2013 നവംബർ ഒന്നിനാണ് ഭർതൃപിതാവ് സുഖമില്ലാതെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. നീണ്ട ഒന്നര മാസത്തെ ഐസിയുവിനു മുൻപിലുള്ള കാത്തിരിപ്പ് എനിക്ക് സമ്മാനിച്ച ചില സ്വകാര്യ ഓർമ്മകൾ ഉണ്ട്. പ്രതീക്ഷകളുടെയും നിരാശയുടെയും ഇടയിൽ രംഗബോധമില്ലാതെ കടന്നു വന്ന ഒരു അവിസ്മരണീയ മുഹൂർത്തം.
നിരന്തരം ഉറക്കമിളയ്ക്കലും എരിവേറിയ കാന്റീൻ ഭക്ഷണവും, ഹൈപ്പർ അസിഡിറ്റിയ്ക്ക് കാരണമായി. കഷായക്കുപ്പി ചുമന്നു നടക്കുന്നത്തിന്റെ പ്രായോഗികബുദ്ധിമുട്ട് പരിഗണിച്ച്, താത്കാലികശമനത്തിന് വേണ്ടി ഒരെളുപ്പമാർഗം തേടിയതാണ്. മെഡിക്കൽ ഷോപ്പിൽ പോയി ‘ENO’ ഉണ്ടോ എന്ന് ചോദിച്ചു. പരസ്യത്തിൽ കാണുന്ന, വെള്ളത്തിലിട്ടാൽ പതഞ്ഞടങ്ങുന്ന അതേ വയറെരിച്ചിലിനുള്ള പ്രതിവിധി. കൊണ്ടുനടക്കാൻ ബുദ്ധിമുട്ടില്ലാത്തതും ഉടനടി ഫലം തരുന്നതുമായ ആ ദിവ്യഔഷധം കരസ്ഥമാക്കി ഞാൻ വീണ്ടും ഐസിയുവിനു മുൻപിൽ സ്ഥാനം പിടിച്ചു.
ഉച്ചഭക്ഷം കഴിഞ്ഞു, രോഗികളുടെ കൂടെ നിൽക്കുന്നവരെയും സന്ദർശകരെയും കൊണ്ട് ഐസിയു വിന്റെ മുൻവശം സജീവമായി നിൽക്കുന്ന നട്ടുച്ചനേരം. ജനലിനോട് ചേർന്ന് ഒരു മൂലയ്ക്കൽ ഇരിക്കുന്ന എന്നിലേയ്ക്ക് ആരുടേയും ശ്രദ്ധയെത്താത്ത ഒരു സമയം. ഞാൻ സിദ്ധൗഷധം പുറത്തെടുത്തു, വെള്ളക്കുപ്പിയും. അന്നേരമാണ് ഒരു സാധനത്തിന്റെ കുറവ് ഞാൻ മനസ്സിലാക്കിയത്. ഗ്ലാസ്. വെള്ളത്തിലിട്ട് പതഞ്ഞടങ്ങി അലിഞ്ഞശേഷമാണ് അത് കുടിക്കേണ്ടത്. കുപ്പിയിൽ മുക്കാൽഭാഗം വെള്ളമുണ്ട്, അതിലിട്ട് അലിയിക്കാൻ കഴിയില്ല. വെള്ളം കുറച്ച് ഒഴിച്ച് കളയാം, പക്ഷേ അതിനായി എഴുന്നേറ്റ് സീറ്റ് നഷ്ടപ്പെട്ടാൽ പിന്നെ രാത്രി ആളൊഴിയുന്നത് വരെ നിൽക്കേണ്ടി വരും.
പെട്ടന്ന് ഏതോ ഒരജ്ഞാതപ്രേരണ, ഞാൻ കവർ പൊളിച്ച് ENO വായിലിട്ട് വെള്ളമൊഴിച്ചു. സാധനം പതഞ്ഞു തുടങ്ങി. വായ തുറക്കാൻ നിവൃത്തിയില്ല. തുറന്നാൽ ഞാൻ ഒരപസ്മാരരോഗി എന്ന ലേബലിൽ ആ ഐസിയുവിൽ തന്നെ കിടക്കേണ്ടിവരും. കമ്പനി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും പതയുന്ന ഗുളികയാവണം ഞാൻ വായിലിട്ടത് എന്നാണ് എന്റെ നിഗമനം. പ്രതീക്ഷിച്ചതിലും വേഗത്തിൽ വായ പതകൊണ്ട് നിറഞ്ഞു. ഞാൻ ഇറക്കാൻ ശ്രമിച്ചു. പുറത്തേക്കൊഴുകാനൊരു മാർഗം പെട്ടന്ന് തുറന്നു കിട്ടിയാൽ, എന്തിനും ഒരു കുത്തൊഴുക്കുണ്ടാവും ആദ്യമാദ്യം.
ശ്വാസം മുട്ടിച്ചുകൊണ്ട് പത അന്നനാളത്തിലൂടെ ശക്തിയായി താഴോട്ടിറങ്ങുകയാണ്. എന്റെ തലച്ചോറ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെളിച്ചത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മനസ്സ് ഒറ്റയടിക്ക് നൂറു സാധ്യതകൾ നിരത്തി. ഡോക്ടറാവാൻ പഠിച്ച ഏതൊരു മനുഷ്യനും അവസരത്തിലും അനവസരത്തിലും ആദ്യം മനസ്സിലേക്ക് വരുന്നത് വിവിധ ലക്ഷണങ്ങളും ഡയഗ്നോസിസുകളുമായിരിക്കും. വായിലെ പത ഇറങ്ങിപ്പോകുന്ന വഴികൾക്കനുസരിച്ച്, Aspiration, suffocation, oesophageal rupture ൽ തുടങ്ങി Asphyxia, Syncope, Deathൽ നിർണയങ്ങൾ എത്തി നിൽക്കുകയാണ്. പത ഇതൊന്നും വകവെക്കാതെ മേലോട്ടും താഴോട്ടും അനർഘനിർഗ്ഗളം പ്രവഹിക്കുകയാണ്. ശാസ്ത്രം മാറ്റി നിർത്തിയാൽ, ‘പല്ലുകടികടിക്കണ് കണ്ണുചുവക്കണ് മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ് ‘ എന്ന പ്രേമം സിനിമയിലെ ഗാനത്തിന്റെ വരികളെ ഓർമ്മിപ്പിക്കുന്ന ഒരു ‘out of context’ രംഗം.
ഇനി തടഞ്ഞാൽ വായ പൊട്ടും എന്ന അവസ്ഥയിലെത്തി. ഞാൻ കയ്യിലുള്ള കവറിൽ നിന്നും തോർത്തെടുത്തു മുഖം പൊത്തി. വായ തുറന്നു. ഒരു മിനുട്ടിനുള്ളിൽ എല്ലാം ശാന്തം. അടുത്ത നിമിഷത്തിലാണ് തൊട്ടടുത്ത് നടന്ന മാമാങ്കം അറിയാതെ പോയ അടുത്തിരിക്കുന്ന വ്യക്തി ചോദിക്കുന്നത്, ‘എന്തു പറ്റി, കണ്ണ് ചുവന്നിരുക്കുന്നല്ലോ? ‘ ഞാൻ ഒന്നും അറിയാത്തത് പോലെ പറഞ്ഞു, ‘അതെയോ? അറിയില്ല. ‘ മറ്റൊരാൾ അറിഞ്ഞില്ലെങ്കിൽ ഏതൊരു മണ്ടത്തരവും ഒരു സ്വകാര്യ അനുഭവം മാത്രമാകും. എന്തായാലും തത്കാലം എനിക്കൊന്നും സംഭവിച്ചില്ല. അപൂർമായിട്ടെങ്കിലും, ‘Impulsiveness’ ഒരു സ്വഭാവന്യൂനതയായി പരിണമിക്കാറുണ്ട്. (പരീക്ഷണാർത്ഥം Nicotex ചവച്ചു ബോധം പോയത് അതേ കാലയളവിൽ അതേ ഐസിയുവിന്റെ മുൻപിൽ വെച്ചാണ്. പിന്നെ സമയം രാത്രിയായത് കൊണ്ടും മറ്റാരും അറിയാത്തതു കൊണ്ടും അതും ഒരു സ്വകാര്യഅനുഭവമായി മാറിയെന്നു മാത്രം. ) കാര്യകാരണസിദ്ധാന്തത്തിന്റെ മഹത്വം ഞാൻ അന്ന് മനസ്സിലാക്കിത്തന്ന ‘ENO’ എന്ന പ്രതിഭാസത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
P. S- വലിയ കാര്യങ്ങളിലേയ്ക്ക് നയിക്കാൻ ചെറിയ കാരണങ്ങൾ മതി.