വലിയ കോർട്ടിലെ ചെറിയ പരീക്ഷകൾ

“കാറ്റു തരുന്നുണ്ടേ” എന്നുറക്കെ പ്രഖ്യാപിച്ചു കിതപ്പാറ്റുന്ന പങ്കയുടെ കിരുകിരുപ്പ് താളത്തിൽ ലയിച്ചു കണ്ണട തുടച്ചു മിനുക്കി. ഹാജർ പട്ടികയിലെ ‘തടങ്കൽ കോള’ ത്തിൽ ‘രാവിലെ ഞാനും വന്നിട്ടുണ്ടെന്ന’ തെളിവ് രേഖപ്പെടുത്തിയതിനു ശേഷം അംഗുലീചലനത്താൽ കമ്പ്യൂട്ടറിന്റെ അലസതയിലുറങ്ങുന്ന ദീർഘചതുര മുഖം പ്രകാശിപ്പിച്ചു.

മേശപ്പുറത്തു തലമൂടും ഉയരത്തിൽ അടുക്കിവെച്ചിരിക്കുന്ന ടാബുലേഷൻ രജിസ്റ്ററുകളുടെ മുകളിൽ പതിഞ്ഞിരിക്കുന്ന ‘സൂര്യ വട്ടം’ ഘടികാര സമയം ഓർമ്മിപ്പിച്ചു ചോദിച്ചു.

“ന്താ പണി തുടങ്ങാനൊരമാന്തം”

ആയാസത്തോടെ അവയിലൊരെണ്ണം മുന്നിലെടുത്തുവെച്ചതും പൊടിപടലങ്ങൾ അവയുടെ അസ്തിത്വം തുറന്നു പറഞ്ഞു കാറ്റിലകന്നു.

ബിരുദ പഠന കാലയളവിലെ ഓരോ വിദ്യാർത്ഥിയുടേയും കഠിനാധ്വാനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അക്കങ്ങളായി ചുരുക്കിയെഴുതുന്ന 30 സെൻറിമീറ്റർ വീതിയും 42 സെൻറിമീറ്റർ നീളവുമുള്ള പട്ടികയാണ് ടാബുലേഷൻ രജിസ്റ്റർ.

അതുകൊണ്ടു ഓരോ പേജും മനസ്സിൽ ഭാരം നിറച്ചാണ് മറിഞ്ഞുവീഴുക. ഭാവി നിശ്ചയിക്കുന്ന അക്കങ്ങളുടെ ഭാരം പേറുന്ന പട്ടികത്താളിൽ അതീവ ശ്രദ്ധയോടെ കണ്ണും മനസ്സും ആഴ്ത്തിവെച്ചു.

ഇടവേളകളില്ലാതെ അക്കങ്ങൾ തലക്കുള്ളിലേക്കു കയറിനില്ക്കേ, ചായകുടി നേരത്തിന്റെ ഒച്ചയനക്കങ്ങൾ തൊട്ടടുത്ത സീറ്റുകളിൽ നിന്നുമുണ്ടായി. കാന്റീൻ ചായയുടെ ചവർപ്പ് വായിൽ തികട്ടി വന്നപ്പോൾ ടാബുലേഷൻ രജിസ്റ്റർ വിട്ടിറങ്ങിയ കണ്ണുകൾ പുറത്തേക്കുള്ള വാതിലിലേക്ക് പോയി നിന്നു.

വാതിലിനപ്പുറത്തുനിന്നും മുറിക്കുള്ളിലേക്കു നീണ്ടു വന്ന ആശങ്ക നിറച്ച ഒരു അപരിചിത മുഖത്തിലെ കണ്ണുകൾ മുറി മുഴുവനും ഓടിത്തളർന്നതിനുശേഷം എന്റെ കണ്ണുകളിലേക്കു നങ്കൂരമിട്ടു.

തലയാട്ടലിന്റെ പരിചയ രശ്മികൾ പിൻതുടർന്നു അവർ നേരെയെന്റെ അരികിലേക്ക് വന്നു. കാഴ്ചയിൽ നാല്പത് വയസ്സോളം പ്രായം മതിക്കുന്ന സ്ത്രീയുടെ പിന്നിൽ നിഴൽപോലെ ഒരു പയ്യനുമുണ്ട്. നേര്‍ത്ത സ്വർണ്ണ ഫ്രെയിമുള്ള കണ്ണട അല്പം പതിഞ്ഞ മൂക്കിലോട്ട് കയറ്റി മുഖത്തെ ആശങ്ക നേര്‍പ്പിച്ചു അവരെന്റെ നേർക്കൊരു മഷിപുരണ്ട വെള്ളക്കടലാസ് നീട്ടി.

ഒന്നോടിച്ചു വായിച്ച അപേക്ഷപത്രം പേപ്പർവെയ്റ്റിന്റെ ഭാരത്തിൽ മേശയുടെ മുകളിൽ അനങ്ങാതെ നിന്നു.

“പരീക്ഷയുടെ തലേദിവസം പരീക്ഷാകേന്ദ്രം മാറ്റി നൽകാനാവില്ല”

ശീഘ്രഗതിയിൽ നൽകിയ തിരസ്കരണത്തിന്റെ നിരാശാവേരുകൾ അവരുടെ മുഖത്ത് പിണഞ്ഞുനിന്നു.

“സാർ, സ്ക്രൈബിനെ വെച്ചാണിവൻ പരീക്ഷയെഴുതുന്നത്. ഇത്രയും ദൂരമുള്ള പരീക്ഷാകേന്ദ്രത്തിൽ സ്ക്രൈബിനെ കൊണ്ടു പോകാൻ വല്യ ബുദ്ധിമുട്ടാണ്.”

അപ്പോഴേക്കും എന്റെ നോട്ടം സ്ത്രീയുടെ പിന്നിൽ നിൽക്കുന്ന പൊടിമീശക്കാരനിൽ പതിഞ്ഞു. കാപ്പിക്കളർ കണ്ണും അവിടെയിവിടെ മുളച്ചു നിൽക്കുന്ന താടിരോമങ്ങളുമായി സുന്ദരനായ ഒരു പയ്യൻ. അവൻ ഓഫീസിലെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.

സ്ത്രീ വേഗം ബാഗ് തുറന്നു പരീക്ഷകളിൽ സ്ക്രൈബിനെ അനുവദിച്ചു കൊണ്ടുള്ള സർവ്വകലാശാല ഉത്തരവിന്റെ കോപ്പിയും മറ്റു ഡോക്യുമെൻറുകളും മേശപ്പുറത്തു നിരത്തി തുടർ ചോദ്യങ്ങൾക്കുള്ള ഉത്തരം പൂരിപ്പിച്ചു.

“ഈ കാര്യങ്ങളൊക്കെ നിങ്ങൾ അപേക്ഷയിൽ പറയണമായിരുന്നു. പക്ഷേ നാളെയല്ലേ പരീക്ഷ, ചോദ്യപേപ്പറുകളും നോമിനൽ റോളുമൊക്കെ പരീക്ഷാ കേന്ദ്രങ്ങളിൽ അയച്ചുകാണും”

“സാർ, എന്തെങ്കിലും ചെയ്തു തരണം. അല്ലെങ്കിൽ അവനു പരീക്ഷ എഴുതാനാവില്ല.”

അവരുടെ വാക്കുകളിലൂടെ മനസ്സിനുള്ളിലേക്കു തുളച്ചു കയറിയ സങ്കടവും തൊട്ടടുത്ത സീറ്റുകളിൽ നിന്നുമുള്ള സഹതാപപൂർവ്വമുള്ള ഒളിക്കണ്ണുകളും എന്നെ സീറ്റിൽ നിന്നും ഉയർത്തി.

“ഞാനൊന്നു കമ്പ്യൂട്ടർസെല്ലിലും പരീക്ഷ കൺട്രോളറുടെ ഓഫീസിലും അന്വേഷിക്കട്ടെ.”  

എന്റെ പിന്നാലെ അവരും കൂടെ നടന്നു. വാരന്തയിലെത്തിയതും അവരുടെ ടെൻഷൻ അയവുവരുത്താൻ ആശ്വാസത്തിന്റെ സൗഹൃദവാതിൽ തുറന്നു അവരോട് ചോദിച്ചു.  

“മോനെന്താ അസുഖം? ആളൊരു മിടുക്കനാണല്ലോ.?”

ചോദ്യത്തിന്റെ ഉത്തരമെന്നോണം അവരുടെ മുഖത്ത് നോവിന്റെ ചുവപ്പ് രാശി പരക്കുകയും കണ്ണുകളിൽ കാർമേഘത്തുണ്ടുകൾ അടിഞ്ഞുകൂടുകയും ചെയ്തു.

“മോന്..” ശ്വാസഗതി കൂടി, വാക്കുകൾ പൂർത്തീകരിക്കാനാവാതെ ഗദ്ഗദത്തോടെ അവരെന്നെനോക്കി. മോൻ അവരുടെ രണ്ടു കൈയ്യും കൂട്ടിപിടിച്ചു നില്ക്കുന്നുണ്ടായിരുന്നു.  

അവരുടെ ആകസ്മിക പ്രതികരണത്തിൽ ഞാൻ സ്തംഭിച്ചു പോയിരുന്നു. ഞാനീ രംഗം ആരെങ്കിലും കണ്ടോ എന്ന് നെഞ്ചിടിപ്പോടെ ചുറ്റിലും നോക്കി. നീണ്ട ഓഫീസ് ഇടനാഴിയിലൂടെ ഒഴുകുന്ന ഇരുട്ടിനു പകലിനെ മറച്ചുപിടിക്കാനാവുന്നില്ലെന്നു തോന്നി. ആരും കണ്ടില്ലെന്ന ആശ്വാസത്തിലും അസ്വസ്ഥത മറക്കാനും ഞാനൊരു നിർദ്ദേശമെറിഞ്ഞു.

“നിങ്ങൾ പുറത്തുപോയി ഭക്ഷണം കഴിച്ചു വന്നോളൂ. അപ്പോഴേക്കും ഉത്തരവാക്കി ഹാൾ ടിക്കറ്റ് എടുത്തുവെക്കാം”

ഞാനാരംഗം അവിടെ അവസാനിപ്പിച്ചെങ്കിലും അവരുടെ തേങ്ങലും കണ്ണുനീരും എന്നിൽ അസ്വസ്ഥതയുടെ വിത്തുകൾ നട്ടിരുന്നു. പത്ത് മാസം ഉദരത്തിൽപേറിയ കുഞ്ഞിന്റെ വൈകല്യം ഏതൊരമ്മക്കും പറയാനാവില്ല. എന്റെ ചോദ്യം അവരെ നൊമ്പരപ്പെടുത്തികാണും. സമയം കളയാതെ വേഗം കമ്പ്യൂട്ടർ സെല്ലിലേക്കു ചെന്നു കാര്യങ്ങൾ അവതരിപ്പിച്ചു.

“സർവ്വകലാശാലയുടെ സൈറ്റിലൊക്കൊ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാലും സാരമില്ല ഹാൾടിക്കറ്റും നോമിനൽ റോളൊക്കെ നമുക്ക് പുതുക്കിയെടുക്കാം. പക്ഷേ ആദ്യം പരീക്ഷാകേന്ദ്രത്തിലെ പ്രിൻസിപ്പാളുമായി കോൺടാക്റ്റ് ചെയ്യണം”

കമ്പ്യൂട്ടർ സെല്ലിൽ നിന്നു കിട്ടിയ മറുപടിയുടെ സന്തോഷത്തിലും അവേശത്തിലുമായിരുന്നു പരീക്ഷാകേന്ദ്രത്തിലെ പ്രിൻസിപ്പാളിനെ വിളിച്ചു കാര്യം അറിയിച്ചത്.

“പറ്റില്ല. റൂമൊക്കെ അറൈഞ്ച് ചെയ്തു റെജിസ്റ്റർ നമ്പറും എഴുതിക്കഴിഞ്ഞു. ഇനി ഒരു കുട്ടിയെ കൂടെ ഉൾക്കൊള്ളിക്കണമെങ്കിൽ പുതിയ മുറിയും അഡീഷണൽ ഇൻവിജിലേറ്ററും വേണ്ടി വരും. ഇവിടെ നാളെ തന്നെ വേറെ പരീക്ഷ നടക്കുന്നതിനാൽ മുറിയും ഒഴിവില്ല.”

സഹകരണത്തിന്റെയോ തുടർ ചർച്ചയുടെയോ നേരിയ ഒരു പാലം പോലുമിടാതെ പ്രിൻസിപ്പാൾ ഫോൺ കട്ടു ചെയ്തു. ശുഭാപ്തി വിശ്വാസത്തിന്റെ കൈവിളക്ക് കെട്ടുപോയ നിരാശയോടെ, അവസാന പരിശ്രമത്തിന്റെ ഭാഗമായി പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ എത്തിയപ്പോൾ അദ്ദേഹം എന്തോ അടിയന്തര യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.  

ഇനിയെന്തു ചെയ്യാനാവും എന്നാലോചിച്ചു കൊണ്ടു ഉച്ചഭക്ഷണത്തിനായി കാൻറീനിലേക്ക്, മൂടിക്കെട്ടിയ ആകാശത്തിന്റെ തണൽച്ചോലയിലൂടെ നടന്നു. കാന്റീനിലേക്കുള്ള വഴിയുടെ വലതുഭാഗത്തുള്ള ലൈബ്രറികെട്ടിടത്തിന്റെ അരികുചേർന്നുള്ള അലസിമരക്കൊമ്പിൽ, ഓണാഘോഷ വേളയിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ നേരത്തെ കണ്ട പയ്യനും ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ കവചത്തിൽ അമ്മയും ഇരിക്കുന്നു. അവരിൽ നിന്നു രക്ഷപ്പെടാനെന്നോളം തലതാഴ്ത്തി വേഗത്തിൽ നടക്കുമ്പോഴായിരുന്നു

“സാർ’

എന്ന പിൻവിളി കാതിൽ പതിഞ്ഞത്. വിളിയുടെ ഉത്ഭവം അറിയാമെങ്കിലും അവരോടെന്തു പറയും എന്ന വിഷമത്തോടെ ഞാൻ തിരിഞ്ഞു നിന്നു.  

“സാർ സോറി, നേരത്തെ എന്തോ പെട്ടന്ന് വിതുമ്പിപോയി.”

“ഓ അത് സാരമില്ല.”

“മോൻ സംസാരിക്കില്ല. പിന്നെ ഐ.ക്യൂ നോർമലിനേക്കാളും കുറവാണ്.”

മരച്ചോട്ടിലേക്ക് മാറിനില്ക്കുമ്പോൾ പൊടുന്നനെ ഒച്ചയറ്റു വന്ന ഉച്ചക്കാറ്റിൽ ദിശതെറ്റി വീഴുന്ന പച്ചിലകൾ പോലെ അവരുടെ സന്തോഷത്തൂവലുകൾ ജീവതക്കാറ്റിൽ എവിടെയൊക്കെയോ ദിശതെറ്റി പാറിപ്പോയിട്ടുണ്ടെന്നു തോന്നി.

“നാളെ പരീക്ഷയല്ലേ അവിടെയിരുന്നു ഞാനവനെ പഠിപ്പിക്കുകയായിരുന്നു. കുറച്ചൊക്കെ ഓർത്തുവെക്കും”

 ഊഞ്ഞാലാടുന്ന അവനേയും അവന്റെ കൈയ്യിലുള്ള പന്തും നോക്കി ഞാൻ ചോദിച്ചു.

“ആൾക്ക് ബോൾ വല്യ ഇഷ്ടമാണെന്നു തോന്നുന്നു. കളിക്കുമോ?”

“കളിക്കാനൊന്നും ആവില്ല പക്ഷേ ബോൾ എപ്പോഴും അവന്റെ കൈയ്യിലോ ബാഗിലോ ഉണ്ടാവും. ബോളും വോളിബോൾ കളിയും വല്യ ഇഷ്ടമാ അവന്റെ അച്ഛനെപോലെ”

“അച്ഛൻ വോളിബോൾ പ്ലയർ ആണോ?”

എന്റെ ചോദ്യം വിണ്ടുമവരെ വേദനിപ്പിച്ചോ! വാക്കുകളെ പുറത്തേക്കിറക്കിവിട്ട ചുണ്ടുകളെ പഴിചാരി.

“വോളിബോൾ താരമായിരുന്ന ജോ ജോണിന്റെ മകനാണ്”

ഒരു കാലത്ത് മലബാറിലെ മണ്ണ് മണക്കുന്ന ഗ്രൗണ്ടുകളിൽ തോളറ്റം ചേര്‍ത്ത് വെട്ടിയ സ്പ്രിങ്ങ് മുടിയിളക്കി നെറ്റോളമുയർന്നുചാടി തൊടുത്തുവിടുന്ന സ്മാഷുകളും വായുവിലുയർന്നുചാടിയുള്ള ചാട്ടുളി ജമ്പിംഗ് സെർവുകളും മനസ്സിലൂടെ കടന്നു പോയി. മലയാളികളുടെ അഹങ്കാരമായ വോളിബോൾ മാന്ത്രികനെ അറിയാത്തവർ ആരുണ്ട്. വോളിബോൾ കോർട്ടിലെ മാന്ത്രികം പ്രശസ്തിയുടെ ആകാശഗോപുരത്തിലെത്തിച്ച ജോ ജോൺ ജീവിതത്തിന്റെ കോർട്ടിൽ നിന്ന് സ്വയം അപ്രത്യക്ഷനായത് ആരാധകർക്കെന്നും കണ്ണുകലങ്ങുന്നൊരു ഓർമ്മയാണ്. റെയിൽ പാളയത്തിനുമേൽ മരിച്ചുകിടന്ന ജോ ജോണിനെ മയക്കുമരുന്നും കടക്കെണിയും ഒക്കെയുള്ള ചേരുവ ചേർത്ത് മാധ്യമങ്ങൾ അന്നാ മരണം ആഘോഷിച്ചിരുന്നു. എന്റെ നാവിൽ മടിച്ചു നില്ക്കുന്ന ചോദ്യം വായിച്ചറിഞ്ഞതു പോലെ അവർ ഉത്തരം നല്കി.

“ജോ ഒരിക്കലും ആത്മഹത്യചെയ്യില്ല. ഞാനന്നു മൂന്നുമാസം ഗർഭണിയായിരുന്നു. ഐച്ഛിക പേശീചലന നിയന്ത്രണത്തെ ബാധിക്കുന്ന ന്യൂറോ ഡിസോഡറിൽ വളരെ ദുഃഖിതനായിരുന്നുവെങ്കിലും എന്നെയും മോനെയും തനിച്ചാക്കി ജോ ഒരിക്കലും പോകില്ല. ട്രയിൻ ഇറങ്ങുമ്പോളുണ്ടായ അപകടമാണെന്നെനിക്കുറപ്പുണ്ട്.”

കണ്ണുനീരിന്റെ നേർത്ത പാടക്കപ്പുറം അവരുടെ മനസ്സ് കരയുന്നുണ്ടായിരുന്നു. വെയിലിനെ മൂടി വെച്ച ആകാശച്ചോട്ടിലെ കാറ്റിന്റെ ശ്വാസത്തിനുമുണ്ടായിരുന്നു ചെറുയീർപ്പം.

“ഞങ്ങളുടേതു ഒരു പ്രണയ വിവാഹമായിരുന്നു. പാരമ്പര്യത്തിന്റെ തഴമ്പിലൂറ്റം കൊള്ളുന്ന എന്റെ കുടുംബം ജോ വിനെ പൂർണ്ണമായും അംഗീകരിച്ചിരുന്നില്ല. മരണശേഷം ഗർഭം അബോർട്ട് ചെയ്യാനുള്ള എന്റെ കുടുംബത്തിന്റെയും ചെയ്യാതിരിക്കാനുള്ള ജോ വിന്റെ കുടുംബത്തിന്റെയും നിർബന്ധത്തിൽ ഞാൻ ഞെരുങ്ങിപ്പോയിരുന്നു. എല്ലാം തടസ്സങ്ങളെയും അതി ജീവിച്ചു മോനെ പ്രസവിച്ചു. ആദ്യ കാലങ്ങളിൽ കിട്ടിയ സഹാനുഭൂതിയുടെ താങ്ങും തണലും കാലക്രമത്തിലില്ലാതായി. ഇപ്പോൾ ഞാനും മോനും മാത്രം”

അപ്പോഴേക്കും വികാരവിചാരങ്ങളുടെ വിക്ഷുബ്ധതകളില്‍ കുടുങ്ങിക്കിടക്കുന്ന അമ്മയുടെ അരികിലെത്തിയ മോൻ അവരുടെ തോളിൽ പിടിച്ചു കണ്ണിൽ നോക്കുന്നുണ്ടായിരുന്നു.  “ഞാൻ വിഷമിക്കുന്നത് അവന് സഹിക്കില്ല. ഇവന്റെ അസുഖത്തിന്റെ കാരണം ഒരു പരിധിവരെ ഞാനാണ്. ഗർഭസമയത്തു ഞാനനുഭവിച്ച മനോവേദനകളായിരിക്കാം ഒരു പക്ഷേ…”

മനസ്സിനുള്ളിലിനിലും കത്തിതീരാതെ അവശേഷിക്കുന്ന കനലിനുമുകളിൽ പൊള്ളിനിന്ന അമ്മയെ മോൻ അടത്തു വന്നു കഴുത്തോടു ചേർത്ത് ഉമ്മവെച്ചു കണ്ണീർ തുടച്ചു കൊടുത്തു. വാക്കുകൾ മൗനവൃതമനുഷ്ഠിക്കുന്ന അവന്റെ ചുണ്ടകൾ വിറക്കുന്നുണ്ടായിരുന്നു. അധികനേരം ആ രംഗം കണ്ടു നിൽക്കാൻ ത്രാണിയില്ലായ്മയെ മറച്ചുകൊണ്ട് ഞാനവരോട് പറഞ്ഞു.

“ഭക്ഷണം കഴിച്ചു ഇവിടെ തന്നെ ഇരുന്നോളൂ ഞാനിങ്ങോട്ട് ഹാൾടിക്കറ്റ് കൊണ്ടു വന്നു തരാം.”
എന്നു പറഞ്ഞു തിരിച്ചു നടന്നു പരീക്ഷ കൺട്രോളറെക്കണ്ടു കാര്യം ധരിപ്പിച്ചപ്പോൾ സർവ്വകലാശാല ആസ്ഥാനത്തെ പരീക്ഷ ഹാൾ മറ്റൊരു പരീക്ഷയ്ക്കായി പരീക്ഷാകേന്ദ്രമാക്കിയിട്ടുണ്ടെന്നും അവിടെ ഈ കുട്ടിയെക്കൂടെ പരീക്ഷയ്ക്കിരുത്തുവാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.

പുതിയ ഹോൾടിക്കറ്റ് മോന്റെ കയ്യിൽ കൊടുക്കുമ്പോൾ വയ്യാത്ത കുട്ടിയോടുള്ള സ്നേഹമോ ജോ ജോണിനോടുള്ള ആരാധനയോ എന്തെന്നറിയാത്ത ഒരു വികാരം മനസ്സിനുള്ളിൽ ഉരുളുന്നുണ്ടായിരുന്നു.

അമ്മയുടെ കൈപിടിച്ചു ആ വലിയ കുട്ടി നടന്നു പോകുമ്പോൾ ആകാശം രാവിലെ മുതൽ മൂടി വെച്ച പ്രകാശകിരണങ്ങളെ തുറന്നുവിട്ടിരുന്നു.