ലാലു ലീല

ആത്മാവിൽ ഇടംനേടുന്ന അതിഥികൾ 

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെയാണ് ചില സിനിമകളിൽ അപ്രതീക്ഷിതമായി മോഹൻലാൽ കഥാപാത്രങ്ങൾ കടന്നുവരാറുള്ളത്. അതിഥി താരമായാണ് വരുന്നതെങ്കിൽ പോലും കഥയുടെ ന്യൂക്ലിയസ് ആ കഥാപാത്രം തന്നെയായി മാറുന്ന ഒരുതരം സൂത്രവാക്യം ആ ചിത്രങ്ങളുടെ കഥാഗതിയിൽ നിർണ്ണായകമാകുന്നത് കാണാം.

ഈ പറയുന്നതിലിത്തിരി അതിശയോക്തി ഇല്ലാതില്ല എന്നു വിചാരിക്കുന്നവരോട് ഒരൊറ്റ കഥാപാത്രത്തെക്കുറിച്ച് മാത്രം പറയാം. 2018ൽ പ്രദർശനത്തിനെത്തിയ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയെ ഒന്നോർത്തു നോക്കൂ. കുറ്റിത്തല മുടി, താടി, ഒറ്റക്കണ്ണഭ്യാസം ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ഒരു രൂപത്തിൽ, ചിത്രത്തിന്റെ പൂർണ്ണത വേറിട്ട തലത്തിലേക്കുയർത്തിയ ഒരു കഥാപാത്രമായി പക്കി ഉയരുന്നില്ലേ. പക്കിയായ മോഹൻലാൽ തെങ്ങിൻ തടിക്കു മുകളിൽ കാൽ കയറ്റിവെച്ചു നിൽക്കുന്ന പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ഉപയോഗിച്ചിരുന്നത് തന്നെ.

ഇനി സമ്മർ ഇൻ ബത് ലഹേമിലെ പത്തു മിനിറ്റിൽ താഴെ മാത്രം വരുന്ന രംഗങ്ങളിൽ തിയറ്റർ കീഴടക്കിയ നിരഞ്ജനെ ഒന്നോർമിച്ചു നോക്കൂ. പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ഒരു കഥാപാത്രം. കുറച്ച് കൂടി പിന്നോട്ട് പോകുമ്പോൾ കമലിന്റെ ബ്ലോക് ബ്ലസ്റ്റർ ചലച്ചിത്രം പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെത്താം. അവിടെ അമ്മയെ തള്ളിപ്പറഞ്ഞവരുടെ നാട്ടിലേക്ക് ഹീറോയായി കടന്നു വരുന്ന അച്ചുമാണ് ക്ലൈമാക്സ് സീനിൽ നായക പദവിയിലേക്കുയരുന്നത്. തന്റെ പേരിൽ വിലസിയിരുന്ന ശിവശങ്കരനോട് ദേഷ്യം കാണിക്കാതെ നായകനെയും നായികയെയും ഒന്നിപ്പിക്കുന്നതും അച്ചുവാണ്.

1982ൽ പുറത്തിറങ്ങിയ അയ്യപ്പനും വാവരും എന്ന സിനിമയിൽ ചെയ്ത കടുത്ത സ്വാമിയുടെ വേഷമാണ് മോഹൻലാൽ ആദ്യമായി ചെയ്ത അതിഥിവേഷം. ചെറുതായാലും വലുതായാലും ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള അർപ്പണമനോഭാവമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ പ്രൊഫസർ സയിദ് അഹമ്മദ്, കൂതറയിലെ ഉസ്താദ് സാലി, ഉന്നതങ്ങളിലെ രക്ഷകൻ, അച്ഛനെയാണെനിക്കിഷ്ടത്തിലെ മഹാദേവൻ, വാണ്ടഡിലെ നാരായണ സ്വാമി, കിലുക്കം കിലുകിലുക്കത്തിലെ ജോജി തുടങ്ങിയവയൊക്കെ മോഹൻലാൽ തിളങ്ങിയ അതിഥി വേഷങ്ങളാണ്.

ഇനി മോഹൻലാൽ മോഹൻലാലായിത്തന്നെയെത്തിയ അതിഥി വേഷങ്ങളൊന്നോർമ്മിക്കാം. 1984 ൽ പ്രദർശനത്തിനെത്തിയ ഇതാ ഇന്നുമുതൽ, 1988 ലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മനു അങ്കിൾ, 2013 ൽ പ്രദർശനത്തിനെത്തിയ കടൽ കടന്നൊരു മാത്തുക്കുട്ടി, 2015ൽ റിലീസായ രാജീവ് നാഥ് ചിത്രം രസം തുടങ്ങിയവയിലൊക്കെ മോഹൻലാൽ മോഹൻലാലായി തന്നെയാണ് എത്തുന്നത്. പക്ഷേ മോഹൻലാൽ മോഹൻലാലായി തന്നെ അതിഥി വേഷം ചെയ്തതിൽ ഏറ്റവും കൗതുകകരമായ ചിത്രം ആദിയാണ്. 2018ൽ പ്രദർശനത്തിനെത്തിയ ഈ പ്രണവ് മോഹൻലാൽ ചിത്രത്തിലെ അതിഥിവേഷത്തിൽ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിചയപ്പെടുകയും സെൽഫിയെടുക്കുകയും ചെയ്യുന്ന അമ്മയും മകനുമായി ലെനയും പ്രണവും അഭിനയിക്കുകയും ചെയ്തു.

സംസ്കാരിക പരിണാമത്തിന്റെ ദൃശ്യാവിഷ്കാരം മലയാള ചലച്ചിത്രത്തിൽ എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. കോളജ് അധ്യാപിക, എഴുത്തുകാരി.