നാട്ടിലെങ്ങും പ്രളയമുണ്ടായില്ലങ്കിലും എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതു കൊണ്ട് കുറച്ച് ദിവസത്തേക്കെങ്കിലും മഴക്കാലത്ത് കൂടൊഴിയേണ്ടിവരുന്ന ഒരു പോലിസ് സ്റ്റേഷനിൽ രണ്ട് മൂന്ന് വർഷം ജോലി ചെയ്തിരുന്നു.
ഒരു ജൂലൈ മാസം അവസാനം വെള്ളം കയറി സ്റ്റേഷൻ മുങ്ങി നിക്കുന്ന ഒരുച്ചക്ക് അധികദൂരത്തല്ലാത്ത ഹോമിയോ ജില്ലാ ആശുപത്രിയിൽ നിന്നൊരു ഫോൺ സന്ദേശം. സാർ അടിയന്തിരമായി ഒന്നിവിടെ വരണം രുഗ്മിണി അമ്മാൾ എന്നൊരു വൃദ്ധ മരണപെട്ടിരിക്കുന്നു.
ആശുപത്രി ആയാൽ മരണം പതിവല്ലെ. അതിനെന്തിനാ പോലിസ്.
ചോദ്യങ്ങൾക്കൊന്നും സമയം തരാതെ ഡോക്ടർ പറഞ്ഞു. സാർ ആ സ്ത്രീയുടെ പക്കൽ പത്ത് അറുപത് പവൻ സ്വർണ്ണമുണ്ടായിരുന്നു. അവർ അഡ്മിറ്റാകാൻ വന്നപ്പോൾ അതെല്ലാം ഊരി എന്നെ ഏൽപ്പിച്ചിരുന്നു . അവർ മരിച്ച ഉടനെ കുറേ പേർ അവകാശം പറഞ്ഞ് വന്നു കൊണ്ടിരിക്കുന്നു. സാർ ഒരു പരിഹാരം ഉണ്ടാക്കണം. ബോഡി മറവ് ചെയ്യാനും സഹായിക്കണം. മെഡിക്കോ ലീഗൽ കേസ്സൊന്നുമല്ല. നാച്വറൽ ഡത്താണ്.
ഡോക്ടർ ഒരു കാര്യം ചെയ്യ് ബന്ധുക്കളല്ലെ അവകാശം പറഞ്ഞു വരുന്നത് ബോഡി അവർക്ക് വിട്ടുകൊടുക്കു. സ്വർണ്ണം RDO കോടതിയിൽ ഹാജരാക്കു എന്നൊക്കെ പറഞ്ഞിട്ടും ബാധ പോലെ ഡോക്ടർ വിടാൻ ഭാവമില്ല. അതല്ല സാർ വിഷയം അവർ സാറിന് ഒരു നെയ്ം കവറും എഴുതി ഒട്ടിച്ച് വെച്ചിട്ടുണ്ട്. അത് കേട്ടതെ മ്മടെ വെടിക്കെട്ട് തീർന്നു.
പിന്നെ മറ്റൊന്ത് മുട്ടാ ന്യായങ്ങൾ പറഞ്ഞിട്ടും കാര്യമില്ലല്ലോ. സംഭവസ്ഥലത്തെത്തി .ആശുപത്രി വരാന്തയിൽ അങ്ങിങ്ങായി ചില കൂട്ടർ കൂടി നിന്നിരുന്നു .
പോലിസ് വണ്ടി കണ്ടതെ വെട്ട്കിളി പോലവർ പറന്നടുത്തു . സാർ അച്ചമ്മയെ ഞങ്ങളാ അവസാന കാലം കഷ്ടപെട്ട് നോക്കിയത്. അച്ചമ്മക്ക് നൂറ് പവൻ ആഭരണങ്ങൾ ഉണ്ടായിരുന്നു. ആശുപത്രിക്ക് വരുമ്പോൾ അതെല്ലാം എടുത്തോണ്ടാണച്ചമ്മ വന്നത്. ഞങ്ങളാണതിന്റെ അവകാശികൾ സമയം പോകെ പോകെ അവകാശികളും കൂടി വരുന്നത് ഞാൻ കണ്ടു . എന്നെ കണ്ട പാടെ വലിയൊരു നിശ്വാസം വിട്ട് ഡോക്ടറും അടുത്തെത്തി. ഇതാണ് അമ്മച്ചി ഏൽപ്പിച്ച ആഭരണവും സാറിനുള്ള കത്തും . മ്മടെ നൂഞ്ചൻ എഴുതി വെച്ച പോലുള്ള വല്ല കന്നന്തിരി കത്തുമായിരിക്കുമോ?. നെഞ്ചിലെ അങ്കലാപ്പ് ഒഴിയുന്നില്ല .
സാർ ഇവർ അഡ്മിറ്റായിട്ട് ഒന്നര മാസം കഴിഞ്ഞു. എല്ലാ ദിവസവും ബന്ധുക്കളെന്ന് പറഞ്ഞ് ധാരാളം പേർ വരാറുണ്ടായിരുന്നു. മരിച്ചെന്നറിഞ്ഞതെ ബോഡി കൊണ്ടു പോകാൻ ആരേയും കണ്ടില്ല. എന്തായാലും എഴുത്തൊന്ന് വായിച്ചിട്ടാകാം മറ്റ് നടപടികൾ എന്ന് പറഞ്ഞ് ഞാൻ സ്വകാര്യമായി കവർ പൊട്ടിച്ച് വായിക്കാൻ തുടങ്ങി.
ചില ദുഷ്ട ബുദ്ധികളായ സഹപ്രവർത്തകരും രാഷ്ട്രീയക്കാരും എഴുത്ത് ഉറക്കെ വായിക്കണമെന്ന് വാശി പിടിക്കുന്നു. നിനക്കൊക്കെ അക്ഷരമറിയുമെങ്കിൽ ദാ ഈ കവർ നോക്ക്. അത് എന്റെ പേരിൽ ഉള്ളതാണ്. ഉറക്കെ വേണോ വേണ്ടയോ, അതെന്റെ സൗകര്യം എന്ന് പറഞ്ഞ് എഴുത്ത് വായിച്ചു തുടങ്ങി.
രഘു സാർ അറിയുന്നതിന്, സാറെന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല, നമ്മൾ രണ്ട് മൂന്ന് തവണ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. അവസാനം കണ്ടത് സാറ് കുറച്ച് പോലിസുമായി ബസ്തി പൊയിലിൽ വന്ന ദിവസമാണ്. ഒറ്റക്ക് താമസിക്കുന്ന സീനിയർ സിറ്റിസൺമാരുടെ വിവരം ചോദിച്ച് സാർ ഞാൻ താമസിച്ചിരുന്ന വീട്ടിലും വന്നിരുന്നു . അതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്.
( എല്ലാ പോലിസ് സ്റ്റേഷനുകളിലും ഒരു സിനിയർ സിറ്റിസൺ റജിസ്റ്റർ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്, ഒറ്റക്ക് താമസിക്കുന്നവരുടെ പ്രത്യേകിച്ചും.)
എനിക്ക് 7 മക്കളുണ്ട്. ഭർത്താവ് മരിക്കും മുമ്പ് എസ്റ്റേറ്റ് മുഴുവൻ അവർക്ക് എഴുതി വെച്ചിരുന്നു. ആരോഗ്യമുള്ള കാലത്ത് 7 പേരുടെയും വീടുകളിലായി കാലം കഴിച്ചു വയ്യാണ്ടായതെ ആർക്കും വേണ്ടാതായി. എന്നെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഞാൻ കുറേ ആഭരണങ്ങൾ ഡോക്ടറെ ഏൽപ്പിച്ചിട്ടുണ്ട്. അതെല്ലാം ഉള്ളത് കൊണ്ട് ആശുപത്രി ജീവിതം വിരസമല്ലാതെ പോകുന്നു. നോക്കാൻ ജീവനക്കാർക്കും ഉത്സാഹമാണ്. ബന്ധുക്കളെന്ന് പറഞ്ഞ് ധാരാളം പേർ വരുന്നുമുണ്ട്.
നല്ല വിദ്യാഭ്യാസവും സൗന്ദര്യവുo ബുദ്ധിയുള്ള ഒരു അമ്മ ഒറ്റക്ക് താമസിക്കുന്ന വൃദ്ധരുടെ കണക്കെടുപ്പിനു പോയപ്പോൾ കടും കാപ്പി തന്നതോർമ്മയിലെത്തി. പക്ഷേ അന്നൊന്നും അവർ ആ ഭരണണങ്ങളൊന്നും ധരിച്ചിരുന്നതായി ഓർക്കുന്നുമില്ല. ഞാൻ ഡോക്ടറെ ഏൽപ്പിച്ചതിൽ ഒരു തരി പൊന്നില്ല. എല്ലാം മുക്കു പണ്ടങ്ങളാണ്. എന്നെ പൊതു ശ്മശാനത്തിൽ അടക്കം ചെയ്യാൻ മനസ് ഉണ്ടാകണം.
ബഹുമാന പുരസരം, രുഗ്മിണി അമ്മാൾ.
വൃദ്ധരായ അച്ഛൻമാരും അമ്മൂമ്മമാർക്കും വേണമെങ്കിൽ രുഗ്മിണി അമ്മാളിനെ റോൾ മോഡലാക്കാം. ഞാൻ അന്നേ ഹൃദിസ്ഥമാക്കി വെച്ചിട്ടുണ്ട് ആ വിദ്യ.