ലാലു ലീല

വീണിടം വിജയത്തിന്റെ വിഷ്ണുലോകം

മോഹൻലാൽ കഥാപാത്രങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. മോഹൻലാൽ നാടോടി സർക്കസുകാരനായി തകർത്തഭിനയിച്ച രണ്ടു കഥാപാത്രങ്ങളിലേക്കാണ് ഇന്ന് “ലാലു ലീല” മിഴി തുറക്കുന്നത്. കമൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം വിഷ്ണുലോകത്തിലെ ശങ്കുവും തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലെ ജീപ്പ് ജമ്പർ ആൽബിയുമാണ് ആ രണ്ടു സർക്കസ് താരങ്ങൾ.

” അവനെ വിറ്റാ നമ്മളെല്ലാം കഞ്ഞി കുടിക്കുന്നത് ” എന്ന് ഗോവിന്ദനാശാൻ പറയുന്നത് ശങ്കുവിനെക്കുറിച്ചാണ്. ശങ്കു അത്ര നിസ്സാരക്കാരനല്ല .അച്യുതൻ നായരുടെ പറമ്പിൽ ടെന്റടിച്ചിരിക്കുന്ന നാടോടി സർക്കസിലെ കേമനായ അഭ്യാസിയാണ് ശങ്കു അഥവാ മാസ്റ്റർ ശങ്കു.’
” ഒരു തേവരം കിളി മൂളിയെത്തി കാക്കരക്കടവിൽ ” എന്ന ഈരടികൾക്കൊപ്പമാണ് ശങ്കു ഒരു സൈക്കിളിൽ കാക്കരക്കടവിലേക്കെത്തുന്നത്. തന്റെ വരവ് തന്നെ ഒരു കുഞ്ഞു സർക്കസാക്കി മാറ്റുകയാണ് ശങ്കു.

ഒറ്റചക്രയാത്ര, പിന്നോട്ടു ചവിട്ടിക്കൊണ്ടുള്ള മുന്നേറ്റം തുടങ്ങി മികച്ച സൈക്കിളഭ്യാസിയുടെ മുഖഭാവങ്ങൾ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നു. മജീഷ്യനായി സദസ്സിനെ കയ്യിലെടുക്കുന്ന ശങ്കുവിനെ നോട്ടുമാലയണിച്ചാണ് ആൾക്കൂട്ടം സ്വീകരിക്കുന്നത്. പതിനഞ്ചോളം തീപന്തങ്ങൾ ഘടിപ്പിച്ചിട്ടുള്ള അഗ്നി വളയത്തിനുളളിലൂടെ സൈക്കിൾ ചവിട്ടിക്കൊണ്ടുതന്നെ കടന്നു പോകുന്ന അതിസാഹസികപ്രകടനത്തിലൂടെ ശങ്കു നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്നു.

ആട്ടവും പാട്ടും മാത്രമല്ല സാമാന്യം നല്ല കായികാഭ്യാസി കൂടിയായ ശങ്കുവിന്റെ ഏറ്റവും ഗംഭീരമായ സീനുകളിലൊന്നാണ് മുടികൊണ്ട് കാർ കെട്ടിവലിക്കുന്ന രംഗം .ടൺകണക്കിന് ഭാരമുള്ള കാറിനുള്ളിൽ പത്തോളം പേരെ കയറ്റിയിരുത്തി ശങ്കു കാറ് വലിക്കുമ്പോൾ അത് മോഹൻലാൽ എന്ന വ്യക്തിയാണ് ചെയ്യുന്നത് എന്ന് കാഴ്ചക്കാരെ അനുഭവിപ്പിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ മുഖചലനങ്ങളെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. 100 ദിവസം സൂപ്പർഹിറ്റായി പ്രദർശിപ്പിക്കപ്പെട്ട വിഷ്ണുലോകത്തിലെ ശങ്കുവിന്റെ മെയ് വഴക്കം മോഹൻലാൽ എന്ന താരരാജാവിന്റെ കിരീടത്തിലെ പൊൻ തൂവലുകളാണ്.

മോഹൻലാൽ കഥാപാത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മാന്ത്രികത്തിലെ മജീഷ്യനും ജീപ്പ് ജമ്പറുമായ ആൽബി അഥവാ മേജർ സ്റ്റീഫൻ റൊണാൾഡ് എന്ന കഥാപാത്രം . മേരാ ഭാരത് മഹാൻ എന്നെ വാചകത്തിൽ തുടങ്ങുന്ന ആ ഗംഭീര സിനിമയിൽ വേഷം മാറിയെത്തുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ് ആൽബി. ആൽബീസ് ബ്ലാക്ക് മാജിക്ക് എന്ന പേരിൽ ആൽബി നടത്തുന്ന ഒരു ഷോ സിനിമയിലെ ഹൈ ലൈറ്റാണ്.

നിങ്ങളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്തതും ,ഇന്ത്യയിൽ രണ്ടേ രണ്ടു മജീഷ്യൻമാർക്ക് മാത്രം ചെയ്യാൻ കഴിയുന്നതുമായ മാജിക് എന്ന അനൗൺസ്മെന്റോടു കൂടിയാണ് ആൽബിയുടെ മാജിക് ആരംഭിക്കുന്നത്‌. ഒരു ഗ്ലാസ് പാൽ തൂവാല കൊണ്ട് മൂടി പെട്ടെന്ന് അപ്രത്യക്ഷമാക്കുന്ന രംഗത്തിൽ തുടങ്ങുന്ന മാജിക് പിന്നീട് പ്രേക്ഷകരെക്കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിൽ വളരുന്നു. ഒഴിഞ്ഞ ട്രേയിൽ നിന്നും പൂക്കൂടകളുണ്ടാക്കുക, തീപ്പെട്ടിയില്ലാതെ ബുക്കിൽ നിന്ന് തീ വരുത്തുക, പറത്തി വിടുന്ന ബലൂണിനെ പ്രാവാക്കി മാറ്റുക തുടങ്ങി നിരവധി മാജിക്കുകളും കത്തിയേറ് പോലുള്ള അഭ്യാസങ്ങളും മാന്ത്രികത്തിൽ അദ്ദേഹം തന്മയത്വത്തോടെ അഭിനയിച്ചു.

അതേ, . മോഹൻലാലിന്റെ വിസ്മയകരമായ അഭിനയത്തെ സൂചിപ്പിക്കാനുള്ള ഏറ്റവും നല്ല വാക്ക് “തന്മയത്വം” എന്നു തന്നെയാണ്.മാന്ത്രികത്തിൽ മോഹൻലാലിനെ മായാജാലക്കാരന്റെ മാനറിസങ്ങൾ പഠിപ്പിക്കാൻ ചെന്ന മജീഷ്യൻ ആർ .കെ മലയത്ത് പിന്നീടൊരു ഇന്റർവ്യൂവിൽ അദ്ദേഹത്തിന്റെ കൈവഴക്കവും കൈവേഗവും കണ്ട് താനമ്പരന്നു പോയി എന്നാണ് അഭിപ്രായപ്പെട്ടത്, തന്മയത്വമുള്ള അഭിനയമാണ് മോഹൻലാലിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സംസ്കാരിക പരിണാമത്തിന്റെ ദൃശ്യാവിഷ്കാരം മലയാള ചലച്ചിത്രത്തിൽ എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. കോളജ് അധ്യാപിക, എഴുത്തുകാരി.