നാല്പത്തിയൊന്ന്

തെക്കെ പറമ്പില്‍ നിന്നു ആകാശത്തിലേക്ക് വെളുത്ത പുക ഇപ്പോഴും ഉയരുന്നുണ്ട്. മുഴുവനും കത്തി തീരുന്നതും നോക്കി ഏതാനും പേര്‍ അവിടെ അങ്ങിങ്ങായി നില്ക്കുന്നുണ്ട്, ആരും പറഞ്ഞിട്ടല്ല.

മനുഷ്യന്‍ എന്ന നിസാരതയെ ഓര്‍ത്തു, മൗനത്താല്‍ വരിഞ്ഞു മുറുകി നില്‍ക്കുകയാണവര്‍. മരണത്തിന്‍റെ പിടിയില്‍ നിന്ന് കുതറിമറാന്‍ എത്ര ശ്രമിച്ചാലും, ആരുംതന്നെ കാലം വരച്ച വര മുറിച്ചു കടന്നിട്ടില്ല, ഇന്നേവരെ.

മരണം കൂടാന്‍ വന്നവര്‍ ഓരോരുത്തരായി യാത്ര പറഞ്ഞു കൊണ്ടിരിക്കുകയാണ്…….തേയ്ക്കാത്ത വീടിന്‍റെ കോലായില്‍ വെറും നിലത്ത് ചുമരും ചാരിയിരിക്കുകയാണ് ഗോപി. ചിലര്‍ ഗോപിയുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു കുറച്ചുനേരം ഒപ്പം ഇരുന്നു. പിന്നിട് ഒന്നും പറയാനറിയാതെ തലയും താഴ്ത്തി പോയി. മറ്റുചിലര്‍ ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം’ എന്നു പറഞ്ഞു ആശ്വസിപ്പിച്ചു.

“പിന്നെ വരാം”

“സഞ്ചയനത്തിനു വരാം”

ഒരിക്കല്‍ കൂടി വരാമെന്ന നാട്ടു മര്യാദയുടെ സ്നേഹവല വീശികൊണ്ട് പലരും കടന്നു പോയി. അകത്ത് ഗോപിയുടെ അമ്മ കരഞ്ഞു തളര്‍ന്ന് കിടപ്പുണ്ട്. മറ്റൊരു മുറിയില്‍ പെങ്ങന്മാരും. അളിയന്മാരും അവരുടെ കുട്ടികളുമെല്ലാം വീട്ടു മുറ്റത്ത് ഞെട്ടറ്റു വീണ ഇലകളെ പോലെ അങ്ങിങ്ങായി ചിതറി നില്‍പ്പുണ്ട്. മരണം നടന്ന വീട്, ആരോടും ഒന്നും മിണ്ടാതെ അനങ്ങാതെ മരം പോലെ നില്‍ക്കുകയാണ്. മരണത്തിനു ഭാഷയില്ല .

പാതി വഴിയില്‍ നിന്നു പോയ വീടുകള്‍, ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങള്‍, നഷ്ട്ടപ്പെട്ട മോഹങ്ങള്‍ … ജീവിതത്തില്‍ കാലിടറി വീണവരാണ് ഏറിയ പങ്കും ഗോപിക്ക് ചുറ്റിലും. ജീവിക്കാനാഗ്രഹിച്ച ജീവിതവും ജീവിക്കുന്ന ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തായമ്പക എന്നും അയല്‍പക്കങ്ങളില്‍ നിന്നു കൊട്ടികയറുന്നത് ഗോപിയുടെ വീട്ടിലിരുന്നാല്‍ കേള്‍ക്കാം. അടച്ചോറുപ്പുള്ള ഒരു നല്ലവീട് എന്ന സ്വപ്നത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന സാധാരണ മനുഷ്യരായിരുന്നു അവരെല്ലാം.

മക്കളും കുട്ടികളും അങ്ങനെ എല്ലാവര്‍ക്കും കൂടി ഒരുമിച്ച് ഒരു നേരം വന്നു നില്‍ക്കാന്‍ പറ്റുന്ന ഒരു വീട് ഗോപിയുടെ അച്ഛന്‍റെയും സ്വപ്നമായിരുന്നു. അതു പോലെ മറ്റൊരു ഒരു ആഗ്രഹമായിരുന്നു മകന് ഒരു സര്‍ക്കാര്‍ ജോലി. രണ്ടിന്‍റെയും ഉദയത്തിനു തൊട്ടു മുന്നേയുള്ള നേരിയ വെള്ള കീറല്‍ കണ്ടുകൊണ്ട് തെല്ലൊരു ആശ്വാസത്തോടെ മരിക്കാനായിരുന്നു ഗോപിയുടെ അച്ഛന്‍റെ യോഗം.

“എന്നാണ് ജോയിന്‍ ചെയ്യേണ്ടത് ? “
“രണ്ടാംതിയതിക്കുള്ളില്‍”
“അപ്പോ ,സഞ്ചയനം കഴിഞ്ഞ അന്നു തന്നെ പോകേണ്ടി വരും ല്ലെ ?”
“ഉം”
“നല്പത്തിയൊന്നിനു വരാന്‍ പറ്റില്ലേ ?”
“വരും”
താനല്ലാതെ മറ്റൊരാള്‍ ഇനിവരാന്‍ ഇല്ലല്ലോ. ഗോപി ഉള്ളില്‍ തന്നോട് തന്നെ അടക്കം പറഞ്ഞു .


സീതാപൂര്‍

നാട്ടില്‍ നിന്ന് ഏതാണ്ട് രണ്ടാരിത്തി അഞ്ഞൂറിലകം കിലോമീറ്റര്‍ അകലെയാണ്. രണ്ടു മൂന്നു ദിവസത്തെ ട്രെയിന്‍ യാത്രയുണ്ട്. വ്യാസ മഹര്‍ഷി മഹാഭാരതം എഴുതാന്‍ തിരഞ്ഞെടുത്ത സ്ഥലമാണത്രെ. ശിപ്പായി ലഹളക്ക് ശേഷം ബ്രിട്ടിഷുക്കാര്‍ നാട്ടുക്കാരെ അമര്‍ച്ചചെയ്യാന്‍ വേണ്ടി അവരുടെ മിലിറ്ററി ഹെഡ് ക്വാട്ടെര്‍സായി തിരഞ്ഞെടുത്തതും സീതാപൂരിനെയാണ്. കഥയുടെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിന്‍റെ കഥയും കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥലം.

ഭാഷ, വേഷം, ഭക്ഷണം….. എല്ലാം വ്യത്യസ്തം. തികച്ചും അഞ്ജാതവും അപരിചിതവുമായ ഒരിടം. സീതാപൂരിലെ കുട്ടികളെ രസതന്ത്രം പഠിപ്പിക്കണം. ഗോപിയെ തേടിവന്ന സര്‍ക്കാര്‍ ജോലിയാണ്, പോകാതെ തരമില്ല. അച്ഛന്‍ ബാക്കി വെച്ച പലതും പൂര്‍ത്തിയാക്കണം. അല്ലെങ്കിലും കൈമാറി കിട്ടിയ പലതും വീടാനുള്ള ഇടമാണല്ലോ വീട്.

‘സങ്കടങ്ങളെല്ലാം കുഴിവെട്ടി മൂടി’ സിതാപൂരിലേക്ക് വണ്ടി കയറി.

ജോയിന്‍ ചെയ്ത അന്നു തന്നെ തന്‍റെ ജീവിതകഥയുടെ ഒരു രത്നച്ചുരുക്കം പ്രിന്‍സിപ്പാള്‍ മഹിന്ദര്‍ സിങ്ങിനോട് പറയേണ്ടി വന്നു. എങ്കിലേ ലീവു തരപ്പെടുകയുള്ളൂ എന്ന് ചൌക്കിദാര്‍ രാംഗോപാല്‍ കാതില്‍ രഹസ്യമായി മുന്നറിയിപ്പ് തന്നിരുന്നു.

“ആത്മാ കോ ശാന്തി മില്‍നാ ഹേ”

ലീവ് ലെറ്ററില്‍ ഒപ്പിട്ടു. കപ്പടാ മീശക്കാരന്‍ മഹിന്ദര്‍ സിംഗ് എഴുന്നേറ്റു നിന്ന് തൊഴുകൈയോടെ പറഞ്ഞു.

“ധന്യവാദ് സാര്‍”

ഭക്തിയും ബഹുമാനവുമെല്ലാം ഇന്നാട്ടുക്കാരെ കണ്ടു പഠിക്കണം. കുട്ടികള്‍ അധ്യാപകരുടെ കാലു തൊട്ടു വന്ദിക്കും, മഹാഭാരത കഥയിലെ ശിഷ്യരെ പോലെ ഗുരു ഭക്തി കാണിക്കും.

ലീവ് കിട്ടിയെങ്കിലും ട്രെയിന്‍ ടിക്കറ്റ് കിട്ടാന്‍ റയില്‍വേ കനിയണം .

“ആപ് ലക്നൌ ജായെഗെ തൊ വഹാം സെ തത്കാല്‍ റിസര്‍വേഷന്‍ മില്ലേഗ” ….. ഹിന്ദി മാഷ് വാരണാസിക്കാരന്‍ ഭിട്ടു സോണല്‍ തോളില്‍ തട്ടി കൊണ്ട് സ്നേഹം പങ്കു വെച്ചു..

അന്‍പത്തി രണ്ടു കിലോ മീറ്റര്‍ ബസ് യാത്രയുണ്ട്. ആളുകളെ കുത്തി നിറച്ച് പൊടി പടലങ്ങള്‍ ആകാശത്തിലേക്ക് പറപ്പിച്ചു കൊണ്ട് ബസ് ലക്നൌവിലെത്തുമ്പോള്‍ രാത്രി ഒബത് മണിയായി.

നല്ല തണുപ്പ് ……

റിസര്‍വേഷന്‍ കൌണ്ടര്‍ അടഞ്ഞു കിടക്കുകയാണ്. നാളെ കാലത്ത് അഞ്ചു മണിക്ക് തുറക്കും. കൈയില്‍ കരുതിയ ബാഗ് തലയിണയാക്കി, കൌണ്ടറിനു താഴെ വെറും നിലത്തു കിടന്നു.

തൊട്ടടുത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാടോടികള്‍. ഉറങ്ങി കിടക്കുന്ന എല്ലാവരെയും മണത്തു നടക്കുന്ന തെരുവു പട്ടികള്‍. നാടിനെ സ്വപ്നം കണ്ട് ഉറങ്ങി പോയതറിഞ്ഞില്ല.

വൈറ്റിംഗ് ലിസ്റ്റ് നമ്പര്‍ മൂന്നാണ്. ‘സെരൂര്‍ മിലേഗാ സാര്‍’ സ്കൂളിലെ ഒട്ടു മിക്കവരും ഉറപ്പു നല്‍കി, പലരും പല തവണ വന്നും പോയ അനുഭവങ്ങള്‍ ഗോപിയോട് പങ്കുവെച്ചു. ആകെക്കൂടി ഒരാത്മവിശ്വാസം വന്നു.

അങ്ങു ദൂരെ ദൂരെ വിന്ധ്യാപര്‍വത നിരകള്‍ക്കും പശ്ചിമഘട്ടമലനിരകള്‍ക്കും അപ്പുറമാണ് കടമ്മനിട്ട.
ഗോപിയുടെ ചിന്തകള്‍ പൈക്കളെ പോലെ കടമ്മനിട്ടയിലൂടെ അലഞ്ഞു തിരിഞ്ഞു. ക്ഷീണിതനായാണ് റയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

റിസര്‍വേഷന്‍ ചാര്‍ട്ടില്‍ പേരില്ല. ടിക്കറ്റ് കൺഫേമായിട്ടില്ല. വണ്ടി വരാന്‍ ഒരു മണിക്കൂര്‍. എന്തു ചെയ്യണമെന്നറിയാതെ പ്ലാറ്റ്ഫോമിലെ ബെഞ്ചില്‍ തലയും താഴ്ത്തിയിരുന്നു. തന്‍റെ വരവും കാത്ത് വീട് നില്‍ക്കുന്നത് ഓര്‍ത്തപ്പോള്‍ മനസ്സില്‍ കാര്‍ മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി.

“എന്ന സാര്‍ പ്രോബ്ലെം ?”

തോളില്‍ കൈവെച്ച രൂപത്തെ നോക്കി, തടിച്ചു നീണ്ട ആജാനബാഹുവായ ഒരു മനുഷ്യന്‍.

“സര്‍ ,ഞാന്‍ ഷണ്മുഖം, പാതി തമിഴ് പാതി മലയാളി. ഇങ്കെ ചിന്ന ബിസ്സിനസ്സ് “

കാര്യങ്ങള്‍ ഷണ്മുഖത്തിനോട് പറഞ്ഞു .

“ശരി സാര്‍, നാന്‍ പാക്കലാം”

ഗോപിയുടെ കൈയില്‍ നിന്ന്‍ ഷണ്മുഖം തത്കാല്‍ ടിക്കറ്റ് വാങ്ങി റിസര്‍വേഷന്‍ ഓഫീസിന്‍റെ ഉള്ളിലേക്ക് പോയി. അല്പം കഴിഞ്ഞു അയാള്‍ തിരച്ചു വന്നു.

“സീക്കറം ഇന്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യ്, അതുക്കപ്പുറം ഒരു ജെനറല്‍ ടിക്കറ്റ് എട്, അന്ത ജെനറല്‍ ടിക്കറ്റും ഒരായിരം രൂപയും തന്നാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് റെഡിയാക്കാം, ഉള്ളെ നമുക്ക് ആളിരിക്ക്”…

ഷണ്മുഖം പറഞ്ഞപോലെ എല്ലാം ചെയ്തു .

ദൈവം പല രൂപത്തില്‍ വരുമെന്ന് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. തൂണിലും തുരുമ്പിലും ഒളിഞ്ഞിരിക്കുന്ന ദൈവം, ഷണ്മുഖത്തിന്‍റെ വേഷത്തിലാണ് തന്‍റെ മുന്നില്‍ എത്തിപ്പെട്ടത്. ഗോപി നിഷ്കളങ്കമായ തന്‍റെ കുട്ടിക്കാലത്തിലേക്ക് ഒന്നു പോയി.

തനിക്ക് പോകേണ്ട വണ്ടി പ്ലാറ്റ്ഫോമിലേക്ക് സാവധാനം വന്നു. ഷണ്മുഖം തന്ന ജനറല്‍ ടിക്കറ്റിനുമേല്‍ ആരോ ‘എസ് ഏഴ് ഒന്ന് എന്ന് പേന കൊണ്ട് എഴുതിയിരിക്കുന്നു. വണ്ടി പതുക്കെപ്പതുക്കെ മുന്നോട്ട്‌ നീങ്ങി തുടങ്ങി. ഒരിക്കല്‍ കൂടി കമ്പാര്‍ട്ടുമെന്റ്റിന്‍റെ വാതില്‍ പടിയില്‍ നിന്നു പിറകോട്ടു നോക്കി.

ഷണ്മുഖം അല്ല ദൈവം കൈ വീശി കൊണ്ട് അവിടെ തന്നെ നില്‍ക്കുകയാണ്.

ആകസ്മികതയുടെ ആകെ തുകയാണ് ജീവിതം. എസ്.സെവനിലിരുന്ന് ജീവിതത്തെ നിര്‍വചിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി. ജീവിതത്തിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഒരു കണിയാനും ഇതുവരെ കൃത്യമായി പറഞ്ഞിട്ടില്ല.

പുറത്തെ കാഴ്ചകളുടെ മേല്‍ മെല്ലെ തണുപ്പും ഇരുട്ടും ഇണചേരാന്‍ തുടങ്ങിയിരിക്കുന്നു. തീവണ്ടി കുടുതല്‍ ഇരുട്ടിലേക്ക് കുതിരയെ പോലെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്.

അച്ഛനെയോര്‍ത്ത് നെടുവീപ്പിട്ടും ഷണ്മുഖത്തെയോര്‍ത്ത് ആശ്വസിച്ചും തന്‍റെ ബര്‍ത്തില്‍ ബെഡ് ഷീറ്റ് വിരിച്ചു കിടന്നു. ഉറക്കത്തിനും മയക്കത്തിനുമിടയില്‍ എപ്പോഴോ കറുത്ത കോട്ടിട്ട ഒരു പിശാച് വന്ന് കോളറില്‍ പിടിച്ച് ഗോപിയെ വലിച്ച് താഴേക്കിട്ടു.

“അരെ തു കോന്‍ ഹേ ?”

“ടിക്കറ്റ് ദിഖാവോ”

ടിക്കെറ്റടുത്ത് കാണിച്ചു. അയാള്‍ അതു വാങ്ങി, നോക്കിയശേഷം ആര്‍ത്തട്ടഹസിച്ചു.

“അരെ ഗദേ ,യഹ് ടി ടി ഇ. ക്ക സീറ്റ് ഹേ”

അതുവരെ തന്‍റെ തലയില്‍ കൂട് വെച്ച ദൈവത്തിന്‍റെ വെള്ളരിപ്രാവുകള്‍ ഓരോന്നായി ആ നിമിഷം ചിറകടിച്ചു പറന്നകലുന്നത് ഗോപി തിരിച്ചറിഞ്ഞു.

“ജനറല്‍ കംപാർട്ട്‌മെന്‍റ് മേം ജാവോ ബാത് മാഷ് “

ബാഗിനും പുതുപ്പിനുമോപ്പം ഗോപിയെയും അയാള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഈശ്വരാ ഇത് ഏതാണ് സ്റ്റേഷന്‍ ?

ഏതാണ് സ്ഥലം ?

ജനറല്‍ കംപാർട്ട്‌മെന്‍റ് മുന്നിലോ, പിറകിലോ ?

ഇരുട്ടാണ്‌ എങ്ങും. ഇരുട്ട്.

വിസില്‍ മുഴങ്ങി. തീവണ്ടി സാവധാനം മുന്നോട്ട്‌ നീങ്ങാന്‍ തുടങ്ങി. ബാഗും പുതപ്പും വാരിയെടുത്ത് ഇരുട്ടിലൂടെ അയാള്‍ പിറകിലേക്ക് ഓടി.

നാളെയും കഴിഞ്ഞ് മറ്റെന്നാളാണ് അയാളുടെ അച്ഛന്‍റെ നാല്പത്തിയൊന്ന്.

തൃത്താല സ്വദേശി. മലപ്പുറം നവോദയ വിദ്യാലയത്തില്‍ ലൈബ്രറിയന്‍. പറയജീവിതത്തിന്‍റെ അടയാളങ്ങള്‍ - (ഫോക്ക് ലോര്‍ പഠനം ,കേരള ഫോക്ക് ലോര്‍ അക്കാദമി,കണ്ണൂര്‍ ) തൂമങ്ങള്‍- (നോവല്‍ ) എന്നിവയാണ് പ്രസിദ്ധികരിച്ച കൃതികള്‍ .