രേഖയുടെ നോവൽ പഠനങ്ങൾ – 18 : കൊക്കൂണിനുള്ളിലെ ആത്മസഞ്ചാരങ്ങൾ

പട്ടുനൂൽപ്പുഴു – എസ്.ഹരീഷ്

എല്ലാക്കാലത്തും ഏറ്റവും ജനപ്രിയമായ സാഹിത്യരൂപമാണ് നോവൽ. തെരഞ്ഞെടുക്കുന്ന ജീവിതപരിസരത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ സമഗ്രവിശകലനം നോവലിൽ നടക്കുന്നുണ്ട്. മനുഷ്യന്റെ ആന്തരികജീവിതത്തെയും ആത്മസംഘർഷങ്ങളെയും ആവിഷ്കരിക്കുന്നതോടൊപ്പം ബാഹ്യജീവിതചുറ്റുപാടിന്റെ പ്രശ്നങ്ങളേറ്റെടുക്കുകയും അവയോട് കലഹിക്കുകയും ചെയ്യാനുള്ള അവസരം നോവലിലുണ്ട്. അതുകൊണ്ടുതന്നെ പാർശ്വവൽക്കരിക്കപ്പെടുന്ന ജീവിതങ്ങളും ഫാസിസ്റ്റ് വിരുദ്ധ മനോഭാവവും യുദ്ധവിരുദ്ധ സന്ദേശവും പരിസ്ഥിതി സൗന്ദര്യശാസ്ത്രവും ഇന്റർനാഷണൽ പൊളിറ്റിക്‌സും സമകാലനോവലിന് വിഷയമാകുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വ്യക്തിയുടെ മനോവ്യാപാരങ്ങൾ, അനുഭൂതികൾ ഇവയിലൂടെ ജീവിതത്തിന്റെ ആന്തരികയാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുന്ന നോവലുകളും മലയാളത്തിലുണ്ടാകുന്നുണ്ട്.

അത്തരത്തിലുള്ള നോവലാണ് എസ്.ഹരീഷിന്റെ പട്ടുനൂൽപ്പുഴു. സാമൂഹ്യപശ്ചാത്തലത്തെക്കാൾ മനുഷ്യമനസ്സിന്റെ ഗുപ്തസഞ്ചാരങ്ങളെ ഈ നോവൽ വിശകലന വിധേയമാക്കുന്നു. ജീവിതത്തിന്റെ സമഗ്രാവിഷ്കാരമാണ് നോവലെന്ന സങ്കല്പം ഇവിടെ അവഗണിക്കപ്പെടുന്നു. സാമൂഹികപ്രതിബദ്ധതയ്ക്കുമപ്പുറത്താണ് സാഹിത്യത്തിന്റെ സൗന്ദര്യാത്മക തലമെന്ന് ഈ നോവൽ തെളിയിക്കുന്നു.

സാംസയും ആനിയും വിജയനുമാണ് ഈ നോവലിലെ പ്രധാനകഥാപാത്രങ്ങൾ. അവരുടെ ഓർമ്മകളും ചിന്തകളുമാണ് കഥാഗതിയെ നിർണയിക്കുന്നത്. സാംസ ഒരുന്മാദിയാണ്. സാംസയ്ക്ക് മാത്രമല്ല വിജയനും ആനിക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉന്മാദമുണ്ട്. വേറൊരു കഥാപാത്രമായ സ്റ്റീഫന് വർഷത്തിലൊരിക്കൽ ഉന്മാദം ഭ്രാന്തായിത്തീരാറുണ്ട്. ദൂരെയുള്ള നഗരത്തിലേക്ക് പോകാൻ ട്രെയിനിൽ കയറിയിട്ട് ഇടയ്ക്കിറങ്ങി തിരിച്ചുപോവുകയോ ഒറ്റയ്ക്കൊരു മുറിയെടുത്തു ഭക്ഷണം കഴിച്ചു വെറുതെയിരിക്കുകയോ ചെയ്യുന്നയാളാണ് സാവുൾ. കാമുകനിൽ നിന്ന് ഗർഭിണിയായ മകളെ ഒറ്റത്തൊഴിക്ക് കൊന്ന് കിണറിന്റെ കപ്പിയിൽ കെട്ടിത്തൂക്കിയിട്ടും പൊന്നൻ മാനേജരെ പോലീസ് പിടിച്ചില്ല. പക്ഷേ അയാൾ ഭ്രാന്തനായിത്തീർന്നു. സാംസയുടെ ഉപദേഷ്ടാവായ ദാമു പറഞ്ഞകാര്യങ്ങൾ മറന്നുപോവുകയും നിരന്തരം മാറ്റി മാറ്റി പറയുകയും ചെയ്യുന്ന ആളാണ്. ‘മോൻ’ എന്ന് വിളിപ്പേരുള്ള വേറൊരു ഭ്രാന്തൻ നോവലിലുണ്ട്. മുറിയിൽ അടച്ചിട്ടിരിക്കുന്ന, ജനൽ വഴി മാത്രം ലോകം കാണുന്ന, മുറിക്കകത്ത് തുണിയില്ലാതെ നടക്കുന്ന മോൻ സാംസ ഏഴാംക്ലാസിലെത്തിയപ്പോൾ മുറിയിൽ ചത്തു കിടന്നു. ഭ്രാന്തിനെ തികച്ചും സ്വാഭാവികമായ ഒരു മനുഷ്യാവസ്ഥയായി ഈ നോവലിൽ അവതരിപ്പിക്കുന്നു. ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നേരിയ ഭ്രാന്തെങ്കിലുമില്ലാത്ത ആരുമില്ലാത്തതുകൊണ്ട് പ്രാന്തൻമൂലയെന്നറിയപ്പെടുന്ന സ്ഥലം പരിചയപ്പെടുത്തുന്നു. ഒരാളുടെ പ്രവൃത്തിയും സംസാരവും നിരന്തരം ശ്രദ്ധിച്ചാൽ ഓരോ തെളിഞ്ഞ മുഖത്തിനടിയിലും വിഭ്രാന്തി ഒളിഞ്ഞിരിക്കുന്നത് കാണാമെന്ന് പറഞ്ഞുകൊണ്ട് ഭ്രാന്തിനോട് തികഞ്ഞ അനുഭാവം നോവൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

1992 മാർച്ചിലെ സാംസയുടെ വേനലവധിയാണ് നോവൽക്കാലം. അവധിക്കാലത്ത് പറമ്പിൽ പണിക്ക് നിൽക്കുന്നയാളെ സഹായിക്കുകയും, കടയിൽ അച്ഛനെ സഹായിക്കുകയും ചെയ്യുന്ന തികച്ചും ഗ്രാമീണനായ ഒരു കൗമാരക്കാരനാണ് സാംസ. സാംസ കാണുന്ന സ്വപ്നത്തിലാണ് നോവലാരംഭിക്കുന്നത്. ഒറ്റയ്ക്കല്ല താനാ സ്വപ്നം കണ്ടുകൊണ്ടിരുന്നതെന്ന് ഉണരുമ്പോൾ സാംസക്ക് തോന്നുന്നു. ആ അപരത്വം നോവലിന്റെ അവസാനം വരെ സാംസയെ പിന്തുടരുന്നുണ്ട്. ഒരിടത്തായിരിക്കുമ്പോൾത്തന്നെ മറ്റൊരിടത്തായിരിക്കാൻ കഴിയുന്ന സവിശേഷസ്വഭാവമുള്ളയാളാണ് സാംസ.13 വയസ്സുകാരനായ സാംസയുടെ കാഴ്ചയാണ് നോവലിലെ ഓരോ ദൃശ്യാനുഭവവും.

നോവലിന്റെ കഥാഗതി കെട്ടുമൂട്ടിൽ വട്ടം കറങ്ങുന്ന നാൽക്കാലിയെപ്പോലെയാണ്. എത്ര കറങ്ങിയാലും അതിനെത്തിച്ചേരാനാവുന്ന ദൈർഘ്യം ഇത്തിരി വട്ടമാണ്. സാംസയെ കേന്ദ്രബിന്ദുവും ആനി, വിജയൻ, മാർക്കോ, സ്റ്റീഫൻ, ദാമു തുടങ്ങിയവർ കേന്ദ്രത്തിൽ നിന്നും തുല്യയകലത്തിലുള്ള ബിന്ദുക്കളുമായി വരയ്ക്കുന്ന വൃത്ത പരിധിയാണ് നോവൽപരിസരം. ലൈബ്രറിയും ആനിയുടെവീടും വിജയന്റെ വീടും വിജയന്റെ റേഷൻ കടയും ആ പരിധിക്കുള്ളിൽ അടയാളപ്പെടുത്താൻ കെല്പുള്ള ഇടങ്ങളത്രേ.സ്മരണയോടൊപ്പം വിസ്മൃതിയുടെയും വാസ്തവികതയെ അംഗീകരിച്ചുകൊണ്ട് അവ്യക്തവും അമൂർത്തവുമായ രീതിയിലാണ് ആഖ്യാനം. നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ കാര്യകാരണബന്ധം അനുവർത്തിക്കുന്നതും യുക്തിയാൽ ഏകീകരിക്കപ്പെടുന്നതുമല്ല. സംഭാഷണസംഭവവും സ്മരണാസംഭവവും എന്ന രണ്ടു രീതിയിലാണ് കാലത്തെ നോവലിൽ ആവിഷ്കരിക്കുന്നത്. വിവരണത്തിൽ തീവ്രമായ മൂർത്തത കൈവരിക്കുന്നയിടങ്ങളിലൊക്കെ ഹരീഷിന്റെ ഷോട്ടുകളേറെയും ശ്യസാധ്യത സന്നിവേശിപ്പിക്കുന്നവയാണ്. ഇത്തരമവസരങ്ങളിൽ കഥാപരിസരനിർമ്മിതിക്ക് ക്ലോസപ്പ് ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

അടുത്തുനിന്ന് കണ്ടാൽ മാത്രം നൊമ്പരവും അകന്നുനിന്ന് കണ്ടാൽ നർമ്മവുമുണർത്തുന്നത് ജീവിതകാഴ്ചകളുടെ പൊതുസ്വഭാവമാണ്. അകന്നുനിന്നു കാണുമ്പോൾ കാഴ്ചയുടെ ഒരു വലിയലോകത്തെ നോട്ടം കൊണ്ടേറ്റെടുക്കുന്നു. അടുത്തുനിന്ന് കാണുന്നവർ കാഴ്ചയുടെ ഒരു ചെറിയ ലോകത്തെ വലിയനോട്ടമായി പരിവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്.ഈ വലിയ നോട്ടത്തിനനുയോജ്യമായ ചെറിയ പരിസരമാണ് നോവലിൽ കൂടുതലും സ്വീകരിച്ചിരിക്കുന്നത്.

” വൃക്ഷങ്ങളിൽ മാത്രം കാണുന്ന കുഞ്ഞുപുഴുക്കൾ ചില്ലകളിൽ നിന്ന് നോട്ടത്തിൽപ്പെടാത്ത നൂലുകളിൽ തൂങ്ങി താഴേക്കിറങ്ങുന്നുണ്ട്. അത് ശ്രദ്ധിക്കാതെ മനോരാജ്യം കണ്ട് നടന്നാൽ നമ്മുടെ തലയിലും തോളിലുമൊക്കെ പുഴുക്കൾ പറ്റിപ്പിടിച്ചിരിക്കും.അവയെ നിരീക്ഷിച്ചുകൊണ്ട് സാംസ നിക്കർ താഴ്ത്തി തറയിൽത്തന്നെനിന്ന് മുറ്റത്തേക്ക് മൂത്രമൊഴിച്ചു. താഴെ മണ്ണിളക്കിക്കൊണ്ടിരുന്ന ഒരു ഞാഞ്ഞൂൽ പൊള്ളലേറ്റ് കുറച്ചുനേരം പിടച്ചു, കുറെ കഴിഞ്ഞപ്പോൾ അത് ചത്തു കാണും. ” ഇത്തരത്തിൽ സാംസയുടെ കാഴ്ചയും ചിന്തയും കൊണ്ടാണ് ക്ലോസപ്പ് ലോകങ്ങളേറെയും സൃഷ്ടിക്കപ്പെടുന്നത്. സാധാരണകാര്യങ്ങളിൽ അസാധാരണത്വം ജനിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഹരീഷിന്റെ ആഖ്യാനത്തിന്റെ സവിശേഷത.ഹരീഷതിന് തെരെഞ്ഞെടുത്തിരിക്കുന്ന കഥാപരിസരം പലതരം ആവാസവ്യവസ്ഥകളാൽ സമ്പന്നമായ ജീവപരിസരം കൂടിയാണ്.പല നുണകൾ കൂട്ടിച്ചേർത്ത് പറയുന്ന കഥയ്ക്ക് ജീവിതത്തിന്റെ വാസ്തവപ്രതീതി ജനിപ്പിക്കുന്നതിന് ഇതെല്ലാം സഹായകമാവുന്നു.

മനുഷ്യരോട് വളരെക്കുറച്ചും മൃഗങ്ങളോടും മരിച്ചുപോയവരോടും കൂടുതലും സംവദിക്കുന്ന കഥാപാത്രമാണ് സാംസ. നായയായ ഇലുവുമൊത്തുള്ള ആശയവിനിമയം അതിനുദാഹരണമാണ്. മലയാളഭാഷയിലെ ഒരു പ്രയോജനവുമില്ലാത്ത ‘ഋ’ കഴിഞ്ഞുള്ള അക്ഷരമാണ് ‘ഇലു’.

ഇലുവെന്ന നായയെക്കൊണ്ടും ഒരു പ്രയോജനവുമില്ല.ആരെയും കണ്ടാൽ കടിക്കില്ല കുരക്കില്ല എല്ലാവരോടും വാലാട്ടും. കെട്ടഴിച്ച് വിട്ടാൽ വീട്ടിൽത്തന്നെ ഭ്രാന്തമായി കുറെ ഓടി തിരികെവന്നുകിടക്കും. ഇലുവിന്റെ വാലുകടിയും അവന്റെ വാലാട്ടവും വരെ സാംസയുടെ ക്ലോസപ്പ് കാഴ്ചകളിൽ പെടുന്നു. ജീവിതമെല്ലായ്‌പ്പോഴും പ്രയോജനാപേക്ഷമായിരിക്കണമെന്നില്ലല്ലോ. വളരെ അസാധാരണമായി,ഒരു മനുഷ്യനെപ്പോലെ അവനൊടുവിൽ തൂങ്ങിമരിക്കുന്നു. ലേഹ്യം വയ്ക്കാൻ പാണ്ടിക്കാരൻ കൊണ്ടുവന്ന മുട്ടനാടും മൂകകഥാപാത്രമാകുന്നു. സാംസയുടെ ജീവിതത്തിലെ പല മുഹൂർത്തങ്ങൾക്കും സാക്ഷിയാ വേണ്ടി വരുന്ന ആട് നോവലിന്റെ അവസാനം ലേഹ്യമായിത്തീരുന്നു.

സ്മരണയെ സംഭവമായി പരിവർത്തിപ്പിക്കുന്ന രചനാതന്ത്രമാണ് ഹരീഷ് ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നത്. സ്മരണയിലെ സാംസയുടെ സ്വകാര്യയുക്തികളാണ് ആഖ്യാനത്തിലേറെയും അവലംബിക്കുന്നത്. സാംസയോടൊപ്പം വിജയന്റെയും ആനിയുടെയും സ്മരണകളും ചിന്തകളും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നു. മൂവരുടെയും സ്വകാര്യയുക്തികൾ സാർവ്വലൗകികതലത്തിലേക്ക് ഉയരുന്ന അവസരങ്ങളിൽ അവ ലക്ഷ്യവേധികളാകുന്നു.

“അയാൾ വീടിനെ ഓർത്തു. രണ്ടുദിവസമായി അവിടെ പോയിട്ട്. ഒരാളുടെ അഭാവവുമായി ഒരു വീടുപഴകാൻ അത്രയും സമയം മതി” രണ്ടുദിവസം വീട്ടിൽ പോകാതിരുന്ന വിജയന്റെ ചിന്തയാണിത്.

“ആ നായയെ വേണ്ടത്ര പരിഗണിക്കാതിരുന്നതിൽ അവൾക്ക് വിഷമം തോന്നി ഒരാൾ മരിച്ചാൽ അയാൾക്ക് ചുറ്റുമുള്ളവർക്ക് കുറച്ചുനേരത്തേക്ക് തോന്നുന്ന വികാരമാണത് ” ഇലുവിന്റെ മരണത്തെത്തുടർന്ന് ആനിയുടെ ചിന്തയാണിത്.

“എഴുന്നേൽക്കുമെന്ന് ഉറപ്പില്ലാതെ കിടക്കുമ്പോഴാണ് സമയം സൂക്ഷ്മമായി അറിയുന്നത്”ഇത്തരത്തിൽ കഥാപാത്രങ്ങളുടെ തൽസമയ നിരീക്ഷണവും സ്മരണയും നോവലിൽ ഇടകലർന്നുകിടക്കുന്നു. ആളുകളുടെ മനോഗതങ്ങളിലൂടെ ഭൂതകാലസംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു . പാതിമങ്ങിയ വെളിച്ചത്തിൽ താളത്തിന്റെ ഒരു മന്ദ്ര സ്ഥായിയിലല്ലാതെ ഈ നോവൽ വായിച്ചുപോകാനാവില്ല .

ഓരോ ജീവിതത്തിന് ഓരോ ഭാവമുണ്ട്. ഒരു ജീവിതത്തിന് തന്നെ ഒരുപാട് ഭാവങ്ങളുണ്ട്. ഓരോ ഭാവത്തിനും ഇണങ്ങുന്ന മേക്കപ്പോടെ മനുഷ്യൻ ജീവിതത്തെ അരങ്ങിലെത്തിക്കുന്നു. മേക്കപ്പിന്റെ നിറവും തരവും തെരഞ്ഞെടുപ്പും അവരവരുടെ തീരുമാനമാണ്. എന്നാൽ കഥാപരിസരത്ത് ആ തെരഞ്ഞെടുപ്പ് നിർവഹിക്കുന്നത് രചയിതാവിന്റെ സർഗ്ഗാത്മകപടുത്വമാണ്. പുലർച്ചയ്ക്ക് സ്വപ്നം കണ്ടുണരുന്ന സാംസ അവിടെത്തന്നെ കിടന്നു കാണുന്ന വീടാണ് ആദ്യഷോട്ട് (സിനിമയുടെ സാങ്കേതികതയുമായി ബന്ധപ്പെട്ട പദമാണ് കാഴ്ചയ്ക്ക് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നു). അതിനുള്ളിലെ ഇരുട്ട്,തുറക്കാത്ത ജനാലകൾ, മരക്കമ്പികൾക്കിടയിൽ തിരുകിവെച്ച പഴയതുണികളും മാസികകളും, അറപ്പിച്ചെടുത്ത ആഞ്ഞിലിത്തടിയുടെ പലകകൾ, പട്ടികയ്ക്ക് പറ്റിയ കഷണങ്ങൾ കയറ്റിവെച്ചിരിക്കുന്ന തട്ടുമ്പുറം, പരണും അടുപ്പും, ഉണക്കാൻ മാല കോർത്തിട്ട കുടംപുളി ഇവയെല്ലാം കൂടി സൃഷ്ടിക്കുന്ന പശ്ചാത്തലം പറയാൻപോകുന്ന കഥയ്ക്ക് ഏറ്റവുമിണങ്ങുന്ന ഒരിടമാണ്. ഇത്തരത്തിലുള്ള കഥാപരിസര നിർമ്മിതിയ്ക്ക് നോവലിൽ ആദ്യന്തം ഹരീഷ് പ്രാധാന്യം നൽകുന്നുണ്ട്. കൃഷിയും കച്ചവടവുമാണ് നോവലിലെ തുടർന്നുള്ള ബാഹ്യജീവിതയിടങ്ങൾ. പറമ്പുകിളയ്ക്കലും തടംകോരലും മീൻപിടിത്തവും കുളം വെട്ടലുമൊക്കെയായി ബാഹ്യവ്യഗ്രതകളില്ലാത്ത ഒരു അപ്പർകുട്ടനാടൻ ജീവിതം നോവലിൽ തുടരുന്നു.

ഏകാന്തതയുമായുള്ള ഭാവബദ്ധത ഈ നോവലിന്റെ പ്രത്യേകതയാണ്. എല്ലാ മനുഷ്യരും ഒറ്റയാണെന്ന് ആത്യന്തികമായി പറയുന്നത് അസ്തിത്വദുഃഖത്തിന്റെ അടിസ്ഥാനത്തിലും ജനനമരണങ്ങളെ ഒറ്റയ്ക്കനുഭവിക്കേണ്ടിവരുന്നു എന്നതുകൊണ്ടുമാണ്. കൂട്ടത്തിൽ ജീവിക്കുമ്പോഴും ഒറ്റയായി പോകുന്നവരുണ്ട്. അതവരുടെ വൈകാരികതലത്തിന്റെ പ്രത്യേകത കൊണ്ടാണ്. ആ പ്രത്യേകത ഇതിലെ ഓരോ മനുഷ്യനുമുണ്ട്. അവരാരും സമൂഹത്തോട് പൂർണ്ണമായും സമരസപ്പെട്ട് കഴിയുന്നവരല്ല. തൂണിലും തുരുമ്പിലുമുണ്ടെന്നും സർവ്വവ്യാപിയാണെന്നും മൂർത്ത രൂപത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നത് മൗഢ്യമാണെന്നും പറയുന്ന മനുഷ്യാതീതശക്തിയെപ്പോലെയാണ് ഈ നോവലിൽ ഏകാന്തത. അത് നോവൽശരീരത്തിലാകമാനം പടർന്നുകിടക്കുന്നു. രൂപമില്ലാത്ത ഭാവമായി അനുഭൂതിതലത്തിലേക്ക് സംക്രമിക്കുന്നു.

ഉപരിവ്യക്തിത്വത്തിന് അല്ലെങ്കിൽ സമൂഹവ്യക്തിത്വത്തിന് സമാന്തരമായി മറ്റൊരു വ്യക്തിത്വം ഓരോരുത്തരിലുമുണ്ട്. ഒരു വ്യക്തിയിൽ അന്തർനിഹിതമായിരിക്കുന്ന ഈ അപരവ്യക്തിത്വം അയാളുടെ ഉത്ക്കണ്ഠകളുടെയും അസംതൃപ്തമായ അഭിലാഷങ്ങളുടെയും സമീകരണത്തിന്റെ ഫലമാണ്. ജീവിതസാഹചര്യങ്ങൾക്ക് നേരെയുള്ള അബോധമനസ്സിന്റെ ചെറുത്തുനിൽപ്പാണിത്. സാമൂഹിക സാംസ്കാരികവത്ക്കരണങ്ങളുടെ ഫലമായി ഒരു വ്യക്തിയിൽ അബോധമനസ്സുണ്ടാക്കുന്ന ഫാന്റസി പലപ്പോഴും സ്വപ്നങ്ങളിൽ പ്രകടമാകാറുണ്ട്. ചിലപ്പോഴത് ഉപരി വ്യക്തിത്വത്തിനുമേൽ അധീശത്വം നേടി അയാളെത്തന്നെ മാറ്റിക്കളയുന്നു. അയാൾ മിഥ്യാനുഭവങ്ങൾക്ക് വശംവദനാകുന്നു. മരിച്ചുപോയ പെൺകുട്ടിയുമായി നിരന്തരം സംസാരിക്കുന്ന സാംസയിൽ പ്രകടമാകുന്നത് ഇത്തരത്തിലുള്ള അനുഭവമാണ്.

സാംസയുടെ വ്യക്തിത്വം ഇങ്ങനെയായിപ്പോയതെന്തെന്ന് ആനി ചിന്തിക്കുന്നുണ്ട്. ജനിതക ഗുണവും ചുറ്റുപാടുകളും അതിന് കാരണമായിട്ടുണ്ടാവാമെന്നാണ് ഉത്തരം. ശക്തിഹീനനായ അച്ഛന്റെ ദുർബലനായ മകനാണ് സാംസ. കനപ്പെട്ട ഏകാന്തത കുടിച്ച് നീലിച്ചു ജീവിക്കുന്ന മനുഷ്യനാണ് വിജയൻ. ഏറ്റെടുത്തതൊന്നും വിജയിപ്പിക്കാനാവാത്തയാൾ. നിരന്തരം പരാജയമേറ്റുവാങ്ങുന്ന വിജയന് നോവലിസ്റ്റ് ആ പേര് നൽകിയതിൽ ഒരു വിരോധാഭാസമുണ്ട്. അയാൾ ഒരു മനുഷ്യജീവിയോടും തന്റെ മനസ്സ് പങ്കിടുന്നില്ല. അതയാളുടെ മനക്കരുത്താണോ ദൗർബല്യമാണോയെന്ന് സംശയം തോന്നത്തക്ക രീതിയിലാണ് കഥാപാത്രസൃഷ്ടി. നോവലിസ്റ്റിന് അതിൽ പക്ഷം ചേരലില്ല. ജന്മം നൽകിയ നോവലിസ്റ്റിനു പോലും അപ്രാപ്യമാണോ ആ മാനസികഘടനയെന്ന തരത്തിൽ ഒരു ദുരൂഹത വിജയനെ ചുറ്റിപ്പറ്റി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ഉയരവും ദൂരവും സ്വപ്നം കണ്ട ദേശാടനപ്പക്ഷിയെ പോലെയായിരുന്നു അയാൾ. ഒറ്റക്കുതിപ്പിന് ഏറ്റവും വിശ്വാസ്യതയുള്ള ബിസിനസുകാരനാവാനയാൾ ശ്രമിച്ചു. സൂത്രശാലിയും തന്ത്രജ്ഞനുമെന്ന് സ്വയം കരുതിക്കൊണ്ട് അബദ്ധങ്ങളിൽ വീണു.ഓരോ സംരംഭം തുടങ്ങുമ്പോഴും അത്യധികം ആവേശഭരിതനാവുകയും ഒടുവിൽ പരാജയം രുചിക്കുകയും ചെയ്തു . ഇത്തരത്തിലുള്ള മനുഷ്യർ നമുക്കിടയിലും ചുറ്റുവട്ടത്തുമുണ്ട്. ഒരിക്കലും വിജയിക്കാത്ത അവരുടെ പദ്ധതികൾക്ക് ഇരയാകുന്ന കുടുംബത്തെയോർത്തു നമ്മൾ സഹതപിക്കാറുള്ളതാണ്. സഹതാപം അനുതാപത്തിലേക്ക് ഉയരാൻ പര്യാപ്തമായ ആവിഷ്കാരതന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ട് വിജയിക്കാൻ കഴിയാത്തവരുടേത് കൂടിയാണ് ലോകമെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.

സാധാരണക്കാരന്റെ എല്ലാ വികാരങ്ങളുമുള്ളയാളെന്ന് വളരെ അപൂർവമായി തെളിയിക്കാനേ വിജയനു കഴിയുന്നുള്ളൂ . ആനിയോട് പ്രണയം തോന്നിയതും അവളെ വിവാഹം കഴിച്ചതും അവളൊരു കുഞ്ഞിന്റെ അമ്മയായതും മാത്രമാണതിന് തെളിവ്. പ്രസവശേഷം ഭാര്യയെയും മകനെയും കാണാൻ ഒരു വർഷത്തോളം വിജയൻ ചെന്നില്ല. ഒരു വർഷത്തിനുശേഷം ആവശ്യപ്പെട്ടതനുസരിച്ച് പറമ്പുവിറ്റ തുകയുമായി ആനിയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുമ്പൊഴും വിജയനവിടില്ല. കുറെനാൾ കഴിഞ്ഞൊരു ദിവസം അടുക്കളയിൽ നിന്ന് സാംസ കിടന്ന മുറിയിലെത്തിയ ആനി പകൽജോലി കഴിഞ്ഞു വീട്ടിലെത്തി വേഷംമാറുന്ന ഗൃഹനാഥനെപ്പോലെ വിജയനെ കണ്ടു . കഴിഞ്ഞ ഒരു വർഷം ദൈനംദിനം ചെയ്യാറുള്ളതുപോലെ അയാൾ അവളെ നോക്കിച്ചിരിച്ചു . ഒരു വർഷമായി ഭാര്യയെയും കുഞ്ഞിനെയും അന്വേഷിക്കാത്തതിന് കുറഞ്ഞ വാക്കുകളിൽ അയാൾ ഖേദം പറഞ്ഞു. കുറ്റമേറ്റുപറയാൻ പറ്റാത്ത ഔദ്ധത്യത്തിലായിരുന്നു ആനിയുടെയുള്ളിൽ ഭർത്താവിന്റെ സ്ഥാനം. അതുകൊണ്ട് ആനിയ്ക്കയാളോട് കൂടുതൽ വൈകാരികമായി പ്രതികരിക്കാൻ കഴിയുന്നില്ല. അന്നുരാത്രി അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രതി സംഭവിച്ചു. വിയർപ്പിൽ ഒട്ടിക്കിടന്ന ആനിയോട് അയാൾ വയ്ക്കാൻ പോകുന്ന വീടിനെക്കുറിച്ച് സംസാരിച്ചു. രൂപഭംഗിയില്ലാത്ത, ചെളിയും വെള്ളവും വളംകടിയുമുള്ള, പണിഞ്ഞുകയറുന്തോറും ഇടിഞ്ഞുവീഴുന്ന ഒരു വീടയാൾ പണിതു.

ഇവിടെയൊന്നും ക്രൂരനായ ഒരു മനുഷ്യനായല്ല വിജയനെ ഹരീഷ് സൃഷ്ടിച്ചിരിക്കുന്നത് .പക്ഷേ അതാര്യമായ ഒരു നിഗൂഢത നിലനിർത്തി മറ്റുള്ളവർ അയാളിലേക്ക് പ്രവേശിക്കാതിരിക്കാൻ നോവലിസ്റ്റ് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. നോവലിന്റെ അവസാനമെത്തുമ്പോൾ പുരുഷാധികാരത്തിന്റെ ലജ്ജാകരമായ പതനം സംഭവിക്കുന്ന ഒരു നിമിഷത്തിലൂടെ വിജയന്റെ ഭർതൃപദവിയും പുരുഷപദവിയും ഒരേസമയം ശിഥിലമാവുന്നു. ആ സംഭവം അതിന് മുൻപുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായി പിൻപുള്ള ആനിയുടെ ജീവിതത്തെ വിഭജിച്ചു. ആത്മാഭിമാനമുള്ള ഒരു പെണ്ണിനും മരണംവരെ മറക്കാൻ കഴിയാത്ത നിമിഷമാണത്. സന്തോഷപൂർണ്ണമായ ദാമ്പത്യമൊന്നുമല്ലെങ്കിലും ഒരു കാര്യത്തിലും വിജയിക്കാത്ത മനുഷ്യനാണയാളെങ്കിലും പ്രതികരിക്കാനറിയാതെ മൗനിയായിപ്പോയ ആനി വിജയന് നൽകിയ ആണധികാരത്തിന്റെ ചെങ്കോലാണ് അവിടെ വീണടിയുന്നത് . ഹരീഷിന്റെ കഥാപാത്രനിർമ്മിതിയുടെ സ്വാഭാവികപരിണതി അതിന്റെ പരമാവധിയിലെത്തുന്ന നിമിഷം കൂടിയാണത്.

കടം വാങ്ങിയ പണം തിരികെക്കിട്ടാനുള്ള എല്ലാ അവധിയും കഴിഞ്ഞപ്പോൾ തെറി പറഞ്ഞുകൊണ്ട് ജോൺ വിജയനെ സമീപിക്കുന്നു.”നിന്റെ കെട്ട്യോളുടെ കൂടെ കിടക്കാനല്ല ഞാനിപ്പോൾ വന്നത്,അതിന് പിന്നെ വരാം. പലിശയായിട്ട് ഇത് മതി “എന്ന് പറഞ്ഞ് അപമാനിക്കുന്നു. ഭാര്യയുടെ സ്ത്രീത്വം താൻ കാരണം അപമാനിക്കപ്പെടുന്നത് കേട്ടുകൊണ്ട് പിന്നോട്ട് അഞ്ചാറ് ചുവടുകൾ വച്ച വിജയൻ പെട്ടെന്ന് തിരിഞ്ഞോടുകയും വീടിനു പിന്നിലെ തോട് ചാടിക്കടന്ന് പിടിക്കാൻ വയ്യാത്തത്ര അകലത്തിലാകുമ്പോൾ തിരിഞ്ഞു നിന്ന് ജോണിനെ നോക്കി ചിരിക്കുകയും ചെയ്യുന്നു. കാലമെത്ര ശസ്ത്രക്രിയ ചെയ്താലും പൊറുക്കാനാവാതെ അത് ആനിയിൽ നിന്ന് വിജയനെ അറുത്തു മാറ്റി. ഒരാളെ കൊല്ലാൻ ചെകിടടപ്പിക്കുന്ന സ്ഫോടനശബ്ദത്തിന്റെ ആവശ്യമില്ലല്ലോ. അവന്റെ സിരകളിലേക്ക് പടർന്നുകയറുന്ന വിഷം അതിനിശ്ശബ്ദമായി ഒറ്റക്കുത്തിന് കടത്തി വിട്ടാൽ മതിയല്ലോയെന്ന് വായനക്കാരൻ ചിന്തിച്ചുപോകുന്നു. ക്രൂരമായി പെരുമാറുക എന്നത് മർദ്ദനമുറകളോ അസഭ്യംപറച്ചിലോ മാത്രമല്ല. ഒരാൾ മറ്റൊരാളിൽ മരിച്ചുപോകുന്നതിന് കാരണമാകാൻ ഒരു ചിരിയ്ക്ക്പോലും കഴിയുന്നുവെന്ന് തിരിച്ചറിയുന്നു. ദീർഘകാലം കൊണ്ടുണ്ടായ സ്നേഹം ഒറ്റയടിക്ക് നഷ്ടപ്പെടില്ലെന്നത് ഒരു തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കുന്നു. ഭീരുത്വത്തിന്റെ ആൾരൂപമായി വ്യക്തിത്വലോപം സംഭവിക്കുന്ന ഈ കഥാപാത്രത്തെ വളർത്തിയെടുക്കാൻ ആദ്യം മുതൽ ഹരീഷ് പുലർത്തുന്ന സൂക്ഷ്മതയെ പ്രശംസിക്കാതെ വയ്യ.

പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിൽ വൈകാരികമായി യാതൊരു സ്വാധീനവും ചെലുത്താൻ കഴിയാതെ പോയ പെണ്ണാണ് ആനി. 13 വയസ്സിൽ ഒരു മരത്തിനു താഴെ ദേഹം തണുത്തും മിടിപ്പു താണും കണ്ണിലെ വെളിച്ചം കുറഞ്ഞും ആനി വീണു . പിന്നെ ചായ്പ്പിലെ കിടക്കയിൽ മാസങ്ങൾ കിടന്നു . ആ വീട്ടിലെ രണ്ടാമത്തെ പെൺകുട്ടി ചികിത്സ ഫലിക്കാതെ മരിക്കാൻ പോകുന്നുവെന്നറിഞ്ഞു ബന്ധുക്കൾ കാണാൻവന്നു . ആ കിടപ്പിൽ കിടന്ന് ആനിയും സങ്കല്പത്തിലുള്ള ഒരു ആൺകുട്ടിയോട് സംസാരിച്ചിരുന്നു. പിന്നീട് ക്ലാസിൽ പോയി തുടങ്ങിയപ്പോഴും അവൻ ആനിക്കൊപ്പമുണ്ടായിരുന്നു. വിജയൻ പ്രണയം പറയുകയും കല്യാണംകഴിക്കുകയും ചെയ്തതോടുകൂടി ആനിയുടെ ജീവിതം മറ്റൊരു കൊക്കൂണിലേക്ക് മാറ്റി നടപ്പെട്ടു. ഏകാന്തതയെ തീറ്റി കൊടുത്താണ് ആനിയുടെ കഥാപാത്രത്തെയും നോവലിസ്റ്റ് വളർത്തിയെടുക്കുന്നത്.

സാംസയും ആനിയും വിജയനും ഏകാന്തത ഭക്ഷിച്ച് ജീവിക്കുന്നവരാണെങ്കിലും ആ ഏകാന്തതയെ സൃഷ്ടിപരമായി പരിവർത്തിപ്പിക്കാൻ സാംസയ്ക്ക് കഴിയുന്നുണ്ട്. സാംസ മൃതരായവരോട് സംസാരിക്കുന്നു. ഇലുവിനോടും ദാമുവിനോടും ഒരുപോലെ സൗഹൃദം പുലർത്തുന്നു. ഒപ്പമുള്ള മരിച്ചുപോയ പെൺകുട്ടിക്ക് നടാഷയെന്ന് പേരിടുന്നു. മാർക്ക് സാർ മരിച്ചപ്പോൾ പതിമൂന്നാം വയസ്സിൽ ലൈബ്രേറിയനാകുന്നു. താൻ ലൈബ്രേറിയനായ വായനശാലയിൽ നടാഷയ്ക്ക് അംഗത്വമെടുക്കുന്നു. അവളുടെ പേരിലെടുത്ത പുസ്തകം അവളെ വായിച്ചു കേൾപ്പിക്കുന്നു . തന്റെ ഏകാന്തതയെ നിരീക്ഷണപാടവവും ഭാവനയുംകൊണ്ട് സാംസ മറികടക്കുന്നു.

ലൈബ്രറിയും വീടുപോലെതന്നെ ഈ നോവലിലെ ഒരു പ്രധാനയിടമാണ്. ടൗണിലെ എൽപി സ്കൂളിൽ അധ്യാപകനായിരുന്ന മാർക്ക് സാർ ഒരു പ്രധാന കഥാപാത്രവുമാണ്. കൂടെ ജോലി ചെയ്ത ടീച്ചറെ എന്തുകൊണ്ടും സൗകര്യപ്രദമാണല്ലോ എന്ന് കരുതിമാത്രം വിവാഹം കഴിച്ചയാളാണ് മാർക്ക്സർ. കൃഷി ചെയ്യാൻ വലിപ്പമുള്ള പുരയിടം കൈവശമില്ലാത്തതുകൊണ്ടും രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക ഘടകത്തിൽ പ്രവർത്തിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടും വിരമിച്ചസർക്കാർ ജീവനക്കാരെപ്പോലെ പള്ളിക്കമ്മിറ്റിയിൽ കയറാൻ ഇഷ്ടമില്ലാത്തതുകൊണ്ടും മദ്യപാനത്തിലൂടെ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ താല്പര്യമില്ലാഞ്ഞതുകൊണ്ടും മാർക്ക്സാർ ലൈബ്രേറിയനായി. ശാന്തസ്വഭാവിയും പുസ്തക പ്രേമിയുമാണയാൾ. നേരിട്ട് കണ്ടിട്ടില്ലാത്ത ചില സ്ത്രീകളുടെ ആഗ്രഹങ്ങൾക്കും ഭാവനയ്ക്കുമനുസരിച്ച് പുസ്തകമെടുത്തു കൊടുത്തു വിടുന്ന ലൈബ്രേറിയനാണയാൾ. സാംസയ്ക്കും നടാഷയ്ക്കും അയാൾ പേര് നിർദ്ദേശിക്കുന്നത് സ്വന്തം വായനലോകത്തിന്റെ ആഴത്തിൽ നിന്നാണ്. പുറമേ ശാന്തനെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ ഒരാന്തരികസ്വത്വം അയാൾക്കുമുണ്ട്. വാഹനങ്ങൾ പൊളിക്കുന്നത് കണ്ടുനിൽക്കുമ്പോൾ അയാളനുഭവിക്കുന്ന സുഖം അതിന്റെ തെളിവാണ്. ഓയിലൊക്കെ ചോര പോലെ ഒഴുകിക്കിടക്കുന്ന ആ സ്ഥലത്ത് നിൽക്കുന്നത് പോസ്റ്റുമോർട്ടം കാണുന്നതുപോലെ രസകരമാണെന്നയാൾ പറയുന്നുമുണ്ട്.

പ്രാന്തും ഈന്തും തമ്മിലുള്ള ബന്ധം നോവലിൽ പലയിടത്തും പരാമർശിക്കപ്പെടുന്നുണ്ട്. മറ്റൊന്നും കൊടുക്കാനില്ലാത്ത കാലത്ത് ഈന്തിൻ കായ കുറുക്കിക്കൊടുത്തതാണോ സാംസയുടെ ഉന്മേഷം കെടുത്തിയതെന്ന് ആനി സംശയിക്കുന്നുണ്ട്. ഭ്രാന്തിളകുമ്പോൾ സ്റ്റീഫനെ ചങ്ങലക്കിടുന്നത് ഈന്തിലാണ്. അപ്പോൾ അവന്റെ ഭ്രാന്ത് വലിച്ചെടുത്ത് തളിർക്കുന്ന മരമായി ഈന്തിനെ അവതരിപ്പിക്കുന്നു.

13 എന്ന സംഖ്യ ഒരു വ്യക്തിയുടെ ജീവിതകാലഗണനയിൽ വളരെ പ്രധാനപ്പെട്ടതാണ്. ‘ടീൻ ‘ഏജിന്റെ തുടക്കമാണത്.ബാല്യം കഴിയുകയും ചെയ്തു കൗമാരത്തിലേക്ക് പൂർണമായി എത്തിയിട്ടുമില്ല എന്ന അവസ്ഥ. ബാല്യത്തിന്റെ മനോഹാരിതകൾ ഏതാണ്ട് പൂർണമായി കൈവിട്ടുകഴിഞ്ഞതുകൊണ്ട് ജീവിതത്തിന്റെ റിയാലിറ്റികളെ പിന്നീട് തള്ളിപ്പറയാനാവില്ല. ജീവിതത്തെസംബന്ധിച്ച് പുതിയ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും തളിരിടുന്നു. സ്വന്തം ജീവിതത്തിൽ തനിക്കൊപ്പമുള്ളവരുണ്ടാക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിയുന്നു. അതുവരെയില്ലാത്ത ആശങ്കകൾ ഉടലെടുക്കുന്നു. നിലപാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ തുടങ്ങുന്നു. അനുഭവിക്കേണ്ടി വരുന്ന അപമാനവും വൈകാരിക അരക്ഷിതത്വവും ഉൾവലിയലായി രൂപാന്തരപ്പെടുന്നു. ഒരാൾ അയാളിലെ അഹത്തെയും അപരവ്യക്തിത്വത്തെയും തിരിച്ചറിഞ്ഞു തുടങ്ങുന്നതും ഈ പ്രായത്തിലാണ്. 13വയസ്സിന് ഈ നോവലിൽ കൽപ്പിച്ചു കാണുന്ന പ്രാധാന്യത്തിന് കാരണമിതാവാം. കേന്ദ്രകഥാപാത്രമായ സാംസ 13 വയസ്സുകാരനാണ്. മരിച്ചുപോയ 13 വയസ്സുകാരി പെൺകുട്ടി അയാളിലുണരുന്നത് അപ്പോഴാണ്. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിലെ കഥാപാത്രമായ പ്രഭുകുമാരിയുടെ നടാഷ റൊസ്‌തോവയെന്ന പേരാണ് മാർക്ക് സർ സാംസയുടെ മരിച്ചുപോയ പെൺകുട്ടിക്ക് നൽകുന്നത്. അവൾക്കും വയസ്സ് 13 ആണ്. ആനി ആദ്യമായി ദേഹം തളർന്ന് വീണതും 13 വയസ്സിലാണ്. അതിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ മുതൽ അവൾ നിരന്തരം സംസാരിച്ചിരുന്ന സങ്കല്പത്തിലുള്ള ആൺകുട്ടിക്ക് സാംസയുടെ മുഖവും 13 വയസ്സുമായിരുന്നു.

ദാമുവിന്റെ പെങ്ങൾക്കും മരിക്കുമ്പോൾ 13 വയസ്സാണ്. ചുരുക്കത്തിൽ കൗമാരത്തിന്റെ തുടക്കം ഒരു വ്യക്തിയുടെ എല്ലാത്തരം തിരിച്ചറിവുകളുടെയും കാലമാണ്. ആ കാലത്ത് ചത്തുപുനർജനിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ വളരെ ശക്തമായ ഒരപരത്വം ഉണ്ടാവാതെ തരമില്ല. അച്ഛൻ ബാക്കിയാക്കുന്ന അപമാനങ്ങളിൽ ജീവിക്കുമ്പോഴും അച്ഛൻ തന്നിൽ ജീവിക്കുന്നുണ്ടെന്ന സാംസയുടെ തിരിച്ചറിവും ഇതിന്റെ ഉത്പന്നമാണ്.

ഇരുപതാംനൂറ്റാണ്ടിലെ വിഖ്യാത ജർമ്മൻ നോവലിസ്റ്റായിരുന്ന ഫ്രാൻസ് കാഫ്കയുടെ മെറ്റാ മോർഫോസിസ് എന്ന രചനയിലെ നായകകഥാപാത്രമാണ് ഗ്രിഗർസാംസ. അന്യവൽക്കരണത്തിന്റെയും അസംബന്ധഭാവുകത്വത്തിന്റെയും ഉൽപ്പന്നമായിരുന്നു കാഫ്കയുടെ മെറ്റാമോർഫോസിസ്. ഒരു ദിവസം കിടക്കയിൽ അസ്വസ്ഥമായ സ്വപ്നം കണ്ടുണരുന്ന ഗ്രിഗർ സാംസ താനൊരു കീടമായി രൂപാന്തരപ്പെട്ടിരിക്കുന്നത് തിരിച്ചറിയുന്നു. മകനെ നികൃഷ്ടജീവിയെന്ന മട്ടിൽ കൈകാര്യം ചെയ്യുകയും ജന്തുനാമങ്ങളുപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്ത പിതാവിന്റെ സ്വാധീനം കാഫ്‌ക സൃഷ്ടിച്ച അസ്തിത്വപ്രശ്നത്തിലും ഈ ജന്തുബിംബത്തിന് പിന്നിലും കാണുന്നവരുണ്ട്. ഇത്തരത്തിലൊരു അസ്തിത്വപ്രതിസന്ധി തന്നെയാണ് എസ്.ഹരീഷിന്റെ കഥാപാത്രവും അനുഭവിക്കുന്നത്. തന്റെ നായകകഥാപാത്രത്തിന് സാംസ എന്ന പേരു നൽകിയത് വളരെ പ്രതീകാത്മകമാണ്. ദുർബലനായ അച്ഛനിൽ നിന്ന് സാംസയിലേക്ക് സംക്രമിച്ച ജനിതകഗുണമായി അയാളുടെ വ്യക്തിത്വ സവിശേഷതകളെ നമുക്ക് മനസ്സിലാക്കാം. നിത്യപരാജിതനായ അച്ഛന് വിജയനെന്നും മകന് സാംസയെന്നും പേര് നൽകുന്നത് അസംബന്ധഭാവുകത്വത്തിന് ഉദാഹരണം കൂടിയാവുന്നു. മെറ്റാമോര്‍ഫോസിസിലെ ഗ്രിഗർ സാംസയെപ്പോലെതന്നെ കിടക്കയിൽ അസ്വസ്ഥസ്വപ്നം കണ്ടുണരുകയാണ് സാംസയുംചെയ്യുന്നത്.

വായനക്കാരനെ എഴുത്തിന്റെ മാസ്മരികതയിൽ തളച്ചിടാൻ കഴിയുന്ന വളരെ ശക്തമായ ആഖ്യാനരീതിയാണ് ബോധധാരാസമ്പ്രദായം(stream of consciousness). ഉത്തമ പുരുഷനിലോ (ഞാൻ) പ്രഥമ പുരുഷനിലോ (താൻ) അല്ലാതെ മധ്യമപുരുഷനിൽത്തന്നെ നിന്നുകൊണ്ട് ആഖ്യാതാവിന്റെ ചിന്തകളിലും അനുഭവത്തിലുമാണ് ഹരീഷ് കഥ പറയുന്നത്. ചിന്തകൾ കാട് കയറുമ്പോൾ അതിന്റെ പിന്നിൽ കാര്യകാരണവിശകലനം തിരയേണ്ടതില്ല. ഇവിടെ വായനക്കാരൻ ഒരു ഹിപ്നോസിസിന് വിധേയനാക്കപ്പെടുന്നു. കഥാപാത്രത്തിന്റെ ചിന്തയും ഓർമ്മകളും വാക്കുകളുമുണർത്തുന്ന ദൈന്യം വായനക്കാരൻ അനുഭവിക്കുന്നു. ബോധധാരാസമ്പ്രദായം മലയാളത്തിൽ ആദ്യം കൊണ്ടുവന്നത് പോഞ്ഞിക്കര റാഫിയുടെ സ്വർഗ്ഗദൂതനായിരുന്നു. വിലാസിനിയുടെ ഊഞ്ഞാലും എം.ടി യുടെ മഞ്ഞും പാറപ്പുറത്തിന്റെ അരനാഴികനേരവും കഥാപാത്രങ്ങളുടെ ചിന്താ പരമ്പരകളിലൂടെ അകത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചു. ഖസാക്കിലെ രവിയിലും മയ്യഴിപ്പുഴയിലെ ദാസനിലും ഡൽഹിയിലെ അരവിന്ദനിലും എക്സിസ്റ്റൻഷ്യൽ ഫിലോസഫിയുടെ അടിസ്ഥാനത്തിലുള്ള അസ്തിത്വ ദുഃഖമാണ് ബോധധാരയായി പ്രവഹിച്ചത്. കാര്യകാരണസഹിതം യുക്തിപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ചിന്തകളായിരുന്നു ഇവരിലൊക്കെ നാം കണ്ടത്. വിമർശനാത്മകചിന്തയുടെ ഉൽപ്പന്നമായിരുന്നു അതിലെ മനോഗതങ്ങൾ. എന്നാൽ ഹരീഷിന്റെ പട്ടുനൂൽപ്പുഴുവിലേക്കെത്തുമ്പോൾ അതു മാറുന്നു. ചിന്തയുടെയും ഓർമ്മയുടെയും കവിഞ്ഞൊഴുകലാണ് ഇതിലുള്ളത്. ‘അതിചിന്ത ‘ എന്ന പദം ഏറ്റവും അനുയോജ്യമാകുന്നു. ജീവിതത്തിന്റെ ഒരു പ്രത്യേക സന്ദർഭത്തിൽ അതിചിന്തയിലേക്ക് കടന്ന ആശാന്റെ ചിന്താവിഷ്ടയായ സീതയെപ്പോലെ പട്ടുനൂൽപ്പുഴുവിലെ നായകനായ സാംസ നോവലിൽ ആദ്യന്തം അതിചിന്ത തുടരുന്നു.

സാങ്കൽപ്പിക ആത്മകഥയുടെ ഒരു രൂപമാണ് ഓട്ടോഫിക്ഷൻ (Autofiction). എഴുത്തുകാരുടെ ആത്മഭാവവും അനുഭവങ്ങളും രചനകളിൽ വായിച്ചെടുക്കാമെന്നല്ലാതെ ശുദ്ധമായി ഓട്ടോഫിക്ഷനെന്ന ഗണത്തിൽപ്പെടുത്താവുന്ന കൃതികൾ മലയാളത്തിലില്ല. ഒരെഴുത്തുകാരൻ തന്റെ ജീവിതം മൂന്നാംവ്യക്തിയിലൂടെ വിവരിക്കാൻ തീരുമാനിക്കുകയും അതിന് സാങ്കല്പികകഥാപാത്രങ്ങളെയും ഉപകഥകളെയും ഭാവനയെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു . ഇതിൽ സത്യവും സൗന്ദര്യവും വേർതിരിച്ചറിയാനാവാത്ത വിധം ലയിച്ചു ചേരേണ്ടതുണ്ട്. ആ ലയനത്തിൽ ജീവിതഭാവനകളുടെ സമ്പൂർണ്ണസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിൽ ഹരീഷ് വിജയിച്ചിരിക്കുന്നു.

കഥാകൃത്തിന്റെയുള്ളിലുള്ള ഒരു 13 വയസ്സുകാരനാണ് കഥയെഴുതിക്കൊണ്ടിരിക്കുന്നത്. ആളുകളെ നോക്കിയാൽ അവരോരുത്തരായി അഭിനയിക്കുകയാണെന്ന് മനസ്സിലാകുമെന്ന് പാപ്പുട്ടിയും പരിചയമുള്ള ആളുകളെയൊക്കെ സൂക്ഷിച്ചുനോക്കുകയും പഴയകാലമാലോചിക്കുകയും ചെയ്താൽ അവരുടെ കഥയറിയാമെന്ന് സ്റ്റീഫനും പറയുന്നുണ്ട്. കാണുന്ന ഓരോരുത്തരെയും ശ്രദ്ധയോടെ സൂക്ഷിച്ചുനോക്കി അവരുടെ കഥയറിയാനായി ഭൂതഭാവികൾ സാംസ ആലോചിച്ചു നോക്കുന്നുണ്ട്. ഓരോ മനുഷ്യനിലും ഒളിഞ്ഞിരിക്കുന്ന കഥയിൽ നിരന്തരം വിസ്മയപ്പെടുന്ന ആ 13വയസ്സുകാരൻ നോവലിസ്റ്റിന്റെ ആത്മഭാവമാണ്.

കാശ് കടം വാങ്ങാനും അച്ഛൻ പറ്റുകാശ് കൊടുത്തുതീർക്കാത്ത കടയിൽ ഭക്ഷണം കഴിക്കാനും ചെല്ലുമ്പോൾ സാംസ അപമാനം അനുഭവിക്കുന്നു. ആനിയോട് പാലു വാങ്ങിപ്പോകുന്ന ഹോട്ടലിൽ അതിന്റെ പൈസ വാങ്ങാൻ ചെല്ലുമ്പോഴും അവൻ അവഗണിക്കപ്പെടുന്നു. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരുന്ന മോഹനൻ മുതലാളിയുടെ വീട്ടിൽ പൈസയ്ക്ക് ചെന്നപ്പോഴും അതേ അപമാനം അവനനുഭവിക്കുന്നു. ഉണ്ടാക്കിവെച്ച കടങ്ങളുടെയെല്ലാം പേരിൽ കുടുംബവീട്ടിൽ അച്ഛൻ വിചാരണ ചെയ്യപ്പെടുമ്പോൾ സാംസ അപമാനിതനാകുന്നു. ഒടുവിൽ കടം കൊടുത്ത പണം തിരികെക്കിട്ടാത്ത രോഷത്തിൽ മോഹനൻ മുതലാളിയുടെ കൈയിൽ നിന്ന് സാംസയ്ക്ക് മുഖമടച്ചടിയും കൊള്ളുന്നു. ശീലം കൊണ്ട് മാറുന്നവികാരമാണ് അപമാനമെന്ന് സാംസ പറയുന്നുണ്ടെങ്കിലും അവനിലത് ഉൾവലിയലായി രൂപം മാറുകയാണ് ചെയ്യുന്നത്. എല്ലാം മറച്ചു വയ്ക്കുന്ന വിജയനെപ്പോലെതന്നെ സാംസയുടെയുള്ളിലും ഒരു നിഗൂഢലോകമുണ്ട്. വിജയന് നടക്കാത്ത കാര്യങ്ങളിൽ ഭ്രാന്തുള്ളതുപോലെ സാംസക്കും സംഭവ്യമല്ലാത്ത കഥകളിലും പുസ്തകങ്ങളിലും ഭ്രാന്തുണ്ട്. അടച്ചിട്ട കടയിലെ ഉഷ്ണിച്ച ചാക്കുകൾക്കിടയിൽ ഒറ്റയ്ക്കിരിക്കുന്ന വിജയനെപ്പോലെ പുസ്തകറാക്കുകൾക്കിടെ തനിച്ചിരിക്കാൻ സാംസയ്ക്കും ഇഷ്ടമാണ്. പുസ്തകവുമായി മണിക്കൂറുകളോളം ഇരിക്കുകയും എവിടെയായിരുന്നാലും അവിടെയുള്ള മറ്റാളുകളുടെയൊന്നും കണ്ണിൽപ്പെടാതിരിക്കുകയും ചെയ്യുന്നത് സാംസയുടെ പ്രകൃതമാണ് .

സ്വന്തം ശരീരത്തിൽ നിന്നുണ്ടാകുന്ന നൂലുകൊണ്ട് ഒരു കവചമുണ്ടാക്കി അതിനുള്ളിലാണ് പട്ടുനൂൽപ്പുഴു സമാധിയിരിക്കുന്നത്. 12 ദിവസം കൊണ്ട് ഒരു ശലഭമായി രൂപാന്തരപ്പെടുന്നതിനു മുൻപ് കൊക്കൂണിനുള്ളിൽ വച്ചത് കൊല്ലപ്പെടുമ്പോൾ ലോകത്തിന് സുന്ദരമായ പട്ടുനൂൽ ലഭിക്കുന്നു. അതുപോലെ വിഷാദം കൊണ്ട് നിർമ്മിച്ച ഒരു ലോകത്ത് ഏകാന്തത കരണ്ട് തിന്നു ജീവിക്കുന്ന കുറെ മനുഷ്യർക്കൊപ്പം വായനക്കാരനെയും കൊക്കൂണിലാക്കുന്ന നോവലാണ് എസ്.ഹരീഷിന്റെ പട്ടുനൂൽപ്പുഴു. മനുഷ്യാവസ്ഥയുടെ എല്ലാത്തരം വ്യത്യസ്തകളെയും ഈ നോവൽ അംഗീകരിക്കുന്നു. വിധിക്കുന്നവർക്കൊപ്പം കൂടാതെയും വിചാരണയിൽ പങ്കാളിയാവാതെയും തീർപ്പുകളിലൊതുങ്ങാത്ത മനുഷ്യമനസ്സിന് ഒപ്പം കൂടുന്നു. സാംസയുടെ സ്വപ്നത്തിലാരംഭിച്ച നോവൽ ആനിയുടെ ഓർമ്മയിലാണവസാനിക്കുന്നത്. അവിടെയവൾ പ്രഭുകുമാരി നടാഷയായി മാറുന്നു. അവസാനമെത്തുമ്പോൾ നോവൽ വ്യാഖ്യാനത്തിനു വഴങ്ങാത്ത കാവ്യസൗന്ദര്യം ബാക്കിയാക്കി കൊക്കൂണിനുള്ളിൽ കൊല്ലപ്പെടാതെ പറന്നുയരുന്നു.

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു