പൂത്തുനിൽക്കുന്ന കാട്ടിൽ ഇടിമുഴങ്ങി, മഴ തുടങ്ങി

ഭാഗം ഒന്ന്

1

കണിയാപുരത്ത് പ്രോഗ്രസീവ് മുസ്‌ലിം മജിലിസിൻ്റെ ക്യാമ്പി പങ്കെടുത്ത് തിരിച്ചു വരുവാരുന്നു ഞാൻ. തമ്പാനൂര് സ്റ്റാൻഡി ചെന്നാ നെടുമങ്ങാട് ബസി ഇരുന്നു പൂവാൻ സീറ്റ് കിട്ടുവെന്നോർത്താ ആദ്യം കണ്ട ഫാസ്റ്റി ഓടിച്ചെന്ന് കേറിയത്. അത് സ്റ്റാൻഡി എത്തുന്നേന് മുമ്പേ മോഡൽ സ്‌കൂളിൻ്റ മുമ്പി നിർത്തി നാലഞ്ചുപേര് എറങ്ങി. ഞാനോക്കിയപ്പ അതിൻ്റെടേക്കൂട ഒരാള് പോക്കറ്റടിക്ക്ന്ന്. ബസിൻ്റെ ഏറ്റവും പെറേലെ നീണ്ട സീറ്റിലിരിക്കുവാരുന്ന് ഞാൻ. പേഴ്‌സ് പോയാള് സംഭവവൊന്നു അറിയാതെ നടന്നു പോയി. പോക്കറ്റടിച്ച കക്ഷിയാന്നേ നൈസായിട്ട് ബസിൻ്റെ ബേക്കിലോട്ട് മാറി റോഡ് ക്രോസ് ചെയ്യാനൊള്ള തക്കം നോക്കി.

നമ്മൾ സമൂഹത്തിൻ്റെ ചാലക ശക്തിയാകണം എന്ന് ഉസ്താത് പറഞ്ഞത് ഓർത്ത്, പോക്കറ്റടിക്കാരനെ കൈയ്യോടെ പിടിക്കാന് നിരീച്ച് ഞാൻ പെട്ടെന്ന് ചാടി എറങ്ങി. അപ്പോഴേക്കും ബെല്ലടിച്ച് ബസ് മുന്നോട്ടെടുത്തേൻ്റ പേരി കണ്ടക്ടർ എന്നെ പള്ളു വിളിച്ച്. ഒന്ന് തിരിഞ്ഞു അയാളെ ചെറഞ്ഞൊരു നോട്ടം നോക്കിയ നേരംകൊണ്ട് പോക്കറ്റടിക്കാരൻ റോഡ് മുറിച്ച് അപ്പറത്തെറങ്ങി. അതിൻ്റെടേ പേഴ്‌സ് പോയ ആള് കൂളിംഗ് ഗ്ലാസൊക്കെ എടുത്തുവച്ച് ഓട്ടോക്ക് കൈകാണിച്ച് നിർത്തി കേറിപ്പോയി.

ബിസ്മില്ലാഹി റഹുമാനി റഹീം ചൊല്ലികൊണ്ട് ഞാൻ പോക്കറ്റടിക്കാരൻ്റ പൊറകേ ചെന്ന്. അത് കണ്ട അങ്ങേര് കൂളായിട്ട് അവിടെ താറിതാറി നിന്നിട്ട്, അതുവഴി വന്ന ഓട്ടോയിലോട്ട് ബ്യാക്കീന്ന് കുങ്കിയാന ഉന്തുന്നപോലെ എന്നെ തള്ളിക്കേറ്റിക്കൊണ്ട് കൂടെ കേറി.

2

ഞാൻ കുടിക്കത്തില്ലന്ന് പറഞ്ഞതി പിന്നെ നിർന്ധിച്ചില്ല. ‘ബാറിലേത് എന്നു വച്ച് പറോട്ടയും ബീഫും ഹറാമൊന്നുമല്ലല്ലോ’ കുടിയും ചിരിയും കൂട്ടികുഴച്ച് അങ്ങേര് ഫുഡ് പറഞ്ഞു.

‘പിടിച്ചുപറിക്കാരനോ പോക്കറ്റടിക്കാരനോ ഒന്നുമല്ല ഞാൻ. വയനാട്ടിൽ കൃഷിയാ. ഇവിടൊരാവശ്യത്തിന് വന്ന് കൈയ്യിലെ പൈസ തീർന്നപ്പോ റിച്ച് ലുക്കുള്ള ഒരാളുടെ പേഴ്‌സ് പൊക്കിയതാ, വഴിച്ചെലവിന്.’ കഴിക്കുന്നേനെടേ അങ്ങേര് പറഞ്ഞതൊക്കെ ഒള്ളതാന്നോ കള്ളവാന്നോ എന്ന് ആക്കറിയാം.

റോഡ് സൈഡി ഉന്തുവണ്ടിയിൽ ഒരാള് പേരക്ക വിക്കുന്നത് ബാറിനാത്തിരുന്ന് ഞാൻ നോക്കികൊണ്ടിരുന്നു.

‘പേരക്ക വേണോ’ അങ്ങേര് ചോദിച്ചു. വേണെന്ന് ഞാൻ തല കുലുക്കി.

‘പേരയ്ക്കയുടെ രുചി അറിയണമെന്നുണ്ടെങ്കിൽ അത് തിന്നേ പറ്റൂ. വിപ്ലവത്തെ കുറിച്ചറിയാൻ അതിൽ പങ്കെടുക്കണം. മോവോയുടെ വാക്കുകളാ.’ ഇമ്മാതിരി തഗ് ഡയലോഗ് അങ്ങേര് സൂപ്പറായിട്ടാ പറയുന്നേ.

3

ബാറീന്ന് എറങ്ങി തമ്പാനൂര് സ്റ്റേഷൻ്റെ അടുത്ത് ചെന്നെറങ്ങിയപ്പ ഓട്ടോക്കാരൻ്റെ കൈയി ചില്ലറയില്ല. എൻ്റേന്ന് നൂറു രൂപ വാങ്ങിച്ചാ കൊടുത്തത്. തൊട്ടടുത്ത് നിന്ന ലോട്ടറിക്കാരൻ്റെ കൈയ്യീന്ന് അങ്ങേര് ഒരു ടിക്കറ്റ് എടുത്തിട്ട് ബാക്കി കിട്ടിയതീന്ന് എനിക്ക് അൻപത്‌ രൂപ തിരിച്ച് തന്നു. ‘തൻ്റെ കൈയ്യിൽ നിന്നെടുത്ത് ഓട്ടോയ്ക്ക് കൊടുത്ത നൂറിൽ ബാക്കി അൻപത് ഈ ലോട്ടറീടെ ഷെയർ. അടിച്ചാ ഫിഫ്റ്റി ഫിഫ്റ്റി’ എന്നും പറഞ്ഞോണ്ട് മൊബൈലിൽ ടിക്കറ്റിൻ്റെ ഫോട്ടോ എടുത്തോളാൻ പറഞ്ഞ്.

‘അടിച്ചാലും ഇല്ലെങ്കിലും ഇടയ്ക്ക് അങ്ങോട്ട് വാ. ഇവിടുള്ളതിലും കൂടുതൽ പച്ചപ്പ് അവിടാ’ എന്നും പറഞ്ഞ് എൻ്റെ ഇളികൂട്ടി ചേർത്ത് പിടിച്ച് ഇറുക്കി. അങ്ങേര് മാനന്തവാടി സൂപ്പർ ഫാസ്റ്റിൻ്റെ സമയം ചോയിക്കുന്നതിനിടെ നെടുമങ്ങാട് ബസ് കണ്ട തക്കത്തിന് കൈവിടീച്ചോണ്ട് ഞാൻ അവിടെ നിന്ന് പാഞ്ഞ് വണ്ടീ കേറി.

4

വെശപ്പില്ലെന്ന് പറഞ്ഞിട്ടും അപ്പറത്തെ നായമ്മാരട വീട്ടീന്ന് തന്ന നെമ്മീൻ കറിയും ഫ്രൈയുമൊക്കെ ഇരിക്കുന്നെടാന്ന് പറഞ്ഞ് ഉമ്മച്ചി നിർബന്ധിച്ച് ചോറു തീറ്റിച്ച്. ‘പട്ടാളക്കാരൻ്റെ മോളും കൊച്ചുമോളും വന്നേൻ്റെ ഒരുക്കവാരുന്ന്. ആ പെണ്ണിൻ്റെ കെട്ടിയോൻ എസ്ഐയാ. അങ്ങേരിക്ക് സലംമാറ്റമാ ദൂരെയെങ്ങാണ്ടോട്ട്. പെണ്ണും കൊച്ചും അതോണ്ട് ഇനി ഇവിടാന്ന്.’ ചോറിടുന്നതിനിടെ ഉമ്മച്ചി അയലത്തെ വിശേഷങ്ങളൊക്കെ വിസ്തരിച്ച്.

‘എങ്ങോട്ടാ കാശ്മീരിലേട്ടാന്നാ മാറ്റം.’ ചൊമചൊമക്കനെയുള്ള മീങ്കറി തൊട്ടുകൂട്ടികൊണ്ട് ഞാൻ ചോദിച്ചു. തമാശയൊക്കെ കത്താൻ സമയമെടുക്കുന്ന ഉമ്മച്ചി സീരിയസായിട്ട് പറഞ്ഞു. ‘അല്ലടാ. നമ്മട നാട്ടിത്തന്ന വടക്കെങ്ങാണ്ടാ.’

‘ആ എസ്ഐക്കട തന്തേം തള്ളേം പെങ്ങട കൂട അമേരിക്കേലാന്ന്.’

ഉമ്മച്ചി ഈ ന്യൂസൊക്കെ എങ്ങനെ പിടിച്ചെടുക്കുന്നോ എന്തോ. ‘നിങ്ങക്ക് പോണോ അമേരിക്കേല്.’ ആ ചോദ്യത്തോടെ അവര് മിണ്ടാത ഉരിയാടാത എണീച്ചു പോയി.

പിറ്റേന്ന് പത്രത്തില് ലോട്ടറി ഫലം നോക്കിയതും ഞെട്ടിപ്പോയി. മൊബൈലിലെ ഫോട്ടോ ഒന്നൂട വലുതാക്കി നമ്പർ നോക്കി ഉറപ്പിച്ചു. അടിച്ചു പടച്ചോനേ ഒന്നാം സമ്മാനം രണ്ടു കോടി.

പലതവണ അങ്ങേരെ വിളിച്ചു നോക്കിയെങ്കിലും നമ്പർ നിലവിലില്ലെന്ന്. റേഞ്ചില്ലാത്ത വല്ല കാട്ടിലും ആയിരിക്കും. ലോട്ടറി ടിക്കറ്റിൻ്റെ ഫോട്ടോ മൊബൈലിലൊണ്ടല്ല. ഒന്നാലോചിച്ചപ്പോഴാ, അതുങ്കൊണ്ട് എന്തോന്ന് കാര്യം.

രണ്ട് ദിവസമായിട്ടും മൊബൈലി കിട്ടുന്നില്ല. രണ്ട് കോടിയാ അടിച്ചിരിക്കുന്നത്. കിട്ടിയാ ഊട്ടി. പറ്റിപ്പാന്നേ പോട്ട് പുല്ല്. എന്തോന്നായാലും അങ്ങേര് പറഞ്ഞ അടയാളം വച്ച് വയനാട്ടി ഒന്ന് പോയി നോക്കാം.

5

‘പുൽപ്പള്ളീ വന്ന് ചോയിച്ചാ മതിയെന്നാ പറഞ്ഞേ.’

‘ആരോട് ചോദിച്ചാ മതിയെന്ന്’ കടക്കാരൻ കളിയാക്കും മട്ടിൽ അടുത്ത് നിന്ന ആളിനെക്കൂടെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

‘എന്നതാ പേര് പറഞ്ഞത്.’ അയാൾ ചോദിച്ചു

‘വർഗീസ്.’

‘പുൽപ്പള്ളിയില് എൻ്റെ കൊച്ചനേ പഞ്ഞമില്ലാതുള്ളത് വർഗീസ് എന്ന പേരിന് മാത്രമാ.’

‘ആ നമ്പർ ഒന്ന് പറഞ്ഞാട്ടെ. വാട്ട്സ് ആപ്പിൽ സേവ് ചെയ്ത് ആളാരാന്ന് നോക്കാം.’ കടയിൽ നിന്ന ആൾ ഐഡിയ പറഞ്ഞു. കടക്കാരൻ നമ്പർ സേവ് ചെയ്ത് നോക്കീട്ട് ‘എവിടെയോ കണ്ടിട്ടുള്ള പുള്ളിയാണല്ലോ’ എന്ന് സംശയം പറഞ്ഞു.

അടുത്ത് നിന്നയാൾ ആ ഫോൺ വാങ്ങി ഫോട്ടോ കണ്ടിട്ട് ഇരുത്തിയൊന്ന് നോക്കിക്കൊണ്ട് കടക്കാരനോട് പറഞ്ഞു. ‘ചേട്ടായി കോമഡി അടിച്ചതാണോ. ഇത് നമ്മുടെ ചെഗുവേരയാ.’

ഉച്ചവരെ ചോദിച്ചും പറഞ്ഞും നടന്ന് വെയിലുകൊണ്ട് കൊട്ടംതെറ്റിയപ്പോ ഞാൻ ടൗണില് കണ്ട മന്ദാകിനി ടൂറിസ്റ്റ് ഹോമിൽ ഒരു സിംഗിൾ റൂമെടുത്ത് കെടന്നൊറങ്ങി. യാത്രാക്ഷീണം മാറിയപ്പ പിന്നേം എറങ്ങി. ഒരുപാട് ദൂരത്തല്ലാതെ കാടു കാണാം.

പൂത്തുനിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി, മഴ തുടങ്ങി.

‘തോട്ടം തീരുന്നത് കാടിൻ്റെ വക്കത്താ. വണ്ടി വരാൻ വളഞ്ഞുചുറ്റി വഴിയുണ്ട്. നോക്കിയും കണ്ടും നടന്നാ കുറുക്കിന് കുന്നുകേറി എളുപ്പത്തിന് വീട്ടിൽ എത്താം.’ അന്നയാള് പറഞ്ഞുതന്ന ഓർമ്മവച്ച് സ്ഥലം പറഞ്ഞ് ജീപ്പിൽ വന്നിറങ്ങി.

‘കേട്ടെടുത്തോളം ദേ ആ മലയാ.’ ജീപ്പുകാരൻ കാണിച്ച് തന്ന ലാക്ക് വച്ച് നടന്നുകേറി. ‘കൃഷിയൊള്ളിടത്ത് സൂക്ഷിച്ചോളണേ. വെള്ളം നിറച്ച വീപ്പ കുഴിച്ചിട്ട് മേലേക്ക് കരിയില ഇട്ടു മൂടിയേക്കും. കാട്ടുപന്നിക്കുള്ള കെണിയാ.

നെരപ്പും കേറ്റവുമായിട്ടൊള്ള വഴി. മേലോട്ട് നോക്കിയാ വളർന്നുമൂടിയ മരങ്ങട കറുത്ത പച്ചപ്പും ചീവീടിൻ്റെ കീറ്റലും മാത്രം. കൊറേ നടന്ന് നടന്ന് ഊപ്പാടും പതപ്പാടും വന്ന്. അണച്ചണച്ച് നിന്നുപോവുമ്പം അടിച്ചേക്കുന്നത് ചില്ലറയും ചില്ലുവാനവുവല്ല രണ്ട് കോടിയാന്ന് ഓർക്കുമ്പ പിന്നേം നടക്കും.

അതിൻ്റെടേല് മിന്നായം പോലെ ഏതാണ്ടൊന്ന് നേർക്ക് നേരെ പാഞ്ഞു വന്നപ്പ പേടിച്ച് വെട്ടിമാറിയതാ. കാട്ടുപന്നി പാഞ്ഞതാ എന്ന് മനസിലായപ്പോഴേക്കും ഞാൻ കാലുതെന്നി പൊട്ടകെണറ്റി വീണുപോയി.

എത്ര നേരം അതീ കെടന്നെന്ന് അറിയത്തില്ല. എടക്കെടയ്ക്ക് കാറിവിളിച്ചു നോക്കും. അതിലേ പോയ ആരാണ്ട് നിലവിളി കേട്ട് ആളെ കൂട്ടിവന്ന് കയറിട്ട് പിടിച്ചു കേറ്റി. അതിൻ്റെടേ പോലീസിനെ അറിയിച്ച് അവരും വന്ന്. ആശുപത്രിയിൽ കൊണ്ടുപോവനായിട്ട് ജീപ്പി കേറ്റി കൊണ്ടുപോവുമ്പഴാ ഒരു വയർലെസ് സന്ദേശം വന്നത്.

ജീപ്പ് നേരെ സ്റ്റേഷനിലേക്ക് തിരിച്ചു.

6

പുൽപ്പള്ളി എസ്‌ഐയെ മാവോയിസ്റ്റ് സംഘം തട്ടിക്കൊണ്ട് പോയി. പുതിയതായി സ്ഥലം മാറിവന്നതാണ്. ക്വോർട്ടേഴ്‌സിൽ പെയിൻ്റടിച്ചത് ഉണങ്ങീട്ടില്ല. ആ എരിപ്പ് മണത്തിൽ രാത്രി കിടന്നുറങ്ങാൻ പാടാണ്. ടൗണിൽ പോലീസുകാരുടെ ചില്ലറ ആവശ്യങ്ങൾക്ക് റൂം തുറന്ന് കൊടുക്കുന്ന മന്ദാകിനി ടൂറിസ്റ്റ് ഹോമിൽ തങ്ങാൻ പോയ എസ്‌ഐ പക്ഷേ അവിടെ എത്തിയില്ല. ജീപ്പ് നിബിഡ വനമുള്ള റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി കാട്ടിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാരും പറഞ്ഞു. തിരച്ചിലിന് തണ്ടർ ബോൾട്ട് സംഘം ഇറങ്ങി. ടിവിയിൽ ഇതെല്ലാം ബ്രേക്കിങ്ങ് ന്യൂസായി കാണിച്ചു കൊണ്ടുമിരുന്നു.

‘ഇവൻ അവിടിരിക്കട്ടെ. പിന്നെ നോക്കാം’ എന്ന് പറഞ്ഞ് പോലീസുകാർ സ്റ്റേഷനിൽ കിടന്ന് പരക്കം പാഞ്ഞു. പട്ടാളക്കാരുടെ പോലത്ത പച്ചേല് പുള്ളിയുംപോരുമുള്ള വണ്ടിയില് ഏതോ വല്യഉദ്യോഗസ്ഥരൊക്കെ വന്ന് ആകെ ജഗപൊക. മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോയ എസ്‌ഐ അയലു വീട്ടിലെ റിട്ടയേർഡ് പട്ടാളക്കാരൻ്റെ മരുമോനാന്ന കാര്യം വാർത്ത കണ്ടപ്പഴാ എനിക്ക് മനസിലായത്. അതൊന്ന് പറയാമെന്ന് നിരീച്ച് ഒരു പൊലീസുകാരൻ്റടുത്തേക്ക് ചെന്നതും ‘പിടിച്ച് അകത്തിടെണ്ടെങ്കിൽ പോയി ഇരിക്കടാ മൂലയ്ക്ക്’ എന്ന് പറഞ്ഞ് അയാളൊന്നെയൊരു താറ്റ് താറ്റി.

ഉസ്താതിൻ്റെ ഉപദേശം കേട്ട് വല്ലോൻ്റെയും കാര്യത്തി തലയിടാൻ പോയി ഈ പടുതിയായതും പോരാഞ്ഞ് ഇനിയും വേണ്ടാത്തതൊന്നും വലിച്ചു വെക്കണ്ട. എങ്ങനേലും ഇവടെന്നൊന്ന് എറങ്ങി പോയാ മതിയായിരുന്ന്. ഉമ്മ ഇനി അവിടെ എന്തര് പാടായോ എന്തോ. അപ്പദാ പിന്നെയും ടിവിയില് ബ്രേക്കിംഗ് ന്യൂസ്.

കാട്ടിനുള്ളിൽ മൂന്ന് മാവോയിസ്റ്റുകൾ പിടിയിൽ. ബന്ദിയാക്കപ്പെട്ട എസ്‌ഐ സുരക്ഷിതൻ.

അൽഹംദുലില്ലാ.

ഭാഗം രണ്ട്

1

‘തിരുവനന്തപുത്ത് യൂണിവേഴ്‌സിറ്റി കോളജിൻ്റെ മുന്നിലെ റോഡിൽ രാത്രി പ്രശ്നം ഉണ്ടാക്കിയതിന് പൊക്കിയതാ ഞാൻ. വിഐപി ആയോണ്ട് വേണേൽ കണ്ണടക്കാവുന്നതാ. പക്ഷെ ഞാൻ വിട്ടില്ല. അച്ഛൻ മന്ത്രിയായാലും പാർട്ടി സെക്രട്ടറി ആയാലും ഇവനെ കൊണ്ടുള്ള തലവേദനയല്ലേ എന്നും അദ്ദേഹത്തിന്. കേസാക്കി സ്റ്റേഷൻ ജാമ്യത്തിലാ വിട്ടത്. അതിൻ്റെ പ്രതികാരത്തിന് സ്ഥലം മാറ്റിച്ചതാ എന്നെ ഇങ്ങോട്ട്. അതുകൊണ്ടും അവൻ്റെ ദേഷ്യം തീർന്നില്ലെന്ന്. എൻ്റെ കരണക്കുറ്റിക്ക് അടിക്കണമെന്ന്. കൂടെ രണ്ടവൻമാരുമായി വന്ന് എന്നെ പിടിച്ചു വണ്ടിയിൽ കേറ്റി കാട്ടിൽ കൊണ്ടുവന്നതാ.’ ചെളിയും നനവും പറ്റിയ യൂണിഫോമിൽ വെറുതെ കൈകൊണ്ട് തൂത്തുകൊണ്ട് എസ്‌ഐ പ്രശോഭ് പറഞ്ഞു.

‘എന്നിട്ട് അവൻമാർ എവിടെ.’ നാടൻ തോക്കിൻ്റെ പാത്തി നിലത്തുരച്ചുകൊണ്ടിരുന്ന് കേൾക്കുകയായിരുന്ന താടി നരച്ചയാൾ ചോദിച്ചു. അയാളുടെ പിന്നിൽ മെലിഞ്ഞുങ്ങിയ വേറെ രണ്ടുപേർ ജാഗരൂകരായി നിൽക്കുന്നുണ്ടായിരുന്നു.

‘രാത്രി മഴയത്ത് എന്നെക്കൊണ്ട് ഒക്കുന്ന വിധം ഞാൻ അവന്മാരെ ചാർത്തി. നന്നായിട്ട് അടി കിട്ടിയപ്പോ ഇരുട്ടത്ത് അവന്മാർ ഓടിപ്പോയി. കുറച്ചു ഫോളോചെയ്തു നോക്കി ഞാൻ. കിട്ടീല്ല. അതിനിടെയാ എൻ്റെ സർവ്വീസ് റിവോൾവർ മിസ്സായത്.’

‘കാക്കിയിട്ടവരെ വിശ്വസിക്കാൻ പാടാ സാറേ. കീഴടങ്ങിയവരെ നേർക്ക് നേരെ നിർത്തി കാഞ്ചി വലിക്കുന്നവരല്ലേ നിങ്ങൾ.’ നരച്ച താടിക്കാരൻ നിസംഗതയോടെ പറഞ്ഞു.

എസ്‌ഐ പ്രശോഭ് അരയിലെ ഒഴിഞ്ഞ റിവോൾവർ കവറിൽ അറിയാതെ തപ്പിനോക്കി. അത് കണ്ട് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ഭക്ഷണം കഴിക്ക്.’

‘വേണ്ട. എന്നെ പോകാൻ അനുവദിച്ചാൽ മതി.’

‘അതിന് സാറിനെ ഞങ്ങൾ പിടിച്ചുകൊണ്ട് വന്നതല്ലല്ലോ. വഴിതെറ്റി ഇവിടെ വന്നുപെട്ടതല്ലേ.’

പെട്ടന്നാണ് പിന്നിൽ നിന്ന് വെടി പൊട്ടിയത്. മാവോയിസ്‌റ്റ് വേട്ടയ്ക്കായുള്ള തണ്ടർ ബോൾട്ട് സംഘം മിന്നൽ വേഗത്തിലാണ് പാഞ്ഞടുത്തത്.

ഭാഗം മൂന്ന്

1

പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്റ്ററുടെ കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് തണ്ടർ ബോൾട്ട് സംഘത്തിൻ്റെ തലവൻ അലറും മട്ടിൽ ചോദിച്ചു. ‘ഇവിടെ ഏത് മറ്റേ മോനാ പത്രക്കാർക്ക് വിവരം ചോർത്തി കൊടുക്കുന്നത്. എൻ്റെ ടീം കാട്ടിന് പുറത്ത് എത്തുന്നതിന് മുന്നേ ടീവിയിൽ വാർത്ത, മൂന്ന് മാവോയിസ്റ്റുകൾ പിടിയിലെന്ന്.’

അടിയന്തരമായി സ്റ്റേഷനിൽ എത്തിയ ഡിവൈഎസ് പിയെ നിർത്തിപ്പൊരിക്കും മട്ടിൽ ഒരു നോട്ടം നോക്കിക്കൊണ്ട് അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു. ’കാട്ടിൽ നിന്ന് പിടിച്ച മൂന്നവൻമാരിൽ ഒരുത്തൻ പാതിവഴിക്ക് ചാടിപ്പോയി. എണ്ണം തികയ്ക്കാൻ നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാളെ തന്നേക്ക്.’

പരിസരത്തെ കാറ്റുപോലും നിശബ്ദമായിപ്പോയ ഒരു നിമിഷത്തിന് ശേഷം അയാൾ പറഞ്ഞു. ’മൂന്നിലൊരാൾ മാവോയിസ്റ്റുകൾക്ക് സഹായം നൽകിക്കൊണ്ടിരുന്ന ഒരു പോലീസുകാരനാണെന്ന് നമുക്ക് വാർത്തയും കൊടുക്കാം. മൊത്തത്തിലൊരു ഗുമ്മുണ്ടാകും.’

2

മുറിക്ക് പുറത്തേക്ക് ഇറങ്ങി വരാന്തയിൽ വന്നുനിന്ന് സിഗരറ്റ് കൊളുത്തികൊണ്ട് സർക്കിൾ ഇൻസ്‌പെക്ടർ ഹെഡ് കോൺസ്റ്റബിളിനെ കണ്ണുകൊണ്ട് അടുത്തേക് വിളിച്ചു.

‘ആ കിണറ്റിൽ വീണ പയ്യൻ്റെ ഡീറ്റെയിൽസ് എന്നതായിരുന്നു.’

‘സർ അത് ഏതോ ലോട്ടറി കച്ചവടക്കാരനെയോ മറ്റോ അന്വേഷിച്ച് വന്നതാണെന്ന മട്ടിലാ…’

‘പതുക്കെ പറയടോ.’ സർക്കിൾ ഒരു പുക കൂടി എടുത്ത ശേഷം ബാക്കി പറയ് എന്ന മട്ടിൽ മൂളിക്കൊണ്ട് തല വെട്ടിച്ചു.

‘തിരുവനന്തപുരംകാരനാണെന്നാ പറഞ്ഞത്.’

‘അവൻ്റെ ഫുൾ ഡീറ്റെയിൽസ് എടുക്ക്. വേഗം.’ സർക്കിൾ ഇൻസ്‌പെക്ടർ ആജ്ഞ പോലെ പറഞ്ഞു.

3

‘ഓരോ ഓപ്പറേഷൻ്റെയും പിന്നിലെ റിസ്ക്ക് നിങ്ങൾക്ക് ലോക്കൽ സ്റ്റേഷനിൽ ഇരിക്കുമ്പോ മനസിലാകില്ല. സ്‌പെഷ്യൽ ഫോഴ്‌സ് അല്ലേ മുകളിൽ നിന്ന് പ്രഷർ ഒന്നും ഉണ്ടാകില്ല എന്നൊക്കെ തോന്നുന്നുണ്ടാകും.’ തണ്ടർ ബോൾട്ട് സംഘത്തലവൻ ലേശമൊന്ന് അയഞ്ഞ മട്ടിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. ‘കൈയ്യിൽ കിട്ടുന്നവൻമാരെ അവന്മാർ തിന്നതും കുടിച്ചതും അടക്കം കണക്റ്റ് ചെയ്ത് ഫ്രെയിം ചെയ്താലേ കേസ് നിൽക്കൂ.’

സർക്കിൾ ഇൻസ്‌പെക്ടർ മുറിക്കുള്ളിലേക്ക് കയറിക്കൊണ്ട് ‘സർ ഇവനെയാ കിണറ്റിൽ നിന്ന്…’

അയാൾ അടിമുടിയൊന്ന് നോക്കികൊണ്ട് ചോദിച്ചു. ‘എന്താടാ നിൻ്റെ പേര്.’

ഞാമ്പറഞ്ഞു ‘താഹ.’

‘പെർഫെക്റ്റ്. ഇവൻ തന്നെ എം ത്രീ.’