ഫ്രൈഡേസീരീസ് – 9 ബബിൾഗം

കൗതുകങ്ങളുടെ പറുദീസയാണ് ബാല്യം. പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത കൗതുകങ്ങൾ കണ്ടറിയാനുള്ള കുഞ്ഞുമനസ്സിന്റെ ആഗ്രഹത്തിൽ ഒരു ചെറിയ പങ്കെങ്കിലും മുതിർന്നവരിൽ നിലനിന്നിരുന്നെങ്കിൽ ജീവിതത്തിനെന്നല്ല ലോകത്തിനു തന്നെ ഇന്ന് മറ്റൊരു മുഖഛായയായിരുന്നേനെ. വളരുന്ന മനസ്സിന്റെ കൗതുകം അനന്തമായ പ്രപഞ്ചത്തോട് മുഴുവനുമാണെങ്കിൽ, വളർന്ന മനസ്സിന്റെ കൗതുകം മനുഷ്യരിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നുവെന്നാണ് തോന്നാറുള്ളത്. എങ്കിലും വളർച്ചയ്ക്കൊപ്പം ശോഷിക്കാതെ, കാലമെത്ര കടന്നാലും മായാതെ, ആത്മാവിൽ പതിഞ്ഞു കിടക്കുന്ന വ്യക്തിത്വത്തിന്റെ സവിശേഷമായ ചില മുഖമുദ്രകളുണ്ടാകും. ചെറിയ കൗതുകങ്ങളെ തേനൂറുന്ന ഓർമ്മകളായി കുപ്പിയിലിട്ടുവെക്കാൻ പാകപ്പെടുത്തുന്ന കാലത്തിന്റെ നർമ്മബോധം പോലെ.

കുറച്ചു നട്ടപ്രാന്തും കൗതുകങ്ങളെ കീഴടക്കാൻ വളരെയധികം വെമ്പുന്ന മനസ്സുമുള്ള നാലാം വയസ്സ്. വീടിനടുത്തുള്ള പലചരക്കുകടയിലെ ചില്ലുകുപ്പിയിലിരുന്ന് ഉരുണ്ട വർണമിട്ടായികൾ അവിടെ ചെല്ലുമ്പോഴൊക്കെ എന്നെ നോക്കി പല്ലുകാട്ടിച്ചിരിക്കും. നരച്ച ചാക്കുകൾ നിരത്തിവെച്ചിരിക്കുന്ന ചെറിയ കടയുടെ വർണശബളമായ ആ അലങ്കാരഗോളങ്ങൾ കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. ചുവപ്പ്, നീല, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പലനിറത്തിൽ എന്റെ ചെറിയ മനസ്സിനെ ആകർഷിച്ചിരുന്ന വലിയ കൗതുകങ്ങൾ. പുഴുപ്പല്ല് വരും എന്ന നിരന്തരമായ ഓർമ്മപ്പെടുത്തലാണ് ആ ആഗ്രഹത്തെ അടക്കാൻ പ്രേരിപ്പിച്ചിരുന്നത്. (‘പല്ല് നന്നായാൽ പകുതി നന്നായി’ എന്ന ചൊല്ലിന് എന്റെ അമ്മ മാത്രമല്ല, അമ്മവീട്ടുകാർ മൊത്തം കുറച്ചധികം പ്രാധാന്യം കൊടുത്തിരുന്നു.)

ഒരു പ്രത്യേക ദിവസം, ‘അച്ഛന്റെ കുട്ടിക്ക് എന്താണ് വേണ്ടത്?’ എന്ന വീണുകിട്ടിയ വരദാനം പോലൊരു ചോദ്യം. അത്‌ പാഴാക്കിക്കളയാനുള്ള ബുദ്ധിമോശം അന്ന് സംഭവിച്ചിരുന്നില്ല. അവനവന് എന്താണ് വേണ്ടതെന്നു കൃത്യമായി തിരിച്ചറിയാൻ കഴിയുന്നത് ഒരു മഹാഭാഗ്യമാണ്. കുട്ടികളാണ് ആ കാര്യത്തിൽ മിടുക്കന്മാർ. ഞാൻ പെട്ടന്ന് ഉത്തരം പറഞ്ഞു. ‘കളർമുട്ടായി?’.

വെള്ളക്കടലാസിൽ പൊതിഞ്ഞു എന്റെ വർണസ്വപ്നങ്ങൾ വീട്ടിലെത്തി. പക്ഷേ, അതിന്റെ കൂടെ അച്ഛന്റെ ഉപദേശവും. ‘കുഞ്ഞേ, ഇത് ബബിൾഗം ആണ്. ചെറിയ കുട്ടികൾ കഴിക്കുന്നതല്ല. അച്ഛന്റെ കുട്ടിക്ക് ഇത് എന്താണെന്ന് അറിയാനുള്ള ആഗ്രഹത്തിന് വാങ്ങിത്തന്നു എന്നേയുള്ളൂ. ഇത് വായിലിട്ട് ചവയ്‌ക്കാം പക്ഷേ മറ്റു മിട്ടായികൾ പോലെ ഇറക്കാൻ പറ്റില്ല. ചവച്ചു കഴിയുമ്പോൾ റബ്ബർ പോലെ ആവും. അത്‌ തുപ്പിക്കളയണം.’ അച്ഛന്റെ മയമുള്ള ഉപദേശങ്ങൾ പോലെയായിരുന്നില്ല അമ്മയുടേത്. പൊട്ടിക്കാനാവാത്ത വിലക്കുകണ്ണികളായിരുന്നുകളായിരുന്നു അമ്മ തീർത്തിരുന്നതെന്നു മനസ്സിലാക്കാൻ ചിന്താശേഷിയില്ലാത്ത ഒരു വ്യക്തി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു ആ വീട്ടിൽ. വാക്കുകളുടെ അർത്ഥമോ പ്രാധാന്യമോ അറിഞ്ഞാലേ പ്രശ്നമുള്ളു! കുട്ടികൾക്കാണോ ബബിൾഗം വാങ്ങിക്കൊടുത്തതെന്ന അച്ഛനോടുള്ള ചോദ്യം ഒറ്റനോട്ടത്തിൽ ഒതുക്കിയിട്ട്, ‘ബബിൾഗം തിന്നണ്ട. അത്‌ റബ്ബറു പോലെയായി തൊണ്ടയിൽ കുടുങ്ങുങ്ങിയാൽ ശ്വാസംമുട്ടി മരിക്കും.’ എന്ന ഭയാനകമായ ഡയലോഗും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

എന്നാൽ അത്‌ തിന്നണ്ട. അത്കൊണ്ട് കളിച്ചോളൂ എന്നായി അച്ഛൻ. ചേച്ചി, നല്ല അനുസരണയുള്ള മൂത്ത മകൾ, വായയുടെ അടുത്തെത്തിയാൽ പോലും അത്‌ ശ്വാസംമുട്ടിക്കുമെന്ന ഭയത്തോടെ അത്‌ നിലത്തിട്ട് പരത്തിക്കളിക്കാൻ തുടങ്ങി. എനിക്ക് സഹിച്ചില്ല. എല്ലാവരുടെയും കണ്ണു തെറ്റിയ ഒരു സുമുഹൂർത്തത്തിൽ എന്റെ ചിരകാല വർണകൗതുകങ്ങളെ കയ്യിൽ പിടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. കൈതുറന്നു നോക്കി. ബബിൾഗം എന്ന് പറഞ്ഞ, ചവച്ചാൽ റബ്ബറാവുന്ന ഒരു സാധനം ഭൂമിയിൽ നിലനിൽക്കുന്നു എന്ന് ഞാൻ അറിഞ്ഞത് അന്നാണ്. അത്ര ഭംഗിയുള്ള ആ വിസ്മയത്തിന്റെ രുചിയറിയാതെ ഉപേക്ഷിക്കാൻ എന്റെ മനസനുവദിച്ചില്ല. ആഗ്രഹിച്ച ഒന്നിനെ ത്യജിക്കാൻ വിശേഷബുദ്ധിയുള്ള മനുഷ്യനേ സാധിക്കൂ!

മുറ്റത്ത് വളർന്നു നിൽക്കുന്ന കപ്പചെടികളുടെ മറവിൽ ഞാനെന്റെ ആഗ്രഹം സഫലീകരിച്ചു. ആദ്യം ചുവപ്പ്. ‘പുളി.’ ഞാൻ വീണ്ടും നക്കി നോക്കി. ‘എവിടെയോ ഒരിത്തിരി മധുരം കലർന്ന പുളി.’ കാണുന്ന ഭംഗിയാവില്ല പലതും രുചിച്ചു നോക്കുമ്പോളെന്നു ജീവിതം ആദ്യമായി അറിയിച്ചത് അന്നാവും. പക്ഷേ ഞാൻ പിന്മാറാൻ തയ്യാറായില്ല. ഓരോന്നും മാറി മാറി നക്കി നോക്കി. എല്ലാം ഏകദേശം ഒരുപോലെ. എന്റെ മധുരപ്രതീക്ഷകൾ പൊലിഞ്ഞു. ചില്ലുകൂട്ടിലെ വർണ്ണവിസ്മയത്തോടുള്ള കൗതുകവും. പക്ഷേ ഇടതടവില്ലാതെ ഒഴുകിയെത്തുന്ന എന്നിലെ ക്രിയാത്മകതകൾ വെറുതെയിരുന്നില്ല. ആശയങ്ങൾക്ക് പഞ്ഞമില്ലാത്തത് കൊണ്ട് രുചി നിരാശപ്പെടുത്തിയിരുങ്കിലും അതുകൊണ്ട് മറ്റൊരുപയോഗം ഞാൻ കണ്ടുപിടിച്ചു.

വായിലിട്ടു ചവച്ചാലോ നിലത്ത് വെച്ച് പരത്തിയാലോ ബബിൾഗം റബ്ബർ പോലെയാകും. റബ്ബർ കൊണ്ടല്ലേ റബ്ബർബാൻഡ്‌ ഉണ്ടാക്കുന്നത്. അപ്പൊ എന്ത് കൊണ്ട് മുടിയിലിടാൻ സ്വന്തമായി റബ്ബർബാൻഡ്‌ ഉണ്ടാക്കിക്കൂടാ എന്ന ആശയം ആ വഴി പോയ ഏതോ സാത്താൻ എന്റെ ചെവിയിലോതി തന്നതാവും. നല്ല കളർഫുള്ളായ ഒരു വലിയ റബ്ബർബാൻഡ്‌ ഉണ്ടാക്കി, ഞാനെന്റെ പഞ്ഞിപോലെ മിനുസമുള്ള മുടി കുറച്ചെടുത്ത് മൂർദ്ധാവിൽ കെട്ടാൻ ശ്രമിച്ചു. റബ്ബർബാൻഡിനു അയവു കൂടുതലാണ്. രണ്ടും മൂന്നും നാലും ചുറ്റുചുറ്റി. അപ്പോഴും അയവുണ്ട്. ഞാൻ നന്നായി അമർത്തി. പെട്ടന്നായിരുന്നു ചേച്ചിയുടെ രംഗപ്രവേശം. ശില്പിയുടെ കൗതുകങ്ങളോ ആസ്വാദനശേഷിയോ ആയിരിക്കില്ലല്ലോ പലപ്പോഴും കാഴ്ചക്കാരന്റേത്. എന്റെ കണ്ടുപിടിത്തം കണ്ട ഉടനെ അവൾ ഉറക്കെ വിളിച്ചുകൂവി. ‘അമ്മേ… ഒന്നോടി വാ. ഈ പെണ്ണെന്താ കാണിച്ചതെന്ന് നോക്ക് ‘. രംഗം വഷളായിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കിയ ഞാൻ എന്റെ തലയിലെ റബ്ബർബാൻഡ്‌ അമ്മ വരുന്നതിനു മുൻപ് തലയിൽ നിന്നൂരാൻ ശ്രമിച്ചു. അഴിക്കാൻ ശ്രമിക്കുമ്പോൾ മുറുകുന്ന കുടുക്കുകൾ ജീവിതത്തിൽ സ്വാഭാവികം മാത്രം, ഒട്ടിപ്പിടിക്കുക കൂടി ചെയ്‌താൽ വിശേഷം. ബബിൾഗം മുഴുവനായും എന്റെ തലമുടിയിൽ ഒട്ടി.

കണ്ടുപിടിത്തത്തിന് അഭിനന്ദനങ്ങളുണ്ടായില്ലെന്നു മാത്രമല്ല ശകാരവും പരിഹാസവും ഇഷ്ടം പോലെ. അത്‌ കളയണമെങ്കിൽ തലമൊട്ടയടിക്കേണ്ടി വരും എന്ന അമ്മയുടെ പ്രസ്താവനയാണ് എന്നെ ശരിക്കും പിടിച്ചു കുലുക്കിയത്. അന്ന് സൗന്ദര്യസങ്കല്പങ്ങൾ ഉദിച്ചിട്ടില്ലെങ്കിലും മൊട്ടത്തല കണ്ടാസ്വദിക്കാനുള്ള ആസ്വാദനശേഷി ഉണ്ടായിരുന്നില്ലെന്ന് ഉറപ്പാണ്. ഞാൻ ഉറക്കെ കരഞ്ഞു തുടങ്ങി. പക്ഷേ, അച്ഛൻ ആശ്വാസവചനവുമായെത്തി. എണ്ണ തേച്ചാൽ ഒട്ടിപ്പിടിച്ച ബബിൾഗം മുടിയിൽ നിന്ന് ഊരാം എന്ന അമൂല്യമായ അറിവ് നാലാം വയസ്സിൽ എനിക്ക് കിട്ടിയത് പോലെ മറ്റാർക്കും കിട്ടീട്ടുണ്ടാവില്ല. പക്ഷേ, ബബ്ബിൾഗമ്മിന്റെ ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം അവിടെ അവസാനിച്ചില്ല.

മനുഷ്യന്റെ ജീവിതം ഒരു ബബിൾഗം പോലെയാണ്. ചവച്ചു ചവച്ചു കുറച്ച് സമയം കഴിഞ്ഞാൽ അതിന്റെ രസം നഷ്ടപ്പെടും. ചിലരതിനെ യാതൊരു ഭാവഭേദവുമില്ലാതെ സ്വമേധയാ നടക്കുന്ന ഒരു പ്രക്രിയ പോലെ, തുപ്പുന്നത് വരെ അങ്ങനെ ചവച്ചു കൊണ്ടിരിക്കും. പക്ഷെ ചിലർ അതിനെ വീർപ്പിച്ചു വലുതാക്കി, നൈമിഷികമെങ്കിലും ആ കൗതുകം ആസ്വദിക്കും. ജീവിതം ബബ്ബിൾഗം പോലെ ചവച്ചു തുപ്പാനുള്ളതാണ്. പിന്നെ എന്താണ് ജീവിതത്തിൽ വ്യത്യാസങ്ങളുണ്ടാക്കുന്നതെന്നു ചോദിച്ചാൽ, കൊച്ചു കൊച്ചു കൗതുകങ്ങളിൽ പോലും ചെറുതെങ്കിലും ഒരു സന്തോഷമുണ്ട്. സന്തോഷം അനുഭവിക്കുന്നവനേ അത് പകർന്നു നൽകാനാവൂ. അത് തന്നെ ഒരു ചെറിയ, വലിയ വ്യത്യാസം.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്