കരുണക്കുരു

സർവീസ് കമ്മീഷൻ പരീക്ഷാ ഫലം വന്നയുടൻ നാട്ടിലെ പ്രധാന തയ്യൽക്കാരനായ രവി ചേട്ടനെക്കൊണ്ട്, ബോംബെ ഡൈയിങ്ങ് തുണിയിൽ തുന്നിച്ച തൻ്റെ പുത്തൻ കുപ്പായവും പാൻറ്റും അണിഞ്ഞു കണ്ണാടിക്ക് മുൻപിൽ അവസാനവട്ട പത്രാസ് നോക്കിക്കൊണ്ട് കരുൺ ഉറക്കെ വിളിച്ചു കൂകി.

‘അമ്മേ.. ആ ചോറ്റുപാത്രം ഒന്ന് വേഗം തരൂ.. ആദ്യ ദിവസം തന്നെ വൈകിപ്പിക്കാതെ.’

കണ്ണാടിയിലേക്ക് നേരെയും ചെരിഞ്ഞും നോക്കിയിട്ടും കൊതി തീരുന്നില്ല. എങ്കിലും ധൃതിയിൽ തൻ്റെ കുപ്പായത്തിൻറെ കോളറിനുള്ളിലൂടെയും കീശയിൽ മടക്കി വച്ചിരുന്ന ചെക്ക് തൂവാലയിലേക്കും അൽപ്പം കുട്ടിക്കൂറ പൌഡർ കുടഞ്ഞിട്ട് ഉമ്മറപ്പടിയിൽ എത്തി.

തിണ്ണയ്ക്കു കീഴെ കോലാഴിയിൽ വച്ചിരുന്ന പെട്ടിതുറന്ന് പുത്തൻ സോക്സും ബാറ്റ ഷൂവും ധരിച്ച് തുകൽ ബാഗും തോളിൽ തൂക്കി കരുൺ മുറ്റത്തേക്കിറങ്ങി. ശരീരം മുഴുവൻ ഒന്ന് നീട്ടിവലിച്ച്, ഇരു കൈകളും മുകളിലേക്ക് ഉയർത്തി കുപ്പായം കൃത്യമായി ശരീരത്തോട് ചേർത്ത്, പാൻറ്റ് ഒന്ന് ഇളക്കി ശരിയാക്കി രണ്ടടി മുന്നോട്ട് വെച്ചു. അപ്പോഴേക്കും ചോറ്റുപാത്രം സാരിത്തലയിൽ തുടച്ചുകൊണ്ട് അമ്മ ഉമ്മറത്തെത്തി.

വീണ്ടും ഇടതുകൈ മുകളിലേക്കുയർത്തി തൻ്റെ എച്ച്. എം. ടി. വാച്ചിൽ സമയം നോക്കികൊണ്ട് കരുൺ അമ്മയോട് ആരാഞ്ഞു.

‘എങ്ങനെയുണ്ട്, കണ്ടാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെപ്പോലെ ഇല്ല്യേ?’

‘ഉം.. പത്രാസോക്കെ കൊള്ളാം. നീ ഭഗവാനെ തൊഴുതോ? ആദ്യ ദിവസ്സമായിട്ട് ഭഗവാനെ തൊഴുത്തിട്ട് പോകൂ നീയ്.’

അമ്മയുടെ കയ്യിൽനിന്നും ചോറ്റുപാത്രം വാങ്ങി ബാഗിൽ വച്ചശേഷം. മനസ്സിലാമനസ്സോടെ കരുൺ കോലാഴിയിലേക്കു കയറി. ചുവരിൽ ഇരിക്കുന്ന കൃഷ്ണവിഗ്രഹത്തിനുനേരെ തിരിഞ്ഞുനിന്ന് ഒരുനിമിഷം വിഗ്രഹത്തിൻറെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കിയശേഷം തൻ്റെ കണ്ണുകൾ അടച്ച് കൈകൾകൂപ്പി നിന്നു.

‘കൃഷ്ണാ.. ഗുരുവായൂരപ്പാ.. ഏറെ പരിശ്രമിച്ചു കിട്ടിയ ഈ ജോലിയിൽ ഞാൻ ശോഭിക്കണേ.. ഇതോടെ ഈ വീടിൻ്റെ പരാധീനതകൾ തീരണേ..’

കണ്ണുകൾ തുറന്ന് അമ്മയോട് യാത്ര പറഞ്ഞുകൊണ്ട് കരുൺ ധൃതിയിൽ നടത്തം തുടങ്ങി.

കിഴക്കേപ്പറമ്പ് വഴി ലൂബിമാപ്പളയുടെ വീട്ടുമുറ്റത്തുകൂടി പാടത്തെത്തി. അവിടുന്ന് തളിയതോടിൻറെ അരുപിടിച്ച് പാടവരമ്പിലൂടെ കിഴക്കോട്ട് നടക്കുമ്പോൾ തീവണ്ടിപ്പാതക്കപ്പുറം കാർമേഘങ്ങൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യനെ വെല്ലും പ്രകാശഭരിതമാണ് കരുണിൻറെ മുഖം.

നടന്ന് നടന്ന് ക്രിസ്തീയ ധ്യാനകേന്ദ്രത്തിലെ അഴുക്കുവെള്ളം തീവണ്ടിപ്പാത മുറിച്ചുകടക്കുന്ന ഓവിന് അടുത്തെത്തി. കീശയിൽനിന്നും തൻ്റെ പൌഡർ ഇട്ട കള്ളിത്തൂവാല എടുത്ത് മൂക്കുപൊത്തി ദുർഗന്ധം വമിക്കുന്ന ആ സ്ഥലം വേഗത്തിൽ മുറിച്ചുകടന്ന് കരുൺ തീവണ്ടിപ്പാതയിലേക്കു കയറി. അൽപ്പംകൂടി നടന്നതോടെ അവൻ തീവണ്ടി സ്റ്റേഷനിൻറെ പ്ലാറ്റ്ഫോമിൽ എത്തി.

പുത്തൻ ഷൂവിൽ പാടത്തെ പുല്ലിൽനിന്നും വെള്ളവും ചളിയും പുരണ്ടിരിക്കുന്നു, പാന്റിൽ പട്ടിപുൽ വിത്തുകൾ തറച്ചിരിക്കുന്നു. കരുൺ തൻ്റെ ബാഗിൽനിന്നും നോട്ടുപുസ്തകം പുറത്തെടുത്ത് നടുപേജിൽനിന്നും ഒരു എട് കീറിയെടുത്ത് കുനിഞ്ഞിരുന്ന് ഷൂവിൽ പുരണ്ട ചളി തുടച്ചു. അതെയിരുപ്പിൽ തുടർന്ന് തൻ്റെ പാന്റിൽ തറച്ച പുൽവിത്തുകൾ നുള്ളിയെടുക്കുന്നതിനിടയിൽ അവൻ ടിക്കറ്റ് കൗണ്ടറിനു പരിസരത്തേക്ക് തലയുയർത്തി ഒന്ന് നോക്കി. ആ തുറസ്സായ പ്ലാറ്റ്ഫോമിൽ അങ്ങ് ദൂരെ തന്നെപോലെ കുനിഞ്ഞിരുന്ന് എന്തോചെയ്യുന്ന ഒരാളൊഴികെ മറ്റാരും തന്നെയില്ല.

വിത്തുനുള്ളൽ ഒരുവിധം തീർത്ത് പാൻറ്റ് കൈകൊണ്ട് തട്ടി ഉഴിഞ്ഞു എഴുന്നേറ്റപ്പോഴേക്കും അപ്രതീക്ഷിതമായി മഴ ചാറിത്തുടങ്ങി. ഉടനെ കരുൺ തൻ്റെ ബാഗിൽനിന്നും ഞെക്കിയാൽ തുറക്കുന്ന കുട തുറന്നു ചൂടി മുന്നോട്ട് നടന്നു. അവൻ വാച്ചിൽ നോക്കി. തീവണ്ടി വരാൻ ഇനിയും അരമണിക്കൂറോളം ഉണ്ട്. കരുൺ സാവധാനം ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു. പതിയെ അവൻ നേരത്തെ കണ്ട ആ ആൾരൂപത്തിനോടടുത്തു. കരുൺ ആ രൂപത്തെ ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി.

അയാൾ താൻ മുൻപ് കരുതിയപോലെ നിലത്തിരുന്ന് ഒന്നും ചെയ്യുകയല്ല. മറിച്ച് നിലത്തു കിടക്കുകയാണ്. കരിമ്പടം പുതച്ചിരിക്കുന്നു എങ്കിലും അയാളുടെ അരക്കു താഴേക്ക് നീല ചെക്ക് ലുങ്കിയും കാലി കാൽപാദവും കാണാം. കരുൺ അയാളെ തന്നെ നിരീക്ഷിച്ചുകൊണ്ട് അയാളുടെ വശത്തുകൂടി നടന്ന് മുൻപിലെത്തി. മുഖം മണ്ണിനോട് ചേർത്ത് കിടക്കുകയാണയാൾ. നരച്ച മുടിയും മുഖത്തിൻറെ വശത്തെ ചുളിഞ്ഞ തൊലിയും, അയാൾ ഒരു വൃദ്ധനാണ്. കരുൺ ആ വൃദ്ധൻറെ കിടപ്പ് ഒന്ന് സൂക്ഷ്മതയോടെ നിരീക്ഷിച്ചു. മഴത്തുള്ളികൾ ശക്തിപ്രാപിച്ചപ്പോൾ അയാൾ കരിമ്പടം വിറകയ്യാൽ വലിച്ചു തൻ്റെ തല മൂടാൻ ശ്രമിക്കുന്നു.

‘ഹാവൂ.. മരിച്ചിട്ടില്ല..’

അയാൾ ജീവനോടെയുണ്ടെന്ന് മനസ്സിലായതോടെ കരുൺ അയാളെ സൂക്ഷ്മമായി ഒരിക്കൽ കൂടി നിരീക്ഷിച്ചു.

ദിവസ്സത്തിൽ മൂന്ന് വണ്ടികൾ മാത്രമുള്ള ഈ സ്റ്റേഷനിൽ യാചകർക്ക് എന്തുകാര്യം.? മാത്രമല്ല ഇതുവരെ ഇവിടെ അങ്ങനെ ആരെയും കണ്ടിട്ടില്ലല്ലോ.. ഒരുപക്ഷെ ഈ അയല്പക്കങ്ങളിലെ ഏതെങ്കിലും കാരണവന്മാർ ഇന്നലെ അകത്താക്കിയ ചാരായതിൻറെ മത്തിൽ കിടന്നുപോയതാകാം.

കരുൺ അയാളെപ്പറ്റി അങ്ങനെ പലതും ചിന്തിച്ചു.

ഇന്ന് മുതൽ താൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്. അതായത് ജനസേവകൻ. അപ്രകാരം സമൂഹത്തിൽ തനിക്ക് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് എന്ന് ഹൈസ്കൂളിൽ നിയമപഠനം എന്ന വിഷയത്തിൽ പഠിച്ചിട്ടുണ്ട്. ശരി.. തന്റെ ഔദ്യോഗിക ജീവിതം ഇവിടെനിന്നും ആരംഭിക്കുന്നു. അതിന്റെ ആദ്യ പടിയെന്നോണം ആ വൃദ്ധനെ തട്ടിയുണർത്തി, മഴയത്തുനിന്നും ടിക്കറ്റ് കൗണ്ടറിൻറെ മേൽക്കൂരയ്ക്ക് കീഴെ പോയി കിടക്കാൻ പറയാം എന്ന് തീരുമാനിച്ചു.

‘ഹേ വെല്ലിശാ.. എണീക്ക്.. മഴപെയ്യുന്നുണ്ട്. അവിടെ ആ സ്റ്റേഷൻ പരിസരത്തു പോയ് കിടക്ക്.’

കരുൺ അയാളെ പലതവണ തട്ടിയുണർത്താൻ ശ്രമിച്ചുനോക്കി. പക്ഷെ കരിമ്പടത്തിനുള്ളിൽനിന്നും വീണ്ടും വിറകൈകൾ പുറത്തുവന്ന് കരുണിനോട് ഇവിടെനിന്നും പോകൂ എന്ന ആംഗ്യം കാട്ടുകയല്ലാതെ അയാൾ മറ്റൊന്നും പ്രതികരിച്ചില്ല. വീണ്ടും വീണ്ടും ശ്രമിച്ചു പരാജയപെട്ടതിനെത്തുടർന്ന് കരുണിന് ദേഷ്യം വന്നുതുടങ്ങി. എങ്കിലും അവൻ ഒന്നുരണ്ടുതവണകൾ കൂടി പരിശ്രമിച്ചു. പക്ഷെ ആ വൃദ്ധൻറെ നിർവികാരത, അപ്പോഴേക്കും സമൂഹത്തിൻറെ ഉന്നത ശ്രേണിയിലേക്ക് തന്നെ സ്വയം പ്രതിഷ്ഠിച്ചുകഴിഞ്ഞ കരുണിന് അംഗീകരിക്കാനായില്ല.

‘വയസ്സായാൽ ഒരുപാകത്ത് അടങ്ങിയിരുന്ന് രാമനാമം ജപിക്കാതെ കള്ളുകുടിച്ചുനടക്കും.. ശരിക്കും മഴകൊള്ളുമ്പോൾ എണീറ്റുപൊക്കോളും .’

അവൻ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്ത് ആ വൃദ്ധനെ അയാളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു മലർത്തി. വൃദ്ധൻറെ രൂപം കണ്ട കരുൺ പൊടുന്നനെ രണ്ടടി പുറകോട്ട് മാറി. അയാളെ ഒരിക്കൽക്കൂടി സൂക്ഷ്മതയോടെ നോക്കി.

‘ഇടത്തോട്ടുടുത്ത നീലക്കള്ളി മുണ്ട്, അരയിൽ മുറുക്കിയ വീതിയുള്ള പച്ച ബെൽറ്റ്, ചളിപുരണ്ടു നിറം മങ്ങിയ വെളുത്ത വട്ടക്കഴുത്തൻ ബനിയൻ, നീട്ടിയ താടി, വടിച്ചു വീണ്ടും കിളിർക്കുന്ന മീശ, നെറ്റിയിൽ കറുത്ത പാട്.’

‘മേത്തൻ.. ഇയാൾ മേത്തൻ തന്നെ.’

ഗോപിയേട്ടൻ പറഞ്ഞ മേത്തൻമാരുടെ എല്ലാ അടയാളങ്ങളും ഉണ്ടല്ലോ. അങ്ങ് മലബാറിലോ കൊടുങ്ങല്ലൂരിലോ ഉള്ള ഇവന്മാർ ഇപ്പൊ എന്തിനാ ഇങ്ങോട്ട് എഴുന്നള്ളുന്നത്. അവിടെയെങ്ങാനും യാചിച്ചാൽ പോരെയോ..? എനിക്ക് ജോലികിട്ടാൻ ഇത്ര വൈകിയതിൽ പ്രധാന കാരണം ഇവറ്റകളാ..

ഗോപിച്ചേട്ടൻറെ വാക്കുകൾ എത്ര ശരിയാ.. ഈ ഹിന്ദു രാജ്യത്തേക്ക് കടന്നുവന്ന് ഇപ്പൊ ഇവറ്റകളാൽ ഇവിടുത്തെ ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാതെയായി. മീൻ പാറ്റുംപോലെ ഇക്കൂട്ടർ കുട്ടികളെ ഉണ്ടാക്കി ഇത് ഒരു മുസ്ലിം രാജ്യമാക്കിമാറ്റാനും നോക്കുന്നു. എന്തിന് അമ്പലങ്ങളിലെ നേർച്ചപ്പണം പോലും സർക്കാരുവഴി ഇവറ്റകളുടെ മത പാഠശാലകളിലെ ചിലവിനു പോകുന്നു.

ഗോപിച്ചേട്ടൻറെ പ്രസംഗങ്ങൾ ശ്രദ്ധിച്ചു കേട്ടാൽ ഇവറ്റകളെ വീടുകയറി കത്തിച്ചു കൊല്ലാൻ തോന്നും. അശ്രീകരങ്ങൾ..

കരുണിൻറെ ഉള്ളിൽ ദേഷ്യവും വെറുപ്പും അലതല്ലി. അവൻ അയാളെ ഒരുവട്ടം കൂടി തുറിച്ചു നോക്കി. അയാളുടെ മുഖത്തും മേനിയിലും മഴത്തുള്ളികൾ വീണു തുടങ്ങിയതോടെ അയാൾ അസ്വസ്ഥനാകുന്നു. സാവധാനം കണ്ണുകൾ ചിമ്മി ചിമ്മി തുറക്കാൻ ശ്രമിക്കുന്നു.

ആ നിരീക്ഷണത്തിൽ കരുൺ മറ്റൊരു കാര്യം ശ്രദ്ധിച്ചു. അയാളുടെ ദേഹമാസകലം അസാധാരണമായ കുരുക്കൾ നിറഞ്ഞിരിക്കുന്നു.

‘പൊന്തൻ പനി’

അയാളെ തൊട്ട തൻ്റെ കൈകൾ പാൻറ്റിൽ തുടച്ചുകൊണ്ട് കരുൺ വീണ്ടും രണ്ടടി പുറകോട്ടു വച്ചു.

മഴയുടെ തീവ്രത കൂടിയതോടെ ആ വൃദ്ധൻ തൻ്റെ ആവനാഴിയിലെ അവസ്സാന ആവതും പ്രയോഗിച്ചുകൊണ്ട് സാവധാനം കിടപ്പിൽനിന്നും എഴുന്നേറ്റിരുന്നു.

അയാൾ തൻ്റെ കുഴയുന്ന കണ്ണുകൾ ചുറ്റുമോടിച്ച് പരിസരം മനസ്സിലാക്കാൻ ശ്രമിച്ചു. ആ നോട്ടത്തിനിടയിൽ എപ്പോഴോ കരുൺ ഒരു നിഴൽരൂപമായി പതിഞ്ഞു. മങ്ങിയ കാഴ്ചയിൽ അയാൾ അങ്ങുദൂരെ തീവണ്ടി സ്റ്റേഷൻ കണ്ടു. താൻ പാതിയിൽ വീണുപോയ തൻ്റെ ലക്ഷ്യസ്ഥാനം അതായിരുന്നു എന്ന് തിരിച്ചറിഞ്ഞമട്ടിൽ അയാൾ എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇരുപ്പിൽനിന്നും ഒരു അടി പോലും നീങ്ങാനുള്ള ശക്തി അയാളിൽ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.

ആ ദയനീയാവസ്ഥയിൽ അയാൾ നേരത്തെ കാഴ്ചയിൽ പതിഞ്ഞ മനുഷ്യരൂപത്തെ ഒന്ന് നോക്കി.

വൃദ്ധൻറെ ആ നോട്ടം കരുണിൻറെ കണ്ണിൽ ഒരു മിന്നൽ സൃഷ്ടിച്ചു. അയാളുടെ കണ്ണുകൾ താൻ ഇതിനുമുൻപ് എവിടെയോ കണ്ടതായി അവനുതോന്നി. എത്ര ആലോചിച്ചിട്ടും അവനു ആ കണ്ണുകൾ ഇതിനുമുൻപ് എവിടെയാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ സാധിക്കുന്നില്ല. അവൻ വീണ്ടും വീണ്ടും വൃദ്ധൻറെ കണ്ണുകളിലേക്ക് സൂക്ഷ്മതയോടെ നോക്കികൊണ്ടേയിരുന്നു. അൽപ്പനേരം അവർ പരസ്പ്പരം കണ്ണോട് കണ്ണ് പങ്കിട്ടുകൊണ്ട് നിശ്ചലരായി നിന്നു.

‘അച്ചാച്ചൻ… അതെ ഇത് അദ്ദേഹത്തിൻ്റെ അതേ കണ്ണുകൾ തന്നെ. ജീവനോടെ അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അതേ കണ്ണുകൾ തന്നെയാണല്ലോ ഇയാൾക്കും. എൻ്റെ ഗുരുവായൂരപ്പാ ഇതെന്തു പരീക്ഷണം..?’

വൃദ്ധൻറെ അവസ്ഥയും ഉദ്ദേശവും നിരീക്ഷിച്ചുകൊണ്ട് അയാളുടെ കണ്ണുകൾ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തൻ്റെ മുത്തച്ഛൻറെതിനോട് ഉപമിച്ച് കരുൺ ആശയക്കുഴപ്പത്തിലാഴ്ന്നു. അയാളുടെ തനിക്കുനേരെയുള്ള നോട്ടത്തിൽ കരുണിന് ദയനീയത അനുഭവപ്പെടാൻ തുടങ്ങി. അവൻ്റെ മനസ്സിനെ പല ചിന്തകൾ അലട്ടി.

മുൻപ് കരുതിയപോലെ ഇയാൾ ഒരു മദ്യപൻ അല്ല തീർച്ച. ഒരുപക്ഷെ ഒരു യാചകനോ നാടോടിയോ ആയിരിക്കാം. പക്ഷെ അയാളുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ അപകടകരമാണ്..

അല്ല.. ഇയാൾ ഒരു മേത്തനല്ലേ..? ഞാൻ ഹിന്ദുവും, ഗോപിച്ചേട്ടനും കൂട്ടരും പറഞ്ഞ ആശയപ്രകാരം ഇയാൾ എൻ്റെ ശത്രുവാണ്.. എൻ്റെ മാത്രമല്ല ഈ രാജ്യത്തെ ഓരോ ഹിന്ദുവും അഹിന്ദുക്കളെ അങ്ങനെയേ കാണാവൂ. ഇയാൾ ഇവിടെക്കിടന്ന് ചത്താൽ ഒരു ശത്രു കുറഞ്ഞു അത്രതന്നെ.

കരുൺ ചാഞ്ചാടിയ തൻ്റെ മനസ്സിനെ തിരികെപിടിച്ചു. അവൻ ആ വൃദ്ധൻറെ നേരെനിന്നും മുഖം തിരിച്ചു ധൃതിയിൽ അയാൾക്കരികിൽനിന്നും നടന്നകന്നു.

കരുൺ നടന്നകന്നതോടെ വൃദ്ധൻ ചുമക്കാൻ തുടങ്ങി. ആഴമേറിയ ചുമ.! വേഗത്തിൽ നടന്നുനീങ്ങുന്നതിനിടയിലും വൃദ്ധൻറെ ആ ചുമ കേട്ട കരുൺ പതിയെ അവൻ അറിയാതെ തന്നെ വേഗം കുറച്ചു.

ഒരു നിമിഷം അവൻ പുറകോട്ടുനോക്കി.

വൃദ്ധൻറെ ചുമ കുറയുന്നില്ല മാത്രമല്ല മഴയുടെ ശക്തി ഏറിവരുന്നു.

കരുൺ പതിയെ നടത്തം നിർത്തി. അവൻ പെട്ടന്നുതന്നെ ഒരു മാനസിക പിരിമുറുക്കത്തിലാഴ്ന്നു. അവൻ ഒരുനിമിഷം തൻ്റെ പല്ലുകൾ കടിച്ചു, മുഖം ചുളിച്ചു, കണ്ണുകൾ ഇറുക്കിയടച്ചു. പൊടുന്നനെ അവൻ്റെ മനസ്സിൽ തൻ്റെ മുത്തച്ഛൻ ആ വൃദ്ധൻറെ സ്ഥാനത്തു മഴയിൽ ഇരുന്നു ശ്വാസം മുട്ടി ചുമച്ചുകൊണ്ട് അവനുനേരെ കൈനീട്ടുന്ന ദൃശ്യം തെളിഞ്ഞുവന്നു.

ഒരു പക്ഷെ എൻ്റെ മുത്തച്ഛൻ ഇപ്രകാരം മറ്റൊരുനാട്ടിൽ സ്വന്തം ജീവനുവേണ്ടി ഒരു അന്യമതസ്ഥൻറെ മുൻപിൽ സഹായം അപേക്ഷിക്കേണ്ടിവന്നാൽ. ആ അന്യമതസ്ഥൻ ഞാൻ ചിന്തിച്ചപോലെ ചിന്തിച്ചാൽ..??

അല്ല.. എൻ്റെ ചിന്ത ശരിയല്ല. ഗോപിച്ചേട്ടനും കൂട്ടർക്കും എവിടെയോ തെറ്റുപറ്റിയിരിക്കുന്നു. അവരുടെ ആശയം ശരിയല്ല. കുഷ്ഠരോഗികളെ ശിശ്രുഷിക്കാൻ സിലോണിലേക്ക് പോയ ശ്രീനാരായണ ഗുരുവിൻറെ കഥ ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം അവിടത്തെ ബുദ്ധമതസ്ഥർക്കും തമിഴ് വംശജർക്കും സേവനം നൽകിയതായി പറയുന്നു. അന്യരാജ്യക്കാരിയായ മദർ തെരേസ്സ ഈ രാജ്യത്തെ ആളുകളെ ശ്രുശ്രൂഷിച്ചിട്ടില്ലേ..? മുസ്ലീമുകളോടും ഹിന്ദുക്കളോടും ഒരുപോലെ സമീപനങ്ങൾ എടുത്തിരുന്ന മഹാത്മാവിൻറെ ആത്മകഥ ഞാൻ വായിച്ചിട്ടുണ്ട്. സഹജീവികളോടുപോലും സ്നേഹം ഉള്ളതിനാൽ മാംസം വർജ്ജിച്ച ബുദ്ധനും തന്നെപോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കണമെന്നു പറഞ്ഞ ആ അവധൂതനുമാണ് ശരി. ഇവരെല്ലാം മുന്നോട്ടുവെച്ച ആശയങ്ങളിൽ ഉള്ളതും ഗോപിച്ചേട്ടൻറെ ആശയങ്ങളിൽ ഇല്ലാത്തതും എന്താണ് ?

കരുണ…!!!

എന്നാൽ ഗോപിച്ചേട്ടൻറെ ആശയത്തിൽ ഉള്ളതും മഹാത്മാക്കളിൽ ഇല്ലാത്തതും എന്താണ് ?

വെറുപ്പ്.. അപരനോടുള്ള വെറുപ്പ്.!!!

അല്ല ഞാൻ വെറുപ്പല്ല.. ഞാൻ കരുണയാണ്. മനുഷ്യനാണ്. എൻ്റെ ആശയം ഒരു ജാതിയാണ്, ഒരു മതമാണ്, ഒരേയൊരു ദൈവം അത് എൻ്റെ മനഃസാക്ഷിയാണ്. കരുൺ പതിയെ തൻ്റെ കണ്ണുകൾ ചിമ്മി തുറന്നു. അവൻ്റെ കണ്ണുകളിൽ ഒരുതുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു. എങ്കിലും ഇളം പുഞ്ചിരിയോടെ അവൻ ആ നിമിഷത്തോട് മനസ്സിൽ നന്ദിപറഞ്ഞു. തൻ്റെ ഉള്ളിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞുപോയി താൻ മാനസിക തുറവിയുടെ മറ്റൊരു തലത്തിലേക്ക് കടന്നതായി അവനു സ്വയം അനുഭവപ്പെട്ടു.

കരുൺ വേഗം തിരിഞ്ഞുനടന്നു ആ വയോധികനരികിലെത്തി. അവൻ അദ്ദേഹത്തിൻ്റെ വശത്തായി വീണുകിടന്നിരുന്ന ഭാണ്ഡം എടുത്ത് അതിനരികിൽ ചിതറിക്കിടന്നിരുന്ന അത്തറുകുപ്പികൾ സൂക്ഷ്മതയോടെ പെറുക്കിയെടുത്ത് ഭാണ്ഡത്തിനകത്താക്കി. ഭാണ്ഡം സ്വന്തം തോളിലിട്ടു. അതിനുശേഷം ആ വയോധികനുനേരെ കൈനീട്ടി.

‘മുത്തശ്ശാ.. വരൂ നമുക്ക് ആ ടിക്കറ്റ് കൗണ്ടറിനടുത്ത് പോകാം മഴ കൂടുന്നു.’

‘വേണ്ട കുട്ടീ.. എനക്ക് ദീനമാണ് ഇജ്ജ് പൊയ്ക്കോളീ.. അനക്ക് പകരും.’ വിറയ്ക്കുന്ന ശബ്ദത്താൽ അദ്ദേഹം പതിയെ പറഞ്ഞു തീർത്തു.

‘സാരമില്ല ടിക്കറ്റ് കൗണ്ടർ വരെ നമുക്ക് എൻ്റെ കുടയിൽ പോകാം വരൂ..’

ആ വയോധികൻ വിറകൈയ്യാൽ ഏന്തിവലിഞ്ഞ് കരുണിൻറെ കയ്യിൽ പിടിച്ചു. കരുൺ അദ്ദേഹത്തെ വലിച്ചുയർത്തി തൻ്റെ കുടക്കീഴിൽ നിർത്തി അവൻ അദ്ദേഹത്തിൻ്റെ തോളിൽ കൈയ്യിട്ടു. അവർ പതിയെ നടന്നു.

‘ഇത് എയ്ടയാ സ്ഥലം കുട്ട്യേ..?’

‘ഇത് പഴയനാട് ആണ്. അല്ല അങ്ങേയുടെ സ്ഥലം എവിടെയാ ? എങ്ങിനെയാ ഇവിടെ എത്തിപ്പെട്ടത്.?’

കോഴിക്കോടിനടുത്ത് ചെറിയൊരു തീരദേശ ഗ്രാമമാണ് അദ്ദേഹത്തിൻ്റെ സ്വദേശം. തീവണ്ടികളിൽ അത്തർ കച്ചവടം നടത്തിയാണ് അദ്ദേഹം തൻ്റെ അഞ്ചംഗകുടുംബം പുലർത്തുന്നത്. കഴിഞ്ഞ ദിവസ്സം അൽപ്പം പനിയുണ്ടായിരുന്നെങ്കിലും അതിനെ വകവയ്ക്കാതെ അദ്ദേഹം പതിവുപോലെ കച്ചവടത്തിനായി എറണാകുളം വണ്ടിയിൽ കയറി എന്നാൽ വണ്ടി എറണാകുളത്തെത്തുമ്പോഴേക്കും പനികൂടി ദേഹമാസകലം കുരുക്കൾ രൂപപ്പെടാൻ തുടങ്ങി. അതോടെ അദ്ദേഹം സ്റ്റേഷനിൽ അൽപ്പനേരം വിശ്രമിക്കുകയും ഒരുവിധത്തിൽ വൈകിട്ടത്തെ തിരികെയുള്ള വണ്ടിയിൽ കയറിപ്പറ്റുകയും ചെയ്തു. ഏറെ ക്ഷീണിതനായതിനാൽ അദ്ദേഹം വണ്ടിയുടെ വാതിലിനോടരികിൽ നിലത്തിരുന്നു ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ തനിക്കിറങ്ങാനുള്ള ഇടത്താണ് വണ്ടി നിർത്തിയിരിക്കുന്നതെന്ന് കരുതി ഇവിടെ ഇറങ്ങുകയായിരുന്നു. താൻ തെറ്റായ ഇടത്താണ് ഇറങ്ങിയതെന്നു മനസ്സിലാക്കിയപ്പോഴേക്കും വണ്ടി സ്റ്റേഷൻ വിട്ടിരുന്നു. വയോധികൻ തൻ്റെ വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം ഇവിടെ എത്തിയതെങ്ങനെയെന്ന് വിവരിച്ചു.

ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഒഴിഞ്ഞ ഒരു ബെഞ്ചിൽ വൃദ്ധനെ കിടത്തിയശേഷം താൻ ഇപ്പോൾ വരാം എന്നുപറഞ്ഞു കരുൺ വേഗത്തിൽ പുറത്തേക്കു നടന്നു. ടിക്കറ്റ് കൗണ്ടറിനോട് ചേർന്നുള്ള കവാടത്തിലൂടെ ധ്യാനകേന്ദ്രത്തിലേക്കാണ് കരുൺ പോയത്. ധ്യാനകേന്ദ്രത്തിനുള്ളിൽ ഒരു കൊച്ചു മെഡിക്കൽ ഡിസ്പെൻസറി ഉണ്ട്. അവിടുത്തെ അറ്റൻഡർ ലോനച്ചേട്ടൻ കരുണിൻറെ പരിചയക്കാരരനാണ്.

കരുൺ തിരക്കിട്ടു അവിടെയെത്തി ഡിസ്പെൻസറിക്കുള്ളിലേക്ക് കയറിച്ചെന്നു.

ഭാഗ്യവശാൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ലോനചേട്ടൻ പോകാനുള്ള സമയമാകുന്നതേയുള്ളു. അവൻ ലോനചേട്ടനോട് കാര്യങ്ങൾ വിശദീകരിച്ചു. ആ വയോധികന് വേണ്ടുന്ന പ്രാഥമിക ചികിത്സ ചെയ്യാനും ഡിസ്പൻസറിയിലെ ഫോണിൽനിന്നും അദ്ദേഹത്തിൻ്റെ നാട്ടിലേക്ക് വിളിച്ചു അവിടെ അദ്ദേഹത്തിൻ്റെ വീട്ടിൽ വിവരമറിയിക്കാനും അവൻ ലോനചേട്ടനെക്കൊണ്ട് ഒരുവിധത്തിൽ സമ്മതിപ്പിച്ചു. ഒടുവിൽ കരുൺ ലോനചേട്ടനെ, ഒരു വീൽചെയറിന്റെ അകമ്പടിയോടെ വൃദ്ധനരുകിൽ എത്തിച്ചു.

അപ്പോഴേക്കും അവശനായി ഇരിപ്പിടത്തിൽ കിടന്ന് മയങ്ങിപ്പോയ വയോധികനെ കരുൺ മൃദുവായി തട്ടിയുണർത്തി.

‘മുത്തശ്ശാ.. ഇത് ലോനചേട്ടൻ. ഇദ്ദേഹം തൊട്ടടുത്തുള്ള ധ്യാനകേന്ദ്രത്തിലെ ഡിസ്പെൻസറിയിലെ ജീവനക്കാരനാണ്. അങ്ങേക്ക് ലോനച്ചേട്ടൻ പ്രാഥമിക ചികിത്സ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല ഡിസ്പെൻസറിയിലെ ഫോണിൽനിന്നും അങ്ങേക്ക് നാട്ടിലേക്ക് വിളിച്ചു വിവരമറിക്കുകയും ചെയ്യാം.’

‘ ഇന്ന് എൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഏറെ കാലത്തെ ശ്രമത്തിനൊടുവിൽ നേടിയ ജോലിയിൽ പ്രവേശിക്കേണ്ടുന്ന ദിവസമാണ്. അല്പനേരത്തിനുള്ളിൽ വരുന്ന വണ്ടിയിൽ എനിക്ക് പോകണം. അല്ലായിരുന്നെങ്കിൽ ഞാൻ… ‘

കരുണിൻറെ വാക്കുകൾ കേട്ട ആ വയോധികൻ നിറകണ്ണുകളാലെ അവനെ ഒന്ന് നോക്കി. അതിനുശേഷം വിറകൈകൾ കരിമ്പടത്തിന് പുറത്തെടുത്ത് മലർത്തി പിടിച്ചു കരുണിനോട് പറഞ്ഞു.

‘അൻറെ ഉള്ളിൽ എനക്ക് പടച്ചോനെ കാണാൻകയ്യും കുട്ട്യേ..’ ആ വാക്കുകൾ മുഴുവിപ്പിച്ചു അദ്ദേഹം നന്ദിനിറഞ്ഞ ഒരു നോട്ടം കൂടി കരുണിനെ നോക്കി.

കരുൺ അദ്ദേഹത്തെ പതിയെ പിടിച്ചുയർത്തി വീൽചെയറിൽ ഇരുത്തി. ലോനച്ചേട്ടൻ കരുണിനെ നോക്കി തലയാട്ടി വയോധികനേയുംകൊണ്ട് തിരികെപ്പോയി. കരുൺ അൽപ്പനേരം അവർ പോകുന്നത് ഒരു നെടുവീർപ്പോടെ നോക്കി നിന്നു. അപ്പോഴേക്കും അവനുപോകാനുള്ള വണ്ടിയുടെ ചൂളംവിളി കേട്ടു. കരുൺ ടിക്കറ്റ് എടുക്കുവാനായി ടിക്കറ്റ് കൌണ്ടറിനടുത്തേയ്ക്ക് തരിഞ്ഞു.

വണ്ടിയിൽ ജനൽ അഴികൾക്കിടയിലൂടെ വിജനതയിലേക്ക് നോക്കുമ്പോൾ കരുണിൻറെ മനസ്സിൽ ആ വയോധികൻറെ കണ്ണുകൾ വീണ്ടും നിറഞ്ഞു. അവൻ പലവട്ടം അദ്ദേഹത്തിൻ്റെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയി. വീണ്ടും വീണ്ടും അദ്ദേഹം അവനോട് അവസാനം പറഞ്ഞ വാക്കുകൾ ഓർത്തു.

ആദ്യ ദിവസമായതിനാൽ മറ്റു ജോലിക്കാർ എത്തുംവരെ കരുൺ ഓഫീസിനു മുൻപിലെ മരച്ചുവട്ടിൽ കാത്തിരുന്നു. 10 മണി ആയപ്പോഴേക്കും ഓഫീസ് തുറന്നു. കരുൺ പ്രവേശന പത്രം മേലധികാരിക്ക് സമർപ്പിച്ചു ജോലിയിൽ പ്രവേശിച്ചു. ഓഫീസിലെ പ്യൂൺ സഹപ്രവർത്തകരെ ഓരോരുത്തരെയായി കരുണിന് പരിചയപ്പെടുത്തി. അവസാനം കരുണിൻറെ സ്വന്തം ഇരിപ്പിടത്തിൽ ഇരുന്ന് അവൻ ജോലി ആരംഭിച്ചു.

ഉച്ചയോടെ കരുണിന് ദേഹത്ത് അൽപ്പം അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ചെറുതായി പനിയും ശരീരത്തിൽ ചുവന്നു തടിപ്പും കണ്ടു തുടങ്ങി. അതോടെ കരുണിന്റെ മനസ്സിൽ ചെറിയ പേടി നിറഞ്ഞു.

‘ഗുരുവായൂരപ്പാ.. ഞാൻ എൻ്റെ തെറ്റുകൾ മനസ്സിലാക്കി ഇപ്പോൾ പുതിയൊരു ചിന്താധാരയിലേക്ക് മാറിക്കഴിഞ്ഞു. ഇപ്പോൾ എനിക്ക് എല്ലാ ജീവജാലങ്ങളോടും കരുണയുണ്ട്, സ്നേഹവും ബഹുമാനവുമുണ്ട്. ഞാൻ സ്വയം നന്മയുടെ പാത തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇനിയും എന്നെ ഇപ്രകാരം എന്തിന് പരീക്ഷിക്കണം.? മുൻപ് ഞാൻ മസ്തിഷ്കപ്രക്ഷാളനത്തിൽ അകപ്പെട്ടുപോയതിനുള്ള ശിക്ഷയായാണോ ഇത്..?’

സൈക്കിൾ മണി ശബ്ദം മുഴങ്ങുന്നു…

അമ്മ മുറ്റം അടിക്കുന്നത് നിർത്തിയിട്ട് സൈക്കിളിനടുത്തേക്ക് പോകുന്നു.

കരുൺ കണ്ണുതുറന്നു. തൻ്റെ ചായിപ്പിൻറെ മേൽക്കൂരയിലെ കഴുക്കോലുകളും ഓടുകളും.

അവൻ ചാടിയെഴുന്നേറ്റു ശരീരമാസകലം തപ്പിനോക്കി. പൊടുന്നനെ പുതപ്പ് വലിച്ചുമാറ്റി ജനാല തള്ളിതുറന്ന് വെളിച്ചത്തിൽ തൻ്റെ കൈകളും കാലുകളും നോക്കി.

അപ്പോഴേക്കും അമ്മ കണ്ണാ.. എന്ന് വിളിച്ചുകൂകി അവനടുത്തെത്തി.

‘കണ്ണാ… മോനെ ദേ ജോലിയുടെയാണോ ഒരു കടലാസ്സ് വന്നിരിക്കുന്നു. നോക്കൂ ‘

അമ്മ ആ കത്ത് കരുണിന് കൊടുത്തു, ഒപ്പം നെറ്റിയിൽ ഒരു ഉമ്മയും. കരുൺ പുഞ്ചിരിയോടെ ആ കത്തുവാങ്ങി നേരെ ഉമ്മറക്കോലാഴിയിലെ തിണ്ണയിൽ പോയി ഇരുന്നു. കത്തുപൊട്ടിക്കാൻ എന്തെങ്കിലും നീളമുള്ള വസ്തു കിട്ടുമോ എന്ന് ചുറ്റും നോക്കുന്നതിനിടയിൽ കരുൺ ചുവരിലിരിക്കുന്ന കൃഷ്ണ വിഗ്രഹം കണ്ടു. അവൻ ചാടി എഴുന്നേറ്റു വിഗ്രഹം നോക്കി തരിച്ചു നിന്നു.

‘ആ വയോധികൻറെ അതേ കണ്ണുകൾ…!’

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. അശോക് ലൈലാൻഡ്, ഡെകത്തലോൺ എന്നിവടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ മുനിസിപ്പാലിറ്റിയിൽ ജോലി. സമൂഹമാധ്യമങ്ങളിൽ എഴുതുന്നു.