ലാഗ് ടൈം

അയാളുടെ ചൂടുള്ള നിശ്വാസം കവിളിൽ പതിഞ്ഞതും കണ്ണുകളിൽ ഇരുട്ട് കയറിയതും മാത്രമേ ഓർമ്മയുള്ളു. അടുത്ത നിമിഷം ഗുരുത്വാകർഷണം അവർക്കിടയിലെ കാന്തികവലയത്തെ ഭേദിച്ച് അവളെ വലിച്ച് നിലത്തിട്ടു.
‘എവെരിതിങ് ഈസ്‌ ലോസ്റ്റ്‌ ഓൺ യൂ ‘
ദുശ്ശകുനം! മിഴിതുറന്ന നന്ദിത വ്യർത്ഥമായിപ്പോയ പ്രണയത്തെ സൂചിപ്പിച്ച ആ സംഗീതത്തെ പഴിച്ചു. ഋഷി അടുത്തുള്ള കസേരയിലിരുന്ന് സ്പോർട്സ് സ്റ്റാർ മറിച്ച് നോക്കുകയാണ്. ‘വാട്ട് എ ലൂസർ!’ അവൾ സ്വയം ശാസിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു. ‘ആർ യു ഓ കെ നൗ ‘ അയാൾ ചിരിച്ചുകൊണ്ട് അടുത്ത് വന്നിരുന്നു. അവൾ ജാള്യതയോടെ തലകുലുക്കി. ‘ജസ്റ്റ് ദി റെഗുലർ അനാലിസിസ് പരാലിസിസ്. ഋഷി പെട്ടന്നങ്ങനെ അടുത്ത് വന്നപ്പോൾ ഐ ഗോട്ട് ഓവർവെൽമ്ഡ്. ശ്വാസമെടുക്കാൻ മറന്നു പോയെന്ന് തോന്നുന്നു.’ ഋഷി ചിരിച്ചു. അയാൾ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. ‘ ഉം, ഐ തോട്ട് സൊ. അമേരിക്കയിൽ വളർന്ന എനിക്ക് നിന്റെ ഈ ഇൻഹിബിഷൻസൊക്കെ പുതുമയാണ് നന്ദൂ, പക്ഷേ അകന്നു നിന്ന് നിന്നെ മനസ്സിലിട്ട് താലോലിക്കുന്ന കാമുകനാവാനൊന്നും എനിക്ക് കഴിയില്ല. ട്രസ്റ്റ്‌ മീ, ഐ ഹാവ് ദി ബെസ്റ്റ് മെഡിസിൻ.’ അവൾക്ക് കൂടുതൽ ആലോചിക്കാൻ സമയം കൊടുക്കാതെ അയാൾ പകുതിവഴിയിലുപേക്ഷിച്ച ചുംബനത്തിൽ തുടങ്ങി അവളുടെ മനസിലെ വിലക്കുകളുടെ പൂട്ടുകൾ ഒന്നൊന്നായി പൊട്ടിച്ചെറിഞ്ഞു.

‘സിദ്ദു ഇന്നെന്നെ കാത്തു നിൽക്കേണ്ട. ഞാൻ നന്ദിതയ്ക്കൊപ്പം ഡിന്നർ കഴിച്ചിട്ടേ വരൂ. ഋതു ഹോംവർക്ക് ചെയ്യുന്നുണ്ടോന്ന് നോക്കണേ. ഓകെ. ബൈ.’ നീന ഫോൺ വെച്ച് നന്ദിതയ്ക്ക് നേരെ തിരിഞ്ഞു. ‘ നന്ദൂ, നീ എന്താ ആലോചിക്കുന്നത്?’ നീനയുടെ ചോദ്യം നന്ദിതയെ വർത്തമാനകാലത്തേക്ക് പറിച്ചു നട്ടു. ‘ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഋഷിയെ വീണ്ടും കാണാൻ പോകുന്നതിന്റെയാണോ ഈ വെർബൽ കോൺസ്റ്റിപ്പേഷൻ?’ അവൾ മുൻപിലിരിക്കുന്ന മിന്റ് ലൈമിലെ ഐസുകട്ടകൾക്ക് ചുറ്റും സ്ട്രോ കൊണ്ട് ചുഴി തീർത്തു. ‘ നീനാ, ദി ഇലാപ്സ്ഡ് ടൈം ബിറ്റുവീൻ റ്റു ഇവന്റസ്. ഈ നിമിഷത്തിൽ നിന്നും ഭാവിയിലെ മറ്റൊരു നിമിഷത്തിലേക്കെത്താനെടുക്കുന്ന സമയം, അതാണ് നമ്മൾ എന്തായിത്തീരുന്നു എന്ന് നിശ്ചയിക്കുന്നത്. ‘ ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു. ‘ ഞങ്ങൾക്കിടയിലെ പതിനഞ്ചു വർഷത്തെ വിശകലനം ചെയ്‌താൽ, ഋഷി ഈസ്‌ ലീഡിങ് എ സക്സസ്ഫുൾ ലൈഫ്. പക്ഷേ, എ പെർഫെക്ട് ഡിസാസ്റ്റർ എന്നേ എന്റെ ജീവിതത്തെക്കുറിച്ച് പറയാൻ പറ്റൂ.’ നന്ദിത ദീർഘനിശ്വാസമയച്ചു.

‘താരതമ്യം നടത്താൻ ഇതൊരു മത്സരമൊന്നുമല്ലല്ലോ. ചിലരുടെ ജീവിതം കൂടുതൽ ചലഞ്ചിങ് ആണെന്ന് ഞാൻ സമ്മതിക്കുന്നു. അത്‌ നിയോഗം. എക്സ്പീരിയൻസ്സസ് ആർ പാർട്ട്‌ ഓഫ് ഫൈൻഡിങ് ദി സെല്ഫ്, ആൻഡ് റിഗ്രെറ്റ് ഈസ്‌ ദി ലക്ഷ്വറി ഓഫ് എ ഫൂൾ. പിന്നെ, ഋഷിയെ ഞാൻ കണ്ടിരുന്നു ഇന്നലെ ഹോസ്പിറ്റലിൽ വെച്ച്. ഡോ. നായിക്കിനെ കാണാൻ വന്നതാണ്. ഹി ഈസ്‌ ആൾസോ ഡിവോഴ്സ്ഡ്. കൂടുതൽ ചോദിച്ചില്ല. ഡോക്ടറെന്ന നിലയിൽ അയാളൊരു വിജയമൊക്കെ ആയിരിക്കാം, പക്ഷെ അതിന്റെ സംതൃപ്തി പോലും അയാളിൽ കണ്ടില്ല. ഋഷി ആവശ്യപ്പെട്ടെന്ന് കരുതി നീ പോകണമെന്നൊന്നുമില്ല. ഇറ്റ്സ് യുവർ ചോയ്സ്.’ സ്നേഹിച്ചുപേക്ഷിച്ച് പോയെങ്കിലും, അയാൾ സന്തുഷ്ടനല്ല എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു തരി കനൽ വീണ നീറ്റൽ.

കയ്യിലൊരു മാർഗ്ഗരീത്തയും സിഗരറ്റുമായി രാത്രി ബാൽക്കണിയിലിരിക്കുമ്പോൾ നന്ദിതയ്ക്ക് ഭാവിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളോ പ്രതീക്ഷകളോ ഇല്ലായിരുന്നു. ഋഷിയെ ആദ്യം കണ്ട ദിവസം ഓർത്തു. അന്ന് സോഫ്റ്റ്‌വെയർ എഞ്ചിനിയറായി ബാംഗ്ലൂരിലെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളു. പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ വെച്ച് തുടങ്ങിയതാണ് നീനയുമായുള്ള സൗഹൃദം. അവൾ ബാംഗ്ലൂർ സിറ്റി മെട്രോ ഹോസ്പിറ്റലിൽ സൈക്യാട്രിയിൽ ഡി എൻ ബി ചെയ്യുകയായിരുന്നു അന്ന്. സ്റ്റെപ്പിൽ നിന്ന് തെന്നി കാലുളുക്കിയതിനെത്തുടർന്ന് ഓർത്തോപീഡീഷ്യനായ ഡോ. വീരജ് നായിക്കിനെ കാണാനായാണ് അന്ന് ഹോസ്പിറ്റലിൽ ചെന്നത്. ‘ ഭാഗ്യത്തിന് ഫ്രാക്ചർ ഇല്ല. പക്ഷേ രണ്ടാഴ്ചത്തേക്ക് ഇമ്മൊബിലൈസേഷൻ ചെയ്യണം. ഋഷീ ഹാൻഡിൽ ദിസ് കേസ്. എനിക്ക് മാനേജ്മെന്റുമായി ഒരു മീറ്റിംഗുണ്ട്.’ അദ്ദേഹം പറഞ്ഞു.

അത്ര നേരം ആ മുറിയുടെ ഒരു കോണിൽ സാന്നിധ്യമറിയിക്കാതെ എക്സറേകൾ പരിശോധിച്ചുകൊണ്ടിരുന്ന ഡോ. ഋഷി പ്രത്യക്ഷപ്പെട്ടു. തീക്ഷ്‌ണമായ കണ്ണുകളുള്ള സുമുഖനായ ആ യുവ ഡോക്ടറെ ഒറ്റനോട്ടത്തിൽ നന്ദിതയ്ക്ക് ബോധിച്ചു. കാലിന്റെ വേദന പാടെ മറന്ന അവൾ നീനയെ നോക്കി കണ്ണിറുക്കി. കാലിൽ ബാൻഡേജിടുന്ന നേരം കൊണ്ട് നന്ദിതയുടെ ഫുൾ ബയോഡാറ്റയും നീന ഋഷിയെ ഉണർത്തിച്ചു. മൈനർ ഓ ടി യിൽ നിന്ന് പുറത്ത് കടക്കുമ്പോൾ അയാൾ നീനയുടെ മുഖത്ത് നോക്കി.

‘ സൈക്യാട്രിസ്റ്റായി വിജയിച്ചില്ലെങ്കിലും ഡോക്ടർക്ക് മാച്ച് മേക്കിങ്ങിൽ നല്ല ഭാവിയുണ്ട്. ഏതായാലും ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല. ഡേറ്റിംഗിൽ താല്പര്യമുണ്ടെങ്കിൽ എഴുന്നേറ്റ് നടക്കാറായാൽ എന്റൊപ്പം ഒരു കോഫി കുടിക്കാൻ വരാൻ പറയൂ.’

നന്ദിത കാളിങ് ബെൽ അമർത്തി. ഋഷി പോസ്റ്റ്‌ഗ്രാജുവേഷൻ കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചുപോയ ശേഷം ബാംഗ്ലൂർക്ക് വരുന്നത് ഇപ്പോഴാണ്. ഡോർ തുറന്നു. ഋഷി! അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു. അവരുടെ കണ്ണുകൾ കൊരുത്തു. ഋഷി അവളെ പുണർന്നു. മറ്റൊന്നും ചിന്തിക്കാതെ അവൾ ഗാഡമായി അയാളെ ചുംബിച്ചു. അത്‌ പ്രതീക്ഷിച്ചതല്ലെങ്കിലും അയാൾ എതിർപ്പ് കൂടാതെ അവൾക്ക് കീഴടങ്ങി. മണിക്കൂറുകൾക്ക് ശേഷം അയാളുടെ കിടക്കയിൽ നിന്നെഴുന്നേറ്റ് അവൾ ബാൽക്കണിയിൽ പോയി നിന്നു. ഋഷി അവളുടെ അരികിൽ വന്ന് നിന്നു മുടിയിഴകളിലൂടെ വിരലോടിച്ചു. ‘ ഫിഫ്റ്റീൻ ഇയർസ് നന്ദൂ, കാഴ്ചയിൽ നിനക്ക് വലിയ മാറ്റങ്ങളില്ലെങ്കിലും, ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ പക്വത കൈവന്നത് എനിക്ക് കാണാം.’ അയാളിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. തിരി താഴ്ത്തിയ റാന്തൽ വിളക്ക് പോലെ വെളിച്ചം മങ്ങിയ കണ്ണുകൾ, അതിന് താഴെ തടങ്ങളിൽ തങ്ങിയ ജീവിതത്തിന്റെ കരിനിഴലുകൾ, വെട്ടിചെറുതാക്കിയ തലമുടികൾക്കിടയിൽ കാലം വിതറിയ വെള്ളച്ചായങ്ങൾ, പരിപാലനക്കുറവ് കൊണ്ട് അയവു വന്നു തുടങ്ങിയ കനത്ത പേശികൾ, മുഖത്തും കഴുത്തിലും ദേഹത്തുമായി മുൻപില്ലാത്ത കറുത്ത പുള്ളികൾ! പക്ഷേ, അവൾ അതൊന്നും തിരിച്ച് സൂചിപ്പിച്ചില്ല. ‘കുടിക്കാൻ കോഫി എടുക്കട്ടെ, പണ്ടത്തെപ്പോലെ ബ്ലാക്ക്‌ കോഫി വിത്ത്‌ വൺ ക്യൂബ് ഷുഗർ?’ ഋഷി ചോദിച്ചു. ‘ വേണ്ട, ഞാൻ കോഫി എന്നോ ഉപേക്ഷിച്ചതാണ്. തണുത്ത വെള്ളം മതി.’ തനിക്ക് പ്രവചിക്കാമായിരുന്ന നന്ദിത പാടെ മാറിയിരിക്കുന്നുവെന്ന അറിവ് തന്റെയുള്ളിൽ സൃഷ്ടിക്കുന്നത് ആശങ്കയോ കൗതുകമോ എന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

വൈറ്റ്ഫീൽഡിലെ വിശാലമായ അപാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് നിരത്തുകളിൽ തെളിഞ്ഞ് തുടങ്ങുന്ന വിളക്കുകളിലേക്ക് കണ്ണോടിക്കുമ്പോൾ അതേ ബാൽക്കണിയിൽ നിന്നുകൊണ്ട് ഋഷിയോട് വഴക്കിട്ട് പിരിഞ്ഞ ദിവസം അവളോർത്തു. ‘ ഇപ്പൊ ഞാനൊരു ഫൈനൽ ഇയർ എംഡി സ്റ്റുഡന്റാണ്. അതിന്റെ തിരക്കുകൾ തന്നെ കൈകാര്യം ചെയ്യുന്നത് ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമൊക്കെയാണ്. ഇതിനിടയിൽ ഞാൻ മൂന്നു നേരം നിന്നെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യണോ? ഇന്നലെ ഒരു സർജറി നീണ്ടുപോയ മൂന്നു മണിക്കൂർ കൊണ്ട് നിന്റെ നാൽപ്പത്തഞ്ചു പത്തഞ്ചു മിസ്സ്ഡ് കാൾസ് ആണ് ഉള്ളത്. 45!!!! ഗ്രോ അപ്പ്‌ നന്ദിതാ.’ അയാളുടെ ശബ്ദത്തിലെ രോഷം അവളുടെ മനസ്സിനെ വ്രണപ്പെടുത്തി. ‘ മൂന്നു നേരം പോയിട്ട്, ഞാൻ അങ്ങോട്ട് വിളിക്കുന്നതല്ലാതെ ഋഷി എന്നെ ഒരു നേരം പോലും വിളിക്കാതെയായിട്ട് ഒരു മാസത്തിലധികമായി. ഇറ്റ് ക്ലിയർലി ടെൽ എബൌട്ട്‌ യുവർ പ്രൈയോറിട്ടീസ്.’ അവളുടെ കണ്ണുകൾ നിറഞ്ഞു. ‘യെസ് ഇറ്റ് ടെൽസ് എബൌട്ട്‌ മൈ പ്രൈയോറിട്ടീസ്. നിന്റെ ഇമോഷണൽ ഇൻസെക്യൂരീറ്റീസിനുള്ള പരിഹാരം കണ്ടെത്തൽ അതിൽ അവസാനത്തേതാണ്.!’

‘എന്താ ആലോചന? ഏൻ ആഫ്റ്റർമാത്ത് ഗിൾട്ട് ?’ അയാൾ തണുത്തവെള്ളം കൈമാറിക്കൊണ്ട് ചിരിച്ചു. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. ‘നമ്മൾ അവസാനം കണ്ടത് ഓർത്തു പോയി.’ ഋഷിയുടെ മുഖത്തെ ചിരിമായ്ഞ്ഞു. ‘കരിയർ മാത്രമായിരുന്നു ഫോക്കസ് ഞാൻ ബാംഗ്ലൂർക്ക് വരുമ്പോ. പക്ഷെ നീ എന്നെ അതിൽ നിന്ന് അകറ്റുന്നു എന്ന ഒരു തോന്നലുണ്ടായി ഏതോ ഒരു ഘട്ടത്തിൽ. എനിക്കൊരു ബാലൻസ് കണ്ടെത്താൻ കഴിഞ്ഞില്ല. എന്റെ തെറ്റാണ്.’ അയാളുടെ കണ്ണുകളിലെ വേദന അവളിൽ മരവിപ്പ് മാത്രമാണ് സൃഷ്ടിച്ചത്. ‘മുഴുവൻ ഋഷിയുടെ തെറ്റാണെന്ന് പറയാൻ കഴിയില്ല. ഇറ്റ് വാസ് മൈ ഒബ്സെഷൻ. ഏകാന്തതയിലേക്ക് തുളഞ്ഞു കയറുന്ന തീവ്രമായ വേദന പോലെയാണത്. എ സഫറിംഗ് ഇൻ സൈലെൻസ്. അതിനുള്ള മരുന്ന് ഋഷി മാത്രമായിരുന്നു അന്ന്. നമ്മുടെയുള്ളിലെ ഭയപ്പെടുത്തുന്ന ശൂന്യതയെ പ്രണയത്തോട് കൊരുത്തിടാൻ പാടില്ലെന്ന് തിരിച്ചറിയാൻ ഒരുപാട് കാലവും അനുഭവങ്ങളും വേണ്ടി വന്നു.’ ഭാവഭേദങ്ങളൊന്നും ഇല്ലാതെ അവൾ പറഞ്ഞു.

‘ എനിക്കെന്താണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിയാൻ ഒരു ആക്സിഡന്റ് ഉണ്ടാകേണ്ടി വന്നു, കഴിഞ്ഞ വർഷം. കാൽ ഫ്രാക്ച്ചറായി കിടന്നു ആറു മാസം. നിർത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു അതു വരെ. ഞാൻ മാത്രമല്ല, എനിക്ക് ചുറ്റുമുള്ള എല്ലാവരും. ആ തിരക്കുകളാണ് ജീവിതം എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. തിരക്കുകൾക്കിടയിൽ കിടന്ന് ഞെരുങ്ങി വിവാഹബന്ധവും നശിച്ചു. മോൾ ദീപയുടെ കൂടെയാണ്. എന്റെ തിരക്കുകൾ കാരണം അവളെ കാണാൻ പോലും ചിലപ്പോൾ സമയം കിട്ടാറില്ല. നേടിയ പേരും സമ്പത്തും ഒക്കെ എന്തിന് വേണ്ടിയാണെന്ന ചോദ്യം വല്ലാതെ അലട്ടിയത് ആ ആറു മാസത്തെ കിടപ്പിലാണ്. അവിടെയും ഐ ഫെയിൽഡ് ടു ഫൈൻഡ് ബാലൻസ്. അപ്പോഴാണ് നിന്നോടെന്താണ് ഞാൻ ചെയ്തതെന്നും, ജീവിതത്തിൽ എവിടെയാണ് എനിക്ക് പിഴച്ചതെന്നും അറിഞ്ഞത്. എല്ലാം ഒരേ തെറ്റിന്റെ വ്യത്യസ്ത മുഖങ്ങൾ. ഒരു കണക്കിന് തിരിച്ചറിവുകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ഒറ്റയ്ക്കാവുമ്പോൾ. കടുത്ത ഡിപ്രെഷൻ ആയിരുന്നു തിരിച്ചു ജോലിയിൽ പ്രവേശിക്കും വരെ. ദിക്കറിയാതെ പായുന്ന മനസ്സ് നങ്കൂരമിടാൻ ആഗ്രഹിക്കുമ്പോഴൊക്കെ നിന്റെ മുഖമാണ് മനസ്സിൽ തെളിയുക. അന്നേരം കൂടുതൽ തിരക്കുണ്ടാക്കും. പക്ഷെ, തിരക്കുകൾക്ക് വരെ പഴയ ജീവിതം തിരിച്ചു തരാൻ കഴിയാതെയായി. സത്യത്തിൽ എനിക്ക് എന്നിൽ നിന്ന് തന്നെ ഓടി മതിയായി.’

നന്ദിത പൊട്ടിച്ചിരിച്ചു. ഋഷി അമ്പരപ്പോടെ അവളെ നോക്കി. ‘കാലത്തിന്റെ വികൃതികൾ, അല്ലേ?’. അവൾ ചിരി നിർത്താതെ പറഞ്ഞു. അവൾ പറഞ്ഞതിലൊരു തമാശയുണ്ടെന്ന് അയാൾക്കും തോന്നി. ‘ കാർമിക് ലൂപ് ‘, അതിൽ നിന്ന് രക്ഷപെടാൻ ആർക്കും സാധിക്കില്ല. അല്ലേ? അയാളും ചിരിച്ചു.
‘ഇതിനെ കാർമിക് ലൂപ് എന്ന് വിളിക്കാനാവില്ല, ഇറ്റ്സ് എ കാർമിക് സ്‌പൈറൽ! ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നു, മറ്റൊരു സമയത്തിൽ, മാനസിക പരിണാമത്തിന്റെ മറ്റൊരു ഘട്ടത്തിൽ, മറ്റൊരു തലത്തിൽ എത്തി നിൽക്കുന്ന ജീവിതവീക്ഷണങ്ങളോടെ.’ ഋഷി അവളെ പുഞ്ചിരിയോടെ നോക്കി. ‘ഹൗ ക്യാൻ യു സേയ് ദാറ്റ്‌?’ അവൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കി അൽപനേരം മിണ്ടാതെ നിന്നതിനു ശേഷം തുടർന്നു. ‘നമ്മൾ പിരിഞ്ഞതിന് എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എന്താണെന്ന് തിരിച്ചറിയാൻ പത്തു വർഷവും അതിനിടയിൽ കടന്നു പോയ ഒരു വിവാഹമോചനവും രണ്ട് പ്രണയബന്ധങ്ങളും വേണ്ടി വന്നു. ഒരേ അനുഭവങ്ങളുടെ ആവർത്തനം. അതായിരുന്നു പുറത്ത് കടക്കേണ്ട കാർമ്മിക് ലൂപ്.’ അവളുടെ വാക്കുകളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പിയാലും കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളുടെ ആഴമോ വ്യാപ്തിയോ അളക്കാനാവില്ലെന്ന് അയാൾക്കറിയാം.
‘എന്നിട്ട് പുറത്ത് കടക്കാൻ സാധിച്ചോ?’. ആത്മാർഥമായി അതറിയാൻ അയാളാഗ്രഹിച്ചു. ‘ ഉം’ അവൾ തലയാട്ടി. ‘ ഋഷി പുറത്തു കടന്നോ?’ അവൾ ആദ്യമായാണ് തിരിച്ചൊരു കാര്യം അന്വേഷിക്കുന്നത്.’ ‘,
‘അറിയില്ല, ഉണ്ടാവണം. അതുകൊണ്ടാവണമല്ലോ എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തിരിച്ചറിഞ്ഞതും, നിന്നെത്തേടി വന്നതും.’ സൂര്യനസ്തമനം മൂകമായി കടന്നു പോയി.

‘ നന്ദൂ, നമ്മുടെ ബന്ധം ഇപ്പോൾ എവിടെയാണ് എത്തി നിൽക്കുന്നത്?.’ അയാൾ ആകാംക്ഷയോടെ തിരക്കി. ‘അറ്റ് അനദർ സീറോ.’ അവൾ പ്രസന്നമായി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘മറ്റൊരു തുടക്കം?’ അയാൾ അന്വേഷിച്ചു. ‘തുടങ്ങാതെയും ഇരിക്കാം.’ നന്ദിത കാറ്റിൽ പറക്കുന്ന മുടിയിഴകളെ ചെവിയ്ക്ക് പിറകിൽ തിരുകി. ‘ ഒരേ സമയം പലരുടെയും ജീവിതത്തിൽ പല ദിശകളിലേക്കാണ് സഞ്ചരിക്കുന്നത്. ദാറ്റ് ഈസ്‌ ദി ഐറണി ആൻഡ് ബ്യൂട്ടി ഓഫ് ലൈഫ് . ഒരു സ്ത്രീയ്ക്കും പുരുഷനും വേണ്ടത് ഒന്ന് തന്നെയാണ്, പക്ഷേ അത്‌ വ്യത്യസ്ത കാലഘട്ടങ്ങളിലാണെന്ന് മാത്രം. ആ ദൂരം ഒന്നിച്ചു സഞ്ചരിക്കാനാണ് പ്രയാസം. ഒരേ സമയം പരസ്പരം ഊന്നുവടിയാകാൻ കഴിഞ്ഞാൽ അത്ര മനോഹരമായി മറ്റൊന്നും ഭൂമിയിലില്ല. ഈ കൈമാറൽ തന്നെയാണ് പ്രണയത്തിന്റെ ഉദ്ദേശവും. മറ്റെല്ലാ ബന്ധങ്ങളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും മനുഷ്യർ ബോധവാന്മാരാണ്. പക്ഷേ, ഒരു പ്രണയം എങ്ങനെ, അല്ലെങ്കിൽ എന്തിനു വേണ്ടി നിലനിർത്തണം എന്ന ചോദ്യത്തിലാണ് ജീവിതത്തിലെ പരീക്ഷയിൽ തന്നെ പലപ്പോഴും നമ്മൾ തോറ്റു പോവുന്നത്. പ്രായത്തിന്റെ പക്വതക്കുറവും അറിവ്കേടും കാരണം മിക്കവാറും നമ്മൾ നമ്മളെ തന്നെ നഷ്ടപ്പെടുത്തുന്നു, മറ്റൊന്നും നേടുന്നുമില്ല.’

അവൾ ഋഷിയുടെ കണ്ണുകളിലേക്ക് നോക്കി.

‘ നമുക്കിടയിൽ സംഭവിച്ചതെല്ലാം സംഭവിക്കേണ്ടത് തന്നെയായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ഇറ്റ്സ് ഓൾ എബൌട്ട്‌ ചോയ്സസ് വി മേക്ക്. ഇന്ന് ഇത്രയും തിരിച്ചറിവോടെ ഇവിടെ വന്നു നിൽക്കുന്നത് അത്‌ കൊണ്ടൊക്കെയായിരിക്കാം. പക്ഷേ വേണമെങ്കിൽ ഇതൊക്കെ ഒഴിവാക്കാമായിരുന്നു. കാരണം എല്ലാരും നമ്മളെപ്പോലെയല്ല ഋഷി. ഇത്രയൊന്നും അറിയാതെയും മനസ്സിലാക്കാതെയും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കുന്നവരുണ്ട്.’ അവൾ ദീർഘനിശ്വാസമയച്ചു. ‘നീനയും സിദ്ധാർഥും പോലെ, അല്ലേ.’ അയാൾ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. ‘ഉം, അവരെപ്പോലെ മറ്റെത്രയോ പേർ. അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ ആ ബന്ധം നിലനിർത്താനൊരു കാരണം കണ്ടെത്തുന്നവർ.’ ശ്രമിക്കാത്തത് കൊണ്ട് മാത്രം പരാജയപ്പെട്ട പരീക്ഷ! ഋഷി ദീർഘമായി ശ്വസിച്ചു. ‘ഒന്നിച്ചു സ്നേഹത്തോടെയുള്ള ജീവിതം. അറ്റ് ദി എൻഡ്, ദാറ്റ്സ് വാട്ട് റിയലി മാറ്റേഴ്‌സ് അല്ലേ! ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ അത്‌ നമ്മളാവുമായിരുന്നു എന്ന് തോന്നുന്നില്ലേ?’
അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി. ‘അറിയില്ല.’ അവൾ നിസ്സംഗതയോടെ മറുപടി പറഞ്ഞു. ‘ എന്നാൽ ഇപ്പൊ ചോദിക്കട്ടെ. ഇനി അങ്ങനെ ഒരു ജീവിതം സാധ്യമാകുമോ?’. അയാൾ എന്തൊക്കെയോ തിരുത്താനാഗ്രഹിച്ചു തുടങ്ങിയിരുന്നു.

‘ ഇന്നത്ത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഋഷിയുടെ ചോദ്യമെങ്കിൽ, അതൊരു ഇമ്പൾസീവ് റെസ്പോൺസ് ആയിരുന്നു.
എന്തോ ബാക്കിയുണ്ടെന്ന തോന്നലാണ് മനുഷ്യരെ തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നത്. പക്ഷെ അത്‌ അതോടെ തീർന്നു.’ ഋഷി ചിരിച്ചു. ‘എനിക്കയറിയാം. അത്‌ ഞാനും പ്രതീക്ഷിച്ചതല്ല’. അവൾ ഉദിച്ചു വരുന്ന നക്ഷത്രങ്ങളെ നോക്കി. ‘ഞാൻ നേരത്തെ പറഞ്ഞതു തന്നെയാണ് കാരണം. പതിനഞ്ചു വർഷം മുൻപ് ഞാൻ നിന്നിടത്താണ് ഇന്ന് ഋഷി നിൽക്കുന്നത്, എന്റെ ഒബ്സെഷൻ ഇല്ലായിരിക്കാം, പക്ഷേ ബന്ധിക്കപ്പെട്ട് കിടക്കാനുള്ള അതിയായ ആഗ്രഹത്തോടെ.
പക്ഷെ, അന്ന് ഋഷി കരീയർ ഫോക്കസ്ഡ് ആയിരുന്നെങ്കിൽ ഞാനിന്ന് സെൽഫ് ഫോക്കസ്ഡ് ആണ്. ഒരു കംപാനിയൻ വേണമെന്ന് ഇടയ്ക്ക് തോന്നാറുണ്ടെങ്കിലും, എന്റെ ഒബ്സെഷൻ കളഞ്ഞതോടെ മനുഷ്യരെ സ്നേഹിക്കാനുള്ള കഴിവ് തന്നെ നഷ്ടപ്പെട്ടത് പോലെയാണ് ചിലപ്പോളെനിക്ക് തോന്നാറുള്ളത്. ഭ്രാന്തമായ തീവ്രതയോടെയല്ലാതെ ഒരാളെ സ്നേഹിക്കാനാകുമോ? എന്തോ അങ്ങനെ ശ്രമിക്കാൻ തോന്നിയില്ല. പോരാത്തതിന് എന്റെ സ്വാതന്ത്ര്യത്തെയും ഈ ചുറ്റുപാടുകളെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഐ ആം പീസ്ഫുൾ നൗ.’ ഋഷിയോടുള്ള ഇഷ്ടം എന്നും നിലനിൽക്കുമായിരിക്കാം പക്ഷേ പണ്ടത്തെപ്പോലെ മനസ്സിനെ ക്ഷോഭിപ്പിക്കുന്ന, സിരകളിൽ കത്തിപ്പടരുന്ന ലഹരിയല്ല അയാളിന്ന് എന്നവൾക്ക് ഈ ദിവസം ബോധ്യപ്പെടുത്തി കൊടുത്തിരിക്കുന്നു.

‘നീ പറയുന്നതൊക്കെ എനിക്ക് ഉൾക്കൊള്ളാനാകും, കാരണം അന്ന് നമ്മൾ നിന്നിടത്ത് നിന്നും ഞാനും ഒരുപാട് ദൂരം മുൻപോട്ട് സഞ്ചരിച്ചില്ലേ. അതിന്റേതായ മാനസികപരിണാമവും പക്വതയുമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ടാകും എന്ന് നീയും മനസ്സിലാക്കണം. നിന്റെ മാറ്റങ്ങളെയും പുതുതായി ഉണ്ടായ താല്പര്യര്യങ്ങളെയും ബഹുമാനിച്ചു കൊണ്ട് തന്നെ എന്റെ ജീവിതത്തിലേക്ക് നിന്നെ ക്ഷണിക്കുകയാണ്. ഒരു വിവാഹത്തിനൊന്നും നിന്നെ ഞാൻ നിർബന്ധിക്കില്ല, നിനക്ക് താല്പര്യമില്ലെങ്കിൽ ഒന്നിച്ചു ജീവിക്കാൻ പോലും. പക്ഷേ, ഭൂമിയിൽ എവിടെയിരുന്നാലും നീ എന്റെ കൂടെയുണ്ടാകുമെന്ന ഒരുറപ്പ്.’ ഒറ്റപ്പെടില്ല എന്ന ഉറപ്പായിരുന്നു അയാൾക്ക് വേണ്ടത്. നന്ദിത നിശ്ശബ്ദമായി കുറേ നേരം ഋഷിയുടെ അപേക്ഷിക്കുന്ന കണ്ണുകളിലേക്ക് നോക്കി നിന്നു. ഒരു ശാന്തമായ സ്നേഹസാന്നിധ്യം. കഴിഞ്ഞ പതിഞ്ചു വർഷം കൊണ്ട് കാലം ഈ നിമിഷത്തിലേക്ക് പണിത പാലത്തിനിപ്പുറത്താണ് അവരിപ്പോൾ നിൽക്കുന്നത്. ഇവിടെ നിന്ന് ഇനി എങ്ങോട്ട് പോകണം? ‘എനിക്ക് സമയം വേണം ഋഷി, ആലോചിക്കാൻ.’ അവളുടെ മുഖം ഒരുത്തരവും പറഞ്ഞില്ല. അയാൾ തലയാട്ടുക മാത്രം ചെയ്തു. നന്ദിത പോയ ശേഷം ഋഷി ബാൽക്കണിയിൽ ചെന്നിരുന്നു. തനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു, പക്ഷേ തീരുമാനമെടുക്കാനുള്ള അധികാരം ഇന്നവൾക്കാണ്. അയാൾ സോഫയിലേക്ക് തലചായ്‌ച്ച് കണ്ണുകളടച്ചു.

ഋഷിയുടെ ഫ്ലാറ്റിൽ നിന്നിറങ്ങി നന്ദിത ലിഫ്റ്റിൽ കയറി. ഋഷി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ദിവസത്തേക്കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല പിരിഞ്ഞശേഷമുള്ള ആദ്യത്തെ അഞ്ചു വർഷം. പിന്നീടങ്ങോട്ട് ഓരോ ബന്ധങ്ങൾ പിരിയുമ്പോഴും മനസ്സ് അയാളിൽ തന്നെയാണ് ചെന്നവസാനിക്കാറ്.

ഋഷിയെന്ന ദൗർബല്യത്തെ വിട്ടുകളയാൻ പ്രേരിപ്പിച്ച അതേ കാലം വീണ്ടും അയാളെ മുൻപിൽ കൊണ്ട് നിർത്തിയിരിക്കുന്നു. പക്ഷേ ഇന്ന് വേഷങ്ങൾക്ക് വിപര്യാസം സംഭവിച്ചിരിക്കുന്നു. എന്തുകൊണ്ട് ലളിതമയി ഒരുത്തരം പറയാൻ സാധിച്ചില്ല? അവൾ അപാർട്ട്മെന്റിനു താഴെയെത്തിയപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു. നന്ദിത പുറത്തേക്കിറങ്ങി കണ്ണുകളടച്ച് ഇരുട്ട് മൂടിയ ആകാശത്തേക്ക് മുഖമുയർത്തി കുറച്ചു നേരം അവിടെത്തന്നെ നിന്നു. മഴത്തുള്ളികൾ വീണു കുളിർത്ത മനസ്സ് ഒരുത്തരം പറഞ്ഞു. അവളുടെ പ്രസന്നമായ മുഖത്ത് നേർത്ത പുഞ്ചിരി പടർന്നു.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്