ലാലു ലീല

സിംഹത്തിന്റെ മടയിലെ അനുഗ്രഹം 

ശരീരത്തോടൊപ്പം ശാരീരത്തിന്റെ സാധ്യതകളും അഭിനേതാവ് ആയുധമാക്കാറുണ്ട്. കഥാപാത്രം കടന്നു പോകുന്ന വൈകാരിക മുഹൂർത്തങ്ങളെ അംഗചലനങ്ങൾ കൊണ്ടു മാത്രമല്ല ശബ്ദാഭിനയം കൊണ്ടു പൂർണ്ണമാക്കാൻ അഭിനേതാക്കൾ തീർച്ചയായും ശ്രദ്ധിക്കാറുമുണ്ട്. വാണിജ്യ സിനിമകളിലെ ഏറ്റവും പ്രധാനപ്പെട്ട ജനപ്രിയഘടകമായ ഗാനങ്ങളിൽ പിന്നണി ഗായകരുടെ ശബ്ദമാണ് ഉപയോഗിച്ചു വരാറുള്ളത്.
കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾ പ്രതിഫലിക്കുന്ന ഗാനങ്ങൾക്കായി സ്വന്തം ശബ്ദം ഉപയോഗിക്കുന്ന  താരങ്ങൾ വളരെ  കുറവാണ്. അഭിനയവും ആലാപനവും ഒത്തുചേർന്നിട്ടുള്ള അപൂർവ്വം അഭിനേതാക്കളിലൊരാളാണ് മോഹൻലാൽ.  തന്റെ കഥാപാത്രങ്ങൾക്കു വേണ്ടി  മോഹൻലാൽ   തന്നെ പാടിയ പാട്ടുകളും  കഥാപാത്രങ്ങളും അധികമില്ലെങ്കിലും ഉള്ളവ ശ്രദ്ധേയമായവയാണ്. 
 മോഹൻലാൽ അഭിനയിച്ച ഒരു റോമിയോ കഥാപാത്രമാണ് ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലെ നിതിൻ. ഈ കഥാപാത്രത്തിനു വേണ്ടി എം.ജി. ശ്രീകുമാറിനൊപ്പം  ആലപിച്ച ‘സിന്ദൂരമേഘം ശൃംഗാരകാവ്യം’ എന്ന ഗാനത്തിലൂടെയാണ് 1985 ൽ മോഹൻലാൽ ആദ്യമായി പിന്നണി ഗായകനാകുന്നത്. ആ വർഷം തന്നെ പ്രദർശനത്തിനെത്തിയ കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിലെ ‘നീയറിഞ്ഞോ മേലേ  മാനത്ത്’ എന്ന സൂപ്പർ ഹിറ്റ് പാട്ടിലെ ഏറ്റവും കൗതുകകരമായ കാര്യം ആ രംഗത്തഭിനയിച്ചവർ തന്നെയാണ് പാടിയതും എന്നതാണ്. കൃഷണനുണ്ണി എന്ന മോഹൻലാലും കിട്ടൻ എന്ന മാള അരവിന്ദനും ചേർന്നാണ് ആ പാട്ട് പാടിയത്. 
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ പാദമുദ്രയിലെ മാതുപണ്ടാരം പാടിയ ‘അഗതിയെനിക്കൊരു’ എന്ന പാട്ടു പാടിയത് മോഹൻലാൽ തന്നെ. മൈ നെയിം ഈസ് സുധി എന്നു തുടങ്ങുന്ന ഓട്ടോക്കാരൻ സുധിയുടെ സ്വപ്നഗാനവും മറ്റൊരു മോഹൻലാൽ വിസ്മയമാണ്. മലയാളം കണ്ട എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ ചിത്രത്തിലെ വിഷ്ണു, മംഗല്യപ്പുഴ എന്ന ഗ്രാമത്തിലെ തമ്പുരാനായി വേഷം കെട്ടുമ്പോൾ പാടുന്ന ‘കാടുമീ നാടുമെല്ലാം’ എന്ന പാട്ടും അതിലേറെ ജനപ്രിയമായതാണ്.


 മോഹൻലാൽ പാടിയവയിൽ ഭൂരിഭാഗവും സൂപ്പർ സൂപ്പർ ഹിറ്റുകളായി. ബട്ടർഫ്ലൈസ് എന്ന സിനിമയിലെ പ്രിൻസിന്റെ  ‘പൊൻ തിടമ്പു ചൂടും പൂവനങ്ങളും’, കളിപ്പാട്ടം എന്ന സിനിമയിലെ വേണുഗോപാലിന്റെ ‘വഴിയോരം വെയിൽ കായും’, സ്ഥടികത്തിലെ ആടുതോമയുടെ ‘ഏഴിമല പൂഞ്ചോലയും’ മാത്രമല്ല ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്.
ഗാന്ധർവ്വത്തിലെ സാം അലക്സാണ്ടർ പാടുന്ന ‘അബലത്വമല്ല, അടിമത്വമല്ല’, ഉസ്താദ് പരമേശ്വരൻ പാടുന്ന ‘തീർച്ച ഇല്ലാ ജനം’, ബാലേട്ടനിലെ ‘കറുകക്കറുത്തൊരു പെണ്ണാണ്’ , ഭ്രമരത്തിലെ ‘അണ്ണാറക്കണ്ണാ വാ’ റൺ ബേബി റണിലെ ‘ആറ്റുമണൽ പായയിൽ’ പുലിമുരുകനിലെ ‘മലയാറ്റൂർ മലയും കേറി’ നീരാളിയിലെ ‘അഴകെ അഴകെ’,ഒരു നാൾ വരും എന്ന ചിത്രത്തിലെ ‘നാത്തൂനേ നാത്തൂനേ’, ഒടിയനിലെ ‘ഏനൊരുവൻ മുടിയിഴച്ചിട്ടങ്ങനെ’ എന്നു വേണ്ട ഒരു പാടൊരു പാട് ഹിറ്റുകൾ. 
സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിലെന്ന് ആറാം തമ്പുരാനിലെ ജഗന്നാഥൻ പറയുന്നുണ്ടല്ലോ അതുപോലെ ഏതോ സിംഹത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നു തോന്നുന്നു ഭാഷയുടെ അതിർവരമ്പുകളെ നിഷ്പ്രയാസം മറി കടക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്.പ്രണയത്തിലെ മാത്യൂസ്  പാടുന്ന If you want a lover എന്ന ഇംഗ്ലീഷ് പാട്ട്, വിഷ്ണുലോകത്തിലെ ശങ്കു പാടുന്ന ആവാരാ ഹും  എന്ന ഹിന്ദി പാട്ട് എന്നിവ ഉദാഹരണങ്ങൾ.


മാടമ്പി എന്ന  സിനിമയിലെ ഗോപാലകൃഷ്ണപ്പിള്ള,  അനിൽ പനച്ചൂരാനെഴുതിയ ഒരു കവിത ചൊല്ലുന്നുണ്ട്. ‘ജീവിതം ഒരു തീവ്ര വ്രതമാക്കിയവൻ’ എന്ന കവിത എത്ര ഭാവത്രീവതയോടെയാണ് മോഹൻലാൽ ആലപിക്കുന്നത്. കൂടാതെ പല ഗാനങ്ങളിലും മോഹൻ ലാലിന്റെ ശബ്ദം സംഭാഷണമായി ഉപയോഗിക്കുന്നുണ്ട്. രാവണപ്രഭുവിലെ തകിലു പുകില്, ഉടയോനിലെ അങ്ങേത്തല, അതിരും തല, സ്ഫടികത്തിലെ പരുമലച്ചെരുവിലെ തുടങ്ങിയ പാട്ടുകൾ  ഉദാഹരണം. സൂര്യഗായത്രി എന്ന സിനിമയിലെ തംബുരു കുളിർ മീട്ടിയോ എന്ന മനോഹര ഗാനത്തിന്റെ ഭാവത്തെ ജ്വലിപ്പിക്കുന്ന സംഭാഷണമാണ് മോഹൻലാലിന്റെ ശബ്ദത്തിൽ മുഴങ്ങുന്ന
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മൂസക്കുട്ടിയായഭിനയിച്ച  അബ്ബാസിനു വേണ്ടിയാണ് തന്റെ കഥാപാത്രത്തിനായല്ലാതെ  മോഹൻലാൽ പാടിയത്. അതും സൂപ്പർ ഹിറ്റ്.

സംസ്കാരിക പരിണാമത്തിന്റെ ദൃശ്യാവിഷ്കാരം മലയാള ചലച്ചിത്രത്തിൽ എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. കോളജ് അധ്യാപിക, എഴുത്തുകാരി.