മാഗ്നറ്റിസം

മൂന്നാം ദിവസത്തെയും അന്തിക്കൂട്ടനായി ആശുപത്രിയിൽ എത്തിയ കരീം നാട്ടിൽ നടക്കുന്ന വിഷമയമായ ഗൂഢാലോചനയെപ്പറ്റിയും ലഹരിയടിച്ചു കിറുങ്ങി നടക്കുന്ന ചെക്കന്മാർ അപ്പനെ നോക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞതിനെപ്പറ്റിയും തമ്പാനെ അറിയിക്കാതിരിക്കാൻ ശ്രദ്ധകൊടുത്തുകൊണ്ട് ഉറക്കമെത്തും വരെയുള്ള സംഭാഷണത്തിനായി വിഷചികിത്സ വലിച്ചിട്ടു .

“തമ്പാനേ പണ്ടൊക്കെ രവി ഡോക്ടറടെ ഹോമിയോല് ഒരു ചീത്സയുണ്ട്…. “

“എന്തിന്?”

“വിഷം തീണ്ടിയാൽ. ഈ … മരുന്ന് കുത്തിവെക്കുന്നേനെക്കാളൊക്കെ നല്ലത് അത് തന്നെയാ. കാന്തക്കല്ലോണ്ടൊള്ള ചീത്സേന്നാ കേട്ടിട്ടൊള്ളത്. വിഷമുണ്ടേൽ കാന്തക്കല്ല് ശരീരത്തിലൊട്ടും. മരുന്നും കഴിച്ച് കല്ലുകളെല്ലാം വിട്ടുപോരുന്നതുവരെ കാത്തിരിക്കണം. വിഷമിറങ്ങിയാ കല്ല് ഓരോന്നായി വിട്ടുപോരും… “

“കാന്തം തന്നെയാന്ന് ഒറപ്പൊണ്ടോ. കാന്തം കൊണ്ടുള്ള ചികിത്സ…. ഞാൻ കേട്ടിട്ടില്ല.”

“ആ…? അങ്ങനെയാ പറഞ്ഞു കേട്ടിട്ടൊള്ളത്. രവി ഡോക്ടർക്ക് വയസ്സായില്ലേ. ഓർമ്മക്കുറവുള്ളോണ്ട് ഇപ്പം ചീത്സയില്ല.”

“ചെലതെല്ലാം ഓർക്കാതിരുന്നാ…. ജീവിക്കാൻ അതാ നല്ലത്. മറവിയും ഒരനുഗ്രഹമാ.”

തലച്ചോറിലെ കാന്തികടേപ്പിൽ പറ്റിച്ചേർന്നതൊക്കെ എങ്ങനെ പോകും? എത്ര ദൂരത്തേക്ക് വലിച്ചെറിയാൻ നോക്കിയാലും നെഞ്ചിലെ ജനറേറ്റർ നിലയ്ക്കുംവരെ ചിന്തയിൽ വട്ടം കറങ്ങി ചിലതെല്ലാം ഉണ്ടാവുമല്ലോ. അടുത്തകാലത്തായി ചിന്തയിലും കീശയിലും കനമില്ലാത്ത ഭൂഖണ്ഡത്തിലേക്ക് കാന്തസൂചികളറിയാത്ത പുതുമാർഗ്ഗം കണ്ടുപിടിച്ച മക്കളിലേക്ക് തന്നെ ആ രാത്രിയിലും പിതൃസഹജമായ ആകുലതകൾ ചെന്നുനിന്നു. കരീമിന്റെ ഓർമ്മകളും ഒപ്പം ചേർന്നപ്പോൾ അത് രണ്ടുപേർ ചേർന്നുള്ള ഒരു ജീവിതപ്പുസ്തക വായനയായി .

നേരവും കാലവും ദിശയും നിർണയമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു നരച്ച ഇയ്യാംപാറ്റ ഇരുട്ടിന്റെ വിരിപ്പിലൂടെ പറക്കുന്നപോലെയാണ് തമ്പാൻ പുണ്യാളന്റെ കാണിക്കവഞ്ചിയ്ക്കു ചുറ്റും വിഹരിച്ചിരുന്നത്. ആ ചില്ലറ കിലുങ്ങുന്ന നടത്തക്കാരൻ നരച്ചു മുഷിഞ്ഞ കാക്കി വസ്ത്രത്തിനുള്ളിലായ കാരണം ഒറ്റനോട്ടത്തിൽ പിച്ചക്കാരനിൽ നിന്നു വലിയ വ്യത്യാസമൊന്നും തോന്നില്ല.

യൂണിഫോമൊക്കെയിട്ട് ഒരു ജോലി തമ്പാന് ആദ്യമാണ്, വർഷങ്ങളായി അതിൽ തുടരുന്നതിൽ അഭിമാനവുമുണ്ട്. അവസരം ഒക്കുമ്പോഴൊക്കെ, പെട്ടിവണ്ടിയിൽ ചായക്കച്ചവടം നടത്തുന്ന ചങ്ങാതി കരീമിനോട് കൂടാതെ പലരോടും തന്റെ സാഹസികമായ ഔദ്യോഗികജീവിത ലബ്ധിയെപ്പറ്റി വർണിച്ചുകൊണ്ടേയിരിക്കും.

“പുണ്യാളന് ഒരുപകാരമായിക്കോട്ടെന്ന് വെച്ച് താഴെക്കിടന്ന ചില്ലറയൊക്കെ പെറുക്കിക്കൂട്ടി ഈ കാണിക്കവഞ്ചിയ്ല് ഇടുന്ന നേരത്താണ് ഇടവക സന്ദർശനോം കഴിഞ്ഞ് വന്ന പള്ളീലച്ചൻ ആ ഉപകാരം കണ്ടത്. എന്നെ നേരത്തെ പരിചയമുള്ളതായിരുന്നോണ്ട്, നേരെ ചൊവ്വേ പണിക്കു പോവാൻ മടിയുള്ള ആളാണെന്ന് അറിയാവുന്നോണ്ട് പിറ്റോസം പള്ളിമേടേലേക്ക് ചെല്ലാൻ ഒരറിയിപ്പ് വന്നു.”

അതേ ചായക്കട. ഒരേ കേൾവിക്കാർ. വിലപ്പെട്ട ജോലിക്കിടയിലും ദിവസം രണ്ടിൽ കുറയാത്ത തമ്പാന്റെ ചായനേരങ്ങൾ. ഒരു വിളിപ്പാട് ദൂരം കൂടി ഇല്ലാത്ത പെട്ടിക്കടയ്ക്കുള്ളിൽ നിന്നുകൊണ്ട് ചായവീശിയടിക്കുന്ന കരീം പിന്നെയും ഓർമ്മപ്പെടുത്തും.

“പറഞ്ഞതു തന്നെ പറഞ്ഞ് ആളെ മുഷിപ്പിക്കല്ലേ തമ്പാനേ …”

തമ്പാന്റെ വീമ്പുപറച്ചിലും കരീമിന്റെ ഉപദേശവും എണ്ണത്തിൽ ഏതാണ്ട് ഒപ്പത്തിനൊപ്പം പോകും. വീശിയാറ്റുന്നതിന്റെ എണ്ണം കൂടുന്തോറും ലഹരി കൂടുന്ന കരീമിന്റെ ചായപോലെ വർണിക്കുന്തോറും ഏതു ജീവിതവും കേൾവിക്കാരിലേക്ക് ആകർഷിക്കപ്പെടുമെന്ന് തമ്പാന്റെ വിശ്വാസം. ചില്ലറ പെറുക്കുന്ന ഈ ജോലിയുടെ കാര്യം കേൾക്കുന്ന ഒരാൾക്കും, അത്ര മെച്ചമായിട്ട് തോന്നാറില്ലെങ്കിലും അയാൾക്കത് വലിയ പണിയാണ്. ദൈവത്തിനും ഭക്തനും ഇടയിൽ പുണ്യാളൻ നിൽക്കുന്നുണ്ടെങ്കിലും പുണ്യാളനും ഭക്തനും ഇടയിലുള്ള മധ്യസ്ഥൻ താനെന്നാണ് അയാളുടെ ഒരിത്.

ആദ്യകാലത്തെല്ലാം ചില്ലറ കൈകൊണ്ടുതന്നെ പെറുക്കിക്കൂട്ടി കാണിക്കവഞ്ചിയിൽ കൊണ്ടിടണമായിരുന്നു. കുറേനാൾ കഴിഞ്ഞാണ് അയാൾക്കുവേണ്ടി കാന്തവും നാണയത്തിലെ ലോഹവും തമ്മിലുള്ള അവിഹിതബന്ധം ചൂഷണം ചെയ്യാനുള്ള ആശയം ഞായറാഴ്ച കുർബാനയ്ക്ക് മാത്രം പള്ളിയിൽ വരികയും ദിവസം പത്തുവട്ടം ബൈക്കുരുട്ടി പുണ്യാളനു മുന്നിലൂടെ പായുകയും ചെയ്തിരുന്ന യുവജനപ്രസ്ഥാനത്തിന്റെ സാരഥി ബിന്റോ തലവേലിയുടെ തലയിലുദിച്ചത്. പ്രസ്തുത ആശയം മറ്റു പല തീർത്ഥാടന കേന്ദ്രങ്ങളിലും നടപ്പിലാക്കപ്പെട്ടപ്പോൾ അതൊരു വലിയ കണ്ടുപിടിത്തമല്ലാതായി. എങ്കിലും ആവഴി പോകുമ്പോഴെല്ലാം ബിന്റോ കാന്തവടിയെ മിഴിത്തോട്ടികൊണ്ട് വലിച്ചടുപ്പിച്ച് സ്വന്തം കഴിവിനുമേൽ ഓരോ അംഗീകാരമുദ്ര ചാർത്തും. ബ്രേക്കിടാനൊത്താൽ തമ്പാനോട് ഒരു ചിരിയും, കാർന്നോര് നടുനീർത്തി ഇന്നും പണിയെടുക്കുന്നതിന്റെ ഉപകാരസ്മരണവേണം എന്നോർമ്മിപ്പിക്കാൻ.

ആ വഴി അവിചാരിതമായി വരുന്നവർക്ക് മാത്രം അയാളൊരു അന്ധനെപ്പോലെ. ദിനേന അന്ധന്റെ വഴിമുറിച്ചുകടക്കൽ ഓർമ്മപ്പെടുത്തി തമ്പാന്റെ എണ്ണമില്ലാത്ത നടത്തം രാത്രിയേറുവോളം തുടരും. നാണയത്തിന്റെ തിളക്കം എത്തിപ്പിടിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. അതെങ്ങനെയാണ് ഇരുണ്ട ചില്ലുള്ള കണ്ണടയ്ക്കുള്ളിലേക്ക് എത്തുന്നതെന്ന അത്ഭുതവും തോന്നും.

കാന്തം വലിച്ചടുപ്പിക്കുന്ന, ലോഹം കൊണ്ട് നിർമ്മിച്ച പണം ഏതൊക്കെയോ അതെല്ലാം ഭൂമിയിലെ വിശ്വാസമണ്ഡലത്തിന് സമാന്തരമായി ഒഴുകിവന്ന് ആ വട്ടക്കാന്തത്തെ എത്തിപ്പിടിച്ചു. പുണ്യാളനുമായി ഒരു ഒട്ടുണ്ടായിരിക്കുന്നത് നല്ലതാണ്. പലരും കരുതും. പള്ളിയുടെ മുന്നിലുള്ള കൊടുംവളവിലിരിക്കുന്ന കാണിക്ക വഞ്ചിയിൽ ഗീവർഗീസ് പുണ്യാളനു കാശിട്ടില്ലെങ്കിൽ ദൈവകോപമുണ്ടായാലോ. വണ്ടിയിൽ പോകുമ്പോൾ പ്രാണനിൽ പേടിയുള്ള സകലരും ഗീവർഗീസ് പുണ്യാളന് ചില്ലറ എറിയും. എങ്ങാനും വഴിയിലൊരു തട്ടുകിട്ടിയാലോ? ആ വഴി കടന്നുപോകുന്നവരുടെ പേടി. അല്ലാണ്ട് പുണ്യാളനോടുള്ള സ്നേഹം കൊണ്ടല്ല. സ്നേഹമുള്ളവരൊക്കെ പള്ളിയകത്ത് ചെന്ന് പ്രാർത്ഥനയോടെ ഉപഹാരം കൊടുക്കാറാണ് പതിവ്. അതാണ് വേണ്ടതും.

ഒരു വൃത്തത്തിന്റെ നാലിലൊന്ന് ഭാഗം വരുന്ന വളവിങ്കൽ കാത്തുനിൽക്കുന്ന ഗീവർഗീസ് പുണ്യാളനെ സ്ഥലത്തെ ഏറ്റവും വലിയ പിരിവുകാരനാക്കിയത് തലമുറകൾക്ക് മുമ്പുള്ള ആരൊക്കെയോ ചേർന്നാണ്. അതിന്‍റെ ഉല്പത്തിയുടെ കഥ എന്തായിരുന്നാലും പേടിയുള്ള സകല മനുഷ്യരുടെയും കീശയിലെ കാശ് ഒട്ടിച്ചെടുക്കാനുള്ള കാന്തവടിയുമായി പുണ്യാളനുവേണ്ടി തമ്പാൻ നടക്കും. ചില്ലറക്കിലുക്കം കേട്ടാൽ കീശയിൽ ചില്ലറയിട്ട് ആരോ ഓടുന്നുവെന്നേ തോന്നൂ. കാണിക്കവഞ്ചിയിലേക്ക് വലിച്ചെറിയുന്ന ശീലവും കുറഞ്ഞു വരുന്നു. പുണ്യാളൻ ‘വേണേലെടുത്തോ’ എന്നു പറയാതെ പറഞ്ഞ് റോഡിൽ ഇട്ടിട്ട് പോകലാണ് പലരുടെയും പണി. വണ്ടികൾ പാഞ്ഞു തിരക്ക് കൂട്ടാത്ത നേരത്ത് തമ്പാൻ കാന്തവടിയുമായി കനത്ത ഗ്രാഫൈറ്റ് പാറകൊണ്ട്‌ വരച്ച പോലത്തെ ആ വൃത്താംശത്തിലൂടെ പലകുറി നടക്കും. കാന്തസൂചി ദിശതെറ്റിക്കാൻ മത്സരം കൊള്ളുന്നയിടമാണെങ്കിലും ആ പരിസരത്ത് മനസ്സിനൊത്ത് കാന്തികമണ്ഡലം നിയന്ത്രണത്തിൽ വയ്ക്കാൻ അയാൾക്കൊരു വാശിയുണ്ട്.

രാത്രി കടപൂട്ടി പോകുന്നനേരം കരീം ഓർമ്മപ്പെടുത്തും.

“ആ കാന്തവടി ഒരു ഭാഗത്ത് വെച്ചിട്ട് കുടിയിലേക്ക് പോകാൻ നോക്കിക്കോ. പുണ്യാളന്റെ കാശൊന്നും ആരും കൊണ്ടുപോകേല്ല. കാലത്ത് നേരത്തേ വന്നാലും പെറുക്കിക്കൂട്ടാം.”

“നീ പറയുന്ന പോലെയല്ല കരീമേ. ഒള്ള വണ്ടി മുഴുവൻ കേറിയിറങ്ങിയ കാശാണോ പുണ്യാളന് കൊടുക്കേണ്ടത്? അതിന്റെ മൂല്യം പോകും.”

എന്തിനോടെങ്കിലും ഒട്ടാതെ നിലനിൽക്കാൻ ഭയമുള്ള ജീവി മനുഷ്യൻ മാത്രമാണെന്നും കൂടുതൽ ഭയമുള്ളവരാണ് മലക്കുകളെയും പുണ്യാളന്മാരെയും ഈ വിശ്വാസസന്ധിയിലേക്ക് വലിച്ചിടുന്നതെന്നുമൊക്കെ വ്രണപ്പെടുത്താതെ പകൽ പറഞ്ഞു ചിരിക്കുന്നവരാണ്. എന്നാലും ഇരുട്ടിയാൽ എല്ലാ ശക്തികളെക്കുറിച്ചും ബഹുമാനം വിടാതെയേ സംസാരിക്കൂ, മനുഷ്യരല്ലേ….

പള്ളിയുടെ വടക്ക് മൂന്നാമത്തെ കുന്നിൻ ചെരിവിൽ റബ്ബർ തോട്ടങ്ങളാണ്. പിളർന്ന റബ്ബർ കാട്ടിലൂടെ തമ്പാന്റെ വീട്ടിലേക്കുള്ള നടപ്പുവഴിയുടെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടിയ ചാലാണ്. വടക്കോട്ട് വടക്കോട്ട് എന്നുംപറഞ്ഞ് ഭൂമിയുടെ കാന്തസൂചി തമ്പാന്റെ മനസ്സിനെ പിടിച്ചുവലിച്ചു കുന്നുകേറ്റും.

തോട്ടം കുഞ്ഞുവറീത് മുതലാളിയുടെ വക. സജാതിയ ധ്രുവങ്ങളായ ഇളയ ഇരട്ടമക്കൾക്ക് വീതംവെച്ചുകൊടുത്ത ഉടനെ അവരുടെ അപ്പൻ തന്നെ നടുവിലൂടെ ഒരു നടച്ചാല് കീറിച്ചതാണ്. ഒരകലം വച്ചില്ലെങ്കിൽ കാന്തംകണക്ക് ഒട്ടിനിൽക്കുന്ന രക്തബന്ധം ഭൂമിയുടെ തന്നെ രണ്ട് ധ്രുവങ്ങളിലേക്ക് തെന്നിമാറുമെന്ന് അങ്ങേര് അനുഭവത്തിൽ നിന്ന് പഠിച്ചെടുത്തതുകൊണ്ട് ആ ഭൂമി പിളർന്നു. മക്കൾക്ക് അങ്ങനെ ഒരു അനുഭവാവർത്തനം വരാതിരിക്കാനുള്ള മുൻകരുതൽ. മറ്റേതോ വഴിയിൽക്കൂടി വളഞ്ഞുതിരിഞ്ഞ് വീട്ടിലേക്ക് പോയിരുന്ന തമ്പാനു പുതിയ ചാല് യാത്രാമാർഗ്ഗവുമായി.

പെൻസിൽ വണ്ണമുള്ള റബ്ബറിന്റെ ഒട്ടുതൈകൾ നടുന്ന കൂട്ടത്തിൽ കുഞ്ഞുവറീത് പറമ്പായ പറമ്പൊക്കെ പൈനാപ്പിൾ കൃഷിയും തുടങ്ങി. റബ്ബർ വളർന്നുവരുന്ന മുറയ്ക്ക് പൈനാപ്പിൾ കൃഷി ഒഴിവാക്കാനുള്ള ദീർഘവീക്ഷണം. ഓരോ സീസണിലും വിളവെടുപ്പ് അടുത്തു തുടങ്ങുമ്പോൾ തോട്ടങ്ങളിൽ അധികമായി വരുന്ന പൈനാപ്പിൾ ഗന്ധം ചാലിലൂടെ താഴോട്ടൊഴുകി ആ വഴി നടന്നു പോകുന്നവരുടെ സ്വാദ് മുകുളങ്ങളെ ത്രസിപ്പിക്കുവാൻ കാറ്റിൽ പരന്നാടും.

പിന്നീട് കുന്നിന്റെ മുകളിലുള്ള വീട്ടിൽ നിന്ന് താഴെ ടാർവഴിയിലേക്കുള്ള നടച്ചാല്, സന്ധ്യ മയങ്ങിയാൽ മൂർഖൻ വായ തുറക്കുമ്പോഴത്തെ കപ്പ പുഴുങ്ങിയ മണം ഓരോ മാളത്തീന്നും ഉറവകിനിഞ്ഞ് ഒഴുകിപ്പോകുന്ന നീണ്ട പുഴയുമായി. അല്ലാത്ത നേരത്തെല്ലാം റബ്ബർപാൽ പുളിച്ച മണം വശങ്ങളിലെ തോട്ടങ്ങൾ ചാലിലേക്ക് തികട്ടിവിടും. റബ്ബർ ഇലപൊഴിക്കുന്ന ‘പാൽചുരത്ത്’ ഇല്ലാത്ത മാസത്തിൽ ചാലിൽക്കൂടി പാലപ്പൂഗന്ധത്തിന്റെ വേലിയേറ്റമുണ്ട്, സന്ധ്യമുതൽ പാതിരാ വരെ. ഗന്ധങ്ങൾ മത്സരിച്ച് ഓളമിട്ട് ഇരുവശത്തെയും കരിങ്കൽഭിത്തിയെ തിക്കും.

തോട്ടം കുഞ്ഞുവറീത് മക്കൾക്ക് പതിച്ചു കൊടുത്തെങ്കിലും കായംകുളത്ത് പോയി കച്ചവടം ചെയ്യുന്നവനും റബ്ക്കോയില് മാനേജരായി ഉദ്യോഗം നോക്കുന്നവനും തോട്ടത്തിന്റെ കാര്യങ്ങളിൽ താല്പര്യമില്ലാത്തതുകൊണ്ട് വെട്ടുപ്രായമെത്തിയ നിൽക്കുന്ന റബ്ബർ മരങ്ങളെ അപ്പൻ തന്നെ പൈലിയുടെ കൈപിടിച്ച് ഏൽപ്പിച്ചത് ഇരട്ട നാവുള്ള അയാളുടെ കത്തിയെ വിശ്വസിച്ചാണ്. പാതിരാക്ക് മുന്നേ മൂർച്ചയിൽ തിളങ്ങിയിരിക്കുന്ന കത്തിയാണെങ്കിലും ഇരിട്ടുവിടാത്ത പുലരിയിലും തോലിനെയല്ലാതെ തടിയെ നോവിക്കില്ല. ഒരു വെട്ടുകാലം കഴിഞ്ഞാലും ഏറ്റവും കുറഞ്ഞ വീതിയിൽ മാത്രമേ തോലുരച്ചെടുക്കൂ. പാവാട ഇടീച്ചു കൊടുത്താൽ മഴക്കാലത്തും പറ്റുന്ന ദിനങ്ങളിലെല്ലാം വെട്ടും. മറ്റു വെട്ടുകാരെപ്പോലെയല്ല. ചെയ്യുന്നതെല്ലാം വളരെ കൃത്യമായിരിക്കും.

സായന്തനങ്ങളിൽ തമ്പാനെ മേലോട്ട് പിടിച്ചു വലിച്ചിരുന്ന കാന്തം മറ്റൊന്നായിരുന്നു. മുറ്റത്തിന്റെ അതിരത്ത് ആലീസ് നട്ടു വെള്ളമൊഴിച്ച് വളർത്തിയ മുല്ലമൊട്ടുകൾ അരിപ്പല്ലുകൾ കാട്ടി വിളിക്കുമ്പോൾ ഇരുട്ടു കനംപിടിക്കും മുമ്പ് വീടു പിടിക്കാൻ തോന്നും. നിലത്തെ വിരിപ്പായമേൽ ഒട്ടിപ്പിടിച്ചു കാന്തം കണക്ക് പുലരുവോളം കിടന്നിട്ടും ആലീസ് പെറാൻ നാലുകൊല്ലമെടുത്ത തമാശ കുന്നിന്റെ അങ്ങേചെരുവിലുള്ള തോട്ടത്തിൽ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ പറഞ്ഞ പൈലിയുടെ മുഖത്ത് തമ്പാൻ പിന്നെ നോക്കിയിട്ടില്ല.

ആലീസിനോ തനിക്കോ പ്രശ്നമെന്നാലോചിച്ച് കുറെ നാളുകൾ പോക്കിയെങ്കിലും ആ ക്ഷയമണ്ഡലം വെളിവാകപ്പെടേണ്ടെന്ന് കരുതി ഒരു ഡോക്ടറേയും കാണാൻ പോയില്ല. ഒരു പക്ഷെ ആലീസിന് വയറ്റിലുണ്ടാവുന്നതിനു മുമ്പാണ് അത് കേട്ടതെങ്കിൽ അങ്ങനെയൊരു അപമാനം അയാൾ കുടിച്ചിറക്കില്ലായിരുന്നു.

പൈനാപ്പിളിന്റെ അലസിപ്പിക്കുന്ന ഗന്ധം എന്നേക്കുമായി അവസാനിച്ച ചാലിലൂടെ വയറും വെച്ച് നടക്കുമ്പോൾ വശത്തെ തോട്ടങ്ങളോട് ആർത്തിപ്പെട്ട് ആലീസ് പറയും,

“ആ പൈലീടെ കൂടെക്കൂടി റബ്ബർ വെട്ടാൻ പഠിച്ചാൽ വേറെ പണിക്കൊന്നും പോകണ്ടല്ലോ…. നിങ്ങക്കും ഒരു തോട്ടമെടുക്കാം”

പൈലി പറഞ്ഞ കാന്തികസിദ്ധാന്തം ആലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഒന്നുകിൽ അവൾ തന്നെ ഒരു കഴിവ് കെട്ടവനായി കാണും അല്ലെങ്കിൽ സ്വയം വേദനിക്കും. രണ്ടും വേണ്ടെന്നു കരുതി അതങ്ങ് മൂടിവെച്ചു. എത്ര മുടിവെച്ചാലും കാന്തക്കട്ടപോലെ ഉറച്ച പൈലിയുടെ പരിസരത്ത് എത്തുന്ന നേരം തമ്പാന്റെ മനസ്സിൽ അപകർഷതയുടെ കാന്തപ്പൊടികൾ ചലിച്ചുതുടങ്ങും. അയാളുടെ പരിസരം വിട്ടു പോകുംവരെ അതങ്ങനെ ദെണ്ണപ്പെടുത്തിക്കൊണ്ടിരിക്കും.

കാത്തിരിപ്പിനൊടുവിലെ പേറും കുഞ്ഞിന്റെ മാമോദീസയും ഒന്നാംപിറന്നാളും കഴിഞ്ഞ പതിവില്ലാത്ത നേരത്താണ് തമ്പാന്റെ ജീവിതം വെറുങ്ങലിച്ചു പോയ ആ സംഭവം.

വലിച്ചു നീട്ടാവുന്ന പുളിമണത്തിന്റെ വേലിയേറ്റം നടച്ചാലിനെ മുക്കിക്കളഞ്ഞ പണ്ടത്തെ ഒരു ഹർത്താൽ ദിനത്തിന്റെ ഉച്ചനേരം. ആലീസെന്ന സ്ഥിരകാന്തത്തിന്റെ ബലരേഖകൾ തോട്ടത്തിന്റെ ഉച്ചിയിലുള്ള വീട്ടിലേക്ക് തമ്പാനെ വലിച്ചെടുത്തതാണ്.

കുന്നുകയറി ചെന്നപ്പോഴാകട്ടെ കാലത്ത് താൻ ചുരുട്ടിവെച്ച തഴപ്പായ തലേന്നും പൈലിയുടെ വിയർപ്പിന്റെ മണ്ഡലത്തിലായിരുന്നതിന്റെ ആറാംപ്രമാണം തമ്പാന്റെ നെഞ്ചത്ത് ഓലനിവർത്തി. എന്നാലും സത്യക്രിസ്ത്യാനിയായ ആലീസിന് വ്യഭിചരിക്കാൻ ധൈര്യം വന്നതോർത്ത് അയാളെ ഒരു വിറയൽ ബാധിച്ചു. അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന ഒൻപതാം പ്രമാണം ഓർക്കാഞ്ഞ പൈലിയെക്കൂടി അവൾക്കൊപ്പം തഴപ്പായക്കുള്ളിൽ, കെട്ടുപോയ കാന്തങ്ങളെപ്പോലെ ചുരുട്ടാനാണെങ്കിൽ പുറത്തു കാവലിരിക്കുന്ന സർപ്പനാവുള്ള കത്തി ധാരാളം. കൊല്ലരുതെന്ന അഞ്ചാം പ്രമാണം ഓർമ്മവന്ന നേരം മാനുഷികമായ പ്രതിഷേധം മുറ്റത്തിരുന്ന പൈലിയുടെ നിറഞ്ഞ റബ്ബർപാൽ പാത്രത്തിനോട് തീർത്തു . കൊല്ലാൻ പാടില്ലെന്ന് പരിശുദ്ധിനടിച്ചു വേദമോതിക്കൊണ്ട്, ഗമനമാർഗം പരതി, ആ പാൽപ്പുഴ മുറ്റത്ത് പരന്നൊഴുകി. കാമകേളി വഴിക്കു നിറുത്തി നിവർത്തിയിട്ട തഴപ്പായയൊഴിഞ്ഞ പൈലിയുടെ പിന്നാലെ ആലീസും ഉമ്മറത്തേക്കെത്തുമ്പോൾ തമ്പാൻ കുത്തനെ ഇറക്കമുള്ള ചാലിന്റെ പാതിവഴിയോളം പിന്നിട്ടിരുന്നു .

അഗ്നിപർവ്വമായിരുന്നു തമ്പാന് ആ ദിവസം. ആലീസ് കുത്തിയിരുന്നു പഴന്തുണി കൊണ്ട് തുടച്ചിട്ടും മണ്ണിട്ടു മൂടിയിട്ടും മുറ്റത്താകെ പരന്ന കറ ഓരോ വെയിലിലും ലാവപോലെ ഉരുകിയൊലിച്ചു.

എല്ലാം ഭർത്താവിനു മുന്നിൽ വെളിവാക്കപ്പെട്ടു കഴിഞ്ഞനിലയ്ക്ക് ന്യായീകരണങ്ങൾക്ക്‌ പ്രസക്തിയില്ലെന്നുറപ്പിച്ചുള്ള ആലീസിന്റെ ഇരുത്തം. വശങ്ങളിലെ റബ്ബർ തോട്ടങ്ങളിലേക്ക് കണ്ണോടിക്കാൻ ഭയപ്പെട്ടുള്ള ദിവസങ്ങൾ. അതിരുവിട്ട സ്വപ്നങ്ങളെ പാലൂട്ടി വളർത്തുന്ന റബ്ബർ കാടിന്റെ നടുവിൽ ഭൂമി പിളർന്നു കിടക്കുന്ന ചാലിന്റെ ആഴങ്ങളിലേക്ക് വീണു പോകുന്ന കണ്ണുകളെ കൂട്ടുപിടിച്ച ചിന്തകൾ തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ് നിലവിളിച്ചു വേണം തിരികെ കൊണ്ടുവരാൻ. നടച്ചാലിലൂടെ താഴത്തേക്ക് ഒഴുകുന്ന തമ്പാൻ പല ദിവസങ്ങളിലും മടങ്ങിവന്നില്ല. വന്ന ദിവസങ്ങളിലൊന്നും ആലീസിന്റെ മുഖത്തേക്ക് മാത്രമല്ല പൈലിയുടെ മുഖത്തിന്റെ ഛായ തെളിഞ്ഞാലോ എന്ന് ഭയന്ന് കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞിനെയും നോക്കിയില്ല .

അന്നത്തെ ദിവസത്തിനുശേഷം തമ്പാനോ പൈലിയോ ആലീസിനെ തൊട്ടില്ല. വിജാതീയ ദ്രുവമാണെങ്കിലും ഇനി ചേർന്നിരിക്കാൻ പാടില്ലെന്ന് തമ്പാന് നിർബന്ധമുണ്ട്. അവളെ തള്ളിപുറത്താക്കാൻ നിരത്തേണ്ടിവരുന്ന കാരണങ്ങൾ സ്വന്തം മുഖത്ത് കരിതേയ്ക്കലിനപ്പുറം ഒന്നുമല്ലെന്ന് അയാൾ കൂട്ടിക്കിഴിച്ചു. ഒരേ കൂരയ്ക്കു കീഴിൽ മുഖം നോക്കാതെ ജീവിക്കാൻ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഇരുവരും പഠിച്ചു. തമ്പാനുണ്ടെങ്കിൽ ആലീസ് നേരാനേരം ഭക്ഷണപാനീയങ്ങൾ വിളമ്പും. കഴിപ്പുനേരത്ത് പാത്രങ്ങൾ അനങ്ങുന്ന കേട്ടാൽ ‘കഴിച്ചോ’ ന്നു പറയാനിടകൊടുക്കാതെ നിലത്തെ പതിവിടത്ത് അയാൾ പടിഞ്ഞിരിക്കും. തോന്നിയാൽ പണിക്കു പോകും. വേണ്ടതെന്ന് തോന്നുന്ന സാധനങ്ങൾ മുമ്പത്തെ ഒരു ഊഹംവെച്ച് വാങ്ങും.

പുലർച്ചെ റബ്ബർ പാലിന് വഴിയൊരുക്കുന്ന പൈലി വീടിനോട് ചേർന്നുള്ള ഭാഗത്തുള്ള മരങ്ങൾക്ക് ചില്ല് കൊട്ടുമ്പോൾ അത് മരംകൊത്തി ഉണക്കമരം കൊത്തുന്നതിനെക്കാൾ പതിഞ്ഞ ശബ്ദമാക്കാൻ ശ്രമിച്ചു, ആലീസിനെ തന്റെ വരവറിയിക്കരുത്. അന്നത്തെ ദിവസത്തിന്റെ ബാക്കി എന്താണെന്ന് അയാൾക്ക് അറിയേണ്ട ആവശ്യവുമില്ല.

ആലീസിന്റെ മുല്ലയൊന്നും നാളുകളായി പൂക്കാറില്ല. നട്ടുതേവിയോളുടെ കൺവെട്ടത്ത് വെള്ളം കാണാതെകൊണ്ട് അവ മുറ്റത്തിന്റെ അതിർത്തികാത്ത് വാടി നിന്നു. അങ്ങനെ നീളുന്ന ജീവിതത്തിനിടെ ഒരു ദിവസം കണ്ണ് ആലീസിന്റെ വയറ്റിൽ അറിയാതെ ഉടക്കിയപ്പോഴാണ് അത് വല്ലാണ്ട് വീർത്തകഥ തമ്പാന്റെ ബോധമണ്ഡലം വായിച്ചെടുത്തത്. പിന്നെയും വയറ്റിലുള്ള കാര്യം അവൾ പേടിച്ചിട്ട് പറയാഞ്ഞതാണ്. പുളിവെള്ളം ഛർദിച്ചു വാടുന്നതൊന്നും തമ്പാനെ അറിയിക്കാഞ്ഞ ആലീസ് ഒടുവിൽ അയാൾക്കു മുന്നിൽ വാടിവീണു. മൗനംകൊണ്ട് പ്രതിരോധിക്കേണ്ട കാലമൊക്കെ കടന്നുപോയെന്ന് അയാളറിഞ്ഞത് അപ്പോൾ.

ഡോക്ടർ പറഞ്ഞു

വിളർച്ചയുണ്ട്. രക്തസമ്മർദ്ദം വളരെ താഴെ.

ഇരുമ്പിന്റെ അംശമൊന്നും ആലീസിന്റെ ശരീരത്തിലില്ല. വറ്റിപ്പോയ ചോര തള്ളിവിടാനാവാത്ത വിധം ഹൃദയവും തളർന്നിരിക്കുന്നു. കാരിരുമ്പിന്റെ കട്ടിയുള്ള ചോരയില്ലെങ്കിലും എങ്ങനെയോ ജന്മനാ പഞ്ചസാര കൂടിയ പൈലിയിൽ ഒട്ടിപ്പോയതാണ്. തളർന്നുപോയ അവളുടെ ഹൃദയത്തെ പിന്നെയും തന്നോട് ഒട്ടിച്ചു ചേർക്കണമെന്ന് സർക്കാരാശുപത്രിയുടെ വരാന്തയിൽ നിൽക്കുമ്പോൾ തമ്പാൻ തീരുമാനിച്ചു. ഏകാന്തമായി കഴിഞ്ഞ നാളുകളിൽ ഉരുകി തീർന്നതിനേക്കാൾ കൂടുതൽ ശിക്ഷയൊക്കെ കൊടുക്കണോ

ഗൈനക്കോളജിസ്റ്റാകട്ടെ, മാസം ആറു തികയുവോളം വയറ്റിലുള്ള പെണ്ണിനെ സർക്കാരാശുപത്രിയിലേക്ക് പോലും കൂട്ടിക്കൊണ്ടുചെല്ലാഞ്ഞ തമ്പാനിലെ നിരുത്തരവാദിയെ ഓരോ തവണ ചെല്ലുമ്പോഴും കുറ്റപ്പെടുത്താതെ വിട്ടില്ല.

അമ്മയപ്പന്മാർ ജീവനോടെയില്ലാത്ത പെണ്ണല്ലേന്നും കരുതി മുമ്പത്തേതെല്ലാം മറന്ന് അയാൾ അവളെ മാസം തികയുവോളം വേണ്ടവണ്ണം പരിചരിച്ചു. അടുത്തിരുന്ന് നെറ്റിത്തടത്തോട്ട് വീണുകിടന്ന മുടി കോതിയൊതുക്കി ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ച് സ്വപ്നം പങ്കുവയ്ക്കലും നിറവയറോടു കാതുചേർത്ത് അകത്തുകിടക്കുന്ന വികൃതിയുടെ പെരുമാറ്റമറിയലും ആദ്യഗർഭത്തിന്റെ ആതുരപ്പെടുന്ന ഓർമ്മയായി. മറ്റൊരു ഛായയും ആദ്യത്തവനിൽ ആരോപിക്കരുതെന്ന് മനസ്സിനെ കർശനമായി ശാസിച്ചിട്ടുള്ളതുകൊണ്ട് ഓരോ കരച്ചിലിലും ചേർത്തുപിടിച്ച് ആശ്വസിപ്പിക്കലും എപ്പോഴെങ്കിലും ഓമനിക്കലും നടന്നു .

പേറോടെ ആലീസ് ജീവിതത്തോട് തോറ്റു. ഇനിയും തമ്പാനുമുന്നിൽ മിടിച്ചുനിൽക്കാനാവില്ലെന്ന് പെറ്റിട്ട മകന്റെ കരച്ചിൽ കാതിലേക്കെത്തും മുമ്പേ അവളുടെ അമ്മഹൃദയം അവസാനമായി പിടഞ്ഞു പറഞ്ഞു.

നീയൊരുത്തനാ….

ആലീസിന്റെ കുഴിമൂടാൻ നിന്ന പൈലിയോട് മൺവെട്ടി താഴുന്നതിന്റെയും മണൽ കുഴിയിലെ ശവപ്പെട്ടിക്കുമീതെ വീഴുന്നതിൻെറയും ഒച്ചക്കനത്തിനുള്ളിലൂടെ തമ്പാൻ ഭയങ്കരമായി വിതുമ്പി.

ഓർമ്മക്കനം ആരുടെയോ കഥപോലെ തലച്ചുമടായപ്പോൾ നടച്ചാല് തമ്പാനെ മേലോട്ട് വലിച്ചില്ല. ഇമ്മാതിരി കനമേറ്റി കുന്നുകയറാൻ വേറെവല്ല വഴിയും കണ്ടെത്തിക്കോളാൻ അതയാളോട് പറഞ്ഞു. ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കഥ. അത് തലയിലേറ്റുന്ന നേരത്ത് കാന്തികമണ്ഡലത്തിൽ പ്രകമ്പനം കൊള്ളുന്ന ഒരു ഡയഫ്രമെന്നോണം ചെന്നിഞരമ്പുകൾ ത്രസിക്കും. ആ കഥ ഉറക്കെ കേട്ടതുകൊണ്ടാവാം, ഓരോ കാലത്തും ഓരോ നേരത്തും ചാലിന്റെ ഗന്ധമറിഞ്ഞ് ഇരുദിശകളിലേക്കും അയാളുമൊഴുകുന്ന വഴി ഇന്നേതോ, ഗന്ധംകൊണ്ട് തിരിച്ചറിയില്ലാത്ത ഒരു ഇഴജന്തുവിനെ എതിരെവിട്ട് ആ ഒഴുക്ക് തടഞ്ഞു. എന്നിട്ടും കയറാനൊരു ശ്രമം.

ആ കുന്നുകേറാൻ ഒരു വലിയും തള്ളലും വേണ്ടാത്ത കാലങ്ങൾ ഊഴം വച്ച് അയാളിലേക്ക് എത്തുന്നു . ഇപ്പോഴാകട്ടെ കാന്തമാകാൻ ഒരു വൈദ്യുതമണ്ഡലം കൂടി വേണം തമ്പാന്റെ വീടിന്.

തള്ളചത്ത രണ്ടാൺമക്കളുള്ളത് കാന്തത്തിന്റെ ഉത്തരദക്ഷിണ ധ്രുവങ്ങൾ. ചോരക്ക് ചോരയാണെങ്കിൽ തമ്മിൽ ചേരാതെ അങ്ങനെ രണ്ടു ദ്രവങ്ങളായി നിൽക്കുമോ? സംശയം തമ്പാനുമുണ്ട്. വേറെ വല്ലേടത്തും പോയി കൂട്ടുണ്ടാക്കാൻ തങ്ങളെ പോലുള്ളവരെ അവർക്ക് പറ്റില്ലതാനും. അവരെന്നും ചേർത്തുപിടിക്കുന്നത് വിപരീത സ്വഭാവക്കാരെ. അങ്ങനെയുള്ള അവരുടെ കൂട്ടുകെട്ടുകളിൽ സൗഹൃദബലരേഖകൾ കെട്ടുപണിയാത്ത സൂത്രമായി കിടന്നത് തമ്പാനെന്നല്ല അയാളുടെ ചത്തുപോയ അപ്പനപ്പാപ്പമ്മാർക്ക് പോലും മനസ്സിലാവില്ല.

അപ്പാ കാശ്.

ഇവിടെന്നാ, കാശ് കായിക്കുന്ന മരവൊണ്ടോ?

അതൊക്കെ പണ്ട്. അവരിരുവരും അപ്പനായി കാണുന്ന ആ സ്ഥിരകാന്തത്തിന് ചില്ലറ കായ്ക്കുന്ന പോക്കറ്റേ ഉണ്ടായിരുന്നുള്ളു. ചോദിക്കുമ്പോഴെല്ലാം ഒരോപിടി ചില്ലറ വാരിക്കൊടുക്കുമെങ്കിലും അതിന്റെ കനം പരിഹാസത്തോടെ ഏറ്റെടുത്ത് കനമില്ലാത്ത കാശ് ഒരിക്കലെങ്കിലും അപ്പൻ തന്നിരുന്നെങ്കിലെന്നാശിച്ച് ഒരുത്തൻ തെക്കോട്ടും മറ്റവൻ വടക്കോട്ടും പോകും.

മക്കളുടെ പുതിയ ജീവിതസിദ്ധാന്തങ്ങൾ അറുപഴഞ്ചനായിപ്പോയ തന്റെ സിദ്ധാന്തങ്ങളെ വെട്ടിയെഴുതിയതോർക്കുന്തോറും കുന്നിന്റെ ഉത്തരധ്രുവത്താൽ വികർഷിക്കപ്പെട്ട തമ്പാൻ താഴോട്ടൊഴുകി. ആ ഒഴുക്ക് അവസാനിച്ചത് ഹർത്താലിൽ അടഞ്ഞു ക്ഷീണിച്ച പെട്ടിക്കടയ്ക്കു പിന്നിലാണ്. ബെഞ്ചിൽ മലർന്നു കിടന്ന കരീമിന്റെ കച്ചവടനഷ്ടം അണകെട്ടിയ മുഖത്തേക്ക് നോക്കി ഒഴുക്കുനിലച്ചു തുടങ്ങിയ തമ്പാൻ കിതച്ചു. നീലിച്ച കാൽ ബെഞ്ചിൽ ഉയർത്തിവെച്ച് കാട്ടിയ നിമിഷം കരീമിന്റെ മുഖത്ത് പേടിയുടെ മറ്റൊരണക്കെട്ടുയർന്നു.

ഹർത്താൽ അവസാനിച്ചതുമുതൽ നാണയങ്ങൾക്കുമേൽ നാണയങ്ങൾ പെയ്തിട്ടും കാന്തവടി അതു കൊയ്യാൻ പോയില്ല. പരസഹായമില്ലാതെ കൊയ്ത്തു നടത്താനാവാതെ കാണിക്കവഞ്ചിയുടെ വെളുമ്പത്തിരുന്ന അത് ഓരോ തിളക്കവും എത്തിപ്പിടിക്കാൻ ആഗ്രഹിച്ച് കിണഞ്ഞാകർഷിച്ചു. ഒന്നിലേക്കും ആകർഷണം എത്തിയില്ല .

പിറ്റേന്ന് മുതൽ കരീമിന്റെ ചായക്കെത്തിയവർ സംശയത്തിന്റെ ബലരേഖകൾ കെട്ടുപിണച്ചു.

“പുണ്യാളന്റെ മുന്നിൽ കള്ളത്തരം ചെയ്താൽ പാമ്പ് കൊത്തീല്ലേലാ അതിശയം.”

“പലരാ പറഞ്ഞത്, എവിടെ എന്തുവാങ്ങാൻ പോകുന്നതും ഇവിടെ വീഴുന്ന ചില്ലറേംകൊണ്ടാന്ന്.”

അവിടെപ്പറഞ്ഞ് ഇവിടെപ്പറഞ്ഞ് തമ്പാന്റെ അപരാധത്തിനൊരു തീർപ്പുണ്ടാക്കാൻ കുര്യാക്കോസച്ചന്റെ വസതിയിൽ ഒരാൾക്കൂട്ടം. നാടായ നാടിനെയൊക്കെ ഇഴജന്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന ഗീവർഗീസ് പുണ്യാളൻ തമ്പാനെ കാത്തില്ലെങ്കിൽ അതിലൊരു വിശ്വാസവഞ്ചനയുടെ മണ്ഡലം കടന്നുകൂടിയിട്ടുണ്ടെന്ന് ഉറപ്പ്. മരണനില പിന്നിട്ടിരിക്കുന്ന അയാൾ തിരികെ വന്നാലും ആ പണിയിൽ ഇനി എടുത്തുകൂടാ. ഒളിച്ചു വയ്ക്കാതെ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞു. പലരും വട്ടം കൂടിയിരുന്ന് തമ്പാനെതിരെ ഗൂഢാലോചന നടത്തുമ്പോൾ തന്റെ മണ്ഡലത്തിന് വെളിയിലുള്ള ഏതു വികാരവും വ്രണപ്പെടാതിരിക്കാൻ കരീമിനെ ചുറ്റിപ്പറ്റി നിന്നിരുന്ന മൗനം ഒടുവിൽ കുര്യാക്കോസച്ചനെ ചുറ്റിപ്പിടിച്ചു. വിശ്വാസത്തിന്റെ ബലരേഖകൾ കെട്ടുപിണയുന്നവേളകളിലാണ് മിനാരങ്ങളും കുരിശുകളും പ്രതിഷ്ഠകളും വരെ തകരുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അവസാനത്തെയാളെയും കേട്ട ശേഷം മൗനത്തിന്റെ കൂട് വിട്ട് പറക്കുന്ന പക്ഷികളെ പോലെ ചില വാക്കുകൾ ളോഹക്കാരന്റെ ചുറ്റും തീ പിടിക്കാൻ കാത്തിരിക്കുന്ന കാടായിനിന്ന ഇരു ചെവികളുള്ള ചില്ലകളിലേക്ക് പറന്നു.

“തമ്പാന് മാസപ്പടി കയ്യിൽ വച്ചു കൊടുക്കുന്നത് ഞാനാ. കാശു മുഴുവൻ ചില്ലറയായി വാങ്ങികൊണ്ടോവുമ്പോ ഞാനും ചിരിക്കും. എന്നാലേ പുണ്യാളൻ കൊടുക്കുന്ന കൂലിയാവൂന്ന്… നിങ്ങള് വിചാരിച്ചയാളല്ല തമ്പാൻ.”

ഓരോരുത്തരും പുകഞ്ഞു പലവഴിക്ക് പോയി. കരീമിന്റെ ചായകുടിക്കാനിരുന്ന വിശ്വാസികൾ ഉദിഷ്ടകാര്യം സാധിക്കാതെ പോയ മനോവിഷമത്തിൽ പുണ്യാളനെ നോക്കി നെടുവീർപ്പെട്ടു. പണിയൊന്നുമില്ലാത്ത ചില ഇരുത്തങ്ങൾ തമ്പാൻ തിരിച്ചെത്തുവോളം തുടർന്നു.

“കേട്ടോ കരീമേ… ഞാനൊരു കള്ളനാണെന്ന് സംശയിച്ചെന്നു കേട്ടപ്പോ ഇനി ഈ പണിവേണ്ടന്നു കരുതീതാ. “

“പിന്നെന്നാപറ്റി ഇങ്ങോട്ട് പോരാൻ? “

“പുണ്യാളൻ കാത്തില്ലാരുന്നേ ഈ ഞാൻ അവിടെവെച്ച് തീരണ്ടതല്ലാരുന്നോ… നമ്മൾ മനുഷ്യന്മാര് ചിലയിടത്തൊക്കെ ഇങ്ങനെ ഒട്ടിപ്പോകും. ”

നാട്ടുകാരിൽ ചിലരെപ്പോലെ ഇനിയും നെടുവീർപ്പ് അവസാനിപ്പിക്കാത്തവർ കരീമിന്റെ ബെഞ്ചിൽ നിന്ന് എണീറ്റ് അന്വേഷിക്കണം, ഇരിക്കാൻ വേറെ സ്ഥലം. അല്ലെങ്കിൽ കരീം നിങ്ങളെയും ആട്ടും. സത്യം തെളിഞ്ഞ സ്ഥിതിക്ക് ഒരു കൃത്രിമ വ്രണത്തെയും അയാളിനി ഭയപ്പെടില്ല. ഒട്ടീട്ട് കൊല്ലം പത്തുകഴിഞ്ഞ, ചങ്ങാത്തമണ്ഡലത്തിന്റെ സിദ്ധാന്തത്തെ തള്ളിപ്പറയാത്ത അറുപഴഞ്ചന്റെ ഒരു കാര്യം.

തൃശൂർ പെരുന്തുരുത്തിയിൽ താമസം. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ജനസാഗരത്തിലെ തുരുത്തുകൾ ( കഥകൾ), മുഖായനം (നോവൽ ) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.