മനുഷ്യാ.., നീ തന്നെ ജീവിതം

അജ്മാനിലെ ഒരു കോഫീഷോപ്പിന് മുന്നില്‍ സുഹൃത്തുമായി ചായക്കുടിയും സൊറ പറച്ചിലുമായി നില്‍ക്കുമ്പോഴാണ് ‘നിങ്ങളെവിടന്നാണ്’ എന്നൊരു ചോദ്യം വന്നുവീണത്. സംസാരവിഷയങ്ങള്‍ ശ്രദ്ധിച്ചാണ് അയാള്‍ അടുത്തേക്ക് വരുന്നതും. സമയം രാത്രി ഏതാണ്ട് പത്തേമുക്കാല്‍ ആയിട്ടുണ്ട്. അയാള്‍ക്കന്ന് നേരത്തെ കടയടക്കണം. അതെന്തുപറ്റിയെന്ന് ഞങ്ങളതിശയപ്പെട്ടു. വെള്ളിയാഴ്ച കൂടിയാണ്. പ്രവാസികളെല്ലാം നടുനിവര്‍ത്തി ആശ്വസിക്കുന്ന വീക്കെന്റായിട്ടുകൂടി ഇയാള്‍ക്കെന്താണ് ഈ തിരക്കെന്ന് ഞാന്‍ സുഹൃത്തിനോട് ആശ്ചര്യപ്പെട്ടു. ഞങ്ങളുടെ സംസാരം പാതിമുറിച്ചുകൊണ്ട് വീണ്ടും അയാളുടെ ചോദ്യമെത്തി.

‘ങ്ങക്കെന്താ പണീം…

എനിക്ക് സത്യത്തില്‍ ചിരിവന്നു. ചായകുടിക്കാനിറങ്ങിയാല്‍ സാധാരണ ഇത് പതിവുള്ളതാണ്. ആരെങ്കിലുമൊക്കെ അടുത്തുകൂടും. ധാരാളം സംസാരിക്കും, നാട്ടുവിശേഷം പറയും. ഒട്ടുമിക്കപേരും അയല്‍പ്പക്കക്കാരും ബന്ധുക്കളുമൊക്കെയായി പിരിയുകയും ചെയ്യും. പ്രത്യേകിച്ച് കൂടെ വരുന്നവര്‍ അന്യമതസ്ഥരാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ക്ക് നാടൊട്ടുക്ക് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം കാണും. കുടുംബബന്ധങ്ങളെയെല്ലാം എത്രമാത്രമാണ് ഇവര്‍ ചേര്‍ത്തുനിര്‍ത്തുന്നത് എന്ന കാര്യത്തില്‍ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്.

ഇത്തവണ കണ്ടുമുട്ടിയ ചങ്ങാതിക്ക് ഞങ്ങളെ നല്ല മുഖപരിചയമുണ്ട്. ഞാന്‍ നന്നായൊന്നു ചിരിച്ചു. പതിവുചോദ്യം അങ്ങോട്ടിട്ടു.

ചേട്ടനെവിട്യാ നാട്ടില്?

ഞ്യാ തൃസൂരാണ്.. ങ്ങളോ…

ആഹാ… തൃശ്ശൂരെവിട്യാ…

മാളാന്ന് കേട്ട്ണ്ടാ… ങ്ങള് തൃസൂരാണാ.. എറണാകുളാവൂലേ…

ഏയ്, ഞാന്‍ തൃശ്ശൂരെന്നെ… ഷൊര്‍ണൂര്‍ റൂട്ട് മെഡിക്കല്‍ കോളേജിന്റെടുത്ത്.

അവിടെവിട്യാ….ഇവിടെ പണീണ്ടാ.. എവിട്യാണ്

ആ ചേട്ടാ ഒരു ചെറിയ ജോലീണ്ട്. വാര്‍ത്തയെഴുത്താണ് പണി. ഞാന്‍ പറഞ്ഞു. അതോടെ അയാള്‍ കൂടുതല്‍ ഉഷാറായി.

അടുത്തചോദ്യം… പണിപാളാതെ നോക്കാന്‍ സുഹൃത്തപ്പോഴേക്കും ഇടപെട്ടു.

സേവ്യര്‍, ഏതാണ്ട് 50 വയസ്സിനടുത്ത് പ്രായം തോന്നും. ആറ് വര്‍ഷത്തിനുള്ളില്‍ സേവ്യര്‍ ജോലി ചെയ്യുന്ന ഏഴാമത് റെസ്‌റ്റോറന്റാണിത്. കാപ്പി കുടിക്കാന്‍ മലയാളികള്‍ പലരുമെത്തും. പറ്റുന്നവരെയെല്ലാം പരിചയപ്പെടും. മറ്റെന്തെങ്കിലും നല്ലൊരു ജോലി തരപ്പെടുത്താനാണ് ഈ പരിചയപ്പെടലെല്ലാം. കൂട്ടത്തില്‍ ഏന്തെങ്കിലും പിടിപാടുള്ളവരെന്ന് തോന്നിയാല്‍ അവന്റെ കുറച്ച് അനുഭവങ്ങളും പങ്കിട്ട് ഫോണ്‍നമ്പറും വാങ്ങിവെക്കും.

ദുബായിലെ ഒരു മസാജ് സെന്ററില്‍ നിന്നും തികച്ചും യാദൃശ്ചികമായി പരിചയപ്പെടാനിടവന്ന ഒരു മലയാളി സ്ത്രീയെക്കുറിച്ചായിരുന്നു ഞാന്‍ സുഹൃത്തിനോട് കാപ്പികുടിച്ചുകൊണ്ട് സംസാരിച്ചുനിന്നത്. സ്ഥിരം പോയിരുന്ന ജിമ്മിനടുത്തായിരുന്നു ആ മസാജ് സെന്റര്‍. ഒരു വീക്കെന്റില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ജിമ്മിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് മസാജ് സെന്ററിന്റെ പ്ലാസ്റ്റിക് ഡോര്‍ കിറ്കിറ് ശബ്ദത്തോടെ തള്ളിനീക്കി ആ മാദകസുന്ദരി പുറത്തേക്കിറങ്ങിവന്നത്. സെറ്റ് സാരി വെട്ടി തയ്യ്പ്പിച്ചതെന്ന് തോന്നിക്കുന്ന ചുരിദാറായിരുന്നു വേഷം. ഷോള്‍ ഇട്ടിരുന്നില്ല. അതുകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ശരീരവടിവ് ഭംഗിയായി കാണാം. ഒറിജിനല്‍ മുല്ലപ്പൂവെന്ന് തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ചൂടിയിട്ടുണ്ട്. കൂടാതെ തലമുടിയില്‍ ബ്രൗണ്‍ കളര്‍ വാരിപ്പൂശിയിട്ടുണ്ട്. തൊട്ടടുത്തുള്ള മദീന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് അവര്‍ നടന്നുനീങ്ങുന്നത് കണ്ടപ്പോള്‍ ഒന്ന് സംസാരിക്കണമെന്ന് തോന്നി. ഈ കഥ മുഴുമിപ്പിക്കുന്നതിന് മുന്‍പാണ് സേവ്യറിന്റെ വരവ്. സംസാരം കേട്ടിരിക്കുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു.

സേവ്യര്‍ നേരത്തെ ജോലി ചെയ്തിരുന്ന റെസ്‌റ്റോറന്റില്‍ ഒരു ദിവസം പോകണമെന്നവന്‍ ആവശ്യപ്പെട്ടു. ആവശ്യമല്ല അതയാളുടെ നിര്‍ബന്ധമാണെന്ന് തോന്നി. അവനതിന്റെ കാരണവും നിരത്തി.

ആ റെസ്റ്റോറന്റിന് മുകളില്‍ കുറച്ച് താമസക്കാരുണ്ട്. എല്ലാം സ്ത്രീകളാണ്. പല രാജ്യക്കാര്‍, പല വേഷക്കാര്‍, പല ഭാഷക്കാര്‍. പുറംലോകം എന്തെന്നറിയാത്ത കുറേയേറെ സ്ത്രീകള്‍. അത്രമാത്രമേ സേവ്യറിന് നിശ്ചയമുള്ളൂ. ആ മുറിയിലെ ലോകം അങ്ങിനെയായിരിക്കുമെന്നവന്‍ ഊഹിച്ചെടുത്തതാണെന്ന് തോന്നി.

ചില ദിവസങ്ങളില്‍ ഉച്ചസമയം മുകളില്‍ നിന്നും റെസ്‌റ്റോറന്റിന് മുന്നിലേക്ക് ചെറിയ തുണ്ടുപേപ്പറുകള്‍ പറന്നുവന്ന് വീഴും. ഒന്നുരണ്ടെണ്ണം പലപ്പോഴായി സേവ്യറിന്റെ കയ്യിലുമെത്തി. ‘ഹെല്‍പ് മീ’ എന്നായിരുന്നു ഒട്ടുമിക്ക പേപ്പറുകളിലും എഴുതിയിരുന്നത്. ഒരിക്കല്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമെഴുതിയൊരു പേപ്പര്‍ കഷ്ണവും കിട്ടി. ആ നമ്പറില്‍ വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. വെള്ളിയാഴ്ചകളില്‍ കെട്ടിടത്തിന് മുന്നില്‍ വിലകൂടിയ കാറുകളില്‍ ആളുകള്‍ വന്നിറങ്ങുന്നത് കാണാം. രണ്ടോ മൂന്നോ പേര്‍ മുകളിലേക്ക് കയറിപോകുന്നതും കാണാം. തിരിച്ചിറങ്ങുമ്പോള്‍ തലവഴി ഷോള്‍ പുതച്ച് ഒന്നുരണ്ട് സ്ത്രീകളും അവര്‍ക്കൊപ്പമുണ്ടാകും. അങ്ങിനെയാരുനാളാണ് ഷോള്‍ മാറ്റിയൊരു സ്ത്രീ റെസ്‌റ്റോറന്റിലേക്ക് നോക്കുന്നത്. ചുറ്റുപാടുനിന്നും ആരെങ്കിലും ഒരു സഹായത്തിനുണ്ടാവുമോ എന്നായിരുന്നു ആ നോട്ടത്തിലൂടെ മനസ്സിലായതെന്ന് സേവ്യര്‍ പറഞ്ഞപ്പോള്‍ ഇതുപോലെ കേട്ട മറ്റ് ചില കഥകളും മനസ്സിലൂടെ മിന്നിമാഞ്ഞു.

കരാമയിലെ ഇരുട്ടുനിറഞ്ഞൊരു ഫാമിലി ബാറില്‍ സുഹൃത്തുമൊത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു അത്. സുഹൃത്തിന് മുന്നില്‍ നിറഞ്ഞുകവിഞ്ഞൊരു ബിയര്‍ ഗ്ലാസുണ്ട്. ഞാന്‍ വാഴയിലയില്‍ നല്ലൊരു ഉച്ചയൂണ് കഴിക്കാനുള്ള ശ്രമത്തിലാണ്. കറികള്‍ വിളമ്പാന്‍ സുന്ദരമായ കേരളാ സാരിയുടുത്തൊരു ചേച്ചി അടുത്തുവന്നു. സുഹൃത്താണ് അവരെ ആദ്യം പരിചയപ്പെട്ടത്. കോട്ടയത്തുകാരിയാണ്. മൂന്ന് പെണ്‍മക്കളുടെ അമ്മ. മക്കളെല്ലാം നാട്ടില്‍ പഠിക്കുന്നു. ഭര്‍ത്താവിന് കൂലിപ്പണിയാണ്. ഇവിടെനിന്നും കിട്ടുന്ന തുച്ഛമായ തുകയിലാണ് മക്കളുടെ പഠിത്തവും വീട്ടുവാടക നല്‍കലും മറ്റ് ചിലവുകളും. തിരക്കൊഴിഞ്ഞ് എനിക്കവരുമായി കൂടുതല്‍ സംസാരിക്കണമെന്ന് തോന്നി. മൊബൈല്‍ നമ്പറും വാങ്ങിച്ചു. എന്റെ സുഹൃത്തിനായി അവര്‍ പിന്നെയും ബിയര്‍ പകര്‍ന്നു. എന്നോട് സ്‌നേഹത്തോടെ സംസാരിച്ചു. അവര്‍ക്ക് ബുര്‍ജ് ഖലീഫ കാണണം, ബീച്ചിലിറങ്ങണം. ഞാനപ്പോള്‍ വിളമ്പിയ ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചു. ബിയര്‍ സദ്യക്കൊപ്പം കോമ്പിനേഷനല്ലെന്ന് പറഞ്ഞ് രണ്ട് പെഗ് ഉള്ളില്‍ ചെന്നപോലെ ലക്കുകെട്ട് താളത്തില്‍ ഞാനുറക്കെ ചിരിച്ചു. തൊട്ടടുത്ത സീറ്റില്‍ ബിയര്‍ മൊത്തിക്കൊണ്ടിരുന്ന പ്രായമായ രണ്ട് പേര്‍ ഞങ്ങളെ അലോസരത്തോടെ നോക്കി. അപ്പോഴാണ് പ്രധാനവാതില്‍ തുറന്ന് കോട്ടിട്ടൊരു മുതലാളി കയറിവന്നത്. അയാളെ കണ്ടതും ചേച്ചി ഇടംവലം നോക്കാതെ ഹോട്ടലിനുള്ളിലേക്ക് വേഗത്തില്‍ നടന്നു. ഓടിയെന്നുംപറയാം. ഞങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് ഒരുവട്ടം കൂടി അവരെ കാണാന്‍ ശ്രമിച്ചുനോക്കി. വീട്ടിലെത്തിയപാടെ അവര്‍ തന്ന മൊബൈല്‍നമ്പറില്‍ വിളിച്ചു. എടുത്തില്ല. എനിക്കവരോട് വീണ്ടും വീണ്ടും സംസാരിക്കണമെന്ന് തോന്നി. രാത്രിയും പിറ്റേന്ന് രാവിലെയും വിളിച്ചുനോക്കി. നിരാശയായിരുന്നു ഫലം. വൈകുന്നേരം അവരുടെ ഒരു വാട്ട്സ്സാപ്പ് മെസ്സേജ് കിട്ടി. വിളിക്കരുതേ, എനിക്കൊന്നും നിങ്ങളോട് സംസാരിക്കാനില്ല, എന്ന് മാത്രം.

‘ങ്ങളെവിടാപ്പാ പണി, ടീവീലാ.. റേഡ്യാണാ… യൂടൂബാണാ…

നിര്‍ത്താനുള്ള ഉദ്ദേശമില്ല. സേവ്യറ് വീണ്ടും തുടങ്ങി.

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി. മാതൃഭൂമി ദിനപത്രത്തിന്റെ ദുബായ് ലേഖിക. മുറിവോരം, നീ എന്റെയൊരു അടയാളം മാത്രമാണ് (കവിത) എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവ്. വിശപ്പിന്റെ ഭൂപടം എന്ന കവിതക്ക് പാം അക്ഷരതൂലിക പുരസ്‌കാരം, ഓര്‍മ്മക്കൂട്ടിന് അബുദാബി റിസാല സ്റ്റഡി സര്‍ക്കിള്‍ പുരസ്‌കാരം. തൃശ്ശൂര്‍ സ്വദേശി. ദുബായില്‍ താമസം.