
ഒരാൾ വീട് മാറുമ്പോൾ ഒരു മേൽവിലാസം മാറുന്നു .
ഒരു തെരുവ്, വീട് നമ്പർ, അല്ലെങ്കിൽ ഒരു പട്ടണമോ
കൂട്ടിചേർത്ത പുതിയൊരു മേൽവിലാസം ജനിക്കുന്നു
എടുത്തു മാറ്റാനുള്ളവ, പൊതിഞ്ഞെടുക്കാനുള്ളവ,
ഭാരം കൂടിയവ, ഭാരം കുറഞ്ഞവ,വലുത്, ചെറുത്
കൊണ്ടുപോകാൻ സാധനങ്ങൾ ഒട്ടനവധിയുണ്ട്
എല്ലാം കെട്ടി പൊറുക്കി എടുത്തു വെക്കുമ്പോൾ
പിന്നീട് കളയാൻ കാലങ്ങളായി കൂട്ടിവെച്ചവ
കളയണമോ എന്ന് ഒന്നുകൂടി പരിശോധിക്കണം
ഇഷ്ടം കൊണ്ട് വാങ്ങിയ, പഴകിപിന്നിയ കുപ്പായം
ചിട്ടി അടിച്ചു കിട്ടിയ, നിലച്ചുപോയ ഒരു ഘടികാരം
വരവീണ ഭംഗി ഉള്ള ആകാശനീല ചില്ലു പൂപ്പാത്രം…
അവ പിന്നീട് കളയാമെന്ന് ആവർത്തിച്ചുറപ്പിച്ച്
കൊണ്ടുപോകാൻ എടുത്തു വെച്ചവയ്ക്കടുത്ത്
സസൂഷ്മം ഭദ്രമായി പൊതിഞ്ഞു മാറ്റി വെക്കണം
എന്നും കൂടെയുണ്ടാകേണ്ട ചുരുക്കം ചിലതുണ്ട്
കൂടെ ഉണ്ട് എന്ന് സർവത്ര അനുഭവിപ്പിക്കുന്നവ
അവ എടുത്തു വെക്കാനൊട്ടും ഉപേക്ഷ പാടില്ല.
കൂടെ ഉണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിക്കാത്ത
കാലങ്ങളായി കൂടെയുണ്ടായിരുന്ന ചിലതുണ്ടാകും
ഓർമ്മയോടെ ഓർത്തെടുത്ത് ചേർത്ത് വെക്കേണ്ടവ .
ഓർമകളെ എന്നെനിക്കുമായി നിമഞ്ജനം ചെയ്തുള്ള
വീടുമാറ്റം ഉണർവിലോ ഓർമ്മകളിലോ പോലുമരുത്
അവ നമുക്ക് മുൻപ് പുതുവീട്ടിൽ ഇടം പിടിച്ചിരിക്കും
ഇറങ്ങിപ്പോകുമ്പോൾ വർഷകണക്കുകളോ
താമസത്തിന്റെ നാൾവഴികളോ ചികയരുത്
ഒന്നും ഒരിക്കലും ശാശ്വതമല്ലെന്നോർക്കുക
എല്ലാം പുറത്തെടുതെന്നുറപ്പാക്കി വാതിലടക്കുമ്പോൾ
എന്തോ മറന്നു എന്ന പിൻവിളി ഉണ്ടായാൽ ഉറപ്പിക്കാം
നിങ്ങൾക്കാവീടിനോട് ഒരു മമത ഉണ്ടായിരുന്നെന്ന്
വിളക്കല്ല, ‘ഉപ്പദ്യം’ എന്ന സ്ഥിരം തർക്കം തുടരുമ്പോഴും
ആദ്യ പെട്ടിയിൽ നിന്ന് ഇതൊന്നുമല്ലാത്തോന്ന് കയ്യിൽ വരാം
എല്ലാം വീട്ടിൽ എത്തിയ സ്ഥിതിക്കു ഇനി എന്ത് ക്രമം?
എന്താണ് നോക്കുന്നത് എന്നതുപോലും മറന്ന്
എന്തോ നോക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി
വീടുമാറ്റത്തിന്റെ അനിശ്ചിതത്വം തുടരുകതന്നെ …..
വീട് മാറുമ്പോൾ മേൽവിലാസം മാത്രമാണ് മാറുന്നതെന്നും
ആളുകളടക്കം മറ്റെല്ലാം പഴയതാണെന്നും ഓർത്തിരുന്നാൽ
വീടുമാറ്റത്തിന്റെ വിഭ്രമത്തിനൊരു ശാശ്വതശാന്തി ഉണ്ടാകും
ഒരിക്കലും വീട് മാറാത്തവരും
രാപ്പാർക്കാൻ ഇടമില്ലാത്തവരും
ചരിത്രത്തിന് പുറത്താണല്ലോ.









