മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ

കമ്പ്യൂട്ടറിന് അനുസൃതമായി അക്ഷരങ്ങളെ ചുരുക്കുന്ന ഇക്കാലത്ത് ഭാഷയിൽ ചിഹ്നനങ്ങളുടെ അവിഭാജ്യത വ്യക്തമാക്കുന്ന ഒരു ഗ്രന്ഥമാണ് ‘ഇടയാളം’. രസകരങ്ങളായ കഥകളിൽ കൂടി, ചിഹ്നനത്തിന്റെ സഞ്ചാര വഴികളിലൂടെയുള്ള യാത്രയാണത്. അടയാളങ്ങളുടെ ഈ അത്ഭുത ലോകം സൃഷ്ടിച്ച ശ്രീ വൈക്കം മധു മനസ്സ് തുറക്കുകയാണിവിടെ.

അച്ചടിയെപ്പറ്റി ഇന്ത്യയിൽ ഒരിടത്തും കേരളത്തിൽ പ്രത്യേകിച്ചും ഒരു ഗവേഷണം നടന്നിട്ടില്ല.ഗുട്ടൻബർഗിനു മുൻപേ ചൈനയിൽ അച്ചടി തുടങ്ങിയിരുന്നു എന്ന് ഇടയാളത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. പ്രിന്റിംഗ് ചരിത്രത്തെപ്പറ്റി ഒന്നു വിശദമാക്കാമോ?

വിദേശ മിഷനറിമാരാണ് ഇവിടെ ആദ്യം പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചതും അച്ചടി തുടങ്ങിയതും. ഗുട്ടൻബർഗ് ജർമനിയിൽ നിന്നും ആദ്യത്തെ ലാറ്റിൻ ഗ്രാമർ അടിച്ചിറക്കിയത് യൂറോപ്പിൽ വലിയ സംഭവമായിരുന്നു. മിഷനറിമാരുടെ വരവോടെയാണ് ഭാഷയ്ക്കു പുതുജീവൻ ഉണ്ടായത്. ഗുണ്ടർട്ടും ബെയ്‌ലിയും നിഘണ്ടുക്കൾ ഇറക്കി. ഗുണ്ടർട്ട് ഒരു സ്വർണ്ണ പണിക്കാരനായിരുന്നു അദ്ദേഹത്തിന് അച്ച് ഉണ്ടാക്കാൻ എളുപ്പമായിരുന്നു. അദ്ദേഹം യൂറോപ്പിൽ അതിന് സാഹസം കാട്ടി. എന്നാൽ അവസാനം അദ്ദേഹം നിർധനനായി സർക്കാരിന്റെ പെൻഷൻ മാത്രം ആശ്രയിച്ചാണ് അവസാനകാലത്ത് ജീവിച്ചത്.

ഷിൻ പെങ് എന്നയാളാണ് ചൈനയിൽ പ്രിന്റിംഗ് ആരംഭിച്ചത്. ചൈനയിൽ കളിമണ്ണു കൊണ്ട് ഇളക്കി മാറ്റാവുന്ന തരം ടൈപ്പ് വാർത്തെടുത്തു. ആദ്യകാലത്ത് ബ്ലോക്ക് ടൈപ്പ് പ്രിന്റിംഗ് ആയിരുന്നു. 300 പേജുള്ള ഒരു ബുക്കിന് 300ബ്ലോക്കുകൾ ആവശ്യമായിരുന്നു. ചൈനയിൽ അഞ്ഞൂറോളം ലിപികൾ ഉണ്ട്. ഇംഗ്ലീഷിൽ അക്ഷരങ്ങൾ കുറവായതുകൊണ്ട് അച്ചുകൾ കൊത്തി ഉണ്ടാക്കാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്ന അച്ചടി എളുപ്പമായിരുന്നു. മാർക്കോ പോളോ വെനീസിലെത്തിയപ്പോൾ ചൈനയിലെ അച്ചടിയെപ്പറ്റി വിശദീകരിച്ചിരുന്നു.

ഗുട്ടൻബർഗിന് മുൻപേ കൊറിയയിൽ അച്ചടി ഉണ്ടായിരുന്നു. പെറുക്കി വയ്ക്കാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആദ്യത്തെ പുസ്തകം ഗുട്ടൻ ബർഗിന്റെ കണ്ടുപിടുത്തത്തിന് എത്രയോ മുൻപ് ചൈനയിൽ ഇറങ്ങിയിരുന്നു. വാങ്ചെൻ -ന്റെ ‘കൃഷി വിജ്ഞാനം’ എന്ന പുസ്തകം. പതിനാലാം നൂറ്റാണ്ടിൽ ചൈനയുടെ ശാസ്ത്ര ഗ്രന്ഥവും കൂടിയായിരുന്നു അത്. എന്നാൽ പെറുക്കി വയ്ക്കാവുന്ന ലോഹ അക്ഷരങ്ങൾ ഉപയോഗിച്ച് ലോകത്ത് ആദ്യമായി പുസ്തകം അച്ചടിക്കുന്നത് ഏഷ്യയിലാണ്. ജിക്ജി എന്ന സചിത്ര ഗ്രന്ഥമാണിത്. സെൻ ബുദ്ധമത ശാസ്ത്രം സംബന്ധിച്ച് ‘മഹാന്മാരായ പുരോഹിതരുടെ രചനകളുടെ സമാഹാരം’ എന്നതിന്റെ ചുരുക്കെഴുത്ത് രൂപമാണ് ജിക്ജി എന്ന പദം. രണ്ടുവാല്യങ്ങളും 307 അധ്യായങ്ങളും ഉള്ള ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം മാത്രമേ ഉള്ളൂ. അതിലും കേടുപാടു കൂടാതെ ഉള്ളത് 38 താളുകൾ മാത്രം. കൂടുതൽ അധ്യായങ്ങളുള്ള ഒന്നാം വാല്യം ആണ് നഷ്ടപ്പെട്ടത്. പെറുക്കി വയ്ക്കാവുന്ന ചെമ്പിലുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് അച്ചടിച്ച പതിപ്പിന്റെ അവസാന പേജിൽ അച്ചടിച്ച കാലം 1377 ജൂലൈ എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. അച്ചു നിരത്താൻ സഹായിച്ച സന്യാസിമാരുടെ പേരുകൾ പോലും അതിൽ അച്ചടിച്ചിരുന്നു.

ജിക്ജിയെപ്പറ്റി കൂടുതൽ വിശദീകരിക്കാമോ?

ബുദ്ധമത ഗുരുക്കൻമാരുടെ ചിന്തകളിൽ രൂപംകൊണ്ട വിജ്ഞാനത്തെ ആധാരമാക്കി ബുദ്ധമതപഠന വിദ്യാർഥികൾക്കായി ബേഗൻ എന്ന ബുദ്ധസന്യാസി 1298 -1374 കാലത്ത് രചിച്ചതാണ് ഇത്. ഇങ്ങനെയൊരു ഗ്രന്ഥം ഉണ്ടെന്ന് ഗവേഷകർ സംശയിച്ചിരുന്നെങ്കിലും അതു ലോകമറിയുന്നത് അവിടെ ലൈബ്രേറിയനായിരുന്ന ഡോക്ടർ പാർക്ക് ബയുങ്‌ സനിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാ ണ്. ഫ്രഞ്ച് സേന 1866 കൊറിയയിൽ നടത്തിയ അധിനിവേശത്തിൽ കൊള്ളയടിച്ചു കൊണ്ടുപോയ അനേകം കലാശേഖരങ്ങളിൽ പെട്ടതാണ് ലോകത്തിൽ ആദ്യമായി അച്ചടിക്കപ്പെടുന്ന ഈ ഗ്രന്ഥവും. പെറുക്കി വയ്ക്കാവുന്ന അച്ചുകൾ ഉപയോഗിച്ച് ലോകത്തിൽ ആദ്യമായി ജർമനിയിൽ ഗുട്ടൻബർഗ് അച്ചടി ആരംഭിച്ചു എന്ന് പ്രചരിപ്പിക്കപ്പെടുന്നതിന് 78 വർഷം മുൻപാണ് കൊറിയയിൽ യഥാർത്ഥത്തിൽ ലോഹമുപയോഗിച്ച് ആദ്യത്തെ അച്ചടി ബുദ്ധസന്യാസിമാർ നടത്തുന്നത്. ദൃഢതയേറിയ ചെമ്പിലായിരുന്നു ഈ അച്ചടി എന്ന മേന്മയും കൊറിയക്കാർക്ക് അവകാശപ്പെടാം. അച്ചു നിർമ്മാണത്തിന് അവർ സ്വന്തമായി ഒരു ലോഹ വാർപ്പ്ശാലയും (foundry ) നടത്തിയിരുന്നു. പെറുക്കി വയ്ക്കാവുന്ന ലോഹാക്ഷരങ്ങൾ ഉപയോഗിച്ച് ലോകത്താദ്യമായി അച്ചടിക്കുന്ന പുസ്തകം ജിക്ജി ആണ് എന്ന് യുനെസ്കോ അംഗീകാരം നൽകി. അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥമെന്ന നിലയിൽ ജിക്ജിയുടെ പേരിൽ 2004 ൽ ആഗോള പുരസ്കാരം ഏർപ്പെടുത്തുകയും ചെയ്തു. ഈ പുരസ്കാരം ആദ്യമായി ലഭിക്കുന്ന ഇന്ത്യക്കാരൻ തിരുവനന്തപുരത്തെ പ്രശസ്ത കാലിഗ്രാഫറായ നാരായണഭട്ടതിരി ആണ്. സിയോളിൽ വെച്ചാണ് അദ്ദേഹം ഈ അവാർഡ് ഏറ്റുവാങ്ങിയത്. അവാർഡ് നൽകി ആദരിച്ചതിനുപുറമേ ഭട്ടതിരിയുടെ കലാസൃഷ്ടികൾക്ക് കൊറിയ സ്ഥിരം വേദി ഒരുക്കുകയും ചെയ്തു എന്നതാണ് സുപ്രധാനമായ മറ്റൊരു വസ്തുത.

ഏഷ്യയിൽ മറ്റെവിടെയെങ്കിലും അന്ന് പ്രിന്റിംഗ് ഉണ്ടായിരുന്നതായി അറിവുണ്ടോ?

ഇന്നത്തെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നൂറോളം പുസ്തകശാലകൾ ഉണ്ടായിരുന്നു. നല്ല ഗുണനിലവാരമുള്ള പേപ്പറുകളാണ് അവിടെ ഉപയോഗിച്ചിരുന്നത്. ഇറാഖിൽ അന്ന് പേപ്പർ മില്ലുകൾ ഉണ്ടായിരുന്നതായി അറിവുണ്ട്. ചൈനയും, ഇറാക്കും വിദേശ ശക്തികളുടെ കീഴിൽ ആയിരുന്നതുകൊണ്ട് അതിന് പബ്ലിസിറ്റി കിട്ടിയില്ല. യൂറോപ്പിൽ ആദ്യം അച്ചടി നടത്തിയത് ഗുട്ടൻബർഗ് ആണെങ്കിലും ലോകത്ത് ആദ്യമായി അച്ചടി നടന്നത് കൊറിയയിലും ചൈനയിലും ആയിരുന്നു. ബുദ്ധമത ഗ്രന്ഥമായ ‘ഡയമണ്ട് സൂത്ര’ ഗുട്ടൻബർഗ് ബൈബിളിന് 587 വർഷംമുമ്പ് അച്ചടിച്ചതാണ്.

യൂറോപ്പിൽ ആദ്യം അച്ചടി നടത്തിയത് ഗുട്ടൻബർഗ് ആണെങ്കിലും ലോകത്ത് ആദ്യമായി അച്ചടി നടന്നത് കൊറിയയിലും ചൈനയിലും ആയിരുന്നു. ബുദ്ധമത ഗ്രന്ഥമായ ‘ഡയമണ്ട് സൂത്ര’ ഗുട്ടൻബർഗ് ബൈബിളിന് 587 വർഷംമുമ്പ് അച്ചടിച്ചതാണ്.

എഴുത്തുരീതികൾ ഓരോ പത്രങ്ങൾക്കും വ്യത്യസ്തമാണല്ലോ? സ്റ്റൈൽ ബുക്കുകൾ അനുസരിച്ചാണോ പത്രങ്ങൾ ഭാഷ കൈകാര്യം ചെയ്യുന്നത്?

പ്രധാനപ്പെട്ട എല്ലാ പത്രങ്ങൾക്കും സ്റ്റൈൽ ബുക്ക് ഉണ്ട്. പത്രങ്ങളിൽ സ്റ്റൈൽ ബുക്കുണ്ടായിരിക്കണം എന്നാണ്. ഇടയ്ക്ക് ഇവർ റിവൈസ് ചെയ്യും. അമേരിക്കയിലും മറ്റും എല്ലാ പത്രങ്ങൾക്കും സ്റ്റൈൽ ബുക്ക് ഉണ്ട്. അത് തെറ്റിച്ച് ആരും എഴുതാറില്ല. പത്രത്തിൽ ആയിരുന്നപ്പോൾ, പത്രത്തിൽവന്ന തെറ്റുകൾ കോൺഫറൻസിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യകാലങ്ങളിൽ പത്രം ഓഫീസിലെ സീനിയേഴ്സ് ഞങ്ങളെ നിർത്തിപ്പൊരിച്ചത് ഓർക്കുന്നു. പുതിയ ആൾക്കാർക്ക്, അസഹ്യത തോന്നിയാലും ഞാൻ പറയാറുണ്ടായിരുന്നു. ഇപ്പോഴും പത്രങ്ങളിൽ വരുന്ന തെറ്റുകൾ കട്ട് ചെയ്തു സൂക്ഷിക്കാറുണ്ട്.

വിഷ്വൽ മീഡിയയിലെ ഭാഷയെ വിലയിരുത്താമോ ?

വിഷ്വൽ മീഡിയയിലും പലപ്പോഴും ഭാഷ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഭാഷ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തന്നെ പറയാം വാർത്തയുടെ തലക്കെട്ടും,എഡിറ്റിംഗും വളരെ ശ്രദ്ധിക്കേണ്ടതാണ്. സാധാരണക്കാർക്ക് മനസ്സിലായാൽ മതിയല്ലോ എന്ന ചിന്തയിലാണ്ഭാഷ ഇപ്പോൾ ഉപയോഗിക്കാറുള്ളത്. കേരള പ്രസ് അക്കാദമി ഇറക്കിയ എസ് എൻ ജയപ്രകാശിന്റെ ‘നാട്ടു വാർത്തയുടെ കാലങ്ങളിൽ’ എന്ന ബുക്കിൽ ചിഹ്നങ്ങളിൽ തെറ്റുകൾ കണ്ടിരുന്നു. എഴുതുന്നവർക്ക് സ്റ്റൈൽ ബുക്കില്ല. എന്നാൽ അക്കാദമി അത് എഡിറ്റ് ചെയ്ത് വേണ്ട വിധം കൈകാര്യം ചെയ്തില്ല.

ഇങ്ങനെ തെറ്റുകൾ കാണുമ്പോൾ എങ്ങനെയാണ് പ്രതികരിക്കുക?

തെറ്റ് കണ്ടാൽ ഞാൻ നിശിതമായി വിമർശിക്കാറുണ്ട്.എങ്ങനെയെങ്കിലും പേജ് നിറയ്ക്കുക എന്നത് ഭാഷയെ അധഃപതിപ്പിച്ചു എന്നുതന്നെ പറയാം. ഭാഷയുടെ ഉന്നമനത്തിന് മാതൃകയാകേണ്ടവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തെറ്റു പറ്റാത്തവരായി ആരുമില്ല തന്നെ. പക്ഷെ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യാനുള്ള മനോഭാവം വളർത്തി എടുക്കേണ്ടിയിരിക്കുന്നു.

നവമാധ്യമങ്ങളിലെ എഴുത്തുകളെ പറ്റി എന്താണ് അഭിപ്രായം?

അവിടെ ഭാഷയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് തോന്നാറുണ്ട്. ചിഹ്നങ്ങൾ ഒന്നും ശരിയായി ഉപയോഗിച്ചുള്ള ഒരു എഴുത്തല്ലല്ലോ അതിൽ. ഇമോജികൾ ആണ് കൂടുതൽ. നവമാധ്യമങ്ങൾ സമൂഹത്തിൽ വളരെയധികം സ്വാധീനം ഉണ്ടാക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. സാധാരണക്കാരുമായി നല്ല സംവേദനം സാധ്യമാകുമെങ്കിലും ഭാഷാപരമായി മെച്ചപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ നല്ല എഴുത്തുകൾ ഒന്നും ഉണ്ടാകുന്നില്ല എന്ന് പറയാനും വയ്യ. ചില കൂട്ടിക്കുഴച്ചിലുകളാണവിടെ. സ്റ്റൈൽ ബുക്ക് ഒന്നും ഇല്ലാത്ത സാധാരണക്കാരുടെ എഴുത്ത്. പക്ഷേ അവരെ കുറ്റം പറയാൻ പറ്റില്ല. അവർക്ക് അപ്പപ്പോൾ തോന്നുന്ന ഇമോഷൻസ് അവർ പ്രകടിപ്പിക്കുന്നു. പക്ഷേ അതിലെ പ്രയോഗങ്ങൾ നാം പിന്തുടരാൻ പാടില്ല. കാലത്തിനനുസരിച്ചുള്ള, നിയന്ത്രണമില്ലാത്ത ഒരു പോക്കാണത്. പത്രമോഫീസുകളിൽ ക്വാളിറ്റി ചെക്കിങ്ന് എഡിറ്റേഴ്സ് ഉണ്ട്. ഇടയാളത്തിന്റെ അടുത്ത എഡിഷനിൽ നവമാധ്യമ സംസ്കാരത്തെപ്പറ്റിയും ഇമോജികളെപ്പറ്റിയും കൂടുതലായി ചേർക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം ഭാഷയ്ക്ക് ഊന്നൽകൊടുക്കുന്നുണ്ടോ? കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം കോഴ്സ് ഡയറക്ടർ ആയിരുന്നല്ലോ?

എന്റെ കുട്ടിക്കാലത്ത് ഏതെങ്കിലും ഒരു വിഷയത്തിന് പരാജയപ്പെട്ടാൽ ആ കുട്ടി പിന്നീട് മുഴുവൻ പരീക്ഷകളും എഴുതേണ്ടിയിരുന്നു. ഇപ്പോൾ കുട്ടി ഉത്തരമെഴുതാൻ ശ്രമിച്ചാലും മാർക്ക് കൊടുക്കേണ്ടിവരും. ഇവിടെ അധ്യാപകർക്ക് കുട്ടിയെ തുറിച്ചു നോക്കാൻ പോലും പാടില്ല. സദുദ്ദേശ്യത്തോടെ കുട്ടികളെ നന്നാക്കാൻ ശ്രമിക്കാൻ ആഗ്രഹമുണ്ടെങ്കിലും അധ്യാപകർ ഒരു റിസ്ക് എടുക്കില്ല. ഞാൻ പ്രസ്ക്ലബ്ബിൽ കോഴ്സ് ഡയറക്ടർ ആയിരുന്ന കാലത്ത് ശനിയാഴ്ച ക്ലാസ് എടുത്തിട്ടുണ്ട്. ഒരു അധ്യാപകൻ എന്ന നിലയിൽ വളരെയധികം ചാരിതാർത്ഥ്യം ഉള്ള ഒരു കാര്യമായിരുന്നു അത് . എല്ലാ വർഷവും കുട്ടികൾ എന്നെ കാണാൻ വരാറുണ്ട്. അവരുടെ മനസ്സിൽ ഞാനുണ്ട്. ഇന്ന് എവിടെയും കൂടുതൽ ആത്മാർത്ഥത കാണിക്കാൻ പറ്റില്ല. കാലം മാറിയിരിക്കുന്നു.

‘പോക്കറ്റ് പുസ്തകങ്ങൾ’ എന്ന ചെറു പുസ്തകങ്ങളെപ്പറ്റി ഇടയാളത്തിൽപറയുന്നുണ്ടല്ലോ? ഇവ ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെട്ടിരുന്നു ?

സാധാരണക്കാർക്ക് വായിക്കാൻ, താങ്ങാവുന്ന വിലയ്ക്ക് പുറത്തിറക്കുന്ന പുസ്തകങ്ങളാണ് പോക്കറ്റ് പുസ്തകങ്ങൾ. ഇതിന്റെ ഇറ്റാലിക് പേര് ‘ലിബല്ലെ പൊട്ടാ റ്റെയിൽസ് ‘എന്നാണ്. ചരിത്രത്തിൽ ആദ്യമായി പോക്കറ്റ് പുസ്തകങ്ങൾ ഇറക്കുന്നത് അൽഡസ് പയസ് മനുഷ്യസ് എന്ന ആളാണ്. മഹാപണ്ഡിതനായിരുന്നു അദ്ദേഹം. ഇറ്റലിയിൽ അക്കാലത്ത് വരേണ്യ വർഗ്ഗങ്ങൾക്കോ അല്ലെങ്കിൽ പ്രഭു കുടുംബങ്ങൾക്കോ മാത്രമേ വായനയും ബുക്കുകളുടെ ശേഖരങ്ങളും ഉണ്ടായിരുന്നുള്ളൂ. സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന രീതിയിൽ ബുക്കുകൾ ഇറക്കണം എന്ന ചിന്ത മനുഷ്യസിനുണ്ടായി. പേപ്പർ ക്വാളിറ്റി കുറയ്ക്കാതെ മറ്റു ചിലവുകൾ കുറച്ച് ചെറുപുസ്തകങ്ങൾ ഇറക്കുന്നതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചു. ഇറ്റാലിക് കണ്ടുപിടിച്ചത് പോലും ഇതിലേക്കാണ്. സ്പേസ് (ഇട ) കുറച്ചാണ് ഇത്തരം പുസ്തകങ്ങൾ പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ അച്ചു കൊത്തി ഫ്രാൻസിസ് ഗ്രിഫോ ആണ് ഇത് രൂപപ്പെടുത്തിയത്. കുതിരപ്പുറത്തു യാത്ര പോവുമ്പോഴും കപ്പലിൽ സഞ്ചരിക്കുമ്പോഴും വഴിയാത്രക്കാർക്കും പോക്കറ്റിലിട്ട് നേരം പോലെ വായിക്കാൻ പര്യാപ്തമായിരുന്നു ഇത്തരം പുസ്തകങ്ങൾ. അന്നാണ് ചരിത്രത്തിലാദ്യമായി പേപ്പർ ബാക്ക് ബുക്കുകൾ ഇറങ്ങിയത്. പിന്നെ എത്രയോ നൂറ്റാണ്ടുകൾക്കു ശേഷമാണ് പെൻഗ്വിൻ പേപ്പർ ബാക്ക്‌ അവതരിപ്പിച്ചത്.

ഭാഷയിലും അച്ചടിയിലും വിപ്ലവം ഉണ്ടാക്കിയ മനുഷ്യസിനെപ്പറ്റി പറയാമോ?

യൂറോപ്പിൽ ആദ്യമായി അച്ചടി കൊണ്ടുവന്നത് അൽഡസ് മനുഷ്യസായിരുന്നു. ഗ്രീക്ക് ക്ലാസിക്കുകൾ പോലും വായിച്ചു മനസ്സിലാക്കാൻ നൈപുണ്യമുള്ള ആളായിരുന്നു മനുഷ്യസ്. കഠിനമായ ഭാഷയാണ് ഗ്രീക്ക്. വെനീസ് അന്ന് അച്ചടിയുടെ കേന്ദ്രം തന്നെ ആയിരുന്നു. യൂറോപ്പിൽ ഒരു അച്ചടി വിപ്ലവം ഉണ്ടാക്കിയ ആളാണ് അദ്ദേഹം. ഭാഷാപരമായും ഒരു നവോത്ഥാനം ഉണ്ടാക്കി മനുഷ്യസ്. ഓരോ പുസ്തകത്തിന്റെയും സ്വഭാവമനുസരിച്ച് ലെറ്റർ ടൈപ്പ് വാർത്തെടുത്തായിരുന്നു അന്നത്തെ അച്ചടി.

‘ഇടയാളം’ എന്ന ഗ്രന്ഥം പ്രധാനമായും ചിഹ്നങ്ങളെ കുറിച്ചാണല്ലോ? ഇങ്ങനെ ഒരു ആശയം മനസ്സിൽ തോന്നിയത് എപ്പോഴാണ്?

വർഷങ്ങൾക്കു മുൻപ് മുംബൈയിൽ ജോലി ചെയ്തിരുന്ന കാലത്ത് നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോയപ്പോൾ ഒരു കമ്പനിയുടെ ബോർഡ് ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അതിലെ ചിഹ്നങ്ങൾ മനസ്സിൽ കടന്നുകയറി. പേര് അറിയാതെ ആൾക്കാർ ഉപയോഗിക്കുന്ന പല ചിഹ്നങ്ങളെ പറ്റിയും കൂടുതൽ പഠിച്ചു. ആദ്യകാലത്തെ എഴുത്തുകളിൽ വാക്കുകളെ വേർതിരിക്കാൻ അടയാളങ്ങൾ ഇല്ലായിരുന്നു. 5, 6,7 നൂറ്റാണ്ടുകളിൽ അയർലൻഡിലെ സന്യാസി മഠങ്ങളിൽ എഴുത്തുപിള്ളമാർ ഉണ്ടായിരുന്നു. ആദ്യമായി സ്പേസ് എന്ന സംഗതി അവതരിക്കുന്നത് അവിടെയാണ്. ഒരു അടയാളമില്ലാത്ത ചിഹ്നമാണ് ‘സ്പേസ്’ എന്ന ഇട. ഇത് ചിഹ്നങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ സ്പേസിന്റെ ഉപയോഗവും ദുരുപയോഗവും ഭാഷയെ പലവിധത്തിൽ സൗന്ദര്യം ഉള്ളതോ വികലമോ ആക്കി തീർക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറി അലക്സാണ്ട്രിയയിലെ ലൈബ്രറിയായിരുന്നു. അവിടെയാണ് ആദ്യത്തെ ചിഹ്നം പിറന്നത്. അവിടെ അഞ്ചുലക്ഷത്തോളം കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നതായി അറിവുണ്ട്. പക്ഷേ അവ എങ്ങനെയോ നശിപ്പിക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറി അലക്സാണ്ട്രിയയിലെ ലൈബ്രറിയായിരുന്നു. അവിടെയാണ് ആദ്യത്തെ ചിഹ്നം പിറന്നത്. അവിടെ അഞ്ചുലക്ഷത്തോളം കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നതായി അറിവുണ്ട്.

രസകരങ്ങളായ പല കഥകളിൽ കൂടിയാണ് ചിഹ്നങ്ങൾക്ക് ഭാഷയിലുള്ള പ്രസക്തിയെപ്പറ്റി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഭാഷയിൽ കോമയുടെ പ്രാധാന്യം വെളിവാക്കുന്ന ഒരു കഥ പറയാമോ?

എഴുത്തിൽ കോമയുടെ പ്രാധാന്യത്തെ കുറിച്ച് പല കഥകളും ഉണ്ട്. അതിലൊന്ന് വിപ്ലവ പൂർവ്വ റഷ്യയിലെ അവസാനത്തെ രാജ്ഞിയുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് ഭരണകാലത്തിലെന്നപോലെ അക്കാലത്തും കുറ്റവാളികൾക്ക് കൊടുക്കുന്ന കടും ശിക്ഷകളിൽ ഒന്ന് അതിശൈത്യത്തിൽ പെട്ട സൈബീരിയയിലേക്കു നാടുകടത്തലാണ്. ഒരു കൊടുംകുറ്റവാളിയെ നാടുകടത്താൻ അന്നത്തെ ചക്രവർത്തിയായ അലക്സാണ്ടർ മൂന്നാമൻ ഉത്തരവിടുന്നു. ഉത്തരവ് ഇങ്ങനെ: Pardon impossible, to be sent to Siberia. രാജശാസനം കാണാനിടയായ രാജ്ഞി മറിയ ഫിയോഡോറോവ്ന ആരുമറിയാതെ അതിൽ ഇങ്ങനെ തിരുത്തി:-
Pardon, impossible to be sent to Siberia. അതോടെ സൈബീരിയയിൽ അനുഭവിക്കേണ്ടതായിരുന്ന ശൈത്യ ശിക്ഷയിൽനിന്ന് അയാളെ മുക്തനാക്കി. അങ്ങനെ ഒരു കോമയുടെ സ്ഥാനമാറ്റം മാത്രംകൊണ്ട് അജ്ഞാതനായ ഒരു കുറ്റവാളി രക്ഷപ്പെട്ടു.
ജന്മനാടായ ഡെന്മാർക്കിൽ 1928- ൽ മരിച്ച റഷ്യൻ രാജ്ഞിയുടെ ഭൗതികാവശിഷ്ടം 2006-ൽ റഷ്യൻ പ്രസിഡണ്ട് വ്ളദിമർപുടിൻ മുൻകൈയെടുത്ത്,തിരിച്ചു റഷ്യയിൽ കൊണ്ടു ചെന്ന്, സെന്റ് പീറ്റേഴ്സ് ബർഗിൽ ഭർത്താവിന്റെ കുഴിമാടത്തിനടുത്ത് ഔദ്യോഗിക ചടങ്ങോടെ സംസ്കരിക്കുകയായിരുന്നു. ചിഹ്നന ചരിത്രത്തിന് ഒരു കോമയുടെ പ്രാധാന്യം സമ്മാനിച്ച രാജ്ഞിയുടെ ജീവിതം അവിടെ, അങ്ങിനെ പൂർണ്ണവിരാമം ഇട്ടു.

ഭാഷാ ശുദ്ധിക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു ദിനപത്രമാണ് മലയാള മനോരമ. തെറ്റ് കണ്ടാൽ കർശനമായി താക്കീതു ചെയ്യുന്ന രീതിയുണ്ടായിരുന്നു, പണ്ട്. അന്ന് മാതൃഭൂമിയും ഭാഷാശുദ്ധിക്ക് പ്രാധാന്യം കൊടുത്തിരുന്ന പത്രമാണ്.

ദീർഘകാലം മലയാള മനോരമയിൽ ആയിരുന്നല്ലോ ജോലി ചെയ്തിരുന്നത്. ഇടയാളം പബ്ലിഷ് ചെയ്തതും മനോരമ ബുക്സ് ആണ്.കേരളത്തിലെ ലീഡിങ് മാധ്യമം എന്ന നിലയിൽ മലയാള മനോരമ ഭാഷയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്ന് പറയാമോ?

ഭാഷയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പത്രങ്ങളിൽ മുൻപന്തിയിലാണ് മലയാള മനോരമ. ആദ്യകാലത്ത് കണ്ടത്തിൽ വർഗീസ് മാപ്പിളയെപ്പോലെ ഭാഷാപരിജ്ഞാനം ഉള്ള ആളുകൾ അവിടെ ഉണ്ടായിരുന്നു. അന്ന് സാഹിത്യകാരന്മാർ വളരെ സൂക്ഷിച്ചു മാത്രമേ ഭാഷ കൈകാര്യം ചെയ്തിരുന്നുള്ളൂ. ഭാഷാ ശുദ്ധിക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു ദിനപത്രമാണ് മലയാള മനോരമ. തെറ്റ് കണ്ടാൽ കർശനമായി താക്കീതു ചെയ്യുന്ന രീതിയുണ്ടായിരുന്നു, പണ്ട്. അന്ന് മാതൃഭൂമിയും ഭാഷാശുദ്ധിക്ക് പ്രാധാന്യം കൊടുത്തിരുന്ന പത്രമാണ്. കെ പി കേശവമേനോനെ പോലെയുള്ള പ്രമുഖർ മാതൃഭൂമിയിൽ ഉണ്ടായിരുന്നു. മാതൃഭൂമിയിലെ പ്രൂഫ് റീഡർ ആയിരുന്ന കുട്ടികൃഷ്ണമാരാര് പ്രശസ്തനായ ഒരു ഭാഷാ പണ്ഡിതനായിരുന്നു. പണ്ടൊക്കെ തെറ്റുകൾ ഉണ്ടാവുമ്പോൾ കർശനമായി വിമർശിച്ചിരുന്നു. അന്നൊക്കെ വളരെ പ്രയാസം തോന്നിയിട്ടുണ്ട്. ഒരു ചെറിയ അക്ഷരതെറ്റ് പോലും അന്ന് വളരെ ഗുരുതരമായി എടുത്തിരുന്നു. ആ പാരമ്പര്യമാണ് ഞാനും തുടർന്നുവന്നത്. മനോരമയ്ക്ക് ആദികാലം മുതൽക്കേ സ്റ്റൈൽ ബുക്ക്ഉണ്ടായിരുന്നു അത് കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അത് എല്ലാവരും പിന്തുടർന്നു പോരുന്നു. ഭാഷയിൽ അവഗാഹമുള്ളവയിരുന്നു അവിടത്തെ പത്രാധിപന്മാർ. പിന്നീട് സാധാരണ വായനക്കാരെക്കൂടി പരിഗണിച്ച് ലളിതമായ ഭാഷ സ്വീകരിച്ചു എങ്കിലും പരമാവധി ഭാഷാശുദ്ധി പാലിക്കുന്ന ഒരു പത്രമാണ് മലയാള മനോരമ.

ഇടയാളത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങി വച്ചത് എന്നാണ്? എത്രകാലം വേണ്ടിവന്നു ഇങ്ങനെയൊരു ഗ്രന്ഥം പൂർത്തിയാക്കാൻ?

പതിനഞ്ചുവർഷമായി ഈ ഗ്രന്ഥത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. ഒരു പ്രാവശ്യം എഴുതി പലപ്രാവശ്യം തിരുത്തി കോപ്പിയെടുത്ത് ആണ് ഫൈനൽ പ്രൂഫ് തയ്യാറാക്കിയത്. മനോരമയിൽ നിന്ന് പോന്ന ശേഷം എഴുത്ത് തുടർന്നു. ബാക്കി സമയം മുഴുവനും ഈ ഗ്രന്ഥത്തിന് വേണ്ടി ചെലവഴിച്ചു. വീട്ടുകാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ആണ് ഇത് ഇറങ്ങുന്നത്. എം ടി വാസുദേവൻ നായരുടെ ഒരു ബുക്കും ഭാഷാശുദ്ധിയെക്കുറിച്ചുള്ള മറ്റൊരു ബുക്കും കൂടി ചേർത്താണ് ഈ ബുക്ക് ഇറങ്ങിയത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ പ്രിന്റിംഗ് സമയത്ത് വേണ്ട വിധം ശ്രദ്ധിക്കാൻ പറ്റിയില്ല എന്നുള്ളത് ഒരു വാസ്തവമാണ്. ഇതിലെ ചില അടയാളങ്ങൾ കമ്പ്യൂട്ടറിൽ കിട്ടാനും ബുദ്ധിമുട്ടായിരുന്നു

പബ്ലിഷ് ചെയ്ത് വളരെ കുറഞ്ഞ കാലയളവിൽ തന്നെ അടയാളത്തിന്റെ കോപ്പികൾ വിറ്റഴിഞ്ഞു എന്ന് കേൾക്കുന്നു. താങ്കളുടെ പ്രയത്നത്തിന്റെ വിജയം തന്നെയല്ലേ അത്?

എന്റെ പ്രയത്നത്തിന്റെ വിജയം എന്ന് ഞാൻ അവകാശപ്പെടുന്നില്ല. ആൾക്കാർക്ക് ഇത് പ്രയോജനപ്പെട്ടു എന്ന തോന്നൽ എനിക്കുണ്ടായി. അത് അതുതന്നെയാണ് എന്റെ പ്രതിഫലവും. സന്തോഷവും. വായനക്കാർ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന് സങ്കോചത്തിലാണ് ഞാനിത് ഇറക്കിയത്. ഞാൻ എഴുതി പബ്ലിഷ് ചെയ്യുന്ന ആദ്യത്തെ പുസ്തകമാണിത്. കൂടുതൽ വായനക്കാരുടെ ഇടയിലേക്ക് ഈ പുസ്തകം എത്തുന്നതിൽ സന്തോഷിക്കുന്നു.

പുസ്തകത്തിന് വിമർശനങ്ങൾ ഉണ്ടായാൽ എങ്ങനെയായിരിക്കും താങ്കളുടെ പ്രതികരണം?

തീർച്ചയായും ഞാൻ അതിനെ പോസിറ്റീവ് ആയിട്ടേ കാണുകയുള്ളൂ. ഞാൻ എഴുതുന്നതെല്ലാം ശരിയാണ് എന്നതിനല്ല ഞാൻ ഊന്നൽ കൊടുക്കുന്നത്. കാര്യങ്ങൾ ശരിയായ രീതിയിൽ വായനക്കാർക്ക് മനസ്സിലാകണം. അവർക്ക് തെറ്റിദ്ധാരണ ഉണ്ടാവാൻ പാടില്ല. പോരായ്മകൾ ആരെങ്കിലുംചൂണ്ടിക്കാണിക്കുകയോ സഹായിക്കുകയോ ഉപദേശിക്കുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും അതിനെ പോസിറ്റീവ് ആയിട്ടേ ഞാൻ കാണുകയുള്ളു. അടുത്ത എഡിഷനിൽ ആ പോരായ്മകൾ നികത്തും.

പുതിയ എഡിഷനിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ഉണ്ടോ ?

ഇടയാളത്തിൽ ചില ഭാഗങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്തുതകൾ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. അത് കൂടി ചേർത്താവും അടുത്ത എഡിഷൻ ഇറങ്ങുക.

ഈ ഭാഷാസ്നേഹത്തിനു പിന്നിൽ ആരുടെയെങ്കിലും സ്വാധീനങ്ങൾ ഉണ്ടോ?

ഒരു പത്രപ്രവർത്തകൻ എന്ന നിലയിലുള്ള ഭാഷാപരിജ്ഞാനമേ എനിക്കുള്ളൂ. അച്ഛൻ (എം. കെ. കൃഷ്ണപിള്ള) വഴിയാണ് ഭാഷാപരമായ ഒരു ജ്ഞാനം ഉണ്ടായത്. അക്കാലത്ത് അച്ഛന്റെ പുസ്തക ശേഖരത്തിൽ ആശാൻ, ഉള്ളൂർ, വള്ളത്തോൾ ചങ്ങമ്പുഴ,എന്നിവരുടെയൊക്കെ കൃതികൾ ഉണ്ടായിരുന്നു. അമ്മ (വൈക്കം കിഴക്കേ ഉണ്ണിയിൽ ലക്ഷ്മിക്കുട്ടിയമ്മ) അക്ഷരശ്ലോകത്തിന് ബഹുമിടുക്കിയായിരുന്നു.

എഴുത്തുകാരും ഭാഷാവിദ്യാർഥികളും ആയിരിക്കും ഇടയാളം കൂടുതൽ വാങ്ങാൻ സാധ്യത. ജേർണലിസം പഠനത്തിന് ഇടയാളം ഒരു മുതൽക്കൂട്ടാകും എന്നതിൽ ഒരു സംശയവുമില്ല. ആ അർത്ഥത്തിൽ ഗ്രന്ഥകർത്താവ് എന്ന നിലയിൽ കൃതാർത്ഥനല്ലേ?

എന്റെ സ്വാർത്ഥത കൊണ്ട് തന്നെ പറയട്ടെ പത്രപ്രവർത്തക വിദ്യാർഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്കാണ് ഇടയാളം. സാധാരണക്കാരുടെ ജനകീയവായന ഉപകരണം ഇന്നും പത്രം ആണ്. അതുകൊണ്ടു തന്നെ ഭാഷയിൽ വരുന്ന അബദ്ധങ്ങൾ പരമാവധി കുറയ്ക്കുക എന്നത് അവശ്യമാണ് . പത്രപ്രവർത്തനം ഒരു തൊഴിലായി സ്വീകരിക്കുന്നവർക്ക് തീർച്ചയായും ഈ ബുക്ക് പ്രയോജനപ്പെടും എന്നതിൽ സംശയമില്ല.

ധാരാളം ഓൺലൈൻ പോർട്ടലുകൾ ഇപ്പോൾ നിലവിലുണ്ട്. അതിലെ ഭാഷാനിലവാരം കൂട്ടാൻ ഗുണപരമായ എന്തെങ്കിലും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനുണ്ടോ?

വിദ്യാലയത്തിൽ, പ്രൈമറിതലം തൊട്ട് അധ്യാപകർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. അക്ഷരം ദേവതയാണ്. അക്ഷരത്തെറ്റ് വന്നാൽ ഭാഷയെ നിന്ദിക്കുകയാണെന്ന് പറയേണ്ടിവരും. അധ്യാപകർക്കും ഒരു അർപ്പിത മനോഭാവം ഉണ്ടാവണം. ഓരോ കുട്ടിയേയും ശ്രദ്ധിച്ച് അവർക്ക് നല്ലൊരു അടിത്തറ ഉണ്ടാക്കി കൊടുക്കണം ഭാഷയുടെ അടിസ്ഥാനം അക്ഷരങ്ങളാണ്. അത് അവരിൽ അരക്കിട്ടുറപ്പിച്ചാൽ പുതുതലമുറയ്ക്ക് ശുദ്ധമായ ഭാഷ സ്വായത്തമാക്കാം എന്നതിൽ തർക്കമില്ല.

ചില അക്ഷരങ്ങൾക്ക് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ‘ക്ഷ ‘എന്ന അക്ഷരം ഒരു സ്വതന്ത്ര അക്ഷരമായി കാണണം എന്നാണ് എന്റെ പക്ഷം. പക്ഷേ ഈ അക്ഷരം മുറിച്ചെഴുതുന്ന രീതിയും നിലവിലുണ്ട്.

അക്ഷരങ്ങൾക്കും അടയാളങ്ങൾക്കും കാലാകാലങ്ങളിൽ മാറ്റങ്ങൾ അനിവാര്യമാണോ?

ഉത്തരം : ചില അക്ഷരങ്ങൾക്ക് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ‘ക്ഷ ‘എന്ന അക്ഷരം ഒരു സ്വതന്ത്ര അക്ഷരമായി കാണണം എന്നാണ് എന്റെ പക്ഷം. പക്ഷേ ഈ അക്ഷരം മുറിച്ചെഴുതുന്ന രീതിയും നിലവിലുണ്ട്. മലയാളത്തിൽ നിന്ന് ചില അക്ഷരങ്ങൾ വിട്ടുപോയി എന്നുള്ളതൊരു സത്യമാണ്. ഇക്കാലത്ത് കമ്പ്യൂട്ടറിന് അനുസൃതമായി അക്ഷരങ്ങളെ ചുരുക്കിയെടുത്തു എന്നു പറയുന്നതാവും ശരി . മാറ്റങ്ങൾ വന്നാൽ തന്നെ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യഅക്കാദമി, മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇവയുടെ പ്രവർത്തനം അടി മുതൽ മുടി വരെ മാറണം. കാലാകാലങ്ങളിൽ മാറിവരുന്ന ഭരണക്രമം അനുസരിച്ച് ഇവയുടെ അധ്യക്ഷസ്ഥാനങ്ങളും മാറരുത് എന്നൊരു അഭിപ്രായം കൂടിയുണ്ട്.

ഇടയാളം പോലെയുള്ള സൃഷ്ടികൾ മറ്റു ഭാഷയിൽ ഉണ്ടായിട്ടുണ്ടോ? ഇടയാളത്തിന്റെ രചനയിൽ അത്തരം ഏതെങ്കിലും ഗ്രന്ഥങ്ങൾ റഫറൻസിനായി ഉണ്ടായിരുന്നോ?

ചില ഡിക്ഷ്ണറികളിൽ പോലും ചിഹ്നങ്ങളെ പറ്റി പറയുന്നുണ്ടെങ്കിലും ഇത്രയും വിശദമായി ഒരിടത്തും കണ്ടിട്ടില്ല. റഫറൻസിനായി ‘ഈറ്റ്സ്, ഷൂട്സ് & ലീവ്സ് (ലിൻ ട്രസ് ), ഷേഡി കാരക്റ്റേഴ്സ് (കീത്ത് ഹൂസ്റ്റൻ ) എന്നീ ബുക്കുകൾ എടുത്തിരുന്നു. മറ്റു പല ലേഖനങ്ങളും, പത്രങ്ങളും, ആനുകാലികങ്ങളും പുസ്തക രചനയ്ക്ക് സഹായകമായിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പേര് തന്നെയാണ്. എങ്ങനെയാണ് ‘ഇടയാളം ‘എന്ന പേരിലേക്ക് എത്തിച്ചേർന്നത്?

ആൾക്കാരുടെ ശ്രദ്ധ ആകർഷിക്കുക എന്നതിലുപരി ഉള്ളടക്കത്തിലേക്ക് വിളിച്ചം വീശുന്നതും അർത്ഥവത്തും ആയിരിക്കണം പേര് എന്ന ഉദ്ദേശത്തിലാണ് ഈ പേരിട്ടത്. ചിഹ്നങ്ങളെപ്പറ്റിയാണ് ഇതിൽ വിശദീകരിക്കുന്നത്. മഷിപ്പാടുള്ള അടയാളങ്ങളാണ് ചിഹ്നങ്ങൾ. മഷിയടയാളമില്ലാത്ത ഒരു ചിഹ്നമാണ് ‘ഇട ‘എന്ന സ്പേസ് . അതിലേക്ക് വിരൽചൂണ്ടുന്ന ഒരു അർത്ഥ ധ്വനി കൂടി വരത്തക്കരീതിയിലാണ് ഈ പേരിട്ടത്. ‘ഇടയാളം’ എന്നത് ഒരു നവപദമാണ്.

കുട്ടിക്കാലത്തെപ്പറ്റിയും,വിദ്യാഭ്യാസ കാലഘട്ടത്തെപ്പറ്റിയും പറയാമോ?

വൈക്കത്തായിരുന്നു കുട്ടിക്കാലം. വൈക്കം കിഴക്കേ ഉണ്ണിയിൽ ആണ് ജനിച്ചത്. എസ്എസ്എൽസി ക്ക് ശേഷം മുംബൈയിലേക്ക് പോയി. അവിടെ ജോലിക്കൊപ്പം, മുംബൈ കെ സി കോളേജിൽ നിന്ന് ബിരുദവും മുംബൈ സിദ്ധാർഥ് കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് ഡിപ്ലോമയുംനേടി. വൈകുന്നേരങ്ങളിലായിരുന്നു ജേർണലിസം പഠനം.

മലയാള മനോരമയിൽ ജോലിയിൽ പ്രവേശിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ ?

ഏതെങ്കിലും പത്രത്തിൽ ജോലി വേണം എന്ന ആഗ്രഹവുമായി മുംബൈയിൽനിന്ന് ഞാൻ നാട്ടിലെത്തി. അന്ന് കോഴിക്കോട് മാത്രമേ ദേശാഭിമാനി ഉണ്ടായിരുന്നുള്ളൂ. ദേശാഭിമാനി കൊച്ചിയിൽ തുടങ്ങാൻ പോകുന്നു എന്നൊരു അറിവുകിട്ടി. സി കെ സോമൻ എന്ന എന്റെ കൂട്ടുകാരനാണ് സഹായിച്ചത്. പി.ഗോവിന്ദപ്പിള്ളയുടെ അനുജൻ ഗംഗാധരൻ സോമൻറെ കൂട്ടുകാരനായിരുന്നു. അന്നദ്ദേഹം പെരുമ്പാവൂർ പുല്ലുവഴിയിൽ ജയഭാരതം ഹൈസ്കൂളിന്റെ മാനേജരായിരുന്നു. അങ്ങനെ സോമന്റെ കത്തും ജേർണലിസം സർട്ടിഫിക്കറ്റുമായി ഞാൻ അദ്ദേഹത്തെ പോയി കാണുകയും ദേശാഭിമാനിയിൽ ജോലി ഉറപ്പ് തരികയും ചെയ്തു. പക്ഷേ,പത്രം തുടങ്ങാൻ പിന്നെയും വൈകി. എന്റെ അവധിയും തീരാറായി. അങ്ങനെ 1967 -ൽ മലയാള മനോരമയിൽ ജോയിൻ ചെയ്തു.1968- ൽ ആണ് ദേശാഭിമാനി കൊച്ചി എഡിഷൻ തുടങ്ങിയത്.

ശ്രീ വൈക്കം മധു മലയാള മനോരമയിൽ 37 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് എഡിറ്റർ ആയിട്ടാണ് പിരിഞ്ഞത്. ഭാര്യ ആരോഗ്യവകുപ്പിൽ ജോലി ഉണ്ടായിരുന്ന ഇ എൻ രാധാമണിയമ്മ. കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റോർ സൂപ്രണ്ടായിരുന്നു. സ്റ്റോർ വേരിഫിക്കേഷൻ ഓഫീസറായി റിട്ടയർ ആയി. അദ്ദേഹത്തിന് മൂന്ന് മക്കളാണ്. ഇപ്പോൾ കോട്ടയം ചാലുകുന്നിൽ താമസിക്കുന്നു.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.