മോഹനം കവിതായനം -16 : രാഗവും വർണ്ണവും

ഒന്ന്.

പൂവമ്പന്റെ ധനുസ്സിലാർന്ന മണി ത-
ന്നുത്താളമുഗ്ദ്ധാരവം
കാവിൽക്കാവടിയാടിടുന്ന മയിലി
ന്നാനന്ദവർഷാഗമം
നാവിൽപ്പൂമ്പൊടി ചേർത്തു നാദമധുരം
പെയ്യുന്നു പൂത്തുമ്പി , ഹാ
നോവാറ്റാനിനിയെന്തു വേണ, മിവിടം
സർവ്വാർത്ഥതീർത്ഥസ്ഥലം!

രണ്ട്.

പീലിക്കൂന്തൽ മിനുക്കി, നെറ്റിയിലെഴും
ഗോരോചനം തൊട്ടെടു-
ത്താലോലാരുണമേനിയൊന്നു തഴുകി
സ്സായാഹ്നമന്ദാനിലൻ
ചേലിൽപ്പത്മപരാഗഗന്ധമിയലും
നിൻ ചുണ്ടിലെത്തേൻ കവർ –
ന്നീലേ,നിസ്തുലഭാവസാന്ദ്രകവിതേ
ഞാൻ നോക്കി നിന്നീടവേ ?

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.