വെള്ളിമേഘങ്ങളെ സ്വപ്നം കണ്ട ദേശാടനപ്പക്ഷി

വെള്ളിമേഘങ്ങളെ സ്വപ്നം
കണ്ടാണ് ദേശാടനപ്പക്ഷി
ആകാശത്തിന്റെ
അതിരുകൾ തേടിപ്പറന്നത്.

കണ്ണുകളിൽ കടലിൻ്റെ നീലവും,
ചിറകുകൾക്കടിയിൽ
കടലിൻ്റെ ഇരമ്പലും, മനസ്സിൽ
എത്തിച്ചേരാനുള്ള ഒരു ദേശവും.

വഴിയിലൊരിക്കൽ
ആകാശം സ്വർണ്ണവർണ്ണമണിഞ്ഞു.
പ്രതീക്ഷയുടെ മേഘങ്ങൾ
വെളിച്ചത്തിന്റെ പുലരിയെ
വഹിച്ചെത്തിയതുപോലെ.

പെട്ടെന്ന്,
വെളിച്ചത്തിന്റെ അരികുകളിൽ
കറുത്ത മേഘങ്ങൾ വിരുന്നു വന്നു.
അവയുടെ നിഴലിൽ
പക്ഷിയുടെ ചിറകുകൾ
ഒരു നിമിഷം വിറച്ചു.
നിരാശയ്ക്ക്
കറുപ്പാണെന്ന്
അന്ന് അതറിഞ്ഞു.

എന്നിട്ടും
അതുയർന്നു പറന്നു
കാർമേഘത്തെ ഒന്ന് നോക്കി…

കാരണം
മഴമേഘങ്ങൾ
എപ്പോഴും ഇരുട്ടിന്റെ മാത്രം
ദൂതന്മാരല്ലല്ലോ.

അവയുടെ ഉള്ളിൽ
ഒളിപ്പിച്ചുവച്ചിരിക്കുന്നത്
ഒരു നദിയുടെ ജനനവും,
ഒരു വിത്തിന്റെ ഉണർവും,
വരണ്ട മണ്ണിന്റെ
ആദ്യത്തെ പുഞ്ചിരിയുമാണ്!

മേഘക്കൂട്ടങ്ങൾ
തെക്കിന്റെ നീലിമയിൽ നിന്ന്
വടക്കൻ കാറ്റിൻ്റെ അകമ്പടിയോടെ,
കിഴക്കിന്റെ
അപരിചിതമായ കൊടുമുടികളിലേക്കു
പറന്നൊഴുകുകയായിരുന്നു.

പക്ഷി അവയെ നോക്കി.
മേഘങ്ങൾ
അകലങ്ങളിലേക്ക് ഒഴുകിപ്പോകുമ്പോലെ,
തന്റെ സ്വപ്നങ്ങളും
ഒരു നാൾ
അറിയാത്ത ദിക്കുകളിലേക്ക്
പറന്നുപോകുമോ എന്ന്
അത് ഭയന്നു.

അപ്പോഴാണ്
കാലത്തിന്റെ മറന്നുപോയൊരു ശബ്ദം
ആകാശത്തിന്റെ നിശ്ശബ്ദതയിൽ
പതിഞ്ഞെത്തിയത്..

കാളിദാസന്റെ മേഘദൂതൻ
ഇന്നും ആകാശവഴികൾ
ഓർക്കുന്നുണ്ടെങ്കിൽ,
മേഘങ്ങൾക്ക്
ദൂരങ്ങൾ വെറും മായാരേഖകൾ മാത്രം.

ഒരു യക്ഷന്റെ വിരഹം
നെഞ്ചിലേറ്റി,
അന്ന് ഒരു മേഘം
അളകാപുരിയിലേക്ക്
പാത തേടിപ്പോയിരുന്നു.
കാളിദാസൻ പറഞ്ഞ
ആ പഴയ വഴിയിലൂടെ—
ഒരു പ്രണയത്തിന്റെ
വാക്കുകളുമായി,
ഒരു കാത്തിരിപ്പിന്റെ
നനവുമായി.
ഇന്നും
എത്രയോ ഹൃദയങ്ങളുടെ
പറയാത്ത വാക്കുകൾ
മേഘങ്ങൾ ചുമന്നുകൊണ്ടുപോകുന്നു !!

ദേശാടനപ്പക്ഷി
തന്റെ ചിറകുകൾ
കുറച്ചുകൂടി വിടർത്തി.
കറുത്ത മേഘങ്ങൾക്കപ്പുറം
വെള്ളിമേഘങ്ങൾ ഉണ്ടെന്ന്
അത് ഓർത്തു.
മഴയ്ക്കപ്പുറം
മണ്ണിന്റെ മണം ഉണ്ടെന്ന്.
രാത്രിക്കപ്പുറം
പുലരിയുണ്ടെന്ന്.
പ്രത്യാശയുടെ
വെള്ളിനൂൽ പിടിച്ച്
രാത്രി
പുലരിയുടെ വസ്ത്രം
തുന്നിക്കൊണ്ടേയിരിക്കുകയാണെന്ന് .

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.