പരശതം ആരാധകരുടെ പലതരം ആത്മാവുകളെ ഒറ്റ ശരീരത്തിലേക്ക് ആവാഹിച്ചാൽ അതിന് ഇണങ്ങുന്ന രൂപവും പേരുമാണ് മോഹൻലാൽ. വിസ്മയം എന്ന ഒറ്റ വാക്കുമതി അദ്ദേഹത്തെ വിവരിക്കാൻ. അറുപതിനുമേൽ പ്രായമുള്ളവർ പോലും ലാലേട്ടാ എന്ന് വിളിക്കുന്ന മോഹൻ ലാലിനെ അദ്ദേഹത്തിന്റെ അമ്മയും അടുത്ത ചങ്ങാതിമാരും വിളിക്കുന്നത് ലാലു എന്നാണ്. അവരുടെ മുന്നിൽ ആറു വയസുകാരന്റെ കുസൃതികളുമായി അഭിരമിക്കുന്ന ആളാണ് ഈ അറുപതുകാരൻ. കളി ചിരികളുടെ കേളികളിൽ നിന്ന് മാറി രസലീലാവിലാസങ്ങളിൽ വിശ്വസിക്കുന്നയാൾ. ജീവിതത്തിലെ ഒരോ തുള്ളിയും ചൂടാറാതെ സൂക്ഷിക്കുവാൻ ഓരോ നിമിഷവും ശ്രദ്ധാലുവായ ആൾ.
അദ്ദേഹം സ്ഥിരമായി പറയുന്ന മേക്ക് ബിലീഫ് ആണ് അഭിനയമെന്നു കാട്ടിതന്ന കഥാപാത്രങ്ങളിലൂടെ മോഹൻലാലിനെ അന്വേഷിക്കലാണ് ഡോ. സ്വപ്ന സി. കോമ്പാത്ത് എഴുതുന്ന പരമ്പര: ലാലു ലീല.
നെട്ടൂരാനോടാണോടാ കളി
തെറ്റാതെ പറയാൻ പാടായതുകൊണ്ട് ഈ തലക്കെട്ട് വായിക്കാതെ വിട്ടുകളയുന്ന അത്ര എളുപ്പമല്ല മോഹൻലാലിനെ ഒഴിവാക്കി ജീവിക്കാൻ. പ്രണയവും വിരഹവും നഷ്ടവും നേട്ടവും കളിയാക്കലും പ്രതികാരം ചെയ്യലും എന്നു വേണ്ട ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും മോഹൻലാൽ കേറിവന്നുകളയും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ പല ലാൽ കഥാപാത്രങ്ങൾക്കും നമ്മളുമായോ നമ്മുടെ പരിചിതരുമായോ സാമ്യമുള്ളതുകൊണ്ടാണത്. നമ്മിൽ നിന്നും അടർത്തി മാറ്റാനാവാത്ത അത്തരം കഥാപാത്രങ്ങളാണ് മോഹൻലാലിനെ മലയാളിയുമായി ചേർത്തു വെക്കുന്നത്.
അറുപതു വയസ്സിൽ നാൽപ്പതു വർഷവും മലയാളത്തിന്റെ വെള്ളിത്തിരയോടൊപ്പം ചെലവഴിച്ചൊരാളെ കുടുംബാംഗത്തെ പോൽ മലയാളി ചേർത്തുവെച്ചതിന് പിന്നിലും ഈ കഥാപാത്രങ്ങളുണ്ട്. പലപ്പോഴും പുഞ്ചിരി വിടർത്തുന്ന, ഈറനണയിക്കുന്ന ഓർമകളായി നമ്മളോടൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങൾ. സേതുമാധവനെയും ആടുതോമയെയും രമേശനെയും വലിയകത്തു മൂസയെയും ശിവൻകുട്ടിയെയും സണ്ണിയെയും ചേട്ടച്ചനേയുമെല്ലാം നമ്മൾ ഇടക്കിടെ കണ്ടുമുട്ടാറില്ലേ.
മോഹൻലാൽ കഥാപാത്രങ്ങളിലൂടെ കടന്നുപോവുക എന്നത് രസകരമായ അനുഭവമാണ്. രാമനായും രാവണനായും പരകായപ്രവേശം നടത്തുന്നൊരാൾ. കരഞ്ഞും ചിരിച്ചും ധാർഷ്ട്യം പ്രകടിപ്പിച്ചും നിസ്സഹായനായും നമ്മുടെ ഉള്ളിലേക്ക് കുടിയേറിയൊരാൾ. നവരസങ്ങളെ നിഷ്പ്രയാസം അഭിനയിച്ചു ഫലിപ്പിക്കുവാനുള്ള മിടുക്ക്. ഒരൊറ്റ ശരീരം, ഒരൊറ്റ വ്യക്തി പക്ഷേ കഥാപാത്രങ്ങൾക്കനുസരിച്ച് പലരായി മാറുന്നൊരാൾ.
വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന ശ്രമത്തിൽ തീർച്ചയായും സംവിധായകരും സഹതാരങ്ങളുമടങ്ങുന്ന ഒരു വലിയ സംഘത്തിന്റെ ചേർത്തുവെക്കലുകളുണ്ടാകും. എങ്കിലും ഒരു കഥാപാത്രത്തിനു വേണ്ടി വ്യതിരിക്തനാകാൻ അനുനിമിഷം പരിശ്രമിക്കുന്ന വിശ്രമമില്ലാത്ത ‘മറ്റൊരാൾ’ ഉള്ളിലുള്ളത് കൊണ്ടാണ് ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളെ ഒന്നിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റു കഥാപാത്രമാക്കി മാറ്റാൻ മോഹൻലാലിന് കഴിയുന്നത്.
മോഹൻലാലിന്റേതായ ഒന്നിനൊന്ന് വ്യത്യസ്തമായ മൂന്ന് രാഷ്ട്രീയ നേതാക്കളെ ഓർമ്മയില്ലേ. അതിൽ തന്നെ വേണുനാഗവള്ളി സംവിധാനം ചെയ്ത ലാൽസലാമിലെ നെട്ടൂരാനെ ആരും മറക്കാൻ ഇടയില്ലല്ലോ. ‘ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ’ എന്ന രഹസ്യ കോഡിലൂടെ നമ്മുടെ ഉള്ളിലേക്ക് ചെങ്കൊടി പിടിച്ച് കയറിയ നെട്ടൂർ സ്റ്റീഫൻ. കമ്യൂണിസം നിരോധിക്കപ്പെട്ട കാലത്തും പിന്നീട് കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്ന സമയത്തും പോരാട്ടം നടത്തേണ്ടി വന്ന വിപ്ലവകാരി. ആദ്യഘട്ടത്തിൽ പോരാളിയായി പാർട്ടി വളർത്തുമ്പോഴും രണ്ടാം ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് രാജിവെച്ച് തന്നെ വളർത്തുമ്പോഴും സ്റ്റീഫൻ നെട്ടൂർ പുലർത്തിയിരുന്ന വിപ്ലവവീര്യം ഏറ്റവും ഭംഗിയായി അവതരിപ്പിക്കുവാൻ മോഹൻലാലിന് കഴിഞ്ഞു. വേണുനാഗവള്ളി, ചെറിയാൻ കല്പകവാടി കൂട്ടുകെട്ടിൽ പിറന്ന സിനിമയിൽ രണ്ടു പ്രായത്തെ അഥവാ രണ്ടു കാലഘട്ടങ്ങളെ സ്വാംശീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വിപ്ലവവും സൗഹൃദവും പ്രണയവുമെല്ലാം അടങ്ങുന്ന നെട്ടൂരാന്റെ ഭാവതീവ്രതകളെല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു.
മികച്ച കലാസംവിധാനം, മികച്ച സ്പെഷൽ ഇഫ്ക്ട്, മികച്ച ഛായാഗ്രഹണം എന്നിവയ്ക്കെല്ലാമുള്ള ദേശീയ പുരസ്കാരം ലഭിച്ച കാലാപാനിയിലെ ഗോവർദ്ധൻ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്. മികച്ച നടനും നിർമാതാവിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കാലാപാനിയിലെ ഗോവർദ്ധനൻ മലയാള സിനിമാ ചരിത്രത്തിലെ മികവുറ്റ ഒരു കഥാപാത്രമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ആത്മസമർപ്പണം ചെയ്ത, പക്ഷേ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ധീരന്മാരുടെ കഥ പറഞ്ഞ കാലാപാനി മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്ത ഈ സിനിമ ഇരുപത്തിനാല് വർഷത്തിനു ശേഷവും സാങ്കേതിക മികവിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. മിർസാഖാന്റെ ഷൂ നക്കേണ്ടി വരുന്ന ഇന്ത്യൻ പൗരന്റെ, ഒരു ഡോക്ടറുടെ നിസ്സഹായതയും, അമർഷവും, വിശപ്പു സഹിക്കാനാവാതെ സഹതടവുകാരനെ കൊന്നു തിന്നുന്ന ഒരു പോരാളിയെ കാണേണ്ടി വരുന്ന ആശ്ചര്യവും അറപ്പും സിസ്സഹായതയും എത്ര തന്മയത്വത്തോടെയാണ് മോഹൻലാൽ അഭിനയിച്ചു ഫലിപ്പിച്ചത്.
ഭാഷയുടെ അതിരുകളെ നിഷ്പ്രഭമാക്കി കൊണ്ട് അഭിനയത്തിന്റെ പുഴയൊഴുകിയ സിനിമയാണ് ഇരുവർ. പ്രതിഭാ സംഗമം എന്നൊക്കെ വിശേഷിപ്പിക്കാവുന്നത്ര ഗംഭീരമായ ചലച്ചിത്ര സൃഷ്ടികളിലൊന്നാണ് ഇരുവർ. മലയാളത്തിലേക്കും തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ഇരുവർ നടികർതിലകം എം.ജി ആറിന്റെ ബയോപികായിരുന്നു. തമിഴകം കണ്ട ഏറ്റവും പ്രീതിയുള്ള അഭിനേതാവിന്റെയും രാഷ്ട്രീയ നേതാവിന്റെയും ജീവിതത്തിലേക്കുള്ള പരകായ പ്രവേശത്തിന് ഏറ്റവും അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നു അതെന്ന് സംവിധായകൻ മണിരത്നത്തിന് അഭിമാനിക്കാവുന്ന രീതിയിൽ മെയ് വഴക്കത്തോടെ ആനന്ദനായി മോഹൻലാൽ നിറഞ്ഞാടുകയും ചെയ്തു .
നിരവധി കഥാപാത്രങ്ങൾക്കായി നൽകിയ ആത്മസമർപ്പണത്തിലൂടെയാണ് അഭിനേതാവെന്നെ രീതിയിൽ മോഹൻലാൽ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടത്. ന്യൂയോർക്കിലെ പ്രസിദ്ധമായ Stella Adler studio of Acting സ്ഥാപകയായ Stella Adler അഭിനയത്തെക്കുറിച്ച് പറയുന്നതുപോലെ തന്റെ ശരീരത്തെയും ശാരീരത്തെയും മനസ്സിനെയും പണിശാലയാക്കി മാറ്റുന്ന കഠിനാധ്വാനിയായ ഒരാൾക്കേ മികച്ച നടനാകാനാകൂ എന്ന് തെളിയിച്ച മോഹൻലാലിന്റെ നിരവധി കഥാപാത്രങ്ങളെ ഇനിയും ഓർത്തെടുക്കാം.
ലാലു ലീല അടുത്ത ഭാഗത്തിൽ
കൊല്ലാതിരിക്കാൻ പറ്റുമോ? ഇല്ല ല്ലേ.