രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

പൊതുബോധത്തെ (public consciousness) രൂപപ്പെടുത്തുന്ന ഒരു നിശ്ശബ്ദ രാഷ്ട്രീയശക്തിയാണ് സാഹിത്യം. സമൂഹം സാധാരണമാക്കി വെച്ച കാര്യങ്ങളെ സാഹിത്യം ചോദ്യം ചെയ്യുന്നു. അത് വ്യക്തിയനുഭവങ്ങളെ പൊതു ചിന്തയാക്കുന്നു. ചരിത്രവും അധികാരവും കാണാതെപോകുന്ന കാര്യങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നു. സാഹിത്യം കൂടുതൽ വൈകാരികമായത് കൊണ്ട് മാറ്റം ഹൃദയത്തിൽ നിന്നുണ്ടാകുന്നു. അങ്ങനെ നോക്കുമ്പോൾ സാഹിത്യം പൊതുബോധത്തിന്റെ കണ്ണാടി മാത്രമല്ല അതിനെ മാറ്റിമറിക്കുന്ന ആയുധവുമാകുന്നു. ഇത്തരത്തിൽ സ്ത്രീജീവിതത്തെക്കുറിച്ച് നിലവിലുള്ള പൊതുബോധത്തെ ചോദ്യം ചെയ്യകയും പുനർനിർമ്മിക്കുകയും ചെയ്യുന്നവരാണ് മീരയുടെ നായികമാർ. അവർ
മാതൃത്വത്തെ പരമോന്നത സ്ത്രീധർമ്മമായി കണക്കാക്കുന്നില്ല. അവർ പൊതുവെ പരാതി പറയാറില്ല.സമർഥവും സൂക്ഷ്മവുമായ പ്രതിരോധമാണ് അവരുടെ അടിസ്ഥാന ഭാവം. വർത്തമാനകാലസ്ത്രീയനുഭവങ്ങളെ സ്വന്തം പ്രതിഭ കൊണ്ട് അപനിർമ്മിക്കുന്നവരാണവർ. പാരമ്പര്യം അവർക്ക് ഊർജ്ജസ്രോതസ്സല്ല. പാരമ്പര്യത്തെ കാൽക്കീഴിലാക്കി അതിനു മുകളിലാണവർ കസേരയിട്ടിരിക്കുന്നത്. ശൃംഗാരവും ക്ലീഷേ പ്രേമവുമൊന്നും അവരുടെ വഴിയല്ല. ഫ്രണ്ടൽ ലോബിന്റെ പൂർണമായ വികാസം സിദ്ധിച്ചവരാണവർ. യുക്തിസഹമായി ചിന്തിക്കുന്നതിനും അതുവഴി വികാരങ്ങളെയും ഇന്ദ്രിയപ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്നതിനും അവർക്കു ശേഷിയുണ്ട്.

പുരുഷനെ പ്രൊവോക്ക് ചെയ്യുകയും നിരന്തരസംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരാണവർ. കാമുകന്റെ ബൗദ്ധികശേഷി കൂടി പരിഗണിച്ചു മാത്രമേ മീരയുടെ നായികമാർ പ്രണയിക്കാറുള്ളൂ. കുടുംബിനികളായിരിക്കുമ്പോൾത്തന്നെ കുടുംബവ്യവസ്ഥയ്ക്കകത്ത് അവരെ പൂട്ടിയിടാനും കഴിയില്ല. എഴുത്തുകാരിയുടെ ആർജ്ജവവും സ്വാതന്ത്ര്യബോധവും ഇവരിൽ സന്നിവേശിപ്പിച്ച് ഒരു നവകാല പൊതുബോധം സൃഷ്ടിക്കാനുള്ള അഭിവാഞ്ച മീരയുടെ എഴുത്തിൽ എക്കാലവും പ്രകടമാണ്. അത് കാലത്തിനനുസരിച്ച് നവീകരിക്കുന്നുമുണ്ട്.

സ്വന്തം കുഞ്ഞിന് പേരിടാൻ കഴിയാത്ത സ്ത്രീയവസ്ഥയെക്കുറിച്ച് ഓർമ്മയുടെ ഞരമ്പ് എന്ന കഥയിൽ മീര ആദ്യകാലത്ത് പറഞ്ഞതാണ്. കലാച്ചിയിലും ഫിദയുടെ മക്കളായ അക്സയ്ക്കും എലിസയ്ക്കും പേരിടുന്നത് നിസാമിന്റെ അബ്ബാജാനാണ്. രണ്ടാമത്തെ മകൾ എലിസയ്ക്ക് വാപ്പിച്ചയെക്കൊണ്ട് അഖിലയെന്ന് പേരിടീക്കാനാണ് ഫിദ ആഗ്രഹിച്ചത്. അഖിലയെന്നത് ഹിന്ദുപ്പേരാണെന്ന് പറഞ്ഞ് അബ്ബാജാനത് നിഷേധിച്ചു.

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല. അവൾ ആഗ്രഹങ്ങളുള്ളവളാണ്. അത് പ്രകടിപ്പിക്കുന്നവളാണ്. പുരുഷനോ കുടുംബമോ മതമോ ഒന്നും അവളുടെ അധികാരിയാണെന്നവൾ കരുതുന്നില്ല. സ്നേഹത്തിന്റെ മുന്നിലല്ലാതെ എവിടെയുമവൾ സന്ധി ചെയ്യുന്നില്ല.അതിന്റെ ഏറ്റവും പുതിയ പ്രതിനിധിയാണ് കലാച്ചിയിലെ ഫിദ.

ജീവിതാനുഭവങ്ങളുടെ സൂക്ഷ്മാവിഷ്കാരത്തിലൂടെയും ചില സവിശേഷസന്ദർഭങ്ങളിലെ വ്യക്തിജീവിതത്തിന്റെ സൂക്ഷ്മവിവരണങ്ങളിലൂടെയും ഒരാളുടെ കാഴ്ചപ്പാടിനെയും ബോധപൂർവ്വമമർത്തി വെച്ചിട്ടും പ്രകടമായിപ്പോകുന്ന ആത്മഭാവത്തെയും അവതരിപ്പിക്കുന്നതിൽ മീരയ്ക്കൊരു പ്രത്യേക കഴിവുണ്ട്. ഇജാസുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തലയിൽ നിന്നൂർന്നു പോകുന്ന ഫിദയുടെ തട്ടം (മഫ്ത) നേരെയാക്കാൻ ബദ്ധപ്പെടുന്ന നിസാം അതിനൊരുദാഹരണമാണ്. സ്ലീപ്പിങ് ബ്യൂട്ടി, സ്നോവൈറ്റ് തുടങ്ങിയ യക്ഷിക്കഥകളിലെ സ്ത്രീവിരുദ്ധത ഇജാസ് പരാമർശിക്കുമ്പോൾ ചുംബനത്തെക്കുറിച്ചും റേപ്പിനെക്കുറിച്ചും തന്റെ ഭാര്യയുമായി സംസാരിക്കുന്ന പരപുരുഷനോടുള്ള എതിർപ്പ് നിസാം പ്രകടമാക്കുന്നു. ആണധികാര അസഹിഷ്ണുത ഇവിടെ പ്രകടമാകുന്നു. ഒരായുസ്സ് മുഴുവൻ ചുറ്റുന്ന അധികാരത്തിന്റെ നീരാളിക്കൈകളിൽ ശ്വാസംമുട്ടുന്ന പെൺജീവിതത്തെ ഇത്തരത്തിലുള്ള പല സന്ദർഭങ്ങളിലൂടെ മീര കലാച്ചിയിൽ അവതരിപ്പിക്കുന്നു.

വ്യക്തികളുടെ പേരിന് മതമുണ്ട്. ഉപയോഗിക്കുന്ന വാക്കിനും ഭാഷയ്ക്കും മതമുണ്ട്. ധരിക്കുന്ന വേഷത്തിന് മതമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന് മതമുണ്ട്.

സൂക്ഷ്മ നിരീക്ഷണമാവശ്യമില്ലാതെതന്നെ തിരിച്ചറിയാൻ കഴിയുന്ന സമകാലയിന്ത്യയിലെ ഈ ജീവിതാവസ്ഥയാണ് നോവലിലുള്ളത്. പെൺജീവിതത്തിലെത്തുമ്പോൾ ഇതിനെല്ലാമൊപ്പം ആണധികാരവും കൂടിക്കലരുന്നു. ഫിദ ഹിജാബ് ഉപയോഗിക്കാത്തതിന് നിസാമിന്റെ അബ്ബാജാനെയാണ് ആളുകൾ കളിയാക്കുന്നത്. പണ്ട് പണയപ്പണ്ടമായി പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ടതിന്റെ പിന്നിലും സ്ത്രീക്കുമേലുള്ള പുരുഷന്റെ ഉടമസ്ഥാവകാശമായിരുന്നു കാരണം. രാഷ്ട്രം നേരിടുന്ന അക്രമങ്ങൾ, ചൂഷണങ്ങൾ, ആഭ്യന്തര കലാപങ്ങൾ, അധികാരപീഡനങ്ങൾ, യുദ്ധങ്ങൾ, വർഗീയത, പിതൃത്വാധിപത്യം എന്നിവയുടെ അടയാളങ്ങൾ ആദ്യമുണ്ടാകുന്നത് സ്ത്രീശരീരത്തിലാണ്. അതിനാൽ സ്ത്രീശരീരം ഒരു സ്വകാര്യ ശരീരമല്ല; അത് രാഷ്ട്രീയത്തിന്റെ ഏറ്റവും ദൃശ്യമായ ഇടമാണ്. സ്ത്രീ മുറിവേറ്റ രാഷ്ട്രശരീരമാവുന്നത് അങ്ങനെയാണ്.അതുകൊണ്ടാണ് വംശീയകലാപങ്ങളിലും രാജ്യാന്തര യുദ്ധങ്ങളിലും തോൽപ്പിക്കപ്പെടുന്ന കൂട്ടത്തിലെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു മറ്റേക്കൂട്ടർ വിജയമാഘോഷിക്കുന്നത്.

അബ്ബാജാനേപ്പോലുള്ള മതമൗലികവാദികൾക്കും നിസാമിനെപ്പോലുള്ള തണുപ്പൻ മാന്യതയുടെ ഉടമസ്ഥർക്കും സ്ത്രീയുടെ ഉടമസ്ഥാവകാശം ഇന്നും പുരുഷനിൽ നിക്ഷിപ്തമാണ്. അതുകൊണ്ടാണ് സ്ത്രീയുടെമാത്രം വസ്ത്രധാരണം സമൂഹമേറ്റെടുക്കുന്നത്. രാഷ്ട്രീയം മതമായി മാറുമ്പോൾ അത് അധികാരപൂജയാകും. മതം രാഷ്ട്രീയമായി മാറുമ്പോൾ അത് ജനനിയന്ത്രണോപാധിയാകും. രാഷ്ട്രീയവും മതവും തമ്മിലുള്ള ഈ അവിശുദ്ധ ബന്ധത്തെ മുസ്ലിം സ്ത്രീകളുടെ ജീവിതചിന്തകളുമായി ബന്ധപ്പെടുത്തി കലാച്ചിയിലുടനീളം മീര ഉപയോഗിക്കുന്നു. പാന്റ്സും ജാക്കറ്റും ധരിച്ച് അഴിച്ചിട്ട മുടിയുമായി ഫിദ പർദ്ദയിട്ട മക്കളെയും കൊണ്ട് ഡൽഹിയുടെ തെരുവിലൂടെ നടക്കുമ്പോഴുണ്ടാകുന്ന അനുഭവം അതാണ് തെളിയിക്കുന്നത്.

“Start as you want to go “എന്നു പറയാൻ തക്ക ശക്തിയുള്ള അമ്മമാരെ അണിയറയിൽ നിർത്തി അവരുടെ പെണ്മക്കളിലൂടെയാണ് ഈ വ്യവസ്ഥിതിയോട് മീര യുദ്ധം ചെയ്യുന്നത്. മീരയുടെ നായികാ കഥാപാത്രങ്ങളുടെ പിന്നിൽ ആർജ്ജവമുള്ള അമ്മമാരുണ്ടെന്ന് അവരുടെ ജീവിതം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും. ഘാതകനിലെ സത്യപ്രിയയുടെ അമ്മ വസന്തലക്ഷ്മി ഇതിനൊരു നല്ല ഉദാഹരണമായിരുന്നു. ഉറച്ചു സംസാരിച്ചാൽ ശിക്ഷ ഉറപ്പുള്ള ലോകത്ത് മൗനം തന്നെ പ്രതിരോധമാക്കി അവർ അതിജീവിക്കുകയായിരുന്നു. സത്യപ്രിയയുടെ കരുത്തിന്റെ വേരുകൾ വസന്തലക്ഷ്മിയിലായിരുന്നു. അതിനെക്കാളും ശക്തയാണ് ഫിദയുടെ ഉമ്മിച്ച. സഹോദരങ്ങളെ പഠിപ്പിക്കാനായി ദല്ലാൾപ്പണിയും വണ്ടിപ്പണിയും അടുക്കളപ്പണിയും ചെയ്തവളാണ് ഫിദയുടെ ഉമ്മിച്ച. അതുകഴിഞ്ഞവർ സ്വയം പഠിക്കുകയും എം.എഡ് എടുക്കുകയും ചെയ്തു. ഗവൺമെന്റ് കോളേജിൽ അധ്യാപികയായി. പരമ്പരാഗത മാതൃത്വസ്തുതികളിൽ അവരൊതുങ്ങുന്നില്ല. താൻ പഠിപ്പിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പത്താം ക്ലാസിൽ വിവാഹം കഴിച്ചു വിടാൻ തയ്യാറായ വീട്ടുകാർക്കെതിരെ അവർ കോടതിയിൽ പോയി. പരമ്പരാഗതമായി തുടരുന്ന ഇരഭാവം അവർ പുന്തുടരുന്നില്ല.

സമൂഹത്തെ ഭയന്ന് നിശ്ശബ്ദത മാർഗ്ഗമായി അവർ സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അവർ ബന്ധുക്കൾക്കും സമൂഹത്തിനും അനഭിമതയാണ്. “കുറച്ചു കഴിഞ്ഞ് എല്ലാം ശരിയാക്കാമെന്ന് പ്രതീക്ഷിക്കരുത്. ഒന്നിനും അനുവാദം ആരോടും ചോദിക്കരുത്. എന്നോട് പോലും. നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാം. തെറ്റിയാൽ തിരുത്തണം. അതല്ലാതെ ഒരിക്കൽ അനുവാദം ചോദിച്ചാൽ എന്നും ചോദിക്കേണ്ടിവരും, പഠിത്തം ജോലി എല്ലാ കാര്യത്തിലും. ” ഫിദയെ പെണ്ണുകാണാൻ വന്നപ്പോഴുള്ള നിസാമിന്റെ ഉമ്മയുടെ ഉപദേശമാണിത്. തനിക്കേറ്റ മുറിവുകൾ പാരമ്പര്യമായി കൈമാറുന്ന സ്ത്രീയെയല്ല ഇവിടെ നാം കാണുന്നത്. ഫിദയുടെ ശിരസ്സിൽ നിന്നവരന്ന് ഹിജാബ് അഴിച്ചു മാറ്റി. അവരുടെ മരണശേഷം അത് വീണ്ടും അണിയിക്കാനുള്ള അബ്ബാജാന്റെയും നിസാമിന്റെയും ശ്രമത്തിൽ നിന്നാണ് ഫിദ പുറത്തു കടക്കുന്നത്.

വസ്ത്രമെങ്ങനെയാണ് സാമൂഹികവും രാഷ്ട്രീയവുമായ അധികാരബന്ധങ്ങൾ പ്രകടമാക്കുന്ന ശക്തമായ ഒരു പ്രതീകമാകുന്നതെന്ന് ഇവിടെ മീര തെളിയിക്കുന്നു. സ്ത്രീകളുടെ കാര്യത്തിൽ, എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം, എപ്പോൾ ധരിക്കണം എന്നതെല്ലാം അധികാരകേന്ദ്രങ്ങൾ നിർണ്ണയിക്കുന്നു. വസ്ത്രധാരണത്തെക്കുറിച്ച് നിലനിൽക്കുന്ന ചിന്തകൾ സ്ത്രീശരീരത്തെ നിയന്ത്രിക്കുന്ന സാമൂഹിക–രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗമാണ്. ഇവിടെ വസ്ത്രം സ്വാതന്ത്ര്യത്തിന്റെ ചിഹ്നമല്ല; മറിച്ച് അടിച്ചമർത്തലിന്റെ ഭാഷയായി മാറുന്നു. മതാനുശാസനമനുസരിച്ച് കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെയും തണലിലുള്ള സുരക്ഷിതത്വം അനുഭവിച്ചു ജീവിക്കുന്നവരാണ് നമുക്ക് പരിചയമുള്ള മുസ്ലിം സ്ത്രീ കഥാപാത്രങ്ങളേറെയും.

ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ ഒരു സ്ത്രീയിലുണ്ടാക്കുന്ന മാറ്റങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന കഥാപാത്രമാണ് ഡോക്ടർ ഫിദ. പ്രേമിച്ച പുരുഷനെ വിവാഹം കഴിക്കാൻ സാധിച്ചപ്പോൾ അതുതന്നെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് കരുതുകയും നിസാമിന്റെ ഉമ്മിച്ചയും അബ്ബാജാനും പ്രൗഢമായ കുടുംബചുറ്റുപാടുകളും തന്റെ ഭാഗ്യമാണെന്ന് കരുതുകയും ചെയ്തവളാണവൾ. ഇസ്ലാമിനെ മുറുകെപ്പിടിക്കേണ്ട കാലമാണിതെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന ഭർത്താവിലെ മതമൗലികവാദിയെ അവൾ പിന്നീട് തിരിച്ചറിയുന്നു. ഫിദയുടെ പിഎച്ച്ഡി രജിസ്ട്രേഷനെ അബ്ബാജാൻ എതിർക്കുമ്പോൾ അവൾ ശക്തമായി പ്രതികരിക്കുന്നു. തനിക്ക് ബോധ്യമാകാത്ത കാര്യങ്ങളെ എതിർക്കാനും തന്റെ നിലപാടുകൾ അവതരിപ്പിക്കാനും ആശങ്കയില്ലാത്തവളായി ഫിദ മാറുന്നു. ചിന്തിക്കുന്ന സ്ത്രീയുടെ ജീവിതത്തിൽ കാലാന്തരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ മീര ഫിദയിലൂടെ അടയാളപ്പെടുത്തുന്നു.അമ്മയും പെൺമക്കളും തമ്മിലുള്ള വൈകാരികമായ കൊടുക്കൽ വാങ്ങലുകളിലെ തീവ്രനുഭവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന മീരയുടെ രീതി കലാച്ചിയിലുമുണ്ട്. പെണ്ണിൽ നിന്ന് പെണ്ണിലേക്ക് മാത്രമുള്ള ഒരു കവിഞ്ഞൊഴുകലാണത്. മക്കളെ കാണാൻ നിസാമിന്റെ വീട്ടിലെത്തുന്ന ഫിദയോട് അക്സയും എലീസയും പങ്കിടുന്ന വൈകാരികാനുഭവങ്ങൾ ഒരച്ഛനും മക്കളിൽ നിന്ന് കിട്ടാനിടയില്ലാത്തതാണ്.

കുടുംബത്തിന്റെ വ്യവസ്ഥാപിത ചുറ്റുപാടുകൾ പൊട്ടിച്ചെറിയുന്ന സ്ത്രീ കഥാപാത്രങ്ങളാണ് മീരയുടെത്. ചിന്തിക്കുകയും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാൻ കഴിയുന്ന സ്ത്രീസ്വത്വമാണ് അവരുടേത്. ആദ്യത്തെ സ്ത്രീ ആരാച്ചാരായ ചേതനയ്ക്കും രാഷ്ട്രമെന്ന പെൺശരീരത്തിന് നേരെ നിരന്തരം കത്തിവീശുന്ന ഭരണകൂടമെന്ന ഘാതകനെ തിരക്കിയിറങ്ങുന്ന സത്യപ്രിയയ്ക്കും യക്ഷിക്കഥയ്ക്ക് പിന്നിലെ രാഷ്ട്രീയവെളിച്ചത്തിന് മുന്നിൽ സ്വയം സമർപ്പിക്കാൻ വെമ്പിയ സാപ്പിയോസെക്ഷ്വലായ ഡോക്ടർ ഫിദയ്ക്കും അത്തരം വിലങ്ങുകൾക്കുള്ളിലെ അടക്കവും ഒതുക്കവുമുള്ള പെണ്ണുങ്ങളാകാൻ കഴിയില്ല. സ്ത്രീയുടെ വഴക്കപ്പശകൊണ്ട് കുഴച്ചുപരുവപ്പെടുത്തിയ കുടുംബസംവിധാനത്തിന്റെ കടിഞ്ഞാൺ മതം, പുരുഷാധിപത്യം, രാഷ്ട്രീയം തുടങ്ങിയ അധികാരസ്ഥാനങ്ങൾക്കാണെന്ന സാമൂഹികസത്യമാണ് നോവൽ മുന്നോട്ട് വയ്ക്കുന്നത്. അലീമയും ഫിദയും സ്ത്രീത്വത്തിന്റെ മാത്രമല്ല മനുഷ്യത്വത്തിന്റെ തന്നെ രണ്ടു മുഖങ്ങളാണ്. മതത്തിനു വഴങ്ങി, വ്യവസ്ഥിതിക്ക് വിധേയപ്പെട്ട്, ജീവിതത്തിന്റെ ഭൗതികഉൽക്കർഷകളിൽ അഭിരമിച്ച് ജീവിക്കുന്നവളാണ് അലീമ. വാഴ്ത്തപ്പെട്ട സ്ത്രീ ഗുണങ്ങളിൽ സ്വയം തളച്ചിടപ്പെട്ടവളാണവൾ. ഫിദയാകട്ടെ സ്നേഹത്തിന്റെ മുന്നിലല്ലാതെ മറ്റൊന്നിനും വഴങ്ങാത്ത നട്ടെല്ലുമായി ജീവിക്കുന്നവളാണ്.

സാമൂഹികപ്രശ്നങ്ങളെ കഥയാക്കി മാറ്റുന്നതിൽ മീര വിജയിക്കുന്നത് അവരുടെ സർഗ്ഗാത്മകപ്രതിഭ കൊണ്ടാണ്. കഥാപാത്ര സൃഷ്ടിയിലും ഈ നൈപുണ്യം നമുക്ക് ദർശിക്കാൻ കഴിയും. ജീവിതത്തിൽ നിന്നും സ്വീകരിക്കുന്ന മോഡലുകളെയാണ് നോവലിസ്റ്റുകൾ കഥാപാത്രങ്ങളായി രൂപാന്തരപ്പെടുത്തന്നത്. കഥാപാത്രത്തിന്റെ ചിന്തയുടെയും വികാരത്തിന്റെയും മണ്ഡലത്തിൽ നോവലിസ്റ്റിന്റെ ഭാവനയുടെ ഇടപെടൽ കൂടുതലാണ് . മീരയുടെ സ്ത്രീകഥാപാത്രങ്ങളാരും ആശയപരമായ ദൗർബല്യമുള്ളവരല്ല.

സാമൂഹിക ജീവിതത്തിൽ ക്രിയാത്മകമായി ഇടപെടാൻ അവർക്ക് കഴിയുന്നുണ്ട്. പതറാത്ത യുക്തിയും പെട്ടെന്ന് ക്ഷതമേൽക്കാത്ത വൈകാരികതയുമാണ് അവരുടെത്. സാമ്പ്രദായിക വീട്ടമ്മപ്പട്ടത്തിൽ സംതൃപ്തയായ അലീമ പോലും പരസ്പരവിരുദ്ധമായ ആശയത്തിന്റ വക്താവല്ല. എന്നാൽ വൈജ്ഞാനിക പിൻബലമുണ്ടെങ്കിലും പുരുഷൻമാർ അത്രത്തോളം ശക്തരല്ല. പരസ്പരവിരുദ്ധമായ അശയങ്ങളുടെ വക്താവായാണ് നിസാമിനെ അവതരിപ്പിക്കുന്നത്. ഭാര്യയ്ക്ക് മുന്നിൽ ആദ്യകാലങ്ങളിൽ വളരെ വിധേയനാണയാൾ. മതമൗലികവാദിയായ അബ്ബാജാന്റെ മുന്നിലയാൾ പ്രതികരണശേഷിയില്ലാത്തവനാണ്. തീവ്രവാദപ്രവർത്തനമാരോപിച്ച് ആദ്യം ലഭിച്ച ശിക്ഷ കഴിഞ്ഞ് പുറത്ത് വന്നിട്ടും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ വിമുഖനാണ് ഇജാസ്. സ്വന്തമായി ഒരു കുഞ്ഞിനെ വേണമെന്ന് പോലും തോന്നാത്തവിധത്തിൽ അസ്തിത്വപ്രശ്നം അയാൾ അനുഭവിക്കുന്നുണ്ട്.

അപസർപ്പകസ്വഭാവം പുലർത്തുന്ന നായികമാർ മീരയുടെ കഥകളുടെ പ്രത്യേകതയാണ്. ആരാച്ചാരിലെ ചേതനയും ഘാതകനിലെ സത്യപ്രിയയും പോലെ കലാച്ചിയിലെ ഡോക്ടർ ഫിദയും വീടും നാടും വിട്ട് യാത്ര ചെയ്യുന്നവരും പ്രതിബന്ധങ്ങളെ തരണം ചെയ്യാനായി സാഹസികതയുടെ ഏത് കൊടുമുടിയിലും നിർഭയം കയറുന്നവരുമാണ്. കാലാനുസൃതമായി കർമ്മപഥത്തിൽ നിന്ന് കർതൃത്വത്തിലേക്ക് സ്ത്രീ മാറിയതിന്റെ ധീരമായ സൂചനകൾ ഇവരിലെല്ലാമുണ്ട്. പുരുഷന് സ്വന്തമായിരുന്ന വിജുഗീഷുഭാവത്തെയാണ് പെണ്ണിവിടെ മുഖമുദ്രയാക്കുന്നത്. അന്വേഷണത്തിന്റെയും കീഴടക്കലിന്റെയും ആധികാരികതയുള്ള സ്ത്രീ സ്വത്വത്തെ മീര ഫിദയിലൂടെ മുന്നോട്ട് വയ്ക്കുന്നു. സ്വന്തമായി രാഷ്ട്രീയനിലപാടുകൾ രൂപീകരിക്കുകയും അനുഭവങ്ങളോട് ക്രിയാത്മകമായി ഏറ്റുമുട്ടുകയും ചെയ്തുകൊണ്ട് സ്വന്തം നീതി തേടുന്ന മുസ്ലീം സ്ത്രീയായി ഫിദ മാറുന്നു.

വിളിച്ചു പറയാൻ കൊതിച്ച സത്യങ്ങളെ വിഴുങ്ങിക്കൊണ്ട് നില നിർത്തിപ്പോന്നിരുന്ന ഷണ്ഡത്വത്തിൽ നിന്ന് മോചിതയായ ഇന്നത്തെ പെണ്ണിന്റെ പ്രതിനിധി കൂടിയാവുന്നു ഫിദ. പാരമ്പര്യാനുസൃതരൂപ സൂചകങ്ങളിൽ നിന്നും മോചിതയായ ഒരു മുസ്ലിം യുവതിയെ നായികയാക്കുക വഴി സമകാല ഇന്ത്യയിൽ ഒരു വലിയ രാഷ്ട്രീയപാഠം കൂടിയാണ് കെ. ആർ. മീര സ്വീകരിച്ചിരിക്കുന്നത്.

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു