ചേന്ദൻ്റെ തെങ്ങും, അതിലെ ബുർജ് ഖലീഫകളും

വിക്ടോറിയ തെങ്ങിൽ നിന്ന് വീണു !

പഞ്ചായത്ത് ഓഫീസിലേക്ക്‌ ഓടിക്കേറുന്നതിനിടയിൽ രാജപ്പൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പ്രസിഡണ്ടെവിടെ? അന്നേ പറഞ്ഞതാണ് ഇതൊക്കെ പൊല്ലാപ്പാകുമെന്ന്‌ ..

വരിവരിയായി പഞ്ചായത്തിൻ്റെ വരാന്തയിൽ ഇരുന്നവർ മൊബൈലിൽ നിന്ന് തലയുയർത്തി നോക്കി. പിന്നെയും തങ്ങളുടെ തൊഴിൽ തുടർന്നു. വിശാലാക്ഷന് മാത്രം തല താഴ്ത്താനായില്ല. വിശാലതയിലേക്കു നോക്കിക്കൊണ്ട് വിക്ടോറിയയെ ആദ്യം കണ്ടത് ഓർത്തു. സ്വിമ്മിങ് സ്യൂട്ട് ഇട്ടുകൊണ്ട് തെങ്ങുകയറാൻ വന്ന വിക്ടോറിയ. കൂടെ മിഖായേലയേയും ഓർത്തു….

മിഖായേലയെ ഓർത്തപ്പോൾ വിശാലാക്ഷൻ്റെ വലത്തെ കൈ അറിയാതെ തൻ്റെ കഷണ്ടിത്തലയുടെ പിറകിലേക്ക് പോയി. വിരലുകൾ ഒന്നു മുതൽ എട്ടുവരെയുള്ള സ്റ്റിച്ചുകളിലൂടെ ഒഴുകി നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ ഉണ്ണികൃഷ്ണൻ ആണ് മിഖായേലയ്ക്ക് “ഇഗ്‌നേറ്റഡ് മൈൻഡ്സ് ” വായിക്കാൻ കൊടുത്തത്. അത് തീരുന്നതിന് മുൻപ് തന്നെ മേരിക്കുഞ്ഞിന് ആദ്യത്തെ ചോദ്യം കിട്ടി.

അമ്മേ …

എന്താ …

ഈ.. ചെത്ത് പഠിപ്പിക്കാൻ പറ്റോ?

എന്ത്!

കള്ള് ചെത്തുന്നത് പഠിപ്പിക്കാൻ പറ്റോ?

ആ… എനിക്കറിയാന്മേല.

മേരിക്കുഞ്ഞിന് ദേഷ്യം വന്നു. ഈ കൊച്ച് എന്താ ഇങ്ങനെ.. എന്തൊക്കെയാ ചോദിക്കുന്നേ.. വല്ല വീഞ്ഞായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു. കള്ളും.. ചെത്തും. മനസ്സിൽ ആലോചിച്ചതേയുള്ളൂ. പുറത്തേക്കു വരാതിരിക്കാൻ കടിച്ചുപിടിച്ചു.

ദുബായിയിൽ, മിഖായേലയുടെ അപ്പൻ മത്തായിക്കുഞ്ഞിൻ്റെ കൂടെയായിരുന്നപ്പോൾ ചോദ്യങ്ങളൊക്കെ പുള്ളിക്കാരനോടായിരുന്നു. എന്തായാലും പിന്നീട് അന്ന് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.

മത്തായിക്കുഞ്ഞിൻ്റെ അടുത്ത വിളിക്ക് മേരിക്കുഞ്ഞ് കാര്യം അവതരിപ്പിച്ചു. നന്നായിട്ടൊന്ന് ഉപദേശിക്കണം എന്ന് മത്തായിക്കുഞ്ഞിനെ ഉപദേശിച്ചു. വിരട്ടി എന്ന് പറയുന്നതാകും ശരി. കൊച്ച് ഇങ്ങനെ ആകാനുള്ളതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്തം മത്തായിക്കുഞ്ഞിൻ്റെ ആണെന്ന് പറഞ്ഞത് കേട്ട് മത്തായിക്കുഞ്ഞ് ജനാലയിലൂടെ ബുർജ് ഖലീഫയും നോക്കിനിന്നതേയുള്ളൂ.

അവൾക്ക് കൊടുക്ക്….

മത്തായിക്കുഞ്ഞിന് ഒന്നും ചോദിക്കേണ്ടിവന്നില്ല.

അപ്പാ… ചെത്ത് പഠിപ്പിക്കാൻ പറ്റോ?

എന്തിനാടീ …

പറ്റുമോന്ന് പറ…

പറ്റുമായിരിക്കും. ആരെ പഠിപ്പിക്കാനാ…

വിദേശി ടൂറിസ്റ്റുകളെ… പഞ്ചായത്തിൽ അവതരിപ്പിക്കാനാ…

മത്തായിക്കുഞ്ഞ് കുറച്ച് നേരത്തേക്ക് മറുപടിയൊന്നും പറഞ്ഞില്ല. എന്താണ് പറയുക

മത്തായിക്കുഞ്ഞ് പിന്നെയും ബുർജ് ഖലീഫയെ നോക്കി.

ഈ നാട്…. സ്വപ്‌നങ്ങൾ കണ്ടുകഴിയും മുൻപേ യാഥാർഥ്യമാകുന്ന നാട്.

അപ്പാ…

ഉം..

ബുർജ് ഖലീഫക്ക് പൊക്കം കൂടിയോ?

മത്തായിക്കുഞ്ഞ് ചിരിച്ചു. മിഖായേലയും.. കുറച്ചുനേരം കൂടി ഒന്നും പറയാതെ അവരങ്ങനെ നിന്നു. രാത്രിയുടെ നിശബ്ദതയിൽ മിഖായേലയും ബുർജ് ഖലീഫ കണ്ടു. ഓരോ നിലയും വർണാഭങ്ങളായ സ്വപ്‌നങ്ങൾ.

അന്ന് രാത്രി മത്തായിക്കുഞ്ഞ് നാട് സ്വപ്നം കണ്ടു. അബ്ദുൽ ജബ്ബാറിൻ്റെ കൂടെ ചെറായി പാലത്തിലൂടെ നടക്കുന്നതായി. പാലം കഴിഞ്ഞ് തെക്കുവശത്തുള്ള പടികൾ ഇറങ്ങി അവർ ഇടവഴിയിലൂടെ അച്ചാമ്മ ചേടത്തിയുടെ ഗേറ്റിനു മുമ്പിലെത്തി. അവിടെ ഒരു ബോർഡ് വെച്ചിരുന്നു, “Achamma’s Culinary Institute”. അകത്തു കയറി നോക്കുമ്പോൾ മുറി നിറയെ സായിപ്പുമാരും മദാമ്മമാരും അവിലോസുണ്ട ഉണ്ടാക്കാൻ പഠിക്കുന്നു. അവരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പുറത്തെ ഡിജിറ്റൽ ബോർഡിൽ എഴുതിയിരിക്കുന്നത് കണ്ടു. “നെക്സ്റ്റ് പീരീഡ് – കല്ലുമ്മക്കായ”.

റഷീദിൻ്റെ ചായ ഗ്ലാസ് നിലത്തുവീണുപൊട്ടുന്ന ശബ്ദം കേട്ടില്ലായിരുന്നെങ്കിൽ അച്ചാമ്മ ചേടത്തിയുടെ ഗേറ്റ് മുതൽ പടിഞ്ഞാറോട്ടു നടന്നു പട്ടേരികുളങ്ങര അമ്പലം വരെയുള്ള കാഴ്ചകൾ കാണാമായിരുന്നു.

മുൻ ഇന്ത്യൻ പ്രസിഡണ്ട് ഡോ. എ. പി. ജെ അബ്ദുൽ കലാമിൻ്റെ അനുസ്മരണത്തോട് അനുബന്ധിച്ച് പഞ്ചായത്ത് സംഘടിപ്പിച്ച “സ്വപ്നം കാണട്ടെ” എന്ന പരിപാടിയിൽ മിഖായേല ഈ ആശയം അവതരിപ്പിച്ചു. നാട്ടുകാർക്ക് ചിരിക്കാനുള്ള വകയായി എന്നു മാത്രം.

പരിപാടി കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം “ആൻ്റി.. ഉണ് കഴിഞ്ഞോ” എന്നും ചോദിച്ചുകൊണ്ട് അനുരാധ കയറി വന്നു. മേരിക്കുഞ്ഞിന് മൊത്തത്തിൽ കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലായിരുന്നെങ്കിലും അനുരാധയെക്കുറിച്ചു നല്ല മതിപ്പായിരുന്നു. നാട്ടിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങുന്നവരെ സഹായിക്കാനും അനുരാധ ആത്മാർത്ഥമായിത്തന്നെ പരിശ്രമിച്ചിരുന്നു.

കഴിഞ്ഞില്ല മോളേ.. സമയമായില്ലല്ലോ..

അവൾ എന്ത്യേ?

കുളിക്കുന്നു …

പഞ്ചായത്തു ഭരണമൊക്കെ എങ്ങിനെ പോകുന്നു..

ഭരണം കുഴപ്പമില്ല. പക്ഷേ ജനങ്ങളുടെ കാര്യമാണ് കഷ്ടം…

വരുന്നവർ എല്ലാവരും ചെരുപ്പ് കടയും, ബേക്കറിയും തുടങ്ങിയാൽ….

സർക്കാരിൽ നിന്ന് സഹായമൊക്കെ ഇല്ലേ….

എന്തെങ്കിലും ഒക്കെ തുടങ്ങാൻ സഹായം ചെയ്യാം. വിവിധ പദ്ധതികളുണ്ട്.. നോർക്കയുടെ ലോൺ കിട്ടും. വരുമാനം ആണ് പ്രശനം. തിരിച്ചടക്കേണ്ടേ…

പഞ്ചായത്ത് തുടങ്ങിയോ എന്നും ചോദിച്ചുകൊണ്ട് മിഖായേല അങ്ങോട്ട് വന്നു.

നാളെ ഞാൻ മീറ്റിംഗിൽ അവതരിപ്പിക്കും. ജബ്ബാർ അങ്കിൾ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്…

ഇല്ല ചേച്ചി. അങ്കിൾ പറഞ്ഞു അപ്പ വിളിച്ചിരുന്നെന്ന്…

പിറ്റേ ദിവസം കാര്യമായ തടസ്സങ്ങളില്ലാതെ പ്രമേയം പാസ്സായി. വിദേശ ടൂറിസ്റ്റുകളെ ചെത്ത് പഠിപ്പിക്കാനുള്ള പദ്ധതി തത്വത്തിൽ തീരുമാനമായി. ആയതിൻ്റെ തുടർനടപടികൾക്കായി പ്രസിഡണ്ടിനെ ചുമത്തപ്പെടുത്തി.

ഈ പദ്ധതിയിൽ പ്രതിപക്ഷം സ്വീകരിച്ച അനുകൂല നിലപാട് വലിയ ചർച്ചാവിഷയമായി. കടപ്പുറത്തും, അമ്പലപ്പറമ്പിലും, വിദ്യാധരൻ്റെ ചായക്കടയിലും പിന്നെ അങ്ങോട്ട് ചിന്നപ്പനുണ്ണിയുടെ ബാർബർഷോപ്പിലും കള്ളുഷാപ്പിലും വരെ. അത്കൂടാതെ ഫേസ്ബുക്കിലും വാട്സാപ്പിലും വേറേയും.

ഇതിൽ വിദേശ കൈകടത്തൽ ഉണ്ടെന്നും, ഉപകാരസ്മരണാർത്ഥം, ജബ്ബാറും കുടുംബവും ഉടനെ തന്നെ ദുബായ് സന്ദർശിക്കുമെന്നും തൽപരകക്ഷികൾ പറഞ്ഞുണ്ടാക്കി.

ഇതൊക്കെയാണെങ്കിലും കാര്യങ്ങൾ തകൃതിയായി നീങ്ങി. രെജിസ്ട്രേഷനുള്ള വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ അങ്ങിനെ ഒരുക്കങ്ങൾ ജഗപൊക. എയർപോർട്ടിലും, ബോട്ടുജെട്ടിയിലും, ബസ്‌സ്റ്റാന്റിലും ബീച്ചിലും, ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപെട്ടു. വന്നിറങ്ങുന്ന ഓരോ വിദേശിയും ചെത്ത് പഠിക്കാൻ വന്നവരായിരിക്കും എന്ന് നാട്ടുകാർ വിചാരിച്ചു.

വിചാരിച്ചത് മാത്രം മിച്ചം.

നാട്ടുകാരുടെ പ്രതീക്ഷ മങ്ങിത്തുടങ്ങിയിട്ടും അനുരാധയും മിഖായേലയും തങ്ങളാലാവുന്നതൊക്കെ ചെയ്തുകൊണ്ടിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അങ്ങിനെ സകല തട്ടകങ്ങളിലും അവർ പയറ്റുതുടർന്നു.

പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതിരുന്ന ചിലർ, അനുരാധ റോട്ടിലിറങ്ങിയാൽ സൈഡിലുള്ള കാനയിലേക്ക് തിരിഞ്ഞ് ചൂണ്ടയിടുന്ന പോലെ ഇരിക്കും. നിരന്നിരിക്കുന്ന ചൂണ്ടക്കാർ..

അനുരാധ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. പക്ഷേ മിഖായേല അങ്ങനെയായിരുന്നില്ല. ഒറ്റത്തവണ.. കൂട്ടുകാരുടെ മുമ്പിൽ ആളാകാൻ വിശാലാക്ഷൻ മിഖായേലയുടെ മുമ്പിൽ ചുണ്ടയിട്ടതും, ഒരു കരിങ്കൽ കഷ്ണം കഷണ്ടിത്തല ഭേദിച്ചതും, കല്ലും വിശാലാക്ഷനും കാനയിൽ പതിച്ചതും ഒന്നിച്ചായിരുന്നു. ഇതിനെത്തുടർന്നുണ്ടായ എല്ലാ വിഷമതകളും, ഒരു പോക്സോ കേസ് മണക്കുന്നുണ്ടെന്ന വിദഗ്‌ധ അഭിപ്രായത്തെത്തുടർന്ന് വിശാലാക്ഷന് മറക്കേണ്ടി വന്നു.

സംഗതികൾ കൈവിട്ടു പോകുമെന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പിടിവള്ളി ഇമെയിലിൻ്റെ രുപത്തിൽ അനുരാധയുടെ ഇൻബോക്സിൽ എത്തിയത്. വിക്ടോറിയ ഡാൻസ്, ഈ മഹതിയാണ് ഇമെയിൽ അയച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കാരിയാണ്, വയസ്സ് 42, മലകയറ്റത്തിൽ സാമാന്യം നല്ല പരിചയം ഉണ്ട്. ഒരാഴ്‌ച മുൻപ് മൊബൈലിൽ രജിസ്റ്റർ ചെയ്തതതാണെന്നും ഇതുവരെ മറുപടിയൊന്നും കാണാത്തതിനാൽ മെയിൽ അയക്കുകയാണെന്നുമാണ് എഴുതിയിരുന്നത്. അടുത്തമാസം ഇന്ത്യയിൽ വരുന്നുണ്ടെന്നും ആ സമയം ഈ പുതിയ സ്പോർട്സ് പരിശീലിക്കാൻ താത്പര്യപെടുന്നെന്നും, താമസസൗകര്യവും ഭക്ഷണവും ഏർപ്പെടുത്തണമെന്നുള്ള സ്നേഹപൂർവ്വമായ നിർദ്ദേശ്ശവും ഈമെയിലിൽ ഉൾപ്പെടുത്തിയിരുന്നു.

ഒന്നെങ്കിൽ ഒന്നെന്നുള്ള വിചാരത്താൽ വേറെ ഒന്നും ആലോചിക്കാതെ അനുരാധ മറുപടി മെയിൽ അയച്ചു. മേരിക്കുഞ്ഞിനെ വിളിച്ച് മിഖായേല വരുമ്പോൾ വിവരം പറയാൻ പറഞ്ഞ് ഇനി വേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി.

വൈകുന്നേരം അനുരാധ മിഖായേലയേയും കൂട്ടി ജബ്ബാറിനെ കാണാൻ പോയി. അവിടെയിരുന്ന് ഫാത്തിമ ജബ്ബാറിൻ്റെ സ്പെഷ്യൽ ഐറ്റമായ ബസലുണ്ടയും തിന്നുകൊണ്ട് തുടർ നടപടികൾ ചർച്ച ചെയ്തു.

പഠിപ്പിക്കനായി ചേന്ദനെ നിർദേശ്ശിച്ചത് ജബ്ബാറാണ്. മുമ്പ് കുറേക്കാലം ഈ തൊഴിലായിരുന്നു ചേന്ദന്. ഇപ്പോൾ പെൻഷൻ ഒക്കെ ആയി വിശ്രമജീവിതമാണ്. വീട്ടുകാരോട് പിണങ്ങി പുഴയരികിലുള്ള അഞ്ചു സെൻറ്‌ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടിയാണ് താമസം. പുര ഓലയാണെകിലും കക്കൂസ് വൃത്തിയായി സിമെൻറ്‌ കൊണ്ട് കെട്ടി അതിൻ്റെ മുകളിൽ സിൻ്റെക്സിൻ്റെ ഒരു ടാങ്കും സ്ഥാപിച്ചിരുന്നു. പിറ്റേന്ന് തന്നെ ജബ്ബാർ ചേന്ദനെ കണ്ട് വിവരങ്ങൾ പറഞ്ഞു.

എല്ലാദിവസത്തേയും പോലെ ചേന്ദൻ അടുത്തുള്ള കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. അന്ന് പറഞ്ഞത് റഷ്യയിലെ ഒരമ്മയുടെ കഥയാണ്. മക്കൾ ചെയ്‌യുന്നത്‌ എന്താണെന്ന് നിശ്ചയമിമില്ലായിരുന്നെങ്കിലും അത് മനുഷ്യരുടെ നന്മക്ക് മാത്രം വേണ്ടിയാണെന്ന് അറിയാമായിരുന്ന ഒരമ്മയുടെ കഥ.

എതിർപ്പൊന്നും ഇല്ലാതെ ഈ ദൗത്യം ചേന്ദൻ സമ്മതിച്ചു. ഇങ്ങനെ എത്രയെണ്ണം, നാടിനുവേണ്ടിയല്ലേ? പുഴയരികിലുള്ള, സാമാന്യം ഉയരമുള്ള, എന്നാൽ വളവും തിരിവും ഇല്ലാത്ത ഒരു തെങ്ങും കണ്ടുവെച്ചു.

പഞ്ചായത്തിലെ പ്രധാന പൂവൻ കോഴി അന്ന് പുലർച്ചേ എഴുന്നേറ്റ് കൂവാൻ തുനിഞ്ഞതും ചുറ്റുമൊരു പന്തികേട് തിരിച്ചറിഞ്ഞു. അമ്പലക്കുളം ശാന്തം. ഒമ്പതുമണിക്ക് ശേഷം മാത്രം കുളിക്കുന്ന രാഘവന്റേയും തീരെക്കുളിക്കാത്ത വർഗീസിന്റേയും തോർത്തുകൾ അഴയിൽ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. ഭട്ടിന്റെ കടയിലെ പൂവെല്ലാം തീർന്നു. അതും കോഴി ഉണരുന്നതിനും രണ്ടു മണിക്കൂർ മുൻപ്. ഇത്രയും സുപ്രധാനമായ ദിവസം നേരത്തേ ഉണരണമെന്ന് തോന്നാതിരുന്നതിൽ കോഴിക്ക് അതിയായ കുറ്റബോധം തോന്നി.

ഒമ്പതരയുടെ ട്രാൻസ്‌പോർട് ബസ് സമയത്തുതന്നെ എത്തി. അതിൽ വിക്ടോറിയയും. ആദ്യകാഴ്ച്ചയിൽ തന്നെ ജനങ്ങൾക്ക് വിക്ടോറിയയെ ബോധിച്ചു. ചിലർ കൈ വീശി കാണിച്ചു. വിക്ടോറിയയുടെ മുഖത്ത് ആശ്ചര്യവും കൗതുകവും.

അനുരാധ, വിക്ടോറിയയെയും കൂട്ടി നേരേ ചേന്ദൻ്റെ അടുത്തേക്ക് തിരിച്ചു. പോകുന്ന വഴിക്ക് വീടുകളിൽ നിന്നും ആളുകൾ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ടായിരുന്നു. ആദ്യമായി ചെത്തു പഠിക്കാൻ വന്ന വിദേശി. അതും പെണ്ണ്.

വിക്ടോറിയയേയും കാത്ത് ചേന്ദൻ മുറ്റത്തുതന്നെ ഉണ്ടായിരുന്നു. ചേന്ദനെ കണ്ടതും വിക്ടോറിയ….

നമസ്തേ ഗുരുജി….

നമസ്തേ…

“ഈസ് ദിസ് മൈ പ്ലസ് ടു സ്റ്റേ?” ചേന്ദൻ്റെ വീട് ചൂണ്ടിക്കൊണ്ട് വിക്ടോറിയ ചോദിച്ചു. മറുപടിക്ക് കാത്തുനിൽക്കാതെ നേരെ അകത്തേക്ക് കയറി പോയി. അനുരാധയും ചേന്ദനും പരസ്പരം നോക്കി. എന്തെങ്കിലും പറയാനാകുന്നതിനു മുൻപ് തിരിച്ചെത്തിയ വിക്ടോറിയ…

“അമേസിങ്… ഐ ലവ് ദിസ്.. സോ എക്കോ ഫ്രണ്ട്‌ലി….”

അനുരാധയും ചേന്ദനും പിന്നെയും പരസ്പരം നോക്കി. അനുരാധ പെട്ടെന്ന്…

“ബട്ട്..ബട്ട്… ചേന്ദൻ വിൽ ആൾസോ സ്റ്റേ ഹിയർ.”

“ഐ നോ”…. “ഐ നോ”….

“ഗുരു…കുല…” മുഴുവനാക്കാൻ വിക്ടോറിയക്ക് സാധിച്ചില്ല.

അനുരാധയും ചേന്ദനും ചിരിച്ചു. വിക്ടോറിയയും.

ഇതൊക്കെ മത്തായിക്കുഞ്ഞ് ബുർജ് ഖലീഫയിൽ കണ്ടിരുന്നോ ആവോ?

അങ്ങിനെ അത്രയും കാര്യം ഭംഗിയായി കഴിഞ്ഞു. പിറ്റേ ദിവസം ക്‌ളാസ്സ്‌ ആരംഭിക്കാം എന്നും തീരുമാനമായി. ചേന്ദനുണ്ടാക്കിയ കഞ്ഞിയും ഉണക്കച്ചെമ്മീൻ ചമ്മന്തിയും എമ്പടി മോന്തിയ വിക്ടോറിയ ചേന്ദന് നന്ദി സൂചകമായി ഒരു “ഫ്ലോറ ആൻഡ് ഫോണ മഗ്” സമ്മാനമായി കൊടുത്ത് സുഖമായി ഉറങ്ങി.

പിറ്റേദിവസം നേരത്തേ എഴുന്നേറ്റ് ചേന്ദൻ കത്തി, കൂട്, കുടം അങ്ങിനെ വേണ്ട സാമിഗ്രികളൊക്കെ ശരിയാക്കിവച്ചു. തൻ്റെ പരമ്പരാഗത യൂണിഫോം ആയ ഒറ്റത്തോർത്തും ഉടുത്ത് ഒരുങ്ങിനിന്നു. നേരം പരപരാ വെളുക്കുന്നേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കാഴ്ചക്കാർ ചുറ്റിനും കൂടിയിട്ടുണ്ട്. വിശാലാക്ഷൻ ഒരു മൂവാണ്ടൻ മാവിൻ്റെ താഴ്ന്ന കൊമ്പിലാണ് ഇരിപ്പിടം തരമാക്കിയത്. ചുറ്റും ശ്രദ്ധിച്ചു നിന്ന ചേന്ദൻ, വിക്ടോറിയ വന്നത് കണ്ടില്ല. വിക്ടോറിയ ദക്ഷിണയുമായി ചേന്ദൻ്റെ കാലിൽ വീണതും ചേന്ദൻ അപകടം തിരിച്ചറിഞ്ഞ് രണ്ടടി പുറകോട്ട് മാറി. ചേന്ദൻ്റെ അപ്രതീക്ഷമായ നീക്കം കണ്ട് വിക്ടോറിയ പരിഭമിച്ച് ചേന്ദനെ നോക്കിയപ്പോഴാണ് വിക്ടോറിയയുടെ വസ്ത്രത്തിൽ ചേന്ദൻ്റെ നോട്ടം വീണത്. ഉടനെ തന്നെ വിക്ടോറിയയുടെ കയ്യും പിടിച്ച് വീടിൻ്റെ അകത്തേക്ക് ഓടി കയറി വാതിലടച്ചു. ഇതും ചടങ്ങിൻ്റെ ഭാഗമാണെന്നാണ് വിക്ടോറിയ വിചാരിച്ചത്.

പുറത്തുള്ളവരുടെ ഉത്കണ്ഠക്ക് വിരാമം ഇട്ടുകൊണ്ട് പത്തുമിനിറ്റുനു ശേഷം വാതിൽ തുറന്ന് രണ്ടുപേരും പുറത്ത് വന്നു. ട്രാക്ക് സ്യൂട്ടിൽ വിക്ടോറിയയെ കണ്ട ഉടനെ വിശാലാക്ഷൻ പ്രതിഷേധിച്ച് മാവിൽ നിന്ന് ഊർന്നിറങ്ങി രംഗം വിട്ടു. പകുതിയോളം കാഴ്ചക്കാരും. ചേന്ദനും ട്രാക്ക് സ്യൂട്ടിൽ ആയിരുന്നു എന്നത് ഒരു വിഷയമേ ആയിരുന്നില്ല.

അവിടുന്ന് അങ്ങോട്ട് എല്ലാം നൂറേനൂറിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അഭ്യാസം, ഗുരുകുലാടിസ്ഥാനത്തിൽ (കാച്ചിൽ, കപ്പ, ചക്ക, ചേന, ചേമ്പ് ഉൾപ്പടെ) ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. ഭൂരിഭാഗം വെള്ളത്തിലും ബാക്കി ഭാഗം കരയിലുമായി. തനിക്കു കുഴപ്പം ഒന്നും ഇല്ലെന്ന് വിക്ടോറിയ ആവർത്തിച്ച് പറഞ്ഞെങ്കിലും ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും, പൊതുതാത്പര്യപ്രകാരം പിന്നീട് മൾട്ടി സ്പെഷ്യാലിറ്റിയിലേക്കും കൊണ്ടുപോയി. മൾട്ടി സ്പെഷ്യാലിറ്റിക്കാർ, ഗ്യാസ്‌ട്രോ, ന്യൂറോ, ലിവർ, ലിപിഡ്, റെനെൽ, സ്‌പൈനൽ, എം.ആർ.ഐ, സി.ടി അങ്ങിനെ നാനാവിധം ടെസ്റ്റുകൾ തുടങ്ങിയപ്പോൾ ചേന്ദൻ വീട്ടിലിലേക്ക് പോന്നു.

അന്ന് രാത്രി ചേന്ദന് ഉറങ്ങാൻ കഴിഞ്ഞില്ല. തൻ്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച……

അമ്പലപ്പറമ്പിൽ കഥയറിയാതെ കണ്ടിരുന്ന കഥകളിയിലെ വേഷം പോലെ കെട്ടിയാടിയ സ്റ്റീവൻ്റെ മുഖം ചേന്ദനെ അലട്ടാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി. എംബസ്സിയിലെ ഏതോ ഉയർന്ന ഉദ്യോഗസ്ഥനായ വിക്ടോറിയയുടെ കൂട്ടുകാരൻ… സ്റ്റീവൻ ലൈൻ.

സ്ഥാപനത്തിൻ്റെ ലൈസൻസ്, ട്രെയിനറുടെ ലൈസൻസ്, തേങ്ങിൻ്റെ ഉറപ്പ് സക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്, സുരക്ഷാ മാനദണ്ഡങ്ങൾ അങ്ങിനെ പലതും ചോദിച്ചു. എന്തുചോദിച്ചാലും കൊടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. തൻ്റെ രാജ്യത്തെ വ്യവസ്ഥകളെക്കുറിച്ചും, പൗരന്മാർക്കുള്ള അവകാശങ്ങളെക്കുറിച്ചും, ഈ അപകടം ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും വിശദമായ ക്‌ളാസ്സ് എടുത്തിട്ടാണ് സ്റ്റീവൻ പോയത്. നാളെയും വരും.

സുരക്ഷ….

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ തെങ്ങിൽ നിന്ന് വീണ് കിടപ്പിലാകുന്നത്. വിശപ്പാണ് എന്തിനും ഉള്ള പ്രചോദനം. സുരക്ഷയൊക്കെ എത്രയോ അകലെയാണ്. അല്ലെങ്കിൽത്തന്നെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് എന്ത് സുരക്ഷയാണ് ഉണ്ടായിരുന്നത്.

രണ്ടുതവണ താനും വീണു. ആദ്യത്തേത്, അടുത്തുള്ള കൗങ്ങിൽ പിടികിട്ടിയതുകൊണ്ട് രക്ഷപ്പെട്ടു.

രണ്ടാമത്തേത് ….

മേൽക്കൂരയില്ലാത്ത കുളിമുറിയിൽ കുഞ്ഞന്നാമ്മ കുളിച്ച് കുളിച്ച് ചുറ്റുമുള്ള മണ്ണ് ചതുപ്പുപോലെ ആയിരുന്നതുകൊണ്ട് ചത്തില്ല. കൈയും കാലും ഒടിഞ്ഞു.

ഉറക്കമോ വരുന്നില്ല. എന്നാൽ പിന്നെ കുറച്ചു വായിക്കാമെന്നു വിചാരിച്ച് വിക്ടോറിയ കൊടുത്തതും ഇതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതുമായ ഒരു ബുക്ക് തന്നെ എടുത്തു.

“ബ്ലഡ് ഓൺ ദി വാറ്റിൽ” (Blood on the Wattle)… ഉടയവരായ ദേശവാസികളെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത് ഇല്ലാതാക്കിയതിൻ്റെ ചരിത്രം. ആരാണ് യഥാർത്ഥ പൗരന്മാർ. എന്താണ് അവരുടെ അവകാശങ്ങൾ…

എല്ലാ ടെസ്റ്റുകളേയും നിഷ്പ്രഭമാക്കിക്കൊണ്ട് വിക്ടോറിയ, പയറു പോലെ മൾട്ടി സ്പെഷ്യലിറ്റിയിൽ നിന്നും പുറത്തുവന്നു. വിക്ടോറിയ വരുന്നെന്ന് കേട്ട് ജനങ്ങൾ ചേന്ദൻ്റെ വീട്ടിലേക്ക് കൂട്ടം കൂട്ടമായി എത്തിച്ചർന്നു.

മിഖായേല, അനുരാധ, മേരിക്കുഞ്ഞ്, രാജപ്പൻ, വിശാലാക്ഷൻ തുടങ്ങി പഠിച്ചു പഠിച്ചു കിളിപോയ വേലൻ മാഷ് വരെ.

സ്റ്റീവൻ, തിരിച്ചുപോകാനുള്ള ടിക്കറ്റും സംഘടിപ്പിച്ചാണ് വന്നത്.

വിക്ടോറിയ വന്ന ഉടനെ അകത്തേക്ക് കയറി വാതിൽ അടച്ചു. ചേന്ദൻ വരാന്തയിൽ ഇരുന്നതേയുള്ളു. തിരിച്ചിറങ്ങിയ വിക്ടോറിയയുടെ കൈയിൽ ലഗേജ് ആയിരുന്നില്ല. പകരം കത്തിയും കൂടും ആയിരുന്നു.

തൻ്റെ മുമ്പിൽ വന്നുനിന്ന വിക്ടോറിയയെ, ഭൂഖണ്ഡങ്ങളുടെ സമരസപ്പെടൽ എന്നവണ്ണം ചേന്ദൻ നെറുകയിൽ ചുംബിച്ച് അനുഗ്രഹിച്ചു.

സ്റ്റീവൻ തനിക്ക് ആവുന്ന വിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിക്ടോറിയ വഴങ്ങിയില്ല.

നേരേ തെങ്ങിനടുത്തേക്ക് ചെന്ന് കയറുകൊണ്ട് കൈപിടി ഉണ്ടാക്കി തേങ്ങിനെ ചുറ്റി ബലം പരിശോധിച്ചു. പിന്നെ ഇടത്തെ കാൽ, മടലുകൊണ്ട് ഉണ്ടാക്കിയ ഒന്നാമത്തെ പടിയിൽ വച്ചു. കൈപിടി മുകളിലേക്ക് ഊർത്തി പിടി മുറുക്കി വലത്തെ കാലുവച്ചു രണ്ടാമത്തെ പടിയിലേക്കു കയറി. അങ്ങിനെ മുന്ന്.. നാല്… അഞ്ച്‌…

ആവേശത്തോടെ കാണികൾ ആർത്തു.

അപ്പ്.. അപ്പ്… വിക്ടോറിയ
അപ്പ്.. അപ്പ്… വിക്ടോറിയ

ഇരുന്നൂറോളം മൊബൈൽ ഫോണുകൾ കാമറക്കണ്ണുകൾ തുറന്നു. ലൈവായും അല്ലാതേയും ഈ കാഴ്ചകൾ ലോകത്തിൻ്റെ നാനാഭാഗത്തേക്കും പറന്നിറങ്ങി.

വിക്ടോറിയ ചിട്ടവട്ടങ്ങളൊക്കെ പൂർത്തിയാക്കി ചെത്തിയിറക്കിയ കള്ളുമായി ചേന്ദൻ്റെ അടുത്തുവന്നു. ചേന്ദൻ കള്ള് രുചിച്ചുനോക്കിയശേഷം കൂടിവന്നവർക്ക് വിതരണം ചെയ്യാനായി കൊടുത്തു. ആഘോഷമായി കള്ളുകുടി നടന്നുവരവേ….

സ്റ്റീവൻ?

തെങ്ങിൽ കയറി നിൽക്കുന്നു… ആരോ വിളിച്ചു പറഞ്ഞു.

അഞ്ചാമത്തെ പടിക്കും ആറാമത്തെ പടിക്കും ഇടയിൽ മുകളിലേക്കോ താഴേക്കോ എന്ന നിലയിൽ ഇരിക്കുകയായിരുന്നു സ്റ്റീവൻ. ഒരാവേശത്തിന് കയറിപ്പോയതാണ്. അഞ്ചാമത്തെ പടി എത്തിയപ്പോഴാണ് ഈപണി, പണി കിട്ടുന്ന പണി ആണെന്ന് മനസ്സിലായത്. താഴോട്ട് ഇറങ്ങാൻ നോക്കുമ്പോൾ ഭൂമി താഴ്ന്ന് താഴ്ന്ന് പോകുന്നു. പിന്നെ കയ്യുകൊണ്ടും കാലുകൊണ്ടും തെങ്ങിനെ വരിഞ്ഞു മുറുക്കി ഒറ്റ ഇരിപ്പായിരുന്നു. നാട്ടുകാരുടെ കുറച്ചു നേരത്തെ അശ്രാന്ത പരിശ്രമത്തിന് ശേഷമാണ് സ്റ്റീവൻ നിലംതൊട്ടത്‌. നിലത്തിറങ്ങിയതും സ്റ്റീവൻ ചേന്ദൻ്റെ നേരെ ഓടി.

“ഐ വാണ്ട് ടു ലേൺ”…
“ഐ വാണ്ട് ടു ലേൺ”…

സ്റ്റീവൻ്റെ ഈ ശബ്ദം, മൂന്ന് ദിവസം കൂടയിൽ അടച്ചു വെച്ച നെയ്യപ്പം തേങ്ങാക്കൊത്ത് കൂട്ടി കടിക്കുന്ന സുഖത്തോടെയാണ് മിഖായേലയും അനുരാധയും കേട്ടത്.

“ഐ വാണ്ട് ടു ലേൺ”…

സ്റ്റീവൻ വന്ന് ചേന്ദനെ തൊഴുതുനിന്നു. ചേന്ദൻ അകത്തുപോയി കടലാസ്സിൽ ഒരു കുറിപ്പടി കൊണ്ടുവന്നു കൊടുത്തു.

സ്റ്റീവൻ വായിച്ചുനോക്കി. പിന്നെ ചേന്ദനെ നോക്കി.

ചേന്ദൻ പറഞ്ഞു.. “വൈഫൈ പാസ്സ്‌വേർഡ്.. പ്ലീസ് രജിസ്റ്റർ”

സ്റ്റീവൻ്റെ രജിസ്ട്രേഷൻ നമ്പർ “1002”. ആദ്യത്തെ ആയിരം ഒരു ഭംഗിക്ക് വച്ചതാണെങ്കിലും പിന്നെ അങ്ങോട്ട് രജിസ്ട്രേഷൻ്റെ തിരക്കായിരുന്നു. ഇതിനിടയിൽ പല പ്രാവശ്യം വെബ്സൈറ്റ് ഹാങ്ങ് ആയി, മൊബൈൽ ആപ്പ് ക്രാഷ് ആയി. ഇരുട്ടി വെളുക്കുമ്പോഴേക്കും നാട്ടിലുള്ള തെങ്ങുകൾക്ക് എല്ലാം ബുക്കിംഗ് ആയി.

വിശാലക്ഷൻ്റെ നേതൃത്വത്തിൽ തെങ്ങുകൾ ഒപ്പിച്ചു കൊടുക്കുന്ന കരിഞ്ചന്തയും സജീവമായി.

എന്നാണ് തിരിച്ചുപോകുന്നത് എന്നുള്ള ചോദ്യത്തിന് വിക്ടോറിയക്ക് വ്യക്തമായ മറുപടി ഇല്ലാത്തതിനാൽ ചേന്ദൻ സന്തോഷത്തിലാണ്. ഇരുവരും, മിഖായേലയും ചേർന്ന്, ഡ്രോൺ ഉപയോഗിച്ച് കള്ളു ചെത്തുന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങളിലാണ് ഇപ്പോൾ.

ലീവ് കിട്ടാത്തതിനാൽ മത്തായിക്കുഞ്ഞിന് ഇതോന്നും നേരിട്ട് കാണാൻ സാധിച്ചില്ല. പുള്ളിക്കാരൻ, റഷീദിനോടൊപ്പം ബുർജ് ഖലീഫ കുറച്ചുകൂടി വ്യക്തമായി കാണാൻ സാധിക്കുന്ന ഒരു ഫ്ലാറ്റിലേക്ക് മാറി.

ചുണ്ടൻവള്ളം തുഴയാൻ പഠിക്കുന്ന സായിപ്പുമാരും തിരുവാതിര കളിയ്ക്കാൻ പഠിക്കുന്ന മദാമ്മമാരും, വരും ദിവസങ്ങളിൽ മത്തായിക്കുഞ്ഞിന് കാണാനായി, ബുർജ് ഖലീഫയുടെ, ഭൂമിക്കടിയിലെ നിലകളിൽ നിന്നും പതുക്കെ പതുക്കെ പൊങ്ങിവരുന്നുണ്ടായിരുന്നു.

സ്വദേശം വടക്കൻ പറവൂരിൽ ആണെങ്കിലും ജനിച്ചുവളർന്നത് ചെറായിയിൽ. ദുബായിയിൽ സ്വകാര്യ സ്‌ഥാപനത്തിൽ ജോലിചെയ്യുന്നു. വളരെ വർഷങ്ങളായി കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ സന്നദ്ധ പ്രവർത്തകനാണ്.