സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം

എസ്.പി. ബാലസുബ്രഹ്മണ്യം എന്ന നാദതേജസ്വിയെ മലയാളികൾ ഓർക്കുമ്പോൾ ഏഴുവർണ്ണങ്ങളും ചാർത്തി മനസ്സിൽ ആദ്യം തെളിയുന്ന ഗാനമാണ് ‘അനശ്വരം’ എന്ന ചലച്ചിത്രത്തിലെ ‘താരാപഥം ചേതോഹരം..’. കെ.എസ്.ചിത്രയുടെ സ്വരമാധുരിയിൽ നിഷ്‌കളങ്ക സൗന്ദര്യത്തിൻറെ നാടൻശീലുകണക്കെ ‘ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ..’ എന്ന ‘ധന’ ത്തിലെ ഗാനം മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്നു. ‘നിളാനദിയുടെ നിർമ്മല തീരം..’ വല്ലാത്ത ഗൃഹാതുരത്വം ഉണർത്തുന്ന ലളിതഗാനമാണ്. അതുപോലെ ജോൺസൺ, എം.കെ. അർജ്ജുനൻ, എം.ജി.രാധാകൃഷ്ണൻ, പെരുമ്പാവൂർ രവീന്ദ്രനാഥ്, വിദ്യാധരൻ മാഷ്, രാജാമണി, കണ്ണൂർ രാജൻ, എൻ.പി.പ്രഭാകരൻ, വിജയൻ കോവൂർ, പ്രേംകുമാർ വടകര, ഹരിപ്പാട് കെ.പി.പിള്ള, കടുത്തുരുത്തി രാധാകൃഷ്ണൻ എന്നിങ്ങനെ എത്രയെത്ര സംഗീതവിദഗ്‌ധരോടൊപ്പം നൂറുകണക്കിന് ഗാനങ്ങൾ!

തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു. ഫിസിയോ തെറാപ്പിയെന്ന ആതുരസേവനത്തിന്റെ വേദനയൊപ്പുന്ന ജീവിതപന്ഥാവിലും സാഹിത്യതെളിനീരൊഴുക്കിന്റെ ആശ്വാസ വചസ്സുകൾ കൊണ്ട് സമ്പന്നമായ ജീവിതസരണിയാണ് അദ്ദേഹത്തിന്റേത്.

മുപ്പത്തഞ്ചോളം പുസ്തകങ്ങൾ. മുപ്പതിൽപ്പരം മലയാള സിനിമകൾ. കവിതകൾ ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിൽ പരിഭാഷ. 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, ഏറ്റവും നല്ല സർക്കാർ ജോലിക്കാരനുള്ള ജെ.സി അവാർഡ്, 2017-ൽ ബനാറസിൽ നടന്ന ദേശീയ കവിസമ്മളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച ആൾ, കേരള സാഹിത്യഅക്കാദമി അംഗം, യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട്, തുഞ്ചൻ സ്‌മാരക ട്രസ്റ്റ് അംഗം. പി.കെ.ഗോപിയുടെ പതിറ്റാണ്ടുകൾ നീളുന്ന സാഹിത്യസപര്യ നീളുകയാണ്.

‘കതിരോലപന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര്..’ എന്ന ഗാനത്തിലൂടെയാണ് പി.കെ.ഗോപി സിനിമയിൽ വരവറിയിച്ചത്. നാടൻശീലുകളുടെ അനസ്യൂതപ്രവാഹം ആ പാട്ടിന്റെ പ്രത്യേകതയായിരുന്നു. പിന്നീട് വന്ന സിനിമാഗാനങ്ങൾ എല്ലാംതന്നെ വരികളും ഈണങ്ങളുംകൊണ്ട് സമ്പന്നമായവയായിരുന്നു. താനെ പൂവിട്ട മോഹം (സസ്നേഹം), ശ്രീരാമനാമം ജപസാരസാഗരം (നാരായം), മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ (ഒറ്റയാൾ പട്ടാളം), തുമ്പി നിൻമോഹം പൂവണിഞ്ഞുവോ (നീലഗിരി) ഈ പാട്ടുകൾ ഒക്കെ എന്നെന്നും മലയാളിനാവുകളിൽ തുള്ളിക്കളിക്കുന്നവയാകുന്നു. ലളിതഗാനങ്ങളും, പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ആ തൂലികയിൽനിന്നും തെളിഞ്ഞൊഴുകി. ‘വെഞ്ചാമരം വീശും മന്ദാനിലൻ’ എന്ന ലളിതഗാനം ആകാശവാണിയിൽ എം.ജി.രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് എന്നീ രണ്ടു പ്രഗത്ഭർ പഠിപ്പിച്ചത് വ്യത്യസ്തവും അപൂർവവുമായ നേട്ടം.

പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കൽ ഗ്രാമത്തിലാണ് പി.കെ.ഗോപിയുടെ ജനനം. അങ്ങാടിക്കൽ എസ്.എൻ.വി. ഹൈസ്‌കൂളിൽ പഠനത്തിനു ശേഷം പത്തനാപുരം സെന്റ് സ്റ്റീഫൻ കോളേജിൽ. പിന്നീട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഫിസിയോ തെറാപ്പി പഠനത്തിന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചു. ജോലി സംബന്ധമായി കോഴിക്കോടേക്ക് പറിച്ചുനടപ്പെട്ടെങ്കിലും ഗ്രാമത്തിൻറെ ശാലീനതയും ഹരിതാഭയും നാടൻശീലുകളും ആദ്ദേഹം കോഴിക്കോട്ടേക്ക് കൈപിടിച്ച് കൊണ്ടുപോയി. സാഹിത്യത്തിന്റെ പടവുകൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും കവിതയെ കൂടുതൽ സ്നേഹിക്കുവാൻ ശ്രമിക്കുന്നു.

സ്വതസിദ്ധമായ ലാളിത്യവും, പുഞ്ചിരിയും, വാക്കിൻറെ തൂവൽസ്പർശവും കൈമുതലായുള്ള പി.കെ.ഗോപി, കഥാകൃത്ത് ജോയ് ഡാനിയേലുമായി തസറാക്കിൻറെ വായനക്കാർക്കുവേണ്ടി മനസ്സ് തുറക്കുകയാണ്:

അച്ഛന്റെ പുരാണപാരായണമാണ് സാഹിത്യത്തിലും വായനയിലും എത്തിനോക്കാൻ പ്രേരണയായതെന്ന് പറഞ്ഞിട്ടുണ്ടല്ലോ. സ്വന്തം വായനയെപ്പറ്റിയൊന്ന് പറയാമോ?

മണ്ണെണ്ണ വിളക്കിൻറെ കരിമ്പുകയും രാത്രിയുടെ ഏകാന്തതയും അച്ഛനും എൻറെ വായനയുടെ പ്രതീകങ്ങളാണ്. വായനയ്ക്ക് നിബന്ധനകളില്ല. വായിക്കാത്ത ദിവസങ്ങളില്ല. വിദ്വാൻ കെ.പ്രകാശത്തിൻറെ മഹാഭാരതം 40 വാള്യം കൗമാരത്തിൽ വായിച്ച അനുഭവം വിവരിക്കാനാവില്ല. വറ്റൽ മുളക് പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽനിന്നാണ് ആദ്യമായി ഗാന്ധിജിയെപ്പറ്റി വായിച്ചത്. കവിതയിൽ കുമാരനാശാനോടും, വയലാറിനോടും. നോവലിൽ എസ്.കെ. പൊറ്റക്കാട്, ഒ.വി.വിജയൻ, എം.ടി, പെരുമ്പടവം, ടി.വി.കൊച്ചുവാവ, സി.രാധാകൃഷ്ണൻ, ജയമോഹൻ, കഥയിലാകട്ടെ ടി.പത്മനാഭൻ ഇവരോടൊക്കെ പ്രത്യകം ഇഷ്ടം തോന്നിയിട്ടുണ്ട്. ടാഗോറിന്റെ കഥകളും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും വിവേകാനന്ദസാഹിത്യസർവ്വസ്വവും വായനയുടെ ചക്രവാളം വർണ്ണാഭമാക്കി. പുതിയകാലത്ത് ഒരെഴുത്തുകാരൻറെ മാത്രം കഥകളുടെ ചിന്താപരമായ കാണാപ്പുറങ്ങൾ വായിച്ചത് എം.കെ.ഹരികുമാറിന്റെ ‘നവാദ്വൈതം’ എന്ന പുസ്തകത്തിൽ നിന്നാണ്. പുസ്തകങ്ങളെ മാത്രമല്ല പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സൂക്ഷമായി വായിക്കുവാൻ ശ്രമിക്കുന്നു.

ഏറ്റവും കൂടുതൽ എഴുതിയത് ഗ്രാമജീവിതത്തെപ്പറ്റിയല്ലേ?

ആവാം. നഗരത്തിൽ ജനിച്ചു വളർന്നിരുന്നെങ്കിൽ മറിച്ചായിപ്പോയേനെ. പച്ചപ്പും പാടവും കതിരും അദ്ധ്വാനവും വിയർപ്പും പട്ടിണിയും കാർഷികവൃത്തിയും ഒടുങ്ങാത്ത പ്രതീക്ഷയും കരുതിവയ്ക്കുന്ന ഗ്രാമത്തെ വേണ്ടവിധം എഴുതാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഗ്രാമഭാഷയുടെ നൈർമല്യം തിരിച്ചറിയുവാൻ നമ്മുടെ അക്കാദമിക് പ്രൗഢികൾക്ക് കഴിയാതെപോയി. കടംകൊണ്ട സംസ്‌കൃതി തായ്‌വേരില്ലാത്തതാണ്. ഓരോ നഗരവും അന്നത്തിന് വേണ്ടി ആശ്രയിക്കുന്നത് ഗ്രാമങ്ങളെയല്ലേ?

സിനിമാഗാനരചനയിൽ സ്വന്തം ആദർശം എഴുതാറുണ്ടോ?

ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും സാധിക്കാത്ത മേഖലയാണത്. എങ്കിലും അവസരം ഒത്തുകിട്ടുമ്പോഴൊക്കെ ശ്രമിക്കാറുമുണ്ട്. ‘നാരായം’ പോലെയുള്ള സിനിമകളിൽ അത് കാണാം.

മലയാളത്തിൽ ഒരു ട്രെൻഡ് ആയി മാറിയ പാട്ടുകൾ ആണല്ലോ ‘വചനം’ എന്ന കാസറ്റിലേത്. എങ്ങനെയാണതിലേക്ക് വന്നത്?

ശ്രീ. ടോമിൻ തച്ചങ്കരി വിളിച്ചു. നേരത്തെ നിശ്ചയിച്ച സംഗീതം തന്നു. ഒരു രാതി, എട്ടുപാട്ടുകൾ പിറന്നു. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചു.

ആദ്യമായി എഴുതിയ ക്രിസ്തീയ ഗാനമേതാണ്?

നാട്ടിൽ ഓണക്കാലത്ത് കളിച്ച നാടകത്തിനുവേണ്ടിക്രിസ്തുവിൻറെ വ്യഥ ചിത്രീകരിക്കുവാൻ ഗാനമെഴുതി. ‘സത്യം പറഞ്ഞിട്ടും ദുഃഖാഗ്നിയിൽ മാത്രം കർത്താവേ നീയെന്നെ ആനയിച്ചു’. റിക്കാർഡിങ്ങ് സംവിധാനം ഇല്ലാത്തതിനാൽ അവയൊക്കെ എവിടെയോ മറഞ്ഞു.

ആത്മാവിൽ നിറയുന്ന മനോഹാരിതയോടെ ക്രിസ്തീയ ഗാനങ്ങൾ എഴുതുവാനുള്ള പശ്ചാത്തലം എങ്ങനെ ലഭിച്ചു? വായനയിൽ നിന്നാണോ?

വായനയ്ക്ക് മുമ്പേ അയൽവീട്ടിലെ തങ്കമ്മയും അമ്മിണിയും പൊന്നമ്മയുമൊക്കെ ഉറക്കെ ചൊല്ലുന്ന പ്രാർത്ഥന കേട്ടു ശീലമായി. പള്ളിപ്പെരുന്നാളിന്റെ റാസയിൽ നക്ഷത്രവിളക്കുകളുടെ പശ്ചാത്തലത്തിൽ ഉയർന്നുകേട്ട ചില ഗാനങ്ങൾ ഹൃദിസ്ഥമാക്കി. പ്രളയത്തിലൊഴുകിവന്ന് എക്കൽ വെള്ളത്തിലടിഞ്ഞു കിടന്ന ഒരു ബൈബിൾ സ്വന്തമായി കിട്ടി. അത് കഴുകി വൃത്തിയാക്കിയെടുത്ത് വായിച്ചുകൊള്ളാൻ അച്ഛൻ പറഞ്ഞു. അതിൻറെ ലളിതമായ സാഹിത്യപദങ്ങൾ ഓർമ്മയിൽ പതിഞ്ഞുകിടന്നു. പുത്തൻകാവ് മാത്തൻ തരകൻ സാറിൻറെ ബൈബിൾ കഥകൾ സ്വാധീനിച്ചു. പ്രൊഫ. സാമുവേൽ ചന്ദനപ്പള്ളിയുടെ പ്രഭാഷണങ്ങൾ ശ്രദ്ധയോടെ കേട്ടത് പ്രയോജനം ചെയ്‌തു.

ക്രിസ്തീയ ഗാനങ്ങൾ എഴുതിയതിൽ ലഭിച്ച അനുഭവം? ഇന്നും മലയാളികൾ ആ ഗാനങ്ങൾ ഇഷ്ടത്തോടെ ആഘോഷിക്കുന്നത് കാണുമ്പോൾ എന്ത് തോന്നുന്നു?

ജാതിമതവ്യത്യാസമില്ലാതെ ആ ഗാനങ്ങൾക്ക് ആസ്വാദകരുണ്ടായി. ‘രക്ഷകാ… എൻറെ പാപഭാരമെല്ലാം…’ കാതുകൊണ്ടല്ല, ആത്മാവിനാൽ ആസ്വദിച്ചവരാണധികവും. ലോകത്തെവിടെയുമുള്ള മലയാളികൾ ആ ഗാനങ്ങളുടെ പേരിൽ നല്ല വാക്കു പറയാറുണ്ട്. യേശുദാസിന്റെ ഗാനമേളകളിൽ ആദ്യഗാനമായി ചിലപ്പോൾ അവ കേട്ടിട്ടുണ്ട്. നാട്ടുമ്പുറത്തെ വീടുകളിൽ ഏതുപ്രായക്കാരും പരിചയപ്പെടുന്നത് ആ ഗാനങ്ങൾ കേട്ട അനുഭവം പറഞ്ഞുകൊണ്ടാവാം. റോബർട്ട് എന്ന സുഹൃത്ത് രോഗഗ്രസ്തനായപ്പോൾ ആ ഗാനങ്ങളായിരുന്നു ആശ്വാസമെന്ന് അദ്ദേഹത്തിൻറെ വീട്ടുകാർ പറഞ്ഞത് നിറകണ്ണുകളോടെ കേട്ടു.

പ്രിയപ്പെട്ട ഗാനം ഏതാണ്?

വയലാർ – പി.ഭാസ്‌കരൻ – ഒ.എൻ.വി.-ശ്രീകുമാരൻ തമ്പി – ദേവരാജൻ – ദക്ഷിണാമൂർത്തി – കെ.രാഘവൻ ഗാനങ്ങളാണ് കേൾക്കാൻ ഇഷ്ടം. കാരണം, അതിൽ ചരിത്രവും, പുരാണവും, ദർശനവും, വിശ്വസൗന്ദര്യവും വിളയാടുന്നു. എൻറെ ഗാനങ്ങളിൽ, ‘ഇണയരയന്നം കുളിച്ചു കേറി’, ‘ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ’, ‘മായാമഞ്ചലിൽ’, ‘ശ്രീരാമനാമം ജപസാരസാഗരം’, ‘വാചാലമൗനമേ’, ‘താരാപഥം ചേതോഹരം’, ‘ഇവയൊക്കെ കൂടുതൽ പ്രിയം.

കവിതകൊണ്ട് എന്താണ് നേടിയത്?

എനിക്ക് ലോകം കാണാനുള്ള കണ്ണാണ് കവിത. നേടിയതെല്ലാം കവിത കൊണ്ടെന്ന് പറയുവാനാണ് ഇഷ്ടം. മൗഢ്യങ്ങളുടെ പുറന്തോട് പൊട്ടിച്ച് ഗുരുവിലേക്കും, ആശാനിലേക്കും പൗരാണികതയിലേക്കും ആധുനികതയിലേക്കും പറന്നു. അമ്മയുടെ ക്ഷമയും സഹനവും, ലാറി ബേക്കറിന്റെ കർമ്മസമർപ്പണവും, ജേഷ്ഠസഹോദരൻ പി.കെ രാജൻറെ ആത്മാർത്ഥതയും, മദർ തെരേസയുടെ സേവനകാരുണ്യവും മാതൃകയായി ആരുമറിയാതെ മനസ്സിൽ പാകി. ആഴങ്ങളിൽ നിന്ന് ശിലയെടുത്ത് ഗുരു വിപ്ലവപ്രതീകത്തെ സൃഷ്ടിച്ചു. ആഴത്തിൽ നിന്ന് വാക്കെടുത്ത് നമുക്കും അത് ചെയ്യാവുന്നതേയുള്ളൂവെന്ന് കവിത പഠിപ്പിച്ചു. കവിതയിൽ ഞാനുണ്ട്, എന്നിൽ കവിതയും. രണ്ടും കാലത്തിൻറെ കണ്ണാടിയിൽ തെളിഞ്ഞെങ്കിലെന്ന് ഞാൻ ധ്യാനിക്കുന്നു, ആശിക്കുന്നു, പ്രാർത്ഥിക്കുന്നു.

പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?

ഉപദേശമൊന്നും ഇല്ല. ഏതോ അജ്ഞാതമായ ഉള്ളുപദേശം കേട്ടിട്ടാണല്ലോ അവർ എഴുതുന്നത്. ആ ശക്തിസ്രോതസ്സിൽ അഗ്നിയുണ്ട്. ജ്ഞാനമെന്നോ വെളിവെന്നോ പ്രജ്ഞയെന്നോ വെളിപാടെന്നോ എന്ത് വിളിച്ചാലും തരക്കേടില്ല. അഗ്‌നിയെ പരിപാലിക്കും പോലെ അക്ഷരത്തെയും പരിപാലിക്കുക. മിതമായാൽ ചൈതന്യം. അമിതമായാൽ അപകടം.

വിവാദങ്ങളിൽ വീണിട്ടില്ലാത്ത വ്യക്തിത്വം എങ്ങനെ കൊണ്ടുപോകാനാകുന്നു?

‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമെന്ന’ ഗുരുതത്വം എന്നെ അഗാധമായി അകത്തുനിന്നു നയിക്കുന്നു. വിവാദത്തിനു പിന്നിൽ ശാഠ്യമോ നിക്ഷിപ്‌ത താല്പര്യമോ ഉണ്ട്. ചിലപ്പോൾ ഗൂഢാലോചനയും കച്ചവടവും. വാദിക്കുക, സംവദിക്കുക ഈ രണ്ടു പദങ്ങൾ തമ്മിലെ വ്യത്യാസം മനസ്സിലാക്കാത്തവരുടെ കോലാഹലങ്ങളിൽ ചിലപ്പോൾ വലിയ സത്യം മൂടപ്പെട്ടുപോകാറുണ്ട്. എനിക്കാരെയും തോല്പിക്കാനില്ല. ‘ഓട്ടക്കാരാ, നിൻറെ മുമ്പിൽ മറ്റാരോ ഓടുന്നുണ്ട്. തോറ്റുപോയെന്നു തോന്നുന്നവനേ, നിൻറെ പിന്നിൽ ചിലർ കിതയ്ക്കുന്നുണ്ട്’. ശണ്ഠക്കാരുടെ സമ്പന്നപന്തിയിൽ സദ്യ വേണ്ട. സാധാരണക്കാരുടെ സൗമ്യസാന്നിധ്യത്തിലെ പ്ലാവിലക്കഞ്ഞികൊണ്ട് തൃപ്തിപ്പെട്ടുകൊള്ളാം; പോരെ?

ഒരു ചോദ്യം കൂടി. ലോകം ഭീതിയിലമർന്നിരിക്കുന്ന ഈ മഹാമാരിക്കാലത്ത് എന്താണ് പറയുവാനുള്ളത്?

പ്രകൃതിക്ഷോഭം, യുദ്ധം, മഹാമാരി ഇവയെല്ലാം മനുഷ്യരാശിയെ കൊന്നൊടുക്കുന്ന ദുരന്തങ്ങൾ. ചരിത്രത്താളുകൾ മറിച്ചുനോക്കുമെങ്കിൽ എല്ലാറ്റിനും പോംവഴി കണ്ടെത്താം. വാർത്തക്കമ്പോളത്തിന്റെ ആഘോഷഭീഷണിയല്ല, ആത്മാർത്ഥമായ നടപടികളാണാവശ്യം. അംഗീകൃത വൈദ്യശാസ്ത്രശാഖകളുടെ ഏകോപനമാണ് ആദ്യപടി. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ചികിത്സക്കാരെ ഗവൺമെന്റ് നിയന്ത്രിക്കണം. കോവിഡിന്റെ മറവിലെ പകൽകൊള്ള ഒഴിവാക്കണം. ജാഗ്രതയും ബോധവും പൊതുജീവിതത്തിന്റെ മാർഗ്ഗരേഖയിൽ പ്രധാനമാകണം. മുഖവും ചിരിയും സമ്പർക്കവും സമൂഹവും ശാന്തിയും നഷ്ടമായ ആധുനിക വികാസത്തിന്റെ പൊങ്ങച്ചത്തെ മനുഷ്യരാശി വിശകലനം ചെയ്യണം. അറിവും തിരിച്ചറിവും ലഭിച്ചുവെങ്കിൽ അതിജീവനത്തിന്റെ ശാസ്ത്രീയ മാർഗ്ഗം അവലംബിച്ച് പ്രാണൻ രക്ഷിക്കുകയേ മാർഗ്ഗമുള്ളൂ. വകതിരിവുള്ള ഭരണകൂടത്തിന്റെ ഇടപെടലാണ് പ്രധാനം. തകർന്നു തരിപ്പണമായ സാമൂഹ്യജീവിതത്തിന്റെ റോബോട്ടിക് വ്യവഹാരങ്ങൾ എവിടെയെത്തുമെന്നു പ്രവചിക്കുവാൻ പ്രയാസം. എങ്കിലും ജീവിതം കൈവിട്ടുകളയാതെ സർഗ്ഗാത്മകചൈതന്യത്തിന്റെ സുദർശനത്തിൽ ഒരു പകൽ കൂടി… ഒരു രാത്രി കൂടി.. പുലരണേ എന്നു പ്രാർത്ഥിക്കുന്നു. അതിനായി പ്രയത്നിക്കുന്നു.

ഒരുകാലത്ത് പി.കെ.ഗോപി – ജോൺസൺ കൂട്ടുകെട്ട് ഹിറ്റുകളുടെ പര്യായമായിരുന്നു. തൻറെ ഗാനങ്ങളിലെ വരികൾ റിക്കാർഡിംഗ് സമയത്തും അതിനുശേഷവും ജോൺസൺ പലവട്ടം പാടി ആസ്വദിക്കുമായിരുന്നെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ളതും വിമർശനാത്മകവും ചിന്തനീയവുമായ ആ വരികൾ അഗ്നിയിൽ സ്‌ഫുടം ചെയ്തപോലെ ഇന്നും തിളങ്ങിനിൽക്കുന്നു.

ആധുനികതയുടെ മാറാലകൊണ്ട് കാലം മറവിയുടെ കോണിലേക്ക് മാറ്റിനിർത്തിയ എത്രയോ നാടൻ പൂക്കൾ പി.കെ.ഗോപിയുടെ കവിതകളിലും, ഗാനങ്ങളിലും പൂക്കുകയും വർണ്ണവും വാസനയും വിതറി ശോഭപരത്തുകയും ചെയ്യുന്നു. കുടമുല്ലയായും ചീരപ്പൂവായും ചെങ്കുറുഞ്ഞിപ്പൂവായും തുമ്പപ്പൂവായും കാട്ടുതുളസിപൂക്കളായും ചേറ്റുപാടക്കരയിലെ കാക്കപ്പൂവായും കോളാമ്പിപ്പൂവായും ആരും പുന്നരിക്കുകയും പൂജിക്കുകയും ചെയ്യാത്ത ഗ്രാമപൂക്കൾപോലും ആ കരലാളനയിൽ മൊട്ടിട്ട് വിടർന്നുപരിലസിക്കുന്ന മനോഹരമായ അനുഭവം.

ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ചെങ്കിലും സാഹിത്യത്തിലും സാംസ്‌കാരിക മേഖലയിലും ഇന്നും പി.കെ.ഗോപി നിറസാന്നിധ്യമാണ്. എഴുപത്തിരണ്ടിൻറെ നിറവിലും ആദ്ദേഹം കവിതകൾ അവതരിപ്പിക്കുന്നു. ഓർമ്മക്കുറിപ്പുകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ ബാല്യകാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടമായ ‘ഓലച്ചൂട്ടിന്റെ വെളിച്ചം’ എന്ന പുസ്തകത്തിനാണ് മികച്ച ബാലസാഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചത്. ലളിതാവതരണത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒന്നുപോലെ ആസ്വദിക്കാവുന്ന പുസ്തകമാണത്.

മക്കൾ ആര്യ ഗോപി കവിതയിലും, സൂര്യ ഗോപി കഥയിലും തങ്ങളുടേതായ മുദ്രകൾ പതിപ്പിച്ചു കഴിഞ്ഞു. കൊച്ചുമകൻ ജഹാനാകട്ടെ ചിത്രരചനയിലാണ് താൽപര്യം. 2021 ഫെബ്രുവരിയിൽ അവതരിപ്പിച്ച കേരള ബഡ്‌ജറ്റിൻറെ കവർ കുഞ്ഞുജഹാൻറെ പെയിന്റിംഗ് ആയിരുന്നു.

മരുന്നുകൾ നൽകാതെ, ആവശ്യമായ വ്യായാമമുറകളിലൂടെയും, രോഗകാരണങ്ങൾ പരിഹരിച്ചും ചെയ്യുന്നൊരു ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. സാഹിത്യത്തിലും പി.കെ. ഗോപി അങ്ങനെതന്നെ. അനാവശ്യ കടന്നുകയറ്റവും വാക്പോരുമില്ല. ഉള്ളത് നല്ലഭാഷയുടെ തൂവൽസ്പർശവും നാട്ടിൻപുറത്തിന്റെ ആത്മാവ് നിറയുന്ന ബിംബങ്ങളും ഉപമകളും. നന്മയുടെ ഓലച്ചൂട്ട് വെളിച്ചമായ അക്ഷരപൂക്കൾക്ക് പ്രിയകവിയുടെ ആസ്വാദകർ കാത്തിരിക്കുന്നു

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.