ഫ്രൈഡേ സീരീസ്‌ -1 : പരശുറാം എക്സ്പ്രസ്സ്‌

ഓർമ്മകുറിപ്പുകളെല്ലാം തന്നെ വെള്ളിയാഴ്‌ചകളുടെ സംഭാവനകളാണ്. ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചകളിലും, കഥകളും കവിതകളുമായി വായനക്കാരിൽ തൻ്റെ എഴുത്തിനെ അടയാളപ്പെടുത്തിയ ഡോ. കെ.എസ്സ്. ധന്യ എഴുതുന്ന പ്രതിവാരഓർമ്മകുറിപ്പുകൾ.

യാത്രകൾ തന്ന വ്യത്യസ്‌ത അനുഭവങ്ങളിലൂടെ പരതിയാൽ ആദ്യം മനസ്സിൽ തടയുന്നത് പരശുറാം എക്സ്പ്രസ്സാണ്. പുഞ്ചിരിക്കാനായി കാരണങ്ങൾ ഉണ്ടാക്കാൻ പ്രയാസമാണ്. ഓർക്കാൻ കൊതിക്കുന്നതിനെ നിഷിദ്ധമെന്നന്ന് മസ്‌തിഷ്കം നിർവചിച്ചാലും, പാടേ മറന്നു കളയാൻ മനസ്സ് ശീലിച്ചിട്ടില്ല. സന്തോഷം തരുന്ന ഓർമ്മകളെ മറന്നു കളയേണ്ട കാര്യമുണ്ടെന്ന് ഇതുവരെ തോന്നീട്ടില്ല. അതുകൊണ്ട് തന്നെ പരശുറാം എക്സ്പ്രസ്സ്‌ എന്ന പേര് മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരാകസ്മികപ്രണയത്തിന്റെ കുളിർകാറ്റ് എനിക്കിന്നും പ്രിയമാണ്.

പരശുറാം എക്സ്പ്രസ്സ് എന്ന പേര് ബാല്യത്തിൽ തന്നെ മനസ്സിൽ പതിഞ്ഞതാണ്. തൃപ്പൂണിത്തുറ നിന്ന് കോഴിക്കോട്ടേയ്ക്ക് വെക്കേഷനുള്ള പരശുറാമിലെ ദൈർഘ്യമേറിയ യാത്രകൾ. തിക്കും തിരക്കുമുള്ള ജനറൽ കംപാർട്മെന്റുകൾ. സീറ്റ്‌പലകമേൽ അടിച്ചിരിക്കുന്ന മഞ്ഞ പെയിന്റിന്റെ മണം.
സൈഡ് സീറ്റിൽ ഇരിക്കാനുള്ള അടി. എത്ര ചെറുതായിരുന്നപ്പോഴും ചേച്ചി വലിയ കുട്ടിയും, എത്ര വലുതായപ്പോഴും ഞാൻ ചെറിയ കുട്ടിയും ആയിരുന്നത് കൊണ്ട് പുറംലോകത്തിൽനിന്നുള്ള അമ്മയുടെ സംരക്ഷണവലയത്തിലെ സൈഡ് സീറ്റുകൾ മിക്കവാറും അവൾക്കാണ് കിട്ടിയിരുന്നത്. എന്റെ സ്ഥാനം മിക്കവാറും അച്ഛന്റെ മടിയിലും. ഏതെങ്കിലും സ്റ്റേഷനിൽ നിർത്തുമ്പോൾ അച്ഛൻ പുറത്തിറങ്ങിയാൽ എനിക്ക് ആധിയാണ്. അച്ഛനെ കൂട്ടാതെ ട്രെയിൻ പോയാലോ? യാത്രയിൽ ഒറ്റക്കായിപ്പോകുന്നത് അച്ഛനാണോ ഞാനാണോ എന്ന് തിരിച്ചറിയാത്ത പ്രായം.

വർഷങ്ങൾക്കു ശേഷം പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്, ഒൻപതാം വയസ്സിൽ തൃപ്പുണിത്തുറയോട് വിടപറഞ്ഞശേഷം, ദീർഘമായ ഇടവേളയ്ക്കൊടുവിൽ വീണ്ടും പരശുറാം എക്സ്പ്രസ്സിൽ കയറുന്നത്. അന്ന് എനിക്ക് പ്രായം പതിനേഴ്. മംഗലാപുരത്ത് നിന്ന് ഫറോക്കിലേക്കാണ് യാത്ര. സാധാരണ ട്രെയിനുകൾ അഞ്ചുമണിക്കൂറുകൊണ്ട് ഓടിയെത്തത്തുമ്പോൾ സമയത്തിന്റെ അധികഭാരം പേറി പരശുറാം ആറു മണിക്കൂർ കൊണ്ടാണ് ഫറോക്കിലെത്തുന്നത്. അന്ന് ചേച്ചി മംഗലാപുരത്തിനടുത്ത് കൊപ്പ എന്ന ഹരിതമനോഹര കുഗ്രാമത്തിലെ ഒരു കോളേജിൽ ആയുർവേദത്തിന് പഠിക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടിയിൽ ഉയർന്നു നിൽക്കുന്ന, പതിനാലു ഹെയർപിൻ വളവുകളുള്ള വഴിയും മരംകോച്ചുന്ന തണുപ്പും കയ്യെത്തി തൊടാവുന്ന നക്ഷത്രങ്ങളും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ചന്ദ്രനുമുള്ള സ്വപ്നസദൃശമായ സ്ഥലമാണ് കൊപ്പ. എന്റെ യാത്രകളിൽ പകുതിയിലേറെ സമയവും അന്തർയാനങ്ങളുടെ ഉപരിതല നിർവ്വികാരതയിലൂടെയാണ് അന്നും കടന്നു പോകുന്നത്. മാറി വരുന്ന സ്ഥലങ്ങളോ മനുഷ്യരോ വൈവിധ്യമാർന്ന കാഴ്ചകളോ കണ്ണിൽ തൊട്ടാൽ പോലും മനസ്സിലേക്കെത്താറില്ല പലപ്പോഴും. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയോട്‌ വേഗതയെക്കുറിച്ച് പരിഭവം പറയാറില്ല. പകരം കിട്ടുന്ന, സ്വതന്ത്രമായി കാറ്റിൽ പറക്കുന്ന സമയത്തിന്റെ ആസ്വാദ്യത കൂടിയാണ് യാത്രകളോടുള്ള പ്രിയമേറാൻ കാരണം.

കൊപ്പയിൽ നിന്ന് ചേച്ചിയെ കണ്ടുള്ള മടക്കം. അച്ഛനും അമ്മയും നല്ല ഉറക്കം. ഞാൻ സൈഡ് സീറ്റിലിരുന്ന് ഉറങ്ങിയും ഉണർന്നും സ്വപ്‌നങ്ങൾ കാണുന്നു. രാവിലെ മൂന്നര മണിക്ക് കയറിയ പരശുറാം എക്സ്പ്രസ്സ്‌ ആറു മണിക്ക് കണ്ണൂരെത്തിയപ്പോൾ, നീലയും പച്ചയും ഷർട്ടുകളിട്ട്, തോളിൽ വലിയ ട്രാവൽ ബാഗുകളുമായി രണ്ടു ചേട്ടന്മാർ കയറി എതിർവശത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. അവിടെ ഏതോ പ്രഫഷണൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാവണം. ഇളംനീല ഷർട്ടിട്ട, കുറച്ച് ഇരുണ്ട നിറമുള്ള മുഖ്യകഥാപാത്രം, കടുംനീലചുരിദാറിട്ട എന്റെ മുൻപിൽ പ്രത്യേകിച്ച് ഒന്നിലും (എന്നിലും) ശ്രദ്ധ കൊടുക്കാതെ, പുറംലോകത്തിൽ നിന്നകലാനുള്ള ധൃതിയിൽ, വെളുത്ത നിറത്തിലുള്ള ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ കുത്തി പാട്ടുകേട്ട് വളരെ ഗൗരവത്തോടെ അനന്തതയിലേക്കും നോക്കിയിരുന്നു. ട്രെയിൻ ഓടിക്കൊണ്ടിരുന്നു, ട്രെയ്‌നിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മനസ്സുകളുമായി.

(മനസ്സിൽ ടോൾ-ഡാർക്ക്- ഹാൻഡ്‌സം എന്ന കൗമാരസങ്കല്പങ്ങൾ തളിർത്ത് നിൽക്കുന്ന കാലം. ഹാൻഡ്സം എന്ന അവസാന വാക്കിന്റെ നിർവചനം കാണുന്നയാളുടെ മനസ്സിലാണ്. എന്തായാലും, ഡാർക്ക് എന്ന സ്പെസിഫിക്കേഷന് അല്പം കടുപ്പം കൂടിയെങ്കിലും, ഏതാണ്ട് അതുപോലെ ഒരാളാണ് മുൻപിലിരിക്കുന്നതെന്ന് സാരം ) ലോകത്തോട് മൊത്തം എന്തോ വിരോധമുണ്ടെന്ന് തോന്നുമെങ്കിലും, സംഗീതം ആ ആൾക്ക് പ്രിയമാണെന്നുള്ളത് മുഖത്ത് നിന്ന് വ്യക്തം. അതെ, ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ എനിക്കന്നു സംഗീതം ആസ്വദിക്കാനുള്ള കഴിവുണ്ടായിരുന്നില്ല, സംഗീതം ആസ്വദിക്കുന്നവരേയും. അതുകൊണ്ട് എന്റെ മനോവ്യാപരങ്ങൾ അതേ അനന്തതയുടെ എതിർദിശയിലേക്ക് ചലിച്ചു.

അതിനിടയിലാണ് അത് സംഭവിച്ചത്.

മനസ്സിൽ കണ്ട സൂര്യനോളം വലിയ പൂർണചന്ദ്രന്റെ നിലാവും ചുരത്തിലെ കോടമഞ്ഞും തണുത്തകാറ്റും മനസ്സിലടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഏതോ സ്വപ്നവിഹാരത്തിൽ നിന്ന് കണ്ണെടുത്ത് നോക്കിയത് നേരെ ആ നീല ഷർട്ടുകാരന്റെ കരിമ്പുലിയുടേത് പോലെയുള്ള മൂർച്ചയേറിയ കണ്ണുകളിലേക്ക്. അങ്ങനെയൊരനുഭവത്തിന് തയ്യാറെടുപ്പുകൾ പോലും പോരായ്കയാവും. ഞങ്ങളുടെ കണ്ണുകൾ ഉടക്കി, അപ്രതീക്ഷിതമായി. എന്തോ സംഭവിച്ച ഒരമ്പരപ്പ് നാലു കണ്ണുകളിലും. ഒരൊറ്റ നിമിഷത്തേക്കുറിച്ച് മനുഷ്യന് എത്രത്തോളം ബോധവാനാകാനാവുമോ അത്രത്തോളം തന്നെ സ്വയം മറക്കാനുമാവും.

ഒന്ന്… രണ്ട്… മൂന്ന്…. നാല്‌… അഞ്ച്… നിമിഷങ്ങൾ കടന്നു പോകുന്നു. ഇല്ല, ഉടക്കിയ കണ്ണുകളിലെ കൊളുത്തുകൾ അഴിയുന്നില്ല. ഒറ്റയടിക്ക് കൊടുംവേനലിലെ ഉച്ചസൂര്യന്റെ വെയിലേറ്റപോലെ തൊണ്ടയിലെ വെള്ളം വറ്റുന്നതും, പെരുമഴയിൽ പാറക്കല്ലുകൾക്കിടയിലൂടെ ഒഴുകുന്ന ഉറവ പോലെ എന്തോ ഒന്ന് ഹൃദയത്തിൽ നിന്നും പ്രവഹിച്ചു തുടങ്ങുന്നതും എന്റെ ഉപബോധമനസ്സ് അറിയുന്നുണ്ടായിരുന്നിരിക്കണം, പക്ഷേ ബോധത്തലങ്ങളൊന്നും പ്രവൃത്തിക്കുന്നുണ്ടായിരുന്നില്ല, അല്ലെങ്കിൽ സഹകരിക്കുന്നുണ്ടായിരുന്നില്ല.

ആറ്… ഏഴ്…എട്ട്…. ഒൻപത്….
ഞാൻ വലിച്ച ശ്വാസം പുറത്തേക്കു വിട്ടിട്ടില്ല. ആ കണ്ണുകളിലെ അമ്പരപ്പ് മാറി, ആഴവും മൂർച്ചയും കൂടി വന്നു. ഇല്ല, ഞാൻ കണ്ണെടുക്കില്ല. എന്റെ മനസ്സും ആ നിമിഷത്തെ വെല്ലുവിളിയെ തരണം ചെയ്യാൻ തയ്യാറെടുത്തു തുടങ്ങിയിരുന്നു. പുലിയും കടുവയും ഒന്നും എന്നെ ഭയപ്പെടുത്തില്ല.

പത്ത്…. പതിനൊന്ന്…പന്ത്രണ്ട്….പതിമൂന്ന്…
പക്ഷേ, എന്റെ ചെറുത്ത് നിൽപ്പുകൾക്ക്‌ അവിചാരിതമായൊരു ബലക്ഷയം. ചുറ്റുമുള്ളതിനെല്ലാം മങ്ങലേൽക്കുന്നു. ഞാനൊരു തടവിലകപ്പെട്ടിരിക്കുന്നെന്നു മാത്രമല്ല, രണ്ട് കണ്ണുകൾ തീർത്ത ചങ്ങലയിൽ അനങ്ങാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുന്നു.

പതിനാല്…. പതിനഞ്ച്… പതിനാറ്……
ഹൃദയമിടിപ്പുകൾക്ക് ശബ്ദവും വേഗവും കൂടിവരുന്നു. മുറുക്കം കൂടിവരുന്ന അദൃശ്യമായ കെട്ടുകളോ പിടിച്ചുവെച്ചിരിക്കുന്ന ശ്വാസമോ, ഏതാണ് എന്നെ ശ്വാസം മുട്ടിക്കുന്നതെന്നു പറയാൻ വയ്യ. ഞാനൊരു ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. താമസിയാതെ എന്റെ ഹൃദയം വലിയ ഒരു ശബ്ദത്തോടെ പൊട്ടിത്തെറിക്കും, അല്ലെങ്കിൽ ശ്വാസതടസ്സം മൂലം ഒരു ബോധക്ഷയം.

പതിനേഴ്… പതിനെട്ട്…
ആ കണ്ണുകളിലൊന്നിലെ കടുത്ത ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണിക്കടുത്തുള്ള കറുത്ത മറുക് എന്റെ ശ്രദ്ധ തിരിച്ചു. ആ നേർത്ത വ്യതിയാനം ആ കണ്ണുകൾ രേഖപ്പെടുത്തി. അടുത്ത നിമിഷം ഒരു പിരികക്കൊടി ചോദ്യഛിഹ്‌നം പോലെ എനിക്ക് നേരെ ഉയർന്നു.

സുല്ല്… ആദ്യം ആ കണ്ണുകളിൽ നിന്ന് മുഖത്തേക്കും പിന്നീട് പുറത്തേക്കും ഞാൻ നോക്കി. അപ്പോഴും എന്റെ മുഖത്ത് പതിഞ്ഞിരിക്കുന്ന നോട്ടത്തിന്റെ ചൂട് ഞാൻ അറിയുന്നുണ്ടായിരുന്നു. മനസ്സിലെ ചന്ദ്രൻ സൂര്യനായി മാറി മനസ്സിനെയും ശരീരത്തെയും ചുട്ടുപൊള്ളിക്കുന്നു. പക്ഷേ കൈകൾ തണുത്ത് ഐസുപോലെ ഇരിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസത്തിന്റെയും താളം തെറ്റിയിരിക്കുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട, പ്രണയത്തിന്റെ തികച്ചും ബയോളൊജിക്കൽ ആയ ഫീലിംഗ്.

ക്യൂരിയോസിറ്റി എന്നെ തോൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ദുർബലനിമിഷത്തിൽ ഞാൻ വീണ്ടും ആ കണ്ണിലേക്കു നോക്കി. എന്നെ പിടിച്ചു വലിച്ചുകൊണ്ടിരുന്ന കണ്ണുകളിൽ ഏതോ ഒരു വിജയത്തിന്റെ മന്ദഹാസം. ആ പുഞ്ചിരിയുടെ അടയാളം എന്റെ മുഖത്തേക്ക് പരന്ന് മറ്റൊരു വിജയം സമ്മാനിക്കാതിരിക്കാൻ, പ്രകൃതി അതിലും മനോഹരി എന്ന ഭാവത്തോടെ ഞാൻ പുറത്തേക്കു നോക്കി. തലശ്ശേരിയെത്തിയപ്പോൾ അവർ കാപ്പി കുടിക്കാനായി പുറത്തിറങ്ങി. സുഹൃത്തിനോട് കാര്യം പറഞ്ഞിരിക്കണം എന്ന് അയാളുടെ പെരുമാറ്റത്തിൽ നിന്നും വ്യക്തം. കാപ്പി കപ്പ് ചുണ്ടോട് ചേർത്ത് അയാൾ വീണ്ടും എന്റെ കണ്ണിലേക്കു നോക്കി, എനിക്ക് തിരിച്ചു നോക്കാതിരിക്കാനാവില്ലെന്ന ഉറപ്പുള്ളത് പോലെ. മനസ്സിലൊരസ്വസ്ഥത. പക്ഷേ, അമ്പരപ്പകന്ന തലച്ചോർ എന്നെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. ഞാൻ എന്റെ കയ്യിലെ കാപ്പിയിൽ കണ്ണുകളാഴ്ത്തി.

പിന്നെയും ഒരു മണിക്കൂർ. ഞാൻ ജനാലയ്ക്കരികിലെ സൈഡ് സീറ്റിൽ ആ ചൂടേറ്റിരുന്നു. ഫറോക്ക്‌ സ്റ്റേഷൻ എത്താറായപ്പോൾ അച്ഛനും അമ്മയും ഇറങ്ങാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ നീലഷർട്ടുകാരന്റെ സുഹൃത്ത് ചോദിക്കുന്നത് കേട്ടു.
‘എന്താ ഫറോക്കിൽ ഇറങ്ങണോ ‘.
ഉത്തരം ഉണ്ടായില്ല. മുഖഭാവം എന്തായിരുന്നു എന്ന് ഞാൻ നോക്കിയും ഇല്ല. കഥാനായകൻ എഴുന്നേറ്റു വാതിലിനടുത്ത് ചെന്നു നിന്നു. പിന്നാലെ സുഹൃത്തും. സ്റ്റേഷൻ എത്തി. സീറ്റിൽ നിന്ന് പുറത്തേക്ക്‌ ഇറങ്ങുന്നതിനു മുൻപ്, എനിക്കെതിരെ യാഥാർഥ്യമായി നിൽക്കുന്ന സങ്കൽപനായകന്റെ കണ്ണുകളിലേക്ക് നോക്കി. ഒറ്റനിമിഷം. പരിചിതത്വത്തിന്റെ വെളിച്ചം. ഒരു കൊളുത്തു മുറുകും മുൻപ് മുൻപ് ഞാൻ കണ്ണെടുത്തു. നേരെ അടുത്തെത്തി. ഹൃദയത്തകരാറുകൾ പുനർഭവിക്കാൻ തുടങ്ങുന്നു. അടുത്തുനിൽക്കുന്നയാളുടെ ദീർഘശ്വാസത്തിൽ നിന്നും ശ്വാസതടസ്സം എനിക്ക് മാത്രമല്ല അനുഭവപ്പെട്ടതെന്നു തോന്നി. ഒരാളുടെ സാമീപ്യം അത്രമേൽ അസ്സഹനീയമായി കൊണ്ടിരിക്കുകയാണ്.
ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങി നടന്നു. തിരികെ ചെല്ലാൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു കാന്തികവലയത്തിനുള്ളിലാണ് ഞാൻ. കണ്ണടച്ചു. ശ്വാസം ശക്തിയായി വലിച്ചു വിട്ടു, ആ ആകർഷണശക്തിയെ ഭേദിച്ച് തിരിഞ്ഞു നോക്കാതെ നടന്നു.

പ്രണയം ജന്മത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതുപോലെ പതിനായിരങ്ങൾ മുൻപിലൂടെ കടന്നു പോകുമ്പോൾ, ഒരാൾ…. അല്ലെങ്കിൽ ഒറ്റനിമിഷം കൊണ്ട് മനസ്സിനെ തൊടുന്ന ഒരാൾ. അങ്ങനെയുള്ളവർ വീണ്ടും വരും.

ഞാൻ അതിനു മുൻപ് തന്നെ പ്രണയവും അതിന്റെ നഷ്ടവും രുചിച്ചിട്ടുണ്ട്. പ്രണയത്തിന്റെ രുചി ഒരിക്കലും മടുപ്പ് തോന്നാത്തതാണ്. പക്ഷേ, നഷ്ടത്തിന്റെ രുചിയോടുള്ള ഇഷ്ടക്കേടും ധൈര്യക്കുറവും വേണ്ടുവോളം ഉണ്ടായിരുന്നു. അതു കൊണ്ട് ഞാൻ കുറച്ചു പ്രാക്ടിക്കലായി, അത്ര തന്നെ. വീണ്ടുമൊരിക്കലും കണ്ടുമുട്ടിയില്ലെങ്കിലും, ഓരോ പരശുറാം യാത്രയിലും കൃഷ്ണമണിക്കടുത്ത് മറുകുള്ള ആ കണ്ണുകൾ, ഒന്നിനുമല്ലാതെ പലപ്പോഴും തിരഞ്ഞിട്ടുണ്ട്. മനസ്സിന്റെ ഓരോ ചാപല്യങ്ങൾ.! എന്തുകൊണ്ടോ ആ യാത്രയും ആ നീലഷർട്ടുകാരനും കൊപ്പയിലെ ചുരത്തിൽ വീശുന്ന തണുത്ത കാറ്റുപോലെ കുളിരുള്ള ഓർമ്മയായി ഇന്നും നിലനിൽക്കുന്നു.

P. S – സമാന്തരങ്ങളായി ഓടുന്ന റയിൽപാളങ്ങൾ പോലെ, പരശുറാം എക്സ്പ്രസ്സിലെ എന്റെ നിമിഷാർദ്ധപ്രണയവും ഏതോ ജീവിതയാത്രയിലിരുന്നു എന്നെ ഓർക്കുന്നുണ്ടാവും. (എന്റെ അത്യാഗ്രഹം)

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്