ഫ്രൈഡേസീരീസ് -7 : ജാതകം

അനാദിയും അനന്തവുമായ പ്രപഞ്ചത്തിൽ തുടങ്ങി, അതിലെ ഒരു സൂക്ഷ്മകണിക മാത്രമായ മനുഷ്യജീവിതത്തിന്റെ വരെ കാലത്തിനൊത്ത ഗതിയെ രേഖപ്പെടുത്താനുള്ള, അതല്ലെങ്കിൽ ഒരു ജന്മത്തിന്റെ ഉദ്ദേശ്യം തേടാനായി ആരൊക്കെയോ നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമാവാം ജ്യോതിഷശാസ്ത്രം. ഭാവിയെക്കുറിച്ചുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ജിജ്ഞാസ തന്നെയാണ് ശാസ്ത്രീയത തള്ളിക്കളഞ്ഞിട്ടു പോലും ജ്യോതിഷത്തെ നിലനിർത്തുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ ഭാഗമായി തുടർന്നു പോന്ന ജ്യോതിഷത്തിന്റെ ഉള്ളടക്കത്തിൽ കാലാന്തരത്തിൽ സാരമായിത്തന്നെ കൈമോശം സംഭവിച്ചിട്ടുണ്ടാവാം.

1983 ൽ ഞാൻ ജനിക്കുമ്പോൾ, ഗവണ്മെന്റ് ആയുർവേദ കോളേജിലെ അധ്യാപകനായിരുന്നിട്ടും, നാട്ടിൽ നിന്നകന്ന് സ്വന്തം ജീവിതം ഒറ്റയ്ക്ക് കെട്ടിപ്പെടുക്കേണ്ടി വന്ന അച്ഛൻ പണത്തിനുള്ള ഞെരുക്കത്തിൽ നിന്നും കരകയറാൻ ബുദ്ധിമുട്ടിയിരുന്ന കാലം. ഇന്നും നിലനിൽക്കുന്ന നാട്ടുനടപ്പനുസരിച്ച് കുട്ടിയുടെ മേൽ അമ്മവീട്ടുകാർക്കു യാതൊരു അവകാശങ്ങളും ഇല്ലെങ്കിലും, നിരുപാധികമായി ചെയ്യേണ്ട കർത്തവ്യങ്ങൾ പലതുമുണ്ട്. അതിലൊന്നാണ് ജാതകം എഴുതിക്കൽ. അച്ഛന് നാട്ടുനടപ്പോ ജാതകമോ ബാധകമായിരുന്നില്ല. പക്ഷേ, എനിക്കും ഉണ്ടായി ജാതകം. മഹാസൗഭാഗ്യങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഭാഗ്യജാതകം. ഈ കുട്ടി ജനിച്ചത് അച്ഛന്റെ ധനലക്ഷ്മിയായിട്ടാണ് എന്ന് ജ്യോത്സ്യൻ പറഞ്ഞപ്പോൾ, നിലനിന്നിരുന്ന യാഥാർഥ്യങ്ങൾ അച്ഛനെ ചിരിപ്പിച്ചിട്ടുണ്ടാവും. പക്ഷേ, അച്ഛന്റെ ജീവിതം മാറി. അധികം താമസിയാതെ. അച്ഛൻ വളർന്നു, എന്റെ വളർച്ചയ്‌ക്കൊപ്പം, ഒരിക്കലും എത്തിച്ചേരുമെന്ന് കരുതാത്തത്ര ഉയരത്തിൽ. ഔദ്യോഗിക നേട്ടങ്ങളുടെ കൊടുമുടിയിൽ നിന്നിറങ്ങി വൈകാതെ ജീവിതം അസ്തമിച്ചതും അതേ മങ്ങാത്ത പ്രഭയിൽ.

2007ൽ ഞാൻ ഉഡുപ്പിയിലെ എസ്.ഡി.എം കോളേജിൽ ബി എ എം എസ് കഴിഞ്ഞു ഇന്റേൺഷിപ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, ‘വീരവിട്ടലദേവസ്ഥാനം’ എന്ന ക്ഷേത്രത്തിന്റെ അധികാരിയും മഹാപണ്ഡിതനും ആയ ഗുരുജി, ശ്രീപതി കൃഷ്ണ ആചാര്യരെ, കാണുന്നത്. അമ്പലത്തിന്റെ മതിൽക്കെട്ടിനുള്ളിലെ വീട്ടിലിരുന്ന് അദ്ദേഹം വേദങ്ങളും ചിത്രകലയും ജ്യോതിഷവും അഭ്യസിപ്പിച്ചിരുന്നു. ജ്യോതിഷത്തോട് നില നിന്നിരുന്ന വിശ്വാസക്കുറവും, ആത്മീതയെക്കുറിച്ച് അന്നുണ്ടായിരുന്ന തികഞ്ഞ അജ്ഞതയും കാരണം, ചിത്രകലാവൈഭവത്തിന് ദേശീയതലത്തിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹത്തിൽ നിന്നും ചിത്രകലയിൽ ശിഷ്യത്വം സ്വീകരിക്കുക മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. പക്ഷേ, അപൂർവം ചില വൈകുന്നേരങ്ങൾ ഗുരുജിയുടെ പാണ്ഡിത്യത്തിൽ ഞങ്ങൾ നടത്തിയ മുതലെടുപ്പുകൾ കൂടി ആയിരുന്നു. ജ്യോതിഷവും ചിത്രകലയും ഒരുമിച്ച ഒരപൂർവ്വ സായാഹ്നം.

‘ Guruji, what is the reality of jaatakam?’, ജാതകത്തിന്റെ യാഥാർത്ഥ്യം അറിയാൻ ഉള്ള ആ കൗതുകം ഗുരുജി തൃപ്തിപ്പെടുത്തിയത് ഇങ്ങനെ.
‘Jaathah kam? Or, Kam Jaatah? ‘ Kam means Why? ‘ and ‘Jaathah’ means ‘Born’. ‘Why born?’ or ‘Why a person is born?. The answer for that question is, Jaathakam ‘. ഒരു മനുഷ്യൻ എന്തിനു വേണ്ടി ജനിച്ചു എന്നതിന്റെ ഒരു ക്രോഡീകരിച്ച ഉത്തരം ആണ് ജാതകം.
‘Accuracy of the prerequisites, results in an accurate recording and reading. But, the thing to be understood is, whether recorded or not, it is a question to be asked to onself, Why you are born?’. വിശ്വാസങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും മാറി, ഒരാളുടെ ജന്മത്തിന്റെ ഉദ്ദേശം മാത്രം അറിയാൻ തുനിഞ്ഞവർക്ക്, എഴുതപ്പെട്ട ജാതകത്തിന്റെ ആവശ്യകത ഇല്ല. പകരം സ്വയം അവനവനോട് ചോദിക്കാവുന്ന ഒറ്റ ചോദ്യം, ‘ഈ ജന്മത്തിന്റെ ഉദ്ദേശം എന്ത്? ‘, അതു മതി മുൻപിലേക്കുള്ള വഴി തെളിയാൻ. മിക്ക ജന്മങ്ങളും ചോദിക്കാതെ കടന്നു പോകുന്നതും ആ ഒരൊറ്റ ചോദ്യം മാത്രം.

‘Then what is the importance of parihaara? ‘.
അറിവിനോടുള്ള കൗതുകം നിലനിൽക്കുവോളം ചോദ്യങ്ങൾക്ക് പഞ്ഞമുണ്ടാവില്ല. ഗുരുജിയ്ക്ക് എന്തിനും ഉത്തരമുണ്ടായിരുന്നു.
‘Parihaara is remedy. Parihaara holds a definitive value for itself, but parihaara cannot change someone’s destiny. By doing parihaara, a person is relieved of the fear, he develops a positive mind and, just that itself is the necessity to overcome any obstacles in life.’
മനസ്സിന് ആശ്വാസം തരുന്നത്, അതാണ് പ്രശ്നപരിഹാരം. അതിനപ്പുറത്തേക്ക് പരിഹാരങ്ങൾക്ക് പ്രാധാന്യം ഉണ്ടാവാം. പക്ഷേ, ജന്മം നിശ്ചിത അന്ത്യമുള്ളതാണ്. ആ യാഥാർഥ്യം അംഗീകരിക്കാനായാൽ ഹൃദയത്തിൽ സന്തോഷത്തെ ജനിപ്പിക്കുന്നതെന്ത്, എന്ന ഒരൊറ്റ പ്രശ്നപരിഹാരത്തെ തേടിയാൽ മതി.

2011ൽ അച്ഛൻ മരിച്ചശേഷം, വീട്ടിലെ പുസ്തകക്കലവറയിൽ നിന്നും ഞാൻ കണ്ടെടുത്ത ഒരു അമൂല്യവസ്തു ഉണ്ട്. ‘ Napolean Hill’ എഴുതിയ ‘Think and Grow Rich’ എന്ന പുസ്തകം. അതിൽ 1983 എന്ന് അച്ഛന്റെ കയ്യക്ഷരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ചത് എന്റെ ജനനം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച് ‘ഈ ജീവിതം എന്തിനു വേണ്ടി? ‘ എന്ന് സ്വയം ചോദിക്കാൻ പ്രേരിപ്പിച്ച ആ പുസ്തവും, അതിന്റെ ഉത്തരത്തിലേക്കെത്താനുള്ള അച്ഛന്റെ നിരന്തരപരിശ്രമവുമാണ് അതിനാധാരം. ജീവിച്ചിരിക്കുന്നിടത്തോളം അച്ഛൻ പറഞ്ഞു തന്നിട്ടുള്ളത്, പരിശ്രമിക്കുക, ഭാവിയെക്കുറിച്ച് അറിയാൻ പരമാവധി ശ്രമിക്കാതിരിക്കുക, മനുഷ്യന്റെ കർമങ്ങൾക്ക് സാഹചര്യങ്ങളെ അനുകൂലമാക്കിത്തീർക്കാനുള്ള കഴിവുണ്ട് എന്നാണ്. അതുകൊണ്ട് തന്നെ എഴുതപ്പെട്ട ജാതകങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രസക്തിയുണ്ടായിട്ടില്ല. ഉച്ഛരിക്കുന്ന വാക്കുകളോട് പോലും കർമഫലം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന അറിവ് ആദ്യമായി അച്ഛനാണ് പകർന്നു തന്നതെങ്കിലും, അന്ന് അതുൾക്കൊള്ളാൻ മനസ്സ് പാകപ്പെട്ടിരുന്നില്ല.

2018 ൽ ക്ലിനിക് ഉദ്ഘാടനത്തിന് സമയം കുറിക്കാൻ ഞാനാദ്യമായി ഒരു ജ്യോത്സ്യന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്. ജാതകത്തിൽ യോഗങ്ങളുണ്ടായാൽ പോരാ, ജാതകം നോക്കിയാലും ഇല്ലെങ്കിലും, പ്രവർത്തി അഥവാ പരിശ്രമമാണ് വിജയത്തിന് വേണ്ട അത്യാവശ്യ ഘടകം. പക്ഷേ, പരിശ്രമിച്ചിട്ടും വിജയിക്കാതെ പോകുന്ന ആളുകൾ യഥേഷ്ടമാണ്. അച്ഛന്റെ മരണശേഷം എന്റെ മുൻപിലേക്ക് നീണ്ട പാതകൾ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതു തന്നെയാണ്. പരിശ്രമം തുടങ്ങുന്നതിനു മുൻപ്, എന്തിനു വേണ്ടി പരിശ്രമിക്കുന്നു, ആർക്ക് വേണ്ടി പരിശ്രമിക്കുന്നു, ആ പരിശ്രമത്തിൽ സ്വന്തം ഹൃദയം സന്തോഷത്തോടെ പങ്കെടുക്കുന്നുണ്ടോ എന്നു കൂടി ചോദിക്കേണ്ടിയിരിക്കുന്നു എന്ന പാഠം. പല പരിശ്രമങ്ങളും വ്യർത്ഥമായിപ്പോകുന്നത് മസ്തിഷ്കവും ഹൃദയവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടുണ്ടാകുന്ന സംഘർഷങ്ങൾക്കിടയിലാണ്. ജീവിതത്തിന്റെ പരമമായ ഗതിയും അതിലേക്കെത്തിക്കുന്ന അനുഭവങ്ങളും നിശ്ചയിക്കുന്നത് നിയോഗമാവാം, പക്ഷേ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്, എഴുതപ്പെട്ടതാണെങ്കിലും അല്ലെങ്കിലും. നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിലെ മനുഷ്യന്റെ പ്രവൃത്തികൾക്കും പരിശ്രമങ്ങൾക്കും വിധിയെ ഒരു പരിധി വരെ സ്വാധീനിക്കാനാവും. ആ പരിധി തന്നെയാണ് മനുഷ്യന്റെ പാതി.

P. S – Uncertainty in itself imparts the real flavour to a moment.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്