
മഞ്ഞനദികളുടെ സൂര്യൻ-ഷീബ ഇ. കെ
ഗതകാലജീവിതത്തിന്റെ നടവഴികളിൽ ഇച്ഛാഭംഗം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒറ്റയായിപ്പോയ മനുഷ്യർ സാഹിത്യത്തിനെന്നും ഇഷ്ടവിഷയമാണ്. എടുത്ത നിലപാടുകളുടെയൊ പുലർത്തിപ്പോന്ന കാഴ്ചപ്പാടുകളുടെയൊ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെയൊ ജീവിച്ച ചുറ്റുപാടിന്റെയൊ ഇരയായിപ്പോയവരാണവർ. സ്വത്വബോധത്തിൽ കൂടിപ്പോയ ബാധകളെ കാലമെത്ര കഴിഞ്ഞാലും ഒഴിപ്പിക്കാനാവാതെ ജീവിച്ച ഇത്തരക്കാരൊക്കെ ഇപ്പോൾ മധ്യവയസ്സ് പിന്നിട്ടവരാണ്. നഷ്ടപ്രണയമോ പ്രായോഗികവൽക്കരണത്തിലെ ആദർശത്തിന്റെ ബീഭത്സമുഖമോ പ്രത്യയശാസ്ത്രതിമിരമോ എന്തുമാവാംഅവരിലെ ബാധയ്ക്കടിസ്ഥാനം. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാത്തപ്പോഴും മനസ്സിൽ സ്വാസ്ഥ്യമില്ലാതുഴലുന്നവരാണവർ. ഒരുകാലത്തവർ ജീവനുതുല്യം സ്നേഹിച്ചതും വിശ്വസിച്ചതും ജീവിച്ചതും ഇതിലൊക്കെയാണ്.മുള്ളുകളിൽ പൂക്കൾ വിരിയില്ലെന്ന് തിരിച്ചറിഞ്ഞുപേക്ഷിച്ചിട്ടും സമൂഹം അവരെ കുറ്റവിമുക്തരാക്കാൻ തയ്യാറാകുന്നില്ല. ഇത്തരം ചിന്തകളും അനുഭവങ്ങളും വൈയക്തികമായിരുന്നെങ്കിലും പണ്ടതിനൊരു സാമൂഹികമാനമുണ്ടായിരുന്നു . വ്യക്തിയുടെ ആത്മബോധം പോലെ അന്ന് സമൂഹത്തിനും അത്തരത്തിലുള്ള ചില ആത്മബോധങ്ങൾ ഉണ്ടായിരുന്നു. സമാനാശയമുള്ള ചെറുസംഘങ്ങൾ രൂപംകൊണ്ടിരുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. അവ പ്രാദേശികതയുടെ അതിരുകൾക്ക് നിരന്തരം ചുറ്റളവ് വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. അത്തരം സംഘങ്ങളാണ് ഇവിടെ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രയത്നിച്ചത്. മണ്ണിനും പ്രകൃതിക്കുംമനുഷ്യനും വേണ്ടി ശബ്ദിച്ചത്. ആശയങ്ങളിലൂടെ വസന്തത്തിന്റെ ഇടിമുഴക്കം കേൾപ്പിക്കാൻ അന്ന് കഴിഞ്ഞിരുന്നു.
സാമൂഹികതയെന്ന ആ അടിസ്ഥാനമൂല്യം ഇന്നേറെക്കുറെ പിൻവാങ്ങിക്കഴിഞ്ഞു. ഓരോരുത്തരുമിന്ന് സ്വാർത്ഥമോഹങ്ങളുടെ തുരുത്തിലാണ്. എല്ലാ വസന്തങ്ങളും അവിടെ മാത്രം വിരിയുന്നവയാണ്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പിൻബലത്തിൽ കുറെ ആൾക്കൂട്ടങ്ങൾ മാത്രമാണ് ഇന്നുള്ളത്. അവരിലൊന്നും നാളത്തെ വസന്തത്തെക്കുറിച്ചുള്ള സാമൂഹികബോധങ്ങളില്ല. സ്നേഹത്തെക്കുറിച്ചൊ സഹാനുഭൂതിയെക്കുറിച്ചോ അവരാരും സംസാരിക്കുന്നില്ല. രാഷ്ട്രീയമോ മതമോ സമുദായമോ എന്തിന് വിദ്യാഭ്യാസം പോലും അത്തരം പ്രതീക്ഷകളിൽ നിന്ന് വളരെ അകലെയായിക്കഴിഞ്ഞു. ജീവിതം പരമാവധി ആസ്വദിക്കുക എന്നതിൽ കവിഞ്ഞ് മറ്റുള്ളവരുടെ കാര്യത്തിൽ ആർക്കും വേവലാതിയില്ല. സ്വന്തം ജീവിതം പാഴാക്കിക്കളഞ്ഞവരെന്ന് യഥാർത്ഥവിപ്ലവകാരികളെ ആക്ഷേപിക്കുന്ന ഒരു കാലത്തിരുന്നാണ് ഷീബ ഇ.കെ ” മഞ്ഞ നദികളുടെ സൂര്യൻ” എഴുതുന്നത്. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഹു വാ ങ് ഹേയാണ് മഞ്ഞ നദി എന്നറിയപ്പെടുന്നത്. പ്രത്യയശാസ്ത്രപരമായി മാവോയിസമാണല്ലോ നക്സൽപ്രസ്ഥാനം പിന്തുടരുന്നത്.

മാവോ- നക്സൽ ഇസങ്ങളുടെ ഊർജ്ജപ്രവാഹത്തിൽ നിന്ന് ഉദിച്ചുയരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആ സൂര്യന്റെ കഥയാണ് നോവൽ പറയുന്നത്. ഒരുകാലത്ത് കേരളത്തിന്റെ മനസ്സാക്ഷിയെ ഭയപ്പെടുത്തുകയും കരയിക്കുകയും ചെയ്ത നക്സലൈറ്റ് പ്രസ്ഥാനവും തുണ്ടം തുണ്ടമാക്കപ്പെട്ട ശരീരഭാഗങ്ങളിൽ തട്ടി ഇപ്പോഴും ഉറക്കമുണരുന്ന മനുഷ്യരുമാണ് ഈ നോവലിലുള്ളത്. ജീവാംശമുള്ള കഥയുടെ പുതുമുളകൾക്ക് ജന്മം നൽകേണ്ട ബാധ്യത എഴുത്തുകാരന്റെതാണെന്ന് അവർ വിശ്വസിക്കുന്നു. ചങ്കുറപ്പുണ്ടോയെഴുതാൻ? എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നക്സലൈറ്റ്ജീവിതം തേടി ചിറയ്ക്കൽഗ്രാമത്തിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിപ്പോകുകയാണ് നിരുപമയെന്ന എഴുത്തുകാരി. മനുഷ്യനെന്നത് അവനവന്റെ സുഖസൗകര്യങ്ങളിലേക്കു മാത്രമൊതുങ്ങുന്ന സങ്കുചിതത്വത്തിന്റെ പേരല്ല: കൂട്ടായ്മകളിലേക്ക് വികസിച്ചിരുന്ന സാമൂഹികതയുടെ പേരാണെന്നവർ തെളിയിക്കുന്നു.
ബംഗാളിലെ നക്സൽ ബാരി സായുധകലാപം, ചായത്തോട്ടം തൊഴിലാളിസമരം, എന്നിവയുടെ കാലത്ത് കേരളത്തിൽ നൂറോളം പേരുടെ ജീവിതമാർഗമായിരുന്ന ഹെർക്കുലീസ് കമ്പനി പൂട്ടിപ്പോയത്, പട്ടിണിയിൽ നിന്ന് രക്ഷനേടാൻ ദീപം ബീഡി എന്ന പേരിൽ പുതിയതൊന്ന് പ്രവർത്തനം തുടങ്ങിയത്, മാവോയുടെയും ചാരുംമജുംദാറിന്റെയും ലേഖനങ്ങൾ കൈമാറി വായിച്ച് കൗമാരത്തിൽനിന്ന് യൗവനത്തിലേക്ക് ഒന്നിച്ചു നടന്നത്, എൺപതുകളിലെസാംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത് ഇങ്ങനെ ആ കാലത്തെ വ്യക്തിയധിഷ്ഠിത പ്രവർത്തനങ്ങൾക്കെല്ലാം സാമൂഹികമാനമുണ്ടായിരുന്നു. ദാരിദ്ര്യം,നിരാശ, വിശപ്പ്,അനീതികളോടുള്ള അസഹിഷ്ണുത, മോഹഭംഗങ്ങൾ ഇവയിൽ ഏതെങ്കിലും കാരണത്താലാണ് ഓരോരുത്തരും പ്രസ്ഥാനത്തിൽ അംഗമായതെന്ന സാമാന്യവൽക്കരണവും നോവലിൽ നിന്ന് വായിച്ചെടുക്കാം.
പ്രസ്ഥാനത്തിനകത്തുണ്ടായ ആശയസംഘട്ടനങ്ങൾ, സമര രീതികളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ, ഒളിവ്ജീവിതത്തിന്റെ ദൈന്യങ്ങൾ, പോലീസിന്റെ ഭീകരമർദ്ദനങ്ങൾ, സ്വന്തം മന:സാക്ഷിയുടെ ചോദ്യം ചെയ്യൽ ഇവ കാരണം പ്രസ്ഥാനത്തിൽ നിന്നകന്ന് മനുഷ്യർ സ്വയം തുരുത്തുകളാകുന്ന ജീവിതാവസ്ഥയെയും നോവൽ അഡ്രസ് ചെയ്യുന്നു. ഭാവനാഭൂപടത്തിൽ അടയാളപ്പെടുത്തിയെടുത്ത ഒരു സ്ഥലമല്ല ഈ നോവലിന്റെ സാഹിത്യ സ്ഥലം.ഒരു യഥാർത്ഥ പ്രദേശത്തെ നോവലിന്റെ ആന്തരികസ്ഥലമായി തെരഞ്ഞെടുത്തിരിക്കുകയാണ്. കേരളീയസ്വത്വബോധത്തിൽ രാഷ്ട്രീയബന്ധങ്ങളും സാമൂഹിക മാറ്റങ്ങളും അത് വഴിയുണ്ടാകുന്ന വ്യക്തിയുടെ ആത്മ സംഘർഷങ്ങളും നേരനുപാതത്തിൽ കൂട്ടിക്കലർത്തിയാണ് നോവൽ ശരീരം നിർമിച്ചിരിക്കുന്നത്. എഴുത്താൾ ജീവിച്ച ഭൂമികയെ നോവലിലെ ജീവിതനാടകത്തിന്റെ പിൻതിരശീലയാക്കുന്നത് സാധാരണയാണ്. ഷീബയും അത് തന്നെയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
എഴുത്തിനെക്കുറിച്ചുള്ള എഴുത്തു കൂടിയാണ് ഈ നോവൽ. അവ്യക്തതയിൽ മറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ രൂപവും ഭാവവും കൈവരിക്കുന്നതിന്റെ നേരാവിഷ്കാരം ഇതിലുണ്ട്. അര നൂറ്റാണ്ട് മുൻപ് നടന്ന ഒരു ചരിത്ര സംഭവം കഥയാകുന്ന രാസമാറ്റത്തിൽ ആഗിരണം ചെയ്യപ്പെടുകയോ മോചിപ്പിക്കപ്പെടുകയോ ചെയ്യുന്ന ഊർജ്ജത്തെ എഴുത്തുകാരിക്ക് അനുഭവിച്ചു തീർത്തെ മതിയാവൂ. സർഗ്ഗാത്മകതയുള്ള മനസ്സുമായി ജീവിക്കേണ്ടി വരുന്ന അത്തരം മനുഷ്യരുടെ അന്ത:സംഘർഷങ്ങൾ ആദ്യവസാനം നോവലിലുണ്ട്. വായനക്കാരൻ ആദ്യം മങ്ങിക്കാണുന്ന കാഴ്ചകൾക്ക് തെളിച്ചം കിട്ടുന്നത് വളരെ ക്രമീകൃതമായാണ്. ശുദ്ധികലശം നടത്തിത്തഴുതിട്ട മനസ്സിന്റെ പൂട്ടുകൾ പൊളിച്ച് നിരാകരിക്കപ്പെട്ട ഭൂതകാലത്തെ എഴുത്തുകാരി അതിനായി ഉപാസിച്ചുണർത്തുന്നു.
70,80കളിലെ കേരളത്തിലെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷം, അത് കേരളത്തെ പിടിച്ചു കുലുക്കിയ വിധം, സ്വന്തം ജീവിതം നക്സലൈറ്റ് പ്രസ്ഥാനത്തിന് വേണ്ടി ബലിയർപ്പിച്ച മനുഷ്യർക്ക് സമൂഹം തിരികെ നൽകിയ പരിഹാസം,പുച്ഛം എന്നിവ പൂർവ്വകാല നക്സൽജീവിതത്തിന്റെ ഓർമകളായി പങ്കുവയ്ക്കപ്പെടുന്നു.
രാജൻ കേസിന്റെ ചോരച്ചാലുകൾ തീർത്ത തീരാവേദനയെക്കുറിച്ച്, നക്സലൈറ്റുകൾക്ക് നേരെ സമൂഹവും ഭരണകൂടവും നടപ്പാക്കിയ ഭീകരമർദ്ദനത്തെക്കുറിച്ച് ഓരോരുത്തരും സംസാരിക്കുന്നു.
കക്കയം ക്യാമ്പിലേക്കുള്ള യാത്രാമധ്യേ ജീപ്പ് കത്തി മരിച്ച നക്സലൈറ്റിന്റെ ജീവിതം പറഞ്ഞുകൊണ്ട് ചരിത്രം രേഖപ്പെടുത്തിയ ഒരു അപകടമരണത്തെ കഥയായി ഷീബ പരിഭാഷപ്പെടുത്തുന്നു. തീരാവ്രണങ്ങളും മോഹഭംഗങ്ങളുമായി മരിക്കും വരെ ജീവിച്ച ഒരു കൂട്ടം ആളുകളുടെ മൂടുപടമാണ് അക്ഷരങ്ങൾ കൊണ്ടവർ അഴിച്ചു കളയുന്നത്. സ്വന്തം കാര്യത്തിന്റെയും ഈസിഡൂയിങ്ങിന്റെയും കാലത്ത് ഇതൊക്കയെന്തിന് എന്ന് തോന്നാത്ത വിധം കഥയെ കാര്യവുമായി ലയിപ്പിക്കുന്ന കൈപ്പുണ്യം ഷീബയ്ക്കുണ്ട്. ജീവിതസാഹചര്യങ്ങളുടെ ഉൽപ്പന്നം കൂടിയാണ് മനുഷ്യൻ എന്നത് നിഷേധിക്കാനാവില്ല.
സ്വഭാവവൈകല്യങ്ങളുടെ അപ്പോസ്തലനും അരാജകവാദിയുമായ ആദി എന്ന ചിത്രകാരനെ ചുറ്റുപാടിന്റെയും ജീവിതസാഹചര്യങ്ങളുടെയും ഉൽപ്പന്നമാക്കി മാറ്റാനുള്ള പ്രകടമായ ശ്രമം നോവലിലുണ്ട്. കെട്ടുകൾ പൊട്ടിക്കാനുള്ള വെമ്പൽ ചിലരിൽ സഹജമാണ്.വായനയിൽ നിന്നോ ജീവിതത്തിൽ നിന്നോ ആർജ്ജിച്ചെടുക്കുന്ന സമത്വനീതി ബോധത്തിന്റെ അടരുകൾ കൂടിയാകുമ്പോൾ അതേറും. അത്തരം ആവേശത്തിലെടുക്കുന്ന ചില തീരുമാനങ്ങൾ ജീവിതത്തെ പിന്നീട് തുള വീണ ചാക്ക് പോലാക്കിത്തീർക്കും. കോരി നിറയ്ക്കുന്നതൊന്നും അവശേഷിക്കാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കും. ജാതിയുടെയും മതത്തിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെ യും കെട്ടുകൾ പൊട്ടിച്ച് നിരുപമ ആദിയെ വിവാഹം കഴിച്ചത് അത്തരത്തിലൊന്നായിരുന്നു.
അപകർഷത ഒരു കാളകൂടമാണ്. മറ്റുള്ളവരെ എന്ന് ഭാവിച്ചുകൊണ്ട് അത് അവരവരെത്തന്നെ തിന്നുതീർക്കും. എടുക്കുന്ന തീരുമാനങ്ങളിൽ ,പിന്തുടരുന്ന നിലപാടുകളിൽ ഒക്കെ അത് പ്രതിഫലിക്കും. വീടുപേക്ഷിച്ചിറങ്ങാനും ആദിയ്ക്കൊപ്പം ജീവിക്കാനുമുള്ള നിരുപമയുടെ തീരുമാനം അത്തരത്തിലുള്ളതായിരുന്നു. ആദിയുടെ നഗ്നതയിൽ പടർന്നുകയറുന്ന സ്ത്രീശരീരങ്ങളെ ഓർത്തു മനസ്സ് തേങ്ങുമ്പോഴും നിരുപമ വിവാഹത്തിന് സമ്മതിച്ചത് അതുകൊണ്ടാണ്.ആദിയിലും നിരുപമയിലും അപകർഷത്തിന്റെ കാളിമ ഒരുപോലെയാണ് ഷീബ പടർത്തുന്നത്. മനുഷ്യ ജീവിതാവസ്ഥയുടെ ആകസ്മികതകൾ അന്തമില്ലാത്തതാണെന്ന് സമ്മതിക്കുന്നു. എങ്കിലും രണ്ട് പ്രധാനകഥാപാത്രങ്ങളുടെ നിർമിതിയ്ക്ക് കുഴച്ചെടുത്ത കൂട്ടിന്റെ ഘടകപദാർത്ഥങ്ങൾ വ്യത്യസ്തമാകുന്നതായിരുന്നു നല്ലത്. ഏത് വഴുക്കലിലും ചേർത്തുപിടിക്കാൻ തോന്നുന്ന ഒരു എമ്പതി വായനക്കാരനിൽ സൃഷ്ടിക്കാൻ കഴിയും വിധം അനുഭാവപൂർവ്വം കൈകാര്യം ചെയ്ത് ആ ന്യൂനതയെ നോവൽ മറികടക്കുന്നു.

രഞ്ജൻ 17വയസ്സിൽ വിപ്ലവത്തിന്റെ പാതയിലേക്ക് എടുത്തു ചാടിയത് ഉള്ളിലും പുറത്തും ഒരുപോലെ തീ എരിഞ്ഞിട്ടാണ്. വീട് അയാൾക്കൊരു അഭയസ്ഥാനമായിരുന്നില്ല. അതിന്റെ പൊള്ളലിൽ പിന്നീടയാളെടുത്ത തീരുമാനങ്ങളെല്ലാം വിങ്ങിപ്പഴുത്തു വ്രണമായതേയുള്ളു.ആ തീ നിരുപമയെ കാണുന്നതുവരെ അയാളെ എരിച്ചുകൊണ്ടിരുന്നു.
മരിച്ചു കിടക്കുമ്പോഴും വെന്ത കൈപ്പത്തി ഉയർത്തി ചാടിയെഴുന്നേറ്റുച്ചത്തിൽ മുദ്രാവാക്യം വിളിക്കുമെന്ന് മറ്റുള്ളവർ പ്രതീക്ഷിച്ചു പോകുന്ന ദുർഗ പ്രസാദ്, ഏറ്റവും വലിയ ഒരു ദുരന്തത്തിന്റെ ഏക ദൃക്സാക്ഷിയായതോടുകൂടി ജീവിതത്തെ നിർമ്മമവും നിസ്സംഗവുമായി കാണുന്ന പത്മസേനൻ മാഷ്, ഭർത്താവിന്റെയും മക്കളുടെയും ഒരാഴ്ചത്തെ തുണി മുഴുവൻ കഴുകിയുണക്കി ഇസ്തിരിയിട്ട് വച്ചിട്ട് ജോലി സ്ഥലത്തേക്ക് പോകുന്ന ടിപ്പിക്കൽ കുലസ്ത്രീയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥയുമായ ഭാനുമതി, എൻ. ഐ.റ്റി യിൽ അഡ്മിഷൻ കിട്ടി പഠിക്കാൻതക്ക ബൗദ്ധികസത്തയുണ്ടായിട്ടും പ്രണയിച്ച പുരുഷനെ ഭർത്താവാക്കാൻ കല്യാണത്തിന്റെ ചന്തയിൽ സ്വയം ലേലത്തിന് വയ്ക്കുന്ന കീർത്തന, അങ്ങനെ നീളുന്നു നോവലിലെ കഥാപാത്രങ്ങൾ.ഇവരോരോരുത്തരും സവിശേഷജീവിതരംഗങ്ങളുടെ പ്രതിനിധികളാണ്. സാമൂഹിക മാനമുള്ളവരാണ്.
സമകാലനിത്യജീവിതവ്യവഹാരങ്ങളിൽ വളരെ പരിചിതമായ ചില ഇടങ്ങളുടെ സ്വഭാവികാവിഷ്കരണം നോവലിലുണ്ട്. രാഷ്ട്രീയസ്വാധീനത്തിന്റെ ചന്തയിൽ വില പേശുന്ന ഹോൾസെയിൽ, റീട്ടെയിൽ വില്പനകേന്ദ്രങ്ങളായ ഗവൺമെന്റ് ഓഫീസുകൾ ഊർധ്വൻ വലിക്കുമ്പോഴും മരണം തിരിച്ചറിയാത്ത അവസ്ഥ ഓർമിപ്പിക്കുന്നു. പ്രണയസാക്ഷാത്കാരത്തിന് എന്ന പേരിൽ സ്ത്രീധനത്തുക ചോദിച്ചു വാങ്ങുന്ന കല്യാണമാമാങ്കങ്ങൾ,ലഹരിക്കടിമപ്പെട്ടുപോയ ന്യൂജൻജീവിതത്തിലെ തീർത്തും ശരീരാധിഷ്ഠിതം മാത്രമാകുന്ന പ്രണയം ഇവയൊക്കെ ഉദാഹരണമാണ്.
കടുകിൽ കടലെന്നപോലെ ചെറിയ സൂചനകളിൽ പ്രണയം പറയുന്നതാണ് ഷീബയുടെ രീതി. പ്രണയമൊരു ബാധ്യതയാവാതെ നോക്കുമ്പോൾ അത് സമകാലത്തോട് ഏറെ ചേർന്നുനിൽക്കുന്നു. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ്. മൂന്നു പ്രണയജോഡികളാണ് നോവലിലുള്ളത്.ആദിയും നിരുപമയുമാണ് അതിലൊന്ന്. സ്വന്തം അപകർഷതകളുടെ ചില്ലയിൽ തീവ്രഭിലാഷങ്ങളുടെ കൂടൊരുക്കിയവരാണവർ. അതുകൊണ്ടുതന്നെ അത് വളരെ വേഗം നിലം പതിക്കുന്നു. അങ്ങേയറ്റം ജനാധിപത്യപരമായി ആ വേർപിരിയൽ സംഭവിക്കുന്നു.പക്ഷേ പ്രണയം നിരുപമയ്ക്ക് അവരുടെ ആത്മാവിന്റെ അടരുകളോളം പടരുന്ന വസന്തമാണ്. അത്യാസന്നനിലയിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ കിടക്കുന്ന ആദിയെ കാണാൻ വേർപിരിഞ്ഞതിന് ശേഷവും നിരൂപമ എത്തുന്നത് അതുകൊണ്ടാണ്. ഇഷ്ടാനുസരണം എടുത്തണിയാനും അഴിച്ചുവയ്ക്കാനും കഴിയാതെപോകുന്നതുകൊണ്ടാണ് കരൾ പകുത്തുനൽകി ആദിയിൽ ജീവനാകാൻ അവൾ സമ്മതിച്ചതും.
ഒന്നിൽത്തന്നെ തുടരുന്നതിന്റെ വൈരസ്യം തുറന്നു പറഞ്ഞാണ് ആദി നിരുപമയിൽ നിന്ന് പിരിയുന്നത്. ജോലി ചെയ്തിരുന്ന പരസ്യകമ്പനിയിലെ കോപ്പിറൈറ്ററായ പ്രയാഗയെന്ന കന്നടക്കാരിയ്ക്കൊപ്പമായിരുന്നു ആദിയുടെ പിന്നീടുള്ള ജീവിതം. ആദിയെപ്പോലെ അവൾക്കും വിവാഹം വിലങ്ങായിരുന്നു.
എത്രകാലം തുടർന്നു പോകുമെന്ന് ഉറപ്പ് പറയാനാവാത്ത ഒരു ജീവിതത്തിൽ രോഗിയായപങ്കാളിക്ക് കരൾ നൽകാൻ കഴിയില്ലെന്നത് സമകാലത്തിന്റെ പ്രയോഗികതയാണ് . ശരീരാധിഷ്ഠിതം മാത്രമായ സമകാലപ്രണയത്തെ കമിറ്റ്മെന്റുകളിൽ നിന്ന് സ്വതന്ത്രമാക്കി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോൾ ജീവിതം ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ ചോദിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
നിരുപമയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് മനസ്സിന്റെ നൊമ്പരം ഇഴ പിരിച്ചെടുത്തപ്പോൾ വിടരുന്ന മഴവില്ലിലാണ് രഞ്ജൻ തന്റെ പ്രണയം തിരിച്ചറിയുന്നത്. മെസേജിലൂടെപ്പോലും രഞ്ജൻ തന്നിലേക്കെത്തരുതെന്നുറപ്പിച്ച് രണ്ടാഴ്ചയോളം നിരുപമ തന്നെ ഒറ്റപ്പെടലിന്റെ മരുഭൂമിയിലിട്ടു നീറ്റി. ഒടുവിൽ രഞ്ജനെക്കുറിച്ചറിയാതെ തനിക്കൊന്നും എഴുതാനാവുന്നില്ലെന്നവൾ തിരിച്ചറിഞ്ഞു. പ്രണയവും എഴുത്തും ഒരുപോലെയാണ്: അല്ലെങ്കിൽ ഒന്നു തന്നെയാണ്. പേരറിയാത്ത അസ്വസ്ഥതയെ രണ്ടു കൂട്ടരും ഗർഭം ധരിക്കും, അതിന്റെ ആലസ്യത്തിൽ നോവും ആനന്ദവും അനുഭവിക്കും. വേദനയുടെ പാരമ്യത്തിൽ എഴുത്ത് എഴുത്തുകാരിയിൽ നിന്ന് രൂപമെടുക്കും, ഉയിരും ഉടലും പങ്കിട്ട് പ്രണയികൾ ഒന്നാകും. ആരുടെയും അനുവാദമോ പ്രചോദനമോ ഇരുകൂട്ടർക്കും ആവശ്യമില്ല. കാലമോ നേരമോ നോക്കാനാവില്ല.സ്വയം തിരിച്ചറിയുന്നത് പോലും ഏതെങ്കിലും ഒരു ധന്യ നിമിഷത്തിലാവും.നിരുപമയുടെ വിവരമൊന്നുമറിയാത്ത അശാന്തിയെ മറികടക്കാൻ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുന്ന നിരഞ്ജൻ നീന്തലറിയാതെ വെള്ളത്തിൽ വീണുപോയപോലെ മുങ്ങിപ്പൊങ്ങുന്നു . ഒടുവിൽ നിരുപമയുടെ ഒരു മെസേജ് മരണത്തിന്റെ ഇരുണ്ട ഗുഹയിൽ നിന്ന് നിരഞ്ജനെ പ്രകാശത്തിലേക്കെത്തിക്കുന്നു.
ഇനിയുള്ള കുറച്ചു ദൂരം ഒന്നിച്ചു നീങ്ങാനായി അവർ തെളിച്ചെടുക്കുന്ന പാതയിൽ മറ്റൊരു സൂര്യനുദിക്കുന്നു. പണ്ട് മജീദ് പറഞ്ഞപോലെ രണ്ട് നദികൾ ഒന്നുചേർന്ന് ഇമ്മിണി വലിയ ഒരു നദിയാകുന്നു. മാനവ സ്നേഹത്തിന്റെ നക്ഷത്രശോഭയുള്ള ഒരു വലിയ നദി.
വിപ്ലവത്തിൽ കൊലപാതകമില്ല: വർഗ്ഗശത്രുവിന്റെ ഉന്മൂലനം മാത്രമേയുള്ളൂ എന്ന നക്സൽ വാക്യം കഥയിലുണ്ട്. ഇവിടെ ശത്രു ഒരു വ്യക്തിയല്ല. ഒരു വ്യവസ്ഥിതിയാണ്.നോവലിലെ പാപ്പച്ചൻ അതിന്റെ പ്രതിനിധിയാണ്. പാപ്പച്ചനെ വെട്ടിവെട്ടിക്കൊല്ലുമ്പോൾ രഞ്ജന്റെ മൂക്കിലേക്ക് തുളച്ചു കയറിയ ശരീര സ്രവങ്ങളുടെ അറപ്പിക്കുന്ന ഗന്ധം ബാല്യത്തിൽ തന്നെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ചെറിയച്ഛനെന്ന ഒഴുക്ക് നിലച്ച അഴുക്കുചാലിന്റെതായിരുന്നു. സ്വന്തം സുഖങ്ങൾക്കായി ഇരയെ ഉപയോഗിക്കുന്ന ഇത്തരം പ്രവണതകൾക്കെല്ലാം പിന്നിൽ ഫ്യൂഡൽ മനോഭാവമാണ്. ഫാസിസ്റ്റ് അധീശത്വത്തിന് ഇരയാക്കപ്പെടുന്നവരുടെ ദുഃഖം സ്വാംശീകരിക്കാനാവുന്നവരായിരുന്നു പഴയ വിപ്ലവകാരികൾ. ബാലറ്റ് വിപ്ലവത്തിലൂടെ ഇതിനൊന്നും ഒരു മാറ്റവും വരുത്താനാവില്ലെന്ന് തിരിച്ചറിയുകയും വിപ്ലവം തോക്കിൻകുഴലിലൂടെ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നവരാണ് നക്സലൈറ്റുകൾ. ലോകത്തിന്റെ വേവലാതി മുഴുവൻ ഏറ്റെടുത്ത് സ്വന്തം ജീവിതം ഉപേക്ഷിച്ച ശ്രീബുദ്ധനെപോലെയാണവർ. അവരുടെ നയങ്ങൾ ഭൂരിപക്ഷത്തിനെന്നല്ല ന്യൂനപക്ഷത്തിനു പോലും ഒരിക്കലും അംഗീകരിക്കാനായിരുന്നില്ല. ജനാധിപത്യഭരണത്തിലേക്ക് ചുവടുവെക്കാനായി നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് രഞ്ജൻ തീരുമാനിച്ചു. കുടുംബാംഗങ്ങളെക്കൊണ്ട് വോട്ട് ചെയ്യിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ ബന്ധുമിത്രാദികളെന്നല്ല അമ്മ പോലും ആ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്നു. സ്വന്തം കുടുംബത്തെപ്പോലും തന്റെ ആശയം ബോധ്യപ്പെടുത്താനാകാത്ത സ്ഥിതിക്ക് എങ്ങനെ ഒരു പ്രസ്ഥാനത്തെ നയിക്കാൻ കഴിയുമെന്ന ചോദ്യം രഞ്ജന്റെ മുൻപിൽ ഉണരുന്നുണ്ട്. ഇതൊന്നും ഒരാളുടെ മുന്നിൽ മാത്രം ഉയർന്ന ചോദ്യങ്ങളല്ല. ഒരു കാലത്ത് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ ഇവിടെ ഏറെയുണ്ടായിരുന്നു. സ്വന്തം മനസ്സാക്ഷിയുടെ മുന്നിൽപ്പോലും ഉത്തരം കിട്ടാത്ത ഇത്തരം ഒരുപാട് ചോദ്യങ്ങളിലൂടെ കാലം നക്സലൈറ്റുകളെ മാറ്റിയെടുത്തു. ചിലർ ഭക്തിയുടെ വഴി തിരിഞ്ഞു. മറ്റുചിലർ ബൂർഷ്വാ ബിസിനസുകാരായി. രഞ്ജനെപ്പോലെ പലരും ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശത്ത് പോയി. പിന്നെ ചിലർ ഒരു ചെറിയ കാറ്റടിച്ചാൽ പോലും ആളിക്കത്താൻ വെമ്പുന്ന കനൽ ഉള്ളിലടക്കി ജീവിച്ചു. കാലത്തിന്റെ പരിക്രമണ പാതയിൽ കേരളരാഷ്ട്രീയത്തിൽ പരക്കെ ചർച്ചചെയ്യപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ രൂപഭാവസംക്രമണം നോവൽ നന്നായി ആവിഷ്കരിക്കുന്നു. രഞ്ജൻ, പദ്മസേനൻ മാഷ്,ദുർഗാ പ്രസാദ് എന്നിവരിലൂടെ നക്സൽ ജീവിതത്തിന് മജ്ജയും മാംസവും നൽകുന്നു.
ദുരൂഹതയുടെ ഇരുണ്ട സൗന്ദര്യം ആസ്വദിക്കുന്നതിലുള്ള ഗൂഢമായ ആഹ്ലാദം വായനക്കാരന് നൽകുന്ന കഥ പറച്ചിൽ രീതി ഇടയ്ക്കൊക്കെ നോവലിസ്റ്റ് സ്വീകരിക്കുന്നുണ്ട്.സൂയിസൈഡൽ പോയിന്റിൽ നിൽക്കുമ്പോഴുള്ള അഗാധതയുടെ ആ വശ്യസൗന്ദര്യം അത്യപൂർവ്വമാണല്ലോ. അപരിചിതനിൽ നിന്നുവരുന്ന ഒരു ഇമെയിലിലാണ് നോവൽ ആരംഭിക്കുന്നത്. Sun of the yellow river എന്നതാണ് ആ മെയിൽ ഐഡി. മൂന്ന് ഇ മെയിലുകളെക്കുറിച്ചുള്ള കുമ്പസാരത്തിലാണ് നോവൽ അവസാനിക്കുന്നതും. ആദിയും നിരുപമയും അവരുടെ വീടിന് നൽകുന്ന പേര് തീവ്രഭിലാഷത്തിന്റെ വീട് എന്നർത്ഥം വരുന്ന ഹിറാത്ത് എന്ന പദമാണ്. അതിനെ തിരിച്ചു പോകാനാകാത്ത വീട് എന്ന് വായിച്ചെടുക്കുമ്പോൾ വാക്കുകളുടെ അർത്ഥവ്യാപ്തി ജീവിതത്തോളം ദുരൂഹമാകുന്നു.

കൊന്നു തീർന്നിട്ടും നിങ്ങളെന്തിനാണ് എന്റെ മോനെ മഴയത്തു നിർത്തിയിരിക്കുന്നത് എന്ന് ചോദിച്ച് ഒരായുസ്സ് മുഴുവൻ കതകടയ്ക്കാതെ കാത്തിരുന്ന ആ അച്ഛൻ രാജന്റേത് മാത്രമല്ല. ഇവിടെ വസന്തം വിടർത്താൻ സ്വയം ബലിയായ ഒരുപാട് പേരുടേതാണ്. ഒരു കാലഘട്ടത്തിന്റെതാണ്. കുന്നിറങ്ങിവരുന്ന കോടമഞ്ഞിന്റെ നാണം ചാരുത പകരുമ്പോഴും കക്കയം, കായണ്ണ പ്രദേശങ്ങളിലെ ചോരമണം പൂർണമായും മാഞ്ഞു പോകുന്നില്ല. കാഴ്ചയും കേൾവിയും പോയി ജീവച്ഛവമായവശേഷിക്കുന്ന ഞരക്കങ്ങൾ ഇല്ലാതാകുന്നില്ല. വർത്തമാനകാലധാരാളിത്തത്തിന്റെ ഉപരിപ്ലവതയിലും അർഭാടത്തിലും മാഞ്ഞുപോകാതെ അവ രേഖപ്പെടുത്തപ്പെടേണ്ടതാണെന്ന് ചിന്തിക്കുന്ന സ്ത്രീ മനസ്സിനെ കാണാതെ വയ്യ. സ്ത്രീമനസ്സ് എന്ന് പ്രത്യേകം പരാമർശിച്ചത് ബോധപൂർവമാണ്.ചിന്തയ്ക്ക് ട്രാൻസ്ജന്റർ ഐഡന്റിറ്റി പതിച്ചുകിട്ടിയ കാലമാണല്ലോ ഇത്. ഭൂതകാലചരിത്രം സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി വികലീകരിക്കപ്പെടുമ്പോൾ ഇത്തരം ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്. ജീവിതാവിഷ്കാരത്തിന്റെ വ്യത്യസ്തതകൾ തേടി സമകാല മലയാളനോവലുകൾ ആഗോള വിതാനത്തിൽ അലയുന്ന കാലമാണിത്. തികച്ചും ആഭ്യന്തരവും കേരളീയവുമായ ഒരു അനുഭവതലത്തെ ആവിഷ്കരിച്ചുകൊണ്ട് നോവലിന്റെ ശില്പരചനയിൽ തനതായ ഒരു ഇടം കണ്ടെത്താൻ ഷീബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംഭവപരമ്പരകളുടെ ക്രമാനുഗതവളർച്ചയിലൂടെയാണ് അരനൂറ്റാണ്ട് മുൻപുള്ള ജീവിതത്തിൽ നിന്ന് ഇന്നിന്റെ വഴികളിലേക്ക് ഷീബ നടന്നുകയറുന്നത്. ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശാഭരിതമായ ഒരു കാഴ്ചപ്പാടിൽ അവസാനിക്കുമ്പോൾ സൂര്യോദയങ്ങൾ അവസാനിക്കുന്നില്ല എന്ന് നോവൽ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
