മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…’ഐ ആം സ്റ്റോൺ ഈറ്റർ’…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം. ഇതിലൂടെയാണ് ISSG ( International Sculpture Symposium Alliance) മെമ്പർഷിപ്പ് കിട്ടിയത്. അരങ്ങത്തവതരിപ്പിക്കുന്ന ഒരു കലയല്ല ശിൽപ്പകല. വളരെയധികം കായികാധ്വാനം വേണം താനും.

മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ശിൽപ്പകലയിൽ ബിരുദവും തൃപ്പൂണിത്തുറ ആർ.എൽ. വി കോളേജിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയ കണ്ടല്ലൂർ അജേഷ് എന്നറിയപ്പെടുന്ന അജേഷ് കുമാർ ഇപ്പോൾ സ്റ്റോൺ ആർട്ടിസാൻ പാർക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (SAPTI, അംബാജി, ഗുജറാത്ത്‌ ) ഇൻസ്ട്രക്ടർ ആണ്. ശില്പിയാവുക എന്നത് കുട്ടിക്കാലം മുതൽക്കുള്ള അഭിനിവേശമായിരുന്നു. ചിത്രകലാരംഗവും പ്രിയപ്പെട്ടത് തന്നെ. കരിങ്കല്ലും മാർബിളും പോലെയുള്ള ദൃഢതയുള്ള മാധ്യമങ്ങളിൽ ശില്പങ്ങൾ തീർക്കാനാണ് അജേഷിന് ഇഷ്ടം. കലകളെ വളരെയധികം ഇഷ്ടപ്പെടുന്ന അജേഷ് കെപിഎസി നാടകങ്ങൾക്ക് വേണ്ടി രംഗഉപകരണങ്ങൾ ചെയ്തിട്ടുണ്ട്.

കെ. പി. എ. സി.യിൽ ചേർന്ന കാലഘട്ടത്തിൽ നടത്തിയ നാടകപ്രവർത്തനങ്ങൾ ഏതൊക്കെയായിരുന്നു?

സത്യത്തിൽ കെ.പി.എ.സിയിൽ മൃദംഗം പഠിക്കാനാണ് പോയത്. അന്നവിടെ സഹസംവിധായകനും ആക്ടറുമായ കെപിഎസി കലേഷ് സാർ ഉണ്ടായിരുന്നു . സ്കൂളുകളിൽ കുട്ടികളുടെ നാടകമൊക്കെ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. നാടകത്തിന് വേണ്ടി പ്രോപ്പർട്ടി ഉണ്ടാക്കാനും നാടകം കാണാനും ആസ്വദിക്കാനുമൊക്കെ അങ്ങനെ അവസരമുണ്ടായി. കെപിഎ.സി നാടകങ്ങളുടെ ആർട്ട് വർക്കുകൾ ചെയ്തിട്ടുണ്ട്. അഞ്ചു നാടകങ്ങളുടെ രംഗഉപകരണം ചെയ്തു. പ്രണയ സാഗരം, നീലക്കുയിൽ, എന്റു ഉപ്പാപ്പയ്ക്ക് ഒരു ആനേണ്ടാർന്നു തുടങ്ങിയവ അവയിൽ ചിലതു മാത്രം.

സാങ്കേതിക വിദ്യകൾക്കപ്പുറം ശിൽപ്പിയുടെ ക്രിയേറ്റിവിറ്റിക്ക് ശില്പകലയിൽ ഉള്ള പ്രാധാന്യം വിശദമാക്കാമോ?

ശില്പകലാരംഗവും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഇന്ന് ശില്പങ്ങൾ ചെയ്യാൻ 3D CNC മെഷീനുകൾ പോലെ പുതിയ സാങ്കേതിക വിദ്യകൾ ഏറെയുണ്ടെങ്കിലും ഒരു കലാകാരന്റെ ക്രിയേറ്റിവിറ്റിക്കനുസരിച്ച് ചെയ്യുന്ന ശില്പങ്ങൾക്ക് മൂല്യം ഏറെയാണ്. ശിൽപ്പിയുടെ സർഗാത്മകതയ്ക്കനുസരിച്ച് ഉപയോഗിക്കുന്ന മെറ്റീരിയൽസിൽ ചില എലിമെന്റ്സ് കൂട്ടിച്ചേർക്കാം. കല്ലും ലോഹങ്ങളും മിക്സ് ചെയ്ത് ശില്പങ്ങൾ ഉണ്ടാക്കുന്ന രീതിതന്നെ ഉദാഹരണം. കാഴ്ചക്കാരനായ ശില്പകലാ പ്രേമിക്ക് ചിന്തിക്കാനും കൂടിയുള്ള ഒരു സ്പേസ് കൊടുക്കണം.

കലയുടെ ഉത്ഭവവും മുതൽ പ്രകൃതിയുമായി അതിന് അനിവാര്യബന്ധമുണ്ടല്ലോ? ശില്പകലയിൽ സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ടോ?

അതെ. മനുഷ്യരുടെ ഉൽഭവം മുതൽ കലയുണ്ട്. ഭാഷയ്ക്ക് മുൻപ് തന്നെ വരയിലൂടെയും ചിഹ്നങ്ങളിലൂടെയുമാണല്ലോ മനുഷ്യൻ ആശയങ്ങൾ പങ്കുവെച്ചത്. കലയിൽ പുതിയതായി ഒന്നും ക്രിയേറ്റ് ചെയ്യാനില്ല. എല്ലാം പ്രകൃതിയിലുള്ളതു തന്നെ. ശില്പകലയിൽ ഏറ്റവും പേരെടുക്കണം എന്ന ഒരു വ്യാമോഹമൊന്നുമില്ല. ശില്പകലയിൽ ഒരു പുഴുവായി ജീവിക്കാൻ പറ്റണം അത്രതന്നെ.

ശില്പനിർമ്മാണത്തിന്റെ കോൺസെപ്റ്റ് ഇപ്പോൾ ഒരുപാട് മാറി. ഓരോ ആർട്ടിസ്റ്റിനും അവരുടേതായ ഒരു ശൈലി കാണും. കരിങ്കല്ലിലും മാർബിളിലും കാർവിങ്സ് ചെയ്യാൻ വളരെയേറെ ഇഷ്ടം. റിപ്ലിക്ക ഓഫ് വീനസ് ഓഫ് വിലൻഡോഫ് എന്ന ശിൽപമാണ് കോളേജ് പഠനകാലത്ത് ആദ്യമായി കരിങ്കല്ലിൽ കൊത്തിയെടുത്തത്. അങ്ങനെ ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് എക്സിബിഷന് സെലക്ഷൻ കിട്ടി. ശില്പം ചെയ്യുക എന്നാൽ നല്ല കായികാധ്വാനം വേണം. കരിങ്കല്ലിൽ 15 അടി വലിപ്പമുള്ള വലിയ ശിൽപം 20 ദിവസം കൊണ്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. കരിങ്കല്ല്, വെങ്കലം, കോൺക്രീറ്റ് തുടങ്ങിയ മാധ്യമങ്ങളിലാണ് ശില്പങ്ങൾ ചെയ്യാൻ ഏറെ താത്പര്യം. വളരെയധികം പ്രയത്നം വേണം അതിന്.

അക്കാദമി പഠനത്തിനു മുൻപ് ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ടോ?

ഉണ്ട്. അക്കാദമി പഠനം ആരംഭിക്കുന്നതിന് മുൻപേ തന്നെ ശില്പനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ പരശുരാമന്റെ ഒരു കോൺക്രീറ്റ് ശില്പം നിർമിച്ചത്. ക്രിസ്തുവിന്റെയും ശ്രീനാരായണ ഗുരുവിന്റെയും രൂപങ്ങൾ അന്ന് തന്നെ ഏറെ ആകർഷിച്ചതിനാൽ, പിന്നീട് അവയെ ആസ്പദമാക്കി മാർബിളിൽ നിരവധി ശില്പങ്ങളും സൃഷ്ടിച്ചു .

സ്കൂളുകളിൽ മത്സരലക്ഷ്യത്തോടെ ശില്പനിർമ്മാണം പഠിപ്പിക്കുന്ന പ്രവണതയെ എങ്ങനെ വിലയിരുത്തുന്നു?

മത്സരത്തിനു വേണ്ടി ശില്പനിർമ്മാണം പഠിക്കാൻ കുട്ടികൾ എത്താറുണ്ട്. കല യഥാർത്ഥത്തിൽ മത്സരിക്കാനുള്ളതല്ല. നമ്മുടെ വർക്കുകൾ പ്രദർശിപ്പിക്കാം. അത് കുറച്ചുകൂടി ഉയർന്ന തലമാണ്. ജനങ്ങൾ കാണട്ടെ. രാജാരവിവർമ്മ കോളേജിൽ മത്സരങ്ങൾ ഉണ്ടായിരുന്നില്ല.

താങ്കളുടെ കലാജീവിതത്തിൽ കേരളത്തിന് പുറത്തു ലഭിച്ച അവസരങ്ങളുടെ പ്രാധാന്യം എന്താണ്? പങ്കെടുത്ത ക്യാമ്പുകളും പ്രദർശനങ്ങളും ഏതൊക്കെയാണ്?

ധാരാളം ശില്പപ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ കേരളത്തിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ. ക്യാമ്പുകൾ കൂടുതലും കേരളത്തിനു പുറത്താണ് കിട്ടിയിട്ടുള്ളത്. ആദ്യമായി ഒരു നാഷണൽ ക്യാമ്പ് ചെയ്തത് പോണ്ടിച്ചേരിയിൽ ആണ്. കേരള ലളിതകലാ അക്കാദമിയുടെ തൃശൂർ ഓഫീസിന്റെ അങ്കണത്തിൽ സിമന്റും സ്റ്റോണും മിക്സ് ചെയ്ത് “നോൺവെജ് സീരീസ്” ലെ ഒരു ശിൽപം ചെയ്തിട്ടുണ്ട്. തുർക്കി, നെതർലാൻഡ്സ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.

ഒരു ശില്പി എന്ന നിലയിൽ താങ്കൾക്ക് ലഭിച്ച പ്രധാന അംഗീകാരങ്ങളും പുരസ്കാരങ്ങളും ഏതെല്ലാമാണ്?

കേരള ലളിതകലാ അക്കാദമി പ്രത്യേക പരാമർശം നൽകി പുരസ്കാരം സമ്മാനിച്ചതും, എറണാകുളത്ത് ദർബാർ ഹാളിൽ നടന്ന അന്താരാഷ്ട്ര പ്രദർശനത്തിൽ ആർട്ട് മാസ്റ്ററോ പുരസ്കാരം ലഭിച്ചതും ഒരു ശില്പി എന്ന നിലയിൽ മറക്കാനാവാത്തതാണ്. പുതുതലമുറ ശില്പികൾക്കായി കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പിനും അർഹനായിട്ടുണ്ട്.

ചിത്രകലയിലും താല്പര്യമുണ്ട് അല്ലെ. ചിത്രകലാശൈലിയിൽ ആരോടൊക്കെയാണ് ആരാധന?സമകാലിക കലയോടുള്ള സമീപനം എന്താണ്?

ലോകപ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗ്,ഇറ്റാലിയൻ ശില്പിയായ ബർണിനി,ഫ്രഞ്ച് പെയിന്ററായ ക്ലൗഡ്മൊണെ(Claude Monet) തുടങ്ങിയവരോട് കടുത്ത ആരാധനയാണ്. കട്ടിയുള്ള നിറച്ചാർത്തകളാണ് താല്പര്യം. ചിത്രകലയിൽ ഇംപ്രഷനിസ്റ്റ് സ്റ്റൈൽ ആണ് ഇഷ്ട്ടം. ഓയിൽ പെയിന്റിംഗിൽ പാലറ്റ് നൈഫ് മാത്രം ഉപയോഗിച്ച് കളറുകൾ കൂട്ടിച്ചേർത്തു ചിത്രം തീർക്കുന്ന രീതി (Impastopainting)യാണ് ഏറെ ഇഷ്ടം.സമകാലിക കലയിൽ (contemporary art) ആശയങ്ങളുടെയും വിഷയങ്ങളുടെയും ചാരുതയും വീര്യവും വളരെ പ്രധാനമാണ്. ശില്പകലയുടെ അനന്തസാധ്യതകളെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഈ കാലഘട്ടത്തിന്റെ സാമൂഹികജീവിതം, സൗന്ദര്യബോധം, വിശ്വാസം ഇവയെ വ്യക്തമായി രൂപപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കണ്ടല്ലൂരുള്ള സ്വന്തം വീടും അങ്ങനെയൊരു സൗന്ദര്യബോധത്തിൽ സംയോജിപ്പിച്ചെടുത്തതാണ്.

കാലചക്രം, ചണ്ഡാലഭിക്ഷുകി, വിശ്വാമിത്രൻ തുടങ്ങി ഇരുപതോളം റിലീഫുകൾ ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് സങ്കീർണതകളെ ആസ്വദിക്കുക എന്നത് ഒരു ഹരമാണ്. ഇപ്പോൾ അംബാജിയിലെ ലാൻഡ്സ്കേപ്റിലീഫ് തടിയിൽ സീരീസ് ആയി കൊത്തിയെടുക്കുന്നുണ്ട്. ചുമർ ചിത്രങ്ങൾ ശില്പമാതൃകയിൽ ഇതേ പോലെ കൊത്തിയെടുക്കുന്നുണ്ട്. മോഡേൺ മ്യൂറൽ എന്ന രീതിയിൽ എക്സിബിഷനു വേണ്ടിയാണിത്. പോർട്ടബിൾ ആയിട്ടുള്ള പലകകളിളാണ് ശില്പത്തിന്റെ മാതൃകകൾ കൊത്തിയെടുക്കുക.

കുട്ടിക്കാലത്ത് സ്കൂൾ യുവജനോത്സവങ്ങളിൽ ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. വലിയ അഴീക്കൽ ഗവൺമെന്റ് എച്ച്എസ്എസിൽ നിന്നും പ്ലസ്ടുവിന് ശേഷം മാവേലിക്കര ഐടിസിയിൽ നിന്നും ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഫയർ ഫൈറ്റിംഗിൽ പഠനം നടത്തി. കൊച്ചിൻ ഷിപ്പിയാർഡിൽ ഫയർമാനായി. ഫയർ എൻജിനീയറിങ്ങിന്റെ തിയറികൾ ഇപ്പോഴും സ്വന്തം വർക്കിൽ ഉൾപ്പെടുത്താറുണ്ടെന്ന് അജേഷ് വെളിപ്പെടുത്തുന്നു.

മുട്ടത്തോടിൽ ചെയ്ത ‘ലാസ്റ്റ്സപ്പർ’ എന്ന പെയിന്റിംഗ് വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. ശില്പകലയും ചിത്രകലയും ചെയ്യുന്നയാൾ എന്ന നിലയിൽ ചിത്രകാരൻമാർക്ക് കൂടുതൽ അവസരങ്ങളുണ്ട് എന്ന് തോന്നിയിട്ടുണ്ട്.എന്നാൽ സ്റ്റേജിന് പിന്നാമ്പുറത്താണ് ഒരുശില്പി എപ്പോഴും.

ചെറുപ്രായത്തിൽ തന്നെ വലിയൊരു ശിഷ്യസമ്പത്തുള്ള അജേഷ് ധാരാളം ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഓണാട്ടുകരയിലെ ദേവീദേവന്മാരുടെയും ആരാധനാമൂർത്തികളുടെയും വേറിട്ട രൂപങ്ങൾ ശില്പങ്ങളായിട്ടുണ്ട് ആ കൈകളിലൂടെ.

മാനവരാശിയുടെ വളർച്ചാഘട്ടങ്ങളുടെ തെളിവുകളിൽ വളരെ പ്രധാനപ്പെട്ടവയാണ് ശില്പങ്ങൾ. സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിന്റെ അളവുകോലും പുരോഗതിയുടെ അടയാളങ്ങളുമാണവ. കാലം കടന്നാലും നിലനിൽക്കും ഈ വെണ്ണ ക്കൽ വസന്തം. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും വലിയ ശിൽപം നിർമിക്കണം എന്നാണ് ആഗ്രഹം. കണ്ടല്ലൂർ അജയകുമാറിന്റെയും സ്നേഹലതയുടെയും മൂത്ത മകനാണ് അജേഷ് കുമാർ.സഹോദരൻ അനീഷ് പണിക്കർ .

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.