സ്പൈഡർമാന്‍, ബാറ്റ്‌മാന്‍: ചില എതിര്‍ബിംബങ്ങള്‍

കാറ്റില്‍ കപ്പല്‍പ്പായയില്‍ മുഴയ്ക്കുന്ന ഗര്‍ഭത്തെക്കുറിച്ച് ഞാന്‍ പണ്ടൊരു മുവ്വരി എഴുതിയതോര്‍ക്കുന്നു. പക്ഷേ, ഇപ്പോള്‍ എന്‍റെ ഭൗതിക അന്തരീക്ഷത്തിലെ കാറ്റിലൊരു എന്ജിനീയറിംഗ് ഉത്സവം പോലെ ആകൃതിയെടുക്കുന്നത് ചിലന്തിവലയാണ്.

വല്ലാത്തൊരു കൊച്ചു ആകസ്‌മികതയില്‍, ഇറാനിലെങ്കിലും ഈ വെള്ളിയാഴ്‌ച എന്ജിനീയറിംഗ് ദിനമാണ്‌. അതിലും വലിയൊരു ആകസ്‌മികതയില്‍, ഇന്ന് ഞാന്‍ ഉണര്‍ന്നത് പാതി ഒരു സ്വപ്നത്തിലും പാതി ഉണര്‍ച്ചയിലും കുടുങ്ങിയൊരു ഇംഗ്ലീഷ് വാക്കിലായിരുന്നു — റെസിലിയെന്‍സ് (resilience). ചുരുക്കത്തില്‍, എന്‍റെ ഉണര്‍ച്ച എട്ടു ദിക്കുകളിലേക്ക് വീശു രേഖകള്‍ (drag lines) എറിഞ്ഞ് ഒരു ചിലന്തിവല വിടരുന്നതു പോലെയായിരുന്നു.

റെസിലിയെന്‍സ്. കാറ്റില്‍ പിളരാതെ പിന്‍വാങ്ങാനും, പിന്നെ അനായാസമായി പൂര്‍വ്വസ്ഥിതി തിരിച്ചു പിടിക്കാനുമുള്ള ബലതന്ത്ര ഘടനയില്‍, അതിന്‍റെ ഒരു വിശദാംശം മാത്രമായ ഇലാസ്തികതയില്‍, ചിലന്തിവലയെക്കാള്‍ ഉചിതമായി റെസിലിയെന്‍സ് എന്ന വാക്കിനെ നിര്‍വചിക്കുന്ന മറ്റൊരു നിര്‍മ്മിതിയില്ല. ലോകമെമ്പാടുമുള്ള എത്രയോ യന്ത്രവിദ്യാവിദഗ്‌ദ്ധരും ദ്രവ്യ ശാസ്ത്രജ്ഞന്മാരും ചിലന്തിവലയില്‍ ആത്യന്തിക മാതൃക കണ്ടെത്തുന്ന ഘടനകളിലേക്കും, വ്യവസ്ഥകളിലേക്കും, കൃത്രിമ അസംസ്കൃത പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിലേക്കും ധാരാളമായി തിരിയുകയാണ്.

ഗവേഷകനായ ഹൊസോം മഹമ്മൂദ്‌ ചിലന്തിവലയിലേക്ക് തിരിയുന്നില്ല; പക്ഷേ, അദ്ദേഹത്തിന്‍റെ ഇതിവൃത്തം റെസിലിയെന്‍സ് തന്നെയാണ്. പ്രകൃതി ക്ഷോഭവും  2010കളിലെ “അറബി വസന്തം” എന്ന പ്രക്ഷോഭ പരമ്പര പോലുള്ള ക്രമസമാധാനഭംഗവും ഉള്‍പ്പെടെ മനുഷ്യ സമൂഹങ്ങളെ അടിയന്തരാവസ്ഥയില്‍ എത്തിക്കുന്ന എല്ലാ തരം അനിഷ്ട സംഭവങ്ങളെയും ഒരൊറ്റ ചലനാത്മക ഗണിതശാസ്ത്ര മാതൃകയില്‍ പിടിച്ചെടുക്കലാണ് മഹമ്മൂദിന്‍റെ ലക്‌ഷ്യം (ധൃതിയില്‍ കൂട്ടിച്ചേര്‍ക്കട്ടെ: “അറബി വസന്തം” മഹമ്മൂദ്‌ നേരിട്ട്‌ തരുന്നൊരു ഉദാഹരണമാണ്, ഈ ലേഖകന്‍റെ കുത്തിത്തിരുകലല്ല!)

അത്യാഹിതങ്ങള്‍ക്കു ശേഷം സംഭവപൂര്‍വ അവസ്ഥ തിരിച്ചെടുക്കാന്‍ ഏതു സമൂഹത്തിനുമുള്ള വെമ്പല്‍ പരിഗണിക്കുക. അതിനുള്ള കരുത്ത് സമൂഹത്തിന് നല്‍കാന്‍ കഴിവുള്ളൊരു നഗര സംവിധാനം എങ്ങനെയാവണം? ലോകത്തെവിടെയും ഉണ്ടാകാനിടയുള്ള ഏതു അത്യാഹിതത്തിന്റെ ഉദ്ഭവവും പരിണിതഫലവും നിര്‍ണയിക്കാന്‍ സൂക്ഷ്മവും വിശദവുമായൊരു ഗണിതശാസ്ത്ര മാതൃകയ്ക്ക് കഴിയും. കാരണം, അതിന്‍റെ മെട്രിക്സ്, അളവുപദ്ധതി, “ജീവരേഖകള്‍” (lifelines) എന്നു വിളിക്കാവുന്ന ചില സാന്നിധ്യങ്ങളാണ് — ജലം, പാര്‍പ്പിടം, വിദ്യുച്ഛക്തി, ആരോഗ്യം, ജനം, ഗതാഗതം. ഈ രേഖകളില്‍ ഒന്നിലെ മാറ്റം മറ്റുള്ളവയെ മാറ്റും.

മഹമ്മൂദും സഹപ്രവര്‍ത്തകരും അവരുടെ മാതൃക പരീക്ഷിക്കാന്‍ തിരഞ്ഞെടുത്ത നഗരം ബാറ്റ്മാന്‍റെ നഗരമായ ഗോതം ആണെന്നത് ഒരു പക്ഷേ നിങ്ങളെ ആശ്ചര്യപ്പെടുത്താം. അത്യാഹിതങ്ങള്‍ക്കു വിധേയമായമാകുന്ന സമൂഹങ്ങളുടെ രൂപകം അവര്‍ കണ്ടെത്തിയത് ഇങ്ങോട്ട് തിരിച്ചു വരുന്ന ദോലകത്തിലും, മീട്ടലിനെ തുടര്‍ന്ന് വിഹ്വലമാകുന്ന വയലിൻ കമ്പിയിലുമാണ്. ദോലകം ഒരു അബദ്ധ രൂപകമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.  വയലിൻ  കമ്പി തീര്‍ച്ചയായും ഒരു അനുപാതം സൂചിപ്പിക്കുന്നു. ഒരു സമൂഹത്തിന്‍റെ വിഹ്വലതയുടെ ദൈര്‍ഘ്യം അതേറ്റ ആഘാതത്തിന്‍റെ ശക്തി അനുസരിച്ചാവും. ഏതായാലും, ഏറ്റവും ഉചിതമായ രൂപകം, സുബദ്ധ രൂപകം, എന്‍റെ ദൃഷ്ടിയില്‍ ചിലന്തിവലയാണ്.

“പൗണ്ട്-ഫോര്‍- പൗണ്ട്” എന്ന നിരക്കിന് പരിഗണിച്ചാല്‍പ്പോലും ഉരുക്കിനേക്കാള്‍ എത്രയോ ഈടുറ്റതാണ് ചിലന്തിവല. സാധാരണ നിലയ്ക്ക് അതിനെ ചീന്തി പറപ്പിക്കാന്‍ വന്‍ കാറ്റുകള്‍ക്ക്‌ കഴിയില്ല. പക്ഷേ, ഇത്രയും പറഞ്ഞതു പോലും തികച്ചുമൊരു അലസ വിവരണമാണ്. ചിലന്തിവലയുടെ യഥാര്‍ത്ഥ ശക്തി, യഥാര്‍ത്ഥ കലയുടെ കാര്യത്തിലെന്നതു പോലെ, “എന്ത്‌?” എന്നതിനേക്കാള്‍ “എങ്ങനെ?” എന്നതില്‍ അധിഷ്‌ഠിതമാണ്. ഉരുക്ക് തകരുന്നതും ഒരു ചിലന്തിവല തകരുന്നതും ഒരേ രീതിയിലല്ല. ഘടനാവബോധത്തില്‍ നിര്‍മ്മാണത്തിന്‍റെ വിശദാംശങ്ങള്‍ പോലെതന്നെ നിയാമകമാണ് തകര്‍ച്ചയുടെ വിശദാംശങ്ങളും. കാരണം, തകര്‍ച്ചയുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ഉണര്‍വ്വ് നിലനില്‍പ്പിനെ തുണച്ചേക്കാം.

ഗവേഷകനായ മാര്‍ക്കസ് ബ്യൂളര്‍ പ്രത്യേകിച്ചും ശ്രദ്ധിച്ചത് ചിലന്തിവലയുടെ ത്രിവിധ ചലന തന്ത്രമാണ്: തുടക്കത്തില്‍ മുറുകും, പിന്നെ വലിയും, പിന്നെ വലിക്കും തോറും കൂടുതല്‍ക്കൂടുതല്‍ മുറുകും (initially stiff, then stretchy, then stiff again). ഈ മൂന്നില്‍ ഓരോ പ്രതികരണ ഘടകവും, അതിന്‍റെ നിര്‍ദ്ദിഷ്‌ടതയില്‍, സന്ദര്‍ഭമനുസരിച്ച് അടിസ്ഥാനപരമായൊരു കാര്യം സാധിക്കുന്നു. നിങ്ങള്‍ ചിലന്തിവലയുടെ ഒരിഴ പിടിച്ചു വലിച്ചാല്‍ വലിച്ചേടത്തത് പൊട്ടും, അവിടെ മാത്രം! — ചെറിയൊരു ഇടത്തിലെ ചെറിയൊരു തകര്‍ച്ച. ചിലന്തിക്ക് എളുപ്പം കേടുപാടുകള്‍ തീര്‍ക്കാം, അല്ലെങ്കില്‍ അവഗണിക്കാം. വല ഭേദിച്ച പ്രാണികള്‍ പിന്നില്‍ വീഴ്ത്തിയ തുളകള്‍ പലേടങ്ങളില്‍ ഉണ്ടായാലും വലയുടെ പ്രവര്‍ത്തന സാകല്യം തകരില്ല. മിക്ക മാനുഷിക നിര്‍മ്മിതികളിലും ഇതു പോലൊരു സംഭവം കൂടുതല്‍ വ്യാപകമാവും, ചിലപ്പോളത് ഒരു ഘടനയെ മുഴുവന്‍ തകര്‍ക്കും. പല ഉരുക്കു വസ്തുക്കള്‍ക്കും ഇതു ബാധകമാണ്.

ഭൂകമ്പത്തെ ചെറുത്തു നില്‍ക്കും വിധം സൃഷ്ടിക്കപ്പെട്ടൊരു കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിലെ ഊന്നല്‍ പൊതുവേ കെട്ടിടത്തെ മുഴുവനുമായും പിടിച്ചു നിര്‍ത്തലിലാണ്. ചിലപ്പോള്‍/ചിലേടത്ത് മാത്രം മുറുകലോ വലിയലോ സാധ്യമാകുന്നത്രയും സങ്കീര്‍ണമല്ലാത്തൊരു മൊത്ത വ്യവസ്ഥിതിയാണത്. അതിന്‍റെ പരാജയത്തില്‍ കെട്ടിടം മുഴുവന്‍ നിലംപതിക്കും. ചിലന്തിവലയാകട്ടെ ഒരു ക്ഷതത്തെ/ആഘാതത്തെ ആവുന്നത്രയും പ്രാദേശികമാക്കുന്നു. വലയുടെ സാകല്യം തകരാന്‍ അനുവദിക്കാതെ അവിടെയും ഇവിടെയുമായി പൊട്ടുന്ന ഇഴകളെ മാര്‍ക്കസ് ബ്യൂളര്‍ “ബലി ഘടകങ്ങള്‍” (sacrificial elements) എന്നാണ് വിശേഷിപ്പിച്ചത്‌. അപാരമായൊരു എന്ജിനീയറിംഗ് സങ്കല്പമാണത്.

മനുഷ്യ സമൂഹങ്ങളുടെ റെസിലിയെന്‍സില്‍ “ബലി ഘടകങ്ങള്‍” എങ്ങനെ വിന്യസിക്കാമെന്ന് എനിക്കറിഞ്ഞുകൂടാ. മാര്‍ക്കസ് ബ്യൂളറും ഹൊസോം മഹമ്മൂദും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ടൊരു വിഷയമാണത്. പക്ഷേ, എന്‍റെ അറിവില്ലായ്മക്ക് സ്പഷ്ടമായ കാരണങ്ങളുണ്ട്. ഒരു ചിലന്തിവല ഒരൊറ്റ വ്യൂഹനമാണ്, ഒരൊറ്റ ശരീരമാണ്, ഒരൊറ്റ റിപ്പബ്ലിക്കാണ്. എങ്കിലും അതിലെ ഓരോ നൂല്‍ ദൂരവും തികച്ചും പ്രാദേശികവുമാണ്. ഒരു ഭൗതിക ഘടനയിലെ ഈ വൈരുദ്ധ്യാത്മകത ഏതു മനുഷ്യ സമൂഹത്തെ സംബന്ധിച്ചും അസാധ്യമാണ്. ഇത്രയും പറഞ്ഞു കഴിയുമ്പോള്‍ മനസ്സില്‍ ശേഷിക്കുന്നത് അല്പം “ട്രിവിയ” – ചില ലഘു ചോദ്യങ്ങള്‍:

~ മനുഷ്യ സമൂഹങ്ങളുടെ പൂര്‍വാവസ്ഥാ പ്രാപ്യതയെക്കുറിച്ചു പറയുമ്പോള്‍ എന്തുകൊണ്ട് സിവില്‍ എന്ജിനീയറിംഗ് വിദഗ്‌ദ്ധനായ ഹൊസോം മഹമ്മൂദ്‌ ചിലന്തിവലയെ ഓര്‍ക്കുന്നില്ല?

~ ചിലന്തിയോട് ഏറ്റവും അധികം ബന്ധമുള്ള കോമിക് പുസ്തക കഥാനായകന്‍ സ്പൈഡർമാനാണ്, ബാറ്റ്‌മാനല്ല. എന്നിട്ടും മഹമ്മൂദ്‌ എന്തുകൊണ്ട്‌ സ്പൈഡർമാനെ അവഗണിച്ച് ബാറ്റ്‌മാനെ ഓര്‍ക്കുന്നു?

~ സ്പൈഡർമാന്‍റെ നഗരം ന്യൂ യോര്‍ക്ക്‌, ഒരു യഥാര്‍ത്ഥ നഗരം. ബാറ്റ്‌മാന്‍റെ നഗരം ഗോതം, ഒരു ആഖ്യായികാ നഗരം. മഹമ്മൂദ്‌ എന്തു കൊണ്ട്‌ ന്യൂ യോര്‍ക്കിനു പകരം ഗോതം തിരഞ്ഞെടുത്തു?

ഉറവിടത്തിലേക്ക് പോവുക. സത്യത്തില്‍, തുടക്കത്തില്‍, ബാറ്റ്‌മാന്‍റെ നഗരവും ന്യൂ യോര്‍ക്കായിരുന്നു. ഒരു സാങ്കല്പിക നഗരം എങ്ങനെയാണ് അതിനു പകരമായതെന്ന് ബാറ്റ്‌മാന്‍ കോമിക്സ് പരമ്പര എഴുതിയ ബില്‍ ഫിന്ഗര്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മനസ്സ് പല പേരുകളിലൂടെ കടന്നു പോയി — സിവിക് സിറ്റി, കാപിറ്റല്‍ സിറ്റി, കോസ്റ്റ് സിറ്റി… ഒടുവില്‍ ഒന്നു കൊണ്ടും തൃപ്തനാവാതെ അദ്ദേഹം ന്യൂ യോര്‍ക്ക്‌ നഗരത്തിന്‍റെ ടെലിഫോണ്‍ ഡിറക്റ്ററിയിലൂടെ കണ്ണോടിച്ചു. ഒരു സ്ഥാപനത്തിന്‍റെ പേര് കണ്ടു: “ഗോതം ജൂലര്‍സ്.” ഫിന്ഗര്‍ പറഞ്ഞു: പേര് ഇതു തന്നെ! ന്യൂ യോര്‍ക്കുമായുള്ള താദാത്മ്യം എല്ലാവര്‍ക്കും സാധ്യമാവില്ല, പക്ഷേ, ഒരു സാങ്കല്പിക നഗരവുമായുള്ള  താദാത്മ്യം ഏതു നഗരത്തിലെയും ആര്‍ക്കും സാധ്യമാവും.

ഫിന്ഗറുടേതിനു സമാന്തരമായൊരു വിശദീകരണമാണ് ഹൊസോം മഹമ്മൂദ്‌ നല്‍കുന്നത്. ഓരോ മനുഷ്യ സമൂഹവും, ഓരോ അത്യാഹിതവും സ്ഥല കാലങ്ങളില്‍ അനന്യമാണ്. ആകയാല്‍, ഏകരൂപമായ പ്രശ്ന നിരീക്ഷണവും പരിഹാര രീതികളും സ്വരൂപിച്ചെടുക്കണമെങ്കില്‍, തന്‍റെ വിഭാവനത്തിലുള്ള നഗരത്തിന്‍റെ മാതൃക ഒരു സാങ്കല്‍പിക നഗരമായിരിക്കണം. വിചാരമാത്രക്ക് ഒരു തെളിവ് (proof-of-evidence) അനിവാര്യമാണ്. പുറമേ, ഗോതമിന്‍റെ കഥാന്തരീക്ഷത്തില്‍ അത്യാഹിതത്തിനു ശേഷമുള്ള പൂര്‍വാവസ്ഥാ പ്രാപ്തിയുടെ പുരാവൃത്തമുണ്ട്. എങ്കിലും, ഒരു നിമിഷം പിന്‍തൊടി സന്ദര്‍ശിച്ചിരുന്നെങ്കില്‍, റെസിലിയെന്‍സ് എന്ന വാക്കിന്‍റെ അര്‍ത്ഥ വ്യാപ്തി ചിലന്തിവലയില്‍ മുഖരമാവുന്നത് ഒരു പക്ഷേ മഹമ്മൂദിനു കാണാമായിരുന്നു.

സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍