ഫ്രൈഡേസീരീസ്-6 : ആദ്യത്തെ വിനോദയാത്ര

അനുഭവങ്ങളേകി കടന്നുപോകുന്നതെന്തും മനസ്സിലെവിടെയെങ്കിലും പതിഞ്ഞു കിടക്കും, ഓർമ്മകളായി. സ്വർണലിപികളിൽ കോറിയിട്ട യാത്രകളുടെ  ഓർമ്മകളാവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആ ഓർമ്മകൾക്ക് സമയവും കാലവും വകഞ്ഞു മാറ്റി മനുഷ്യനെ വീണ്ടും അതേ നിമിഷത്തിലേക്ക് കൊണ്ടെത്തിക്കാനും, നാമനുഭവിച്ചറിഞ്ഞ കാഴ്ചകളെയും രുചികളേയും വികാരങ്ങളെയും, എന്തിന്, ഒരു നാട്ടിലെ കാറ്റിലലിഞ്ഞ ഗന്ധത്തെക്കൂടിയും യാഥാർഥ്യമെന്നപോലെ പുനർജീവിപ്പിക്കാനുള്ള കഴിവുണ്ട്.

വിനോദയാത്രയുടെ ആദ്യത്തെ ഓർമ്മയ്ക്ക് കൊടേക്കനാലിലെ തണുപ്പാണ്, അവിടത്തെ തണുത്ത കാറ്റിന്റെ മഞ്ഞിൽ പൊതിഞ്ഞ മണവും. അഞ്ചാം വയസ്സിൽ, തൃപ്പുണിത്തുറ ആയുർവേദ കോളേജിലിലെ അധ്യാപകരുടെ ഫാമിലി ടൂർ ആണ് ആദ്യത്തെ കുളിരുള്ള ആ ഓർമ്മകൾ എനിക്ക് സമ്മാനിച്ചത്. കൊടൈക്കനാൽ, മധുര, പഴനി എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനായി മൂന്നോ നാലോ ദിവസത്തെ ടൂർ ആണ് പദ്ധതിയിട്ടിരുന്നത്. ചുറ്റുമുള്ള മനുഷ്യർ ഒരു തരത്തിലും എന്നെ ബാധിക്കുന്ന വിഷയമായിരുന്നില്ല അന്നും. കൈമാറ്റം ചെയ്താൽ നഷ്ടപ്പെട്ടുപോകുന്ന ഒരു അമൂല്യവസ്തു പോലെ ഞാൻ എന്റെ വാക്കുകളെ എന്നിൽ തന്നെ സൂക്ഷിച്ചു വെച്ചു.
ആരോടും മിണ്ടാത്ത കുട്ടി എന്ന ലേബൽ ഉള്ളത് കൊണ്ടും, അതേസമയം ചേച്ചി ഒരു വായാടിയായിരുന്നത് കൊണ്ടും, ഞാൻ അദൃശ്യയായിരുന്നു മിക്കപ്പോഴും. അതുകൊണ്ടു തന്നെ ഞാൻ ഒഴുകി നടക്കുകയായിരുന്നു കാറ്റിനോടൊപ്പം, അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ.

യാത്ര തുടങ്ങും മുൻപ് തന്നെ വന്നു ആദ്യമായി കാണുന്ന അത്ഭുതങ്ങളിൽ ഒന്ന്. അച്ഛന്റെ സുഹൃത്തിന്റെ ഇരട്ടക്കുട്ടികൾ. ഒരാണും പെണ്ണും. ഒരേ വിത്തിനെ വൈരുധ്യം കൊണ്ടു പകുത്ത പ്രകൃതിയുടെ മികവിനെക്കുറിച്ചായിരുന്നില്ല അന്നത്തെ ചിന്ത. ആശ്ചര്യം മാത്രം. അടങ്ങാത്ത കൗതുകവും. കഥാപുസ്തകങ്ങളിലെ വ്യത്യാസം കണ്ടുപിടിക്കുക എന്നു പറഞ്ഞു കൊടുക്കുന്ന ചിത്രങ്ങൾ കണ്ടതുപോലെ, മാറി മാറി നോക്കിക്കൊണ്ടിരുന്നു കുറേ നേരം. വ്യത്യാസം വേഷത്തിൽ മാത്രം.

കൊടൈക്കനാൽ, തണുപ്പ് എന്ന അഞ്ചു വയസ്സിന്റെ സങ്കല്പത്തിന് ഒറ്റ രാത്രി നൽകിയ പരിവർത്തനം. പകലിലെ തണുപ്പും രാത്രിയിലെ തണുപ്പും തമ്മിൽ, രാത്രിയും പകലും പോലെ വ്യത്യാസമുണ്ട്. തണുപ്പ് മാത്രമല്ല, എല്ലാം പുതുമയുള്ളതായിരുന്നു.  പുതുമകളെ സ്നേഹിച്ചു തുടങ്ങിയത് അവിടെ വെച്ചാവാം. ഒരു പുതുമ നൽകുന്ന ആനന്ദവും ഊർജവും അറിഞ്ഞതും, കാണാത്ത ലോകങ്ങളെക്കുറിച്ചുള്ള അടങ്ങാത്ത ജിജ്ഞാസ ജനിച്ചതും ഒരു പക്ഷേ അന്നാവാം. ഓരോ യാത്രകളും മനസ്സിൽ വിതയ്ക്കുന്നത് ഓരോ ചോദ്യത്തിന്റെ വിത്തുകളാവാം. പിന്നീട് അതിനുള്ള ഉത്തരം തേടി വീണ്ടും പോയേ മതിയാകൂ.

വേഷവിധാനത്തിൽ വന്ന മാറ്റം തന്നെ എനിക്ക് പുതുമയുള്ളതായിരുന്നു. കമ്പിളിയുടുപ്പുകൊണ്ടു പൊതിഞ്ഞുകെട്ടിവെച്ച ശരീരത്തിൽ, കുളിർക്കാറ്റിന്‌ ഇക്കിളിപ്പെടുത്താൻ പുറത്ത് കാണാനുള്ളത് കണ്ണും മൂക്കും ചുണ്ടും കയ്യും. അതിനിടയിലൂടെ പുറം ലോകം കാണാൻ, കാറ്റിൽ ഒഴുകാനാഗ്രഹിച്ച് പുറത്ത് കടന്ന മുടിയിഴകൾ കമ്പിളിയുടെ ചുടുഗന്ധമുള്ള ബാക്കി മുടിയിഴകളോട് കണ്ട കാഴ്ചകളെപറ്റി വീമ്പുപറയുമായിരിക്കും. പക്ഷേ കാറ്റടിച്ചു വീണ കുടുക്കുകൾ ചൂണ്ടിക്കാട്ടി അവ സ്വാതന്ത്ര്യം നുണഞ്ഞവയെ പരിഹസിക്കുന്നുണ്ടാവാം. മൃദുവായ കുഞ്ഞുകൈകൾക്ക്‌ തണുപ്പ് സഹിക്കാനാവാതെ വരുമ്പോൾ കൈ അമ്മയുടെ സാരിയുടെ ഇടയിലൂടെ കാണുന്ന വയറിന്റെ ചൂട് തിരയും.

പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയത് പോലെയുള്ള മഞ്ഞപ്പൂക്കൾ കെട്ടുകളാക്കി വിൽക്കാൻ വെച്ചിരുന്നത് ചേച്ചിക്ക് വേണം. കിട്ടിയില്ലെങ്കിൽ പിന്നെ കരച്ചിലാണ്. കിട്ടുന്നത് വരെ. ഒന്നുകിൽ ആഗ്രഹിച്ചത്, അല്ലെങ്കിൽ തല്ല്. ആ യാത്രയിലുടനീളം അത് അവളുടെ കയ്യിലുണ്ടായിരുന്നതായി ഓർമ്മയുണ്ട്. എന്റെ ആഗ്രഹങ്ങൾ പലതും വാങ്ങിക്കാൻ പറ്റുന്നവയായിരുന്നില്ല. ഇനി ഉണ്ടെങ്കിലും അത് പറയാൻ മടിയായിരുന്നു. മുൻപിലൂടെ പോകുന്ന കുതിരയെ തൊടാനും അതിന്റെ പുറത്ത് കയറാനും വാലിൽ പിടിക്കാനുമൊക്കെയായിരുന്നു എനിക്ക് മോഹം. പക്ഷേ നടന്നില്ല. ഓർമ്മയിലെ ഏറ്റവും തണുത്ത സ്പർശം അങ്ങനെയുണ്ടായ മറ്റൊരു മോഹത്തിന്റെയാണ്. ബോട്ടിങ്ങിനിടയിൽ കൈയിൽ കോരിയെടുത്ത, അസ്ഥിവരെയെത്തുന്ന തണുപ്പുള്ള തടാകത്തിലെ തെളിഞ്ഞ വെള്ളത്തിന്റെ. പലവർണങ്ങളിലുള്ള പൂക്കളും അതുവരെ കാണാത്ത കോടമഞ്ഞും തണുപ്പും എന്റെ ചുറ്റിലും ഒരു മായാപ്രപഞ്ചമാണ് സൃഷ്ടിച്ചത്. ഒരേ ഭൂമിയിൽ നിലനിൽക്കുന്ന വ്യത്യസ്ത ലോകങ്ങൾ.

ആത്മഹത്യ എന്ന ഒരു സ്വയം അവസാനിപ്പിക്കൽ എന്താണെന്ന് മനസ്സിലായില്ലെങ്കിലും ആദ്യമായി കേട്ടു. ‘സൂയിസൈഡ് പോയിന്റിൽ’ വെച്ച്. മരിക്കാനാണെങ്കിൽ എന്തിന് കഷ്ടപ്പെട്ട് ഇത്ര ദൂരം സഞ്ചരിക്കണം?  മരണത്തിന്റെ തണുപ്പിനെ മുൻപേ മനസ്സിലേക്കാവാഹിക്കാനായിരിക്കണം. ഏതായാലും താഴ്ചയും ഇരുട്ടും നിഗൂഡതയും നിറഞ്ഞ, ഗതികിട്ടാതെ ആത്മാക്കളുടെ ആ താഴ്  വാരം എന്തോ ഒരു ഇരുട്ട് എന്റെ മനസ്സിലും നിറച്ചു. രാത്രി തങ്ങാനായി തിരഞ്ഞെടുത്ത ലോഡ്ജിന്റെ ഡോർമിറ്ററിയിലെ ഒന്നിന് മീതെ ഒന്നായി അടുക്കിവെച്ച, കോണിയിലൂടെ കേറുന്ന കട്ടിലുകൾ പകർന്ന കൗതുകത്തിൽ ആ ഇരുട്ട് മായ്ഞ്ഞു.

തീരെ ഇഷ്ടപ്പെടാഞ്ഞത് പച്ചരിച്ചോറും തൈരുമാണ്. കാലം ഇഷ്ടങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയെങ്കിലും അഞ്ചു വയസ്സിന്റെ ഓർമ്മകളിൽ ഇന്നും അതൊരു ഇഷ്ടക്കേടായിത്തന്നെ നിലനിൽക്കുന്നു. പകരം ആദ്യമായ് കഴിച്ച കനലിൽ ചുട്ട ചോളത്തിന്റെയും വീടുകളിൽ ഉണ്ടാക്കിയ ചോക്ലേറ്റിന്റെ രുചിയും ഇന്നും ആദ്യത്തെ അനുഭവം പോലെ നാവിലെ രസമുകുളങ്ങളിൽ എവിടെയോ തങ്ങി നിൽക്കുന്നു. മനസ്സ് ആ തണുപ്പത്ത് തന്നെ മറന്നു വെച്ചത് കൊണ്ടാവാം പിന്നീട് പോയ വഴികളൊന്നും മനസ്സിൽ അതുപോലെ പതിഞ്ഞില്ല. പഴനിയിലെ ഓർമ്മയ്ക്ക് കളഭം പൂശിയ മൊട്ടത്തലയുടെ രൂപവും കുതിരച്ചാണകത്തിന്റെ ഗന്ധവും കുതിരവണ്ടികളുടെ വേഗതയുമായിരുന്നെങ്കിൽ മധുരമീനാക്ഷിക്ഷേത്രത്തിന്റെ ഓർമ്മയായി മനസ്സിൽ പതിഞ്ഞത് നിലത്തെ കരിങ്കൽപ്പാതയുടെ തണുപ്പും, വഴിയിൽ വീണുകിടന്ന വലിയ താമരപ്പൂവിന്റെ നിറവും, അന്തരീക്ഷത്തിൽ നിറഞ്ഞ, എന്റെ കരിമഷിയുടെതു പോലത്തെ കർപ്പൂരഗന്ധവും ആണ്.

യാത്രകളെത്ര കഴിഞ്ഞാലും ആ തണുപ്പ് മനസ്സിൽ നിലനിൽക്കുന്നത് വിനോദയാത്ര എന്ന ഒരു പുതിയ അനുഭവം സമ്മാനിച്ചത് കൊണ്ടു കൂടിയാവാം. എത്ര വഴികൾ പിന്നിട്ടാലും, കാണാൻ ഒരുപാട് ലോകങ്ങൾ വീണ്ടും ബാക്കിയാണ്. മനസ്സിൽ സ്വാതന്ത്ര്യബോധത്തിന്റെ ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടത് ആ യാത്രയിലാവാം. യാത്രയോളം മനസ്സിനെ സന്തോഷിപ്പിക്കുന്ന, സ്വതന്ത്രമാക്കുന്ന മറ്റൊന്ന് കണ്ടെത്താൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യന് ആത്മാവുണ്ടെന്ന സങ്കല്പം നിലനിൽക്കുന്നുവെങ്കിൽ, യാത്രകൾ തുടർന്നുകൊണ്ടേയിരുന്നേ മതിയാവൂ.

P. S – I long to see all the roads, for all roads lead to me. 

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്