേർന്നശേഷം പെൺപിറന്നവൾ ആണിനെ കൊന്നുതിന്നും ! തൊഴുകൈയൻ പുൽച്ചാടികൾ, ചിലയിനം ഓന്തുകൾ, ബ്ലാക്ക് വിഡോ വിഭാഗത്തിൽപ്പെട്ട ചിലന്തികൾ എന്നിവയിൽ ഇത് നടക്കുന്നുണ്ട്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ ആണിൻ്റെ ബീജം മാത്രംപോര, ഉടലിലെ മറ്റ് പോഷകങ്ങളും വേണം എന്നതിനാലാണത്രേ ഈ കടുംകൈ പ്രയോഗം പ്രകൃതിയിൽ നടക്കുന്നത്. അമ്മക്ക് ജീവിതത്തൽ ഒരു ലക്ഷ്യമേ പ്രകൃതി നിഷ്കർഷിച്ചിട്ടുള്ളൂ. മക്കളുടെ അതിജീവനം ! അതിനായി കഷ്ടതകളുടെയും ക്രൂരതകളുടെയും ഏതു കൊടുമുടിയും കയറാൻ അവ ഒരുക്കമാണ്. അമ്മമാരുടെ അത്തരം സമർപ്പണത്തിൻ്റെ ഒരു അടയാളവാക്യമാണ് കോട്ടൂരിൽ പുതിയ അംഗമായെത്തിയ ആനക്കുട്ടി.

അവൾക്ക് ഒരു പേരുവേണം ! വെറും പേരല്ല. അമ്മയുടെ സ്നേഹത്തിൻ്റെ പാൽരുചിയും കാരുണ്യത്തിൻ്റെ നറുമണവുമുള്ള ഒരു ഓമനപ്പേര്. ആ ആലോചനകൾ അപ്പോഴും, ഇന്നലെ ആ ആനക്കുട്ടി ചുറ്റിത്തിരിഞ്ഞതുപോലെ അമ്മ, അമ്മിഞ്ഞ എന്നീ ബിംബങ്ങൾക്ക് ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടിരുന്നു.

അക്ഷങ്ങൾകൊണ്ട് സർവ്വീസിൻ്റെ തുടർച്ച മുറിഞ്ഞവനാണ് ഞാൻ. ഫോറസ്റ്റർ ട്രയിനിങ്ങിനു ശേഷം റാന്നി രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലാണ് ജോലിക്ക് പ്രവേശിച്ചത്. അവിടുത്തെ സേവനകാലം ഒരുവർഷം തികയുംമുമ്പേ വനം ആസ്ഥാനത്തുനിന്നും ഒരു ഫോൺവിളി വന്നു. വൈൽഡ് ലൈഫ് എജ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ K G മോഹനൻപിള്ള സാറാണ്. ഉടൻ തിരുവനന്തപുരത്ത് എത്തണം. എത്തിയപ്പോൾ അദ്ദേഹം ഒരു വെള്ളപ്പേപ്പർ എടുത്തുനീട്ടി. ദേവസ്വം ബോർഡിൻ്റെ സന്നിധാനം മാസികയുടെ ശബരിമല തീർത്ഥാടന പതിപ്പിന് മുഖ്യവനപാലകൻ്റെ ഒരു സന്ദേശം വേണം. പലരും എഴുതിയത് അദ്ദേഹം നിരസിച്ചുപോലും. അങ്ങനെയൊന്ന് അപ്പോൾത്തന്നെ എഴുതിക്കൊടുത്തു.

അതുമായി PCCF ൻ്റെ ചേമ്പറിലേക്ക് പോയ അദ്ദേഹം വേഗം മടങ്ങിവന്നു. “നിങ്ങളെ ആശാരി സാർ വിളിക്കുന്നു” . യൂണിഫോമില്ല എന്ന് പറഞ്ഞപ്പോൾ ‘സാരമില്ല’ എന്ന് പറഞ്ഞ് എന്നേ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹീലപ്പ് ചെയ്ത് ഭവ്യതയോടെ നോക്കിനിന്നു. സ്യൂട്ടണിഞ്ഞ P K സുരേന്ദ്രനാഥൻ ആശാരി എന്ന PCCF, എഴുന്നേറ്റ് നിന്ന് ഹസ്തദാനത്തിന് കൈനീട്ടുന്നു!! ഫുഡ്ബോൾ പോലെ തോന്നിച്ച ആ വലിയ തലക്കുതാഴെ മാംസളമായ മുഖത്തെ വിടർന്നചിരികണ്ട് ഞാൻ അമ്പരന്നു. “നിങ്ങൾ ഇവിടെ FIB യിൽ ആണ് ജോലിചെയ്യേണ്ടത് ” അന്ന്, എൻ്റെ പൂങ്കാവനത്തിലെ ആദ്യ വനവാസകാലത്തിന് വിരാമമായി !!

തിരുവനന്തപുരം പി. ടി. പി നഗറിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ ശ്രീജിത്ത് എന്ന ആർട്ടിസ്റ്റ് എന്നെത്തേടി വന്നു. നാട്ടാന പരിപാലന ചട്ടം നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി മന്ത്രി ബിനോയ് വിശ്വത്തിന് മാധ്യമ പരസ്യം നൽകാൻ ഒരു കാപ്ഷൻ വേണം. ഒരുതുണ്ട് പേപ്പറിൽ അത് എഴുതി നൽകി.

‘തീവെയിലിൻ്റെ തിടമ്പ്,
അവഗണനയുടെ ആലവട്ടം,
വിശപ്പിൻ്റെ വെൺചാമരം,
നെറികേടിൻ്റെ നെറ്റിപ്പട്ടം,
സഹ്യൻ്റെ മകനും സഹിക്കുന്നതിന് ഒരതിരുണ്ട് ‘

അന്ന്, മന്ത്രി നേരിട്ട് എനിക്ക് വീണ്ടും FIB യിലേക്ക് സ്ഥലം മാറ്റം വിധിച്ചു. ആ ഞാനാണ്, ആലോചനകളിൽ പാലിൻ്റെ വെളുപ്പു മാത്രംപടർന്ന്, അമ്മിഞ്ഞ എന്ന മൂന്നക്ഷരങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് !!

ഒടുവിൽ, അമ്മ കുഞ്ഞിനായ് കരുതിവെച്ച അവസാനത്തെ ആ പാൽത്തുള്ളിപോലെ, അമ്മിഞ്ഞയിൽ നിന്നും ആ പേര് കിനിഞ്ഞ് പുറത്തുവരുകതന്നെ ചെയ്തു – ആമിന !

അമ്മയുമായും അമ്മിഞ്ഞയുമായും ഇതിലേറെ ഇണക്കമുള്ള മറ്റൊരു പേര് കണ്ടെത്താൻ എനിക്ക് കഴിയുമായിരുന്നില്ല. ആ പേര് തീരുമാനിക്കുമ്പോൾ ഉടുപ്പിനുള്ളിൽ എൻ്റെ പരുക്കൻ മുലക്കണ്ണുകൾ ചുരുങ്ങുകയും അതിനു ചുറ്റുമുള്ള രോമം എഴുന്നുനിൽക്കുകയും ചെയ്തു ! ഒരു പെണ്ണായി പിറക്കാഞ്ഞതിൽ ഞാൻ ആദ്യമായി നൊന്തു !!

വളരെ സാവധാനം, മാതൃസ്നേഹത്തിൻ്റെ മൂർത്തീഭാവമായ പ്രവാചകൻ്റെ അമ്മയുടെ പേരാണത് എന്നറിയുമ്പോൾ, ആദ്യമായി മുലപ്പാൽ നുണയുന്ന ശിശുവിനെപ്പോലെ ആത്മഹർഷം കൊണ്ട് ഞാൻ വിറച്ചുപോയി ! ഭർത്താവിൻ്റെ മരണ ദുഃഖത്താൽ നെഞ്ചിലെ  പാലുവറ്റി, തൻ്റെ പൊന്നോമനയ്ക്ക് മതിയാകുംവരെ മുലകൊടുക്കുവാൻ കഴിയാത്തതിൻ്റെ പേരിൽ ഉയിരുരുകിയ ആ പുണ്യവതിയുടെ പേരിലേക്കാണ് ഒടുവിൽ ഞാൻ അലഞ്ഞെത്തിയത് എന്ന അറിവ് ശരിക്കും സ്തംഭിപ്പിക്കുന്നതായിരുന്നു !! പിതാവ് അകാലത്തിൽ നഷ്ടപ്പെട്ടതിൻ്റെ കുറവുപോലും മക്കളെ അറിയിക്കാതെ വാത്സല്യം ചുരത്തിയ രണ്ടമ്മമാർ, ആര്യാംബയും ആമിനയും, എനിക്ക് കാട് കൈമാറിത്തന്ന ആനക്കുട്ടിക്ക് ഇരുപുറവുമുണ്ടെന്ന് എനിക്ക് തോന്നുന്നു.

ആമിന ഇന്ന്

ആമിന എന്ന പേരിനെ കഥയറിയാതെ എല്ലാവരും സ്വാഗതം ചെയ്തു. ഹിന്ദു പേരുകൾമാത്രം കണ്ടു ശീലിച്ചവർക്ക് അത് ഒരു മതാതീത പരിഷ്ക്കാരമായിരുന്നു. മറ്റു ചിലർക്ക് അസ്വസ്ഥത പുറത്തുകാട്ടാതെ മറച്ചുപിടിക്കേണ്ടിവന്നു. പല മാധ്യമങ്ങളും ആ പേരിനു പിന്നാലെകൂടി വാർത്തകൾ ചെയ്തു!

മാതൃസ്നേഹം, മക്കൾക്കായി മരണാസന്നതയിലും വച്ചുനീട്ടുന്ന അമ്മിഞ്ഞ എന്ന സ്നേഹവായ്പിനെ, അക്ഷരമാറ്റത്തിൻ്റെ ഒരു മൂടുപടത്തിൽ പൊതിഞ്ഞപ്പോൾ കിട്ടിയ പേരാണ് ആമിന എന്നത്, ഞാനും ആമിനയും മാത്രം അറിയുന്ന മാതൃപഞ്ചകമായി ഇത്രകാലവും തുടർന്നിരുന്നു ! ഇനി അത് നിങ്ങൾക്കുകൂടി ഉള്ളതാണ് !!

( കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ ആമിന ഇപ്പോൾ ആരോഗ്യവതിയായി കഴിയുന്നു. )

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.