രേഖയുടെ നോവൽ പഠനങ്ങൾ – 10 : സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന

ഏത് ജീവിവർഗത്തിൻ്റെയും അടിസ്ഥാനവികാരമാണ് മരണഭയം. ജനിച്ചു വീഴുമ്പോൾ മുതൽ മരണം വരെ മാറ്റം വരാത്തതും അത് മാത്രമാണ് . വിശേഷബുദ്ധിയുള്ള മനുഷ്യനിൽ അതിൻ്റെ തീവ്രത മറ്റു ജീവികളെ അപേക്ഷിച്ച് പലമടങ്ങായിരിക്കും. എന്നിട്ടും അടുക്കിവച്ചിരിക്കുന്ന ആയുധക്കൂനയുടെ ഏറ്റവും അഗ്രത്ത് ഒരു മൂന്നാംലോക മണ്ടത്തത്തിലേക്ക് തെന്നിവീഴാൻ പോകും വിധം ആടിയാടി നിൽക്കുകയാണ് മനുഷ്യലോകം . സ്വാർത്ഥമോഹിയും അഹങ്കാരിയുമായ ഒരു ഭരണാധികാരി ഏതെങ്കിലും തരത്തിലുള്ള വന്യമൗലിക വാദത്തിൻ്റെ പേരിൽ വിരലൊന്നമർത്തിയാൽ നേടിയെന്നഹങ്കരിക്കുന്നതൊക്കെ ഒരു നിമിഷത്തിൽ നഷ്ടമായി പുനർജന്മത്തിനുള്ള കാത്തിരിപ്പ് തുടങ്ങേണ്ടിവരും.

മനുഷ്യപക്ഷത്ത് നിരുപാധികമായി നിൽക്കുന്ന എഴുത്തുകാരന് ആ സന്ദിഗ്ധാവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. യുദ്ധത്തിൻ്റെയും വിഭജനങ്ങളുടെയും വിനാശങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന മനുഷ്യജീവനുകളുടെ നിശ്ശബ്ദ നിലവിളികളെക്കുറിച്ച് സി.രാധാകൃഷ്ണൻ ഇതിനുമുൻപും എഴുതിയിട്ടുണ്ട് . ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ സുനിൽ എന്ന പട്ടാളക്കാരൻ്റെ മനസ്സിൽ പതിഞ്ഞ ദുരന്തഭീകരകാഴ്ചയെ ‘കുറേക്കൂടി മടങ്ങിവരാത്തവർ ‘ എന്ന നോവലിൽ അവതരിപ്പിക്കുന്നുണ്ട് . കഴുകന്മാർ കൊത്തിക്കീറുന്ന ശവത്തിൻ്റെ അടിവയർ , മൂന്നുദിവസം പഴകിയ പൂരി പോലെ ചുളിഞ്ഞു മടങ്ങി നിൽക്കുന്ന നഗ്നമായ മാറിടം ഇവയൊക്കെ സൃഷ്ടിച്ച ബീഭത്സത അനുഭവിച്ച വായനക്കാരന് ഒരിക്കലും മറക്കാനാവില്ല.

എന്നാൽ സി.രാധാകൃഷ്ണൻ്റെ ‘കാലം കാത്തു വെയ്ക്കുന്നത് ‘ എന്ന നോവലിലെത്തുമ്പോൾ യുദ്ധമെന്നത് കേവലം യുദ്ധമല്ലാതായിരിക്കുന്നു. രാസായുധങ്ങളും അണുവായുധങ്ങളും മനുഷ്യരാശിയെ ഒന്നാകെ വിഴുങ്ങാൻ വാപിളർന്ന് കാത്തിരിക്കുന്നു. ആഗോളതാപനം അടിയന്തര വിഷയമാകുന്നു. മലിനീകരണം മരണത്തെക്കാൾ ഭീകരമാവുന്നു. കക്ഷിരാഷ്ട്രീയം ബൗദ്ധിക അടിമത്തമായി മാറുന്നു. മനുഷ്യലോകത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന എല്ലാത്തരത്തിലുള്ള ദുരന്തങ്ങളും ശാസ്ത്രത്തോടൊപ്പം അന്നത്തെതിനെക്കാൾ ബഹുദൂരം വളർന്നിരിക്കുന്നു . ഈ സ്വയംകൃതാനർത്ഥങ്ങളെ തിരിച്ചറിയാനാവാതെ ജീവിതം ആഘോഷിക്കുകയാണെന്ന് മനുഷ്യൻ തെറ്റിദ്ധരിക്കുന്നു.

ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യാവലിയുടെ ഇത്തരത്തിലുള്ള ജീവിതാവസ്ഥകൾക്കെതിരെ ഒരു കൂർത്തനോട്ടം സി.രാധാകൃഷ്ണൻ്റെ ഈ നോവലിലുണ്ട്. അത് സ്നേഹം പ്രാണനിലലിഞ്ഞു പോകുന്ന ഒരു മനുഷ്യൻ്റെതാണ്. ഭൂമിയിൽ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനിന്നാൽ അതു മാറുന്നതുവരെ സ്നേഹത്തിലധിഷ്ഠിതമായ സാംസ്കാരികവിപ്ലവം അവസാനിപ്പിക്കാൻ പാടില്ലയെന്ന് ഉറച്ചുവിശ്വസിക്കുന്ന കഥാകാരൻ്റെ മനസ്സാണത്. താൻ ജീവിക്കുന്ന കാലം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തെ തിരിച്ചറിയുകയും എഴുത്തുകാരനിലെ ആദർശാത്മകകർതൃത്വം അത് ഏറ്റെടുക്കുകയും മാത്രമല്ല ഇവിടെ സംഭവിക്കുന്നത്.

ഇത് എഴുത്തിനു വേണ്ടി മാത്രമുള്ള ഒരേറ്റെടുപ്പല്ല . ഇത്തരം ചിന്തകളിൽ നിരന്തരം നീറിജീവിക്കുകയും ഒരു ശുഭ ലോകത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്ന മനസ്സിന് മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഒരു ലോകമാണിത്. ഫോസിലിന്ധന ഉപയോഗം പൂർണമായി ഒഴിവാക്കാൻകഴിഞ്ഞ , പരിസ്ഥിതിയ്ക്കിണങ്ങുന്ന വിധം വ്യവസായങ്ങൾ നടത്തുന്ന , മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന, അന്തരീക്ഷത്തിൽ നിന്ന് ഡയറക്ട് കാർബൺക്യാപ്ചർ സാങ്കേതികവിദ്യ നടപ്പാകുന്ന, ആയുധപ്പുരകളില്ലാത്ത, ആഗോളജനായത്തം നടപ്പാകുന്നതാണ് ആ ലോകം. അൻപത് കൊല്ലം കഴിയുമ്പോൾ മനുഷ്യവംശം എന്തായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ അതിനു വേണ്ടിയുള്ള പ്രാർത്ഥനയായി ഈ നോവലിനെ കണക്കാക്കാം

സയൻസിലെ ഫിക്ഷനെഴുത്തുകൾ

ഉട്ടോപ്പിയൻ അജണ്ടകൾ പ്രവചിച്ചു കൊണ്ട് നിലവിലുള്ള സാങ്കേതികതയ്ക്ക് അപ്പുറമുള്ള ഒരു ലോകത്തെ സ്വപ്നം കാണാൻ നമ്മെ പഠിപ്പിച്ചത് ഇവിടുത്തെ സയൻസ് ഫിക്ഷൻ എഴുത്തുകാരാണ്. വരുംകാലത്ത് ഉണ്ടായേക്കാവുന്ന ശാസ്ത്രസാങ്കേതികസാമൂഹിക മാറ്റങ്ങൾ സ്വതന്ത്രമായി പ്രവചിക്കാൻ അവർക്ക് കഴിഞ്ഞു. എഴുത്തുകാർ അതിനായി ശാസ്ത്രത്തിൻ്റെ ഏറ്റവും നൂതനവും സാങ്കേതികവുമായ വികാസങ്ങൾ തേടുന്നു. അത് വായനക്കാരുടെ സാംസ്കാരിക ഔചിത്യബോധത്തെ ചിലപ്പോഴൊക്കെ ഞെട്ടിച്ചിട്ടുണ്ട്. വായനക്കാരുടെ അവബോധം വിപുലീകരിച്ചുകൊണ്ട് ആ സ്വപ്നലോകം വിദൂരഭാവികാലത്ത് സാധ്യമായേക്കുമെന്ന പ്രതീക്ഷയിലേക്ക് അത്തരമെഴുത്തുകൾ നമ്മളെ എത്തിക്കുന്നു. സ്വന്തം അറിവിൻ്റെ അതിരുകൾക്ക് പുറത്തുള്ള ഒരു ലോകത്തെ ഉൾക്കൊള്ളാൻ പ്രാപ്തരാക്കുന്നു. ബഹിരാകാശജീവിതം , മനുഷ്യ ജീവിതത്തിലെ ക്ലോൺസാധ്യത ,
ആണവവിസ്ഫോടനം , അന്യഗ്രഹജീവിതം എന്നിങ്ങനെ ഒരുകാലത്ത് സയൻസ്ഫിക്ഷൻ എഴുതിയവർ ആഘോഷിച്ചതാണ് നാമിന്നനുഭവിക്കുന്നത്.

Image courtesy : Mathrubhumi Books

പ്രവചനാതീതമായ ജീവിതാവസ്ഥകൾ ഒരുകാലത്ത് യാഥാർത്ഥ്യമാകുമെന്ന് സങ്കല്പിക്കാൻ ശാസ്ത്രത്തെയാണ് നോവലിസ്റ്റ് കൂട്ടുപിടിക്കുന്നതെങ്കിലും അതുവഴി സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതികരംഗങ്ങളിൽ നാമിന്നനുഭവിക്കുന്ന പല പ്രതിസന്ധികൾക്കും പരിഹാരമാവുന്നുണ്ട്.
ഒന്നും രണ്ടും ലോക മണ്ടത്തങ്ങൾ ചെയ്ത മനുഷ്യരാശി ആസന്നമാകുന്ന മൂന്നാംലോക മണ്ടത്തരത്തിൽ പെട്ടുപോകാതെ രക്ഷപ്പെടും എന്നാണ് ഈ നോവൽ പ്രവചിക്കുന്നത്. ഫിക്ഷനെഴുത്തിൻ്റെ പരമാവധി സ്വാതന്ത്ര്യം ഇവിടെ നോവലിസ്റ്റ് ഉപയോഗിക്കുന്നു. ഹിറ്റ്ലറിലും മുസ്സോളിനിയിലും തുടങ്ങി സ്റ്റാലിനിലൂടെയും സദ്ദാംഹുസൈനിലൂടെയും കടന്ന് ഇന്നും തുടരുന്ന ഭരണകൂടഭീകരതയെ പൂർണമായും ഒഴിവാക്കാൻ കഴിയുന്ന ഒരു ലോകം നോവൽ കാത്തുവയ്ക്കുന്നു. ക്വാണ്ടം എൻ്റാങ്കിൾമെൻ്റ് എന്ന ഭൗതിക പ്രതിഭാസം അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം അൾട്ടിമേറ്റ് അഡ്മിൻ(ക്വ) എന്ന യന്ത്രം ഓഹരിവിപണിയിലും ഭരണസംവിധാനത്തിലും വ്യാപകമാവുന്നു. ക്വയുടെ മാസ്റ്റർ കമ്പ്യൂട്ടറിലേക്ക് ഏകീകൃതധ്യാനത്തിലൂടെ മനുഷ്യബോധത്തെ സംക്രമിപ്പിക്കുന്നു.മനുഷ്യനോ യന്ത്രങ്ങൾക്കോ തകർക്കാനോ നുഴഞ്ഞുകയറാനോ ജനിതക ഘടനയിൽ മാറ്റം വരുത്താനോ കഴിയാത്തവിധം നിർമ്മിച്ച നാഷണൽ റണ്ണിങ് എക്യുമെൻ ഡ്(NRE) ലോകരാജ്യങ്ങളുടെ ഭരണത്തിൽ കേന്ദ്രീകൃതമായി ഇടപെടുന്നു.

അണുവായുധസംയോജന വിദ്യയെ( ന്യൂക്ലിയർ ഫ്യൂഷൻ) മാർഗ്ഗമാക്കിക്കൊണ്ട് ലോകമെങ്ങുമുള്ള ആയുധനശീകരണം സാധ്യമാക്കുന്നു. ആരെയും പേടിപ്പിക്കാത്ത , ആരെയും പേടിക്കേണ്ടതില്ലാത്ത ഒരു ആഗോളജനായത്തരീതി കുറേക്കാലത്തിനപ്പുറം ലോകരാഷ്ട്രങ്ങളിൽ നടപ്പാക്കാനാവും എന്ന് വിശ്വസിപ്പിക്കുന്നു.

ഒരു കാലത്ത് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന വിധം അമേരിക്ക, ആസ്ട്രേലിയ , യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി നമ്മുടെ യുവത ഫ്ലൈറ്റ് കയറുകയാണ്. രാഷ്ട്രാതിർത്തികൾ ഇപ്പോൾത്തന്നെ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. മാനവികതയും ക്രിയേറ്റിവിറ്റിയും ബുദ്ധിയും പ്രതിഭയുമൊക്കെ എല്ലാത്തരം മൗലികവാദങ്ങളേയും മുറിച്ചുകടക്കുന്നു. ജാതി , മതം , രാഷ്ട്രീയം ,നിറം , ലിംഗം തുടങ്ങിയവ സൃഷ്ടിക്കുന്ന അതിരുകൾക്കപ്പുറത്തേക്ക് പറന്ന് സ്നേഹത്തിൻ്റെ വിശാലാകാശത്തെ സമകാല യുവത സ്വന്തമാക്കുന്നു.

മനുഷ്യസമൂഹത്തിനുണ്ടാകുന്ന ഘടനാപരമായ ഈ വ്യതിയാനം മനുഷ്യബന്ധങ്ങളിലും ഉൽപാദന ഉപഭോഗവിദ്യാഭ്യാസ സാംസ്കാരിക രംഗത്തും
മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. ഭാഷയുടെയോ ദേശത്തിൻ്റെയോ രാജ്യത്തിൻ്റെയോ അതിർത്തികൾക്കപ്പുറത്ത് ദേശീയതയ്ക്ക് മനുഷ്യവംശത്തോളം വലിപ്പമുണ്ടാകുന്ന ഒരു കാലത്തെ നോവൽ കാത്തുവയ്ക്കുമ്പോൾ അത് വെറും സങ്കല്പം മാത്രമായി തള്ളാൻ കഴിയാത്തത് അതുകൊണ്ടാണ്.

അതൊരു ഉട്ടോപ്യൻ ആശയമായി കാണേണ്ടതുമില്ല. സാഹിത്യത്തിൻ്റെ പ്രവചനസ്വഭാവം നമുക്ക് പരിചയമുള്ളതാണ്. സ്വയം തിരുത്താനുള്ള കഴിവ് ജീവൻ്റെ മുഖമുദ്രയാണ്. കോടാനുകോടി വർഷങ്ങളിലൂടെ ജീവപരിണാമം സംഭവിച്ച് ഇത്രയുമായ മനുഷ്യലോകത്തെക്കുറിച്ച് അശുഭം സങ്കല്പിക്കേണ്ട ഒരു കാര്യവുമില്ല.അനിച്ഛാ പ്രതികരണങ്ങളിലൂടെ സ്വയം രൂപപ്പെടുന്ന ഒരു നാളെ യാഥാർത്ഥ്യമായേക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുന്നത് തന്നെ വലിയ ആശ്വാസമാണ്.

മഹാദൗത്യത്തിൽ ഭാഗഭാക്കാവുന്നവർ ശാസ്ത്രസാങ്കേതികവിദ്യയുടെ അത്യന്താധുനികതയെ ജീവിതമാക്കിയ ഒരുപറ്റം ശാസ്ത്രജ്ഞർക്കൊപ്പം മനനം ധ്യാനം മുതലായ ബ്രഹ്മവിദ്യകളിൽ വിദഗ്ധരായ കുറെ ആചാര്യന്മാരെയും ചേർത്തുവച്ചു കൊണ്ട് ഒരു പുതുലോകം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിൻ്റെ നടുനായകത്വം വഹിക്കുന്നത് ഡോ. ഹെർമാൻ ഇഷോറാണ്.മനുഷ്യരാശിക്കു നന്മ വരാനാഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. യു . എൻ സെക്രട്ടറി ജനറലായ ഇഷോറിൻ്റെ ഈ കണ്ടെത്തൽ നോവലിന് ഭാഷയുടേയും ദേശത്തിൻ്റെയും അതിരുകൾക്കപ്പുറത്ത് ഒരു അന്തർദേശീയമാനം നൽകുന്നു. ഗണിതത്തിലും ജീവശാസ്ത്രത്തിലും പ്രഖ്യാത ഗ്രന്ഥങ്ങൾ രചിച്ച നൊബേൽ ജേതാവാണദ്ദേഹം .

കേരളത്തിൽ ജനിച്ച മനുവും ജപ്പാൻകാരിയായ തനേകയും കൃത്രിമബുദ്ധിയുഗത്തിൽ നിന്ന് യന്ത്രങ്ങളെ സ്വതന്ത്രബുദ്ധി യുഗത്തിലേക്ക് വളർത്തിയെടുക്കുന്നു . സിറിയക്കാരനായ ആബിദ് ജീവശാസ്ത്രവും ഇസ്രായേൽ വംശജയായ ഇഡ മനശ്ശാസ്ത്രത്തെ വൈദ്യശാസ്ത്രത്തോട് ചേർത്തും ഗവേഷണം തുടരുന്നു. കാശ്മീരിപണ്ഡിറ്റായ മൻഹറും യൂറോആഫ്രിക്കൻ പശ്ചാത്തലമുള്ള മേമുവും ജനിതകനരവംശശാസ്ത്രങ്ങളുടെ അനന്തസാധ്യതകൾ അന്വേഷിക്കുന്നു.

സ്വിറ്റ്സർലൻഡിലെ ഒരേ ആശുപത്രിയിൽ ഒരേ ദിവസം ജനിച്ചുവളർന്ന സാമുവലും ബത്തയും പരിസ്ഥിതി ശാസ്ത്രത്തിൽ ജീവിക്കുന്നവരാണ്.
ഒബുട്ടു അംഗോളൻ പശ്ചാത്തലമുള്ള ഹാരെയും റഷ്യയിലെ ലെനിൻ ഗ്രാഡിൽ ജനിച്ച നീനയും ഓക്സ്ഫഡിൽപരിസ്ഥിതി ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നു. ഈ അഞ്ച് ജോടികളായ പത്തു പേരാണ് മഹാദൗത്യത്തെ മുന്നോട്ട് നയിക്കുന്നത്. ഇൻ്റർനാഷണൽ സൂപ്പർ സ്പെഷ്യാലിറ്റി സർവീസ് എൻട്രൻസെഴുതി യു . എൻ ഐഡി കാർഡും പാസ്പോർട്ടും സ്വന്തമാക്കിയവരാണവർ. അവരുടെ സമർപ്പിത ജീവിതത്തിൻ്റെ ലക്ഷ്യമായാണ് ഒരു പുതുലോകം നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.

സമാനലക്ഷ്യങ്ങളിൽ അഭിരമിക്കുന്നവരെ ജീവിതപങ്കാളികളാക്കി മഹാദൗത്യങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ഭാരതീയമായ കുടുംബസംവിധാനത്തോട് എഴുത്തുകാരനുള്ള ആഭിമുഖ്യമാണ് ഇവിടെ വെളിവാകുന്നത്. ബ്രഹ്മാണ്ഡത്തോളം ആഴവും പരപ്പുമുള്ള ഒരു വിഷയത്തെ ഭാരതീയമായചിന്തകൊണ്ടാണ് നോവൽ മറികടക്കുന്നത്. ഈ സ്ഥൈര്യത്തിന് പിന്നിൽ അദ്വൈതദർശനത്തിലുള്ള അചഞ്ചലവിശ്വാസവും കർമ്മനിയോഗവുമെന്നല്ലാതെ മറ്റൊരു വ്യാഖ്യാനം നൽകാനാവില്ല.

നോവ, ലാമ, സാറ, ഫൂ , ഫാങ്ങ്, സോനു എന്നീ ഒറ്റകളും ഈ ദൗത്യത്തിൽ ഇവർക്കൊപ്പം ചേരുന്നു. നോവ യുഎന്നിലെ ബ്രസീൽ അംബാസഡറിൽ നിന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലായിത്തീരുന്നു. ലോകമംഗളം കാംക്ഷിക്കുന്ന ആധ്യാത്മികാചാര്യൻ ലാമയും കഥാപാത്രമാകുന്നു. ഫൂ അമെലിയാസ് എന്ന സിംഗപ്പൂരുകാരൻ പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ട് ആഗോളാടിസ്ഥാനത്തിൽ നടത്തിവരുന്ന ഹോട്ടൽ ചെയിൻ
ബ്രേക്ക് ചെയ്തു പ്രകൃതിയിലേക്ക് മടങ്ങി ഒന്നരവർഷമായി ഹിമാലയത്തിൽ ധ്യാനത്തിലിരിക്കുന്നു. മുംബൈയിലെ റിയൽഎസ്റ്റേറ്റ് സ്ഥാപനത്തിൻ്റെ ആസ്തി ആറ് കൊല്ലംകൊണ്ട് പത്തിരട്ടിയാക്കിയ ബിസിനസ് മാഗ്നറ്റാണ് സോനു . സ്വന്തമാക്കിയ വ്യവസായസാമ്രാജ്യം കയ്യൊഴിഞ്ഞ് ഇപ്പോൾ ലോനാവാലയിൽ ആടുമേച്ച് കഴിയുന്നു. ഐഡയുടെ ഏകമകനായ നോവ എഡ്ഗർ , ഒരു ജനതയെ മഹാപ്രളയത്തിൽ നിന്ന് നോഹയെപ്പോലെ കടൽകടത്തുന്നു. സാറ ഒരു സുൽത്താനേറ്റിൻ്റെ അനന്തരാവകാശിയായിരിക്കെ മാറാരോഗികളെ ശുശ്രൂഷിച്ചു നിർവൃതി കൊള്ളുന്നു. മാനസികമായി അധിക കഴിവുള്ളവരെ കണ്ടെത്തി പരസ്പരം ബന്ധപ്പെടുത്തിയാൽ ലോകഗതി മാറ്റിത്തീർക്കാമെന്ന് വിശ്വസിപ്പിക്കുന്നു. ആയുധബലമോ ആൾബലമോ അല്ല ഉൾബലമാണ് വേണ്ടത്. ഏതെങ്കിലുമൊരാൾ മാറ്റിയിട്ടല്ലാതെ തന്നെ കാലം കൊണ്ട് ലോകം സ്വയം മാറും . അങ്ങനെ മാറുമ്പോൾ മൂലധനമാകരുത് ലോകഗതി നിയന്ത്രിക്കുന്നത്.

സൈന്യങ്ങളും ആയുധങ്ങളും അതിർത്തികളും ഇല്ലാതാകണം. സൃഷ്ടിപരമായ കഴിവുകൾക്ക് മാത്രം അംഗീകാരം ഉണ്ടാവണം. പണം വർച്വൽ വിനിമയോപാധി മാത്രമാവണം, ആർക്കുമേലെയും അധികാരം ആർക്കും ഉണ്ടാകരുത്. ടെക്നോളജി മനുഷ്യർക്കു വേണ്ടിയാകണം ഏത് കാര്യം നിശ്ചയിക്കുന്നതിലും അമ്മമാരുടെ അഭിപ്രായം മുൻനടക്കണം. ശുഭാപ്തി വിശ്വാസത്തിലധിഷ്ഠിതമായ ചിന്തകൾ മനസ്സിന് നൽകുന്ന ആനന്ദമാണ് നോവൽ വായനയിലൂടെ പകർന്നു കിട്ടുന്നത്.

മനുഷ്യാവസ്ഥയുടെ വിപരീതാത്മകതയോ ബാഹ്യവും ആഭ്യന്തരവുമായ ഏകാന്തതയോ ഒന്നും ഇതിലെ കഥാപാത്രങ്ങൾക്കില്ല. അധികാരോന്മുഖമായ പരിതസ്ഥിതി സൃഷ്ടിക്കുന്ന ദുരന്തബോധവുമില്ല . അതൊന്നുമല്ല സമകാലത്തിൻ്റെ മുന്നിലുള്ള ഗൗരവമായ പ്രശ്നമെന്ന് കഥാകാരൻ തിരിച്ചറിയുന്നുണ്ട്. ഭൗതികതയ്ക്കപ്പുറം ആത്മീയമായി ഉയർന്ന ചുററുപാടിൽ ജീവിച്ച് രാഷ്ട്രത്തിൻ്റെയും ലോകത്തിൻ്റെയും ഭാഗധേയം നിർണയിക്കാൻ ശേഷിയുള്ള കുറെ മനുഷ്യരാണ് ഇതിലുള്ളത്. എല്ലാവരും ലക്ഷ്യബോധമുള്ളവരാണ്. സ്വന്തം ഐഡൻ്റിറ്റിയിൽ
വിശ്വസിക്കുന്നവർ . അങ്ങനെയുള്ളവർക്ക് മാത്രമേ ഈ ലോകത്ത് മറ്റുള്ളവരെ ജീവിപ്പിക്കാനാവൂ എന്ന ബോധ്യം നോവലിൽ പ്രകടമാണ്. ശാസ്ത്രസാങ്കേതികാവഗാഹത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും മൂർത്തിമത്ഭാവങ്ങളായി ഒരേ പോലെയുള്ള അഞ്ചുജോഡി കഥാപാത്രങ്ങളെ അവതരിപ്പിക്കുക വഴി ഒരു സ്റ്റീരിയോടൈപ്പ് ഇഫക്റ്റ് ചിലപ്പോഴൊക്കെ വായനക്കാരന് അനുഭവിക്കേണ്ടിവരുന്നുണ്ട് . വരുംകാലത്തെ നയിക്കാൻ പഴയ തലമുറയുടെ വിവേകം മാത്രം പോരെന്നും യുവതയുടെ പ്രതിഭയും കഴിവും ഊർജസ്വലതയും ധൈര്യവും അതോടൊപ്പം ചേർത്തുവയ്ക്കണമെന്നും എഴുത്തുകാരൻ പറയാതെ പറയുന്നുണ്ട് .

നോവലിൻ്റെ അവസാനമെത്തുമ്പോൾ അമേരിക്കയും റഷ്യയും ആദ്യത്തെ ഗ്രീൻ രാഷ്ട്രങ്ങളായി മാറുന്നു. ഹരിതഗൃഹവാതകങ്ങളിൽ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്നത് ചൈന ആയിരുന്നുവെങ്കിലും സ്വയം തിരുത്താനുള്ള കഴിവ് നേടി ചൈന അതിൽ നിന്ന് മുക്തി നേടുന്നു. ഒരു അമേരിക്കൻ കപ്പലിന് നേരെ തെർമോന്യൂക്ലിയർ ആക്രമണം ഉണ്ടാകുന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ നോവയ്ക്ക് നേരെ വധശ്രമമുണ്ടാവുന്നു. മൂന്നു ദിവസം വരെ ഇൻകുബേഷൻ പീരീഡുള്ള വൈറസിനെ ഏറ്റവും ജനസാന്ദ്രതയുള്ള അഞ്ചു നഗരങ്ങളിൽ തുറന്നു വിടുന്നു. വൈറസിൻ്റെ താണ്ഡവത്തിൽ പിടയുന്ന മനുഷ്യരെ രക്ഷിക്കാൻ മരുന്നുമായി ലോകരക്ഷക റോളിൽ രോഗാസൂത്രകർ തന്നെ അവതരിക്കുന്നു.
റഷ്യയും ജർമനിയും ആസ്ട്രേലിയയും ആണവായുധ വിക്ഷേപണത്തിന് കൗണ്ട്ഡൗൺ തുടങ്ങുന്നു. ചൈന പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു. ഫ്ലൈറ്റുകൾ റദ്ദാക്കുന്നു . ഇങ്ങനെ ഭീതിജനകമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് നിരായുധീകരണം അനിവാര്യമാകുന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നത്. ‘ക്വാ ‘അതിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.

നോവയും ഫു അമെലിയാസും ധർമ്മശാലയിൽ ഹാരെയും നീനയും നൈജീരിയയിൽ മേമുവും മൻഹറും നോർവെയിൽ മനുവും തനേകയും സോനുവും സൂറിക്കിൽ സാറ കൊച്ചിയിൽ ആബിദും ഇഡയും സ്വിസ്നഗരമായ ബേണിൽ ഹെർമാൻ ഇഷോർ ന്യൂയോർക്കിൽ സാമുവലും ബത്തയും സ്വിറ്റ്സർലൻഡിൽ അന്ന ബലാറസിൽ എവിടെയെന്ന് നിശ്ചയമില്ലാതെ കാർലോസും ആചാര്യഭാവത്തിലുള്ള ലാമയും നാനാഭാഗങ്ങളിൽ ജീവിച്ചു കൊണ്ടാണ് ഒരു ലക്ഷ്യത്തിനായി യത്നിക്കുന്നത്. ഇവർക്കെല്ലാം കൂടി ഒരു മനസ്സാണ്.

എൻ്റാങ്കിൾഡായ ജീവനുകൾ തമ്മിൽ എപ്പോൾ വേണമെങ്കിലും എത്ര അകലെയിരുന്നും ബന്ധപ്പെടാൻകഴിയുമെന്ന് മനുവും തനേകയും പരീക്ഷിച്ചറിഞ്ഞത് മറ്റുള്ളവർ സോഫ്റ്റ്‌വെയറിൻ്റെ സഹായത്തോടെ ശീലിക്കുന്നു. അവരുടെ നാഡീവ്യൂഹങ്ങളുടെ സുഷുപ്തിയിലെ ക്വാണ്ടം തരംഗമുദ്രകൾ ശേഖരിച്ച് ക്വാണ്ടം തല ആശയവിനിമയത്തിലൂടെ മദർ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നു. ധ്യാനത്തിലൂടെ സ്വന്തം ബോധത്തിൻ്റെ ക്വാണ്ടം മുദ്രകൾ പകർന്നു കൊടുത്ത് ക്വയുടെ ജീവനെ ഉത്തേജിപ്പിക്കുന്നു. ലോകത്തുള്ള എല്ലാത്തരം ആയുധങ്ങളുടേയും നിർമ്മാണ സൂക്ഷിപ്പ് വിതരണങ്ങൾ സമാഹരിക്കപ്പെടുന്നു. ആൾനാശവും സമ്പദ്നഷ്ടവും പരമാവധികുറച്ച് ആയുധങ്ങൾ നശിപ്പിക്കപ്പെടുന്നു. . ” യന്ത്രം ആർജ്ജിച്ച വിവേകം ഉപയോഗിച്ച് പ്രവർത്തിക്കുന്നു. അണുസംയോജനവിദ്യ ഉപയോഗിക്കുന്നതിനാൽ അണുപ്രസരവുമില്ല. ആയിരക്കണക്കിന് കിലോമീറ്റർ പൊങ്ങി പൊട്ടുന്നു. വായു വില്ലാത്തതിനാൽ ശബ്ദം ഉണ്ടാകുന്നില്ല. ആയുധ വാഹികളായ ഉപഗ്രഹങ്ങൾ തമ്മിൽ പൊരിഞ്ഞ പോര് .

അവ കൊള്ളിയാനുകളായി നിപതിക്കുന്നു. മുങ്ങിക്കപ്പലുകൾ വഹിക്കുന്ന മിസൈലുകൾ തമ്മിലും പരസ്പര വധം . ബോംബർ ഹാങ്ങറുകളും നേവൽ യാഡുകളും ആയുധ ഫാക്ടറികളും ഓർഡനൻസ് ഡിപ്പോകളും കവചിതവാഹനങ്ങളും എല്ലാമെല്ലാം എങ്ങുമെങ്ങും നശിക്കുന്നു . രാവവസാനിക്കാറായ നേരം ക്വ യുടെ സ്ക്രീൻ പറഞ്ഞു “കളി കഴിഞ്ഞു ” ” അഞ്ച് മണിക്കൂർ നാല് സെക്കൻ്റ് കൊണ്ട് ലോകം ആയുധരഹിതമാകുന്നതിൻ്റെ ഉദ്വേഗജനകമായ ദൃക്സാക്ഷി വിവരണമായി നോവൽ മാറുന്നു. ഇവിടെ നാടകീയത അല്‌പവും ചോരാതെ അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. അതിൻ്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നയിടങ്ങളിൽ നോവൽ അതിൻ്റെ ആസ്വദനീയ തലത്തിൽ നിന്നകലുന്നുണ്ടെന്ന് പറയാതെ വയ്യ. സാധാരണക്കാരനായ വായനക്കാരൻ്റെ ശാസ്ത്രബോധത്തെ ഉണർത്താനും അതിനെ ആത്മീയതയോട് ബന്ധിപ്പിക്കാനുമുള്ള ശ്രമമാണവിടെ നടക്കുന്നത്. മനസ്സിലാകാത്ത ഒന്നിനെ ആസ്വദിക്കാൻ വായനയിലൂടെ കഴിയില്ലല്ലോ . അത്യന്താധുനിക ഭൗതികത്തിലെ ക്വാണ്ടം കോസ്മോളജിയെക്കുറിച്ചോ അവയ്ക്ക് ആത്മീയതയുമായുള്ള ബന്ധത്തെക്കുറിച്ചോ കാര്യമായധാരണയില്ലാത്ത വായനക്കാരൻ്റെ അറിവിലേക്കാണ് ആ സ്ഥൂലവിവരണങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. അത്തരമിടങ്ങളിൽ നോവൽ ഒരു വൈജ്ഞാനിക രചനയുടെ തലത്തിലേക്ക് എത്തിപ്പോകുന്നതാണ്. ആസ്വാദനത്തിൻ്റെ പരമമായ പഥത്തിലെത്തണമെങ്കിൽ ആദ്യപടി കയറിയേ മതിയാവൂ എന്നറിയാവുന്ന നോവലിസ്റ്റ് മന:പൂർവ്വം നൽകുന്ന കൈത്താങ്ങായി മാത്രമേ ഈ വിവരണത്തെ കാണാൻ കഴിയൂ.

ആണ് പെണ്ണ് എന്നിങ്ങനെ രണ്ടു വിഭാഗം മാത്രമല്ലെന്നും അതിനിടയ്ക്ക് സ്പെക്ട്രങ്ങൾ തന്നെയുണ്ടെന്നും ഇന്ന് നമുക്കറിയാം. പക്ഷേ വിശ്വാസി അവിശ്വാസി എന്നല്ലാതെ അതിനിടയ്ക്കുള്ള നിരവധി ചിന്താഗതികളെ നാം കാര്യമായി പരിഗണിക്കാറുണ്ടോ? 360 ഡിഗ്രിക്കകത്ത് വരുന്ന വീക്ഷണകോണുകളുടെ വ്യത്യസ്ത അളവുകളിൽ ചിന്തയുടെ ഏതെല്ലാം തലങ്ങളെ നമുക്ക് വിന്യസിക്കാനാവും ? ഈശ്വരനുണ്ടെന്നു വിശ്വസിച്ചാലും ബിംബാരാധനയിൽ വിശ്വസിക്കാത്തവർ, ഈശ്വരൻ തൂണിലും തുരുമ്പിലുമെന്ന് കരുതുന്നവർ, താൻതന്നെ ഈശ്വരാംശം എന്നറിയുന്നവർ, ആരാധനാലയങ്ങളിൽ ഈശ്വരനെ കാണുന്നവർ, മനുഷ്യനെക്കാൾ വികാര ജീവിയായ ദൈവത്തിന് ചെല്ലും ചെലവും മാസപ്പടിയും കൈക്കൂലിയും കൊടുത്താൽ മാത്രമേ പ്രീതിപ്പെടുകയുള്ളൂ എന്ന് കരുതുന്നവർ, അങ്ങനെ വിശ്വാസികൾ തന്നെ എത്ര വിധം!

അഗ്നോസ്റ്റിക് ചിന്താഗതി അല്ലെങ്കിൽ ആതങ്കവാദം (അജേഞയവാദം ) സാധൂകരിക്കുന്നവരാണ് ഇതിലെ മിക്ക കഥാപാത്രങ്ങളും. ദൈവത്തെപ്പറ്റിയോ പ്രപഞ്ചകാര്യങ്ങൾ മുഴുവനുമായോ മനുഷ്യബുദ്ധിയുടെ പരിമിതികൾ കൊണ്ട് അറിയുവാൻ കഴിയില്ല എന്ന തത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം . ചാർവാകന്മാരും ബൗദ്ധന്മാരും ആസ്തികരിലെ സാംഖ്യദർശനക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നവരാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് അജ്ഞേയമാണെന്ന വാദമാണിത്.

ഇതിൽ തന്നെ ദൈവമില്ലെന്ന് വിശ്വസിക്കുകയും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്യാത്തവരാണ് നാസ്തിക അജ്ഞേയവാദികൾ. ദൈവത്തിൽ വിശ്വസിക്കുകയും അതേസമയംതന്നെ ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല എന്ന് കരുതുകയും ചെയ്യുന്നവരാണ് ആസ്തിക അജ്ഞേയവാദികൾ . ഇവിടെ ഇതൊന്നുമല്ല പ്രശ്നം. കൃത്രിമബുദ്ധിയുഗത്തിൽ നിന്ന് സ്വതന്ത്രബുദ്ധിയുഗത്തിലേക്കുള്ള സംക്രമണകാലഘട്ടത്തിൽ ജീവിക്കുമ്പോഴും ബോധവും ജീവനും പ്രപഞ്ചത്തിൻ്റെ അവ്യക്തമാധ്യമവും തമ്മിലുള്ള എൻ്റാങ്കിൾമെൻറ് രഹസ്യങ്ങൾ ശാസ്ത്രജ്ഞർ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ദൈവമെന്ന പരമമായ സത്യത്തിൽ ശാസ്ത്രത്തിൻ്റെ വഴിയിലൂടെത്തന്നെ അന്വേഷണം തുടരുന്നു. ലനെ ദക്കാർത്തെയുടെ കാർട്ടീസിയൻ ദർശനത്തിൽ അടിയുറച്ച പ്രപഞ്ചവീക്ഷണം നോവൽ സാധൂകരിക്കുന്നില്ല. അവ്യക്തം അക്ഷരം എന്നീ പേരുകളിൽ വിളിക്കുന്ന അവ്യക്തസത്തയെ പരമാത്മാവെന്നും അതുകൊണ്ട് നിയന്ത്രിക്കപ്പെടുന്ന ജീവനുകളെ ജീവാത്മാവെന്നും വിളിക്കാമെന്ന് കരുതുന്നു.

സംഘടിതമോ സായുധമോ ആയ വിപ്ലവമൊന്നുമില്ലാതെ ഒരു നിയോഗത്താലെന്നപോലെ ജന്മസിദ്ധവും നിസ്വാർത്ഥവും വികസിതവുമായ ഇച്ഛാശക്തിയിലൂടെ അരുതായ്മകളെ തിരുത്തുകയാണ് ഈ മഹാദൗത്യത്തിൽ പങ്കാളികളാവുന്നവർ ചെയ്യുന്നത്. രാഷ്ട്രീയവിപ്ലവത്തിന് മുന്നോടിയായി സാംസ്കാരികവിപ്ലവം സംഭവിച്ചിരിക്കണമെന്ന നമ്മുടെ മുന്നനുഭവങ്ങളെ നോവലിസ്റ്റിവിടെ തിരുത്തുന്നു. അത്തരത്തിലുണ്ടായ വിപ്ലവങ്ങളിലൂടെ ഇവിടെ ജന്മമെടുത്ത ഇസങ്ങളെല്ലാം വർത്തമാനകാല പരിതസ്ഥിതിയിൽ എത്രത്തോളം അർത്ഥശൂന്യങ്ങളാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

എഴുതിയ പരീക്ഷയെല്ലാം തോറ്റ കമ്യൂണിസവും അസമത്വവും പരിസ്ഥിതിനാശവും മാത്രം സൃഷ്ടിച്ച മുതലാളിത്തവും ഉൾപ്പെടെ എല്ലാ ഇസങ്ങളും ഉപേക്ഷിച്ച് കഥാകാരൻ ഹ്യുമനിസത്തെയാണിവിടെ കൂട്ട് പിടിക്കുന്നത്. കക്ഷികളില്ലാ ജനായത്തത്തെ മാത്രം പോംവഴിയായി കാണുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് ലോകക്ഷേമത്തിനായി എന്തൊക്കെ ചെയ്യാനാവുമെന്ന് കാട്ടിത്തരുന്നു. “ഏറ്റവും കൂടുതൽ നേരം നിർത്താതെ പ്രസംഗിച്ച് ലോകറെക്കോർഡിഡാൻ ആളുകൾ പരിശീലിക്കുന്നയിടം. വിപ്ലവങ്ങളിലൂടെ സ്വയം പ്രതിഷ്ഠിച്ച ദൈവങ്ങൾ പരസ്പരം കൊന്നൊടുക്കുകയും മരുന്ന് രോഗത്തേക്കാൾ മാരകമെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്ന ഇടം. പലതരം അധികാരസ്ഥാനങ്ങളിൽ കയറിപ്പറ്റിയ ദൈവങ്ങൾ തമ്മിലുള്ള കടിപിടിയാണ് മാരകമായ പ്രതിസന്ധി” എന്നിങ്ങനെ അന്താരാഷ്ട്ര തലത്തിലെ നിലവിലുള്ള യു . എൻ പരിതസ്ഥിതിയെ അതിഗൂഢമായി പരിഹസിക്കുന്നുമുണ്ട്. കാലങ്ങളായി തുടരുന്ന ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ യു . എൻ രക്ഷാ സമിതിക്ക് എന്താണ് ചെയ്യാനായത്? അധിനിവേശ ഡ്രോണുകൾ ഇറാൻ്റെയും ഇസ്രായേലിൻ്റെയും വ്യോമപരിധികളിൽ വട്ടമിട്ട് പറക്കുന്നു. പശ്ചിമേഷ്യ സംഘർഷഭരിതമാവുന്നു. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി സമ്പൂർണ രാഷ്ട്രപദവി നൽകുന്നതിനുള്ള ഒരു പ്രമേയം പാസാക്കാൻ പോലും15 അംഗ രക്ഷാസമിതിയിൽ ഐക്യരാഷ്ട്രസഭയ്ക്ക് കഴിയുന്നില്ല. യൂറോപ്പിൻ്റെ ഭൗമരാഷ്ട്രീയസമ്പദ് വ്യവസ്ഥയെ അട്ടിമറിച്ച് റഷ്യ-യുക്രൈൻ യുദ്ധം രണ്ട് വർഷമായി തുടരുന്നു.അമേരിക്കയുടെ വീറ്റോപവറെന്ന തൂങ്ങിക്കിടക്കുന്ന വാളിനു താഴെ നിസ്സഹായമായി നിൽക്കാൻ മാത്രം കഴിയുന്ന യു .എൻ രക്ഷാസമിതിയെ പൊളിച്ചു പണിയേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യം തന്നെ . അത് അക്ഷരങ്ങളിലെങ്കിലും സാധിക്കുന്നുണ്ട് എന്നത് വായനക്കാരന് നൽകുന്ന ആശ്വാസം ചെറുതല്ല.

ക്വ’യ്ക്ക് സ്വന്തമായി മാനേജ്മെൻറ് വിഭാഗവും കലാകായിക വിഭാഗവുമുണ്ട്. മാനേജ്മെൻറ് ജോലിയുടെ ഏറ്റവും ഭാരിച്ച വശങ്ങൾ ആസൂത്രിതമായുംഅന്യൂനമായും ഏറ്റെടുത്തു നടത്താൻ കഴിയുന്ന കൃത്രിമബുദ്ധിയന്ത്രങ്ങളുടെ സമുച്ചയമാണത്. മാനേജ്മെൻറ് സന്ദേശം ലക്ഷ്യം കാണും മുൻപ് ചോരുകയോ നഷ്ടപ്പെടുകയോ തടയപ്പെടുകയോ ചെയ്യില്ല. ക്വാണ്ടംഎൻ്റാങ്കിൾമെൻ്റാണ് ഇവിടെയും ഉപയോഗിക്കുന്നത്. ജാം ചെയ്യാനോ നുഴഞ്ഞുകയറി ഭേദഗതി ചെയ്യാനോ തകർക്കാനോ ചോർത്താനോ അന്യനൊരാൾക്കോ ഉപകരണത്തിനോ കഴിയില്ല. എൻ്റാങ്കിൾഡ്കണികകളുടെ ശ്രേണികൾ തമ്മിലാണ് ആശയ വിനിമയം നടക്കുന്നത് എന്നുള്ളതുകൊണ്ട് പ്രസരണനഷ്ടവുമില്ല.

ക്വയുടെ കലാകായികവിഭാഗം വായനക്കാരനിൽ കൗതുകമുണർത്തുന്നതാണ്. നവരസങ്ങളിലേതും അവസരോചിതമായി അവതരിപ്പിക്കുന്ന നാലാംതലമുറ ഹ്യൂമനോയിഡുകൾ പങ്കെടുക്കുന്ന ലോകസൗന്ദര്യ മത്സരം വളരെ ആകർഷകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അനന്തകോടി വസ്തുതകളെ ഒരു നിമിഷം കൊണ്ട് കണക്കിലെടുക്കുന്ന ക്വാണ്ടംകമ്പ്യൂട്ടിംഗ് ഉപയോഗിച്ച് രൂപവത്കരിച്ചിരിക്കുന്ന സൂപ്പർ സോഫ്റ്റ്‌വെയറാണ് ഇവർക്കുള്ളത്. മനുഷ്യസ്ത്രീകൾക്കൊപ്പം സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന റോബോട്ടുകളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട് . സ്കേറ്റിങ് ജിംനാസ്റ്റിക് ഇങ്ങനെ വിവിധ തലങ്ങളിൽ ജയിച്ചു കയറിക്കഴിഞ്ഞ് ഇൻറർവ്യൂ എത്തിയപ്പോൾപ്പോലും അവ യന്ത്രങ്ങളാണെന്ന് തിരിച്ചറിയപ്പെടുന്നില്ല . ഒടുവിൽ ഫലപ്രഖ്യാപനം എത്തിയപ്പോൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയത് റോബോട്ടുകളായ ഹ്യൂമനോയ്ഡുകളാണ് . ഫ്രഞ്ചുകാരി മെർലിൻ മൺറോ ജൂനിയർ എന്ന ഹ്യൂമനോയ്ഡിനാണ് ലോകസുന്ദരിപ്പട്ടം കിട്ടിയത്. ‘പെലെ എന്ന ഫുട്ബോൾ ഇതിഹാസത്തിൻ്റെ രൂപമാതൃകയും ശരീരഭാഷയുമുള്ള ഹ്യൂമനോയ്ഡ് ‘പെലെ ജൂനിയർ ‘, ഫുട്ബോൾദൈവമായ മറഡോണയുടെ തനി പകർപ്പായ ജൂനിയർ മറഡോണ എന്നിവരെ കളിക്കളത്തിലിറക്കുന്ന ഫുട്ബോൾ ടൂർണമെൻ്റുമുണ്ട്. മത്സരത്തിൽ ഹ്യുമനോയ്ഡുകൾ നേടുന്ന വിജയം വായനക്കാരനിൽ അതിശയമുണർത്തുന്നു.

സൂക്ഷ്മലോകഭൗതികതയിലെ ആത്മീയത

മനുഷ്യഭ്രൂണത്തിൽ ആദ്യമായി ജീൻ എഡിറ്റിങ് നടത്തുകയും അതിലൂടെ വിജയകരമായി കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്ത ചൈനീസ് ശാസ്ത്രജ്ഞൻ ഹെ ജിയാൻ കുയി മൂന്നു വർഷത്തെ തടവിന് ശേഷം ജയിൽ മോചിതനായത് 2024 ഏപ്രിൽ ആറിനാണ്. അൽഷിമേഴ്സിനും മറ്റു ജനിതക രോഗങ്ങൾക്കുമെതിരെ അതിസമർഥമായി പ്രയോഗിക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യയെ നിയമം ഇന്നും അംഗീകരിച്ചിട്ടില്ല.

നിലവിലുള്ള വൈദ്യശാസ്ത്ര ധാർമികതയ്ക്ക് വിരുദ്ധമായ ഈ ആശയത്തെയാണ് നോവലിൽ ഷാങ്ങെന്ന ജനിതക ശാസ്ത്രജ്ഞൻ പ്രാവർത്തികമാക്കിയിരിക്കുന്നത്. ജീൻ എഡിറ്റിംഗിലൂടെ പ്രീപ്രോഗ്രാംഡ് കുട്ടികളെ ജനിപ്പിക്കുന്നതാണ് ലോകം കീഴടക്കാനുള്ള വഴിയെന്ന് ഷാങ്ങ് പറയുന്നുണ്ട്. ഒരു വ്യക്തിയുടെ നിലപാടുകൾ, ലക്ഷ്യങ്ങൾ, കഴിവുകൾ ഇവയുടെ സ്രോതസ്സുകൾ ഡി. എൻ . എ ലൂപ്പുകളാണെന്നതാണ് ഇതിൻ്റെ അടിസ്ഥാനം. അന്യൂനമായ ആജ്ഞാശക്തിയും ബുദ്ധിവൈഭവവും ലോകാധിപത്യാഭിനിവേശവും ഏറ്റവും കൂടിയ തോതിൽ കിട്ടത്തക്കവിധം ഷാങ്ങ് തൻ്റെ മകനായ ഫാങ്ങിനെ പ്രോഗ്രാം ചെയ്യുന്നു. ഉള്ളടക്കത്തിൻ്റെ അനുപാതം വ്യത്യാസപ്പെടുത്തി 103 അനുയായികളേയും വാർത്തെടുക്കുന്നു.

വളർന്നു കഴിഞ്ഞപ്പോൾ അച്ഛനായ ഷാങ്ങിനെ വിഷം കൊടുത്തു കൊല്ലുന്ന ഫാങ്ങ് പിന്നീട് ധ്യാനമനനങ്ങളിൽ ആകൃഷ്ടനായി ലാമയെ പിന്തുടരുന്നു.
അതിനു കാരണമായി ഫാങ്ങിൽ സെൻഗുരുവിൻ്റെ ബോധഭാവങ്ങളുണ്ടായിരുന്നു എന്നാണ് നോവലിസ്റ്റ് പറയുന്നത്. തൻ്റെ ജനിതകഘടനയിൽ അച്ഛൻ വരുത്തിയ മാറ്റങ്ങൾ കാരണം ഫാങ്ങ് ലോകത്തെ മഹാദുരന്തത്തിലേക്ക് നയിക്കേണ്ടതായിരുന്നു. എന്നാൽ സെൻഗുരുവിൻ്റെ വാസനാസ്വാധീനത്താൽ ലോകഗതി എതിർദിശയിലേക്ക് നയിച്ച് സർഗശേഷിയാക്കാനാണ് നിയോഗമുണ്ടായത്. ജന്മവാസനകൾ ജനിതക കോഡിൽ കണ്ടെത്താനാവില്ല.

സാങ്കേതികതയുടെ എല്ലാ അതിരുകൾക്കുമപ്പുറമാണ് ആത്മബോധത്തിൻ്റെ അപാരശേഷിയെന്ന് ഇത് വെളിവാക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കപ്പുറമുള്ള അനന്തസാധ്യതകളെ അംഗീകരിക്കുന്ന ശാസ്ത്രീയ ചിന്തയാണ് നോവലിൻ്റെ കാതൽ. അദൃശ്യലോകം വെറുമൊരു വിശ്വാസമല്ല യാഥാർത്ഥ്യമാണെന്ന് ക്വാണ്ടം ഭൗതികം വിശദീകരിക്കുന്നുണ്ട്. ബോധത്തിൻ്റെ രഹസ്യം, ഇന്ദ്രിയാതീത അനുഭവങ്ങൾ എന്നിവയെ സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്രത്തിൻ്റെ കേന്ദ്രസ്തംഭമായി കരുതിയിരുന്ന വസ്തുനിഷ്ഠതയെ ചോദ്യം ചെയ്യുന്നു. ഇലക്ട്രോണിൻ്റെ സ്ഥാനവും വേഗവും ഒരേ സമയം കൃത്യമായി നിർവചിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടുകൂടി ദൃഷ്ടത്തിനു പിന്നിലുള്ള അദൃഷ്ടത്തെ അംഗീകരിക്കാതെ ശാസ്ത്രത്തിനു പോലും കഴിയില്ലെന്നായി. ആ അദൃഷ്ടത്തെ ബോധമെന്ന് വിളിക്കാം : വേണമെങ്കിൽ ദൈവമെന്നും. അതിനെ അനുഭവിക്കാനേ കഴിയൂ. അദൃശ്യമായ ഈ ബോധം എന്നും പൂർണമായിരുന്നു. എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അതിൽനിന്നൊരു സ്ഥൂല പ്രപഞ്ചം രൂപമെടുത്താലും അത് അങ്ങനെ തന്നെ തുടരും .

ക്വാണ്ടം ബലതന്ത്രത്തിൻ്റെ ഉപജ്ഞാതാക്കളിലൊരാളായ എർവിൻ ഷ്രോഡിംഗർ ഭൗതിക പ്രപഞ്ചത്തിൻ്റെ അടിത്തട്ട് അഖണ്ഡബോധമാണെന്ന് പറഞ്ഞിട്ടുണ്ട് . പ്രകൃതി വളരെ സൂക്ഷ്മമായി തീരുമ്പോൾ ദ്രവ്യം ഇല്ലാതാകുന്നു. അതിസൂക്ഷ്മാവസ്ഥയിൽ നിരീക്ഷിച്ച് വസ്തുവിനെ അളക്കാൻ ശ്രമിക്കുമ്പോൾ നിരീക്ഷകനും നിരീക്ഷിത വസ്തുവും ഒന്നാകുന്നു. ബോധത്തിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ അറിവും അറിയേണ്ടതും അറിയുന്നവനും ഒന്നാണ്. ബോധത്തെ ദ്രവ്യത്തിൽ നിന്ന് വേർപെടുത്താനാവില്ല എന്നത് ക്വാണ്ടം ബലതന്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ശാസ്ത്രത്തിന് വിശദീകരിക്കാനാവുന്നുണ്ട് .

ലോകം ഇന്ന് നേരിടുന്ന സകലവിധ സങ്കീർണതകളിൽ നിന്നും പാരിസ്ഥിതികതകർച്ചയിൽ നിന്നും നാളെ സംഭവിക്കാവുന്ന മനുഷ്യകുലത്തിൻ്റെ ഒന്നാകെയുള്ള ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ക്വാണ്ടം കോസ്മോളജിയുടെ അടിസ്ഥാനത്തിലുള്ള ആത്മീയതയുടെ ശാസ്ത്രീയമായ വേർഷനെയാണ് സി. രാധാകൃഷ്ണൻ ഈ നോവലിൽ ‘ കൂട്ടുപിടിക്കുന്നത്.

പ്രപഞ്ചബോധം

ക്വാണ്ടം ഭൗതികത്തിലെയും ആധുനികജീവശാസ്ത്രത്തിലെയും ജനിതക സാങ്കേതികവിദ്യയിലെയും ആധുനികോത്തര ഗവേഷണങ്ങൾ പ്രപഞ്ചത്തിന് ബോധവും ബുദ്ധിയും മനസ്സും ഉണ്ടെന്നാണ് വ്യക്തമാക്കി ക്കൊണ്ടിരിക്കുന്നത് . ബോധത്തെ തിരസ്കരിച്ചു കൊണ്ടുള്ള ഭൗതികവാദവും നാസ്തികതയും അയുക്തികവും അശാസ്ത്രീയവുമാണെന്ന് നോവൽ വാദിക്കുന്നു. പ്രപഞ്ചത്തിന് ബോധവും ജീവനുമുണ്ട്. ആദിമ ഹൈഡ്രജനാറ്റം പരിണമിച്ചാണ് ഹീമോഗ്ലോബിനും ഇരുമ്പും ഉണ്ടായത് . ഹൈഡ്രജനെ ഇരുമ്പായി പരിണമിപ്പിച്ചത് പ്രപഞ്ചബോധമാണ്. യഥാർത്ഥമെന്ന് നമ്മൾ പറയുന്നതെല്ലാം അയഥാർത്ഥമെന്ന് കരുതാവുന്നവയെക്കൊണ്ട് നിർമ്മിതമാണ്. ജീവികളിലെ കോശവിഭജനം ബോധപൂർവ്വമായ ഒരു പ്രക്രിയയാണ്. അതിനൊരു പ്രോഗ്രാം അത്യാവശ്യമാണ് . അതുപോലെയാണ് പ്രപഞ്ചവും . സ്വയംഭൂവാവുകയും സ്വയം നിർമ്മാണം നടത്തുകയും സ്വയം അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് പ്രപഞ്ചം . ശരീരവും അതുപോലെതന്നെയാണ് . ആരംഭകോശത്തിൻ്റെ സ്വയം
വിഘടനസംഘാടനങ്ങളിൽ നിന്നാണത് വളരുന്നത് . അതിനുള്ള ബോധം ആദ്യ കോശത്തിൽത്തന്നെയുണ്ട് . ആദിമഅമിനോ ആസിഡുകളുടെ മിശ്രിതത്തിൽ നിന്നും ഡി.എൻ. എ രൂപപ്പെടുത്തിയെടുത്തത് ബോധമാണ് . കോർട്ടക്സും ലിംബിക്സിസ്റ്റവുമുള്ള ഒരു സ്ഥൂലഭൗതിക വസ്തുവാണ് മസ്തിഷ്കം . മസ്തിഷ്കത്തെ ഉൾക്കൊള്ളുന്നതും നിയന്ത്രിക്കുന്നതുമായ ഊർജ്ജ ക്ഷേത്രമാണ് മനസ്സ് . കാന്തികമണ്ഡലം ഇരുമ്പ് തരികളെ ക്രമമായി അടുക്കുന്നത് പോലെ മനസ്സിന് മസ്തിഷ്കത്തെ ക്രമപ്പെടുത്താനും അലങ്കോലമാക്കാനും കഴിയുന്നു. മനസ്സാണ് നമുക്ക് ലോകത്തെ വ്യാഖ്യാനിച്ചു തരുന്നത് .

വ്യക്തിമനസ്സ് പ്രപഞ്ചമനസ്സിൻ്റെ ഭാഗമാണ്. അവ പരസ്പരം വിവരവിനിമയം നടത്തുന്നു. ഓരോ മനസ്സും മറ്റു മനസ്സുകളുമായി സംവദിക്കുന്നു.
രണ്ടു ബിന്ദുക്കൾക്കിടയിലുള്ള സ്ഥലത്തെ മറികടക്കാൻ ഒരു ക്വാണ്ടത്തിന് കഴിയുന്നതുപോലെ മനസ്സ് ഒരു ക്ഷേത്രമായതുകൊണ്ട് (എനർജി ഫീൽഡ്) ചിന്തയ്ക്കും ചാടാൻ കഴിയുന്നു. മസ്തിഷ്കത്തിലെ രാസവൈദ്യുത പ്രവർത്തനങ്ങളാണ് കരുണ, സ്നേഹം, ധൈര്യം കോപം, പ്രണയം എന്നിവയ്ക്ക് അടിസ്ഥാനമെന്ന് ഭൗതികവാദികൾ കരുതുന്നു. എന്നാൽ ഒരു വ്യക്തിയുടെ മനസ്സിനനുസരിച്ച് അയാളുടെ മസ്തിഷ്കത്തെ മാറ്റാനാവുമെന്ന് ന്യൂറോപ്ലാസ്റ്റിസിറ്റി വാദിക്കുന്നു. ഇവിടെ മനസ്സിൻ്റെ ഉപകരണമായി മസ്തിഷ്കം മാറുന്നു.

ക്വാണ്ടം കംപ്യൂട്ടിങ്ങ് കൊണ്ട് കോടിക്കണക്കിനിരട്ടി സ്പീഡിൽ കമ്പ്യൂട്ടറുകൾ ഇന്ന് പ്രവർത്തിക്കുന്നു. നമ്മുടെ ബോധത്തിലും ഇത്തരത്തിലുള്ള ക്വാണ്ടം കമ്പ്യൂട്ടിങ്ങുകൾ നടക്കുന്നുണ്ട്. ഒരാളുടെ ബോധത്തെ ക്വാണ്ടം എൻ്റാങ്കിൾമെൻ്റിലെ റെസൊണൻസ് എന്ന പ്രക്രിയയിലൂടെ മറ്റൊരു ബോധവുമായി സമസ്ഥിതിയിലാക്കാൻ കഴിഞ്ഞാൽ എത്ര അകലെയിരുന്നും അവരുടെ ബോധത്തിന് ദൂരത്തെ മറികടക്കാനാവും. ഇത്തരത്തിൽ ബോധത്തിനുണ്ടാകുന്ന നൈസർഗികമായ സമസ്ഥിതി രണ്ടായിരത്തിനു മുൻപ് തന്നെ റഷ്യയിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മുയലമ്മയിൽ നിന്നു വേർപെടുത്തപ്പെട്ട മക്കളെ കടലിനടിയിലെത്തിച്ച് ഓരോരുത്തരെയായി കൊന്നിട്ട് മക്കളുടെ മരണസമയത്ത് അമ്മയിലുണ്ടായ പ്രതികരണങ്ങളിൽ വന്ന സ്പെസിഫിക്കായ മാറ്റങ്ങൾ ശാസ്ത്രം രേഖപ്പെടുത്തിയപ്പോൾ അവ വളരെ പ്രകടമായിരുന്നു. ബൗദ്ധികനിലവാരത്തിൽ മനുഷ്യനേക്കാൾ എത്രയോ താഴെയുള്ള ജീവികളിൽപ്പോലും ഇത്തരം കമ്മ്യൂണിക്കേഷനുകൾ സാധ്യമാണെന്നിരിക്കെ മനുഷ്യബോധത്തിൻ്റെ സമസ്ഥിതി നിർവ്വചനങ്ങൾക്കപ്പുറമല്ല.

മനുവിൻ്റെ ബാല്യകാലസഖിയായിരുന്ന മാളുവിൻ്റെ പുനർജന്മമാണ് തനേക എന്ന രീതിയിൽ പുനർജന്മത്തെ ക്വാണ്ടം എൻ്റാങ്കിൾമെൻ്റുമായി ബന്ധിപ്പിക്കാൻ കഥാകാരൻ ശ്രമിക്കുന്നുണ്ട്. ഇതിൻ്റെയൊക്കെ കാരണം അന്വേഷിക്കുമ്പോൾ അറിഞ്ഞതിനപ്പുറത്താണ് അറിയാനുള്ളതൊക്കെ എന്നതാണ് ഉത്തരം .

വേലിക്കല്ലില്ലാത്ത ജീവിത സമസ്യകൾ

മനുഷ്യാവസ്ഥകളിലെ സംഘർഷങ്ങളെയും സങ്കീർണതകളെയും അവതരിപ്പിക്കുന്ന അവസരങ്ങളിൽ ശാസ്ത്ര ചർച്ചയുടെ വൈരസ്യത്തിൽ നിന്ന് പുറത്തുകടന്ന് വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ എഴുത്തുകാരന് കഴിയുന്നുണ്ട്. സാറയുടെയും നോവയുടെയും അന്നയുടെയും ജീവിതം പറയുന്ന ഭാഗങ്ങളിൽ വായനക്കാരൻ അനുഭവിപ്പിക്കലിൻ്റെ തീവ്രതയറിയുന്നു. ശ്രീനഗറിൽ നിന്ന് രണ്ടുവർഷം മുൻപ് തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് പുറത്താക്കപ്പെട്ട റസാക്കിന് ജീവിക്കാൻ ജിഹാദിയാവുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഇറാക്കിലെ മൊസൂളിലെത്തിയ റസാക്ക് കാമുകിയായ സുഹറയെ ഒളിത്താവളത്തിലെത്തിച്ച് നിക്കാഹ് കഴിക്കുന്നു. ഒളിവിടത്തിലും അവർ സന്തോഷകരമായ ജീവിതം നയിക്കുന്നു. പെട്ടെന്നൊരു ദിനം ഒരു മിസൈൽ ആക്രമണത്തിൽ ചിന്നിച്ചിതറി പോകുന്ന റസാക്കിൻ്റെതുപോലുള്ള ജീവിതം ഇന്ന് കേരളീയർക്കും അപരിചിതമാവില്ല. ജിഹാദി നേതാവിന് എയർപോർട്ട് കടക്കാനായി പൂർണ്ണഗർഭിണിയായ സുഹറയെ ഭാര്യയായി വേഷം കെട്ടിച്ച് ദേശാന്തരയാത്ര നടത്തുന്നു. എയർപോർട്ടിൽ നിന്ന് രക്ഷപ്പെട്ട അവർ സഞ്ചരിച്ച കാർ മരുഭൂമിയിൽ വെച്ച് വെടിയേറ്റ് മറിഞ്ഞ് രണ്ടാളും മരിക്കുന്നു. പൂർണ്ണഗർഭിണിയായ സുഹറ അതിനുമുൻപ് ഒരു പെൺകുഞ്ഞിനു ജന്മം നൽകുന്നു. മക്കളില്ലാത്ത സുൽത്താൻ അരമനയിൽ എടുത്തു വളർത്തിയ മരിക്കാതെ പോയ ആ കുഞ്ഞാണ് സാറ.

വജ്രക്കല്ലുകളുടെ വിളഭൂമിയായ അംഗോളയിലെ ലുവാണ്ടയിൽ ജീവിച്ചവരാണ് മീൻപിടുത്തക്കാരായ എഡ്ഗറും ഐഡയും .അതികഠിനമായ ഗോത്രശത്രുത നിലനിൽക്കുന്ന രണ്ടു വംശത്തിൽ ജനിച്ചവരാണവർ. മധുരമിനിക്കുന്ന ഒരു ജീവിതമാണ് അവർ ഒന്നിച്ചു ജീവിച്ചത്. വൈരക്കൽ അന്വേഷണത്തിനിടയിൽ ഏതുനിമിഷവും പൊട്ടിച്ചിതറാവുന്ന ഒരു മൈനിൽ കാൽ ചവിട്ടിയയിടത്തുനിന്ന് സ്വന്തം പ്രാണൻ പോലും നോക്കാതെ എഡ്ഗറെ ഐഡ രക്ഷിച്ചു. എന്നിട്ടും അവരുടെ മകളായ നോവയ്ക്ക് നാല് വയസ്സായപ്പോഴേക്കും ഐഡയും എഡ്ഗറും പിരിഞ്ഞു. എല്ലാ പ്രവചനങ്ങൾക്കും അതീതമായ മനുഷ്യജീവിതാവസ്ഥയാണത്. പഠനം മുടങ്ങാതിരിക്കാൻ നോവയെ ഹോസ്റ്റലിൽ ചേർത്തെങ്കിലും അവളുടെ വിദ്യാഭ്യാസകാലത്തുതന്നെ ഐഡ കൊലചെയ്യപ്പെട്ടു. നോവയുടെ തുടർജീവിതവും ബ്രസീൽ അംബാസഡറിൽ നിന്ന് യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള വളർച്ചയും മനുഷ്യൻ്റെ ഇച്ഛാശക്തി അടയാളപ്പെടുത്തുന്നതാണ്.

റഷ്യയിലെ ഏറ്റവും പ്രശസ്തമായ നരവംശശാസ്ത്ര ലബോറട്ടറിയുടെ ചുമതലക്കാരനായ അലക്സിയും ബാലെനർത്തകിയായ അന്നയുമാണ് കൂട്ടുജീവിതം നയിക്കുന്ന മറ്റു രണ്ടു പേർ. നിയമവിധേയമല്ലാത്ത മനുഷ്യക്കടത്തിലൂടെ ലബോറട്ടറിയിലെത്തിക്കുന്ന കുട്ടികളിൽ അലക്സി പരീക്ഷണങ്ങൾ നടത്തുന്നു. മനുഷ്യന് അതിപുരാതന കാലത്തുണ്ടായിരുന്ന രോഗപ്രതിരോധശേഷിയുടെ മാത്രമല്ല കാഴ്ച, കേൾവി, മണം, സ്പർശം രസ്ന എന്നിവയിൽ മനുഷ്യൻ പുലർത്തിയ അധിക കഴിവുകളുടെ രഹസ്യമാണ് അലക്സി അന്വേഷിക്കുന്നത്. നിർധാരണം ചെയ്യുന്ന രഹസ്യങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ച് മഹാവ്യാധി കൾക്കുള്ള രഹസ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഗവേഷണത്തിനുള്ള പരീക്ഷണ വസ്തുക്കളായിരുന്ന നാലു മക്കളെ അനാഥരാക്കിക്കൊണ്ട് അലക്സി ഹൃദ്രോഗത്തിന് കീഴടങ്ങുന്നു. അലക്സിയുടെ മരണശേഷം ആദ്യമായി അന്ന അമ്മയുടെ നോവറിയുന്നു. പ്രത്യേക ചേരുവയുള്ള ശ്വാസവായു നൽകി ആരോഗ്യം നിത്യപരിശോധനയ്ക്ക് വിധേയമാക്കി യന്ത്രം പോലെയായിരുന്നു ആ കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്നത്. അവരുടെ പരിചരണരീതിയിൽ അന്ന പല മാറ്റങ്ങളും കൊണ്ടുവന്നു. അവർ ചിരിക്കാൻ പഠിച്ചു. സ്വന്തം ഈണങ്ങൾ മൂളാൻ തുടങ്ങി. മാനുഷികപരിഗണനയില്ലാത്ത ശാസ്ത്രലോകത്തുനിന്ന് പരീക്ഷണവസ്തുക്കളായ കുഞ്ഞുങ്ങളെ അന്ന മനുഷ്യരാക്കി മാറ്റി. അവർ മനുഷ്യനിലെ മനുഷ്യനെ തിരിച്ചറിഞ്ഞു. ഉടമസ്ഥതയിലും നടത്തിപ്പിലും അതുവഴി ഉണ്ടാക്കാവുന്ന നേട്ടങ്ങളിലും താൽപര്യമില്ലാത്ത അന്ന എല്ലാം സർക്കാരിന് നൽകാൻ നിരുപാധികം തയ്യാറായി. ദേശീയതാൽപര്യം മുൻനിർത്തി റഷ്യ സ്വകാര്യ കമ്പനികളുമായി ഒപ്പുവച്ച സാമ്പത്തികസഹകരണക്കരാറനുസരിച്ച് കുട്ടികളെ സർക്കാരിന് തുടർപരീക്ഷണങ്ങളുടെ പേരിൽ വിട്ടുകൊടുത്തു. ആ സമയത്ത് അന്നയറിയുന്ന നോവ് വായനക്കാരൻ്റെ ഉള്ളുലയ്ക്കുന്നതാണ്. നൊന്തു പ്രസവിക്കുന്നതിനാൽ മാത്രം ഒരു സ്ത്രീ അമ്മയാകുന്നില്ലെന്ന് ഗരുഡ മുത്തച്ഛൻ പറയുന്നുണ്ട് .

അലങ്കാരമുളന്തോപ്പിലെ പ്രാമിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പൂർവ്വജന്മചോദനയിലെന്നവണ്ണം സ്വന്തമെന്ന് കരുതുന്ന അമേലിയ സിംഗപ്പൂരിൽ ഓഹരി അനലിസ്റ്റാണ്. കുഞ്ഞിനോടൊപ്പമുള്ള അമേലിയയ്ക്കാണ് അക്യൂറ ജീവിതം പങ്കിട്ടു നൽകുന്നത്. ഇത്തരത്തിൽ തൻ്റേതല്ലാത്ത കുഞ്ഞുങ്ങളിൽ വാത്സല്യം പകരാൻ കഴിയുന്ന മനസ്സുകൾ ഈ നോവലിൽ പലടത്തുമുണ്ട്. മനുഷ്യമനസ്സിലെ ആർദ്രതയുടെ നനവ് ഇവിടെയൊക്കെ അക്ഷരങ്ങളിൽ പടരുന്നുണ്ട്. തങ്ങൾക്കു കിട്ടിയ ധ്യാനവെളിപാട് മുൻനിർത്തി കൊച്ചുകുട്ടിയായ മകനെ ലാമയായി വിട്ടുകൊടുത്തു കൊണ്ട് ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത നിയോഗമേറ്റെടുക്കുന്നവരാണ് പ്രേമയും ദോർജിയും. ഇത്തരം അവസരങ്ങൾ വിശകലനം ചെയ്യുന്നിടത്ത് പറക്കാൻ കഴിയുന്നവർ മനുഷ്യരിലുമുണ്ടെന്നാണ് കിളിക്കൂട്ടം വിലയിരുത്തുന്നത് ഇത്തരത്തിൽ അനേകം കർത്തൃസ്ഥാനങ്ങൾ സ്വീകരിച്ചുകൊണ്ട് നിരവധി ലഘു ജീവിതാഖ്യാനങ്ങൾ കഥാകൃത്ത് നടത്തുന്നുണ്ട് . അതിലൂടെ സുഘടിതമായ ഒരു നോവൽ ഘടന വളർത്തിക്കൊണ്ടുവരാനും അതിൽ ജീവിതത്തിൻ്റെ ഉപ്പും കയ്പ്പും നേരനുപാതത്തിൽ ചേർക്കാനും നോവലിസ്റ്റിനു കഴിയുന്നുണ്ട്. പറയുന്നത് അന്താരാഷ്ട്ര പ്രശ്നങ്ങളാണെന്നും അതിൻ്റെ നിലപാടുതറ ഭൂഗോളത്തിൻ്റെ വിരുദ്ധധ്രുവങ്ങളിലാണെന്നും ചിന്തിക്കുമ്പോൾ ലോകത്തെല്ലായിടത്തും കവികൾക്ക് ഒറ്റ ഭാഷയെയുള്ളൂ എന്ന് കവി സച്ചിദാനന്ദനെഴുതിയത് ഓർക്കാതിരിക്കാനാവില്ല .അതെ കവികൾക്കെന്നല്ല ജീവിതത്തിനു തന്നെ ഒറ്റ ഭാഷയെ ഉള്ളൂ .

കഥ പറച്ചിലിലെ സമാന്തരലോകങ്ങൾ

ആവിർഭാവം ,ആവിഷ്ക്കാരം എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് നോവൽ ഒരു മഹാദൗത്യം പൂർത്തിയാക്കുന്നത്. മിക്ക അധ്യായവും അവസാനിക്കുന്നതും ചില അധ്യായങ്ങൾ തുടങ്ങുന്നതും കാലക്കിളിവാതിൽ തുറന്നു കൊണ്ട് പ്രത്യക്ഷനാകുന്ന ഗരുഡമുത്തച്ഛനിലൂടെയാണ് .
വ്യാസൻ നൽകിയ ദിവ്യദൃഷ്ടിയാൽ സഞ്ജയൻ ധൃതരാഷ്ടർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നത് പോലെ കിളിമുത്തച്ഛൻ തൻ്റെ അനന്തരതലമുറയ്ക്ക് മാന്ത്രിക ദൃഷ്ടി നൽകുന്നു.

മനുഷ്യവംശത്തിന് നേരെയുള്ള വിമർശനവിശകലനങ്ങളിലൂടെ ആ സംവാദങ്ങൾ നമ്മെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. ശാസ്ത്രത്തിൻ്റെ വിസ്മയകരവും സ്ഫോടനാത്മകവുമായ വികാസത്തെ ആയുധനിർമ്മിതിയിലേക്ക് തിരിച്ചുവിടുന്നതുൾപ്പെടെയുള്ള മനുഷ്യമണ്ടത്തരങ്ങളെ അവർ പരിഹസിക്കുന്നു. വിഹഗവീക്ഷണമെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ അനുഭവവേദ്യമാകുന്നു.പൗരാണികമായ പ്രതിച്ഛായയേക്കാൾ പാടിപ്പഴകിയ ജീവിതകഥകളെ അകന്നുനിന്ന് നോക്കിക്കാണുന്ന കിളിക്കാരണവരുടെ ഭാവമാണ് ഇതിലെ ഗരുഡമുത്തച്ഛനുള്ളത്.

ത്രികാലങ്ങളിലും ദൃഷ്ടിയൂന്നാൻ കഴിയും വിധം ഉയരത്തിലാണ് ഗരുഡമുത്തച്ഛൻ്റെ നിൽപ്പ്. അതുകൊണ്ടുതന്നെ കാലം കാത്തുവയ്ക്കുന്നതെന്തെന്നുള്ള പ്രവചനം ശരിയാവാതെ വഴിയില്ല സാർവ്വലൗകികമാനമുള്ളതും ശാസ്ത്രത്തിൻ്റെ അത്യന്താധുനിക മേഖലയിലുള്ളതുമായ വിഷയത്തെ ഒരു പ്രാദേശിക ഭാഷയിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ സാങ്കേതികപദങ്ങളുടെ തെരഞ്ഞെടുപ്പിൽ എഴുത്തുകാരനനുഭവിക്കേണ്ടിവരുന്ന അസ്വാതന്ത്ര്യം നോവലിസ്റ്റ് അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ക്വാണ്ടം എൻ്റാങ്കിൾ മെൻ്റിന് ക്വാണ്ടംകെട്ടുപിണയൽ എന്നും റെസൊണൻസിന് സമസ്ഥിതിയെന്നും ഉപയോഗിച്ചിരിക്കുന്നിടത്ത് നമുക്കത് വ്യക്തമാകും. വെലോസിറ്റിക്ക് പ്രവേഗമെന്നും ആക്സിലറേഷന് ത്വരണമെന്നും തർജ്ജമ ചെയ്ത ഹൈസ്കൂൾ മലയാളം മീഡിയം സയൻസ് പാഠപുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ സാങ്കേതികപദങ്ങളുടെ മലയാളീകരണം അത്യാവശ്യമാണോയെന്ന് ചിന്തിക്കാറുണ്ട് . ക്വഥനാങ്കം, ബാഷ്പീകരണലീനതാപം, വിശിഷ്ടതാപധാരിത തുടങ്ങിയ മലയാളംവാക്കുകൾ അതിൻ്റെ ആംഗലേയത്തിനെക്കാൾ എത്രയോ അപരിചിതമാണ് .

ഇന്ത്യയിൽത്തന്നെ വെറും രണ്ടു ശതമാനം ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയാണ് മലയാളം . ലോകാടിസ്ഥാനത്തിൽ നോക്കിയാൽ അതെത്രത്തോളം തുച്ഛമാവുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അത്തരമൊരു ഭാഷയിലാണ് ഭൂഗോളത്തിൻ്റെ വിവിധമൂലകളിൽ പിറന്നുവളർന്ന മനുഷ്യരുടെ ജീവിതവും സംസ്കാരവും നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത്. ഗവേഷണത്തിൻ്റെയും അറിവുല്പാദനത്തിൻ്റെയും സാങ്കേതികതയുടെയും സങ്കരമായിത്തീരുന്നതും മനുഷ്യവംശം ഒന്നാകെ അഭിമുഖീകരിക്കുന്ന അന്താരാഷ്ട്രപ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുന്നതുമായ ഈ ആഗോളനോവൽ ആഗോള ഭാഷയായ ആംഗലേയത്തിലേക്ക് മൊഴിമാറ്റിപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്.

സാധാരണക്കാരനായ ഒരു മലയാളിക്ക് പേര് മാത്രം കേട്ട് പരിചയമുള്ള ലോകരാഷ്ട്രങ്ങളുടെ ഒരു നിര തന്നെ നോവലിലുണ്ട്. ഇറാഖ്, അംഗോള, തിബത്ത്, മോസ്കോ, പാരീസ്, സ്വിറ്റ്സർലണ്ട്, ചൈന, സിംഗപ്പൂർ, ബലാറസ്, അമേരിക്ക എന്നിങ്ങനെ ആ നിര നീളുന്നു. യു . എൻ രക്ഷാ സമിതിയുമായി ഓരോ രാജ്യത്തിനുമുള്ള ബന്ധവും ശാസ്ത്ര ഗവേഷണത്തിൽ അവരെടുക്കുന്ന നിലപാടുകളും അവിടുത്തെ സാമൂഹിക ആരോഗ്യ സാംസ്കാരിക രംഗവും വിലയിരുത്തപ്പെടുന്നു. ആരെയും ആക്രമിക്കുകയോ ആരാലും ആക്രമിക്കപ്പെടുകയോ ചെയ്യാത്ത നാടാണ് സ്വിറ്റ്സർലൻഡ് . സമാധാന പ്രവർത്തനങ്ങൾ മാത്രമുള്ള റെഡ്ക്രോസിൻ്റെ ജന്മഭൂമി. കൃഷിഭൂമി കർഷകർക്ക് എന്ന നൂറ്റാണ്ടുമുൻപ് കേരളത്തിൽ മുഴങ്ങിയ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ചൈനയിൽ ഇന്നും പ്രാവർത്തികമല്ല എന്ന് നോവൽ ഓർമ്മപ്പെടുത്തുന്നു. യു . എൻ സഭയെ വീറ്റോ അധികാരമുപയോഗിച്ച് വഴിമുടക്കി ടിബറ്റിന് മേൽ അധീശത്വം നടത്തുന്ന ചൈനയെ നാമറിയുന്നു. ചൈനയുടെ നിരീക്ഷണത്തിലുള്ള ലാമയെ അന്വേഷിച്ച് മഹാദൗത്യസംഘത്തിലെ 10 പേരുംകൂടി കാഠ്മണ്ഡുവിലേക്ക് നടത്തുന്ന ഒരു യാത്രയുണ്ട്. കടന്നുപോകുന്ന വഴികളിലെ പ്രകൃതിയുടെ പ്രശാന്തത വായനക്കാരൻ ആത്മാവിലറിയുന്നു.

വ്യവസായങ്ങളുടെ ഗുണനിലവാരം ഉയർത്തി, ഭക്ഷണത്തിൽ സ്വയംപര്യാപ്തത നേടി, പരിസ്ഥിതി സൗഹൃദം പൊതുനയമായി സ്വീകരിച്ച ചൈനയെ നോവലിൻ്റെ അവസാനം അവതരിപ്പിക്കുന്നുണ്ട്. ലോകകാലാവസ്ഥ നിർണയിക്കുന്നതിൽ ആമസോൺ മഴക്കാടുകൾക്കും സഹാറാ മരുഭൂമിക്കുമുള്ള പ്രാധാന്യം എടുത്തുപറയുന്നു. പണിമുടക്കോ ശബ്ദമലിനീകരണമോ പ്രകടനങ്ങളോ ഹർത്താലോ കവലപ്രസംഗങ്ങളോയില്ലാത്ത സിംഗപ്പൂർ മലയാളിക്കെത്രത്തോളം അപരിചിതമാണ്. കൈക്കൂലി മാപ്പില്ലാത്ത കുറ്റമാണത്രേ. എല്ലാ ആരാധനാലയങ്ങളും സർക്കാരാണ് നടത്തുന്നത്. ആരാധനാലയങ്ങളിലൊന്നും പണപ്പിരിവോ ദക്ഷിണയോ ഭണ്ഡാരപ്പെട്ടിയോയില്ല. വീടുകളിൽ പാചകം നടത്താറില്ല.

ഇത്തരത്തിൽ ചൈനയോ അംഗോളയോ സിംഗപ്പൂരോ സ്വിറ്റ്സർലണ്ടോ മാത്രമല്ല ഈ നോവൽ കൈരളിയ്ക്ക് പതിച്ചു നൽകുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും ഭൂഖണ്ഡത്തിനും ഭൂമിയ്ക്കും ബഹിരാകാശത്തിനും അപ്പുറത്തുള്ള ഏത് ലോകവും ആവിഷ്കരിക്കുന്നതിന് കൈരളി പ്രാപ്തയാണെന്ന് നോവൽ തെളിയിക്കുന്നു. പോരിനുള്ള പ്രവണത സകല ജീവജാലങ്ങളിലും സഹജമാണ്.

മൗലികമായ ആ ജൈവ പ്രവണതയെ എത്രത്തോളം അടക്കിവെക്കാനാകുന്നുവോ അത്രത്തോളം ഓരോ വംശവും നിലനിൽക്കുന്നു. മറ്റു ജീവിവർഗങ്ങളിൽ നിന്നും വ്യത്യസ്തമായി പരസ്പരം മത്സരിക്കാനുള്ള പ്രവണത മനുഷ്യനിലാണ് കൂടുതലുള്ളത്. ഇര തേടാനോ ഇണയെ പ്രാപിക്കാനോ അല്ലാതെ ഇതരജീവികൾ പരസ്പരം കൊല്ലാറില്ല. എന്നാൽ മനുഷ്യൻ വർഗം, മതം, വർണ്ണം, രാഷ്ട്രം, ഉപഭോഗം മുതലായവയുടെ പ്രേരണയാലൊക്കെ പരസ്പരം പടവെട്ടുന്നു. ഈ ചോദനയെ സംഹാരക്രിയയിലേക്ക് വളർത്തിയെടുക്കുന്നതിന് പകരം സൃഷ്ടിപ്രക്രിയകളിലേക്ക് വികസിപ്പിക്കലാണ് സംസ്കാരം കൊണ്ട് ഉദ്ദേശിക്കേണ്ടത്. അതിനനുഗുണമായ ഒരു മാനസികപ്രവണത മനുഷ്യർക്കില്ല എന്ന് മാത്രമല്ല അവർ പറവകളെ കണ്ടു പഠിക്കേണ്ടതുണ്ട് എന്നാണ് കാലക്കിളിവാതിലിലൂടെ എല്ലാം നോക്കിക്കാണുന്ന ഗരുഡമുത്തച്ഛനും അനുയായികളും കണ്ടെത്തുന്നത്.

ആയുധക്കച്ചവടക്കാർ ലോകത്തെങ്ങും ഭീതിയുടെ അന്തരീക്ഷമുണ്ടാക്കാൻ തീവ്രവാദികൾക്ക് ചെല്ലും ചെലവും കൊടുക്കുന്നു. ഒപ്പം അവരെ തടയാനെന്ന വ്യാജേന ആയുധങ്ങൾ വിൽപ്പനച്ചരക്കാക്കി കോടികൾ കൊയ്യുന്നു. ലോകത്ത് പലയിടങ്ങളിലും അതീവ പ്രഹരശേഷിയുള്ള വൈറസുകളെ വളർത്തിയെടുക്കുന്നു. ചോര മാത്രം മണക്കുന്ന ഗാസയിൽ ഭക്ഷണപ്പൊതികൾക്കായി നീട്ടിയ കുഞ്ഞുകൈകൾക്കു നേരെ ബോംബ് വർഷിക്കാൻ കഴിയുന്ന മനുഷ്യർക്ക് ആരെ കണ്ടു പഠിച്ചാലാണ് സ്നേഹവും സമാധാനവും എന്തെന്ന് മനസ്സിലാവുക? മനുഷ്യവംശം തിരുത്തലിന് സമയമായിരിക്കുന്നു. ഇപ്പോഴെങ്കിലും തിരുത്തിയില്ലെങ്കിൽ ഇനി തിരുത്താനൊന്നും തന്നെ ഉണ്ടാവില്ലന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു