
കാട്ടൂർ കടവ്
മലയാളികളുടെയുള്ളിൽ എന്നും ജാതിയുണ്ടായിരുന്നുവെന്ന് ഭൂതവർത്തമാനങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ. ഭ്രാന്താലയമെന്ന് വിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെടും വിധം അത് ഭീകരവുമായിരുന്നു.പറയി പെറ്റുണ്ടായതാണ് പന്തിരുകുലമെന്നൊക്കെ വെറുതെ പറയുമെങ്കിലും നിത്യവൃത്തിക്ക് നിദാനമാകേണ്ട തൊഴിലുകൾക്ക് പോലും ജാതിയെ മാനദണ്ഡമാക്കിയവരാണ് നമ്മൾ . ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ മലയാളികൾ മനസ്സിലുള്ളത് അതേ പോലെ പുറത്ത് കാട്ടിയിരുന്നവരാണ്. അതുകൊണ്ടാണ് അയിത്തവും തീണ്ടലും തൊടീലും ഭ്രഷ്ടും ഒക്കെ അവരുടെ ജീവിതത്തിൻ്റെ ഭാഗമായത്. നവോത്ഥാനവും സോഷ്യലിസവും ഗാന്ധിസവും മതേതരത്വവും ഒക്കെ പ്രസംഗിച്ചു തുടങ്ങിയപ്പോ അതങ്ങനെ തന്നെ തുറന്നു സമ്മതിക്കാൻ ഇത്തിരി ഉളുപ്പായി. വായനയിൽ നിന്ന് സ്വന്തമായ വിവേകത്തിലൂടെയും സമത്വം വിളംബരം ചെയ്യുന്ന സാമാന്യനീതിബോധത്തിലൂടെയും അതിനെ മറികടക്കാൻ കഴിയുന്നവർ വിരളമാണ് . അറിയാതെ പ്രകടമാകുന്ന ചില വ്യക്തിത്വ സവിശേഷതകളിലും പ്രത്യേക സാഹചര്യങ്ങളിൽ എടുക്കേണ്ടി വരുന്ന നിലപാടുകളിലും ഉള്ളിൽ പൊറ്റപിടിച്ച ജാതീയവിവേചനം മറനീക്കി പുറത്തുവരാറുമുണ്ട്. കാപട്യം വാക്കിലും പ്രവൃത്തിയിലും വളരെക്കൂടുതലുള്ള ഒരു സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്. അതിന്റെ ഹിപ്പൊക്രറ്റിക് സ്വഭാവം അതേപടി ആവിഷ്കരിക്കുന്നതാണ് അശോകൻ ചരുവിലിന്റെ കാട്ടൂർ കടവ് എന്ന നോവൽ.

കാട്ടൂർ കടവ് ദേശമെഴുത്തും ദേശത്തിന്റെ രാഷ്ട്രീയമെഴുത്തും രാഷ്ട്രീയത്തിന്റെ ചരിത്രമെഴുത്തുമാണ്. കനോലി കനാലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാട്ടൂർ കടവ്. ജലഗതാഗതം മെച്ചപ്പെടുത്താൻ മലബാർ കളക്ടർ ആയിരുന്ന കനോലി സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ പണികഴിപ്പിച്ചതാണ് കനോലി കനാൽ. കനോലി കനാലിന്റെ തീരത്തുള്ള ധാരാളം കടവുകൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. വാളക്കടവ്,പുളിക്കടവ്,കണ്ടശ്ശൻ കടവ്,കാവിൽ കടവ്,പറയൻ കടവ് എന്നിങ്ങനെ തുടരുന്നു കടവുകളുടെ നിര. ഈ കടവുകളിൽ അടിഞ്ഞു കൂടിയതിലേറെയും അധ:സ്ഥിതരുടെ ജീവിതങ്ങളായിരുന്നു. അവർ വിപ്ലവ പാർട്ടിക്കായി ജീവിതം സമർപ്പിച്ചവരായിരുന്നു. അവരുടെ ജീവിത സഹനങ്ങളിലൂടെ പടുത്തുയർത്തിയ പാർട്ടിയുടെ വളർച്ച ഈ കടവിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നു.1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും പാർട്ടിയുടെ മോസ്കോ സമ്മേളനവും കാട്ടൂർ കടവിലെ പാർട്ടി രൂപീകരണവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും നോവലിലുണ്ട് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുകയും അതിന്റെ പ്രത്യയശാസ്ത്രത്തെ ആരാധിക്കുകയും പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്യുമ്പോൾത്തന്നെ പാർട്ടിയുടെ സമകാലമുഖത്തെ നോവൽ വിചാരണ ചെയ്യുന്നു. അങ്ങനെ കാട്ടൂർ കടവ് രാഷ്ട്രീയനോവലാകുന്നു. എന്നാൽ ഇതിലെ കഥാപാത്രങ്ങളുടെ മാനസിക വിശകലനം നമ്മെ സമകാലമലയാളിയുടെ സമൂഹ മനസ്സിലേക്ക് എത്തിക്കും. കാലം പോകുന്നതനുസരിച്ച് കൂടുന്ന മലയാളിയിലെ ഹിപ്പോക്രാറ്റിക്ക് സ്വഭാവം ഇന്ന് വ്യക്തികളിൽ മാത്രമല്ല സമൂഹത്തിലും രാഷ്ട്രീയപ്പാർട്ടികളിലുമുണ്ട് . വിപ്ലവപ്പാർട്ടിയുടെ പേരിൽ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ സംഭവിക്കുന്ന അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും ആശയപാപ്പരത്വവുമാണ് നോവലിൽ വെളിപ്പെടുന്നതെങ്കിലും
കേരളീയസമൂഹത്തിന്റെ പൊതുസ്വഭാവത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ദീനാനുകമ്പ വഴിഞ്ഞൊഴുകുന്ന കവിയും പ്രകൃതിസ്നേഹം വാഴ്ത്തുന്ന പരിസ്ഥിതിപ്രവർത്തകനുമൊക്കെ സ്വന്തം ജീവിതത്തിന്റെ പ്രായോഗിക തലത്തിൽ ഇത്തരം ആദർശങ്ങളിൽ നിന്ന് വളരെ അകലെയാണ്.ഗാന്ധിസം പ്രസംഗിക്കുന്ന കോൺഗ്രസ്സ്കാരനും സോഷ്യലിസം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ്കാരനും അത് പ്രസംഗിക്കാൻ മാത്രമുള്ളതാണ്. അവരുടെ പ്രവൃത്തിയുമായി അതിനൊരു ബന്ധവുമില്ലെന്ന് അവർക്കും അവരുടെ അണികൾക്കും ഇതെല്ലാം കണ്ടും കേട്ടും വിഡ്ഢിവേഷം സ്വയം കെട്ടുന്ന സാമാന്യജനത്തിനും അറിയാം.
ജാതി, അധികാരം, പണം, മതം, ഇവ വ്യക്തി-സാമൂഹിക ജീവിതങ്ങളിലും സ്ഥാനമാനങ്ങളിലും ഏറ്റവും പ്രസക്തമാവുകയും എന്നാൽ പ്രത്യക്ഷത്തിൽ അവയെ നിരാകരിക്കുകയും ചെയ്യുന്നു എന്നത് പരസ്യമായ രഹസ്യമായി തുടരുന്നു. ഉപരിതലത്തിൽത്തന്നെ പ്രകടമാകുന്ന ഈ ഹിപ്പൊക്രസിയിൽ അല്പവും ആക്ഷേപമുണ്ടെന്ന് മലയാളി കരുതുന്നില്ല. അത്തരം മലയാളി മനസ്സിന്റെ സറ്റയറസ്റ്റിക് ആവിഷ്കാരമാണ് കാട്ടൂർ കടവ് . ആവർത്തിച്ച് പറഞ്ഞ് സത്യമാണെന്ന പ്രതീതി ജനിപ്പിക്കുന്ന നുണകളിലാണല്ലോ ഇന്നത്തെ ജീവിതം. അത്തരത്തിലുള്ള ഒരു നുണയാണ് ജാതിമതചിന്തകൾക്കതീതരാണ് തങ്ങളെന്ന ഭാവം. ആ നുണയുടെ അവാന്തരവിഭാഗമായ പലതരം നാട്യങ്ങളെ കാട്ടൂർ കടവ് തുറന്നുകാട്ടുന്നു.
കട്ടപിടിച്ചുപോയ ജാതിചിന്തയുടെ പൊറ്റവലിച്ചിളക്കിയാൽ കെട്ടിക്കിടക്കുന്ന ചലം പൊട്ടിയൊലിക്കുന്നതിൻ്റെ ദുർഗന്ധം അനുഭവിപ്പിക്കുന്നു.
കാട്ടൂർക്കടവിലെ കമ്യൂണിസ്റ്റും കവിയും ശ്രീനാരായണഗുരുശിഷ്യൻ്റെ കുടുംബക്കാരനുമായ പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ പ്രണയിച്ചത് വേലക്കുടിലിലെ കണ്ടൻകുട്ടിയാശാൻ്റെ മകൾ മീനാക്ഷിയെയാണ്. പ്രണയം പാർട്ടി ഏറ്റെടുക്കുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. മിശ്രവിവാഹത്തിൻ്റെ പെരുമ്പറ കൊട്ടിക്കൊണ്ട് ഗർഭിണിയായ മീനാക്ഷിയെ പാർട്ടിക്കാർ പുല്ലാനിക്കാട്ടെത്തിച്ചു. അവളാ വീട്ടിൽ അനുഭവിച്ചത് സഹിക്കാനാവാത്ത അവഗണനയും അപമാനവുമാണ് .തനിക്ക് ജീവിതത്തിൽ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധമായിട്ടാണ് പുല്ലാനിക്കാട്ടെ ചന്ദ്രശേഖരൻ ആ വിവാഹത്തെ കരുതുന്നത്. മറ്റുള്ളവരോട് പറയുമ്പോൾ മാത്രം ചുവക്കുകയും സ്വന്തം ജീവിതത്തിൽ വല്ലാതെ ചെടിക്കുകയും ചെയ്യുന്നതായി വിപ്ലവം മാറുന്നത് ചന്ദ്രശേഖരൻ്റെ ജീവിതത്തിൽ നമ്മൾ കാണുന്നു. ഇത് ചന്ദ്രശേഖരൻ്റെ മാത്രം കഥയല്ല. ‘വല്ലവൻ്റെയും പന്തിയിൽ വാ എൻ്റെ വിളമ്പ് കാണാൻ ‘എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന വിധത്തിലാണ് വിപ്ലവം പ്രസംഗിക്കുന്നവരുടെ സ്വകാര്യജീവിതവും പൊതുജീവിതവും തമ്മിലുള്ള അന്തരം.മറ്റുള്ളവരുടെ ജീവിതത്തിൽ നടപ്പാക്കേണ്ടതാണെന്ന് പറഞ്ഞ് സോഷ്യലിസം പ്രസംഗിക്കുകയും സ്വന്തം ജീവിതം മുതലാളിത്തത്തിൻ്റെ ആഡംബരത്തിൽ മുഴുകുകയും ചെയ്യുന്നത് സമകാലകമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കിടയിൽ സാധാരണയാണ്. ഉളുപ്പില്ലാത്ത ഈ വൈരുദ്ധ്യത്തെ തുറന്നുകാട്ടാൻ പര്യാപ്തമായ കഥാപാത്രനിർമ്മിതിയാണ് ചന്ദ്രശേഖരൻ്റെത്.
അസാമാന്യപോരാട്ടവീര്യമുള്ള സ്ത്രീയായിട്ടു പോലും മീനാക്ഷിക്ക് പുല്ലാനിക്കാട്ട് ജീവിക്കാനായില്ല. അവൾ സ്വന്തം കുടിലിലേക്ക് മടങ്ങി. അതുകൊണ്ട് മീനാക്ഷിയുടെ മകൻ ദിമിത്രിയുടെ ശൈശവം വേലക്കുടിയിലായിരുന്നു. ബാല്യത്തിലെത്തിയപ്പോൾ പുല്ലാനിക്കാട്ടെ വലിയമ്മ വന്ന് മകൻ്റെ മകനെന്ന അവകാശത്തിൽ ദിമിത്രിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരേസമയം വേലനും പുല്ലാനിക്കാട്ടെ സന്തതിയുമായിത്തീർന്ന ദിമിത്രിയുടെ ജീവിതത്തിലെ അന്ത:സംഘർഷങ്ങൾ അവിടെത്തുടങ്ങുന്നു. നന്തുണി എന്നായിരുന്നു വിദ്യാലയത്തിൽ അവൻ്റെ ഇരട്ടപ്പേര്. അവിടെ നേരിട്ട വിവേചനത്തിൽ നിന്നവൻ ഏകാകിയായി മാറി. ബാല്യംമുതൽ വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും നിന്നനുഭവിച്ച ജാതീയമായ വിവേചനങ്ങളാണ് ദിമിത്രിയെ രൂപപ്പെടുത്തിയത്. അരക്ഷിതനും നിന്ദിതനും അപകർഷബോധമുള്ളവനുമായി അയാൾ മാറി. സംവരണം കിട്ടി ഉദ്യോഗത്തിൽ കയറിയ അയാൾക്ക് ഔദ്യോഗിക ജീവിതത്തിലും ഈ അവമതിപ്പ് അനുഭവിക്കേണ്ടിവന്നു. റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ L&R റെക്കോഡ്സിൽ ക്ലർക്കായ ദിമിത്രി കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ട് ജയിലിലാവുന്നു. ജാതിവ്യവസ്ഥ അതിസങ്കീർണമായ ഒരു വ്യവഹാരരൂപമായി മനുഷ്യനിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്നറിയാൻ ദിമിത്രിയെ വായിച്ചാൽ മതി.
കൈക്കൂലി വാങ്ങിയതിന് പിടിക്കപ്പെടുന്ന ദിവസം ദിമിത്രിയെ റവന്യൂ റെക്കോർഡ് ഓഫീസിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഒരു രംഗം നോവലിലുണ്ട്. അപ്പോഴുള്ള ജനത്തിൻ്റെ ആക്രോശത്തിൽ ഉയർന്നു കേൾക്കുന്നത് അയാൾ ചെയ്ത തെറ്റിനോടുള്ള പ്രതികരണമോ അതിനോടുള്ള അന്ത:ക്ഷോഭപ്രകടനമോ അല്ല. ചെയ്തത് ഒരധ:കൃതനായതിലുള്ള അസഹ്യതയാണ് .” അട്ടേപ്പിടിച്ച് മെത്തേക്കിടത്തിയാ കിടക്കുവോ?
എവിടെച്ചെന്നാലും മനുഷ്യൻ ജന്മസ്വഭാവം കാണിക്കും. എത്ര മാന്യന്മാരിരുന്ന ഓഫീസാണ്. ഇപ്പോ ഒരു വേലൻ വന്ന് നെഗളിക്കുന്നു. ആപ്പീസും കസേരേം ചാണോംവെള്ളം തളിച്ചു ശുദ്ധിയാക്കണം. കുരുംബക്കാവീന്ന് പുണ്യാഹം കൊണ്ട്വരണം” ഇങ്ങനെയാണ് ഉയർന്നുകേൾക്കുന്ന ഡയലോഗുകൾ . എത്ര നവോത്ഥാനം പ്രസംഗിച്ചാലും മലയാളിയുടെ മനസ്സിൻ്റെ അടിത്തട്ടിലുള്ള ജാതിവിവേചനം ഇവിടെ മറനീക്കി പുറത്തുവരുന്നു. ബ്യൂറോക്രസിയുടെ മേൽത്തട്ടിലും ഈ സവർണ മേധാവിത്വം പ്രകടമാണ് അതിൻ്റെ ഇരയാണ് ലാൻഡ് ആൻഡ് റവന്യൂ റെക്കോർഡ് റീജണൽ ഡയറക്ടർ മോനമ്മ. ദിമിത്രിയുടെ ഭാര്യയാണവർ. സംവരണത്തിൻ്റെ ഭാഗമായ സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലൂടെ ഉദ്യോഗത്തിൽ വരുന്ന പലരും അനുഭവിക്കുന്ന പീഡനങ്ങളുടെ അനുഭവസാക്ഷ്യമാണവർ.
അധികാരം സമം ബ്രാഹ്മണൻ എന്നപരാമർശം നോവലിലുണ്ട്. ഇവിടെ ബ്രാഹ്മണ്യം ഒരു ജാതി സമുദായത്തിൻ്റെയോ സവർണ മേധാവിത്വത്തിൻ്റെയോ അടയാളമല്ല. പൂണൂലെന്ന ജാതിചിഹ്നവുമായി അതിന് യാതൊരു ബന്ധവുമില്ല. സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലും സിനിമയിലും മറ്റെല്ലാ വ്യവഹാരരംഗങ്ങളിലും ഇന്ന് ബ്രാഹ്മണ്യമുണ്ട്. പുരോഗമന സാഹിത്യരംഗത്തെ പ്രമുഖരെന്ന് നടിക്കുന്ന എഴുത്തുകാരും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അധികാരം കയ്യാളുന്നവരും എന്നുവേണ്ട മിക്കവാറും എല്ലാവരിലും ഈ ബ്രാഹ്മണ്യം മറിഞ്ഞിരിക്കുന്നുണ്ട്. അറിയപ്പെടുന്ന എഴുത്തുകാർ പുതിയ എഴുത്തുകാരുടെ കൃതി വായിക്കാറില്ല. അയിത്തം കൽപ്പിച്ച് തീണ്ടാപ്പാടകലെ നിർത്തുന്നു. സൂപ്പർസ്റ്റാർ പദവിയിലുള്ളവർ തുടക്കക്കാരെ നടീനടന്മാരായി പരിഗണിക്കാറില്ല. രാഷ്ട്രീയത്തിലും അവസ്ഥ അങ്ങനെതന്നെ. പതിനൊന്നാനയുള്ള ദൈവം ആനയില്ലാത്ത ദൈവത്തെക്കാൾ എത്രയോ കേമനാകുന്നുവെന്ന് കറുത്ത ഹാസ്യം പതപ്പിച്ച് എം .എൻ വിജയൻ പറഞ്ഞതുപോലെ ഓരോ രംഗത്തും വേദിയടക്കിവാഴുന്ന പവർഗ്രൂപ്പുകൾ പരോക്ഷമായ സവർണ്ണമേധാവിത്വത്തിൻ്റെ അധികാരബിംബങ്ങളാണ് . ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിൻ്റെയും സ്വജനപക്ഷപാതധാർഷ്ട്യത്തിൻ്റെയും സമകാല രാഷ്ട്രീയത്തിലേക്കെത്തുമ്പോൾ ഈ ബ്രാഹ്മണ്യം പഴയ ജന്മികുടിയാൻ വ്യവസ്ഥയുടെ പുന:സൃഷ്ടിയായി മാറിയിരിക്കുന്നു. തമ്പ്രാൻ കൽപ്പിക്കുകയും കൽപ്പന കല്ലേൽപ്പിളർക്കുകയും ചെയ്യുന്ന അധികാരരാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ നോവൽ വായനക്കാരനെ എത്തിക്കുന്നു .
ജാതി-മത രാഷ്ട്രീയ പരികല്പനകൾക്കുപരിയായി മനുഷ്യപക്ഷത്ത് ഒരു കാര്യവും കാണാൻ സാധിക്കാത്ത അതിദയനീയമായ അവസ്ഥയെ നോവൽ പൊളിച്ചു കാട്ടുന്നു. കക്ഷിരാഷ്ട്രീയത്തോടുള്ള അന്ധമായ വിധേയത്വം കൊണ്ടുണ്ടാകുന്ന ബൗദ്ധിക അടിമത്തത്തെ ചോദ്യം ചെയ്യുന്നു. സാഹിത്യസാംസ്കാരിക രംഗത്തെ മഹത്വം നിശ്ചയിക്കുന്നതിലും പുരസ്കാര നിർണയത്തിലും ഇന്ന് കക്ഷിരാഷ്ട്രീയമാണ് പ്രബലമായ മാനദണ്ഡം . ചെയ്യുന്ന തെറ്റിൻ്റെ വ്യാപ്തിയും ശിക്ഷയും നിർണയിക്കുന്നതിൽ ജാതിയും രാഷ്ട്രീയവും മാനദണ്ഡമാകുന്നു. ഏതെങ്കിലും തരത്തിൽ ഈ വ്യവസ്ഥിതിയുടെ ഗുണഭോക്താവാകാനാണ് ഓരോരുത്തരുടെയും ലക്ഷ്യം. ഒന്നുകിൽ സ്വന്തം ജാതി പറഞ്ഞ് ആവശ്യാനുസരണമുള്ള നേട്ടം സാധ്യമാക്കുന്നു. അല്ലെങ്കിൽ കക്ഷിരാഷ്ട്രീയത്തിൻ്റെ പിൻബലത്തിൽ എന്തുമാകാമെന്ന ധാർഷ്ട്യത്തിലെത്തുന്നു. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മലയാളിയുടെ വർത്തമാനകാലജീവിതത്തിൻ്റെ ഈ പരിതാപാവസ്ഥ കുമ്പസാരക്കൂട്ടിലെ ഏറ്റുപറച്ചിൽ പോലെ നോവലിൽ വായിക്കാനാവും. പറഞ്ഞു കഴിഞ്ഞാൽ പിന്നെ ചെയ്ത പാപം തീർന്നല്ലോ . കൂട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞ് യാതൊരുളുപ്പുമില്ലാതെ അതു തന്നെ തുടരുകയും ചെയ്യാം. അതുവഴി ലഭിക്കുന്ന ആടയാഭരണങ്ങൾ ഒന്നും നഷ്ടമാകുന്നുമില്ല. പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ദൂരം അനന്തമായിരിക്കുമ്പോഴും അത് പൂജ്യമാണെന്ന് തോന്നിക്കുന്ന ഒരു പ്രതീതിയാഥാർഥ്യം സൃഷ്ടിക്കാൻ കഴിയുന്ന സമകാലജീവിതത്തിന്റെ നേർപ്പകർപ്പാണ് നോവലിലുള്ളത്.
സൈബറെഴുത്തിലെ ആഖ്യാനകൗതുകം ്കാൻ കഴിയുന്ന സമകാലജീവിതത്തനിരന്തരസംവാദത്തിനുള്ള ഇടം സൃഷ്ടിച്ച് അധികാരവും രാഷ്ട്രീയവും ഉൾപ്പെടെയുള്ള ഏത് സാമൂഹിക പ്രശ്നത്തിലും ഇടപെടാൻ സാധാരണക്കാരന് കഴിയുന്ന ഒരു ജീവിതാവസ്ഥ സോഷ്യൽ മീഡിയ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. ‘ഫിഫ്ത്എസ്റ്റേറ്റ്’എന്ന് വിശേഷിപ്പിക്കാവുന്ന തികച്ചും ജനാധിപത്യപരമായ ഈ നവമാധ്യമ സങ്കേതത്തെ നോവലിന്റെ ആഖ്യാനത്തിൽ സമർത്ഥമായി ഉപയോഗിക്കുന്ന നോവലാണ് അശോകൻ ചരുവിലിന്റെ കാട്ടൂർ കടവ്. വിവരസാങ്കേതികവിദ്യയുടെ സ്ഫോടനാത്മകമായ വളർച്ചാസാധ്യതകൾ മലയാള നോവലുകളിൽ പ്രകടമായിത്തുടങ്ങിയത് രണ്ടായിരത്തിലാണ്. വിവരസാങ്കേതിക രംഗത്തുണ്ടായ വിപ്ലവം നോവലിൽ ആദ്യമായി ആവിഷ്കൃതമായതിനാൽ എം. മുകുന്ദന്റെ നൃത്തത്തെ ആദ്യത്തെ സൈബർനോവലെന്ന് വിളിച്ചു. സൈബർലോകം സൃഷ്ടിക്കുന്ന പ്രതീതിയാഥാർത്ഥ്യത്തിന് അടിമയായിപ്പോകുന്ന നായകനെയാണ് നൃത്തത്തിൽ അവതരിപ്പിച്ചത്. നോവലിൻ്റെ ഇതിവൃത്തത്തിലേക്കാണ് മുകുന്ദൻ വിവരസാങ്കേതികവിദ്യയെ സ്വീകരിച്ചത്. പ്രമേയത്തിൽ മാത്രമല്ല ആവിഷ്കരണത്തിൻ്റെ തലത്തിലും സാങ്കേതികതയുടെ നൂതനമാർഗ്ഗങ്ങൾ നോവലിലിന്ന് പ്രകടമാണ്.

സൈബറിടങ്ങളായ ബ്ലോഗ്, ഇ മാഗസിനുകൾ, ഓൺലൈൻ പ്ലാറ്റ് ഫോമുകൾ, ഫെയ്സ് ബുക്ക്, ഇൻസ്റ്റ തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളെ സൈബർ സാഹിത്യത്തിൽ ഉൾപ്പെടുത്തിയിട്ട് വർഷങ്ങളായി. രണ്ടായിരത്തിലെ മൂന്നാം ദശകത്തിൻ്റെ ആദ്യ പടവുകളിലെത്തുമ്പോൾ ചില നോവലുകളിലെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളാണ്. അവ വെറും മാധ്യമങ്ങൾ മാത്രമല്ലെന്നും
സമകാലത്തിൻ്റെ വ്യക്തിസ്വത്വത്തേയും പൊതുബോധത്തെയും രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവാത്തതാണെന്നും നമുക്കറിയാം. ദിവസേന കുറച്ചു മണിക്കൂറുകൾ ഏതെങ്കിലും സാമൂഹ്യമാധ്യമത്തിൻ്റെ ഉമ്മറത്ത് കാറ്റുകൊള്ളാനിരിക്കാത്ത മലയാളി ഇന്നൊരപൂർവ്വ ജനുസ്സാണെന്ന് പറയാതെ വയ്യ. മനസ്സടക്കി വച്ചിരിക്കുന്ന അസൂയയും അസംതൃപ്തിയും ആത്മീയനാട്യങ്ങളും ആത്മരതിയും അവിടെ ചങ്ങല പൊട്ടിക്കുന്നു. വ്യക്തിഹത്യയും സദാചാരഗുണ്ടായിസവും മറനീക്കുന്നു. ചിന്തകൾ പങ്കുവെയ്ക്കപ്പെടുന്നതും പുതിയവ രൂപപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും ഇന്ന് ആ ഉമ്മറത്താണ്. ജീവിതത്തിൻ്റെ ദർപ്പണമാണ് സാഹിത്യം എന്നതുകൊണ്ട് നവമാധ്യമങ്ങളുടെ സാംസ്കാരിക ഭാവുകത്വനിർമ്മിതി നോവലിൽ പ്രതിബിംബിക്കുന്നതിൽ അതിശയിക്കാൻ ഒന്നും തന്നെയില്ല.
സാങ്കേതികതയെ അംഗീകരിക്കുന്നതും അംഗീകരിക്കാത്തതുമായ രണ്ടു തലമുറകൾ ഒരേ സമയം ജീവിച്ചിരുന്ന സമൂഹമാണ് രണ്ടായിരത്തിൻ്റെ ആദ്യ വർഷങ്ങളിൽ ഉണ്ടായിരുന്നത്.ഇന്നതല്ല സ്ഥിതി. ഇന്നത്തെ ബാല്യവും കൗമാരവും യൗവനവും സാങ്കേതികതയിൽ ജനിച്ചു ജീവിക്കുന്നവരാണ്. മധ്യവയസ്സുകാർ സ്വന്തം ഐഡൻ്റിറ്റിയുടെ പ്രശ്നമായി സാങ്കേതികതയെ ഏറ്റെടുത്തു കൊണ്ട് ഏറെക്കുറെ അവർക്കൊപ്പമെത്തി. കാര്യമായ അവഗാഹമൊന്നുമില്ലെങ്കിലും മുതിർന്നപൗരരും സാമൂഹ്യമാധ്യമത്തിൻ്റെ ആനന്ദങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. അത്തരം സാഹചര്യത്തിലാണ് സമകാലനോവലുകൾ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതയെ ആഖ്യാനത്തിനുള്ള ബദൽ മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നത്.
നൃത്തത്തിൽ എം.മുകുന്ദൻ ചെയ്തതുപോലെ സൈബർ സംസ്കാരം വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പരിഭ്രാന്തികളെയല്ല ഈ നോവലുകൾ ആവിഷ്കരിക്കുന്നത്. സൈബറിടത്തിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ ജീവിതസന്ദർഭങ്ങൾ രൂപീകരിക്കുകയും അവയെ ആവിഷ്കാരത്തിനുള്ള ബദൽ മാർഗമായി സ്വീകരിക്കുകയുമാണ് സമകാല നോവലുകൾ ചെയ്യുന്നത് . അറിവിൻ്റെ ജനാധിപത്യവൽക്കരണം നവമാധ്യമങ്ങളിൽ സുഗമമാണെന്നുള്ളതുകൊണ്ട് അവയെ ആശയ സംവാദങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള തത്സമയ ഉപാധിയായി സ്വീകരിക്കുന്നു. വീഡിയോകോൺഫറൻസുകളും ബഹുമാധ്യമസങ്കേതങ്ങളും പ്രയോജനപ്പെടുത്തി കൃതിയുടെ ഘടനയെയും വായനാനുഭവത്തെയും വ്യത്യസ്തമാക്കുന്നു. അവതരിപ്പിക്കുന്ന പ്രമേയത്തെയല്ല ആവിഷ്ക്കരിക്കാൻ ഉപയോഗിക്കുന്ന മാധ്യമത്തെ മുൻനിർത്തിയാണ് സൈബർ സാഹിത്യമെന്ന പേര് നൽകുന്നതെങ്കിൽ സമകാലനോവലുകൾ പലതും സൈബർ സാഹിത്യത്തിലുൾപ്പെടുന്നവയാണ്.
അശോകൻ ചരുവിലിൻ്റെ കാട്ടൂർ കടവിൽ കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ വിമർശനങ്ങളും അവതരിപ്പിക്കപ്പെടുന്നതും വിശകലന -വിചാരണകൾക്ക് വിധേയമാക്കുന്നതും എഫ്.ബി യിൽ കൂടെയാണ്. രണ്ട് നിലപാടുകളെ മുഖാമുഖം നിർത്താനായി മുഖപുസ്തകത്തിലെ പോസ്റ്റുകളും കമൻ്റുകളുമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത്. നോവലിൻ്റെ ആദ്യവസാനം വായനക്കാരെ നയിക്കുന്ന രണ്ട് കഥാപ്രാത്രങ്ങളാണ് കെ എന്ന എഴുത്തുകാരനും ഡി കാട്ടൂർക്കടവെന്ന ദിമിത്രിയും. കെ എന്ന എഴുത്തുകാരൻ നോവലിസ്റ്റിൻ്റെ ആത്മഭാവമാണ്. അയാൾ കാട്ടൂർകടവുകാരനാണ്. കുടുംബനാമം ചരിവിൽ എന്നുതന്നെയാണ്. പാർട്ടി പ്രവർത്തകനായ രാജൻമാഷിൻ്റെ മകനാണ്. ഇടതുസർക്കാരിൻ്റെ കാലത്ത് സാംസ്കാരിക വകുപ്പിൽ ഉയർന്ന ഉദ്യോഗം കിട്ടിയ ആളാണ്. സർക്കാരിനെയും പാർട്ടിയേയും ന്യായീകരിച്ചുകൊണ്ട് നിരന്തരമായ എഫ് .ബി പോസ്റ്റുകൾ അയാൾ ഇടാറുണ്ട്. അതിൻ്റെ പേരിൽ ഏറ്റുവാങ്ങുന്ന ആക്ഷേപങ്ങളും വിമർശനങ്ങളുമൊന്നും അയാളെ തളർത്താറില്ല. അയാളുടെ ഓരോ എഫ്ബി പോസ്റ്റിലും കാത്തിരുന്ന് കമൻ്റിടുന്ന ആളാണ് ഡി കാട്ടൂർക്കടവ് .എഴുത്തുകാരൻ്റെ ആത്മഭാവമാണ് കെ എങ്കിൽ അയാളിലെ അപരത്വമാണ് ഡി. തൻ്റെ ഉള്ളിലിരുന്നാണോ ഡി കാട്ടൂർകടവ് സംസാരിക്കുന്നതെന്ന് പോലും കെ ഒരവസരത്തിൽ സംശയാലുവാകുന്നുണ്ട് . കെയുടെ അപരത്വമായി ഡിയെ കാണാനായാൽ എഫ്ബി പോസ്റ്റിൽ അയാളിടുന്ന കമൻ്റുകൾ എഴുത്തുകാരൻ്റെ ആത്മപരിഹാസമായി നമുക്ക് വായിച്ചെടുക്കാനാവും. സത്യാനന്തരകാലത്തെ മനുഷ്യരുടെ നിലപാടുകൾ അനുനിമിഷം മാറിമറിയുന്നതാണ്.” ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം ” എന്നതുപോലെ പ്രയോജനാപേക്ഷമല്ലാത്തതൊക്കെ ഇന്നത്തെ സമൂഹത്തിൽ കിട്ടാക്കനിയാണ്: രാഷ്ട്രീയത്തിലും സാഹിത്യത്തിലും പ്രത്യേകിച്ചും. സത്യത്തെ നിരാകരിച്ചുകൊണ്ട് രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങൾ അപഗ്രഥിക്കുന്നവർക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലമാണിത്. ഈ പ്രവണത അശോകൻ ചരുവിലിൻ്റെ നോവലിലെ കെ യുടെ എഫ്. ബി പോസ്റ്റുകൾ സൂക്ഷ്മമായി വിലയിരുത്തിയാൽ നമുക്ക് മനസ്സിലാക്കാനാവും. സ്വന്തം നേട്ടത്തിനായി ആവശ്യത്തിനും അനാവശ്യത്തിനും പാർട്ടിയെ സ്തുതിച്ച് സംസാരിക്കുന്ന എഴുത്തുകാരനാണ് കെ. കെ യുടെ വിചാരങ്ങൾ, ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, നിരീക്ഷണങ്ങൾ വിമർശനങ്ങൾ ഇവയെല്ലാം അയാളുടെ നിരന്തരമുള്ള പോസ്റ്റുകളിലുണ്ട്. പ്രൈമറി സ്കൂൾ അധ്യാപകനിൽ നിന്നാരംഭിച്ച് കൾച്ചറൽ അഡ്വൈസറി കമ്മിറ്റിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച ആളാണ് കെ. വീട്ടിലെ സാമ്പത്തികപ്രതിസന്ധി കാരണം ബിരുദപഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കോളേജിൽ നിന്നിറങ്ങി ഭക്ഷണം കിട്ടാതെ രോഗിയെപ്പോലെ മെലിഞ്ഞ യൗവനമായിരുന്നു അയാളുടേത്. കെയുടെ പടിപടിയായ ഉയർച്ചയ്ക്ക് പാർട്ടിയുടെ പരിലാളനം വളരെ വലുതാണ്. ഇതിൻ്റെ വഴുവഴുപ്പൻ ഓർമ്മക്കഥകളാണ് കെ യുടെ എഫ്.ബി പോസ്റ്റുകൾ. ഇടതുപക്ഷ അനുഭാവം പുലർത്തുന്ന എഴുത്തുകാരനെന്ന പരിഗണനയിലാണ് കൾച്ചറൽ കമ്മിറ്റിയിൽ അയാൾ അംഗമാകുന്നത്. ഇതോടെ സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമായി. ഡ്രൈവർ, പേഴ്സണൽ സെക്രട്ടറി,നിരന്തരം സന്ദർശകർ, ആപ്പീസ് മുറി ഇവയെല്ലാം സ്വന്തമായി. അഞ്ചുവർഷംകൊണ്ട് അധികാരത്തിൻ്റെ സുഖാലസ്യത്തിലാണ് കെ.വിലകൂടിയ ടാബ്ലറ്റിൽ എസ്പെൻ എന്ന സാങ്കേതിക ഉപകരണം കൊണ്ടാണയാൾ ഇപ്പോൾ എഴുതുന്നത്.
പ്രതിഭയെക്കാളേറെ ഉച്ചത്തിൽ കേൾപ്പിക്കുന്ന ശബ്ദവും അന്ധമായ രാഷ്ട്രീയാനുഭാവവും സാഹിത്യസാംസ്കാരിക രംഗങ്ങളിൽ സ്ഥാനമാനങ്ങൾ നിശ്ചയിക്കുന്ന കാലമാണിത്. കേവലം പാർട്ടിയുടെ ന്യായീകരണ തൊഴിലാളിയായി അധഃപതിക്കുന്ന സാഹിത്യകാരന്മാരുടെ പ്രതിനിധിയാണയാൾ. കേട്ടുകേൾവികളെ ആധികാരികമെന്ന മട്ടിൽ എഴുതി ഫലിപ്പിക്കാനുള്ള വൈദഗ്ധ്യം അയാൾക്കുണ്ട്. അയാളുടെ എഴുത്തിൽ പലപ്പോഴും കമ്മ്യൂണിസ്റ്റ് ഭൗതികവാദവും ആത്മീയതയും മാറി മാറി വരുന്നുണ്ട് .ഒരു പോസ്റ്റ് ഇട്ടതിനു ശേഷം പതിവ് പ്രൊഫൈലിൽ നിന്ന് കമൻ്റുണ്ടാകുന്നുണ്ടോ എന്ന് നോക്കി നോക്കി വിഹ്വലനാകുന്നുണ്ടയാൾ. ഇത്തരം പുരോഗമന നാട്യസാഹിത്യത്തെയും സത്യാനന്തര രാഷ്ട്രീയത്തെയുമാണ് ഡി ആക്ഷേപിക്കുന്നത്.2018ലെ പ്രളയസമയത്ത് കെ കേരളത്തിലുണ്ടായിരുന്നില്ല. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് നഗരത്തിലിരുന്നാണ് പ്രളയത്തിൽ മുങ്ങുന്ന നാടിൻ്റെ ദുഃഖത്തിൽ കെ എഫ് .ബി പോസ്റ്റ് ഇടുന്നത്. ബോധപൂർവം ഡാം തുറന്നു വിട്ടു സൃഷ്ടിച്ച പ്രളയത്തിൽ നാട് മുങ്ങിച്ചാവുമ്പോൾ നേതാവ് രക്ഷകനായി അവതരിക്കുന്നോ? എന്നാണ് ഈ പോസ്റ്റിന് ഡി കാട്ടൂർകടവിട്ട കമൻ്റ്. അടുത്തവർഷത്തെ സംസ്ഥാന സർക്കാർ സാഹിത്യഅവാർഡ് പ്രതീക്ഷിച്ചാണ് കെ.എഴുതുന്നതെന്നും ഡി. കാട്ടൂർകടവ് കൂട്ടിച്ചേർത്തു. സമകാല ഇടത് രാഷ്ട്രീയത്തണലിൽ സാഹിത്യ സാംസ്കാരിക പ്രവർത്തനം നടത്തുന്നവരോടുള്ള പരമപുച്ഛം ഈ കമൻ്റുകളിൽ പ്രകടമാണ്. പ്രത്യക്ഷത്തിൽ പ്രസ്ഥാനത്തെ നിരുപാധികം പിന്തുണച്ച് വിധേയത്വം പ്രകടിപ്പിക്കാനും ആ വിധേയത്വത്തോടുള്ള ആത്മവിമർശനം പ്രകടമാക്കാനും അശോകൻ ചരുവിൽ ഫെയ്സ്ബുക്കെന്ന സാമാന്യജനതയുടെ സാമൂഹ്യ മാധ്യമസാധ്യതയെയാണ് നോവലിൽ ആദ്യന്തം ഉപയോഗിക്കുന്നത്.
വൺമാൻഷോകളായിരുന്ന പാരമ്പര്യമാധ്യമങ്ങൾ ഏകാധിപത്യ സ്വഭാവമുള്ളവയായിരുന്നു.വിധാതാവിൻ്റെ സ്ഥാനമായിരുന്നു അവയ്ക്ക്. അവിടെ സംവാദത്തിന് ഇടമുണ്ടായിരുന്നില്ല.അവയ്ക്ക് പാട്രിയാർക്കിയുടെ കാർക്കശ്യമായിരുന്നു. ആ അകലത്തെയാണ് സമകാലസാമൂഹികമാധ്യമങ്ങൾ മറികടന്നത്. ആഗ്രഹിക്കുന്ന നിമിഷം തന്നെ സകലർക്കും പ്രാപ്യവും വിശകലന വിമർശന വിധേയവുമാണവ. സാമൂഹിക മാധ്യമങ്ങളുടെ ഈ ജനകീയവശം കാട്ടൂർ കടവിൽ നോവലിസ്റ്റ് പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നു. സൈബറിടങ്ങൾക്ക് ജീവിതത്തിൽ കൈവരിക്കാനായതുപോലുള്ള സാധ്യതകൾ സാഹിത്യത്തിലുമുണ്ടെന്ന് നോവൽ വെളിവാക്കുന്നു. കെട്ടിയുയർത്തിയ മേൽപ്പുരയുടെ നാല് തൂണുകൾക്കും ആട്ടം പിടിക്കുമ്പോൾ അടുത്തുനിന്ന് നിരീക്ഷിക്കുകയും അതിന് താഴെ സ്വയം മറന്നുറങ്ങരുതെന്ന് ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നത് സാഹിത്യമാണ്. പുനർനിർമ്മിതി സാധ്യമാക്കാൻ പുനരേകീകരണവും പുന:സംഘാടനവും ഉണ്ടാവേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണം പോലെയുള്ള സങ്കല്പങ്ങളാണ് ആസ്വാദന വികേന്ദ്രീകരണവും ആശയവികേന്ദ്രീകരണവും എന്ന് തോന്നുന്നു.ഇവയൊക്കെ നടപ്പാക്കുന്നതിന് ജീവിതത്തിൽ സൈബറിടങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പൊതുബോധം രൂപപ്പെടുന്നതിന് പിന്നിൽ വസ്തുതകൾക്കും വിവരങ്ങൾക്കും സ്വാധീനം കുറയുകയും വികാരങ്ങൾക്കും വിചാരങ്ങൾക്കും വിശ്വാസാചാരങ്ങൾക്കും മേൽക്കൈ കിട്ടുകയും ചെയ്യുന്നു.ഏറ്റവും പുതിയ യഥാർത്ഥ ജീവിതപശ്ചാത്തലങ്ങൾ ആവിഷ്കരിക്കുന്നതിന് പ്രമേയസാധ്യതകൾക്കൊപ്പം ആഖ്യാനസാധ്യതകളും പുതുക്കാതിരിക്കാനാവില്ല. ചുരുക്കത്തിൽ സമകാലജീവിതപരിസരങ്ങളെ ആവിഷ്കരിക്കുന്ന ന്യൂറിയലിസത്തിൻ്റെ പാതയിലുള്ള മലയാളനോവലുകൾ ആഖ്യാനത്തിനായി സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നത് അതുകൊണ്ടാണ്. സത്യാനന്തര കാലജീവിതത്തിലെന്ന പോലെ സത്യാനന്തരകാല നോവലുകൾക്കും അതിനനുയോജ്യമായ ആഖ്യാനപരിസരം ഒഴിവാക്കാനാവില്ലല്ലോ.
