നിരീശ്വരൻ വി.ജെ.ജയിംസ്
പൂർണ്ണതയ്ക്കായുള്ള അന്വേഷണം സ്വയമറിയാതെ അവിരാമം തുടരുന്നവരാണ് മനുഷ്യർ . ഒരേ ലക്ഷ്യത്തിലേക്ക് ഓരോരുത്തരും തെരഞ്ഞെടുക്കുന്ന മാർഗങ്ങൾ വ്യത്യസ്തമാണെന്ന് മാത്രം. വാക്കുകളുടെ സംഗമത്തിൽ ഉളവാകുന്ന ഭാവാർത്ഥതലങ്ങളുടെ അനുഭൂതിജന്യമായ പരിണാമത്തിലൂടെ എഴുത്തുകാരൻ തന്റെ മാർഗ്ഗം തേടുന്നു. വായനക്കാരൻ തന്റെ പൂരിപ്പിക്കപ്പെടാത്ത
സ്വത്വത്തെ അക്ഷരങ്ങളിൽ തിരയുന്നു. തന്റെ ജീവിതത്തിന്റെ അപൂർണതകൾ അക്ഷരങ്ങളിലൂടെ ഭാവനാത്മകമായി പൂരിപ്പിക്കപ്പെടുന്നെന്ന് തിരിച്ചറിയുമ്പോൾ വായനക്കാരൻ എഴുത്തുകാരനുമായി അനുനാദത്തിലാവുന്നു . രണ്ടു പേരും തുടർന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ അസ്വസ്ഥത താൽക്കാലികമായി പരിഹരിക്കപ്പെടുകയും ഇരുകൂട്ടരും സംതൃപ്തി നേടുകയും ചെയ്യുന്നു . അധികമാരും വഞ്ചിയടുപ്പിക്കാത്ത കടവിൽ തങ്ങളുടെ കപ്പലടുപ്പിക്കാനുള്ള ശ്രമം മലയാളത്തിലെ സമകാലനോവലിസ്റ്റുകൾ തുടരുന്നു . സവിശേഷ പ്രമേയങ്ങളും പരിചരണവും പിന്തുടർന്ന് സാമ്യമില്ലാത്ത പ്രശ്നങ്ങളെ ആസ്വാദകരുടെ മുന്നിൽ അവതരിപ്പിക്കുന്ന വി. ജെ. ജയിംസ് ആ കപ്പലുകളിലൊന്നിന്റെ അമരക്കാരൻ തന്നെയാണ് .
മനുഷ്യത്വം അന്തർധാരയാക്കി തത്വചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച് സവിശേഷരചനാ ശൈലിയിലൂടെ മലയാള നോവലിൽ തന്റേതായ ഒരു പാത അദ്ദേഹം നിർമ്മിച്ചു കഴിഞ്ഞു .
പുറപ്പാടിന്റെ പുസ്തകം മുതൽ ആൻറിക്ലോക്ക് വരെയുള്ള വി .ജെ . ജെയിംസ് നോവലുകൾ വിഷയസ്വീകരണത്തിൽ വ്യത്യസ്തത പുലർത്തുന്നവയാണ് . ഓരോ നിമിഷവും നമ്മുടെ ഉള്ളിലുള്ളതും
എന്നാൽ തീർത്തും അപരിചിതവുമായ ഒരു പ്രമേയമാണ് വി.ജെ.ജയിംസിന്റെ നിരീശ്വരൻ ആവിഷ്കരിക്കുന്നത് . സാധാരണക്കാരായ കഥാപാത്രങ്ങളുടെ ചിത്തവൃത്തികളിലൂടെയും അവിചാരിതമായി അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളിലൂടെയും കടന്ന് ഓരോ മനുഷ്യനെയും ബാധിക്കുന്ന ഒരു പ്രശ്നമണ്ഡലത്തെ ആസ്വാദക സമക്ഷം അവതരിപ്പിക്കുകയാണ് അദ്ദേഹം. കൃത്യമായ ഉത്തരം ഇല്ലാത്തതെന്ന് സാമാന്യ മനുഷ്യൻ കരുതുന്ന, അല്ലെങ്കിൽ തന്റെ ഉത്തരമാണ് ശരിയെന്ന് ഓരോരുത്തരും ഉറച്ചുവിശ്വസിക്കുന്ന മേഖലകളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവൽ.
മനുഷ്യ ജീവിതം എന്ന മഹാത്ഭുതത്തെക്കുറിച്ച് എപ്പോഴെങ്കിലുമൊക്കെ ചിന്തിക്കാത്ത മനുഷ്യർ ഉണ്ടാവില്ല. ഉത്തരം കിട്ടാത്ത ആ സമസ്യയ്ക്കുമുന്നിൽ പകച്ചു നിന്നിട്ടുള്ള മനുഷ്യർക്കു മാത്രമേ ഇതിലെ കഥാപാത്രങ്ങളുടെ മാനസികനില കുറെയെങ്കിലും ഉൾക്കൊള്ളാനാവു. ആഭാസന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആൻറണി, ഭാസ്കരൻ, സഹീർ എന്നീ മൂന്ന് നിരീശ്വരവാദികളെ അവതരിപ്പിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്.
ആത്മാവിനാൽ ബന്ധിക്കപ്പെട്ട മൂന്ന് വ്യക്തിത്വങ്ങളായ അർണോസ്, സൈദ് ഈശ്വരൻ എമ്പ്രാന്തിരി എന്നിവരെയും സമാന്തരമായി അവതരിപ്പിക്കുന്നുണ്ട്. ഗന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നതിന് ഏകാന്തവാസം തിരഞ്ഞുവന്ന റോബർട്ടോ എന്ന ശാസ്ത്രജ്ഞനും ഒരു നാടിന്റെ കിതപ്പും കുതിപ്പും അറിയുന്ന ജാനകി എന്ന വേശ്യയും കഥാഗതിയെ മുന്നോട്ടു നയിക്കുന്നു.
നിരീശ്വര ക്ഷേത്രത്തിൻറെ ഉല്പത്തി കഥയുമായാണ് ആദ്യ ദലം വിടരുന്നത് . ജാതിമതഭേദമെന്യേ ആളുകൾ ജീവിക്കുന്ന ദേവത്തെരുവിന് ആ പേരു വന്നതിൽ അമർഷം പൂണ്ട് കഴിയുകയായിരുന്നു ആഭാസന്മാർ. അവർ സ്വയം സ്വീകരിച്ച ആഭാസന്മാർ എന്ന പേരു തന്നെ ഏതു നിമിഷവും വെട്ടിത്തിരിയാനുള്ള അവരുടെ പ്രാപ്തിയെ വ്യക്തമാക്കുന്നതാണ് ദേവത്തെരുവിനെ ആഭാസത്തെരുവെന്ന് പുനർനാമകരണം ചെയ്ത ആഭാസന്മാർ അവിടെ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നു. ബുദ്ധനും മഹാവീരനും ചാർവാകനും വിഭാവനം ചെയ്ത നിരീശ്വരവാദത്തിനു ഒരു മൂർത്തരൂപം സൃഷ്ടിക്കുകയാണ് അവർ ചെയ്തത്. ഇന്ദ്രിയാതീതമായ ഒരു ആവാസസ്ഥാനം നിരീശ്വരനൊരുക്കാനായി ആലിനെയും മാവിനെയും ഒന്നിപ്പിച്ച് അതിന്റെ നിഗൂഢത വർദ്ധിപ്പിക്കാൻ ഒരു വേടകഥ കൂടി നിബന്ധിക്കുന്നു. ആത്മാവിനെ കീഴടക്കാനുറച്ച് അതിലേക്ക് കയറിയ വേടൻ ഒരിക്കലും തിരിച്ചു വന്നില്ല. വേടൻ മരത്തിൽ കെട്ടിയിട്ട കയർ വർഷങ്ങളോളം ഞാന്ന് കിടന്നു എന്ന് പറയുന്നിടത്ത് ഒരു രഹസ്യാത്മകത ആസ്വാദകരിൽ നിക്ഷേപിക്കാനും കഥാകാരന് കഴിയുന്നുണ്ട്.
മനുഷ്യരൂപത്തിൽ സൃഷ്ടിക്കപ്പെട്ട നിരീശ്വരന്റെ ചിന്താശേഷിയില്ലാതാക്കാൻ തലയും പ്രവർത്തനശേഷിയില്ലാതാക്കാൻ കൈകാലുകളും വെട്ടി മാറ്റിയപ്പോൾ അതിനു കൈവന്ന രൂപം ശിവലിംഗത്തിന്റെതായിരുന്നു. ഇവിടെ തെറ്റിദ്ധാരണയാണല്ലോ വിശ്വാസത്തിന്റെ അടിത്തറയെന്ന് ആൻറണി പറയുന്നു. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അടിത്തറ തെറ്റിദ്ധാരണ തന്നെയെന്ന് കഥാന്ത്യത്തിൽ വായനക്കാരന് തിരുത്തേണ്ടിവരുന്നു.
ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഈശ്വരനെ പൂജിച്ച് മാത്രം ജീവിച്ച ആളായിരുന്നു ഈശ്വരൻ എമ്പ്രാന്തിരി. അവിടെ നടന്ന കളവിന്റെ കുറ്റം തന്റെ മേൽ ചുമത്തപ്പെട്ട് അയാൾ ഏകാകിയും അവിശ്വാസിയുമായി. അയാളെയാണ് ആഭാസന്മാർ നിരീശ്വരപൂജയ്ക്കായി തെരെഞ്ഞെടുക്കുന്നത്. പൗരോഹിത്യം സാധാരണ മനസ്സുകളിൽ അംഗീകരിക്കപ്പെടുന്നത് സവർണ്ണലേബലിലാണെന്ന മനശാസ്ത്രം വളരെ തന്ത്രപൂർവ്വം കഥാകാരൻ ഇവിടെ പ്രയോഗിക്കുന്നു.
ദൈവവിശ്വാസമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുന്നതിന് നിരീശ്വരവിശ്വാസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി ആഭാസന്മാർ തിരഞ്ഞെടുത്തത് ബാർബർ മണിയെയും പൊതുസ്വത്ത് ജാനകിയേയുമാണ്. ആ തെരുവിന്റെ പ്രജകൾ ഏതെങ്കിലും പ്രത്യേക സന്ദർഭങ്ങളിൽ വിനീത വിധേയരായി ആശ്രയിക്കുന്ന വിനിമയ കേന്ദ്രങ്ങളാണവർ. ഈശ്വരന് എന്തെല്ലാം ഇല്ലെന്ന് പറയാനാണോ ആഭാസന്മാർ ശ്രമിച്ചത് അതെല്ലാം നിരീശ്വരനുണ്ടെന്ന് നിരീശ്വരവിശ്വാസികൾ അനുഭവിച്ചറിയുന്നു. ഇവിടെ ശരി തെറ്റുകളെയും
മിഥ്യായാഥാർഥ്യങ്ങളെയും കുറിച്ച് ചിന്തിച്ചന്തമില്ലാതാകുന്നു വായനക്കാരൻ.
നിരീശ്വരപ്രതിഷ്ഠയെ അനുഭവവും ആഘോഷവുമാക്കുന്ന അനേകം ആളുകളെ നോവലിൽ കാണുന്നു. സുമിത്രന്റെ അക്ഷര പ്രസാദം, പരമേശ്വരന്റെ ജോലി ലഭ്യത, ഇന്ദ്രജിത്തിന്റെ രണ്ടാം ജന്മം എന്നിങ്ങനെ നിരീശ്വരന്റെ അക്കൗണ്ടിൽ ജനങ്ങളുടെ നിക്ഷേപം വർദ്ധിക്കുന്നു.
ഒന്നുമറിയാതെ എല്ലാമറിയുന്നവനായി നിരീശ്വരൻ മാറുന്നത് അവന്റെ സ്രഷ്ടാക്കളായ ആഭാസൻമാർക്ക് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. അവിശ്വാസം വിശ്വാസത്തിന് വഴിമാറുന്നത് കണ്ട് നിരീശ്വരനെ ഇളക്കിയെറിയാൻ ആഭാസന്മാർ ആലോചിക്കുന്നുണ്ടെങ്കിലും ഒന്നും ആരുടെയും നിയന്ത്രണത്തിലല്ല എന്ന് തെളിയിക്കപ്പെടുന്നു. തലയും കൈകാലുകളും വെട്ടി മാറ്റി ഭാസ്കരൻ നിർമ്മിച്ച ശില്പം ഇതൊന്നുമില്ലാതെ തന്നെ അതിന്റെ സ്രഷ്ടാക്കളെ പരാജയപ്പെടുത്തുന്നു. മനുഷ്യന്റെ സൃഷ്ടികൾ തന്നെയാണ് അവനെ സംഹരിക്കുന്നതും. അത് ശാസ്ത്രമായാലും വിശ്വാസമായാലും വ്യവസ്ഥിതിയായാലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെടുന്നു.
ആഖ്യാനകലയിലെ താൻപോരിമ
“ക്ഷേത്രം ഈശ്വരന്റെ വാസസ്ഥലമാണെന്നിരിക്കെ നിരീശ്വരക്ഷേത്രമെന്ന പേര് കേൾക്കുമ്പോൾ ആർക്കെങ്കിലും വിയോജിപ്പ് തോന്നുന്നുവെങ്കിൽ സ്വന്തം ദുരഭിമാനത്തിന്റെ ഇടതുവശത്തായി അതങ്ങൊതുക്കി വെച്ചുകൊള്ളുക “എന്ന് വെല്ലുവിളിച്ചുകൊണ്ട് വായനക്കാരന്റെ താൻപോരിമയുടെ മുകളിലാണ് നിരീശ്വരചരിതം കച്ചകെട്ടിത്തുള്ളുന്നത്.
ഒന്നാംദലമായ വിചാരബീജം അവസാനിക്കുമ്പോൾ വായനക്കാരന് അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് എഴുത്തുകാരൻ മുന്നറിയിപ്പു നൽകുന്നുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ അനുവദനീയമായിട്ടുള്ളൂവെന്ന് ചില സിനിമകളുടെ പ്രാരംഭത്തിൽ എഴുതിക്കാണിക്കും പോലെ ചരിത്രത്തെ പകുത്തു നോക്കാൻ സന്നദ്ധരായ സത്യാന്വേഷകർ മാത്രം തുടർന്നുവായിക്കുക അല്ലാത്തവർക്ക് ഇവിടെവെച്ച് പിൻ വാങ്ങാവുന്നതാണ് എന്ന് നോവലിസ്റ്റ് ഓർമിപ്പിക്കുന്നു.
ഒരു ആശയപ്രപഞ്ചത്തെ മുഴുവൻ ചിഹ്നത്തിലടക്കാനുള്ള കഴിവ് ഗണിതത്തിനുണ്ട്. വ്യാഖ്യാനത്തിന്റെ ഊടുവഴികളിലൂടെ ജീവിതത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്ന് പോകുമ്പോൾ ഗണിതം ഒരു ഭാഷയാകുന്നത് അതുകൊണ്ടാണ്. ഏറ്റവും ലളിതമായ വാചകങ്ങളിലൂടെ ഗഹനമായ വേദാന്തതത്വങ്ങളെ അവതരിപ്പിക്കുമ്പോൾ വി.ജെ ജെയിംസ്ന്റെ ഭാഷ ഗണിതത്തോടടുക്കുന്നു. ഒന്ന് വിശദീകരിച്ചാൽ അത് അതിരുകളില്ലാത്ത ആകാശത്തെ മുറിച്ചു കടക്കും. ഒതുക്കി വെച്ചാൽ ചിപ്പിക്കുള്ളിൽ ഉറഞ്ഞുകൂടിയ മുത്തായി പ്രഭ ചൊരിയും. ഏത് രൂപകത്തെയും സ്വന്തം ഹൃദയരക്തത്തിൽ മുക്കി പുനർനിർമ്മിക്കാൻ കഴിയുന്ന ഭാഷ തനിക്ക് സ്വന്തമാണെന്ന് നിരീശ്വരനിലൂടെ വി.ജെ.ജെയിംസ് സാക്ഷ്യപ്പെടുത്തുന്നു.
കെട്ടും മട്ടും പ്രൗഢിയും ഒന്നുമില്ലാതെയാണ് വി ജെ ജെയിംസിന്റെ സാധാരണക്കാരായ കഥാപാത്രങ്ങൾ ജീവിതം പറയുന്നത്. “സൈക്കിളഭ്യാസം നടത്തുന്ന ജോണിമാസ്റ്ററെ മുക്രയിടുന്ന കാളക്കൂറ്റന് മൂക്കുകയർ ഇട്ടത് പോലെ മെരുക്കുന്ന അന്നാമ്മ” , “കോടാനുകോടി മുടികൾക്കിടയിൽ ഒരു പേൻ പോലെ നിസ്സാരനും ഒറ്റ ജീവിതത്തിന്റെ മരവിപ്പിനെ പൂർണമായറിയുന്നവനുമായ മണിയൻ” നാവിന്റെ മൂർച്ച കൊണ്ട് എതിരാളിയെ അരിഞ്ഞു വീഴ്ത്തുന്ന അന്നാമ്മയുടെ ഘോഷയാത്ര പോലെ നാല് പെണ്മക്കൾ, അക്ഷരം ഉച്ചരിക്കാനറിയാത്ത സുമിത്രൻ എന്നിവരൊക്കെ നമുക്കിടയിൽത്തന്നെ ജീവിക്കുന്നവരാണ്.
ആദ്യം ചെയ്യുമ്പോൾ മാത്രമാണല്ലോ ഒരു തെറ്റ് തെറ്റാവുന്നത്. ആവർത്തനം കൊണ്ടത് ആദ്യം അവരവരും പിന്നീട് മറ്റുള്ളവരും അംഗീകരിക്കും. അങ്ങനെ അംഗീകരിക്കപ്പെട്ട വേശ്യയാണ് ജാനകി. ഒരു നാടിന്റെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ വേശ്യയായിപ്പോയത് കൊണ്ടുമാത്രം ജാനകി മാറ്റിനിർത്തപ്പെടുന്നില്ല. പലപ്പോഴും റോബർട്ടോ എന്ന ശാസ്ത്രജ്ഞനെക്കാളും
ഉയരത്തിൽ ജാനകിയെ നിർത്തുന്നുമുണ്ട്. ഇത് നോവലിസ്റ്റ് സ്വീകരിക്കുന്ന ധീരമായ നിലപാടാണ്.
ഇത്തരത്തിൽ ബഹുസ്വരതയുടെ ലോകത്തെ ആസ്വാദകസമക്ഷം അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് ഫിക്ഷനുകൾ സമൂഹത്തിന്റെ പരിച്ഛേദമാകുന്നത്. നിരീശ്വരവാദം എന്ന പൊതുഘടകത്താൽ ബന്ധിതരായവരാണ് ആഭാസന്മാർ. എന്നാൽ അവരുടെ നിരീശ്വരചിന്തയുടെ അനുപാതം വ്യത്യസ്തമാണ്. ഏറ്റവും തീവ്രമായ നിലപാടുകൾ സ്വീകരിക്കുന്ന ആൻറണി, തികച്ചും മധ്യവർത്തിയായ ഭാസ്കരൻ, കൃത്യമായ നിലപാടിലുറച്ച് നിൽക്കാനാവാതെ ഒരു ചാഞ്ചാട്ടസ്വഭാവം പ്രകടിപ്പിക്കുന്ന സമീർ . വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുടെ ഒരു പെർമ്യൂട്ടേഷൻ കോമ്പിനേഷനാണല്ലോ സമൂഹം. ഒരാശയത്തിൽ ഉറച്ചു നിൽക്കുന്നവർ പോലും അതിന്റെ പ്രായോഗികതലത്തിൽ എത്രയോ വിഭിന്നരാണെന്നുള്ള സാമൂഹിക സത്യത്തെ നോവൽ ബോധ്യപ്പെടുത്തുന്നു .
ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്ത് വിളിച്ചോതുന്നതാണ് ആഭാസത്തെരുവിലെ ആത്മാവ് . അതിന്റെ ചുവട്ടിലെ നിരീശ്വരപ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു യാഥാർഥ്യത്തെ പുനർനിർമ്മിക്കുന്നുണ്ട്. വേദമന്ത്രം ചൊല്ലുന്ന ആലിലകളും അതിനോട് ചേർന്ന് താളം ചവിട്ടുന്ന മാവിലകളും കല്ലും മരവും പറവയും മൃഗങ്ങളും വ്യഷ്ടിയിൽനിന്ന് സമഷ്ടിയിലേക്കുള്ള പരിണാമത്തിൽ ഭാഗഭാക്കാവുന്നു. സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങളെ തികച്ചും പ്രാദേശികവും ഗ്രാമീണവുമായി അവതരിപ്പിക്കുന്നു. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ്” ചെയ്യുന്ന കുറെ സാധാരണ കഥാപാത്രങ്ങൾ നോവലിലുണ്ട്. തത്വചിന്താപരമായ ജീവിത പദ്ധതിയെ നല്ല കൈയ്യടക്കത്തോടെ ഭാഷയിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ ശാസ്ത്രകാരനും എഞ്ചിനീയറുമായ കഥാകാരൻ ഭാഷാഎൻജിനീയറുടെ തസ്തികയിലേക്ക് ഉയരുന്നു.
ശാസ്ത്രബോധത്തിന്റെ സൂക്ഷ്മ സംവാദങ്ങൾ
പുറപ്പാടിന്റെ വിത്തുകൾ തേടി അലയുന്ന മനസ്സുമായി ജന്മ സമസ്യയുടെ കുരുക്കുകളഴിക്കാൻ ശ്രമിക്കുന്ന കഥാകാരനെയാണ് ആദ്യ കൃതിയായ പുറപ്പാടിന്റെ പുസ്തകത്തിൽ കാണാനാവുക. തുടർന്നിങ്ങോട്ട് എല്ലാ കൃതികളിലും ബോധാബോധതലങ്ങളുടെ അതിരുകളന്വേഷിക്കുന്ന ശാസ്ത്രത്തിന്റെയും ദർശനത്തിന്റെയും സൂക്ഷ്മ സംവാദങ്ങൾ നമുക്ക് കാണാൻ കഴിയും.സ്വയം ആശ്വസിക്കണമെങ്കിൽ അവനവന്റെ മുറിവിനെക്കാൾ വലിയൊരു മുറിവിനെ തിരിച്ചറിഞ്ഞാൽ മാത്രം മതി എന്ന് സമാധാനിക്കുന്ന കുഞ്ഞുട്ടിയും (പുറപ്പാടിന്റെ പുസ്തകം ) മനുഷ്യശരീരമെന്ന പേലോട്കവചത്തെ ഉപയോഗിച്ച് ഉപഗ്രഹം പോലെ സ്വന്തം ഭ്രമണപഥത്തിൽ എത്തിച്ചേരുന്ന സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞനായ ഡെനിസോവിച്ചും (ലെയ്ക്ക) കാടിന്റെ വിളികേട്ട് പരിഷ്കൃത ജീവിതത്തിൽ നിന്നും അകന്നു കാടായി മാറുന്ന ഫ്രെഡ്ഡിയും (ദത്താപഹാരം) ശാസ്ത്ര വിജ്ഞാനത്തിന്റെ സീമകൾ വികസിപ്പിക്കാനുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കത്തന്നെ അതിന്റെ പരിമിതികൾ തിരിച്ചറിയുന്ന റോബർട്ടോയും (നിരീശ്വരൻ ) എഴുത്തുകാരന്റെ ജീവിതദർശനത്തെ തീർത്തും വിഭിന്ന രീതികളിൽ അനുഭവിക്കുന്നവരാണ് .
ശാസ്ത്രത്തിന്റെയും ദർശനത്തിന്റെയും സൂക്ഷ്മ സംവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടയ്ക്ക് ദാക്ഷിണ്യമില്ലാത്ത ദൈവനീതിയെന്നോ ഇരയാക്കപ്പെടുന്ന വിധിയുടെ അലംഘനീയതയെന്നോ ഒക്കെ പേരിട്ടു വിളിക്കാവുന്ന ഒരമാനുഷികശക്തിയുടെ സാന്നിധ്യവും അതുണ്ടാക്കുന്ന സങ്കീർണ്ണതകളും നോവലിസ്റ്റ് അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ട് .
മനുഷ്യമാംസം ഭക്ഷിക്കുന്നവരും പ്രണയാതുരതയ്ക്ക് രക്തസാക്ഷികളാകുന്നവരും ആവർത്തിച്ചു ചെയ്യുന്ന കൊലപാതകങ്ങളിലൂടെ ആർത്തിയടക്കുന്ന സൈക്കോപാത്തുകളുമൊക്കെ അങ്ങനെയായിയിത്തീരുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് സാമാന്യബുദ്ധിക്കും പ്രത്യക്ഷ യാഥാർത്ഥ്യത്തിനും വിശദീകരിക്കാനാവാത്ത മനുഷ്യമനസ്സിന്റെ ഇരുണ്ട ഗർഭഗൃഹമാണെന്ന് നോവൽ ഓർമിപ്പിക്കുന്നു. ക്രൂരതയുടെ വനാന്തരങ്ങൾ താണ്ടുന്ന അനുഭവങ്ങൾ നോവലിൽ നേരിട്ട് സ്വീകരിക്കുന്നില്ലെങ്കിലും അതീതാനുഭവങ്ങളിൽ അങ്കലാപ്പിലായി പോകുന്ന മനസ്സിന്റെ തിരിച്ചറിവ് വി.ജെ യുടെ കൃതികളിൽ ഉടനീളമുണ്ട്.
മനുഷ്യന്റെ ശ്രവണപരിധിയ്ക്ക് പുറത്തുള്ള ശബ്ദങ്ങൾ ശാസ്ത്രസാങ്കേതികവിദ്യയുടെ പല വഴിത്തിരിവുകളിൽ നാം ഉപയോഗയോഗ്യമാക്കിയിട്ടുള്ളതാണ് . കാഴ്ചയുടെ കാര്യത്തിലും നമ്മുടെ പരിധി ഇത്തിരിവട്ടമാണെന്ന് നമുക്കറിയാം. നമുക്ക് കാണാനാകാത്ത ഒന്നുമില്ല എന്ന ചിന്ത പമ്പരവിഡ്ഢിത്തമാണ്. ആ സാഹചര്യത്തിൽ ഗന്ധത്തെ അറിയുവാൻ ഓരോ ഗന്ധത്തിൽ നിന്നും മനുഷ്യനെ അറിയുവാൻ ഗന്ധവും മനസ്സും തമ്മിലുള്ള ബന്ധമറിയുവാൻ റോബർട്ടോ നടത്തുന്ന ഗവേഷണങ്ങൾ വായനക്കാരന്റെ ശാസ്ത്ര ചിന്തയെ ഉണർത്തുന്നതാണ്.
പഞ്ചേന്ദ്രിയങ്ങളിലൂടെ പകർന്നുകിട്ടുന്ന അനുഭൂതി വിശേഷങ്ങളിൽ ഗന്ധത്തിന് ഇത്രയേറെ പ്രാധാന്യം നൽകിയിട്ടുള്ള നോവലുകൾ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് . “മാവിൻചുന മണക്കും മേടത്തിന്റെ മടിയിൽ പിറന്ന ഞാൻ ” എന്ന് കവികളിലെ ഗന്ധകാരൻ സ്വയം വിശേഷിപ്പിക്കുന്നത് പോലെ ഗന്ധശാസ്ത്രജ്ഞയായി ജാനകിയെ അവതരിപ്പിച്ചുകൊണ്ട് സൂക്ഷ്മഗന്ധത്തിന്റെ വിനിമയ ഘട്ടങ്ങളെക്കുറിച്ച് വായനക്കാരനെ ഓർമ്മപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ് . ഉന്നതബിരുദവും ഗവേഷണ കൗതുകവും അർപ്പണമനോഭാവവുമുള്ള യുവശാസ്ത്രജ്ഞൻ ഗവേഷണ സഹായിയായി കണ്ടെത്തുന്നത് ജാനകിയെയാണ് . അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ സർവകലാശാലാബിരുദങ്ങളെക്കാൾ അതിനനുയോജ്യമായ മനസ്സാണ് വേണ്ടതെന്ന് ഇതു നമ്മെ ഓർമ്മിപ്പിക്കുന്നു .
ഇന്ദ്രിയങ്ങൾ വെറും സെൻസറുകൾ മാത്രമാണെന്നും അവ ഘടിപ്പിച്ചിരിക്കുന്ന തലച്ചോറാണ് ഓരോ അനുഭവവും തിരിച്ചറിയുന്നതെന്നുമുള്ള സത്യം ജാനകി റോബർട്ടോയെ ഓർമിപ്പിക്കുന്നുണ്ട് . ഗന്ധം കൊണ്ട് ദാമുവിനെ സ്പർശിക്കുന്ന ഏകാന്ത നിമിഷങ്ങളിൽ ഒന്നു കണ്ണടച്ച് ഏകാഗ്രതപ്പെട്ടാൽ ജാനകിക്ക് അയാളുടെ ചൂടറിയാം. ദൂരെയുള്ള അവനെ വികാരഭരിതനാക്കാം. കാരണമറിയാത്ത ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് റോബർട്ടോ അവളെ ശാസ്ത്രജ്ഞ എന്ന് വിശേഷിപ്പിക്കുന്നത് .
ഗഹനമായ ശാസ്ത്രവിഷയങ്ങളിൽ മനസ്സ് പെടുമ്പോൾ സ്വയം വിസ്മരിക്കാറുള്ളതുപോലെ ഒരനുഭവം അബോധാവസ്ഥയിലുള്ള ഇന്ദ്രജിത്തിന് സമീപമെത്തുമ്പോൾ റോബർട്ടോയ്ക്ക് അനുഭവപ്പെടാറുണ്ട് . അബോധമനുഷ്യന്റെ ഉൾപ്രപഞ്ചത്തെ ഭാവന ചെയ്തുണർത്താൻ കഴിഞ്ഞ റോബർട്ടോയ്ക്ക് ബാഹ്യപ്രപഞ്ചം കുറേനേരത്തേക്ക് നഷ്ടമാകുന്നു. ആസ്ട്രൽ പ്രൊജക്ഷൻ എന്ന അനുഭവത്തിലൂടെയാണോ അയാൾ കടന്നുപോയതെന്നും സമാനഫ്രീക്വൻസികൾ ഒന്നിച്ചു ചേരുമ്പോഴുണ്ടാകുന്ന അനുരണനമാണോ സംഭവിച്ചതെന്നും സംശയിക്കാൻ ശാസ്ത്രബോധമുള്ള വായനക്കാരനെ കഴിയൂ .
കാലാകാലങ്ങളായി നിലനിൽക്കുന്ന മനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങളിൽ ഏറ്റവും പ്രസക്തമായ ഒന്നാണ് സമയബോധം. ഇന്ദ്രിയബദ്ധമായ ഈ ലോകജീവിതത്തിലേക്ക് സ്വന്തം ശ്വാസതാളത്തിനനുസരിച്ച് സമയബോധവുമായി പിറക്കുന്നവനാണ് മനുഷ്യൻ . മനസ്സിന്റെ ജാഗ്രതാവസ്ഥയിൽ മാത്രമാണ് മനുഷ്യന് സമയത്തെ അനുഭവിക്കാനാവുക. സ്വപ്നത്തിലും സുഷുപ്തിയിലും തുരീയത്തിലും അത് കാലാതീതമാണ്. ഭൂതഭാവിവർത്തമാനങ്ങൾക്കപ്പുറമാണ് അതിന്റെ അവസ്ഥ. ആ ആത്യന്തികാവസ്ഥ തന്നെയാണ് മനുഷ്യനിലുള്ള മരണബോധം .
അസ്തിത്വ പ്രശ്നങ്ങളിലൊന്നായി സമയം മാറുന്നത് മനുഷ്യനിലെ മരണ ബോധം കൊണ്ടാണ്. ഈ സമയബോധം വി.ജെ കഥാപാത്രങ്ങളുടെ പൊതുസ്വഭാവമാണ് .
24 വർഷത്തെ ദീർഘനിദ്ര വിട്ടുണരുന്ന ഇന്ദ്രജിത്തിന്റെ മനസ്സും ശരീരവും യൗവ്വനത്തിളപ്പിൽ ഓളം വെട്ടുന്നതിന് കാരണമന്വേഷിച്ചിറങ്ങുന്ന റോബർട്ടോ എത്തിച്ചേരുന്നത് ഭൗതികശാസ്ത്രത്തിലാണ്. ചലനത്തിന്റെ ആപേക്ഷികാനുഭവമാണ് സമയം. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയുടെ ചുവടുപിടിച്ച് സമയത്തിന്റെ ഇലാസ്റ്റികത ഗ്രന്ഥകാരൻ വിശദീകരിക്കുമ്പോൾ സർഗ്ഗാത്മകതയുടെ വൈജ്ഞാനികതലവും അനാവൃതമാകുന്നു . പ്രകാശവേഗം കടന്നു സഞ്ചരിക്കുന്ന ഇന്ദ്രജിത്തിന്റെ മനസ്സിനൊപ്പം ശരീരവും ഉണ്ടായിരുന്നിരിക്കണം. ഒരു ദിവസത്തെ 24 മണിക്കൂർ എന്ന് കണക്കാക്കി തരംതിരിച്ചത് മനുഷ്യൻ അവന്റെ സൗകര്യമനുസരിച്ചാണ്. മനുഷ്യശരീരം ഒരു ദിനം അനുഭവിക്കുന്നത് 36000 ശ്വാസ ഭൂക്തി പൂർത്തിയാകുമ്പോഴാണ് . അബോധാവസ്ഥയിലായ ഇന്ദ്രജിത്തിന്റെ ശ്വാസം മന്ദഗതിയിലായതിനാൽ 36,000 ശ്വാസഭുക്തി ( ഒരു ദിവസം) അയാൾ ഒരു മാസം കൊണ്ടാവും പൂർത്തീകരിച്ചിട്ടുണ്ടാവുക .ഒരു മാസം ഒരു ദിവസമായ് മാറിയ ആയാൾക്ക് ഒരു വർഷം കേവലം 12 ദിവസമായിട്ടുണ്ടാവും. അപ്പോൾ 24 വർഷം കൊണ്ട് അഞ്ചുമാസത്തെ ശാരീരിക മുന്നേറ്റമേ അയാൾക്ക് ഉണ്ടായിട്ടുള്ളൂ .
ജീവനോടിരുന്ന് സ്വന്തം ശ്വാസനില പൂജ്യമാക്കുന്നതാണ് ത്രികാലജ്ഞാനമെന്നും അവിടെ ഒരുവൻ ഭൂതഭാവിവർത്തമാന ത്രിത്വത്തെ ഉപേക്ഷിച്ച് ഏകകാലത്തിലെത്തുമെന്നും പറയുമ്പോൾ ഭൗതികതയിലെ വേദാന്തമറിയുന്ന വായനക്കാരൻ മനുഷ്യമനസ്സിന്റെ അപരിമേയ ഊർജ്ജത്തിലേക്കെത്തുന്നു. നോവലിന്റെ ആസ്വാദനതലം സാധാരണ വായനക്കാരന്റെ അതിരുകൾക്കപ്പുറത്തേക്ക് കടന്ന് അനന്തതയെ അന്വേഷിക്കുന്നു. ഇവിടെ ആസ്വാദനം കീറാമുട്ടിയാകുന്നു. വായനക്കാരൻ ഫിസിക്സ് ക്ലാസ്സിൽ ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്ന് വിമാനം പറത്താൻ തുടങ്ങുകയും ചെയ്യുന്നു.
“ശാസ്ത്രം എന്തിനെയും മനസ്സിലാക്കുന്നത് ബുദ്ധി കൊണ്ടാണ്. എന്നാൽ ബുദ്ധിയുടെ കാരണത്തെ ഒരിക്കലും അറിയുന്നുമില്ല. അതറിയണമെങ്കിൽ ബുദ്ധിക്കപ്പുറത്തേക്ക് കടന്നുചെല്ലാനും അതിനുശേഷം തിരിച്ചുവരാനും കഴിയണം. കുശാഗ്രം പോലെ കൂർപ്പിച്ച ബോധത്തിന് മനസ്സിനപ്പുറം സ്വന്തമുള്ളിലേക്ക് ചെന്ന് ബുദ്ധിക്ക് പിന്നിലെ കാരണത്തെ അനുഭവിക്കാനാവും. അതോടെ കൊട്ടിഘോഷിക്കുന്ന ഈ ബുദ്ധിയുടെ ബുദ്ധിയില്ലായ്മ തെളിഞ്ഞു കിട്ടുകയും ചെയ്യും.” റോബർട്ടോ എന്ന ശാസ്ത്രജ്ഞനെക്കൊണ്ട് ശാസ്ത്രത്തിനപ്പുറമുള്ള ഈ വലിയ സത്യം പറയിപ്പിക്കുന്നത് എഴുത്തുകാരനിലെ ശാസ്ത്രജ്ഞൻ തന്നെയാണ്. ശാസ്ത്രബോധത്തിനനിവാര്യമായതും ശാസ്ത്രപഠനത്തിൽ നിന്ന് ആർജിച്ചെടുക്കാൻ കഴിയുന്നതുമായ അച്ചടക്കം തന്റെ രചനകളിലുടനീളം അദ്ദേഹം പാലിക്കുന്നുണ്ട്.
അലംഘനീയതയുടെ ഇരകൾ
അജ്ഞേയമെന്ന് സാമാന്യ മനുഷ്യർ കരുതുന്ന മേഖലകളിലൂടെയുള്ള നിരന്തര സഞ്ചാരം വി .ജെ . ജയിംസിന്റെ മാനസികവൃത്തിയുടെ താളമാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ തുടങ്ങി ചോരശാസ്ത്രവും ദത്താപഹാരവും ഒറ്റക്കാലൻകാക്കയും നിരീശ്വരനും കടന്ന് ആന്റിക്ലോക്കിലെത്തുമ്പോഴും വി.ജെയുടെ എഴുത്തിന്റെ അന്തർധാര ആ താളം തന്നെയാണ്. അജ്ഞേയത്തിന്റെ അടരുകളെ ജ്ഞേയമാക്കാനുള്ള ശ്രമം തുടരുന്നതോടൊപ്പം അതിന്റെ അനന്യതയെ തന്ത്രപൂർവ്വം മറികടക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്.
നിത്യജീവിതത്തിലെ സാധാരണ സംഭവവുമായി വിളക്കിച്ചേർക്കുമ്പോൾ ഗൂഢഗർഭത്തിന്റെ രഹസ്യാന്വേഷണം അനന്തവും നിത്യനൂതനവുമാണെന്ന് വായനക്കാരൻ തിരിച്ചറിയുന്നു. ഇതിനു പര്യാപ്തമായ വിധത്തിൽ തന്റെ ജീവിതദർശനത്തിലേക്ക് കഥാപാത്രങ്ങളെ എത്തിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
പത്താംതരം കഴിഞ്ഞ് വൈദിക പഠനത്തിന് സെമിനാരിയിലേക്ക് പോയ അർണോസും മുത്തുനബിയിലൂടെ വെളിപ്പെട്ട വിശുദ്ധലിഖിതങ്ങളോട് ചായ് വുണ്ടായി മദ്രസയിൽ ചേർന്ന സെയ്ദും എട്ടാം തരത്തിൽ വച്ച് വയറ്റിപ്പിഴപ്പിനായി കുലത്തൊഴിലിലേക്കൊതുങ്ങിപ്പോയ ഈശ്വരനും എത്തിച്ചേർന്ന തുരുത്തുകൾ അവർ തെരഞ്ഞെടുത്ത വഴിയുടെ ലക്ഷ്യത്തിലുള്ളതായിരുന്നില്ല. എല്ലാം എല്ലാവർക്കും തുല്യമായി വീതിക്കുന്ന ശോഭനലോകത്തെ ഇടതുപക്ഷാശയങ്ങളുടെ ഔന്നത്യത്തിൽ കണ്ട ഇന്ദ്രജിത്താകട്ടെ ജീവിതത്തെ നെടുകെ പിളർക്കുന്ന ദുരനുഭവത്തിലൂടെ ജീവച്ഛവമായി കിടന്നത് 24 വർഷമാണ്. ആ ദീർഘനിദ്ര കഴിഞ്ഞുണർന്ന ഇന്ദ്രജിത്തിനും ഭാര്യ സുധയ്ക്കും അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് നോവലിന്റെ തുടർച്ച. ഇന്ദ്രജിത്തിനെ ഉണർത്താൻ തപസ്സു ചെയ്ത സുധ അയാൾ ഉറങ്ങിക്കിട്ടാനായി ഒടുവിൽ നിരീശ്വരസമക്ഷമെത്തുന്നു. ലൈംഗികതയിലുള്ള സ്ത്രീ പുരുഷ വ്യത്യാസം ഇവിടെ പ്രകടമാണ് . ഇന്ദ്രിയങ്ങളെ ഒരുറക്കത്തിലൂടെ മറികടക്കാൻ കഴിഞ്ഞ അയാൾക്ക് ഇന്ദ്രജിത്തെന്ന് നാമകരണം ചെയ്തത് വളരെ ബോധപൂർവം തന്നെയാവണം. എത്ര ഓടിയകന്നാലും പിന്നാലെയെത്തി വേട്ടയാടുന്ന കർമ്മബാക്കിയെക്കുറിച്ച് നിരന്തരം ജാഗ്രത്തായ മനസ്സാണ് കഥാകാരന്റെത്. അതുകൊണ്ടാണ് വിധിയുടെ അലംഘനീയതയ്ക്ക് ഇരയായി മാറുന്ന ജീവലോകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ആശങ്കാകുലരാകുന്നത്. സഹാനുഭൂതി ഉരുവംകൊള്ളുന്ന സാർവലൗകികസ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങൾക്ക് ആ വിധമുള്ള ഉപബോധമനസ്സിൽ നിന്ന് മാത്രമേ ജന്മം കൊള്ളാൻ കഴിയുകയുള്ളൂ.
രതിയെന്ന രാസലഹരി
ലൈംഗികതയുടെ സർഗ്ഗാത്മകമായ ഊർജ്ജം വി. ജെ. ജെയിംസിന്റെ കൃതികളിലെല്ലാം തന്നെ നിറഞ്ഞുനിൽക്കുന്നുണ്ട്. അസംതൃപ്തമായ ശരീരത്തിന്റെ അത്യാർത്തിയെ ഓരോ ചലനത്തിലും പ്രകടമാകുന്ന ഉണിച്ചീര (പുറപ്പാടിന്റെ പുസ്തകം) വായനക്കാരന്റെ മറവിയെ വെല്ലുവിളിച്ചുകൊണ്ട് വേട്ടയാടുന്ന കഥാപാത്രമാണ്. അവളിൽ ആളിക്കത്തുന്ന രതിയെക്കുറിച്ച് പറയുമ്പോൾ മനുഷ്യമനസ്സിന്റെ സങ്കീർണമായ ഇരുട്ടറകളിലേക്ക് വളരെ മൃദുവായാണ് കഥാകാരൻ കടക്കുന്നത്. പാപവുമായി അന്വയിക്കുന്ന സന്ദർഭങ്ങളിലും സ്ത്രീപുരുഷരതിയെ ആഖ്യാനകലയുടെ ഭാഗമായാണ് കഥാകാരൻ അവതരിപ്പിക്കുന്നത്. ഒരു വൃത്തികെട്ട രഹസ്യമായി അതിനെ സമീപിക്കാത്തതുകൊണ്ടുതന്നെ വി.ജെ യുടെ കൃതികളിലെ സ്ത്രീപുരുഷരതി അശ്ലീല മുക്തമാണ്. ശരീരം വിറ്റ് ജീവിക്കുന്ന ജാനകി ഒരുദിവസം 17 പുരുഷ ബന്ധങ്ങൾക്ക് ശേഷവും പതിനെട്ടാമത് ദാമുവിനെ തേടിയെത്തുമ്പോൾ അയാളിൽ പുരുഷത്വം മിടിക്കുന്ന കുഞ്ഞുഹൃദയമുണ്ടെന്നാണ് വായനക്കാരനറിയുന്നത്. 32 വയസ്സുള്ള മനസ്സും ശരീരവുമായി 56 കാരി ഭാര്യയോടൊത്ത് ജീവിക്കേണ്ടിവരുന്ന ഇന്ദ്രജിത്തിനെ നിലനിൽപ്പിന് വേണ്ടി പൊരുതിത്തോൽക്കുന്ന ഒരു മനുഷ്യനായാണ് കഥാകാരൻ അവതരിപ്പിക്കുന്നത്. രതി അയാളുടെ ശരീരത്തിന്റെ ശക്തമായ ആവശ്യമാണ്. എവറസ്റ്റിനേക്കാൾ പൊക്കവും പസഫിക്കിനേക്കാൾ ആഴവുമുള്ള രതിക്ക് ഒരു മനുഷ്യന്റെ അസ്തിത്വ സംബന്ധിയായ മുഖ്യപ്രശ്നമായി മാറാനാവുമെന്ന് ഇവിടെ വായനക്കാരൻ തിരിച്ചറിയുന്നു. തന്റെ പ്രശ്നത്തിന് എളുപ്പവഴിയിൽ ക്രിയ ചെയ്തുത്തരം കണ്ടെത്താൻ ഇന്ദ്രജിത്ത് തയ്യാറാകുന്നില്ല. തന്റെത് സ്ത്രീ ശരീരത്തോട് തോന്നുന്ന വെറും കാമമല്ലെന്നും പ്രണയം മൂർച്ഛിച്ചുനിൽക്കുന്ന രതിയാണെന്നും ഒരു പ്രണയത്തിനു മാത്രമേ അതിനെ പങ്കുവയ്ക്കാനാവൂ എന്നും ഇന്ദ്രജിത്ത് പറയുമ്പോൾ സ്ത്രീപുരുഷദ്വന്ദ്വത്തിന്റെ സമ്മേളനം അതിന്റെ ഉത്തുംഗതയിൽ ആവിഷ്കരിക്കപ്പെടുന്നത് അനുഭവവേദ്യമാകുന്നു.
ഈശ്വരസങ്കല്പത്തിലെ അധികാര കേന്ദ്രീകരണം
പൗരസ്ത്യ ദൈവസങ്കല്പങ്ങളിൽ മൂർത്തനായ ഒരു ദേവനില്ല. വേദോപനിഷത്തുകളിലും താവോയിസത്തിലും ഷിന്റോയിസത്തിലുമെല്ലാം പ്രപഞ്ചത്തിൽ അന്തർലീനമായ ഗുണങ്ങളില്ലാത്ത ഒരു സത്തയാണ് ദൈവീകത. “നിഷ്കാരണ നിഷ്കളങ്ക നിരുപാധീർ നിരീശ്വര നീരാഗ രാഗമഥന നിർമ്മദാ മദനാശിനി” എന്ന ലളിതാസഹസ്രനാമ സ്തോത്രത്തിലെ നാല്പത്തിയാറാമത് ശ്ലോകത്തിൽ പദാനുപദം സ്തുതിക്കുന്ന ഭാഗത്ത് 155 മത് പദത്തിൽ ഓം നിരീശ്വരായ നമ: എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ഈശ്വരന്റെ നാമരൂപങ്ങൾക്കൊക്കെ അപ്പുറത്ത് നിൽക്കുന്ന ചേതന തന്നെയാണ് നിരീശ്വരനെന്നാണു വിവക്ഷ. അതിനെ ഉൾക്കൊള്ളാൻ തക്കവണ്ണം പ്രജ്ഞ വളരാത്തവർക്ക് എളുപ്പത്തിലവിടേക്ക് എത്തിച്ചേരാനുള്ള ഉപാധികളാണ് ഉടലെടുത്ത മൂർത്തികൾ. നേരെ നിൽക്കാൻ ത്രാണിയില്ലാത്തവൻ ചാരി നിൽക്കാൻ സൃഷ്ടിച്ച ഉപാധി. ചന്ദ്രനിലേക്ക് ചൂണ്ടുന്ന വിരൽ പോലെയാണ് ഓരോ വിഗ്രഹവും. ഓരോ ഉപാസനാമൂർത്തിയും. ചന്ദ്രനെ കണ്ടു കഴിഞ്ഞാൽ പിന്നെ വിരലിന് പ്രസക്തി ഇല്ലാതാകുന്നതുപോലെ സ്വയം അപ്രസക്തമാകുന്നവ. എന്നാൽ ഇന്നതിന് മാറ്റമുണ്ടായിരിക്കുന്നു. മാളികയിലിരുന്ന് കനിവും കരുതലും വർഷിക്കുന്ന വികാരജീവിയായി കല്ലും ലോഹവുമൊക്കെ മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കാൻ പരിഹാസത്തിന്റെ തീക്ഷണ ശരങ്ങളുമായി നിരീശ്വരവാദികൾ എത്തുന്നത്.
സ്വന്തം കൈപ്പിടിയിലൊതുങ്ങാത്ത ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ അതിനു പിന്നിൽ ഒരു അതീന്ദ്രിയ ശക്തിയുണ്ടന്ന് വിശ്വസിക്കാനാണ് സാധാരണക്കാർക്കിഷ്ടം. വിശ്വാസത്തെ പരിഹസിക്കാനായി സ്ഥാപിക്കപ്പെട്ട വിമതദൈവം ജനപ്രിയനും ആശ്രിതവത്സലനും സർവ്വശക്തനുമാകുന്നത് അങ്ങനെയാണ്. നമ്മുടെ ജീവിത പരിസരങ്ങളുമായി അലിഞ്ഞു ചേർന്നിട്ടുള്ള മിത്തുകളുടെയെല്ലാം ആവിർഭാവവും ഇത്തരം വിശ്വാസങ്ങളിൽ നിന്നാണ്.
ഇന്ത്യൻ സമൂഹത്തിന്റെ അബോധമനസ്സിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന ഇത്തരം വിശ്വാസങ്ങൾ ഓരോ പ്രദേശത്തിനും സ്വന്തമാണ്. നവോത്ഥാനവും സാമൂഹികബോധത്തിന്റെ വികാസവും ശാസ്ത്രമുന്നേറ്റവുമൊന്നും ഇത്തരം ബോധങ്ങളെ കാര്യമായി സ്വാധീനിക്കാറില്ല. തട്ടകം വാഴുന്ന ദേശദേവനും പൂത്ത പാലമരച്ചോട്ടിലെ പാദസരക്കിലുക്കവും ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ഒടിയനുമൊക്കെ ഗ്രാമീണ മനസ്സിൽ ബാല്യംമുതൽ സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങളാണ്. നിരീശ്വരപ്രതിഷ്ഠയിലൂടെ ഒരു ജനതയുടെ അന്ധവിശ്വാസത്തെ വെല്ലുവിളിക്കാനാണ് ആഭാസന്മാർ തുനിഞ്ഞത്. എന്നാൽ വിശ്വാസവും അവിശ്വാസവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അതെത്തുന്നത്.
അധികാരകേന്ദ്രീകൃതമായ ഒരു സങ്കൽപ്പമാണ് ഈശ്വരൻ. അതിനെ ചോദ്യം ചെയ്യാനായി,അധികാരത്തെ പ്രതിരോധിക്കാനായി ശ്രമിക്കുന്തോറും അതുതന്നെ രൂപം മാറി വന്ന് മനുഷ്യ ജീവിതങ്ങളെ മാറ്റിമറിക്കുന്നു. ജനിതകമാറ്റം വന്ന വൈറസിനെപ്പോലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്കാണ് പിന്നീടതിന്റെ വളർച്ച. ഏതൊരു ലക്ഷ്യത്തിലാണോ നിരീശ്വരൻ പ്രതിഷ്ഠിക്കപ്പെട്ടത് അതിനു വിരുദ്ധമായി വന്നുഭവിക്കുന്നു. ഇതുതന്നെയാണ് എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും ഗതി. മുതലാളിയിൽ നിന്ന് അധികാരം തൊഴിലാളിയിലെത്തിയപ്പോൾ മുതലാളി ചെയ്തു വന്നതൊക്കെ തൊഴിലാളിയും പിന്തുടരുന്നു. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലെത്തിയപ്പോഴും ഈശ്വരനിൽ നിന്ന് നിരീശ്വരനിലെത്തുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. അധികാരവ്യവസ്ഥയുടെ മാറ്റം വരാതെ പേരുകൾ മാത്രം മാറുന്നു.
സൃഷ്ടിച്ച കൈകൾ സംഹാരത്തിനായി ഉളിയെടുത്തപ്പോൾ സംഭവിച്ചതൊക്കെ ബുദ്ധിക്കുണ്ടായ ഷോർട്ട്സർക്യൂട്ട് മാത്രമാണെന്ന് ചിന്തിക്കാൻ എല്ലാ വായനക്കാർക്കും കഴിയില്ല. നിരീശ്വരക്ഷേത്രം ബോംബിട്ടു തകർക്കാൻ ശ്രമിച്ച ആഭാസൻമാരെ തീവ്രവാദത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ആഭാസന്മാരെ നേരിട്ടുകാണാൻ റോബർട്ടോയും ഈശ്വരൻ എമ്പ്രാന്തിരിയും ജയിലിലെത്തി. അവിടെ വെച്ചുണ്ടായ സംഭാഷണത്തിൽ കഥാകാരൻ സ്വന്തം നിലപാടുകൾ റോബർട്ടോയിലൂടെ വ്യക്തമാക്കുന്നു. സംഭവിച്ചതിനൊന്നും ന്യായീകരണം കണ്ടെത്താനാവാതെ വലയുന്ന വായനക്കാരനെ ഏതെങ്കിലുമൊരു തീരത്ത് തോണിയടുപ്പിക്കാൻ ഈ വാക്കുകൾ സഹായിക്കുന്നു.
കടലാസിന് നമ്മൾ കൽപ്പിക്കുന്ന വിലയാണ് കറൻസിയുടെ മൂല്യം. 500, 2000 നോട്ടുകൾക്ക് സാധാരണക്കാരൻ നൽകുന്ന വില പോലെയാണ് കല്ലിനും ലോഹത്തിനും മരത്തിനും വിശ്വാസികൾ മൂല്യം കൽപ്പിക്കുന്നത്. ബാഹ്യമായ ബിംബവൽക്കരണത്തിനപ്പുറം മതാതീതമായ ആത്മീയതയെയാണ് നിരീശ്വരൻ അന്വേഷിക്കുന്നത്. ഞാനെന്ന ഭാവത്തിൽ നിന്ന് കടന്ന് അകത്തേക്ക് നോക്കുന്നവർക്ക് മാത്രം അറിയാൻ കഴിയുന്ന പൊരുളാണത്. വിശ്വാസമായാലും അവിശ്വാസമായാലും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. വിശ്വാസത്തിനുള്ള അതേ ശക്തി തന്നെ അവിശ്വാസത്തിനുമുണ്ട്. ഉണ്ടെന്നുമില്ലെന്നും വിശ്വസിക്കാനുള്ള അധികാരം ഓരോരുത്തർക്കുമുണ്ട്. രണ്ടും തുല്യ അളവിൽത്തന്നെയാണ്. നിരീശ്വരവാദത്തെ അതിന്റെ പൂർണതോതിൽ ഉൾക്കൊള്ളാനാവുന്നവർക്ക് ശുദ്ധമായ ആത്മീയത അനുഭവിക്കാൻ കഴിയും. നാമത്തിനും രൂപത്തിനും അപ്പുറത്തുള്ള ആ നിലയെ അറിയാൻ കഴിഞ്ഞില്ല എന്നതാണ് ആഭാസന്മാർക്ക് പറ്റിയ തെറ്റ്. ഇല്ലെന്ന വിശ്വാസത്തിന് അവർക്കൊരു മൂർത്തരൂപം ആവശ്യമായിവന്നു. അതാണ് ആദ്യത്തെ ദൗർബല്യം. അതിനുമേൽ പല മനസ്സുകൾ ഒന്നിച്ചു ചേർന്നപ്പോൾ അസാധാരണമായ പലതും സംഭവിച്ചു. മനുഷ്യമനസ്സാണ് ഈ ലോകത്ത് ഏറ്റവും ശക്തിയുള്ള ഇടം. ഇല്ലാത്തതിനെ ഇല്ലെന്ന് സ്ഥാപിക്കുകയോ ഉള്ള ഒന്നിനെ ഉണ്ടെന്ന് പ്രഖ്യാപിക്കുകയോ ചെയ്യേണ്ടതില്ല. സ്വയംബോധത്തിന്റെ പ്രശ്നമാണ് ആത്മീയത. അത് അടിച്ചേൽപ്പിക്കാനാവില്ല. ഇത്തരത്തിലുള്ള ചിന്താധാരകൾ ശക്തമായി പ്രഖ്യാപിക്കാൻ കഥാകാരന് നിരീശ്വരനിലൂടെ സാധിച്ചു.
രഹസ്യപദ്ധതിയുടെ പരസ്യപ്രയോഗങ്ങൾ
കൃത്യമായി കാണാൻ കഴിയുന്ന തിരശ്ചീനപാതകളിലൂടെയുള്ള ദീർഘദൂരയാത്രയെക്കാൾ അതിസാഹസികമായിമാത്രം കീഴടക്കാൻ കഴിയുന്ന കുത്തനെയുള്ള ഇറക്കങ്ങളും മറുപുറം കാണാനാവാത്ത കയറ്റങ്ങളും ഇഷ്ടപ്പെടുന്നവരാണ് സമകാല വായനക്കാർ. യാത്രയിലുടനീളം വായനക്കാരന്റെ അന്ത:ക്ഷോഭങ്ങളുണർത്തി വികാരവിചാരങ്ങളെ പ്രക്ഷാളനം ചെയ്യാൻ ലഭിക്കുന്ന ഒരവസരവും നിരീശ്വരനിൽ നോവലിസ്റ്റ് വേണ്ടെന്നു വയ്ക്കുന്നില്ല. വി. ജെ ജെയിംസിന്റെ ഭാഷയിൽ സ്വതേ അന്തർലീനമായിരിക്കുന്ന സറ്റയർ നിരീശ്വരനിലെത്തുമ്പോൾ വളരെ പ്രകടമാകുന്നത് വായനക്കാരന് അനുഭവപ്പെടും. ചിരിക്കാനും ചിന്തിക്കാനും ചിലപ്പോഴൊക്കെ എല്ലാം മറന്നു പൊട്ടിച്ചിരിക്കാനും നമുക്ക് കഴിയും. ദൈവനാമം തേച്ചുകഴുകി ആഭാസപ്പെടുത്തിയെടുത്ത തെരുവ് തന്റെ ആഭാസത്തരത്തിൽ അർമാദിക്കുന്നതിനൊപ്പം വായനക്കാരനും പങ്കുചേരും. ആവർത്തിക്കുന്ന നുണകൾ സത്യമെന്ന പ്രതീതി ജനിപ്പിച്ചു തുടങ്ങിയതിന് മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. ഈ സത്യാനന്തരകാലത്ത് അതിന്റെ മറവ് പൂർണ്ണമായും ഇല്ലാതായി. ജനാധിപത്യ ഭരണസമ്പ്രദായങ്ങൾപോലും അതിവിശ്വാസ്യതയോടെ നുണ പ്രചരിപ്പിക്കുന്നത് സാധാരണയായി. രഹസ്യ പദ്ധതികളുടെ പരസ്യപ്രയോഗങ്ങളിലൂടെ മതവും രാഷ്ട്രീയവും വ്യവസ്ഥിതിയും ഫാസിസ്റ്റു ഭരണകൂടത്തിന്റെ ഗൂഢതന്ത്രങ്ങളുമൊക്കെ മനുഷ്യമനസ്സിൽ ഇടം നേടിയെടുക്കുന്നു. ആവർത്തനങ്ങൾ കൊണ്ട് വഴക്കപ്പെട്ട വെറും ശീലങ്ങൾ മാത്രമായി ജീവിതം മാറുന്നു. ഭക്തിയെന്ന വലിയ വിൽപന സാധ്യതയുള്ള ഉൽപ്പന്നത്തെ മാർക്കറ്റ് ചെയ്യുന്ന നവകാലത്തിന്റെ കാപട്യം നോവൽ തുറന്നുകാട്ടുന്നു.
നിരീശ്വരന്റെ ആൽത്തറയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആധുനിക മണിബാക്ക് ഗ്യാരണ്ടി പ്രാർത്ഥനാ സംഘം മജ്ജയും മാംസവും ഉള്ളതാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി ദൈവത്തിനും ജനത്തിനും മധ്യവർത്തികളായി പ്രവർത്തിക്കുന്ന ‘നിപ്രസം ‘(നിരീശ്വര പ്രാർത്ഥനാ സംഘം ) പോലുള്ള സംഘടനകൾ നമുക്കിടയിൽ നാൾക്കുനാൾ വർദ്ധിച്ചു വരുന്നുണ്ട്.
ഇന്നത്തെ കാലത്ത് താൻ ചെയ്യുന്ന ഉളുപ്പില്ലാത്ത ഏതു പ്രവൃത്തിയും സ്ക്രീനിൽ കണ്ട് ചിരിക്കാവുന്നവരായി മലയാളി മാറുന്നുണ്ട്. എന്ത് കണ്ടാലും എന്തു വായിച്ചാലും സ്വന്തം ഉള്ളിലേക്ക് നോക്കാൻ കഴിയാത്ത വിധം അധപ്പതിച്ചു പോയ സാമൂഹ്യസാഹചര്യത്തിൽ എഴുത്തുകാരന് സ്വന്തം ഹൃദയരക്തത്തിൽ മുക്കി എഴുതിക്കൊണ്ടിരിക്കാനെ കഴിയൂ. മനുഷ്യജീവിതമെന്ന മഹാത്ഭുതം അനന്തവും നിത്യനൂതനവുമായ പാരായണ സാധ്യതകൾ അനസ്യൂതം ലഭ്യമാകുന്നതാണ് എന്ന ഉത്തമബോധ്യം ഈ എഴുത്തുകാരനുണ്ട്. തന്റെ ആഖ്യാനകലയിലെ മിതത്വവും കൈയടക്കവും ധ്വന്യാത്മകമായ അവതരണവും പ്രമേയത്തിലും കഥാപാത്രസൃഷ്ടിയിലും പുലർത്തിപ്പോരുന്ന നൂതനത്വവും കൊണ്ട് അത്ഭുതസാക്ഷ്യങ്ങളുടെ പട്ടികയിലെ ഉയർന്നസ്ഥാനത്തിനനുസരിച്ച് വി.ജെ ജെയിംസ് സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.